രചന: കർണൻ സൂര്യപുത്രൻ
" എടീ വേണ്ട... പ്ലീസ്... നീ ഞാൻ പറയുന്നത് കേൾക്ക്... ".
നസ്രീൻ അമ്പിളിയോട് അപേക്ഷിച്ചു...
"ഇതൊക്കെ വലിയ തെറ്റാ... ഞാനിതിനു കൂട്ട് നിൽക്കില്ല...."
കോളേജിന്റെ മതിലിനു വെളിയിൽ ബസ്‌റ്റോപ്പിന് അടുത്തായി നില്കുകയായിരുന്നു അവർ... അമ്പിളി അവളുടെ കൈയിൽ പിടിച്ചു..
"നീ കരുതുന്നത് പോലെ അല്ല മോളേ കാര്യങ്ങൾ... എന്റെയും സുനിലേട്ടന്റെയും ബന്ധം വീട്ടിൽ അറിഞ്ഞത് മുതൽ എന്നും അടിയും വഴക്കുമാ.... അച്ഛൻ കഴിഞ്ഞ ദിവസം സുനിലേട്ടന്റെ ബസിൽ ചെന്ന് പ്രശ്നമുണ്ടാക്കി...എന്നോട് കോളേജിൽ പോകണ്ട എന്ന് പറഞ്ഞതാ..അവസാനം ഒരുപാട് കരഞ്ഞു കാലുപിടിച്ചിട്ടാ ഇന്ന് വിട്ടത് തന്നെ.... ഇങ്ങനാണെങ്കിൽ എനിക്ക് സുനിലേട്ടനെ നഷ്ടപ്പെടും..."
അമ്പിളിയുടെ കണ്ണുകൾ നിറഞ്ഞു.....
"കുറേ ആലോചിച്ചിട്ടാടീ ഈ തീരുമാനം എടുത്തേ.... എനിക്ക് സുനിലേട്ടന്റെ കൂടെ ജീവിക്കണം.... ആരെതിർത്താലും....."
"അപ്പൊ നിനക്ക് പഠിക്കണ്ടേ?"
"കല്യാണത്തിന് ശേഷം പഠിപ്പിക്കാമെന്ന് സുനിലേട്ടൻ പറഞ്ഞിട്ടുണ്ട്.."
"അതും നോക്കിയിരുന്നോ..."
നസ്രീൻ ദേഷ്യപ്പെട്ടു..
"എടീ ഒരു പ്രൈവറ്റ് ബസിലെ കിളിക്ക്.. അതും സ്ഥിരം ജോലി പോലുമില്ലാത്ത ഒരാൾ നിന്നെ എങ്ങനെ പഠിപ്പിക്കും?... നീ ഞാൻ പറയുന്നത് കേൾക്ക് അമ്പിളീ... തല്ക്കാലം എല്ലാം മറന്നത് പോലെ അഭിനയിക്ക്... എന്നിട്ട് പഠിത്തം പൂർത്തിയാക്കി ഒരു ജോലി കണ്ടെത്ത്... അപ്പോഴേക്കും സുനിലേട്ടനോടും സെറ്റിൽ ആകാൻ പറ... എന്നിട്ട് കല്യാണം കഴിച്ച് ജീവിക്ക്...."
"അതുവരെ കാത്തിരുന്നാൽ എന്നെ വേറെ ആരെക്കൊണ്ടെങ്കിലും കെട്ടിക്കും.... നസ്രീ.. നിനക്കെന്റെ അച്ഛനെ അറിയില്ല.. മൂപ്പര് ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ല... പണവും ജാതിയും ഒക്കെയാ അച്ഛന് മുഖ്യം... എന്റെ സന്തോഷം അല്ല..."
"എന്നാലും ഒന്നൂടെ ആലോചിച്ചിട്ട്.."
"ഇനിയൊന്നും ആലോചിക്കാനില്ലെടീ... ഇപ്പോൾ നേരെ റെയിൽവേ സ്റ്റേഷനിലേക്ക്... അവിടുന്ന് കോഴിക്കോട് സുനിലേട്ടന്റെ കുഞ്ഞമ്മയുടെ വീട്ടിൽ പോകും... അവിടെ ഒരു അമ്പലത്തിൽ വച്ച് കല്യാണത്തിനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.. ഇവിടുത്തെ പ്രശ്നങ്ങൾ കുറച്ചൊന്ന് അടങ്ങിയ ശേഷം തിരിച്ചു വരാം..."
"എനിക്കെന്തോ പേടിയാകുന്നു..." നസ്രീൻ നെഞ്ചിൽ കൈ വച്ചു...
"നീയെന്തിനാ പേടിക്കുന്നെ? ഒളിച്ചോടുന്ന എനിക്കില്ലാത്ത പേടിയാണോ നിനക്ക്?.. വാ... ഈ മാല ആ ജ്വല്ലറിയിൽ വിറ്റ് കാശ് വാങ്ങണം...."
"കാശില്ലാതെയാണോ നിന്റെ സുനിലേട്ടൻ നിന്നെയും കൂട്ടി പോകുന്നത്?... കഷ്ടം.."
"ഏയ്... ഇത് എനിക്ക് കയ്യിൽ വയ്ക്കാനാ... ഒരു മോതിരം വാങ്ങണം.. കല്യാണത്തിന് സുനിലേട്ടന് ഇട്ടു കൊടുക്കണ്ടേ.. ബാക്കി പൈസ സൂക്ഷിക്കും.. എപ്പോഴേലും ആവശ്യം വന്നാൽ എടുക്കാലോ... നീ വാടീ... നേരം പോകുന്നു...."
അമ്പിളി അവളെയും കൂട്ടി റോഡ് മുറിച്ചു കടന്നു...
നഗരത്തിലെ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളാണ് അമ്പിളിയും നസ്രീനും...ഒരേ നാട്ടുകാർ... കുട്ടിക്കാലം മുതൽ ഒരുമിച്ചാണ് പഠിച്ചതും...നാട്ടിലെ പ്രമാണിയായ ഭാസ്കരകുറുപ്പിന്റെ ഒരേയൊരു മകളാണ് അമ്പിളി... നസ്രീൻ ചിക്കൻ സ്റ്റാൾ നടത്തുന്ന മുസ്തഫയുടെ മോളും... എന്നുവച്ചാൽ സ്വന്തം മോളല്ല...അയാളുടെ ഭാര്യയായ ആമിനയുടെ ആദ്യ ബന്ധത്തിലെ കുട്ടി... അകാലത്തിൽ ഭർത്താവ് മരിച്ച ആമിനയെ സാമ്പത്തികമോ വിദ്യാഭ്യാസമോ പ്രായമോ നോക്കാതെ വീട്ടുകാർ മുസ്തഫയ്ക്ക് കെട്ടിച്ചു കൊടുത്ത് ഭാരം ഒഴിവാക്കുകയായിരുന്നു... മുസ്തഫയ്ക്കും ആമിനയ്ക്കും പിറന്ന മകനാണ് ഷാനവാസ്..നസ്രീനേക്കാൾ രണ്ട് വയസ്സ് കുറവ്...അവന് നസ്രീൻ ജീവനാണ്... അവൾക്കും അതുപോലെ തന്നെ.... മുസ്തഫയ്ക്ക് അവളോട് സ്നേഹമോ വെറുപ്പോ ഇല്ല.. അധികം സംസാരവും ഇല്ല... ചിലവിനുള്ളത് ആമിനയെ ഏൽപ്പിച്ച് അയാൾ കടമ തീർക്കും..മുസ്തഫയുടെ അനിയൻ നൗഷാദും ഭാര്യ ആയിഷയും ആ വീട്ടിൽ തന്നെയാണ് താമസം... നൗഷാദിന് മത്സ്യകച്ചവടം ആണ്....
അമ്പിളിയുടെയും അവളുടെയും വീട്ടിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു... ഒരു പാത്രം പോലും നീക്കിവയ്ക്കേണ്ട ജോലി അമ്പിളിക്ക് ഇല്ല.. അതിനൊക്കെ പണിക്കാരുണ്ട്... എന്നാൽ ഇവിടെ നസ്രീനും ഉമ്മയുമായിരുന്നു വീട്ടിലെയും പറമ്പിലെയും സകല ജോലികളും ചെയ്തിരുന്നത്....എന്നാലും പരാതി തീരില്ല.. ചെറിയ തെറ്റുകൾ പോലും ആയിഷ മുസ്തഫയുടെ അടുത്ത് പെരുപ്പിച്ച് എത്തിക്കും.... നസ്രീന് കിട്ടാനുള്ള അടിയും അയാൾ ആമിനയ്ക്ക് കൊടുക്കും.. അവർക്ക് എല്ലാം ശീലമായിക്കഴിഞ്ഞിരുന്നു...
ആ വീട് ശരിക്കും നസ്രീന് നരകം തന്നെയായിരുന്നു... ജോലി ചെയ്തു ക്ഷീണിക്കുന്നതും മര്യാദയ്ക്ക് ഭക്ഷണം ഇല്ലാത്തതുമൊന്നും അവൾക്ക് പ്രശ്നമല്ല.. പക്ഷേ നൗഷാദിന്റെ പെരുമാറ്റം സഹിക്കാൻ പറ്റാത്തതായിരുന്നു...പത്തു വയസുള്ളപ്പോൾ തന്നെ കെട്ടിപ്പിടിച്ചതും ഉമ്മ വച്ചതും ദേഹമാസകലം തലോടിയതും വാത്സല്യം കൊണ്ടല്ല എന്നവൾക്ക് മനസിലായത് വലുതായപ്പോഴാണ്... വീണ്ടും അയാൾ അതിന് ശ്രമിച്ചു.....കുളിമുറിയിൽ നിന്ന് വരുമ്പോൾ,...ഡ്രസ്സ് മാറുമ്പോൾ, മുറ്റമടിക്കുമ്പോൾ, അടുക്കളയിൽ ഇരുന്ന് മീൻ വെട്ടുമ്പോൾ എല്ലാം അയാളുടെ കണ്ണുകൾ ആസക്തിയോടെ അവളെ പിൻതുടരുന്നുണ്ടായിരുന്നു... പ്ലസ്റ്റുവിന് പഠിക്കുന്ന സമയത്ത് നൗഷാദ് അവളുടെ മാറിടത്തിൽ കൈ വയ്ക്കുന്നത് കണ്ട ഷാനവാസ് വിറക് കൊള്ളി എടുത്ത് അയാളെ തല്ലി.,...പക്ഷേ മുസ്തഫ ബെൽറ്റ് കൊണ്ട് അടിച്ചപ്പോഴൊന്നും അവൻ കാര്യം പറഞ്ഞില്ല..... ആയിഷയുടെ മൗനാനുവാദത്തോടെയാണ് നൗഷാദ് ഈ ചെറ്റത്തരം കാണിക്കുന്നതെന്ന് ആ സഹോദരങ്ങൾക്കു മനസിലായിരുന്നു... അതുകൊണ്ട് തന്നെ സത്യം ആരും വിശ്വസിക്കില്ല.... ഉമ്മച്ചിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവർ ആ പ്രശ്നം അതോടെ വിട്ടു... പക്ഷേ തക്കം കിട്ടിയപ്പോൾ കറിക്കത്തി നൗഷാദിന്റെ കഴുത്തിൽ വച്ച് ഷാനവാസ് മുരണ്ടു...
"ഇനിയെന്റെ ഇത്തയെ തൊട്ടാൽ പടച്ചോനാണെ നിന്റെ കഴുത്തു ഞാൻ വെട്ടും പന്നീ...."
ഒരു പതിനഞ്ചുകാരന്റെ വാക്കായിരുന്നില്ല അത്.... അവനത് ചെയ്തേക്കാം എന്ന് ഭയന്നതിനാൽ നൗഷാദ് അതോടെ ഒതുങ്ങി.. പക്ഷേ തരം കിട്ടുമ്പോഴൊക്കെ മുസ്തഫയെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് രണ്ടാൾക്കും അടി വാങ്ങി കൊടുക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു... ഒരുതരം പ്രതികാരം തന്നെ... ആയിഷയും വാക്കുകൾ കൊണ്ടുള്ള ഉപദ്രവം തുടർന്നു... ആമിന എല്ലാം ദൈവത്തിൽ അർപ്പിച്ച് പരാതികളൊന്നുമില്ലാതെ കഴിഞ്ഞുകൂടി... ആ പാവം സ്ത്രീ അത്രയ്ക്ക് അനുഭവിച്ചിരുന്നു.....
പ്ലസ്ടു കഴിഞ്ഞപ്പോൾ നസ്രീനോട് പഠനം മതിയാക്കാൻ മുസ്തഫ ആവശ്യപ്പെട്ടു..
"ഞാൻ ഗവണ്മെന്റ് ഉദ്യോഗസ്ഥനൊന്നുമല്ല.. കോഴിക്കടയിൽ കച്ചോടം തീരെ കുറവാ.. ചിലവ് നടത്താൻ തന്നെ ബുദ്ധിമുട്ടുമ്പോ ഇവളെ പഠിപ്പിച്ച് കളക്ടർ ആക്കാനൊന്നും എനിക്ക് വയ്യ... അല്ലെങ്കിലും പെണ്ണുങ്ങൾ പഠിച്ചിട്ട് എന്ത് കിട്ടാനാ?.. "
നസ്രീൻ കേൾക്കാൻ പാകത്തിന് അയാൾ ആമിനയോട് പറഞ്ഞു..
"കുറച്ചു നാൾ ഇവിടെ അടങ്ങിയിരിക്കട്ടെ... നല്ല ആലോചന വന്നാൽ കെട്ടിച്ചു വിടാം... അത്രയേ എനിക്ക് ചെയ്യാൻ പറ്റൂ... വല്ലവനും ഉണ്ടായ ഒരുത്തിയെ ഇത്രയും നാള് തീറ്റി പോറ്റി... ഇനി വയ്യ...."
നൗഷാദും ആയിഷയും ആ തീരുമാനത്തെ പിന്താങ്ങി...പക്ഷേ ഷാനവാസ് ശക്തമായി എതിർത്തു...
" രണ്ടാളെ പഠിപ്പിക്കുന്നതാണോ വാപ്പച്ചിക്ക് പ്രശ്നം? എന്നാൽ കേട്ടോ... ഞാൻ പഠിത്തം നിർത്തുകയാ... നാളെ മുതൽ ഞാൻ വേണേൽ കടയിൽ സഹായിക്കാം.. അല്ലെങ്കിൽ വേറെവിടെങ്കിലും ജോലി നോക്കാം.. പക്ഷേ ഇത്ത പഠിക്കണം...സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാ ഇത്ത..."
"അത് നീയാണോ തീരുമാനിക്കേണ്ടത്?"
മുസ്തഫയുടെ മുഖം വലിഞ്ഞു മുറുകി..
"വലിയ കാര്യങ്ങളിൽ അഭിപ്രായം പറയാനൊന്നും നീ വളർന്നിട്ടില്ല..."
"വലിയ കാര്യങ്ങളിൽ ഒന്നുമല്ല.. എന്റെ ഇത്തയുടെ കാര്യത്തിലാ ഞാൻ പറഞ്ഞത്?.."
"ഇത്തയോ?.. ആരോ ഉണ്ടാക്കിയ പെണ്ണെങ്ങാനാടാ നിന്റെ ഇത്ത ആയത്?"
നൗഷാദ് പുച്ഛത്തോടെ ചോദിക്കുന്നത് കേട്ട് ഷാനവാസ് അയാളുടെ അടുത്തെത്തി...
"ആരോ ഉണ്ടാക്കിയതാണേലും ഉമ്മച്ചി ഒന്നാ... ആ ബന്ധം എത്ര ഉറച്ചതാണെന്ന് ഞാൻ കുറച്ചു നാൾ മുൻപ് നിങ്ങൾക്ക് തെളിയിച്ചു തന്നതല്ലേ?. അതിന്റെ പാട് ഇപ്പഴും മുതുകത്ത് ഉണ്ടാകും.."
"ഷാനൂ..." മുസ്തഫ അലറി..
"നിനക്ക് കൂടുന്നുണ്ട്.... നിന്നെ വഷളാക്കുന്നത് അവളാണെന്ന് എനിക്കറിയാം..."
"ചുമ്മാതാ... വാപ്പച്ചിക്ക് ഒന്നുമറിയില്ല.. അറിഞ്ഞിരുന്നെങ്കിൽ ഇയാളും ഭാര്യയും ഇന്നിവിടെ കാണില്ലായിരുന്നു... പക്ഷേ ആര് പറഞ്ഞാലും വാപ്പച്ചി വിശ്വസിക്കില്ല എന്നും എനിക്കറിയാം.. അത് വിട്.. ഇത്ത പഠിക്കാൻ പോകും... വാപ്പച്ചി എതിർത്താൽ ഞാൻ ഉമ്മച്ചിയേയും ഇത്തയെയും കൂട്ടി ഇവിടുന്ന് ഇറങ്ങും.... ഭാര്യയും മക്കളും വീടുവിട്ട് പോയാൽ അതിന്റെ നാണക്കേട് മൊയ്‌തൂട്ടി ഹാജിയുടെ മോൻ മുസ്തഫയ്ക്കാ...."
ആ കൗമാരക്കാരന്റെ ഉറച്ച ശബ്ദത്തിന് മുന്നിൽ മുസ്തഫ പതറിപ്പോയി.... അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു..
"ഷാനൂ... നീയെന്തിനാ മോനേ വാപ്പച്ചിയോട് അങ്ങനൊക്കെ സംസാരിച്ചത്?"
അന്ന് രാത്രി തന്റെ കിടപ്പ് മുറിയിൽ വന്ന ഷാനവാസിനോട് നസ്രീൻ ചോദിച്ചു..
"നമ്മൾക്ക് വേണ്ടി സംസാരിക്കാൻ നമ്മളേ ഉളളൂ ഇത്താ.... ഉമ്മച്ചി പടച്ചോൻ എല്ലാം ശരിയാക്കുമെന്ന് കരുതി കാത്തിരിക്കുകയാ... പക്ഷേ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് ഉപയോഗിക്കാതെ പടച്ചോനേ വിളിച്ചിട്ട് എന്തുകാര്യം?"
"എന്നാലും ഇതൊന്നും വേണ്ടെടാ.... ഞാൻ പഠിച്ചാലും എന്നെ ജോലിക്ക് വിടില്ല...ആരുടെയെങ്കിലും വീട്ടിൽ അടിമപ്പണി എടുക്കാനായിരിക്കും യോഗം.. നമ്മുടെ ഉമ്മച്ചിയെപ്പോലെ...നീയൊരു ആൺകുട്ടി അല്ലേ... നല്ല ജോലിയൊക്കെ നിനക്കാ ആവശ്യം..."
"ആര് പറഞ്ഞു?.. ഒന്നാമത് എനിക്ക് പഠിക്കാൻ തീരെ ഇഷ്ടമല്ല.... കുറച്ചു കാശുണ്ടാക്കി ഞാനും ജിതിനും ചേർന്ന് വണ്ടിക്കച്ചോടം മെച്ചപ്പെടുത്തും... ഇപ്പോഴേ നോക്കിയാൽ കുറച്ചു വർഷം കഴിയുമ്പോ ഞാനൊരു വലിയ ബിസിനസുകാരൻ ആകും...
ഷാനവാസും കൂട്ടുകാരൻ ജിതിനും ചേർന്ന് പഴയ ബൈക്കുകൾ മറിച്ചു വിൽക്കുന്നവരുടെ സഹായിയായി ജോലി ചെയ്യുന്നുണ്ട്...
അവൻ അരികിലിരുന്ന് അവളെ ചേർത്തു പിടിച്ചു...
"ഇത്ത പഠിക്ക്... എന്നെകൊണ്ട് കഴിയുന്നത് പോലെ ഞാനും സഹായിക്കാം... നല്ലൊരു ജോലിയൊക്കെ വാങ്ങി ഈ നരകത്തിൽ നിന്നു രക്ഷപെട്...."
അവൾ അനിയനെ കെട്ടിപ്പിടിച്ചു കരഞ്ഞു..... പറഞ്ഞത് പോലെ ഷാനവാസ് വാപ്പച്ചിയുടെ ചിക്കൻസ്റ്റാളിൽ സഹായിക്കാൻ പോയിത്തുടങ്ങി... അതിന്റെ കൂടെ വണ്ടികച്ചവടവും.. ഇടയ്ക്ക് കൂലിപ്പണിക്കും പോകും...എഞ്ചിനീയറിങ് കോളേജിലേക്ക് അമ്പിളിയും ഉണ്ടായിരുന്നു അവളുടെ കൂടെ.... സമാധാനത്തിന്റെ നാളുകൾ..... ഷാനവാസ് കാശ് കൊടുക്കുന്നത് കൊണ്ട് മുസ്തഫയും ഒരുപാട് മയപ്പെട്ടു...... ഒരു ജോലി നേടിയ ശേഷം അനിയനും ഉമ്മച്ചിക്കും നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം എന്നായിരുന്നു അവളുടെ ആകെയുള്ളൊരു ആഗ്രഹം....
അപ്പോഴാണ് അപ്പോഴാണ് വിധി ക്രൂരത കാട്ടിയത്.... ഒരു ദിവസം രാത്രി വീട്ടിലേക്ക് വരികയായിരുന്ന ഷാനവാസിന്റെ ബൈക്ക് അപകടത്തിൽ പെട്ടു... അവന്റെ നട്ടെല്ലിനായിരുന്നു പരിക്ക്..... കുറേനാൾ കിടക്കേണ്ടി വരുമെന്ന് ഡോക്ടമാർ അറിയിച്ചു....പതിനെട്ടു വയസ് തികയാതെ ബൈക്ക് ഓടിച്ചതിന്റെ നിയമക്കുരുക്കുകൾ വേറെയും.... സ്വന്തം ചോര ആയതിനാലാവാം ഇത്തവണ മുസ്തഫ അവനെ ശപിക്കുകയോ വഴക്കു പറയുകയോ ചെയ്തില്ല... പകരം അവന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ നെട്ടോട്ടമോടി.... നൗഷാദ് തനിക്ക് കഴിയാവുന്നത് പോലെ അയാളെ സഹായിച്ചെങ്കിലും അതിന് പിന്നിൽ വീടും പറമ്പും സ്വന്തമാക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നു..... മകനു അപകടം പറ്റിയതോടെ ആമിന മാനസികമായി തളർന്നു... അവർ വീട്ടുജോലിയും പ്രാർത്ഥനയും മാത്രമായി ഒതുങ്ങി... ആരോടും സംസാരമില്ല....
വീടിന്റെ ഭരണം മുഴുവനായി നൗഷാദ് ഏറ്റെടുത്തു.... മുസ്തഫ ഇല്ലാത്തപ്പോൾ ഷാനവാസ് കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്ന് പരിഹാസവാക്കുകൾ പറയുന്നത് അയാൾ പതിവാക്കി.....അയാൾ തന്റെ ചേച്ചിയെ ഉപദ്രവിക്കുമോ എന്ന ഭയം അവന് ഉണ്ടായിരുന്നു..തനിക്കു ഈ വിധി തന്ന ദൈവത്തെ അവൻ ശപിച്ചു കൊണ്ടിരുന്നു... നസ്രീൻ അടുത്തുള്ള വീട്ടിലെ കുട്ടികളെ ട്യൂഷൻ എടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കോളേജ് പഠനം തുടർന്നു... അവളുടെ അവസ്ഥ അറിയാവുന്ന അമ്പിളിയും കൈ അയച്ചു സഹായിച്ചു....പകൽ പഠനവും രാത്രി വീട്ടുജോലിയും അനിയനെ പരിചരിച്ചും അവൾ നാളുകൾ തള്ളി നീക്കി....
പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് സുനിലും അമ്പിളിയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്.... അന്ന് തൊട്ട് നസ്രീൻ അതിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്പിളി വഴങ്ങിയില്ല.... അത് ഒളിച്ചോട്ടം വരെ എത്തി നിൽക്കുകയാണ്....
മാല ജ്വല്ലറിയിൽ വിറ്റ് ഒരു മോതിരവും ബാക്കി പൈസയും വാങ്ങി അവർ പുറത്തിറങ്ങുമ്പോഴേക്കും ഒരു ഓട്ടോയിൽ സുനിൽ അവിടേക്ക് എത്തി..
"വേഗം കേറ് പോകാം.." അവൻ തിരക്ക് കൂട്ടി.... അമ്പിളി നസ്രീനെ കെട്ടിപ്പിടിച്ചു..
"ഞാൻ പോട്ടെടീ?"
"അമ്പിളീ... ഇത് വേണോ?"
"വേണം... എന്റെ ജീവിതം ഞാനല്ലേ തീരുമാനിക്കേണ്ടത്?"
"എന്നാലും.... നിന്റെ വീട്ടുകാർ..."
"അതൊക്കെ കുറച്ചു കഴിയുമ്പോ ശരിയായിക്കോളും...അതോർത്ത് നീ ടെൻഷനടിക്കേണ്ട.... എല്ലാം സെറ്റ് ആയിട്ട് ഞാൻ ഷാനുവിന്റെ ഫോണിൽ വിളിച്ചോളാം...."
അമ്പിളി ഓട്ടോയിൽ കയറി.. അത് റോഡിലെ തിരക്കുകൾക്കിടയിൽ ലയിച്ചു ചേരുന്നത് നസ്രീൻ നിറകണ്ണുകളോടെ നോക്കി നിന്നു...
************
"എന്നാലും അമ്പിളിച്ചേച്ചി എന്തൊരു പണിയാ കാണിച്ചേ....".
ഷാനവാസ് അത്ഭുതപ്പെട്ടു...രാത്രി അവന് കഞ്ഞി കോരിക്കൊടുക്കുകയായിരുന്നു നസ്രീൻ..
"എന്തൊരു ധൈര്യം...."
"ഇതൊന്നും ധൈര്യമല്ല ഷാനൂ... എടുത്തു ചാട്ടം... അവളെ പൊന്നുപോലെ നോക്കുന്ന വീട്ടുകാരെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ പോകുന്നത് ക്രൂരത തന്നെയാ..."
"ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇത്താ?"
"എന്താടാ?"
"ഇത്തയ്ക്ക് ആരോടും ഇങ്ങനൊന്നും തോന്നിയിട്ടില്ലേ?"
"എന്ത്?"
"പ്രേമം..."
"ചെറുക്കാ... നീ അടി വാങ്ങിക്കും...," അവൾ കൈയോങ്ങി...
"ഹാ ചുമ്മാ പറയെന്നേ..."
"അങ്ങനെ ഉണ്ടെങ്കിൽ ആദ്യം നിന്നോടല്ലേ ഞാൻ പറയുക?.. ഇല്ല... എനിക്കതിനു താല്പര്യവുമില്ല.... ഒരു ജോലി വാങ്ങി ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറണം... അത് മാത്രമാ എന്റെ ലക്ഷ്യം..."
"എനിക്കങ്ങനല്ല..."
"അതെന്താടാ നിനക്ക് പ്രേമം ഉണ്ടോ?"
"ഏയ്... എന്റെ കാര്യമല്ല... ഇത്തയ്ക്ക് നല്ലൊരു ജോലിയൊക്കെ ആയ ശേഷം ധൈര്യവും സ്നേഹവും ഉള്ള ഒരാളെ കൊണ്ട് കെട്ടിക്കണം.... അയാളുടെ കൂടെ ഇത്ത സന്തോഷമായി ജീവിക്കുന്നത് കാണണം.... ഇതൊക്കെയായിരുന്നു ആഗ്രഹം...."
"നിനക്ക് സ്വന്തമായി ആഗ്രഹം ഒന്നുമില്ലേ..?"
"ഉണ്ടായിരുന്നു.. ഇപ്പോൾ ഇല്ല... ഇങ്ങനെ ശവം പോലെ കിടക്കുന്ന ഞാൻ ആഗ്രഹിച്ചിട്ട് എന്തു കാര്യം...."
അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവൾക്ക് സഹിച്ചില്ല.. പ്ളേറ്റ് നിലത്ത് വച്ച് അവൾ ഷാനുവിനെ തന്റെ മാറോട് ചേർത്തു...
"അങ്ങനൊന്നും പറയല്ലേ മോനേ.... ഒരു സർജറി കൂടെ കഴിഞ്ഞാൽ നീ പഴയത് പോലെ ആകുമെന്ന് ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്...."
"അതിനൊക്കെ ലക്ഷങ്ങൾ വേണം ഇത്താ.. വാപ്പച്ചി ഇപ്പോൾ തന്നേ ആകെ കടത്തിലാ..."
"നീ വെറുതേ മനസ് വിഷമിപ്പിക്കണ്ട... ഇത്ത ഉണ്ട് കൂടെ.. "
അവൾ ഷാനുവിന്റെ ശിരസിൽ ഉമ്മ വച്ചു...
"ഇവിടെ ആരുമില്ലേ?" മുറ്റത്ത് ഒരു പുരുഷ സ്വരം കേട്ടു.... നൗഷാദും മുസ്തഫയും എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയാണ്.... ആയിഷ അവരുടെ വീട്ടിലും.... നടുവേദന കാരണം ആമിന നേരത്തേ കിടന്നിരുന്നു...
"ആരാണെന്ന് നോക്കിയിട്ട് വരാട്ടോ..." ഷാനുവിനെ പതിയെ കിടത്തിയിട്ട് നസ്രീൻ ഉമ്മറത്തേക്ക് നടന്നു... മുറ്റത്ത് നിൽക്കുന്ന അമ്പിളിയുടെ അച്ഛൻ ഭാസ്കരകുറുപ്പിനെ കണ്ടപ്പോൾ അവളുടെ ദേഹം വിറച്ചു... അയാളുടെ കൂടെ നാലഞ്ച് പുരുഷന്മാരും ഉണ്ടായിരുന്നു....
"ആഹാ... എന്റെ കുടുംബം തകർത്തിട്ട് നീ അകത്തു കയറി വാതിലടച്ചിരിക്കുകയാണോടീ..?"
അയാൾ അലറി..
"ഭാസ്കരേട്ടാ... നിങ്ങളൊന്ന് അടങ്ങ്... ആദ്യം കാര്യം ചോദിക്കാം..."
കൂടെ വന്നതിൽ ഒരാൾ അനുനയിപ്പിച്ചു.. പിന്നെ അവളെ നോക്കി..
"കൊച്ചേ... ഞങ്ങൾ വന്നത് എന്തിനാണെന്ന് നിനക്ക് മനസിലായിട്ടുണ്ടാവുമല്ലോ..?.. അമ്പിളി എവിടെ?"
അവൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും നാവ് ചലിപ്പിക്കാൻ കഴിഞ്ഞില്ല... ശബ്ദം കേട്ട് അടുത്ത വീടുകളുടെ മുറ്റത്തും റോഡിലും എല്ലാം ആളുകൾ കൂടാൻ തുടങ്ങി..... നൗഷാദിന്റെ ബൈക്ക് അങ്ങോട്ട് വന്നു.. അതിൽ നിന്ന് അയാളും മുസ്തഫയും ഇറങ്ങി...
"എന്താ ഭാസ്കരാ..?" മുസ്തഫ കാര്യം മനസിലാവാതെ ചോദിച്ചു..
" നിനക്കൊന്നും അറിയില്ലേ?.. അതോ അഭിനയിക്കുന്നതോ? നാട്ടുകാര് മുഴുവൻ അറിഞ്ഞിട്ടും നീ അറിഞ്ഞില്ല അല്ലേ? "
"കാര്യം പറ ഭാസ്കരാ... രാത്രി വീട്ടുമുറ്റത്ത് വന്നു വെറുതേ ഒച്ചയിടരുത്..."
മുസ്തഫയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
"എന്നാൽ കേട്ടോ... എന്റെ ഒരേയൊരു മോള് സൗപർണിക ബസിലെ കിളിയുടെ കൂടെ ഒളിച്ചോടി... അതറിഞ്ഞപ്പോൾ കുഴഞ്ഞു വീണതാ അവളുടെ അമ്മ... ഹോസ്പിറ്റലിൽ കിടക്കുകയാ.. ഇനിയും ബോധം വീണിട്ടില്ല... എന്തും സംഭവിക്കാം. അതിന് മുന്പ് എനിക്കവളെ കണ്ടെത്തണം..."
മുസ്തഫ നിശബ്ദനായി....
"അതിന് നിങ്ങളെന്തിനാ ഇവിടെ വന്നു ബഹളമുണ്ടാക്കുന്നെ?" നൗഷാദ് ചോദിച്ചു..
"കാര്യമുണ്ട്..." ഭാസ്കരന്റെ കൂട്ടുകാരൻ സുരേന്ദ്രൻ പറഞ്ഞു..
"അമ്പിളിയുടെ ഒരേയൊരു കൂട്ടുകാരിയാ ഈ പെണ്ണ്..ഇവർ രണ്ടും ടൗണിലെ ജ്വല്ലറിയിൽ പോയി ഞങ്ങളുടെ കുട്ടിയുടെ മാല വിറ്റ് ഒരു മോതിരവും പൈസയും വാങ്ങിയതിനും അവളെ ഇവൾ ആ നാറിയുടെ കൂടെ ഓട്ടോയിൽ കയറ്റി വിട്ടതിനും സാക്ഷികളുണ്ട്..."
നസ്രീൻ അനക്കമറ്റ് നിൽക്കുകയാണ്.. ഹൃദയം മാത്രം ദ്രുതഗതിയിൽ മിടിക്കുന്നു.. ഭാസ്കരൻ മുണ്ട് മടക്കി കുത്തി അവളുടെ തൊട്ടടുത്തെത്തി..
"എന്റെ വീട്ടിൽ നിന്ന് ഒരുപാട് പ്രാവശ്യം നീ ആഹാരം കഴിച്ചിട്ടുണ്ട്.. ആ നന്ദിയെങ്കിലും കാണിക്ക്... പോലീസിനെ കൊണ്ട് അവളെ കണ്ടെത്താൻ അറിയാഞ്ഞിട്ടല്ല.. പക്ഷേ അതെനിക് നാണക്കേടാ... ഞാനവളെ ഒന്നും ചെയ്യില്ല.... പറ... എവിടെയാ അവരിപ്പോ..."
ഇപ്പോൾ കൊല്ലും എന്ന മട്ടിൽ നില്കുകയായിരുന്നു അയാൾ... ഭയം കൊണ്ട് നിലത്തു വീഴുമെന്ന് അവൾക്ക് തോന്നി...
"ഒളിച്ചോടാൻ സഹായിച്ചിട്ടല്ല കൂട്ടുകാരിയോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്... നല്ല വഴി കാട്ടി കൊടുക്കണം... അതാണ് സുഹൃത്ത്... നിന്നെ പറഞ്ഞിട്ട് കാര്യമില്ല.. കശാപ്പ്കാരൻ മുസ്തഫ വളർത്തുന്നവൾക്ക് കുടുംബമഹിമ എന്താണെന്ന് അറിയില്ലല്ലോ..."
"ഭാസ്കരാ.. നീ മര്യാദയ്ക്കു സംസാരിക്കണം..." മുസ്തഫ ശബ്ദമുയർത്തി..
"ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ്? നീയിവളെ മര്യാദയ്ക്ക് വളർത്തിയിരുന്നേൽ തെറ്റ് ചെയ്യാൻ കൂട്ടു നിൽക്കുമോ?".
"മര്യാദയ്ക്കു വളർത്തിയ നിന്റെ മോളല്ലേടാ ഒളിച്ചോടിയത്? കുടുംബമഹിമയെ കുറിച്ചൊന്നും നീ വിളമ്പണ്ട... ഞാനും എന്റെ ഇക്കയും അന്തസായി ജോലി ചെയ്താ കുടുംബം പുലർത്തുന്നത്.. നിന്നെ പോലെ നാട്ടുകാരെ പറ്റിച്ച് അല്ല....കൂടുതൽ പറയിപ്പിക്കാതെ ഇറങ്ങിപ്പോടാ..."
നൗഷാദ് പോരിന് തയ്യാറായി... പെട്ടെന്ന് ഒരു ബൈക്ക് അവിടേക്ക് വന്നു.. അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങി..
"ഭാസ്കരേട്ടാ... അവന്റെ കൂടെ ബസിൽ ജോലി ചെയ്യുന്നവരെ കുടഞ്ഞപ്പോൾ എല്ലാം കിട്ടി... രണ്ടാളും കോഴിക്കോടേക്കാ പോയത്... അവിടെ അവന്റെ കുഞ്ഞമ്മ ഉണ്ട്.. നാളെ കല്യാണം നടത്താനാ പ്ലാൻ...കോഴിക്കോടുള്ള കുറച്ചു പയ്യന്മാരോട് തപ്പി പിടിക്കാൻ പറഞ്ഞിട്ടുണ്ട്..."
"വാടാ... " ഭാസ്കരൻ മുറ്റത്തേക്ക് ഇറങ്ങി.. പിന്നെ നസ്രീനെ നോക്കി..
"എന്റെ കുടുംബം തകർക്കാൻ കൂട്ടുനിന്നവളാ നീ..നീയൊരു സൂചനയെങ്കിലും തന്നിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ മാനം കെടില്ലായിരുന്നു..മനസ്സറിഞ്ഞ് ഞാൻ ശപിക്കുകയാ.. നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ല.. "
അയാൾ മുസ്തഫയുടെ അടുത്തെത്തി..
"വീട്ടിൽ കേറി ബഹളം വച്ചതിൽ നിനക്ക് ദേഷ്യമുണ്ടാകും.. എന്റെ സ്ഥാനത്ത് നീ ആയിരിക്കണം ... അപ്പോഴേ വേദന മനസിലാകൂ.. പക്ഷേ നിനക്കതു അനുഭവിക്കേണ്ടി വരില്ല. കാരണം ഇവളുടെ തന്ത നീയല്ലല്ലോ..."
ഭാസ്കരനും കൂടെ വന്നവരും കയറിയ വാഹനങ്ങൾ ദൂരേക്ക് മറഞ്ഞു... ആളുകൾ അവിടവിടെ മാറി നിന്ന് അടക്കിയ ശബ്ദത്തിൽ സംസാരിക്കുന്നുണ്ട്... മുസ്തഫ അവളുടെ അടുത്ത് ചെന്നു..
"അകത്തേക്ക് വാ..." അടക്കിയ ശബ്ദത്തിൽ പറഞ്ഞ് അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി... എന്താണ് സംഭവിക്കാൻ പോകുക എന്നറിഞ്ഞു കൊണ്ട് തന്നെ നസ്രീൻ അയാളെ അനുഗമിച്ചു.. പിന്നാലെ വന്ന നൗഷാദ് വാതിൽ അടച്ചു കുറ്റിയിട്ടു...
"നാണം കെടുത്താനായിട്ട് ജനിച്ചതാണോടീ എരണംകെട്ടവളേ നീയ്.."
ആദ്യത്തെ അടി ഇടത്തെ കവിളിൽ ആയിരുന്നു.... നസ്രീൻ വട്ടം കറങ്ങി നിലത്ത് വീണു..അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് തലങ്ങും വിലങ്ങും അടിച്ചു,... ബഹളം കേട്ട് വന്ന ആമിനയ്ക്കും കിട്ടി അടി...... കട്ടിളപ്പടിയിൽ ഇടിച്ച് അവളുടെ മൂക്കിൽ നിന്നും രക്തം കുതിച്ചോഴുകുന്നത് കണ്ട് ആമിന ഉറക്കെ കരഞ്ഞു..
"വാപ്പച്ചീ വേണ്ട..... ഇത്തയെ ഒന്നും ചെയ്യല്ലേ...." മുറിയിൽ കിടക്കുകയായിരുന്ന ഷാനവാസ് നിസ്സഹായതയോടെ നിലവിളിച്ചു കൊണ്ടിരുന്നു...
"മൂക്കറ്റം കടം കയറി ഒന്ന് മനസമാധാനത്തിൽ ഉറങ്ങാൻ പോലും കഴിയാതെ ഞാൻ കഷ്ടപ്പെടുമ്പോ നിനക്കൊക്കെ അഹങ്കാരം അല്ലേ?.. സമയാസമയം വെട്ടി വിഴുങ്ങാൻ തരുന്നതിന്റെ നന്ദി ഇങ്ങനെ തന്നേ കാണിക്കണം... "
അയാൾ കിതച്ചു..
"ഇനി ഈ വീടിന്റെ പടിക്ക് പുറത്തിറങ്ങിയാൽ നിന്റെ കാൽ ഞാൻ തല്ലിയൊടിക്കും.."
. കൈവീശി ഒരടി കൂടി... കണ്ണിൽ ഇരുട്ട് കയറി അവൾ ബോധരഹിതയായി നിലം പതിച്ചു...
മുസ്തഫ തന്റെ മുറിയിലേക്ക് കയറി... എല്ലാം കണ്ട് ആസ്വദിക്കുകയായിരുന്ന നൗഷാദും പിൻവാങ്ങി..... ആമിന കരഞ്ഞുകൊണ്ട് അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു...
*********************
തന്റെ മുറിയിലിരുന്ന് ബീഡിപ്പുക അന്തരീക്ഷത്തിലേക്ക് ഊതിവിടുകയായിരുന്ന മുസ്തഫയുടെ അടുത്തേക്ക് നൗഷാദും ആയിഷയും ചെന്നു... അന്ന് രാവിലെയാണ് ആയിഷ തന്റെ വീട്ടിൽ നിന്നും തിരിച്ചെത്തിയത്...തലേന്ന് രാത്രിയിലെ സംഭാഷണങ്ങൾ നൗഷാദ് അവരെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു...
"പുറത്തിറങ്ങി നടക്കാൻ വയ്യ.. നാട്ടുകാരുടെ ഓരോ ചോദ്യം..."
നൗഷാദ് സംഭാഷണം തുടങ്ങി....
"ഭാസ്കരന്റെ മോളുടെ കല്യാണം ഇന്ന് രാവിലെ കോഴിക്കോട് ഏതോ അമ്പലത്തിൽ വച്ച് കഴിഞ്ഞു... അയാൾ അവിടെത്തും മുൻപേ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് അവളും അവനും പോലീസ് സ്റ്റേഷനിൽ പോയി പരാതിയും കൊടുത്തു.. വിളഞ്ഞ വിത്തുകൾ തന്നെ... പതിനെട്ടു വയസ്സ് പൂർത്തിയായത് കൊണ്ട് നിർബന്ധിച്ചു കൊണ്ടുവരാനും പറ്റില്ല..."
മുസ്തഫ ഒന്നും മിണ്ടാതെ കേട്ടിരിക്കുകയാണ്..
"ഇവളാ എല്ലാ ബുദ്ധിയും പറഞ്ഞു കൊടുത്തതെന്നാ നാട്ടിൽ സംസാരം...സംഭവം വർഗീയമായി മുതലെടുക്കാനും ചിലര് ശ്രമിക്കുന്നുണ്ട്..... ആകെ പെട്ടു...."
മുസ്തഫ ബീഡിക്കുറ്റി ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു.. പിന്നെ വേറൊരു ബീഡി കത്തിച്ചു...ആയിഷ നൗഷാദിനെ തോണ്ടി പറയു എന്ന് ആംഗ്യം കാട്ടി...
"ഇക്കാ.... കൂട്ടുകാരിക്ക് മാത്രം അല്ല.. ഇവൾക്കും ഇതുപോലെ ആരെങ്കിലും ഉണ്ടാകുമെന്നാ എല്ലാരും പറഞ്ഞു നടക്കുന്നെ..അടുത്ത ഒളിച്ചോട്ടം ഇവിടെ ആയിരിക്കുമെന്ന് രാവിലെ കവലയിൽ വച്ച് ആരോ പറയുന്നത് ഇവള് കേട്ടു പോലും..."
മുസ്തഫ ഞെട്ടി അയാളെ നോക്കി...
"കാര്യം ഇക്കയുടെ സ്വന്തം മോളൊന്നും അല്ല.... എന്നാലും ഈ വീട്ടിൽ അല്ലേ വളരുന്നത്... ചീത്തപ്പേര് എല്ലാർക്കുമാ..."
"ഏയ്... അതിനുള്ള ധൈര്യമൊന്നും അവൾക്കില്ല..."
"എന്നിട്ടാണോ വല്യ കുടുംബത്തിലെ പെണ്ണിന് ഒളിച്ചോടാനുള്ള സൗകര്യം ചെയ്തുകൊടുത്തത്..,?"
ആയിഷ ഇടപെട്ടു..
"കാലം മാറി ഇക്കാ... ഇപ്പോഴത്തെ പെൺപിള്ളേർ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നതെന്ന് പടച്ചോന് പോലും അറിയില്ല...ഒരു പരീക്ഷണത്തിന് നിൽക്കണോ..?"
"ഞാനിപ്പോ എന്താ ചെയ്യേണ്ടത്?"
അയാൾ തങ്ങളുടെ വഴിക്ക് വന്നെന്ന് രണ്ടുപേർക്കും മനസിലായി..
"ഇക്കാ ആയിഷയുടെ മാമന്റെ മോൾക്ക് ഒരു ആലോചന വന്നിരുന്നു... പെണ്ണിന് സൗന്ദര്യം കുറവായത് കൊണ്ട് അവർ വേണ്ടെന്ന് വച്ചു... ഇവളത് എങ്ങനെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവന്നോളും.... കിട്ടിയാൽ ലോട്ടറി ആണ്.. നല്ല കുടുംബം.... സ്വന്തമായി തടിമില്ല്,... നാല് ഹോൾസെയിൽ പച്ചക്കറിക്കട, പിന്നെ അവിടേം ഇവിടെയുമായി പറമ്പുകൾ വേറെയും... ചെറുക്കൻ കാണാനും സുന്ദരൻ...പെണ്ണിന് ഇടാനുള്ള പൊന്ന് വരെ അവർ തരും...."
"അത്രയും വലിയ ബന്ധമൊക്കെ വേണോടാ?... വല്ല കൂലിപ്പണിക്കാരും പോരേ?"
"ഏയ്... അത് നമുക്ക് കുറച്ചിലാ ഇക്കാ...."
"എന്നാലും അവർക്ക് നമ്മളെപ്പോലുള്ള കുടുംബത്തിൽ നിന്ന് പെണ്ണ് കെട്ടാനൊക്കെ താല്പര്യം കാണുമോ?"
"അവർക്ക് ഇതേ പ്രായത്തിൽ കാണാൻ കൊള്ളാവുന്ന, വീട്ടുജോലിയൊക്കെ ചെയ്യുന്ന ഒരു പെണ്ണ് വേണം... അതേ ഡിമാന്റ് ഉളളൂ.."
മുസ്തഫ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു..
"കൂടുതൽ ആലോചിക്കുകയൊന്നും വേണ്ട..ഇവളെ ഇഷ്ടപ്പെട്ടാൽ ഷാനുവിന്റെ ചികിത്സ വരെ അവർ നോക്കും..പണമൊന്നും അവർക്ക് പ്രശ്നമേ അല്ല.. അതൊക്കെ ആയിഷ കൈകാര്യം ചെയ്യും.. ഇക്ക സമ്മതിച്ചാൽ മതി..."
അതോടെ മുസ്തഫ സമ്മതം മൂളി.... ഷാനവാസിന്റെ എതിർപ്പൊന്നും ആരും ചെവിക്കൊണ്ടില്ല... വേണ്ട എന്ന് പറയാനുള്ള ശക്തി പോലും ഇല്ലാതെ നസ്രീൻ പകച്ചു നിന്നു.... ഒരാഴ്ചയ്ക്ക് ശേഷം അവളെ കെട്ടാൻ പോകുന്ന റിയാസിന്റെ ഉമ്മ നബീസയും അവരുടെ രണ്ട് സഹോദരന്മാരും ആ വീട്ടിലേക്ക് വന്നു..
"റിയാസ് ബാംഗ്ലൂർ വരെ പോയിരിക്കുകയാ.. അതാണ് വരാഞ്ഞേ..."
ആ സ്ത്രീ ഭംഗിയായി ചിരിച്ചു..
"അവന്റെ വാപ്പ മരിച്ചിട്ട് രണ്ടുവർഷമായി... എനിക്കൊരു മോള് കൂടിയുണ്ട്.. ഭർത്താവിന്റെ കൂടെ സൗദിയിലാ...."
"ഇവിടുത്തെ അവസ്ഥയൊക്കെ ആയിഷ പറഞ്ഞിട്ടുണ്ടല്ലോ.... നിങ്ങൾക്ക് ഉൾകൊള്ളാൻ ആകുമോ എന്നറിയില്ല.."
നൗഷാദ് സങ്കടഭാവത്തിൽ പറഞ്ഞു...
"പണവും സുഖസൗകര്യങ്ങളുമെല്ലാം പടച്ചോൻ തരുന്നതല്ലേ..?. എനിക്ക് കുട്ടിയെ പെരുത്ത് ഇഷ്ടായി... എന്റെ ഇഷ്ടത്തിന് അപ്പുറം മോന് ഒരു തീരുമാനമില്ല..ഇവരുടെ നിക്കാഹ് കഴിഞ്ഞാൽ പിന്നെ നമ്മളൊരു കുടുംബമല്ലേ... ഷാനവാസിന്റെ ഓപ്പറേഷൻ ഏറ്റവും നല്ല ഹോസ്പിറ്റലിൽ വച്ചു തന്നേ നടത്തും.... അവന് എല്ലാം ഭേദമായാൽ നല്ലൊരു ജോലിയും ശരിയാക്കും...പുറത്ത് ജോലി ചെയ്യേണ്ട ആവശ്യമില്ല.. റിയാസിനെ സഹായിച്ചാൽ മതിയല്ലോ.."
മുസ്തഫയുടെ മുഖം തെളിഞ്ഞു.... ആമിന എല്ലാം കേട്ട് തലയാട്ടിക്കൊണ്ട് നിൽക്കുകയാണ്...
"അപ്പൊ ഞങ്ങളിറങ്ങട്ടെ.... എത്രയും പെട്ടെന്ന് തന്നേ നടത്താം..."
"ആയിക്കോട്ടെ... നിങ്ങള് തീരുമാനിച് അറിയിച്ചാൽ മതി...."
നൗഷാദ് വിനയത്തോടെ പറഞ്ഞു...
ഷാനവാസിന്റെ അടുത്തിരിക്കുകയായിരുന്ന നസ്രീൻ പുറത്തെ സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു... കൂട്ടുകാരി പ്രണയിച്ചവന്റെ കൂടെ പോയതിന് തനിക്ക് ശിക്ഷ വിധിച്ചത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.... പഠനം, ജോലി എന്നൊക്കെയുള്ള സ്വപ്‌നങ്ങൾ കണ്മുന്നിൽ തകർന്നു വീഴുന്നത് അവളറിഞ്ഞു...... പുറത്ത് തനിക്ക് വിലപറഞ്ഞ് ഉറപ്പിക്കുന്ന ചടങ്ങ് നടക്കുകയാണ്......
"ഇത്താ.... എങ്ങോട്ടെങ്കിലും രക്ഷപെടാൻ നോക്ക്...."
ഷാനവാസ് അവളുടെ തോളിൽ പിടിച്ചു കുലുക്കി..
"എങ്ങോട്ട്?. ആരാ ഉള്ളത് സഹായത്തിന്?.."
അവൾ തട്ടം കൊണ്ട് കണ്ണുകൾ തുടച്ചു....
"സാരമില്ല ഷാനൂ... ഇതായിരിക്കാം എന്റെ വിധി..ഇന്നും സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ അവകാശമില്ലാത്ത പെൺകുട്ടികൾ ഒത്തിരി ഉണ്ട്.. ഞാൻ അവരിൽ ഒരാളായിരിക്കാനാവും പടച്ചോന്റെ തീരുമാനം...."
നസ്രീൻ ഷാനവാസിന്റെ മുടിയിലൂടെ പതിയെ വിരലോടിച്ചു..
"എന്നായാലും ഒരുത്തന്റെ ഭാര്യ ആവേണ്ടതല്ലേ.... പിന്നെ ഇത് നിനക്ക് കൂടി വേണ്ടിയാണല്ലോ... അവർ വാക്ക് പറഞ്ഞതാ നിന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന്.. നീയൊന്ന് എണീറ്റ് നടക്കണം.. ഇത്തയ്ക്ക് അതുമതി..."
അവൻ കരയുന്നത് കണ്ട് അവൾക്കും നിയന്ത്രിക്കാനായില്ല... അനിയനെ കെട്ടിപ്പിടിച്ചു അവൾ ആർത്തലച്ചു കരഞ്ഞു.. മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് മുന്നിൽ എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പെണ്ണിന്റെ കരച്ചിൽ......
*******************
സൈനബ വാക്ക് പാലിച്ചു... ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വച്ച് ഷാനവാസിന്റെ സർജറി നടത്തി... അവനെ പരിചരിക്കാൻ ഒരു മെയിൽനഴ്സിനെ അവർ ഏർപ്പാടാകുകയും ചെയ്തു... അത് കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷം നസ്രീൻ റിയാസിന്റെ ഭാര്യയായി അയാളുടെ വീട്ടിലേക്ക് യാത്രയായി...അവളുടെ ജീവിതത്തിന്റെ പുതിയ അദ്ധ്യായം......