അവൻ അകത്തേക്ക് തലയിട്ടു... അവൾ കട്ടിലിനരികെ നിൽക്കുകയായിരുന്നു...

Valappottukal


രചന: കർണൻ സൂര്യപുത്രൻ

റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ നിൽകുമ്പോൾ യദുകൃഷ്ണന് വല്ലാത്ത അസ്വസ്ഥത തോന്നി... സമയം രാത്രി പതിനൊന്നര...തണുത്ത കാറ്റ് അടിക്കുന്നുണ്ട്...അവൻ ചുറ്റും നോക്കി... സിമന്റ് ബഞ്ചിൽ കിടന്നുറങ്ങുന്ന മൂന്നു നാല് പേരും പിന്നെ മൂലയിൽ ചുരുണ്ട് കൂടിയ തെരുവ്പട്ടികളും ഒഴിച്ചാൽ ആ ചെറിയ സ്റ്റേഷൻ ശൂന്യമാണ്.... തണുത്ത കാറ്റിൽ അവന്റെ ശരീരം വിറച്ചു.... ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടിൽ വച്ചപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്.. റോഷ്‌നി ആയിരുന്നു..

"എടാ... ട്രെയിൻ വന്നോ?"

"എന്നെക്കൊണ്ട് പറയിപ്പിക്കരുത്.... ഈ തണുപ്പത്ത് രണ്ടുമണിക്കൂർ ആയി നിൽക്കുന്നു... നിനക്ക് സമാധാനം ആയോടീ?"

അപ്പുറത്ത് റോഷ്‌നിയുടെ ചിരി മുഴങ്ങി..

"ചൂടാവാതെ മോനേ.... ഞാൻ ദുബായിൽ പെട്ടു പോയത് കൊണ്ടല്ലേ.."

"നിനക്ക് വേറെയും ഒരുപാട് ചങ്കുകൾ ഉണ്ടല്ലോ... അവരോട് പറഞ്ഞൂടെ?... ഓ അവരൊക്കെ വി ഐ പികൾ അല്ലെ... ഞാൻ ഒരു പാവം ഓട്ടോഡ്രൈവർ... ഇങ്ങനത്തെ കേസൊക്കെ എന്നെ അല്ലേ ഏല്പിക്കാൻ പറ്റൂ...."

"എടാ മൈ...... മൈഡിയർ ഡ്രൈവറെ ....കൂടുതൽ ഡയലോഗ് അടിക്കല്ലേ..... നീ പറഞ്ഞത് ശരിയാ.. ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്... പക്ഷേ വിശ്വസിക്കാൻ പറ്റുന്നത് നിന്നെ മാത്രമാ,..."

".. നീയെപ്പോഴാ തിരിച്ചു വരുന്നത്...?"

"കുറച്ചു ദിവസം ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ.. പ്ലീസ്... എന്റെ പൊന്നല്ലേ..."

"അധികം സുഖിപ്പിക്കണ്ട....ഒന്നാമത് നാട്ടിൽ ചീത്തപ്പേരാ... അതിന്റെ കൂടെ ഇതും..."

"നാട്ടുകാരോട് പോകാൻ പറ....എടാ.... അതൊരു പാവമാ.. നിന്റെ മുരടൻ സ്വഭാവം ഒന്നും അതിനോട് കാണിക്കരുത്.."

"ഉവ്വ... അത്ര പാവം ആയിട്ടാണല്ലോ തന്തേം തള്ളേം പറയുന്നത് കേൾക്കാതെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത്.. എല്ലാം ഉപേക്ഷിക്കാൻ എളുപ്പമാ... കുടുംബം ഇല്ലാത്തവനേ അതിന്റെ വില അറിയൂ..."

"ഡീറ്റെയിൽ ആയി ഞാൻ പിന്നെ പറയാം.. നീ അവളോട് ഒന്നും ചോദിക്കണ്ട... പുതിയ കഥ എവിടെവരെ ആയി?"

"ഒന്നും ആയില്ല... എഴുതാനുള്ള മൂഡോക്കെ പോയി..."

"വെള്ളമടി നിർത്തിയാൽ തന്നെ നീ നന്നാവും..."

"നട്ടപ്പാതിരായ്ക്ക് ഉപദേശിക്കാതെ വച്ചിട്ട് പോ പെണ്ണേ..."

"നിനക്ക് അവളെ തിരിച്ചറിയാൻ പറ്റുമോ?"

"ഇവിടെ ആകെ മൂന്നോ നാലോ ആൾക്കാരെ ഇറങ്ങാൻ ഉണ്ടാകൂ... പിന്നെ നീ അയച്ചു തന്ന ഫോട്ടോയും ഉണ്ട്....."

"അവൾ വന്നിട്ട് എന്നേ വിളിക്ക്. ഞാൻ വയ്ക്കുകയാണ്..."

"ശരി..."

ഫോൺ പോക്കറ്റിലിട്ട് അവൻ വേറൊരു സിഗരറ്റിനു തീ കൊളുത്തിയതും ട്രെയിനിന്റെ ചൂളം വിളി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.. അടക്കിയ ശബ്ദത്തിൽ ഒരു തെറി പറഞ്ഞുകൊണ്ട് യദു സിഗരറ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തി... പിന്നെ മുന്നോട്ട് നടന്നു...
കരുതിയത് പോലെ തന്നെ ആ സ്റ്റേഷനിൽ ആകെ മൂന്നു പേര് മാത്രമേ ഇറങ്ങിയുള്ളു.. വൃദ്ധരായ ദമ്പതികൾക്ക് പിറകെ ബാഗും തൂക്കിപ്പിടിച്ച് ഇറങ്ങി ചുറ്റും നോക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക് യദു ചെന്നു...

"നീയല്ലേ റോഷ്‌നി പറഞ്ഞ ആൾ?"

പരുക്കൻ ശബ്ദം കേട്ട് അവൾ പരിഭ്രമത്തോടെ അവനെ നോക്കി... ആ മുഖം അപ്പോഴാണ് യദുകൃഷ്ണൻ ശരിക്കും കണ്ടത്... ഫോട്ടോയിൽ ഉള്ളതിനേക്കാൾ ഭംഗിയുണ്ട്... ഇരുപത്തി അഞ്ചിൽ താഴെ പ്രായം... അധികം ഉയരമോ വണ്ണമോ ഇല്ല...യാത്രാക്ഷീണവും ഉറക്കമില്ലായ്മയും ഭീതിയും ആ കണ്ണുകളിൽ പ്രകടമാണ്... ഷാൾ കൊണ്ടു മുടി മറച്ച് അവൾ തലയാട്ടി...

"താ ബാഗ് ഞാൻ പിടിക്കാം..."

"വേണ്ട സാർ...."..

അവൻ ചുറ്റും നോക്കി..

"ഏത് സാർ?.. എന്നെയാണോ ഉദ്ദേശിച്ചത്.."

അവൾ മൂളി..

"അടിപൊളി.... കേൾക്കാൻ സുഖമുണ്ട്.. താൻ വാ..."

യദുകൃഷ്ണനെ അവൾ അനുഗമിച്ചു... അവൾ വന്ന ട്രെയിൻ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു...
പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിൽ യദു കയറി..അവൾ പിറകിലും...

"തന്റെ പേരെന്താ?. മറന്നുപോയി.."

"നസ്രീൻ..."

"എന്താ? നസീറോ?"

"നസ്രീൻ..."  അവൾ കുറച്ചു കൂടി ശബ്ദം കൂട്ടി പറഞ്ഞു..

"ഇമ്പോസിഷൻ എഴുതി പഠിച്ചാലും തെറ്റുന്ന ഓരോ പേര്..."   പിറുപിറുത്ത് കൊണ്ട് അവൻ ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് കയറ്റി.... ഇടയ്ക്ക് മിററിലൂടെ നോക്കിയപ്പോൾ നസ്രീൻ കണ്ണടച്ച് എന്തോ പ്രാർത്ഥിക്കുകയായിരുന്നു.... ഒരു പുച്ഛച്ചിരിയോടെ യദുകൃഷ്ണൻ ഓട്ടോയുടെ സ്പീഡ് കൂട്ടി.....
ഒരു മണിക്കൂറോളം യാത്രയ്ക്കൊടുവിൽ അതൊരു വീടിന്റെ മുറ്റത്ത് ചെന്നു നിന്നു.... യദു ഇറങ്ങി... അനക്കമൊന്നും കേൾക്കാതായപ്പോൾ അവൻ ഓട്ടോയുടെ പിറകിലേക്ക് നോക്കി... മടിയിൽ വച്ച ബാഗിന് മുകളിൽ മുഖം ചേർത്ത് അവൾ നല്ല ഉറക്കമാണ്...

"അതേയ് നസീറേ... എണീക്ക്... സ്ഥലമെത്തി.."

അവൾ ഞെട്ടി ചുറ്റും നോക്കി... പിന്നെ പുറത്തിറങ്ങി... ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ചെറിയ വീടായിരുന്നു അത്... അടുത്തെങ്ങും വേറെ വെളിച്ചം കാണുന്നില്ല... യദു പോക്കറ്റിൽ നിന്നും താക്കോലെടുത്ത് സിറ്റൗട്ടിൽ കയറി വാതിൽ തുറന്നു..

"നിലവിളക്കും കൊണ്ട് അകത്തേക്ക് ആനയിക്കാൻ ഇവിടാരുമില്ല... കേറിവാ..."

തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് അവൻ അകത്തു കയറി ലൈറ്റ് ഇട്ടു... ദൂരെ പട്ടികൾ ഓരിയിടുന്ന ശബ്ദം രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു... നസ്രീൻ പേടിയോടെ അകത്തേക്ക് ഓടിക്കയറി....ഹാളിൽ നിന്നു തന്നെ യദു ഷർട്ട് ഊരി മാറ്റിയപ്പോൾ അവൾ  പെട്ടെന്ന് തലകുനിച്ചു...

"ദാ... ആ മുറിയിൽ കിടന്നോ.."  ഒരു വാതിലിനു നേരെ ചൂണ്ടി അവൻ പറഞ്ഞു.. പിന്നെ തന്റെ മുറിയിൽ കയറി ഡോർ അടച്ചു...അലമാര തുറന്ന് ബ്രാണ്ടിക്കുപ്പിയും ഗ്ലാസും വെള്ളവും എടുത്ത് മേശപ്പുറത്ത് വച്ച് കട്ടിലിൽ ഇരുന്നു... രണ്ട് പെഗ് മദ്യം കഴിച്ച് അടുത്തത് ഒഴിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.... റോഷ്‌നി...

"നിന്നെ കുറേ നേരമായല്ലോ വിളിക്കുന്നു..?"

"ചാർജ് തീർന്നെടീ... നിനക്ക് അവളുടെ ഫോണിൽ വിളിച്ചൂടെ?"

"ആ കുട്ടിക്ക് ഫോണില്ല.."

"ബെസ്റ്റ്... ഒരു ഫോൺ പോലും ഇല്ലാതാണോ ട്രെയിൻ കേറിയത്?.."

"അത് വിട്.. അവൾ എവിടെ?"

"കിടന്നു."

"വല്ലതും കഴിച്ചായിരുന്നോ?"

"അത്,... " അവൻ പരുങ്ങി..

"സോറി.. ഞാൻ ചോദിച്ചില്ല..."..

"നീ പൊട്ടൻ ആണോടാ?.. ഏഴെട്ട് മണിക്കൂർ യാത്ര ചെയ്ത പെണ്ണിന് എന്തെങ്കിലും കഴിക്കാൻ കൊടുക്കണമെന്ന ബോധം നിനക്കില്ലേ? അതും ഒരു മനുഷ്യജീവിയാണ്... അവളെ നിന്നെ ഏല്പിച്ച എന്നെ വേണം തല്ലാൻ... നിനക്ക് ബുദ്ധിമുട്ട് ആണേൽ പറ... രാവിലെ ഞാൻ വേറെ ആരോടെങ്കിലും സഹായം ചോദിച്ചോളാം.."

"ഒന്നടങ്ങ്... ഞാൻ പിന്നെ വിളിക്കാം..."

യദുകൃഷ്ണൻ എഴുന്നേറ്റു... പിന്നെ  നസ്രീൻ കിടക്കുന്ന റൂമിലേക്ക് ചെന്നു..വാതിൽ പാതി തുറന്നു കിടക്കുകയാണ്... അവൻ അകത്തേക്ക് തലയിട്ടു... അവൾ കട്ടിലിനരികെ നിൽക്കുകയായിരുന്നു..

"ഉറങ്ങിയില്ലേ?"

ഉത്തരമില്ല...

"വിശക്കുന്നുണ്ടോ? അതോ പേടിച്ചിട്ടാണോ ഉറങ്ങാത്തെ?"

അതിനും ഉത്തരമില്ല...

"എന്റെ കൊച്ചേ അവള് തലയിൽ എടുത്ത് വച്ചു തന്നതാ നിന്നെ.. സുരക്ഷിതമായി തിരിച്ചേൽപ്പിക്കുക തന്നെ ചെയ്യും.. ഞാൻ പീഡിപ്പിക്കുമെന്ന് കരുതി ഉറങ്ങാതിരിക്കണ്ട...വരുന്ന വഴി ഫുഡിന്റെ കാര്യം മറന്നുപോയത് എന്റെ തെറ്റാ.... സോറി..."

അവൾ മിണ്ടാതെ തല കുനിച്ചു നിൽക്കുകയാണ്..

"എന്തേലും ഒന്ന് പറ.."

"ടോയ്‌ലെറ്റ്,...... എനിക്കൊന്ന് ടോയ്‌ലെറ്റിൽ പോണമായിരുന്നു..."

പതറിയ ശബ്ദത്തിൽ അവൾ പറഞ്ഞു... അപ്പോഴാണ് അങ്ങനൊരു പ്രശ്നത്തെ കുറിച്ച് യദുവിന് ഓർമ്മ വന്നത് പോലും....

"ഇവിടെ രണ്ട് ബാത്റൂം ആണുള്ളത്.. ഒന്ന് അടുക്കളയുടെ പുറത്ത്..പിന്നെ ഉള്ളത് എന്റെ മുറിയിലാ... രാത്രി എന്തായാലും പുറത്തിറങ്ങണ്ട... എന്റേത് ഉപയോഗിച്ചോ..."

അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ യദുവിന് അരിശം വന്നു..

"മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത്? പെട്ടെന്ന് നോക്ക്... എനിക്ക് ഉറങ്ങണം.. ഇന്നൊരു ദിവസം വെള്ളം കുടിച്ച് അഡ്ജസ്റ്റ് ചെയ്യ്... രാവിലെ ഞാൻ വല്ലതും കഴിക്കാൻ വാങ്ങി തരാം..."

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ കട്ടിലിൽ വച്ചിരുന്ന ബാഗ് തുറന്ന് ടവ്വലും ഒരു ജോഡി ഡ്രസ്സും എടുത്തു.. വേറെന്തോ എടുത്ത് അവൾ ഡ്രസ്സിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് യദു കണ്ടു... വെപ്രാളം കൊണ്ടാവണം അത് നിലത്തേക്ക് വീണു... ഒരു സാനിറ്ററി നാപ്കിൻ ആയിരുന്നു അത്... പെട്ടെന്നു തന്നെ അവളതെടുത്ത് ടവലിനോട്‌ ചേർത്തു പിടിച്ചു... ആ നിമിഷം യദുവിന് വല്ലാത്ത കുറ്റബോധം തോന്നി...

"തന്റെ ബാഗ് എടുക്ക്..."  അവൾ അനുസരിച്ചു..

അവൻ നസ്രീനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി. ചുരുണ്ട് കിടന്നിരുന്ന ബെഡ്ഷീറ്റ് വലിച്ചെടുത്ത് മൂലയിൽ ഇട്ടു.. പിന്നെ വേറൊന്നു അവിടെ വിരിച്ചു.. ടേബിളിലെ മദ്യകുപ്പിയും ഗ്ലാസും വെള്ളവും പുറത്തേക്ക് കൊണ്ടുപോയി..

"ഈ മുറി ഉപയോഗിച്ചോ..."   ശബ്ദം പരമാവധി മയപ്പെടുത്തി അവൻ പറഞ്ഞു.. പിന്നെ വേഗം അടുക്കളയിലേക്ക് ചെന്നു...ഒഴിഞ്ഞു കിടക്കുന്ന പാത്രങ്ങൾ പരിഹാസത്തോടെ ചിരിക്കുന്നതായി അവന് തോന്നി....അരിച്ചാക്കിന്റെ മുകളിലെ പ്ലാസ്റ്റിക് കവർ തുറന്നപ്പോൾ കുറച്ച് അവൽ കിട്ടി.... അത് പ്ളേറ്റിലേക്ക് ഇട്ടു.... ഫ്രിഡ്ജിന്റെ ഏറ്റവും താഴെ നിന്ന് കുറച്ചു ശർക്കര കണ്ടെത്തി അതിൽ ചെറുതായി അരിഞ്ഞിട്ടു.. പിന്നെ തേങ്ങ ചിരകിയതും.... ചൂട് വെള്ളം ഉണ്ടാക്കി അത് നനച്ചു.. സ്പൂൺ കൊണ്ടു നന്നായി മിക്സ് ചെയ്ത ശേഷം അതും ഒരു കപ്പ് ചൂടുവെള്ളവുമായി നേരെ മുറിയിലേക്ക് നടന്നു..... നസ്രീൻ കട്ടിലിൽ ഇരിക്കുകയാണ്... അവൻ പാത്രങ്ങൾ മേശപ്പുറത്ത് വച്ചു....

"കഴിച്ചോ.. ഞാനിവിടെ അങ്ങനെ കാര്യമായ പാചകം ഒന്നുമില്ല.. പുറത്ത് നിന്ന് കഴിക്കാറാ പതിവ്... രണ്ടെണ്ണം അടിച്ചു കിടക്കാനുള്ള ഒരു സ്ഥലം മാത്രമാ ഇത്... നിനക്ക് പൊരുത്തപ്പെടാൻ പറ്റുമോ എന്നൊന്നും അറിയില്ല...."

അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുകയാണ്..

"ഇപ്പൊ കുറെ നാളായി എന്റെ ബുദ്ധിയൊന്നും ശരിയായി വർക്ക് ചെയ്യുന്നില്ല... അതോണ്ടാ നിന്നെ ഇങ്ങനെ ട്രീറ്റ് ചെയ്തത്... പക്ഷേ എന്നെ വിശ്വസിക്കാം... റോഷ്‌നി എന്റെ ആകെയുള്ള കൂട്ടുകാരിയാ... അവൾ വരുന്നത് വരെ നിന്നെ സേഫ് ആയി സൂക്ഷിക്കും എന്ന വാക്ക് ഞാൻ പാലിക്കും... നീ എന്ത് കൊണ്ട് ഇവിടെ എത്തി എന്ന് അറിയില്ലെങ്കിലും,......."

അത്രയും പറഞ്ഞ് ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോണുമെടുത്ത് അവൻ പുറത്തിറങ്ങി വാതിൽ ചാരി..... നേരത്തേ നസ്രീൻ ഇരുന്ന മുറിയിൽ ചെന്നിരുന്നു.... കെട്ടണഞ്ഞ ലഹരിയെ  ഉണർത്താൻ വീണ്ടും മദ്യക്കുപ്പി എടുത്തു....
*******************

"കൊച്ചൂട്ടാ.... ഏതാ ആ പെണ്ണ്?"    ആരോ ചോദിക്കുന്നത് കേട്ട് പത്രത്തിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന നസ്രീൻ ജനലിലൂടെ പുറത്തേക്ക് നോക്കി.. വേലിയുടെ അരികിൽ ഒരു പ്രായമായ സ്ത്രീ..... യദു മുറ്റത്ത് ഓട്ടോ കഴുകുകയാണ്....

"ഏത് പെണ്ണ്?"

"നീയൊരുത്തിയെ കൊണ്ടുവന്നു എന്ന് കുട്ടപ്പൻ പറയുന്നുണ്ടായിരുന്നു....."

"അയാളുടെ പെണ്ണുമ്പിള്ള വിലാസിനി ആണ്.. ന്തേ?"

"എന്നോട് ചൂടാവണ്ട... ഞാനൊന്നും ചോദിച്ചില്ലേ...."

അവർ തൊഴുതുകൊണ്ട് നടന്നകന്നു.... അവൻ ബാക്കിയുള്ള വെള്ളം ഓട്ടോയുടെ ടയറിൽ ഒഴിച്ച് ബക്കറ്റുമെടുത്ത് വരുന്നത് കണ്ടപ്പോൾ നസ്രീൻ എഴുന്നേറ്റ് അങ്ങോട്ട് ചെന്നു...

"റോഷ്‌നിചേച്ചിയെ ഒന്ന് വിളിച്ചു തരാമോ?"

അവൾ അപേക്ഷ പോലെ ചോദിച്ചു..

"ഇപ്പൊ പറ്റില്ല... അവൾ ബിസിയാ..കാര്യം നിനക്കറിയാല്ലോ.. ദുബായിൽ അവളുടെ ചേച്ചി ഒരാക്സിഡന്റ് കഴിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കുകയാ... ഇന്നാണ് അവരുടെ സർജറി.  എന്താ?  എമർജൻസി ആയി എന്തെങ്കിലും പറയാനുണ്ടോ?"

"ഇല്ല..."

"പിന്നെ...?"

"അത്.... ഞാൻ ഇവിടെ വന്നത് ചീത്തപ്പേരായി എന്ന് മനസിലായി...."

"നാണിയമ്മ പറയുന്നത് കേട്ടിട്ടാണോ...? അവരെ ആകാശവാണി എന്നാ ഇവിടുള്ളവർ വിളിക്കുന്നത്... ചാനലുകൾ വരുന്നതിന് മുൻപ് ഇവിടെ ന്യൂസുകൾ എല്ലായിടത്തും എത്തിക്കുന്നത് അവരാ... അതുപോലെ കുറച്ച് സീനിയേഴ്സ് ഉണ്ട്... ചെത്തുകാരൻ കുട്ടപ്പൻ ചായകടയിലെ കുഞ്ഞുമോൻ.... അതൊന്നും നീ കാര്യമാക്കണ്ട.. പോരാഞ്ഞിട്ട് എനിക്കിവിടെ അത്ര നല്ല പേരൊന്നും ഇല്ല..."

അവൾ തലയാട്ടി... മൂന്നു ദിവസമായി അവൾ ആ വീട്ടിൽ വന്നിട്ട്.... രാവിലെ അവൾ എഴുന്നേൽക്കുമ്പോഴേക്കും യദുകൃഷ്ണൻ കവലയിൽ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്ന് മേശപ്പുറത്ത് വയ്ക്കും... പിന്നെ കുളിച്ച് റെഡി ആയി ഓട്ടോയും എടുത്ത് പോകും... ഉച്ചയ്ക്കും അവൾക്കുള്ള ഭക്ഷണം അവിടെത്തും... രാത്രിയിലും അതുപോലെ തന്നെ...

"ഞാൻ പോകുവാ.. നിനക്ക് വല്ലതും വേണോ നസീറേ..."

"നസ്രീൻ..."   അവൾ തിരുത്തി..

"എനിക്കത് കിട്ടില്ല... ആരാ ഈ പേരിട്ടത്... എന്താ മീനിങ്...?"

"വൈൽഡ് റോസ്..." 

"എന്ത് തേങ്ങ ആയാലും വേണ്ട... പാത്തു... അത് മതി.... ഇനി തിരിച്ചു പോകുന്നത് വരെ നീ പാത്തു ആണ്..."

അവൻ മുറിയിൽ കയറി കാക്കി ഷർട്ട് ഇട്ട് തിരിച്ചു വന്നു...ഒരു പഴയ മൊബൈൽ അവൾക്ക് കൊടുത്തു...

"ഇതിൽ എന്റെയും റോഷ്‌നിയുടെയും നമ്പർ മാത്രമേ ഉളളൂ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ... ഞാൻ കവലയിൽ എത്തിയിട്ട് നെറ്റ് റീ ചാർജ് ചെയ്യാം...വാട്സാപ്പ് ഉണ്ട്.. അവൾക്ക് മെസ്സേജ് അയച്ചോ.. പിന്നെ നേരം പോകാൻ ടീവിയും ഉണ്ടല്ലോ... ആര് വന്നാലും വാതിൽ തുറക്കണ്ട.... ഒറ്റയ്ക്ക് ഇവിടിരിക്കാൻ പേടിയുണ്ടോ?"

"ഇല്ല..."

എന്നാ ശരി.... "

അവൻ നടക്കാൻ തുടങ്ങി...

" ഒന്ന് പറഞ്ഞോട്ടെ..."  യദു തിരിഞ്ഞു നോക്കി...നസ്രീൻ ചുമലിലേക്ക് വീണ തട്ടം തലയിലേക്ക് വീണ്ടും ഇട്ടു...

"ഞാൻ എന്തെങ്കിലും കുക്ക് ചെയ്തോട്ടെ...? പ്ലീസ്..."

"അതെന്താ?"

"എനിക്ക് ഹോട്ടൽ ഫുഡ്‌ തീരെ പറ്റുന്നില്ല... വോമിറ്റിംഗ്...".

യദുകൃഷ്ണൻ ഒന്ന് ആലോചിച്ചു...

" പറഞ്ഞല്ലോ... ഇവിടെ ആകെ ഞാൻ ഉണ്ടാക്കുന്നത് ചായ മാത്രമാ..പിന്നെ വെള്ളമടിക്കാൻ ടച്ചിങ്‌സും ചിലപ്പോൾ ഇച്ചിരി കഞ്ഞിയും... സാധനങ്ങൾ എല്ലാം വാങ്ങണം.. നിനക്ക് കുക്കിങ് ഇഷ്ടമാണെങ്കിൽ ഓക്കേ ... വഴിയുണ്ടാക്കാം.. "

അവൻ പുറത്തേക്ക് നടക്കുന്നതും നോക്കി നസ്രീൻ അവിടെ തന്നെ നിന്നു....
****************
രാത്രി യദുകൃഷ്ണൻ കുളിച്ചു വസ്ത്രം മാറി വരുമ്പോഴേക്കും ടേബിളിൽ ചൂട് ചോറും മീൻകറിയും തോരനും എല്ലാം റെഡി ആയിരുന്നു... വൈകിട്ട് നാല് മണിക്കാണ് അവളെയും കൂട്ടി മാർക്കറ്റിൽ പോയത്... ആവശ്യമായ സാധനങ്ങൾ എല്ലാം വിലപേശിവാങ്ങിയതും അവൾ തന്നെ... എല്ലാം കഴിഞ്ഞ് അവളെ വീട്ടിൽ വിട്ട് അവൻ ഓട്ടം പോയി വന്നത് രാത്രിയാണ്...
മീൻകറി ഒന്ന് രുചിച്ച് നോക്കിയ ശേഷം അവൻ നേരെ മുറിയിൽ ചെന്നു ബ്രാണ്ടിക്കുപ്പി എടുത്തു വന്നു.. കസേര നീക്കിയിട്ട് ഇരുന്ന് മദ്യം ഗ്ലാസിലൊഴിച്ച് കുടിച്ചു... പിന്നെ അവളെ നോക്കി... ആ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല...

"നീ കഴിച്ചോ പാത്തൂ?"

"ഇല്ല."..

"അതെന്താ?"

"സാറ് കഴിച്ചിട്ട് കഴിച്ചോളാം."

"അത്തരം മര്യാദകൾ ഒന്നും ഇവിടെ വേണ്ട..... ഇരിക്ക്..."

അവൾ മടിച്ചു..

"ഇരിക്കെടീ.."  അവൻ ശബ്ദമുയർത്തിയപ്പോൾ നസ്രീൻ പെട്ടെന്ന് ഇരുന്നു...ഒരു പ്ളേറ്റിൽ ചോറും കറികളും ഒഴിച്ച് യദു അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു....

"ഞാൻ വെള്ളമടിക്കുന്നത് കണ്ടിട്ടും നിനക്ക് യാതൊരു കൂസലും ഇല്ലല്ലോ?അതെന്താ അങ്ങനെ?"

അവന്റെ ചോദ്യം കേട്ട് നസ്രീൻ കഴിക്കുന്നത് നിർത്തി പുഞ്ചിരിച്ചു...

"ഞാനെന്തിന് പേടിക്കണം? ഇത് സാറിന്റെ വീടല്ലേ?"

"ബോധമില്ലാതെ നിന്നെ എന്തെങ്കിലും ചെയ്താലോ?"

"സാർ...." അവൾ പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ യദുവിനെ നോക്കി..

"ഞാൻ എന്താ വിളിക്കേണ്ടത്?"

"എന്തു വേണേലും വിളിച്ചോ... കുറച്ചു ദിവസത്തേക്കല്ലേ..."

അവൻ വീണ്ടും മദ്യപിച്ചു...

"ഇനി പറ... എന്താ പേടി ഇല്ലാത്തത്?"

"ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പെണ്ണ് എന്തൊക്കെ നേരിടേണ്ടി വരും എന്നൊക്കെ അറിഞ്ഞു തന്നെയാ ഞാൻ ഇറങ്ങിത്തിരിച്ചത്.... പിന്നെ സാറിന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നെനിക്ക് ഉറപ്പാണ്..."

"അതെങ്ങനെ...? റോഷ്‌നി പറഞ്ഞിട്ടാവും അല്ലേ?... കൊച്ചേ അവളും ഞാനും ആകെ കഷ്ടിച്ച് ഒന്നര വർഷത്തെ പരിചയമേ ഉളളൂ... ആകെ മൂന്നു തവണ മാത്രമേ നേരിൽ കണ്ടിട്ടുമുള്ളൂ...അങ്ങനെ ഒരാൾ പറയുന്നത് കേട്ടിട്ടാണോ?"

"അത് മാത്രമല്ല..."

"പിന്നെ?"

"സാറിന്റെ കഥകൾ ഞാൻ ഫേസ്‌ബുക്കിൽ വായിച്ചിട്ടുണ്ട്..ഇത്രയും നന്നായി എഴുതുന്ന ഒരാൾ ഉപദ്രവിക്കില്ല എന്ന് മനസ് പറഞ്ഞു.."

യദുകൃഷ്ണൻ ഉറക്കെ പൊട്ടിച്ചിരിച്ചു...

"കൊള്ളാം.... നീയൊരു മണ്ടി തന്നെ പെണ്ണേ.... കഥകളിലെ നായകന്മാരുടെ സ്വഭാവം പോലെയാണ് ഞാൻ എന്ന് വിചാരിച്ചോ.... അതൊക്കെ വെറും ഭാവന... ഇതാണ് റിയൽ.... ആരുമില്ലാത്ത ഒരാൾ.... സകല കൊള്ളരുതായ്മകളും ഉള്ള ഒരുത്തൻ... ആ എന്നെയാണോ നീ നല്ലവൻ എന്ന് വിശ്വസിച്ചത്....?"

"വേറെ വഴിയില്ലായിരുന്നു...ഇപ്പോൾ ഞാൻ ഇറങ്ങി വന്നില്ലെങ്കിൽ ജീവിതം കൈവിട്ടു പോയേനെ..."

നസ്രീൻ ചോറിൽ വിരലിട്ട് ഇളക്കികൊണ്ടിരുന്നു... ഒരു തുള്ളി കണ്ണുനീർ ആ പാത്രത്തിലേക്ക് ഇറ്റ് വീഴുന്നത് കണ്ടതോടെ യദു സംസാരം അവസാനിപ്പിച്ച് വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു...

"നിന്റെ പിറകെ ആരെങ്കിലും വരുമോ പെണ്ണേ? പോലീസോ വീട്ടുകാരോ മറ്റോ?"

അവൾ മിണ്ടിയില്ല...

"ങാ എന്തായാലും ടെൻഷനടിക്കണ്ട ഇവിടെ നിന്ന് നിന്നെ ഒരുത്തനും കൊണ്ടുപോകില്ല.."

പറഞ്ഞു കൊണ്ടു അവൻ മുറിയിലേക്ക് നടന്നു...
**************
കഴിഞ്ഞകാലത്തെ കുറിച്ച് പരസ്പരം ഒന്നും ചോദിക്കാതെ ഒരാഴ്ച കടന്നു പോയി... നസ്രീൻ സ്വന്തം വീട് പോലെ അവിടെ ഓരോ ജോലിയും ചെയ്യുന്നുണ്ടായിരുന്നു... യദുകൃഷ്ണൻ വിലക്കിയിട്ടും അവന്റെ വസ്ത്രങ്ങളെല്ലാം അവൾ അലക്കി ഇസ്തിരിയിട്ട് അടുക്കി വച്ചു.... ദിവസവും തൂത്തുതുടയ്ക്കുന്നതിനാൽ ആ വീട് ശുദ്ധമായിരുന്നു... ഒഴിഞ്ഞമദ്യകുപ്പികൾ എല്ലാമെടുത്ത് അവൾ പിന്നാമ്പുറത്തെ തെങ്ങിൻചുവട്ടിൽ കൊണ്ടിട്ടു... അങ്ങനെ വീടിന്റെ ഓരോ കോണിലും അവളുടെ കൈ പതിഞ്ഞു കൊണ്ടിരുന്നു.,. എല്ലാം അവൻ ശ്രദ്ധിച്ചെങ്കിലും ഒന്നും പറഞ്ഞില്ല..
ഒരു ഞായറാഴ്ച്ച ദിവസം അടുക്കളയിലെ തട്ട് വൃത്തിയാക്കാൻ സ്റ്റൂളിൽ കയറി നില്കുകയായിരുന്നു നസ്രീൻ... ഒരു പല്ലി ദേഹത്ത് ചാടിക്കയറിയതോടെ അവൾ പേടിച്ചു നിലവിളിച്ചു... ബാലൻസ് തെറ്റി നേരെ നിലത്തേക്ക് വീണു... ഉമ്മറത്ത് മൊബൈലും നോക്കിഇരിക്കുകയായിരുന്ന യദുകൃഷ്ണൻ ശബ്ദം കേട്ട് അങ്ങോട്ട് ഓടിവന്നപ്പോൾ അവൾ തറയിൽ കിടക്കുകയാണ്.....അവന് കാര്യം മനസിലായി.

"നിന്നോട് ആരേലും പറഞ്ഞോടി കുരിപ്പേ ഇതൊക്കെ ചെയ്യാൻ?.. നീയെങ്ങാനും തലയിടിച്ചു ചത്തു പോയാൽ ഞാൻ തൂങ്ങേണ്ടി വരും....അല്ലെങ്കിലേ ജീവിതം മടുത്ത് ഇരിക്കുകയാ... അതിന്റെ കൂടെ ഓരോ മാരണം...."

ദേഷ്യം കൊണ്ട് അവൻ അടിമുടി വിറച്ചു..

"അവള് വരുന്നത് വരെ നിനക്ക് അടങ്ങിയൊതുങ്ങി ഇരുന്നാലെന്താ...? എന്റെ പൊക കണ്ടേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തിട്ട് ഇറങ്ങിയതാണോ..?"

അവൾ പതിയെ ചുമരിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. കഠിനമായ വേദനകൊണ്ട് പുളഞ്ഞു.... യദുകൃഷ്ണൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി... കാൽ നിലത്തുറപ്പിക്കാനോ നടക്കാനോ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല... ഒന്നാലോചിച്ച ശേഷം യദു അവളെ ഇരുകൈകളാലും കോരിയെടുത്ത് മുറ്റത്തേക്ക് ഇറങ്ങി ഓട്ടോയിൽ ഇരുത്തി... പിന്നെ വേഗം മുറിക്കുള്ളിൽ ചെന്ന് പേഴ്‌സും മൊബൈലും എടുത്തു..നസ്രീൻ കിടക്കുന്ന മുറിയിൽ ചെന്ന് ഒരു ഷാളും എടുത്ത് വീട് പൂട്ടി ഇറങ്ങി..ഷാൾ അവളുടെ തലയിൽ തട്ടമായി ഇട്ടു കൊടുത്ത ശേഷം ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു..... നേരെ വൈദ്യരുടെ അടുത്തേക്കാണ് ചെന്നത്.. അയാൾ അവളുടെ കാൽ പരിശോധിച്ച് മരുന്ന് പുരട്ടി . പിന്നെ ചില മരുന്നുകൾ  യദുവിനെ ഏല്പിച്ചു...

"എല്ലിന് ക്ഷതമൊന്നും ഇല്ല. പക്ഷേ നാളത്തേക്ക് ചിലപ്പോൾ നീര് വന്നേക്കാം... ഈ മരുന്ന് ഇടയ്ക്കിടെ പുരട്ടണം..."

അവൻ തലകുലുക്കി...

"നിന്നെ വിശ്വസിച്ച് എല്ലാരേയും ഉപേക്ഷിച്ചു ഇറങ്ങി വന്ന പെണ്ണല്ലേ കൊച്ചൂട്ടാ?.. ശ്രദ്ധിക്കേണ്ടത് നിന്റെ ഉത്തരവാദിത്തം അല്ലേ? എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?"

വൈദ്യർ കൃഷ്ണൻ കുട്ടി ഉപദേശിച്ചു...

"ഒരബദ്ധം പറ്റിയതാ കൃഷ്ണേട്ടാ.. ഞാനിവളെ എളിയിൽ ഇരുത്തിയാ സാധാരണ നടക്കാറ്... കക്കൂസിൽ പോകാം നേരം തൊട്ടിലിൽ കിടത്തിയതാ... ആ നേരത്ത് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല... നിങ്ങള് ക്ഷമിക്ക്...."

ആ അവസ്ഥയിലും നസ്രീൻ ചിരിച്ചു പോയി... യദുകൃഷ്ണൻ അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം പോക്കറ്റിൽ നിന്ന് കാശ്ശെടുത്ത് വൈദ്യർക്ക് കൊടുത്തു.. പിന്നെ അവളെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ ഇരുത്തി...

"കേട്ടല്ലോ...ഞാൻ നിന്നെ വളച്ചെടുത്ത് കൊണ്ടുവന്നതാണെന്നാ എല്ലാരും പറയുന്നേ... എനിക്ക് ഈ രക്തത്തിൽ പങ്കില്ല... നാളെ നിന്റെ കാമുകൻ എന്നെയും നിന്നെയും സംശയിച്ച് നിന്നെ ഇവിടെത്തന്നെ വിട്ടിട്ട് പോകുമോന്നാ ഇപ്പോൾ പേടി... അല്ല, അവനെന്തൊരു മൊണ്ണയാ.... ഇത്രേം ദിവസമായിട്ടും അന്വേഷിച്ച് വന്നോ?.."

അവൾ മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു..

"നിന്റെ വായിൽ നാക്കില്ലേ?.. "

"ഞാൻ... ഞാനെന്താ പറയേണ്ടത്?"

"ഒന്നും പണയണ്ട.."

അവൻ ഓട്ടോയുടെ വേഗം കൂട്ടി.... വീട്ടിൽ തിരിച്ചെത്തിയ ശേഷവും അവളെ കോരിഎടുത്ത് ബെഡിൽ കൊണ്ടു കിടത്തി..

"കാൽ അനക്കരുത്... ടോയ്‌ലെറ്റിൽ പോണമെങ്കിൽ വിളിച്ചോ.  ഞാൻ പുറത്തുണ്ട്...."

ഉത്തരം കിട്ടാതായപ്പോൾ യദു അവളുടെ മുഖത്തേക്ക് നോക്കി... കടിച്ചു പിടിച്ച ചുണ്ടുകൾ കരച്ചിലിനെ തടഞ്ഞെങ്കിലും കണ്ണുകളിലൂടെ അത് ചുട്ടുപഴുത്ത് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.... അവൻ അവളുടെ അരികിൽ ചെന്നിരുന്നു... ആ കണ്ണുനീർ തുടച്ചു...

" എല്ലാം ശരിയാകും പാത്തൂ... വെറുതെ മനസ് വിഷമിപ്പിക്കണ്ട...."

അപ്പോഴാണ് അവളുടെ കഴുത്തിൽ നീളത്തിൽ ഒരു പാട് അവൻ കണ്ടത്...

"പ്രേമം വീട്ടിൽ അറിഞ്ഞപ്പോ നന്നായി കിട്ടിയിട്ടുണ്ട് അല്ലേ?"

നസ്രീൻ പെട്ടെന്ന് തട്ടം കൊണ്ടു കഴുത്ത് മറച്ചു...

"ഇതൊക്കെ സ്വഭാവികമാ... എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു... വളർത്തി വലുതാക്കിയ വാപ്പയെയും ഉമ്മയെയും എല്ലാം വിട്ടിട്ട് ഏതോ ഒരുത്തന്റെ കൂടെ ജീവിക്കാൻ ഇറങ്ങിയല്ലോ . അവനാണെങ്കിൽ സീനിൽ വരുന്നുമില്ല..."

"ഞാൻ പ്രേമം തലയ്ക്കു പിടിച്ച് ഇറങ്ങിയതാണെന്ന് റോഷ്‌നി ചേച്ചി പറഞ്ഞോ?"

"ഇല്ല.. അവളൊന്നും പറഞ്ഞില്ല... ഒരു പെണ്ണ് രാത്രിയിലേ ട്രെയിനിൽ വരുന്നുണ്ട്, കുറച്ചു ദിവസം സേഫ് ആയി താമസിപ്പിക്കണം എന്നേ പറഞ്ഞുള്ളൂ....നിന്റെ പ്രായത്തിലൊരുത്തി ഇറങ്ങി വരുന്നെങ്കിൽ അത് ഈ കാരണം കൊണ്ടായിരിക്കുമല്ലോ... റോഷ്‌നി ആണേൽ ഇമ്മാതിരി വള്ളിക്കേസുകൾ പിടിക്കാൻ മിടുക്കിയാണ്.."

അവൻ എഴുന്നേറ്റു...

"ഞാൻ വലിയ പാചക വിദഗ്ദൻ ഒന്നുമല്ല.. തല്ക്കാലം ഇച്ചിരി കഞ്ഞി ഉണ്ടാക്കാം..., "

"എനിക്ക് വേണ്ട...."

അവനത് ഗൗനിക്കാതെ അടുക്കളയിലേക്ക് നടന്നു...
************
"സാറിപ്പോ എഴുതാറൊന്നും ഇല്ലേ?"  
നസ്രീൻ ചോദിച്ചു..രാത്രിയിൽ അവളുടെ കാലിൽ മരുന്ന് പുരട്ടുകയായിരുന്നു യദുകൃഷ്ണൻ....

"ഇല്ല..."

"അയ്യോ അതെന്ത് പറ്റി?"

"പ്രത്യേകിച്ച് ഒന്നുമില്ല..."

"സോറി.. പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട..., "

"അങ്ങനൊന്നും ഇല്ല പാത്തൂ..."

കട്ടിലിന്റെ കാൽകീഴിൽ നേരത്തേ നിറച്ചു വച്ച മദ്യഗ്ലാസ് എടുത്ത് അവൻ ഒരിറക്ക് കുടിച്ചു...

"എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരാൾ പെട്ടെന്ന് നഷ്ടമായി... അതോടെ ഒരു മടുപ്പ് വന്നു..."

"ഒത്തിരി ആരാധകർ ഉള്ള എഴുത്തുകാരൻ അങ്ങനെ നിർത്താൻ പാടില്ലായിരുന്നു... ഞാൻ സാറിന്റെ കഥകൾ സ്ഥിരം വായിക്കാറുണ്ട്... കമന്റ് ഇടാറില്ല എന്നേയുള്ളൂ... കഥ നന്നായെന്നും പറഞ്ഞ് പേർസണൽ മെസേജും അയച്ചിട്ടുണ്ട്.. റിപ്ലൈ കിട്ടിയില്ല..."

"ഓ അന്ന് എന്റെ ഇൻബോക്സ് കൈകാര്യം ചെയ്തിരുന്നത് ഞാനൊന്നുമല്ല..."

"പിന്നെ.?"  നസ്രീൻ അമ്പരന്നു.. അവൻ ഒറ്റവലിക്ക് മദ്യം കുടിച്ചു തീർത്തു...

"എനിക്കൊരു മുടിഞ്ഞ പ്രേമം ഉണ്ടായിരുന്നു... സ്ത്രീകൾ ആയ ആരാധകർ കൂടുതൽ ആയപ്പോൾ അവൾക്ക് അസൂയയും കുശുമ്പും... അന്നത്തെ വിവരക്കേടിന് എന്റെ എഫ്ബി പാസ്സ്‌വേർഡ്‌ അവൾക്ക് കൊടുത്തു..."

"കഷ്ടം തന്നെ.. "  നസ്രീൻ താടിക്ക് കൈ കൊടുത്ത് ഇരുന്നു..

"എന്നിട്ട്?"

"എന്നിട്ടെന്താ? ആ നായിന്റെ മോൾ എന്നെയും തേച്ച് വേറൊരുത്തന്റെ ഭാര്യ ആയി സുഖമായി ജീവിക്കുന്നു..."

നസ്രീൻ ഉറക്കെ ചിരിച്ചു.. ശരീരം അനങ്ങിയപ്പോൾ കാൽ വേദനിച്ചെങ്കിലും അവളത് കാര്യമാക്കിയില്ല...

"പ്രണയനൈരാശ്യം കാരണമാണോ ആയിരക്കണക്കിന് ഫാൻസ്‌ ഉള്ള യദുകൃഷ്ണൻ എഴുത്തു നിർത്തിയതും കുടിയനായതും?... ഇച്ചിരി നേരം മുൻപ് വരെ എന്നേ കുറ്റം പറഞ്ഞയാളാ..."

"അവള് പോയത് കൊണ്ടാണ് എഴുത്ത് നിർത്തിയതെന്ന് നിന്നോട് ഞാൻ പറഞ്ഞോ?"  അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു...

"പിന്നെ?"

"അച്ഛൻ..... എന്റെ അച്ഛൻ മരിച്ചു..."  അവന്റെ ശബ്ദം പതിഞ്ഞിരുന്നു... ഇത്രയും  ദിവസങ്ങളായി പെട്ടെന്ന് ദേഷ്യപ്പെടുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന ആളെ അങ്ങനൊരു അവസ്ഥയിൽ കണ്ടപ്പോൾ അവളുടെ ഹൃദയത്തിലൊരു നോവ് അനുഭവപ്പെട്ടു...പെട്ടെന്നുണ്ടായ തോന്നലിൽ അവൾ യദുവിന്റെ വലം കൈ പിടിച്ചു..

"സോറി ഏട്ടാ... ഞാൻ അറിയാതെ.... ഏട്ടനെക്കുറിച്ച് റോഷ്‌നി ചേച്ചി കൂടുതൽ ഒന്നും പറഞ്ഞിട്ടുമില്ല... ക്ഷമിക്കണം.."

"സാരമില്ല പാത്തൂ..."  യദു ചിരിക്കാൻ ശ്രമിച്ചു..

"എനിക്ക് അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ... എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അച്ഛൻ മാത്രമാ... ഒരു പാവം മനുഷ്യൻ... വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാ അച്ഛൻ അമ്മയെ വിവാഹം കഴിച്ചത്... ആ ദാമ്പത്യം ദുരിതപൂർണമായിരുന്നു... സമാധാനം എന്തെന്ന് അച്ഛൻ അറിഞ്ഞിട്ടില്ല... എന്നും വഴക്ക്.... എന്റെ പതിനൊന്നാമത്തെ വയസിൽ ഇതുപോലെ ഒരു വഴക്കിനൊടുവിൽ അമ്മയുടെ ആത്മഹത്യാ ശ്രമം ജയിച്ചു.... അതിന് കുറേ ക്കാലം അച്ഛൻ പഴികേട്ട് നടന്നു.. ഞാൻ തറവാട്ടിൽ ആയിരുന്നു താമസം.. അമ്മാവന്റെ അടിയും ആട്ടും തുപ്പും പട്ടിണിയും സഹിക്കാനാവാതെ ഞാൻ ഒരു ദിവസം ഇറങ്ങിയോടി അച്ഛന്റെ അടുത്തെത്തി... അന്നു തൊട്ട് മരണം വന്നു വിളിക്കുന്നത് വരെ അച്ഛനെന്നെ സ്നേഹം കൊണ്ടു മൂടുകയായിരുന്നു... "

യദുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...

"അച്ഛന് ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നു.... ആ ഓർമ്മകൾ അലട്ടുമ്പോഴൊക്കെ എന്നോട് പറയാറുണ്ട്, ' കൊച്ചൂട്ടാ... ഒരു പെണ്ണിനെ സ്നേഹിച്ചാൽ, കൂടെ ജീവിക്കാമെന്ന് അവൾക്ക് വാക്ക് കൊടുത്താൽ ലോകം മുഴുവൻ എതിർത്താലും അവളെ സ്വന്തമാക്കണമെന്ന്..'.. അച്ഛനെ പോലെ ഞാനും ഒരുത്തിയെ സ്നേഹിച്ചു... അവളെ നഷ്ടപ്പെടുത്തില്ല എന്ന് തീരുമാനിച്ചു. അവൾക്ക് ഞാനൊരു നേരംപോക്ക് ആയിരുന്നു എന്നറിയാൻ വൈകിപ്പോയി ഒരുപാട് കരഞ്ഞു.... അന്ന് പക്ഷേ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ അച്ഛനും ഉണ്ടായിരുന്നില്ല.... അതിന് രണ്ടുമാസം മുൻപ് ഇതുപോലെ ഒരു രാത്രിയിൽ ഉറങ്ങാൻ കിടന്നതാ... പിന്നെ... പിന്നെ... എഴുന്നേറ്റില്ല....".

ഒരു കരച്ചിൽ അവന്റെ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നത് അവളറിഞ്ഞു...

"അച്ഛന്റെ അഭാവം എന്നെ തളർത്തിയ സമയത്ത് അവൾ ഭാവി വരനുമായി  ഫോൺ സംഭാഷണത്തിൽ ആയിരുന്നു.. കല്യാണം ഉറപ്പിച്ച ശേഷമാണ് ഞാൻ അറിഞ്ഞത് തന്നെ.... അന്നുമുതൽ സ്ത്രീ എന്ന വർഗ്ഗത്തോട് തന്നെ വെറുപ്പായി.... റോഷ്‌നിയാ കുറച്ചെങ്കിലും എന്നേ മാറ്റിയെടുത്തത്.... ഈ വീട്ടിലേക്ക് കയറുമ്പോ പഴയ ഓർമ്മകൾ വരും... ഉറക്കമില്ലാതെ ഭ്രാന്തിന്റെ വക്കിൽ എത്തിയപ്പോഴാ കള്ളുകുടി തുടങ്ങിയത്... ലഹരിക്ക് വേണ്ടിയല്ല... എല്ലാം മറന്നൊന്നുറങ്ങാൻ..... അതിന് ശേഷം പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ  കലിയിളകും..... അതാണ് നിന്നോടും പുച്ഛത്തോടെ പെരുമാറിയത്.... "

അവൾ വേദനയോടെ പുഞ്ചിരിച്ചു..

"ഞാൻ ഒരാളെയും പ്രണയിച്ചിട്ടില്ല ഏട്ടാ... അങ്ങനൊരു വികാരം മനസ്സിൽ ഉണ്ടായിട്ട് പോലുമില്ല..."

യദുകൃഷ്ണൻ ഞെട്ടി...

"പിന്നെ?.. പിന്നെന്തിനാ നീ ഇത്രയും ദൂരം എല്ലാവരെയും ഉപേക്ഷിച്ചു വന്നത്?"

"ജീവിക്കാൻ വേണ്ടി.... ആരെയും ആശ്രയിക്കാതെ ജീവിക്കാൻ.... ഒരു രാത്രിയെങ്കിലും ഒന്ന് സമാധാനത്തോടെ ഉറങ്ങാൻ വേണ്ടി..."

നസ്രീൻ വിതുമ്പിക്കരഞ്ഞു തുടങ്ങി... ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണെങ്കിലും അവളുടെ മനസൊന്നു ശാന്തമാകുവാൻ വേണ്ടി യദു ആകാംഷയോടെ കാത്തിരുന്നു...... വെറും നാലു ഭാഗങ്ങൾ കൂടി ഉള്ള ഈ കഥയുടെ
To Top