പെയ്തൊഴിയും നേരം, ഭാഗം -3

Valappottukal



രചന: കർണൻ സൂര്യപുത്രൻ

                   വിവാഹദിവസം രാത്രി വരന്റെ വീട്ടിൽ വച്ചു നടന്ന റിസെപ്ഷനിൽ നിൽകുമ്പോൾ നസ്രീൻ ആകെ തളർന്നിരുന്നു... റിയാസ് ബന്ധുക്കളെയൊക്കെ പരിചയപ്പെടുത്തുന്ന സമയം അവൾ എല്ലാവരോടും പുഞ്ചിരിക്കാൻ പണിപ്പെട്ടു.. എല്ലാം അപരിചിതർ ആണ്.. സ്വന്തം ഭർത്താവിനെ പോലും അവൾ അന്നാണ് നേരിൽ കാണുന്നത്...!!! രണ്ടോ മൂന്നോ തവണ ഫോണിൽ സംസാരിച്ച ബന്ധം മാത്രം....ആൾക്കൂട്ടത്തിൽ വീർപ്പുമുട്ടുകയായിരുന്ന അവളെ റിയാസിന്റെ അമ്മായി മുനീറ ആണ് അവിടെ നിന്നും രക്ഷിച്ച് റൂമിലേക്ക് വിട്ടത്....അലമാര തുറന്ന് വസ്ത്രങ്ങൾ എടുത്ത് അവൾ കുളിമുറിയിൽ ചെന്നു കയറി....
തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം....... കുളിച്ച് ഡ്രസ്സ്‌ മാറി അവൾ ബെഡിന്റെ ഓരം ചേർന്ന് കിടന്നു.......
അനിയനെ ഒന്ന് വിളിക്കാൻ അവൾ ഒത്തിരി കൊതിച്ചു. പക്ഷേ മൊബൈൽ ഫോൺ ഇല്ല ... ഈ തിരക്കിനിടയിൽ റിയാസിനോട് ചോദിക്കാനും വയ്യ... അവൻ ഭക്ഷണവും മരുന്നും എല്ലാം കഴിച്ചോ എന്നും അറിയില്ല..ആമിന ഒന്നിലും ശ്രദ്ധയില്ലാതെ ജീവിക്കുകയാണ്... താനില്ലാതെ അവൻ എങ്ങനെ അവിടെ കഴിയും എന്ന ചിന്ത വന്നതോടെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഇടയ്ക്കെപ്പോഴോ ആ കിടത്തത്തിൽ അവൾ ഉറങ്ങിപ്പോയി....
****************
ഒരു ദുസ്വപ്നം അതിന്റെ പൂർണതയിൽ എത്തിയപ്പോഴാണ് നസ്രീൻ ഞെട്ടി ഉണർന്നത്... സ്വപ്നത്തിൽ  തിളങ്ങുന്ന ഒറ്റക്കണ്ണനായ രാക്ഷസൻ അവളെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു... അവൾ ഓടി... പിന്നാലെ ആ രൂപവും..... ഒടുവിൽ കാൽ തടഞ്ഞ് അവൾ നിലത്തേക്ക് വീണു... അവളെ മലർത്തി കിടത്തി ദേഹത്ത് കയറിയിരുന്ന് അട്ടഹസിച്ച് കൊണ്ട് കോമ്പല്ലുകൾ അവളുടെ കഴുത്തിലേക്ക് അമർത്തി.... നസ്രീൻ ഉറക്കെ കരഞ്ഞെങ്കിലും അയാളുടെ കൈ ചുണ്ടുകൾക്കും മൂക്കിനും മീതെ അമർന്നതിനാൽ ശബ്ദം പുറത്ത് വന്നില്ല.. ശ്വാസം മുട്ടി അവൾ കണ്ണ് തുറന്നു... സ്വപ്നമല്ല... ആരോ തന്റെ ദേഹത്ത് കിടക്കുന്നുണ്ട്  ... കഴുത്തിലൂടെ അയാളുടെ ചുണ്ടുകൾ ഇഴയുകയാണ്.... മുഖത്ത് അമർന്ന കൈ പത്തി തട്ടി മാറ്റി അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു... സാധിച്ചില്ല...
"ശബ്ദമുണ്ടാക്കല്ലേ... ഇത് ഞാനാ..."  റിയാസിന്റെ സ്വരം.... തന്റെ ഭർത്താവാണ്..... അവൾ അസ്വസ്ഥതയോടെ അയാളെ പുറകോട്ട് തള്ളി.... ഫലമുണ്ടായില്ല... ആർത്തിയോടെ അയാൾ അവളുടെ ചുണ്ടുകളിൽ ഉമ്മ വച്ചു.... അവിടെ പല്ലുകൾ അമരുന്നത് നസ്രീൻ അറിഞ്ഞു.... അതൊരു തുടക്കം മാത്രമായിരുന്നു.... ശരീരത്തിൽ എല്ലായിടത്തും അയാളുടെ പല്ലുകൾ  മുറിവേൽപ്പിച്ചു... ഒടുവിൽ അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ ശേഷം പ്രാണവേദന എന്തെന്ന് അവളെ അറിയിച്ചുകൊണ്ട് റിയാസ് ആ ശരീരത്തിൽ ആഴ്‌നിറങ്ങി... ഒന്ന് കരയാൻ പോലും പറ്റാതെ നസ്രീൻ കണ്ണടച്ച് കിടന്നു...സ്വപ്നത്തിലെ രാക്ഷസൻ രക്തത്തോടൊപ്പം തന്റെ ജീവനും വലിച്ചു കുടിച്ചെങ്കിലെന്ന് ആഗ്രഹിച്ചു കൊണ്ട് അവൾ സ്വയം റിയാസിന് മുന്നിൽ ഒരു ഉപകരണമായി കിടന്നു കൊടുത്തു.... കേട്ടറിഞ്ഞ ആദ്യരാത്രിയും അതിലെ സുഖം കലർന്ന നോവും എല്ലാം വെറും കെട്ടുകഥകൾ ആണെന്ന തിരിച്ചറിവോടെ.....
******************
"ഈ ചെറുക്കന് ഇത്രയും ആർത്തിയോ?..ഇതൊരു കൊച്ചു പെണ്ണല്ലേ ..? ഇതിന്റെ കോലം നോക്ക്.. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?.."
മുനീറ ദേഷ്യപ്പെട്ടു... നബീസ ഒന്നും മിണ്ടിയില്ല...നസ്രീൻ ചുമരിൽ ചാരി നിൽക്കുകയാണ്... ചുണ്ടുകളിലെയും കവിളിലേയും പാടുകളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്..
"ഒരുമാതിരി കരിമ്പിൻ തോട്ടത്തിൽ ആന കേറിയത് പോലെ..... ഛെ.... ആരേലും വിരുന്നു വന്ന് ഇതു കണ്ടാൽ നാണക്കേടാ..."

"കുഞ്ഞിത്ത ഒന്നടങ്ങ്.... അവന് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ കൂട്ടുകാർ ആരുമില്ല...കുട്ടികാലം തൊട്ട് അവൻ ആരോടും അടുക്കാറില്ലല്ലോ.. ഉമ്മച്ചി ആയ ഞാനെങ്ങനെ ഇതിനെ കുറിച്ചൊക്കെ അവന് പഠിപ്പിക്കും?...."

"നബീസാ... നിന്റെയും എന്റെയും കെട്ടിയോൻമാർ ട്യൂഷന് പോയിട്ടൊന്നുമല്ല നമ്മൾ കുടുംബം നടത്തിയതും കുട്ടികളെ ഉണ്ടാക്കിയതും... ഭാര്യയാണ്... യന്ത്രമൊന്നും അല്ല... ആ ബോധം ഉണ്ടായാൽ മതി...ഞാൻ പോകുകയാ..."
മുനീറ അടുക്കളവാതിലിലൂടെ പുറത്തേക്ക് ഇറങ്ങി... അവിടെ അടുത്ത് തന്നെയാണ് മുനീറയുടെ വീട്..... വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കളൊക്കെ തലേ ദിവസം തന്നെ മടങ്ങി പോയിരുന്നു.. റിയാസിന്റെ സഹോദരി റഷീദ രാവിലെ ആണ് ഭർതൃഗൃഹത്തിലേക്ക് പോയത്... ലീവ് ഇല്ലാത്തത് കാരണം അവളും ഭർത്താവും ഉച്ചയ്ക്ക് സൗദിയിലേക്ക് മടങ്ങും...
നബീസ  അവളുടെ അടുത്തെത്തി താടിയിൽ പിടിച്ചുയർത്തി...

"വേദനിക്കുന്നുണ്ടോ മോൾക്ക്?"   അവൾ ഇല്ലെന്ന് തലയാട്ടി....

"അവനിങ്ങ് വരട്ടെ... നല്ലത് കൊടുത്തോളാം.... ഇനി ഇങ്ങനെ ഉണ്ടാവില്ല,..."
അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീ വന്നപ്പോൾ അവർ സംസാരം നിർത്തി..

"മോള് റൂമിലേക്ക് പൊയ്ക്കോ...."

"വേണ്ട...ഇവിടെ എന്തെങ്കിലും ജോലി ചെയ്യാൻ..."

"ഒന്നുമില്ല. അതിനൊക്കെ ആളുണ്ട്.. "

"എനിക്ക് ഒന്ന് വീട്ടിലേക്ക് വിളിക്കാമായിരുന്നു..."..

"അതിനെന്താ.... എന്റെ ഫോൺ ആ ഫ്രിഡ്ജിന്റെ മുകളിലുണ്ട്... എടുത്ത് വിളിച്ചോ... ഞാൻ അവനോട് മോൾക്കൊരു പുതിയ മൊബൈൽ വാങ്ങിത്തരാൻ പറയാം..."
നസ്രീൻ തലയാട്ടി...

"ങാ പിന്നേ... വീട്ടിൽ വിളിക്കുമ്പോ ഇതൊന്നും അവരെ അറിയിക്കണ്ടാട്ടോ... നാണക്കേടാ...."
അവൾ ഒന്നും മിണ്ടാതെ അവരുടെ ഫോണുമെടുത്ത് ഒരു മൂലയിലേക്ക് മാറി നിന്ന് ഷാനവാസിന്റെ നമ്പറിലേക്ക് വിളിച്ചു..ഒറ്റ ബെല്ലിന് തന്നെ അവൻ ഫോണെടുത്തു..

"ഇത്താ...."     ആധിയോടെ ഉള്ള വിളി...

"ഷാനൂ...."

"എന്താ ഇത്താ ഇന്നലെ രാത്രി വിളിക്കാഞ്ഞത്?... ഞാനാകെ പേടിച്ചു..."

"ഇവിടെ പാർട്ടിയൊക്കെ തീരുമ്പോ ഒത്തിരി വൈകിയിരുന്നെടാ... ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി... ഇപ്പൊ എണീറ്റതേയുള്ളൂ.."
അവൾ കരച്ചിൽ കടിച്ചമർത്തി കൊണ്ട് പറഞ്ഞു..

"നീ വല്ലതും കഴിച്ചോ മോനേ..?"

"വിശപ്പില്ലായിരുന്നു... ഇത്തയോട് മിണ്ടാഞ്ഞിട്ട് എന്തോ പോലെ.. അങ്ങോട്ട് വിളിച്ചാൽ അവർക്കതൊരു ബുദ്ധിമുട്ടായാലോ... അതാ കാത്തിരുന്നത്.."

"സാരമില്ല.. എനിക്കൊരു ഫോൺ വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്... അപ്പൊ പിന്നെ എന്നും നിന്നെ വിളിക്കാലോ.. ആദ്യം ഭക്ഷണവും മരുന്നും കഴിക്ക്... ആ മെയിൽ നേഴ്സ് വന്നില്ലേ?"
"ഉവ്... പുറത്തിരിപ്പുണ്ട്...."
"ഉമ്മച്ചിയോ?"
"ഇന്ന് ഇങ്ങോട്ട് വന്നതേയില്ല..."
"ഞാൻ വിളിച്ചതായി പറഞ്ഞേക്ക്..."
"പറയാം..."
"എന്നാ നീ വച്ചോ.... സമയം കിട്ടുമ്പോ ഞാൻ വിളിക്കാം..
"ഇത്താ..." സ്നേഹത്തോടെയുള്ള വിളി...
"എന്താ മോനേ...."
"ഒരുപാട് മിസ്സ്‌ ചെയ്യുന്നു..."   
അറിയാതെ അവളൊന്ന് ഏങ്ങിപ്പോയി....

"ശരി.. ഇത്ത വച്ചോ..."
കൂടുതൽ ഒന്നും പറയാതെ കാൾ കട്ട് ചെയ്ത് ടേബിളിൽ വച്ച് അവൾ മുകളിലെ മുറിയിലേക്ക് നടന്നു..ദേഹം മുഴുവൻ നുറുങ്ങുന്ന വേദന..... ചോരപടർന്ന ബെഡ്ഷീറ്റും രാത്രിയിൽ ധരിച്ച വസ്ത്രങ്ങളും ബാത്‌റൂമിലെ ബക്കറ്റിൽ കുതിർത്ത് വച്ചിരിക്കുകയാണ്... റിയാസ് ഇന്നലെ കാണിച്ച അതിക്രമങ്ങൾ ഓർത്തപ്പോൾ അവൾക്ക് ഓക്കാനം വന്നു... സ്നേഹത്തോടെയുള്ള ഒരു സംസാരം പോലുമില്ലാതെ ഏകപക്ഷീയമായി അതിക്രമം കാണിക്കാൻ അവന് എങ്ങനെ തോന്നി?....ആ കട്ടിൽ കാണുമ്പോൾ തന്നെ അവൾക്ക് ഭയം അനുഭവപ്പെട്ടു....തറയിൽ ചുമരും ചാരിയിരുന്ന് അവൾ അവൾ കണ്ണടച്ചു..
************
ഉച്ചയ്ക്ക് നബീസ അവളെ താഴേക്ക് കൊണ്ടുപോയി.... എത്ര ശ്രമിച്ചിട്ടും അവൾക്ക് ഭക്ഷണം കഴിക്കാൻ പറ്റിയില്ല... രാത്രിയിലെ റിയാസിന്റെ രതിവൈകൃതങ്ങളുടെ  ഓർമ മനം പിരട്ടൽ ഉണ്ടാക്കിയപ്പോൾ കുറച്ചു വെള്ളം മാത്രം കുടിച്ച് അവളെഴുന്നേറ്റു...നബീസ പെട്ടെന്ന് റെഡിയായി വന്നു..

"ഞാൻ മില്ലിലേക്ക് പോവാട്ടോ... അവിടുന്ന് ഷോപ്പിലെല്ലാം കേറി രാത്രിയിലേ എത്തൂ...എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ജോലിക്കാരോട് പറഞ്ഞാൽ മതി...അഥവാ ആരെങ്കിലും വന്നാൽ മോൾ പുറത്തിറങ്ങണ്ട..."
മകൻ സമ്മാനിച്ച പാടുകൾ ആരെങ്കിലും കണ്ടാൽ അപമാനമാണെന്ന് അവർക്കറിയാം... നസ്രീൻ അതിനും തലയാട്ടി...
രാത്രി ആദ്യം വന്നത് റിയാസ് ആണ്... അവനെക്കണ്ടതും നസ്രീൻ പേടിയോടെ എഴുന്നേറ്റു നിന്നു..

"വല്ലതും കഴിച്ചോ നീ?"   പുഞ്ചിരിയോടെ റിയാസ് ചോദിച്ചു..അവളൊന്നും പറഞ്ഞില്ല..
"നിക്കാഹ് കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ ഞാൻ പോയതിൽ ദേഷ്യമുണ്ടോ? എന്തു ചെയ്യാനാ, എല്ലാം കള്ളന്മാരാ... കണ്ണ് തെറ്റിയാൽ കാശ് അടിച്ചോണ്ട് പോകും.. വാപ്പ ഉണ്ടാക്കിയ മുതല് കാത്ത് സൂക്ഷിക്കേണ്ടത് ഞാനല്ലേ?.."
അവൻ കയ്യിലെ കവർ അവൾക്കു കൊടുത്തു...
"ഇത് നിനക്കാ...."
അതേ പുഞ്ചിരിയോടെ ടൗവ്വലും എടുത്ത് റിയാസ് ബാത്‌റൂമിലേക്ക് നടന്നു... നസ്രീൻ ആ കവർ തുറന്ന് നോക്കി... പുതിയ മോഡൽ മൊബൈൽ.. പിന്നെ സിം കാർഡും....അവൾക്ക് ആകെ അത്ഭുതം തോന്നി.. ഇന്നലെ രാത്രി അരണ്ട വെളിച്ചത്തിൽ കണ്ട മുഖഭാവമേ ആയിരുന്നില്ല റിയാസിന്... അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അവൻ പെരുമാറുന്നത്..... കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറി വന്ന് റിയാസ് തന്നെ ഫോണിൽ സിം ഇട്ടു കൊടുത്തു...

"ഇപ്പോ സന്തോഷമായില്ലേ..?" ..
നസ്രീൻ ചിരിക്കാൻ ശ്രമിച്ചു..
"വാ.. കഴിക്കാം..."  അവൻ കയ്യിൽ പിടിച്ചപ്പോൾ എതിർക്കാതെ അവൾ കൂടെ ചെന്നു... തന്റെ മുറിവുകൾ കണ്ടിട്ടും ഒരു ക്ഷമ പോലും ചോദിക്കാത്തത് വിചിത്രം തന്നെ...... ബിസിനസിനെ കുറിച്ചും  കുടുംബക്കാരെ കുറിച്ചുമെല്ലാം സംസാരിച്ചു കൊണ്ട് അവൻ ഭക്ഷണം കഴിച്ചു...
"ഉമ്മ വരാൻ വൈകും....കൂട്ടുകാരി ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട്...അവിടെ പോയിരിക്കുകയാ..."

"ഈ രാത്രിയിൽ ഒറ്റയ്ക്കോ?"

"അതൊന്നും ഉമ്മയ്ക്ക് പ്രശ്നമല്ല... ഡ്രൈവർ ഉണ്ടല്ലോ കൂടെ..."
അവൻ കഴിച്ച് ഫോണും നോക്കികൊണ്ട് മുകളിലേക്ക് കയറിപ്പോയി... പാത്രങ്ങൾ എടുത്ത് വയ്ക്കാൻ ജോലിക്കാരിയെ സഹായിച്ച ശേഷം അവളും  മുറിയിൽ ചെന്നു.... യുട്യൂബിൽ ഏതോ വീഡിയോയും കണ്ട് റിയാസ് കിടക്കുകയാണ്.... കുളിച്ച ശേഷം അവളും ചെന്ന് കിടന്നു...ശരീരവേദന മാറാനെന്നും പറഞ്ഞ് നബീസ കൊടുത്ത മെഡിസിൻ കഴിച്ചതിനാൽ അവൾക്ക് പെട്ടെന്ന് ഉറക്കം വന്നു.... തന്റെ ഭർത്താവിന് ഇന്നലെ ഒരു അബദ്ധം പറ്റിയതാണെന്നും ഇനിയത് ഉണ്ടാവില്ലെന്നും വിശ്വസിച്ചു കൊണ്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു... പക്ഷേ ആ വിശ്വാസം തെറ്റാണെന്ന് അരമണിക്കൂറിനുള്ളിൽ തന്നെ അവൾക്ക് മനസിലായി... തലേദിവസത്തേക്കാൾ ക്രൂരമായാണ് അന്ന് റിയാസ് അവളെ ഉപയോഗിച്ചത്.... ചെറുത്തു നില്പിനോ നിലവിളികൾക്കോ അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല.....
****************
"നിങ്ങളൊക്കെ മനുഷ്യന്മാർ തന്നെയാണോ?"  
ഡോക്ടർ ഫാത്തിമാ ബീഗം പൊട്ടിത്തെറിച്ചു..
"എന്താ ഈ കാണിച്ചു വച്ചിരിക്കുന്നെ?.. ഞാനിത് പോലീസിൽ അറിയിക്കും.... എവിടെ സ്വന്തം ഭാര്യയെ റേപ്പ് ചെയ്യുന്ന മഹാൻ....? എനിക്കയാളെ ഒന്ന് കാണണം...."

"ഡോക്ടറെ പ്ലീസ്.... അവനൊരു അബദ്ധം പറ്റിയതാ..."
നബീസ കെഞ്ചി..

"അബദ്ധമോ?.. അവന് അത്രയ്ക്ക് മൂത്ത് നില്കുകയാണെങ്കിൽ വല്ല മുള്ളുമുരിക്കിലും കൊണ്ട് ഉരയ്ക്കാൻ പറ.. അല്ലെങ്കിൽ കടുക്ക വെള്ളം ഉണ്ടാക്കി കൊടുക്ക്... ആ സൂക്കേട് കുറയും.... നിങ്ങളൊരു സ്ത്രീയല്ലേ?.. ഇതൊക്കെ അറിഞ്ഞിട്ടും മിണ്ടാതിരുന്ന നിങ്ങളെയാ ആദ്യം ജയിലിൽ അടക്കേണ്ടത്..."
നസ്രീൻ ഹോസ്പിറ്റൽ ബെഡിൽ കിടക്കുകയാണ്.... യൂറിൻ ഇൻഫെക്ഷനും വേദനയും കാരണം ഹോസ്പിറ്റലിൽ വന്നതാണ് അവൾ.... തിരക്കായത് കാരണം നബീസ  ഡ്രൈവറെ അവളുടെ കൂടെ വിട്ടു.. പക്ഷേ ഹോസ്പിറ്റലിന്റെ മുന്നിൽ വച്ച് അവൾ തലകറങ്ങി വീണു... ഡ്രൈവർ വിളിച്ചറിയിച്ചതിനെ തുടർന്ന് അവർ പാഞ്ഞെത്തിയതാണ്...

"കണ്ടപ്പോഴേ എനിക്ക് കാര്യം മനസിലായി.. നിങ്ങളോടുള്ള സ്നേഹം കൊണ്ടാവും ഈ കുട്ടി ആദ്യമൊന്നും തുറന്നു സംസാരിക്കാൻ കൂട്ടാക്കിയില്ല.. ഒരുപാട് പ്രാവശ്യം ചോദിച്ചപ്പോഴാ എല്ലാം പറഞ്ഞത്... കല്യാണം കഴിഞ്ഞ് പതിനഞ്ചു ദിവസവും ഒരേ പോലെ പീഡനം... നിങ്ങടെ മോന് ഈ ഒരൊറ്റ വിചാരമേ ഉള്ളോ?"

"ഡോക്ടർ... സത്യമായും എനിക്ക് അറിയില്ലായിരുന്നു... ആദ്യത്തെ ദിവസം അങ്ങനെ സംഭവിച്ചതിന് ഞാൻ അവനെ ഒരുപാട് വഴക്ക് പറഞ്ഞിരുന്നു.. പിന്നെ ഇവളും ഒന്നും പറഞ്ഞില്ല.. ഞാൻ കരുതി എല്ലാം ശരിയായിട്ടുണ്ടാകുമെന്ന്.. മകനും ഭാര്യയും കിടക്കുന്ന റൂമിൽ എത്തി നോക്കാനൊന്നും പറ്റില്ലല്ലോ..."

നബീസയ്ക്ക് അപമാനിക്കപ്പെടുന്നതിൽ ദേഷ്യം വരുന്നുണ്ടായിരുന്നു...
"ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല... ദയവ് ചെയ്ത് പ്രശ്നം ആക്കരുത്... ഞങ്ങളൊക്കെ നല്ലത് നിലയിൽ ജീവിക്കുന്നവരാ...."

"എത്ര നിസാരം അല്ലേ.. ? സ്വന്തം ഭാര്യ ആയാലും അവൾ മാനസികമായും ശാരീരികമായും തയ്യാറാകാതെ തൊടരുതെന്ന് മോനെ പറഞ്ഞു മനസിലാക്ക്....നിങ്ങളുടെ മകൾക്ക് ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ഇങ്ങനെ ആകുമോ പ്രതികരണം?.... ഛെ..."
ഫാത്തിമ സീറ്റിൽ ചെന്നിരുന്നു...

"നിങ്ങളുടെ മോന് എത്ര വയസുണ്ട്?"
"മുപ്പത്തിമൂന്ന്.."
"ഈ കുട്ടിക്ക് പതിനെട്ടു തികഞ്ഞതേ ഉളളൂ.... കഷ്ടം.."
അവർ പുച്ഛത്തോടെ നബീസയെ നോക്കി...

"തല്ക്കാലം ഞാൻ ചില മരുന്നുകൾ എഴുതാം... ദയവ് ചെയ്തു കുറച്ചു നാൾ ഇവളുടെ അടുത്ത് പോലും പോകരുത് എന്ന് പുന്നാരമോനോട് പറ...ആണും പെണ്ണും ഒരുപോലെ ആസ്വദിക്കുന്നതായിരിക്കണം  ലൈംഗികത... അല്ലാതെ ബലം പ്രയോഗിച്ച് നേടുന്നതല്ല... മുപ്പത്തി മൂന്ന് വയസുള്ള മോന് അതറിയില്ലെങ്കിൽ അവൻ ഒരു വൻ പരാജയമാണ്.... "
നബീസ തലകുനിച്ചിരുന്നു...
"കുട്ടി മര്യാദയ്ക്ക് ആഹാരം പോലും കഴിക്കാറില്ലെന്ന് തോന്നുന്നു... ആരോഗ്യം തീരെയില്ല... ഡ്രിപ് തീർന്നാൽ കൊണ്ടുപോയ്ക്കോ... ഇനി ഇങ്ങനെ ഉണ്ടാവരുത്... ഉണ്ടായാൽ ഞാൻ പ്രതികരിക്കും.. ഡോക്ടർ ആയിട്ടല്ല,  ഒരു സ്ത്രീ എന്ന നിലയിൽ.. ഒരമ്മ എന്ന നിലയിൽ... കേട്ടല്ലോ..?."
നബീസ പുറത്തേക്ക് നടന്നു... ഒന്നരമണിക്കൂർ കഴിഞ്ഞാണ് അവളെ ഡിസ്ചാർജ് ചെയ്തത്.. കാറിൽ വച്ച് നബീസ ഒന്നും മിണ്ടിയില്ല.... നസ്രീൻ തളർച്ചയോടെ പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയാണ്..... അവൾ ഈ ലോകത്ത് ഒന്നുമല്ല എന്ന് തോന്നി...വീട്ടിലെത്തി അകത്തു കയറി വാതിൽ അടച്ചയുടനെ നബീസ അവളെ പിടിച്ചു നിർത്തി...

"മനുഷ്യനെ നാണം കെടുത്തിയപ്പോ തൃപ്തിയായോ നിനക്ക്?"
അവർ അലറുന്നത് കേട്ട് ജോലിക്കാരി ഓടി വന്നു...
"കേറിപ്പോടീ അകത്ത്.. നിന്നെ ഇങ്ങോട്ട് വിളിച്ചോ?"..
അവർ വന്നവഴിയേ തിരിച്ചു പോയി..

"പുറത്ത് നിന്നുള്ള ആരുമല്ലല്ലോ, നിന്റെ ഭർത്താവല്ലേ അവൻ?.. നീ സഹകരിക്കാത്തത് കൊണ്ടാവും ഇങ്ങനൊക്കെ സംഭവിക്കുന്നത്..അത് നാടു നീളെ പാടി നടക്കണോ...?.. "

താൻ എന്ത് തെറ്റ്‌ ചെയ്‌തെന്നറിയാതെ നസ്രീൻ പകച്ചു നിൽക്കുകയാണ്... അന്നു വരെ കണ്ട മുഖം അല്ലായിരുന്നു നബീസയ്ക്ക് അപ്പോൾ...

"എന്റെ മോനെ എനിക്ക് നന്നായി അറിയാം... ഇന്നുവരെ ഒരു ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല...ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല.... അങ്ങനെയാ ഞാനവനെ വളർത്തിയത്....നിനക്ക് നാണക്കേട് ഒന്നും ഉണ്ടാവില്ല... കശാപ്പുകാരന്റെ ഭാര്യയ്ക്ക് വേറൊരാളിൽ ഉണ്ടായ മോളല്ലേ.. ഞങ്ങൾ അങ്ങനെയല്ല.. നല്ല തറവാട്ട് കാരാ.. മര്യാദയ്ക്ക് അവനോട് ഒത്തു പോകാൻ നോക്ക്.... കൂടുതൽ ഒന്നും ഇപ്പൊ പറയുന്നില്ല.."
അവർ ചവിട്ടിക്കുലുക്കി പുറത്തേക്ക് നടന്നു... കാർ ഗേറ്റ് കടന്നു പോകുന്നതിന്റെ ശബ്ദം കേട്ടപ്പോൾ സ്റ്റെയർകേസിന്റെ കൈവരിയിൽ പിടിച്ച് പതിയെ നസ്രീൻ മുകളിലെ മുറിയിലേക്ക് നടന്നു.. മകൻ ചെയ്ത തെറ്റ്‌ മരുമകളുടെ തലയിൽ വച്ചു കെട്ടാൻ അവർക്ക് എത്ര എളുപ്പത്തിൽ കഴിഞ്ഞു?.. താൻ ആരോടും പരാതി പറയില്ല എന്നവർക്ക് ഉറപ്പുണ്ട്... അല്ലെങ്കിലും ആരോട് പറയാൻ?.. ജോലി കഴിഞ്ഞുള്ള മുഴുവൻ സമയവും പ്രാർത്ഥനയിൽ മുഴുകി കടമകൾ മറക്കുന്ന ഉമ്മച്ചിയോടോ?.. അതോ വയ്യാതെ കിടക്കുന്ന അനിയനോടോ?...അതുമല്ലെങ്കിൽ തന്റെ അല്ലാത്ത വാപ്പച്ചിയോടോ..? പതിനഞ്ചു ദിവസങ്ങളായി തന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ചതഞ്ഞരഞ്ഞ ബെഡിൽ വീണ് നസ്രീൻ പൊട്ടിക്കരഞ്ഞു.. മതിവരുവോളം......
*****************
"മോളേ....." ആരോ സ്നേഹത്തോടെ വിളിക്കുന്നത് കേട്ടാണ് അവൾ കണ്ണു തുറന്നത്... മുനീറ ആയിരുന്നു അത്.. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവർ തടഞ്ഞു.
"വേണ്ട.. മോള് കിടന്നോ... കാര്യങ്ങളെല്ലാം ഇവിടുത്തെ ജോലിക്കാരി ഷീല പറഞ്ഞ് ഞാൻ അറിഞ്ഞു..."
അവർ അവളുടെ കൈത്തണ്ടയിൽ തലോടി...
"എന്റെ മോൾക്കും നിന്റെ അതേ പ്രായമാ... പക്ഷേ ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ഇങ്ങനെ ഒരു ബന്ധത്തിന് തയ്യാറാകുമോ?"..

"സാരമില്ല അമ്മായീ...."  നസ്രീൻ ചിരിച്ചു..

"ചെയ്യാത്തൊരു തെറ്റിന് എല്ലാരും കൂടി പഴിചാരിയപ്പോൾ, അനിയന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല..."..

"എന്നുവച്ച്.....? അത്യാവശ്യം പഠിപ്പും വിവരവും ഉള്ള പെണ്ണല്ലേ നീ? മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന ഒരുത്തന്റെ ഭാര്യയാകാൻ എന്തു ധൈര്യത്തിലാ സമ്മതിച്ചത്?"

നസ്രീൻ  നടുങ്ങിപ്പോയി...
"എന്താ അമ്മായി പറഞ്ഞത്?"

"അപ്പൊ നീയൊന്നും അറിഞ്ഞില്ലായിരുന്നോ മോളേ..?"
മുനീറ അന്തം വിട്ടു...

"ഇല്ല..."
അവർ കുറച്ചു നേരം മിണ്ടാതിരുന്നു.. പിന്നെ പോയി ഡോർ ലോക്ക് ചെയ്തു..

"കുട്ടീ.... ഞാൻ കരുതി എല്ലാം അറിഞ്ഞിട്ട് നീ സമ്മതിച്ചതാണെന്ന്..... ചെറുപ്പം തൊട്ട് റിയാസിന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ കുഴപ്പം ഉണ്ടായിരുന്നു... പക്ഷേ അത് വെറും കുസൃതികളാണെന്ന് കരുതി എല്ലാരും കണ്ണടച്ചു.. പക്ഷേ അത് കൂടി വന്നത് പത്തിൽ പഠിക്കുന്ന സമയത്താ..."
നസ്രീൻ ശ്വാസം അടക്കിപ്പിടിച്ച് അവരെ കേൾക്കുകയാണ്...

"ആരോടെങ്കിലും ദേഷ്യം വന്നാൽ ഭയങ്കരമായി ഉപദ്രവിക്കും... അവന്റെ വാപ്പയെ ഒരിക്കൽ എറിഞ്ഞു തല പൊട്ടിച്ചപ്പോഴാ എല്ലാവർക്കും പേടിയായത്... കൗൺസിലിംഗിന് കൊണ്ടുപോയി... അപ്പോ ഡോക്ടറു പറഞ്ഞു ഇതെന്തൊ മനോരോഗം ആണെന്ന്... അതിന്റെ പേരൊന്നും എനിക്കറിയില്ല കേട്ടോ... കുറേ നാൾ ചികിൽസിച്ചു... അതും ദൂരെ ഉള്ള ഒരു ആശുപത്രിയിൽ... ഇവിടെ ആളുകൾ അറിഞ്ഞാൽ നാണക്കേട് അല്ലേ...?  പിന്നെ തിരിച്ചു വന്നപ്പോൾ മുതൽ അവൻ ആരോടും അധികം സംസാരിക്കുകയൊന്നുമില്ല.... എപ്പഴും മുറിയിൽ ഇരിക്കും..... കുടുംബക്കാര് ഓരോന്ന് ചോദിക്കാൻ തുടങ്ങിയപ്പോ മംഗലാപുറത്തുള്ള ഇവരുടെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചു... ഒരു വർഷത്തിന് ശേഷം അവിടുന്ന് തിരിച്ചു വന്നപ്പോ മുതല് അവന് മറ്റേ ഭ്രാന്ത് കൂടി തുടങ്ങി..."
മുനീറ കുറച്ചു കൂടി അടുത്തേക്ക് നീങ്ങി നിന്നു..

"പെണ്ണുങ്ങളെ കാണുമ്പോ ഒരുതരം ഇളക്കം... അവിടുന്ന് മയക്കുമരുന്നോ മറ്റോ  ഉപയോഗിക്കാൻ ശീലിച്ചതിന്റെ കൂടെ കിട്ടിയതാ എന്നൊക്കെ പലരും പറയുന്നുണ്ട്... എപ്പോഴാ സ്വഭാവം മാറുക എന്ന് പറയാൻ പറ്റൂല.... പുറമെ മാന്യൻ ആയിരിക്കും.. പക്ഷേ തരം കിട്ടിയാൽ തനിസ്വരൂപം പുറത്തെടുക്കും... ഇവനെ പേടിച്ച് ഞാൻ എന്റെ മോളെയൊന്നും ഇങ്ങോട്ട് വിടാറേയില്ല... ഒന്നാമത് മാനസികരോഗം.. അതിന്റെ കൂടെ മയക്കുമരുന്നും....പിന്നെ പറയണോ....  ഷീല ഇവിടെ വരുന്നതിന് മുൻപ് ഒരു കൊച്ചുണ്ടായിരുന്നു ജോലിക്ക്.. ഒരിക്കൽ ഇവനവളെ കേറിപ്പിടിച്ചു... അത് എതിർത്തപ്പോൾ തിളച്ച വെള്ളം ദേഹത്തൊഴിച്ചു... വലിയ പ്രശ്നമായതാ... നബീസ പൈസ ഒരുപാട് വാരിയെറിഞ്ഞു ഒതുക്കി തീർത്തു... അവനു ചെറിയ പെൺപിള്ളേരോടാ താല്പര്യം...ഈ വൃത്തികെട്ട സ്വഭാവം പെണ്ണുകെട്ടിയാൽ മാറുമെന്ന് ഏതോ വിവരമില്ലാത്തവൻ പറഞ്ഞത് മുതൽ നബീസ ഒരു പെണ്ണിനെ തേടി നടക്കുകയായിരുന്നു... നിന്റെ കഷ്ടകാലത്തിന് ഇതിൽ പെട്ടു പോയി...."

നസ്രീൻ ഏതോ ലോകത്തിൽ നിന്നെന്ന പോലെയാണ് അവരുടെ ശബ്ദം കേട്ടത്... വിശ്വസിക്കാനാവുന്നില്ല....

"നിന്റെയും വീട്ടുകാരുടെയും പൂർണസമ്മതത്തോടെ ആണ് നിക്കാഹ് നടന്നതെന്നാ നബീസ എല്ലാരോടും പറഞ്ഞത്..."

"ഇക്ക കൃത്യമായി ജോലിക്കൊക്കെ പോകുന്നുണ്ടല്ലോ അമ്മായീ? രാത്രിയിൽ ഒഴികെ മറ്റു സമയത്തൊന്നും പ്രശ്നമില്ല,.. അസുഖം ആണേൽ എല്ലായ്‌പോഴും വേണ്ടേ?"

"ഭ്രാന്ത് പലതരത്തിൽ ഉണ്ടല്ലോ... പെട്ടെന്ന് മറ്റൊരാളായി മാറുന്ന എന്തോ അസുഖമാ... മറ്റു സമയത്തൊന്നും കുഴപ്പമുണ്ടാകില്ല..ഇപ്പഴും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പറയുന്നത് കേട്ടു.. ....കെട്ട് ഉറപ്പിച്ചതിന് ശേഷം മുതലാ അവൻ മില്ലിൽ പോയി ഇരിക്കാൻ തുടങ്ങിയത്... കുഴപ്പമൊന്നുമില്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി.... അവിടുത്തെയും മറ്റ് കടകളിലെയും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് നബീസ യും പിന്നെ എന്റെ ഭർത്താവുമാ... ഇവൻ ഓഫീസിൽ ചുമ്മാ ഇരിക്കും..."

മുനീറ എഴുന്നേറ്റു...
"മുടങ്ങാതെ മരുന്ന് കഴിച്ചില്ലേൽ അവനെ നിയന്ത്രിക്കാൻ പറ്റില്ല... മാസത്തിൽ ഒരുതവണ ഹോസ്പിറ്റലിലും പോണം... എന്റെ മോളെ... ഞാനാ ഇതൊക്കെ പറഞ്ഞതെന്ന് നബീസ അറിഞ്ഞേക്കരുത് എന്നെ അവള് കൊല്ലും...."

അവർ പോയിട്ടും കുറേ നേരം നസ്രീൻ ശിലപോലെ ഇരുന്നു.... ഇതുമൊരു സ്വപ്നമാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവൾ എഴുന്നേറ്റ് കബോർഡ് തുറന്നു.... അതിനുള്ളിലെ ചെറിയ പെട്ടിയിൽ  മെഡിസിൻ അടുക്കി വച്ചിട്ടുണ്ടായിരുന്നു... ഓരോന്നിന്റെയും പേര് ഗൂഗിളിൽ സേർച്ച്‌ ചെയ്തു നോക്കി... മനോവിഭ്രാന്തിക്ക് കഴിക്കുന്നത് തന്നെ... അമ്മായി പറഞ്ഞത് സത്യമാണ്... എപ്പോൾ വേണമെങ്കിലും സമനില തെറ്റാവുന്ന ഒരു ഭ്രാന്തനാണ് തന്റെ ഭർത്താവ്.. അതിന്റെ കൂടെ ഡ്രഗ്സിന്റെ ഉപയോഗവും...... എല്ലാം മറച്ചു വച്ച് ഇവർ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ്... അവൾക്ക് രക്തം തിളച്ചു... അതുവരെ ഉണ്ടായിരുന്ന ഭയം മാറി കോപം നിറഞ്ഞു....  നബീസയുടെ ശബ്ദം കേട്ടപ്പോൾ അവൾ താഴേക്ക് ഇറങ്ങി ചെന്നു...അവർ സോഫയിൽ ഇരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു..... നസ്രീൻ ആ ബോക്സ്‌ അവരുടെ മടിയിലേക്ക് ഇട്ടു..

"എന്തായിത്?"  
അവർ കാൾ കട്ട് ചെയ്ത് ഫോൺ മാറ്റി വച്ചു..
"എന്ത്?"

"നിങ്ങളുടെ മോന് ഭ്രാന്തല്ലേ?"

"അനാവശ്യം പറയരുത്..."  അവർ വിരൽ ചൂണ്ടി..
"അനാവശ്യമോ?...മാനസികരോഗമുള്ള ഒരുത്തനെ എന്റെ തലയിൽ കെട്ടിവച്ചതും പോരാ, അയാൾ ഉപദ്രവിച്ചതിന് നിങ്ങൾ എന്നെയല്ലേ കുറ്റപ്പെടുത്തിയത്.?.. "
ദേഷ്യം നിയന്ത്രിക്കാനാവാതെ അവൾ അലറുന്നത് പോലെ ചോദിച്ചു...

"നേരത്തേ നിങ്ങൾ പറഞ്ഞല്ലോ വലിയ തറവാട്ടുകാരാണെന്ന്... ഇതാണോ നിങ്ങളുടെ തറവാട്ട് മഹിമ  ?...ആൾക്കാരെ വഞ്ചിക്കുന്നത്..?"

"നിർത്തെടീ.."   നബീസ ചാടിയെണീറ്റു..

"ആര് വഞ്ചിച്ചെന്നാ?.. ഞാനാരെയും വഞ്ചിച്ചിട്ടില്ല..നൗഷാദിനും ആയിഷയ്ക്കും കാര്യങ്ങളെല്ലാം അറിയാം.. പോരാഞ്ഞിട്ട് നീ വാപ്പച്ചി എന്ന് വിളിക്കുന്ന മുസ്തഫയ്ക്കും അറിയാം.."

തലയിൽ ഇടിത്തീ വീണത് പോലെ അവൾക്ക് തോന്നി...
"അവരുടെ സമ്മതത്തോടെ തന്നെയാ നിക്കാഹ് നടന്നത്.. നിന്നെ തത്കാലം ഒന്നും അറിയിക്കേണ്ട എന്നും കുടുംബമായി ജീവിക്കുമ്പോൾ എല്ലാം ശരിയാകുമെന്നും അവരു ഇങ്ങോട്ടാ പറഞ്ഞത്..."

കാലുകൾ കുഴയുന്നതായി അനുഭവപ്പെട്ടപ്പോൾ നസ്രീൻ സോഫയിലേക്ക് ഇരുന്നു....

"വെറുതേ ഒന്നുമല്ലല്ലോ... കിടപ്പിലായ നിന്റെ അനിയന്റെ ചികിത്സയ്ക്കും പിന്നെ  വീട് മോടികൂട്ടാനുമടക്കം ആകെ പത്തു ലക്ഷം രൂപ ഞാൻ നിന്റെ വീട്ടുകാർക്ക് അങ്ങോട്ട് കൊടുത്തു.. അതിന്റെ തെളിവ് എന്റെ കയ്യിൽ ഉണ്ട്... കാണണോ...? 

അവളൊന്നും മിണ്ടിയില്ല... അതിനുള്ള ത്രാണി ഇല്ലായിരുന്നു എന്നതാണ് സത്യം...

"വില കൊടുത്തു വാങ്ങിയതാണേലും നിന്നോട് ഞാൻ നിന്നെ അങ്ങനാണോ കണ്ടത്? ഇവിടെ എന്തെങ്കിലും കുറവുണ്ടോ നിനക്ക്? ... എന്നിട്ടും എന്നെ ചോദ്യം ചെയ്യുന്നോ...? എന്നെ നിനക്ക് ശരിക്കറിയില്ല... "

അവർ മെഡിസിൻ ബോക്സ്‌ എടുത്തു....
"അവനു ഭ്രാന്ത് ഒന്നുമല്ല.. ചിലനേരത്ത് മനസൊന്നു പതറും.അതിന് മരുന്ന് കഴിക്കുന്നുണ്ട്...പിന്നെ ഞങ്ങൾ കുറച്ചധികം ലാളിച്ചത് കൊണ്ട് വാശിയും ദേഷ്യവും കൂടുതലാ.. നീ വിചാരിച്ചാൽ മാറാവുന്നതേ ഉളളൂ... ഞങ്ങൾ ഇല്ലായിരുന്നു എങ്കിൽ നിന്റെ അനിയൻ ഇപ്പഴും  ശവം പോലെ കിടന്നേനെ... ഇപ്പൊ അവൻ മറ്റൊരാളുടെ സഹായത്തോടെയാണേലും അത്യാവശ്യം നടക്കുന്നില്ലേ?... ആ നന്ദിയെങ്കിലും കാണിക്കണം.. ഒരു ജോലിക്ക് പോയാൽ പത്തു ലക്ഷം ഉണ്ടാക്കണമെങ്കിൽ നീ എത്ര വർഷം ജോലി ചെയ്യേണ്ടി വരുമെന്ന് കണക്ക് കൂട്ടി നോക്ക്.... അപ്പൊ ഇത് തന്നെ അല്ലേ ലാഭം?"

അവർ തന്റെ റൂമിന്റെ വാതിൽക്കൽ എത്തി തിരിഞ്ഞു നിന്നു..

"ഇനി കൂടുതൽ ചികയാനൊന്നും നില്കാതെ മുന്നോട്ട് നല്ല രീതിയിൽ ജീവിക്കാൻ നോക്ക്... അവനെ ദേഷ്യം പിടിപ്പിക്കാതിരുന്നാൽ മാത്രം മതി.... ഈ കണ്ട സ്വത്തിനൊക്കെ നീയും കൂടി അവകാശിയാ.... ഇതുപോലെ ഒരു ജീവിതം സ്വപ്നം കാണാനുള്ള യോഗ്യത പോലും നിനക്ക് ഇല്ല എന്നത് കൂടി ഓർക്കണം..."
അവർ ഡോർ വലിച്ചടച്ചു....
***************
അന്ന് രാത്രി വേറൊരു റൂമിൽ കിടക്കാൻ  നബീസ അവളോട് പറഞ്ഞു... ഒരാഴ്ചയോളം വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല... റിയാസ് അവൾ ആ വീട്ടിൽ ഉണ്ടെന്ന ഭാവം പോലും കാണിക്കാറില്ലായിരുന്നു... ശരീരത്തിന്റെ മുറിവുകൾ ഉണങ്ങി തുടങ്ങിയ ശേഷം ഒരു ദിവസം രാത്രി അവൻ വീണ്ടും അവളെ പ്രാപിച്ചു.... വഴങ്ങി കൊടുത്തിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും ദേഹത്ത് യാതൊരു ദയയുമില്ലാതെ കടിച്ചും അവൻ അവളെ ഉപദ്രവിക്കുകയായിരുന്നു... ബലപ്രയോഗത്തിലൂടെ മാത്രം സുഖം കണ്ടെത്തുന്ന ഒരു സൈക്കോ ആണ് തന്റെ ഭർത്താവ് എന്നവൾ തിരിച്ചറിഞ്ഞു...
ചില ദിവസങ്ങളിൽ പകൽ നേരവും ഉപദ്രവമുണ്ടാകും... അവൾ വേദനിച്ചു കരയുന്നത് അവനിൽ വല്ലാത്തൊരു ആനന്ദമുണ്ടാക്കി... ഒരു ദിവസം നസ്രീൻ ശക്തമായി എതിർത്തു...റിയാസ് അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ബാത്‌റൂമിലേക്ക് വലിച്ചിഴച്ചു... പിന്നെ ബക്കറ്റിലെ വെള്ളത്തിൽ അവളുടെ തല മുക്കിപ്പിടിച്ചു... ബലിഷ്ടമായ ആ കൈകളിൽ നിന്നും രക്ഷപ്പെടാൻ അവൾക്ക് കഴിഞ്ഞില്ല... മരണത്തെ കണ്മുന്നിൽ കാണിച്ച ശേഷം മാത്രമാണ് അവൻ പിടിവിട്ടത്....
അതിന്റെ അടുത്ത ദിവസം അവൾ ഷാനവാസിന്റെ ഫോണിൽ വിളിച്ച് ആമിനയോട് കാര്യങ്ങളെല്ലാം പറഞ്ഞു...

"എനിക്ക് പറ്റുന്നില്ല ഉമ്മച്ചീ.... കണ്ണടച്ചു കിടക്കാൻ പോലും പേടിയാ... അയാൾ എന്നെ കൊല്ലും..എനിക്ക് വേറാരോടും ഇതൊന്നും പറയാൻ കഴിയില്ല.... എന്നെ രക്ഷിക്ക്...."
പറഞ്ഞു തീരും മുൻപ് അവൾ പൊട്ടിക്കരഞ്ഞു...

"എന്തെങ്കിലും ജോലി ചെയ്ത് ഞാനിവരുടെ കടം വീട്ടിക്കോളാം.... ഞാൻ അങ്ങോട്ട് വന്നോട്ടെ...?"..

"ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാ?"  നിർവികാരതയോടെയുള്ള ചോദ്യം കേട്ടപ്പോൾ അവൾ പകച്ചു പോയി... തന്റെ ഉമ്മയാണ് ഇങ്ങനെ സംസാരിക്കുന്നത്...

"ഞാനും ഷാനുവും ഈ വീട്ടിൽ ഒരു അധികപറ്റാ,.... അവനു ജോലി ചെയ്യാനുള്ള ആരോഗ്യം കിട്ടിയാൽ ഞങ്ങൾ ഇവിടുന്ന് ഇറങ്ങും.... അത്രയ്ക്ക് മടുത്തു... അതിനിടയിൽ നീയും ഇങ്ങനെ തുടങ്ങിയാലോ..?..എങ്ങനെയെങ്കിലും നീ പിടിച്ചു നിൽക്ക്... ഷാനുവിന്റെ കാര്യം കൂടി നോക്കണ്ടേ?..നീ ഇങ്ങോട്ട് വന്നാപ്പിന്നെ നിനക്ക് വേണ്ടി അവൻ ജീവിതം പാഴാക്കും...ദയവ് ചെയ്ത് നീ ഇത് ആരോടും പറയണ്ട..പ്രത്യേകിച്ച് ഷാനുവിനോട്...."

ഉമ്മച്ചിയുടെ വാക്കുകൾ സത്യമാണെന്ന് അറിയാവുന്നത് കൊണ്ടുതന്നെ അവൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും തുടങ്ങി... റിയാസ് ആക്രമിക്കാൻ വരുമ്പോൾ ഏതെങ്കിലും റൂമിൽ കയറി വാതിൽ അടയ്ക്കാനും എന്നും ഒരകലത്തിൽ നിന്നു മാത്രം സംസാരിക്കാനും അവൾ ശീലിച്ചു... ബെഡ്‌റൂമിൽ അവന്റെ ശരീരത്തിനടിയിൽ കിടന്ന് വേദനകൊണ്ട് പുളയുമ്പോൾ നിലവിളി പുറത്തു കേൾക്കാതിരിക്കാൻനാവ് അമർത്തി കടിച്ചു പിടിക്കാനും ഇന്ന് അവൾക്ക് അറിയാം..... ചുവപ്പ് നിറത്തിലുള്ള ഗുളിക കഴിക്കുന്ന രാത്രികളിൽ അവൻ പെട്ടെന്ന് ഉറങ്ങുമെന്ന് മനസിലാക്കിയതോടെ തീരെ വയ്യാത്ത ദിവസങ്ങളിൽ നസ്രീൻ അത് രണ്ടെണ്ണം എടുത്തു കൊടുക്കാൻ തുടങ്ങി.. റിയാസ് അത് ശ്രദ്ധിക്കാറുമില്ല....
ഏകദേശം ഒരു വർഷം കടന്നു പോയി.. പകൽ സമയങ്ങളിൽ നേരം പോകാനുള്ള ഉപാധി ഫേസ്ബുക്ക് ആയിരുന്നു... അതിലൊരു ഗ്രൂപ്പിൽ യദുകൃഷ്ണൻ എന്ന എഴുത്തുകാരന്റെ കഥകൾ അവൾക്ക് ഒത്തിരി ഇഷ്ടമായി... അയാളുടെ പല കഥകൾക്കും തന്റെ ജീവിതവുമായി സാമ്യം ഉള്ളത് പോലെ അവൾക്ക് തോന്നാറുണ്ട്...
ഷാനവാസ്‌ ഒറ്റയ്ക്ക് നടക്കാൻ തുടങ്ങിയിരുന്നു.. വല്ലപ്പോഴും അവൻ അവളെ കാണാൻ വരും... ഉത്തരവാദിത്തമുള്ള ഭാര്യയായി, കുടുംബിനിയായി അവൾ അനിയന് മുന്നിലും നന്നായി അഭിനയിച്ചു..... തനിക്ക് കിട്ടിയ ജീവിതവുമായി പൊരുത്തപ്പെടാൻ അവൾ ശീലിച്ചു കഴിഞ്ഞു... പണത്തിനു വേണ്ടി അടിമയെ പോലെ വിൽക്കപ്പെട്ടവൾക്ക് വേറെ വഴിയില്ലല്ലോ....
*****************
മൂന്നരമാസം ഗർഭിണി ആയിരുന്ന സമയത്താണ് ജീവിതം അപ്പാടെ മാറിമറിഞ്ഞത്....ശരീരം അനങ്ങരുത് എന്ന് ഡോക്ടറുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ നബീസ റിയാസിനെ അവളുടെ അടുത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല.... ആ കുഞ്ഞ് ജനിച്ചാൽ മകന് പൂർണമായും ഭേദമാകുമെന്ന് അവർ വിശ്വസിച്ചു... റിയാസ് ഒരുപാട് മാറിയിരുന്നു.. പഴയ പോലെ ബലപ്രയോഗം ഒന്നുമില്ല,... ദേഷ്യം വരുമ്പോൾ നസ്രീനെ അടിക്കുകയോ കൈയിൽ കിട്ടുന്നത് എടുത്ത് എറിയുകയോ ചെയ്യും....ഇപ്പോൾ അവന്റെ എല്ലാ കാര്യങ്ങളും നബീസ ചെയ്തു കൊടുക്കുന്നതിനാൽ അതുമില്ല...... എല്ലാം ശാന്തമായി പോയിക്കൊണ്ടിരിക്കുകയായിരുന്നു...
നബീസ വേറൊരു ആവശ്യത്തിന് പുറത്ത് പോയ ഒരു ദിവസം..... ഫേസ്ബുക്കിലൂടെ വെറുതേ കണ്ണോടിക്കുകയായിരുന്നു നസ്രീൻ... റിയാസ് മുറിക്കുള്ളിൽ പ്രവേശിച്ചു.. അവൾ പുഞ്ചിരിയോടെ പതിയെ എഴുന്നേറ്റു... കുറേ നാളായി ഉപദ്രവം ഒന്നും ഇല്ലാതിരുന്നതിനാൽ അവൾക്കു ഭയം തോന്നിയില്ല......
"ഇക്ക നേരത്തെയാണല്ലോ... കഴിക്കാൻ എടുക്കട്ടേ...?"
അവനൊന്ന് മൂളി.... നസ്രീൻ മുറിയിൽ നിന്നിറങ്ങി സ്റ്റെയർകേസ്‌ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.... പെട്ടെന്ന് റിയാസ് ഓടിവന്ന് അവളുടെ വയറിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചു...അവൾ കുതറി..

"ഇക്കാ വേണ്ട... പ്ലീസ്... വിട്.. ഡോക്ടർ പറഞ്ഞതാ ഇപ്പോൾ ഒന്നും പാടില്ലെന്ന്.."
അവൻ അത് കേട്ടതായി ഭാവിക്കാതെ അവളെ പൊക്കിയെടുക്കാൻ ശ്രമിച്ചു.. നസ്രീൻ എതിർത്തു..
"ഇക്കാ നമ്മുടെ കുഞ്ഞിനാ ദോഷം..പ്ലീസ്.. പറയുന്നത് കേൾക്ക്..."
പണിപ്പെട്ട് അവളവന്റെ കൈ വിടുവിച്ച് മാറി നിന്നു കിതച്ചു.
"ഇത്രയും നാൾ കൊല്ലാക്കൊല ചെയ്തിട്ടും മതിയായില്ലേ?.. നിങ്ങൾക്ക് വേറൊരു അസുഖവുമില്ല.. കാമഭ്രാന്ത് മാത്രമാ... ഇപ്പോൾ തല്ക്കാലം അത് തീർക്കാൻ എന്നെ കിട്ടില്ല..."
റിയാസിന്റെ മുഖം മാറി... അവനൊന്ന് മുരണ്ടു.... ഒരടി പ്രതീക്ഷിച്ചു നിന്ന അവളുടെ നെഞ്ചിൽ അവന്റെ കാൽ പതിച്ചു.. അവളുടെ നിലവിളി അവിടെ മുഴങ്ങി... പടികളിലൂടെ ഉരുണ്ട് താഴെ തറയിൽ വയറിടിച്ച്  അവൾ വീണു.... തല പൊട്ടി രക്തം മാർബിൾ തറയിലേക്ക് ഒഴുകി... അവിടുത്തെ ജോലിക്കാരി ഷീല കരഞ്ഞുകൊണ്ട് ഓടി വരുന്നതാണ്  ബോധം മറയും മുൻപ് നസ്രീൻ അവസാനമായി കണ്ടത്.....
To Top