പെയ്തൊഴിയും നേരം, ഭാഗം -4

Valappottukal


രചന: കർണൻ സൂര്യപുത്രൻ
                                            "ഇതൊന്നും ഈ വീട്ടിൽ പറ്റില്ല..."  നൗഷാദ് തീർത്തു പറഞ്ഞു..
"ഞങ്ങളുടെ വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ഇതെല്ലാം... ആരോ ഉണ്ടാക്കിയ ഒരുത്തിയെ ദയ തോന്നി അന്തസായി കെട്ടിച്ചു വിട്ടു... അവള് തിന്നിട്ട് എല്ലിന്റിടയിൽ കയറിയിട്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നതിന് ഞങ്ങളെന്തിനാ അനുഭവിക്കുന്നെ?... "

നൗഷാദ് മുസ്തഫയെ നോക്കി... എപ്പോഴത്തെയും പോലെ ബീഡി കത്തിച്ചു പുകയ്ക്കുകയാണ് അയാൾ... വീടിന്റെ പൂമുഖത്ത് ആയിഷയും ആമിനയും  ഷാനവാസും ഉണ്ടായിരുന്നു...

"തെറ്റുകൾ റിയാസിന്റെ ഭാഗത്തും ഉണ്ടാകും... അതൊക്കെ സംസാരിച്ചു തീർക്കുകയാ വേണ്ടത്... അല്ലാതെ എല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ട് കെട്ടിയെടുക്കുകയല്ല.."

അയാൾ ഷാനവാസിന്റെ നേരെ തിരിഞ്ഞു..

"പ്രായത്തേക്കാൾ പക്വത ഉള്ള ആളാണല്ലോ നീ?.. എന്തേ ഇപ്പൊ അതില്ലേ?.. റിയാസിനെ തല്ലാൻ പോയിട്ട് എന്തായി?.. അന്ന് നിന്നെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കാൻ ഞങ്ങൾ കുറെ പാട് പെട്ടത് മിച്ചം... എടാ അവളുടെ താളത്തിന് തുള്ളുകയല്ല, കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാ വേണ്ടത്..."

"എന്ത് കാര്യമാ മനസിലാക്കി കൊടുക്കേണ്ടത്?"

ഷാനവാസിന്റെ മിഴികൾ എരിഞ്ഞു.

"എന്റെ ഇത്തയെ അയാൾ എന്തൊക്കെ ചെയ്തു എന്ന് ഇപ്പൊ എനിക്കറിയാം.. അവസാനം കൊല്ലാൻ നോക്കി... വയറ്റിലുണ്ടായിരുന്ന കുഞ്ഞ് പോയി... ഒരു മാസമാ  ഹോസ്പിറ്റലിൽ കിടന്നത്... ആ നാറിയെ കൊല്ലാനായിരുന്നു എന്റെ ഉദ്ദേശം.. പക്ഷേ നടന്നില്ല...പോലീസ് എന്നെ അറസ്റ്റ് ചെയ്തു...നാല് അടിയെങ്കിലും കൊടുക്കാൻ പറ്റി എന്ന സന്തോഷമുണ്ട്... എന്നെ നിങ്ങൾ ആണോ സ്റ്റേഷനിൽ നിന്നിറക്കിയത്?... അതെന്റെ കൂട്ടുകാരന്റെ അച്ഛനാ...."

അവൻ എഴുന്നേറ്റു...

"ഇത്തയെ വിറ്റ കാശിനാണ് എന്നറിഞ്ഞിരുന്നെങ്കിൽ സർജറി നടത്താൻ ഞാൻ സമ്മതിക്കില്ലായിരുന്നു...കുറച്ചു വിഷം വാങ്ങി തന്നിരുന്നേൽ ആർക്കും ഭാരമാകാതെ ഞാൻ ചത്തേനെ... ഹോസ്പിറ്റലിൽ എത്ര രൂപ ചിലവായെന്ന് എനിക്ക് അറിയാം.. ബാക്കി കാശ് യാതൊരു ഉളുപ്പുമില്ലാതെ തിന്നത് നിങ്ങളാ... ഭ്രാന്തനായ ഒരുത്തനെ ഇത്തയുടെ തലയിൽ വച്ചു കെട്ടാൻ നിങ്ങൾക് എങ്ങനെ മനസ് വന്നു..? "

"ഷാനൂ... ആരോടാ നീ സംസാരിക്കുന്നതെന്ന് ഓർമ വേണം..."

മുസ്തഫ താക്കീത് ചെയ്തു.

"അവൻ പറയട്ടെ ഇക്കാ... ഈ കുടുംബത്തിന് വേണ്ടി ഓർമ്മ വച്ച നാൾ മുതൽ കഷ്ടപ്പെടുന്നതിന് എനിക്കിത് കിട്ടണം... അതും ആർക്കോ ഉണ്ടായ ഒരു പെണ്ണിന് വേണ്ടി.."

"ആർക്കോ ഉണ്ടായതോ?.. എന്റെ ഉമ്മച്ചിയുടെ വയറ്റിൽ പിറന്നതാ....ഉമ്മച്ചിക്ക് വേറൊരാളിൽ ജനിച്ച കുഞ്ഞ് ഉണ്ടെന്നറിഞ്ഞിട്ട് തന്നെയല്ലേ വാപ്പച്ചി നിക്കാഹ് ചെയ്തത്?. അതോ നിങ്ങളുടെ ഭാര്യ ആയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഉമ്മച്ചി ഭീഷണിപ്പെടുത്തിയോ?.. കുറേ കാലമായി ഞാനിത് കേൾക്കാൻ തുടങ്ങിയിട്ട്..."

"കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പോടാ..."

നൗഷാദ്  ശബ്ദമുയർത്തി..

"ഈ വീട്ടിൽ താമസിക്കുമ്പോ ഇനിയും കേൾക്കേണ്ടി വരും... ഇതെന്റെ വീടാ....നിന്റെ വാപ്പ, അതായത് എന്റെ ഇക്കാ നിന്നെ ചികിൽസിക്കാനെന്നും പറഞ്ഞ് കുറേ കടം ഉണ്ടാക്കിയിട്ടുണ്ട്.. പിന്നെ ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച് നീ അപകടം ഉണ്ടാക്കിയില്ലേ, ആ കുരുക്കിൽ നിന്നും ഊരാൻ വേണ്ടിയും വാരി എറിഞ്ഞത് എന്റെ കാശാ... ഈ വീടിന്റെ അവകാശം എനിക്ക് എഴുതി തരാമെന്നായിരുന്നു കണ്ടീഷൻ.... അതോണ്ട് ഇപ്പൊ ഇതെന്റെ വീടാ... നിനക്ക് താല്പര്യം ഇല്ലെങ്കിൽ അകത്തു കിടക്കുന്ന അവളെയും കൊണ്ട് ഇറങ്ങിക്കോ...എന്നിട്ട് അധ്വാനിച്ച് പുന്നാര ഇത്തയെയും ഉമ്മച്ചിയേയും പോറ്റി നോക്ക്.. അപ്പൊ അറിയാം.... അല്ല, നീ എന്ത് ജോലി ചെയ്യും?.. ഒരു ബക്കറ്റ് വെള്ളം പൊക്കിയെടുത്താൽ പോലും ആശുപത്രിയിൽ ചെന്ന് വേദനയുടെ ഇഞ്ചക്ഷൻ എടുക്കേണ്ടി വരുന്ന നീയാണോ ജോലി ചെയ്യുന്നെ?.. അല്ലെങ്കിൽ വല്ല ഗവണ്മെന്റ് ജോലിയും കിട്ടണം... പത്താം ക്ലാസ് കഴിഞ്ഞ് ഇത്തയ്ക്ക് വേണ്ടി ത്യാഗം ചെയ്ത നിനക്ക് ഇന്നത്തെ കാലത്ത് എന്ത് ജോലി കിട്ടാനാ?.. റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ചെന്ന് പിച്ച എടുക്കേണ്ടി വരും.."

ഷാനവാസിന് അതോടെ വാക്കുകൾ ഒന്നുമില്ലാതായി...അയാൾ പറയുന്നത് ശരിയാണ്... നട്ടെല്ലിന് പരിക്ക് പറ്റിയതിനാൽ കാര്യമായ ജോലികൾ ഒന്നും ചെയ്യാൻ പറ്റില്ല.... ഒരിടത്ത് തന്നെ അധികം ഇരിക്കാൻ പോലും കഴിയില്ല... ഇപ്പഴും ചികിത്സ നടക്കുന്നുണ്ട്.... മരുന്നിനു കാശ് കണ്ടെത്തുന്നത് വണ്ടിക്കച്ചവടം ചെയ്തിട്ടാണ്... ചിലപ്പോൾ ഒരു രൂപ പോലും കൈയിൽ ഇല്ലാത്ത അവസ്ഥയും വന്നിട്ടുണ്ട്... അവൻ മുസ്തഫയെ നോക്കി..

"വാപ്പച്ചിക്കും ഇതേ അഭിപ്രായം ആണോ?"

"അവൻ പറഞ്ഞതിൽ എന്താ തെറ്റ്‌?... എനിക്ക് പ്രായമായി... കാലം കുറെയായി ഞാനീ ഭാരങ്ങൾ ചുമക്കാൻ തുടങ്ങിയിട്ട്... ഇനി വയ്യ... പോരാഞ്ഞിട്ട് നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാ...ഈ കുടുംബത്തിൽ ഇങ്ങനൊരു സംഭവം ആദ്യമായിട്ടാ.. ഭർത്താക്കന്മാർ ഭാര്യമാരെ തല്ലുന്നത് സ്വഭാവികമാണ്... അവർക്ക് അതിനുള്ള അധികാരം ഉണ്ട്...നിന്റെ ഉമ്മയെ ഞാൻ എത്ര തവണ തല്ലാറുണ്ടല്ലോ എന്നിട്ട് അവൾ പിണങ്ങിപ്പോയോ?. പിന്നെ കുഞ്ഞ് ഇല്ലാതായത്... അതൊക്കെ പടച്ചോന്റെ തീരുമാനമാ..."

"കഷ്ടം..."  ഷാനവാസ്‌ സഹതാപത്തോടെ പറഞ്ഞു. പിന്നെ ആമിനയെ നോക്കി.

"ഉമ്മച്ചിക്ക് ഒന്നും പറയാനില്ലേ ?"

അവർ നിസ്സഹായആയി തലകുനിച്ചു..

"സാരമില്ല.. എനിക്ക് എന്തായാലും ഇത്തയെ ഒഴിവാക്കാൻ പറ്റില്ല... വേറൊരു താമസ സ്ഥലം കിട്ടുന്നത് വരെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും... അടിച്ചിറക്കി വിടാനൊന്നും ഒരുത്തനും അധികാരമില്ല....അതിന് ശ്രമിച്ചാൽ എല്ലാത്തിനെയും ഞാൻ കോടതി കയറ്റും.. "

അത്രയും പറഞ്ഞിട്ട് ഷാനവാസ്‌  വീടിനകത്തേക്ക് നടന്നു...മങ്ങിയ വെളിച്ചം മാത്രമുള്ള മുറിയിൽ കമഴ്ന്നു കിടക്കുകയാണ് നസ്രീൻ.... അവൻ അവൾക്കരികിലായിരുന്ന് ചുമലിൽ കൈ വച്ചു.. പുറത്തെ സംഭാഷണങ്ങൾ എല്ലാം അവൾ കേട്ടിട്ടുണ്ടാകും...

"ഇത്ത വിഷമിക്കണ്ട.. ഞാനുണ്ട് കൂടെ... കുറച്ചു നാൾ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം... അതിന് ശേഷം നമ്മൾ ഇവിടുന്ന് പോകും.... എന്നിട്ട് സമാധാനത്തോടെ ജീവിക്കും.."

നസ്രീൻ ഒന്നും മിണ്ടിയില്ല..

"എന്തെങ്കിലും ഒന്ന് സംസാരിക്ക് ഇത്താ.. ഈ ശബ്ദം കേട്ടിട്ട് എത്രനാളായി?"

ഷാനവാസ്‌ കരഞ്ഞുപോയി....

"കഴിഞ്ഞതൊക്കെ മറക്കാനൊന്നും ഞാൻ പറയില്ല.. പക്ഷേ എത്രനാൾ അതും ചിന്തിച്ചിട്ട് ഇങ്ങനെ....? "

"ഷാനൂ... എന്റെ വയറ്റിൽ ഉണ്ടായിരുന്നത് ആൺകുഞ്ഞ് ആണോ, അതോ പെൺകുഞ്ഞോ?"

മന്ത്രിക്കുന്നത് പോലെയുള്ള ആ ചോദ്യം കേട്ടപ്പോൾ ഷാനവാസ്‌ പകച്ചു പോയി...

"പെൺകുഞ്ഞ് ആയിരിക്കും അല്ലേടാ? അതാവും പടച്ചോൻ പെട്ടെന്ന് കൊണ്ടുപോയത്... എന്റെ വിധി ആ കുഞ്ഞിനും ഉണ്ടാകരുത് എന്ന് കരുതിക്കാണും...ഒരുകണക്കിന് അത് നന്നായി... ഭൂമിയിൽ തന്നെ നരകം എന്താണെന്ന് അനുഭവിക്കുന്ന പെണ്ണുങ്ങൾക്കിടയിൽ ഒരാൾ കൂടി വേണ്ട..."

രണ്ട് തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി തലയിണയിൽ പതിച്ചു...

"എന്നാലും ഞാനും നീയുമൊക്കെ എത്ര കൊതിച്ചതാ... എല്ലാം പോയല്ലോടാ മോനേ.... ആ വീഴ്ചയിൽ ഞാൻ മരിച്ചാൽ മതിയാരുന്നു..."

പിന്നെയൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു... ഉള്ളിൽ കെട്ടിക്കിടന്നതെല്ലാം ഒരു പേമാരി പോലെ പെയ്തിറങ്ങി... ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലും ഇല്ല എന്ന് മനസിലായപ്പോൾ ഷാനവാസ്‌ അവളുടെ അരികിൽ കിടന്ന് ചേർത്ത് പിടിച്ചു....
****************
ഒത്തുതീർപ്പിനുള്ള ചർച്ചകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്... ആദ്യം നബീസ തന്റെ സഹോദരന്മാരെയും കൊണ്ട് വന്നു... മകൻ മരണം വരെ അവളെ തൊടുക പോലുമില്ല, കഴിഞ്ഞതെല്ലാം മറന്ന് വീട്ടിലേക്ക് തിരിച്ചു വരണം എന്നായിരുന്നു അവരുടെ അഭ്യർത്ഥന.. പക്ഷേ അവളെ ഒന്ന് കാണാൻ പോലും ഷാനവാസ്‌ അവരെ അനുവദിച്ചില്ല....

അടുത്തതായി വന്നത് മുസ്തഫയുടെ ബന്ധുക്കളും നാട്ടിലെ പ്രമാണിമാരും ഒക്കെ ആയിരുന്നു..

"ഇനി ഒരു പ്രശ്നം ഉണ്ടാവില്ലെന്ന് അവർ ഉറപ്പ് തന്നിട്ടുണ്ടല്ലോ...? ഇനി അഥവാ ഉണ്ടായാൽ ഞങ്ങളും ഇടപെടും.. പെട്ടെന്നുള്ള തോന്നലിൽ ബന്ധം വേണ്ടാ എന്നൊക്കെ വയ്ക്കാൻ എളുപ്പമാ.. പക്ഷേ കുറച്ചു കഴിയുമ്പോ ദുഃഖിക്കും... ഒരു പെണ്ണ്  സ്വന്തം ഇഷ്ടം മാത്രം നോക്കി ജീവിക്കുന്നത് ഞങ്ങൾക്കും നാണക്കേടാ.... അതോണ്ട് നാളെ തന്നെ അവളെ പറഞ്ഞയക്കാൻ നോക്ക്.. ഇല്ലെങ്കിൽ പിന്നെ ഈ കുടുംബത്തിന്റെ ഒരു കാര്യത്തിനും ഞങ്ങളാരും സഹകരിക്കില്ല..."

ഒരാൾ പറഞ്ഞു...ഷാനവാസ്‌ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു..

"ശരി... നിങ്ങൾ പറയുന്നത് അനുസരിക്കാം.. നഷ്ടപ്പെട്ടു പോയ കുഞ്ഞിനെ തിരിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ?"..

"അതൊക്കെ പടച്ചോൻ തീരുമാനിക്കുന്നതല്ലേ?... കുട്ടികൾ ഇനിയും ഉണ്ടാകുമല്ലോ.."

"അപ്പോ ഇതും പടച്ചോന്റെ തീരുമാനമാ... നിങ്ങള് പോകാൻ നോക്ക്..."

പിന്നെ ഭീഷണികൾ ആയിരുന്നു.. റിയാസിന്റെ പേരിൽ കൊടുത്ത കേസുകൾ പിൻവലിച് അവന്റെ കൂടെ പോയില്ലെങ്കിൽ എല്ലാവരെയും കൊല്ലും എന്നൊക്കെ പല നമ്പറുകളിൽ നിന്നും ഫോൺ വിളികൾ വരാൻ തുടങ്ങി... അതും ചേർത്ത് ഒരു പരാതി പോലീസ് സ്റ്റേഷനിൽ കൊടുത്തപ്പോൾ എല്ലാം കുറച്ച് ഒതുങ്ങി..  നൗഷാദ് ആയിരുന്നു അവളുടെ അടുത്ത പ്രശ്നം... അയാൾ വീണ്ടും പഴയത് പോലെ പെരുമാറി...

"പണ്ട് നീ എതിർത്തത് മനസിലാക്കാം.. പക്ഷേ ഇപ്പോൾ എന്താ കുഴപ്പം?. "

വീട്ടിൽ മറ്റാരും ഇല്ലാത്ത ഒരു ദിവസം അയാൾ അവളുടെ അടുത്ത് ചെന്ന് മയത്തിൽ ചോദിച്ചു..

"ആരും അറിയില്ല.. നീയിവിടുന്ന് എങ്ങോട്ടും പോകുകയും വേണ്ട... എന്നോട് സഹകരിച്ചാൽ മാത്രം മതി...ഒരാണിന്റെ കൂടെ കിടന്നാൽ കിട്ടുന്ന സുഖം എന്താണെന്ന് നിനക്ക് ഇന്ന് അറിയാമല്ലോ..."

നസ്രീൻ നിർവികാരമായ കണ്ണുകൾ ഉയർത്തി അയാളെ ഒന്ന് നോക്കി.. പിന്നെ ബെഡിന് അടിയിൽ നിന്നും ഒരു കത്തി എടുത്തു..

"ഇത് പ്രതീക്ഷിച്ചു തന്നെയാ ഞാനിവിടെ താമസിക്കുന്നത്... എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല... ഒരാളെ കൊല്ലാൻ ഇന്നെനിക്ക് എളുപ്പമാ... എന്നെക്കൊണ്ട് ചെയ്യിക്കരുത്..."

ഇരയെ നഷ്ടമായ മൃഗത്തിനെ പോലെ അവളെയൊന്ന് തറപ്പിച്ചു നോക്കി അയാൾ പുറത്തിറങ്ങി...
കുറേ മാസങ്ങൾ കടന്നു പോയി..അവൾക്കും ഷാനവാസിനും ആമിനയ്ക്കും ആ വീട്ടിൽ ഭക്ഷണം ഉണ്ടാകാറില്ല... ആയിഷ തനിക്കും ഭർത്താവിനും ആവശ്യമുള്ളത് മാത്രമേ ഉണ്ടാക്കൂ... മുസ്തഫ വീട്ടിൽ നിന്ന് ഒന്നും കഴിക്കാറുമില്ല.... ഷാനവാസ്‌ തനിക്ക് കഴിയാവുന്ന ജോലികളൊക്കെ ചെയ്ത് കിട്ടുന്ന കാശ് കൊണ്ടാണ് ആ മൂന്ന് വയറുകൾ കഴിയുന്നത്.. തന്റെ അവശതകൾ ഒന്നും അവന് പ്രശ്നമായിരുന്നില്ല... ജോലി കഴിഞ്ഞ് വന്നാൽ അവൻ തന്റെ ഫോൺ നസ്രീന് കൊടുക്കും... എവിടെങ്കിലും ജോലി ഒഴിവുകൾ ഉണ്ടോ എന്നാണ് അവൾ ആദ്യം നോക്കുക... താൻ ഇവിടെ ഉള്ളിടത്തോളം അനിയനും ഉമ്മച്ചിക്കും മനസമാധാനം കിട്ടില്ല എന്ന് അവൾക്കു നന്നായി അറിയാം...ശരീരവേദനകൊണ്ട് രാത്രി ഉറങ്ങാൻ പോലും കഴിയാതെ ഷാനവാസ്‌ കഷ്ടപ്പെടുന്നത് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.. അതായിരുന്നു അവളുടെ ലക്ഷ്യം... ഒന്നുരണ്ട് സ്ഥലത്ത് ജോലിക്ക് പോകാൻ അവൾ ശ്രമിച്ചെങ്കിലും മുസ്തഫ അനുവദിച്ചില്ല...

"എല്ലാരുടെയും മുന്നിൽ നാറ്റിച്ചതും പോരാഞ്ഞിട്ട് ഇനി ഉദ്യോഗസ്ഥ ആവാത്ത കുറവേ ഉളളൂ... പെണ്ണുങ്ങള് ജോലിക്ക് പോകുന്ന പതിവൊന്നും ഇവിടില്ല.. ഇനി ഉണ്ടാകുകയുമില്ല... എന്നെ ധിക്കരിച്ച് നീ പോയാൽ അവിടെ വന്ന് ഞാൻ തല്ലും...."

അയാൾ ദേഷ്യം കൊണ്ട് വിറച്ചു...ആ വീട്ടിൽ താമസിക്കുന്ന കാലത്തോളം തനിക്ക് ജോലി എന്നത് ഒരു പാഴ്കിനാവ് ആണെന്ന് അവൾക്ക് മനസിലായി.... ഷാനവാസിനും ഈയൊരു കാര്യത്തിൽ അവളുടെ ഭാഗം ചേർന്ന് സംസാരിക്കാനുള്ള കഴിവില്ലായിരുന്നു....അങ്ങനെ തല്ക്കാലം അവൾ ആഗ്രഹങ്ങൾ അടക്കി വച്ചു... പക്ഷേ ഓരോ ദിവസവും ഭൂതകാലത്ത് അനുഭവിച്ച നരകയാതനകളും കുഞ്ഞ് നഷ്ടപ്പെട്ടതുമെല്ലാം അവളെ വേട്ടയാടിക്കൊണ്ടിരുന്നു.... ആയിഷയുടെ കുത്തുവാക്കുകളും ശാപങ്ങളും നൗഷാദിന്റെ വൃത്തികെട്ട നോട്ടവും എല്ലാം കൂടി അവളെ ഭ്രാന്തിന്റെ വക്കിൽ എത്തിച്ചു... അതിൽ നിന്ന് രക്ഷപ്പെടാനാണ് വീണ്ടും ഫേസ്ബുക്കിൽ കഥകൾ വായിക്കാൻ തുടങ്ങിയത്.... യദുകൃഷ്ണന്റെ ഓരോ കഥയ്ക്കും അവൾ കാത്തിരുന്നു..... അങ്ങനെ ഒരിക്കൽ മുഖപുസ്തകത്തിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് റോഷ്‌നിയെ പരിചയപ്പെടുന്നത്....ഒരുപാട് സ്ത്രീകളെ ജീവിതത്തിൽ രക്ഷപ്പെടുത്തിയിട്ടുള്ള പെൺകുട്ടി.... റോഷ്‌നിയും യദുവും കൂട്ടുകാരാണെന്ന് അറിഞ്ഞതോടെ അവൾക്ക് താല്പര്യം വർദ്ധിച്ചു..... ഇടയ്ക്കിടെ റോഷ്‌നിയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി..പിന്നെ അത് ഫോൺ വിളികളിലേക്ക് മാറി.... ഒന്നും ഒളിപ്പിക്കാതെ താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാം നസ്രീൻ തുറന്നു പറഞ്ഞു... വിശ്വസിക്കാൻ പറ്റിയ നല്ലൊരു സുഹൃത്ത്... ഒരു ചേച്ചി... അതായിരുന്നു അവൾക്ക് റോഷ്‌നി...

"എന്നിട്ട് നിന്റെ കൂട്ടുകാരി അമ്പിളി പിന്നെ വിളിച്ചില്ലേ?"  എല്ലാം കേട്ട ശേഷം റോഷ്‌നി ചോദിച്ചു..

"ഒരിക്കൽ വിളിച്ചിരുന്നു.. സുനിലേട്ടന് കോയമ്പത്തൂർ എന്തോ ജോലി ശരിയായതിനാൽ അങ്ങോട്ട് പോകുവാണെന്ന് പറഞ്ഞു.. അവൾ കാരണം എന്റെ ജീവിതം ഇങ്ങനൊക്കെ ആയതിൽ സങ്കടം ഉണ്ടെന്നും പറഞ്ഞു... എന്റെ ജീവിതം അവൾകാരണം ഒന്നുമല്ല ചേച്ചീ നശിച്ചത്.. എന്റെ വിധി ആണ്.."

"വിധിയെ പഴിച്ചുകൊണ്ട് ഇരിക്കുന്നവരൊക്കെ തോറ്റിട്ടെ ഉളളൂ... നിനക്ക് രക്ഷപ്പെടണോ? മനുഷ്യന്മാരെ പോലെ ജീവിക്കണോ? എന്റെ കൂടെ വാ. ഞാൻ സഹായിക്കാം..."

"ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഇറങ്ങിയാൽ കുറ്റവാളികൾ ആകുക എന്റെ ഉമ്മച്ചിയും അനിയനും ആയിരിക്കും.. സാരമില്ല.... എനിക്കിപ്പോ എല്ലാം പറയാൻ ചേച്ചി ഉണ്ടല്ലോ.. അത് മതി..."

"എത്ര നാൾ നീയവിടെ ഇങ്ങനെ നിൽക്കും കുട്ടീ?"

അതിനുള്ള ഉത്തരം അവൾക്കുമറിയില്ലായിരുന്നു..

"തീരെ നിവൃത്തി ഇല്ലെന്ന് തോന്നുന്ന നിമിഷം നീ ഇറങ്ങിക്കോ... ആദ്യം നീ ചുവട് ഉറപ്പിക്കണം.. പിന്നെ ഉമ്മച്ചിയേയും അനിയനെയും കൂടെ കൂട്ടാം... എന്ത് സഹായം വേണമെങ്കിലും, ഏത് പാതിരാത്രിക്ക് ആയാലും എന്നെ വിളിച്ചോ..."

റോഷ്‌നി വാക്ക് കൊടുത്തു...

കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ അടുത്ത പ്രശ്നം തല പൊക്കി തുടങ്ങി... വേറൊരു വിവാഹലോചന... അതും അവളുടെ ഇരട്ടി പ്രായമുള്ള ഒരാളുടെ....

"റിയാസിനെ വേണ്ടെങ്കിൽ വേണ്ട... അത് നമുക്ക് അവസാനിപ്പിക്കാം... ഇതൊരു നല്ല ബന്ധമാ... ഭാര്യ വർഷങ്ങൾക്ക് മുൻപേ മരിച്ചു... ഒരു മോള് കല്യാണം കഴിഞ്ഞു പോയി... മോൻ മെഡിസിന് പഠിക്കുന്നു...അന്വേഷിച്ചിടത്തോളം നല്ല അഭിപ്രായമാണ് എല്ലാർക്കും.. ഇവളായിട്ട് കുഴപ്പമൊന്നും ഉണ്ടാക്കാതിരുന്നാൽ മതി..."

നൗഷാദ് വിശദീകരിച്ചു...മുസ്തഫയ്ക്കും ആയിഷയ്ക്കും അത് ബോധിച്ചു..ഷാനവാസ്‌ എന്തോ പറയാൻ തുടങ്ങും മുൻപ് നസ്രീൻ അങ്ങോട്ട് വന്നു..

"ഇത്തവണ എത്ര രൂപയ്ക്കാ എന്നെ വിൽക്കുന്നത്?"

എല്ലാവരും ഞെട്ടി..

"എനിക്കൊരുത്തന്റെ കൂടെ പൊറുക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ലെന്ന് നിങ്ങളോട് ഞാൻ പറഞ്ഞോ?.. എന്റെ ജീവിതത്തിൽ എന്തിനാ നിങ്ങൾ കൈ കടത്തുന്നത്?"

"നിന്നോട് ഞങ്ങൾ അഭിപ്രായം ചോദിച്ചോ?"

മുസ്തഫ ബീഡിക്കുറ്റി നിലത്തിട്ട് ചവിട്ടിക്കെടുത്തി..

"ഒന്നുകിൽ റിയാസിന്റെ കൂടെ പോണം.. അല്ലെങ്കിൽ ഇതിന് സമ്മതിക്കണം... ഏത് വേണമെന്ന് നിനക്ക് ഇപ്പോൾ തീരുമാനിക്കാം... അല്ലാതെ ഇവിടെ ഇങ്ങനെ തുടരാൻ പറ്റില്ല..."

"ഇത്രയും ക്രൂരനാവാൻ എങ്ങനെ കഴിയുന്നു വാപ്പച്ചീ...? "

ഷാനവാസ്‌ ദയനീയമായി അയാളെ നോക്കി..

"അതേടാ... ഞാൻ ക്രൂരൻ തന്നാ... ഇവളൊരുത്തി കാരണം ചീത്തപ്പേര് കേൾക്കുന്നത് ഞാനാ... നിനക്കത് പ്രശ്നം അല്ലായിരിക്കും.. "

അയാൾ അവളുടെ നേരെ തിരിഞ്ഞു..

"ഭർത്താവിനെയും വീട്ടുകാരെയും പരിചരിച്ച് അടങ്ങിയൊതുങ്ങി കഴിയുകയാണ് അന്തസുള്ള പെണ്ണുങ്ങൾ ചെയ്യുന്നത്... ഒരിക്കൽ പറ്റിയത് പോട്ടെ...വിട്ടേക്ക്.... ഇനിയുള്ള കാലമെങ്കിലും നന്നായി ജീവിക്കാൻ നോക്ക്... ഇനി അതല്ല എന്നെ എതിർക്കാനാണ് ഭാവമെങ്കിൽ എന്റെ ശരിക്കുള്ള സ്വഭാവം നീ അറിയും...."

ശരിക്കും അതൊരു ഭീഷണി തന്നെ ആയിരുന്നു.. ആ വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങാമെന്ന് ഷാനവാസ്‌ നിർബന്ധിച്ചെങ്കിലും അവൾ വഴങ്ങിയില്ല....ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ എങ്ങനെ വാടക കൊടുക്കും? ഷാനവാസിന്റെ ചികിത്സക്ക് തന്നെ കാശ് കുറേ വേണം.. ആമിനയ്ക്കും വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ട്... ദേഷ്യം വരുമ്പോൾ തെറിവിളിക്കുമെങ്കിലും മുസ്തഫ അവരുടെ മരുന്നൊന്നും മുടക്കാറില്ല.. വേറെ താമസിച്ചാൽ ആ ചിലവ് കൂടി കാണണം... എല്ലാം കൊണ്ടും കുരുങ്ങിയ അവസ്ഥയിൽ നിൽകുമ്പോഴാണ് അവളുടെ മനസ്സിൽ റോഷ്‌നിയുടെ മുഖം തെളിഞ്ഞത്... ഉടനെ അവൾ റോഷ്‌നിയെ വിളിച്ച് എല്ലാം വിശദമായി പറഞ്ഞു..

"നിന്റെ വാപ്പച്ചിയെ മുന്നിൽ കിട്ടിയാൽ ഞാൻ അടിച്ചു കരണം പുകച്ചേനെ... അയാൾക്ക് നാണമില്ലേ ഇങ്ങനെ ചെയ്യാൻ?"

റോഷ്‌നിക്ക് കോപം നിയന്ത്രിക്കാനായില്ല..

"അന്നേ ഞാൻ പറഞ്ഞതല്ലേടീ ഇറങ്ങി വരാൻ...?"

"ഞാനിപ്പോ എന്ത് ചെയ്യും ചേച്ചീ?.. ശരിക്കും ജീവിതം മടുത്തു..."

" ഒരു ബാഗിൽ അത്യാവശ്യം വേണ്ട ഡ്രസും സർട്ടിഫിക്കറ്റുകളും എടുത്ത് ഇറങ്ങിക്കോ.. "
" അപ്പൊ ഷാനുവും ഉമ്മച്ചിയും??"

"എടീ ആദ്യം  സ്വയം രക്ഷിച്ചാലെ മറ്റുള്ളവരെ രക്ഷിക്കാൻ കഴിയൂ.... അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇന്ന് തന്നെ ഇറങ്ങിക്കോ... ഞാൻ നാട്ടിലില്ല. എന്നറിയാല്ലോ... പോകേണ്ട സ്ഥലം മെസ്സേജ് ഇടാം... എന്റെ ഫ്രണ്ട് അവിടുണ്ടാകും..."

"അയ്യോ ചേച്ചി ഇല്ലാതെ എങ്ങനാ?.. അതും അറിയാത്ത ആരുടെയോ കൂടെ?"

"ഞാൻ വരുന്നത് വരെ കാത്തിരുന്നാൽ കൂടുതൽ വഷളാകും... നിനക്കൊരു പാർട്ട്‌ ടൈം ജോലിക്ക് ശ്രമിക്കാം.... അതിന്റെ കൂടെ പഠിത്തവും തുടരാം....പിന്നെ എന്റെ ഫ്രണ്ടിനെ നിനക്ക് അറിയാത്തതൊന്നും അല്ല.... നിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാ.. യദുകൃഷ്ണൻ... വിശ്വസിച്ചു ഏല്പിക്കാൻ അവനേ ഉളളൂ..."

"എന്നാലും... എനിക്ക് എന്തോ പോലെ.. ആ സാറിന് അതൊരു ബുദ്ധിമുട്ട് ആയാലോ..?"

"അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ ഇറങ്ങാൻ നോക്ക്... ഫോണുണ്ടോ കയ്യിൽ?"

"ഇല്ല..  ഷാനുവിന്റെ ആണ്...ഇത് എടുക്കാൻ പറ്റില്ല.. ഉമ്മച്ചിക്ക് വയ്യാത്തതല്ലേ... രാത്രി എന്തെങ്കിലും അത്യാവശ്യം വന്നാൽ വണ്ടി വിളിക്കാനൊക്കെ ഇതേ ഉളളൂ.."

"അത് സാരമില്ല.. പിന്നെ വാങ്ങാം... ട്രെയിൻ കേറും മുൻപ് എനിക്ക് മെസ്സേജ് ഇട്ടാൽ മതി.... ഇറങ്ങേണ്ട സ്റ്റേഷനിൽ അവൻ ഉണ്ടാകും..."

"ശരി ചേച്ചീ..."

"ജയിക്കണം എന്ന ആഗ്രഹം മാത്രം മതി... ബാക്കിയൊക്കെ നിന്നെ തേടിയെത്തും...ധൈര്യമായി അനിയനോടും ഉമ്മച്ചിയോടും യാത്ര പറഞ്ഞ് ഇറങ്ങ്..."

റോഷ്‌നി ഫോൺ വച്ചയുടനെ നസ്രീൻ  ഉമ്മച്ചിയോടും അനിയനോടും കാര്യം അവതരിപ്പിച്ചു... ആമിന ശക്തമായി എതിർത്തു...

"നീയൊരു പെൺകുട്ടിയാ...ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നവരൊന്നും നന്നായിട്ടില്ല..."

"എത്രകാലം പെൺകുട്ടികളെ ഇങ്ങനെ ഭയപ്പെടുത്തി വയ്ക്കും?.. ഈ അടിമജീവിതം ഉമ്മച്ചിക്ക് ശീലമായത് കൊണ്ടാ... പക്ഷേ എനിക്ക് പറ്റില്ല... ഒന്നുകിൽ എന്നെ പോകാൻ അനുവദിക്കണം... അല്ലെങ്കിൽ എന്നെ കൊല്ലണം...."

അതോടെ അവരുടെ എതിർപ്പുകൾ അടങ്ങി... ഷാനവാസിനു അവൾ പോകുന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും ആ നരകത്തിൽ നിന്നും രക്ഷപ്പെടുന്നതിൽ സന്തോഷവാനായിരുന്നു...പിന്നെ  താമസിച്ചില്ല അത്യാവശ്യം വേണ്ടതെല്ലാം ബാഗിൽ എടുത്തിട്ട് വീട്ടിൽ വേറെ ആരും ഇല്ല എന്നുറപ്പാക്കി അവൾ ഇറങ്ങി..
**********
"എന്റെ ഫോൺ കയ്യിൽ വച്ചോ ഇത്താ.. ഞാൻ വേറെ വാങ്ങാം..."

അവളെ ട്രെയിനിൽ കയറ്റി ഇരുത്തിയ ശേഷം ഷാനവാസ്‌ പറഞ്ഞു..

"വേണ്ട മോനേ...  ഫോൺ വാങ്ങാനുള്ള കാശൊന്നും നിന്റെ കയ്യിൽ ഇപ്പോൾ ഇല്ലെന്ന് എനിക്കറിയാം... ചേച്ചിയുടെ അടുത്ത് എത്തിയാൽ പിന്നെ രക്ഷപെട്ടല്ലോ... ഞാൻ വിളിച്ചോളാം.."

റോഷ്‌നി നാട്ടിൽ ഇല്ലെന്ന് അവന് അറിയില്ല... അന്യനായ ഒരു പുരുഷന്റെ അടുത്തേക്ക് ഒരിക്കലും അവൻ തന്നെ വിടില്ലെന്ന് അവൾക്ക് അറിയാവുന്നത് കൊണ്ട് പറഞ്ഞിട്ടില്ല...

"ഷാനൂ... നീ സൂക്ഷിക്കണം.. ഞാൻ പോയതറിഞ്ഞാൽ വാപ്പച്ചിയും മറ്റുള്ളവരും എങ്ങനെ പ്രതികരിക്കും എന്നോർത്ത് പേടിയാകുന്നു..."

"അതോർത്ത് ഇത്ത ടെൻഷനടിക്കേണ്ട... ഞാൻ നോക്കിക്കോളാം... എനിക്കൊരു സ്ഥിരം ജോലിയും താമസിക്കാൻ സ്ഥലവും കിട്ടിയാൽ ഉടനെ ഞാൻ വിളിക്കും.. ഇത്ത വരണം..."

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു....

"ഒരു മാറ്റം വേണം എന്നുള്ളത് കൊണ്ടാ ഞാനിതിനു കൂട്ട് നിൽക്കുന്നെ.. അല്ലാതെ പിരിയാൻ ഇഷ്ടമുണ്ടായിട്ടല്ല.."

നസ്രീൻ അവന്റെ കവിളിൽഉമ്മ വച്ചു..

"എല്ലാം ശരിയാകും ... "

ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഏതാനും കറൻസി നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ച ശേഷം സങ്കടത്തോടെ അവളെ ഒന്ന് നോക്കി ഷാനവാസ്‌ ചാടിയിറങ്ങി..... കരച്ചിൽ അടക്കിപ്പിടിച്ചു ശ്വാസതടസം ഉണ്ടായപ്പോൾ അവൾ ടോയ്‌ലെറ്റിൽ കയറി ശബ്ദമില്ലാതെ കരഞ്ഞു തുടങ്ങി...
*******************
പേടിയോടെ ആണ് റോഷ്‌നി യദുകൃഷ്ണന്റെ വീട്ടിലേക്ക് തിരിച്ചത്..രാവിലെ  ദുബായിൽ നിന്ന് എത്തിയ ഉടനെ ടാക്സി പിടിച്ച് ഇങ്ങോട്ട് പോരുകയായിരുന്നു... ഒരുമാസത്തോളം ആയി നസ്രീൻ യദുവിന്റെ വീട്ടിലാണ്.. ദിവസവും ഫോൺ ചെയ്യുമ്പോൾ കുഴപ്പമൊന്നും ഇല്ലെന്ന് നസ്രീൻ പറയാറുണ്ടെങ്കിലും അവൾക്ക് അത്ര വിശ്വാസം ഇല്ലായിരുന്നു.. കാരണം യദു ദേഷ്യം വന്നാൽ എങ്ങനെ ആണെന്ന് അവൾക്ക് നന്നായി അറിയാം....
റോഡിൽ ടാക്സി ഇറങ്ങി അവന്റെ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭയന്നതിൽ കാര്യം ഉണ്ടെന്ന് അവൾക്ക് മനസിലായി... വീടിനു ചുറ്റും ഓടുകയാണ് നസ്രീൻ... പിന്നാലെ ഒരു വടിയുമായി യദുകൃഷ്ണനും... റോഷ്‌നിയെ കണ്ടപ്പോൾ അവൾ ഓടി വന്ന് പിറകിൽ നിന്നു..

"ഇങ്ങോട്ട് വാടീ.... " യദു വടി ചൂണ്ടി..

"ഇല്ല... ആ വടി കളയ്..."

"അടിക്കാൻ വടി എടുത്തിട്ടുണ്ടെങ്കിൽ ഞാൻ അടിച്ചിരിക്കും... ഇവളാര് നിന്റെ രക്ഷകയോ...? എന്നാൽ ഇവൾക്കും കിട്ടും.."

"ഒന്ന് നിർത്തെടാ... എന്താ പ്രശ്നം?"

"അവളോട് ചോദിക്ക്.."

നസ്രീൻ കിതപ്പ് അടക്കാൻ പാടുപെടുകയാണ്..

"നീ പറഞ്ഞാ മതി.. എന്താടാ?"

"തൈര് ഒഴിച്ച് സേമിയ പായസം ഉണ്ടാക്കിയ ഒരാളെ നീ കണ്ടിട്ടുണ്ടോ...? ദേ ഇവൾ....."

"പാക്കറ്റ് മാറിപ്പോയതാ ചേച്ചീ.. അതിനാ എന്നെ തല്ലാൻ ഓടിക്കുന്നെ..."

നസ്രീൻ പരാതിപ്പെട്ടു..

"ഒരു കവറു മാറിപ്പോകുന്നത് ഓക്കേ... പക്ഷേ രണ്ട് പാക്കറ്റ് തൈര് പായസത്തിൽ ഒഴിക്കാൻ ഇവൾക്ക് വട്ടാണോ?...പാലും തൈരും കണ്ടാൽ തിരിച്ചറിയാത്ത കഴുത... ഇവളാണോ ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ പോകുന്നെ?.."

യദു വടി ദൂരെ എറിഞ്ഞു..

"എന്നിട്ട് ആ പായസം എന്തു ചെയ്തു?"

"എന്ത് ചെയ്യാൻ? നീ കുടിക്കുമോ  തൈര് പായസം?.. എടുത്ത് തെങ്ങിൻ ചോട്ടിൽ ഒഴിച്ചു.. അത് നക്കി നോക്കിയ അപ്പുറത്തെ വീട്ടിലെ പൂച്ച എന്നെ വാലുപൊക്കി ആസനം കാണിച്ചിട്ടാ പ്രതിഷേധിച്ചത്... അതുപോട്ടെ... നീയെപ്പോഴാ വന്നേ?"

"വരുന്ന വഴിയാ... ഇവിടെ എന്താ സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ?"

"പ്രത്യേകിച്ച് ഒന്നുമില്ല... ഈ മാരണത്തിനെ ഇവിടെ കൊണ്ടു നിർത്തിയത് മുതൽ മനഃസമാധാനത്തോടെ പുറത്തേക്കിറങ്ങിയിട്ടില്ല... ഇവളേം കൂട്ടി ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ പോയി  സ്റ്റേറ്റ്മെന്റ് എഴുതി കൊടുത്തു... ഇവളുടെ കെട്യോനെതിരെ ഉള്ള കേസിന്റെ ഡീറ്റെയിൽസും അവിടെ കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് ഇതുവരെ പോലീസിന്റെ ഉപദ്രവം ഉണ്ടായിട്ടില്ല..ഇനി ഇവളുടെ കെട്യോന്റെ വീട്ടുകാർ എപ്പോഴാ വരുന്നതെന്നറിയില്ല...."

റോഷ്‌നി നസ്രീനെ അടിമുടി നോക്കി.. താൻ വീഡിയോ കാളിൽ കണ്ട പെണ്ണ് ഒത്തിരി മാറിയിട്ടുണ്ട്... ആ കണ്ണുകളിൽ പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞിട്ടുണ്ട്.. വിഷാദഭാവത്തിന് പകരം സന്തോഷം.....യദുവിനും അതുപോലെ തന്നെ... മുടിയൊക്കെ വെട്ടിയൊതുക്കി ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തനായ വേറൊരാൾ... ഒരു മാസം കൊണ്ട് എന്ത് അത്ഭുതമാണിവിടെ സംഭവിച്ചതെന്ന് അവൾക്കു മനസിലായില്ല..
 കഴിക്കാനെന്തെങ്കിലും എടുക്കാമെന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയപ്പോൾ റോഷ്‌നി യദുവിന്റെ കൈ പിടിച്ച് തിണ്ണയിൽ ചെന്നിരുന്നു...

"യദൂ.... എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല..."

"അതിന് മാത്രം ഒന്നുമില്ല.. അവളുടെ കഥകൾ അറിഞ്ഞപ്പോൾ ഒരു ചെറിയ സഹതാപം... അതോണ്ട് ഇച്ചിരി സ്വാതന്ത്ര്യം കൊടുത്തു.. പക്ഷേ കുരിപ്പ് ഇപ്പോൾ കേറി ഭരിക്കുകയാ..."

"പക്ഷേ അവളിവിടെ ഉള്ളപ്പോൾ നീ ഹാപ്പി ആണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ടല്ലോ."

"പിന്നേ.. എന്റെ കെട്ടിയോളല്ലേ...എത്രയും പെട്ടെന്ന് ഇതിനെ ഒന്ന് കൊണ്ടുപോയി തരാമോ...?"

പറയുന്നത് കള്ളമാണെന്ന് റോഷ്‌നിക്ക് മനസിലായി...നസ്രീൻ ചായയുമായി വന്നു..

"നിനക്ക് ചെന്നൈയിൽ താമസിക്കാൻ ഓക്കേ ആണോ?"

"എവിടെ ആയാലും കുഴപ്പമില്ല ചേച്ചീ..."

"എന്റെയൊരു ഫ്രണ്ട് അവിടെയുണ്ട്... അവൾ എല്ലാം റെഡി ആക്കിത്തരാം എന്ന് പറഞ്ഞു.. പക്ഷേ ഇപ്പോഴല്ല. കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്ക്.. കേസിന്റെ കാര്യത്തിൽ തീരുമാനം ആകട്ടെ.. അല്ലെങ്കിൽ ഇടയ്ക്കിടെ വരേണ്ടി വരും.."

"അത്രയും നാൾ ഞാൻ ഇതിനെ സഹിക്കണോ? എന്നെകൊണ്ട് വയ്യ..."

"അത് വേണം....ങാ നിന്നോട് വേറൊരു കാര്യം പറയാനുണ്ട് . ഒരു സർപ്രൈസ്..."

"അതെന്താ? നിന്റെ കല്യാണം ഉറപ്പിച്ചോ?"

"അതൊന്നുമല്ല..."

"പിന്നെ..."

"നാളെ നമ്മൾ ഒരാളെ കാണാൻ പോകുന്നു.."

"ആരെയാടീ?"

"സീത.. നിന്റെ അച്ഛന്റെ പ്രണയകഥയിലെ നായികയെ...."

യദു അമ്പരപ്പോടെ അവളെ നോക്കി...

"എന്റെ ഫ്രണ്ട്സ് എല്ലാം ചേർന്ന് ഒത്തിരി കഷ്ടപ്പെട്ടാ അവരെ കണ്ടെത്തിയത്... നിന്നെ കാണണം എന്നവർ ആഗ്രഹം പറഞ്ഞു... നമുക്ക് പോകാം... ഇവളും വന്നോട്ടെ...."

അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...ആഗ്രഹിച്ചതൊന്നും ഒരിക്കൽ പോലും കിട്ടാതെ ജീവിതത്തോട് തോറ്റു മണ്മറഞ്ഞു പോയ അച്ഛന്റെ മുഖം മനസിലേക്ക് ഓടിയെത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു... അച്ഛന്റെ പ്രാണനായിരുന്ന ആളെ കാണാൻ പണ്ടൊക്കെ ആശിച്ചിരുന്നു... നഷ്ടപ്പെട്ടിട്ടും ഒളിമങ്ങാതെ ഹൃദയത്തിൽ സൂക്ഷിക്കാൻ മാത്രം എന്തുതരം പ്രണയമാണ് അവർ അച്ഛന് കൊടുത്തതെന്നറിയണം...... അവൻ റോഷ്‌നിയെ നോക്കി സമ്മതഭാവത്തിൽ തലയാട്ടി....
To Top