പെയ്തൊഴിയും നേരം, ഭാഗം -5

Valappottukal



രചന: കർണൻ സൂര്യപുത്രൻ

      നന്നേ പഴക്കം ചെന്ന ഒരു ചെറിയവീടായിരുന്നു അത്... അതിന്റെ ഉമ്മറത്ത് തുരുമ്പിച്ചൊരു വീൽ ചെയറിൽ ഇരിക്കുന്ന രൂപത്തെ യദുകൃഷ്ണൻ ഇമചിമ്മാതെ നോക്കി.... തന്റെ അച്ഛന്റെ പ്രണയിനി...ജരാനരകൾ ഇല്ലാതെ അവരെ യദു ഒന്ന് സങ്കൽപ്പിച്ചു നോക്കി.... അന്നും ഇവർ സുന്ദരി ആയിരുന്നിരിക്കാം.....അവൻ അവരുടെ അടുത്ത് മുട്ടുകുത്തിയിരുന്നു..

"എന്നെ അറിയുമോ?"

അവർ ഒന്ന് ചിരിച്ചു..

"അനന്തേട്ടന്റെ മോൻ... യദുകൃഷ്ണൻ.... എന്നെങ്കിലും നീ വരുമെന്ന് അറിയാമായിരുന്നു.."

"അതെങ്ങനെ?"

"മനസ് പറഞ്ഞു... പിന്നെ ഒരു പ്രതീക്ഷയും... ഉറക്കം വരാതെ കിടക്കുന്ന സമയത്തൊക്കെ നീ ഇവിടെ എന്നെ കാണാൻ വരുന്നത് സങ്കൽപ്പിച്ചു നോക്കും... ഓരോ വട്ടുകൾ..."

അവർ  അവന്റെ കയ്യിൽ പിടിച്ചു...

"രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഇവിടെ വന്ന് എന്നെ അന്വേഷിച്ചപ്പോ ആദ്യം കാര്യം മനസിലായില്ല.. പിന്നാ അവരു വന്നത് നിനക്ക് വേണ്ടി ആണെന്ന് പറഞ്ഞത്...."

റോഷ്‌നിയുടെ സുഹൃത്തുക്കൾ ആണ് അത്... യദു നന്ദിയോടെ അവളെ നോക്കി...

"ഇവർ ആരാ മോനേ?"

"എന്റെ കൂട്ടുകാരി റോഷ്‌നി... അത് പാത്തു... സോറി, നസ്രീൻ....റോഷ്‌നിയുടെ ഫ്രണ്ട്..."

"നിങ്ങൾക്ക് ഇപ്പൊ ഞാനെന്താ കഴിക്കാൻ തരിക?"

സീത വല്ലായ്മയോടെ ചോദിച്ചു...

"ഒന്നും വേണ്ട... ഞങ്ങൾ കഴിച്ചിട്ടാ വന്നത്... ഇവിടെ ഒറ്റയ്ക്കാണോ താമസം..?"

അവർ ഭംഗിയായി പുഞ്ചിരിച്ചു..

"ഒറ്റയ്ക്ക് തന്നെയായിരുന്നു എന്നും... ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു... പിന്നെ അത് ശീലമായി....വാശിയോടെ ജീവിതത്തോട് പൊരുതുമ്പോ വിധി അവിടേം തോൽപിച്ചു... ഒന്ന് തളർന്നു വീണു... അതിൽ പിന്നെ ഇങ്ങനാ.... എഴുന്നേറ്റിട്ടില്ല...ടീച്ചറായിരുന്നു... ഇതിൽ ഇരുന്നോണ്ട് തന്നെ കുറേ കാലം ജോലി തുടർന്നു.,.. മടുത്തപ്പോ അതും നിർത്തി...ഇപ്പോൾ ഇവിടെ ഞാൻ മാത്രം.. അടുത്ത വീട്ടിലെ ഒരു കുട്ടി സഹായത്തിനു വരും....."

"കുടുംബമൊക്കെ..?"   യദു സങ്കോചത്തോടെ ചോദിച്ചു..

"അച്ഛനും അമ്മയുമെല്ലാം ഞാൻ പഠിക്കുന്ന സമയത്ത് തന്നെ പോയി.. കല്യാണം കഴിക്കാൻ എന്നെ നിർബന്ധിച്ചു പരാജയപ്പെട്ടപ്പോ ഏട്ടന്മാരും അകന്നു.....അവരെയും കുറ്റം പറയാൻ കഴിയില്ലല്ലോ... ഒരേയൊരു അനിയത്തി നഷ്ടപ്പെട്ടുപോയ പ്രണയത്തിന് വേണ്ടി ജീവിതം നശിപ്പിക്കുന്നത് അവർക്ക് സഹിക്കില്ലല്ലോ?..... സ്വന്തം കാലിൽ നിൽക്കാൻ എനിക്കൊരു ജോലി ഉണ്ടായിരുന്നത് കൊണ്ട് ഭീഷണികൾക്ക് മുന്നിൽ തോറ്റില്ല...... പക്ഷേ എല്ലാവരും അകന്നു പോയി...."

യദുകൃഷ്ണൻ ഞെട്ടലോടെ കേട്ടിരിക്കുകയാണ്... തന്റെ അച്ഛനെ മറക്കാൻ കഴിയാത്തതിനാൽ ഇന്നും  തനിച്ചു കഴിയുന്ന ഒരു സ്ത്രീ,.... അവിശ്വസനീയം തന്നെ..

"ഒരിക്കൽ പോലും ഒരു കൂട്ട് വേണമെന്ന് അമ്മയ്ക്ക് തോന്നിയില്ലേ?"

മൂവരുടെയും മനസ്സിൽ ഉണ്ടായിരുന്ന ചോദ്യമാണ് നസ്രീൻ ചോദിച്ചത്... അപ്പോഴും സീത ചിരിച്ചു....

"ഇല്ല....അങ്ങനൊരു തോന്നൽ ഉണ്ടായിട്ടില്ല.. കുറെ നാളത്തെ പ്രണയം സമ്മാനിച്ച ഓർമ്മകൾ ഉണ്ടായിരുന്നു കൂട്ടിന്..."

അവർ യദുവിന്റെ കവിളിൽ തലോടി...

"നിന്റെ അച്ഛനൊരു പാവമായിരുന്നു.... എന്നെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാമെന്നു പലതവണ കെഞ്ചിയതാ... പക്ഷേ ഞാൻ സമ്മതിച്ചില്ല...അനന്തേട്ടന്റെ വീട്ടുകാരുടെ സ്വഭാവം എനിക്ക് നന്നായി അറിയാം... ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കില്ല..എന്റെ വീട്ടുകാർസാമ്പത്തികത്തിലും ജാതിയിലും എല്ലാം താഴെയായിരുന്നു... വെറുതെ എന്തിനാ ഞാനായിട്ട് അദ്ദേഹത്തിന്റെ നല്ല ഭാവി കളയുന്നത് എന്നായിരുന്നു എന്റെ ചിന്ത.... പക്ഷേ കല്യാണം കഴിഞ്ഞ ശേഷം ഒരിക്കൽ ഞങ്ങൾ കണ്ടിരുന്നു....'നീ പോയതിൽ പിന്നെ സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല, ഒന്ന് ചിരിച്ചിട്ട് പോലുമില്ല ' എന്ന് എന്നോട് പറഞ്ഞപ്പോൾ ഒത്തിരി വേദന തോന്നി....എന്റെ കൂടെ ആയിരുന്നെങ്കിൽ അദ്ദേഹം ഇത്രയ്ക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന കുറ്റബോധം അലട്ടിയ തുടങ്ങിയ നാൾ എടുത്ത തീരുമാനമാ ഈ ഏകാന്ത ജീവിതം....പിന്നെ വർഷങ്ങളോളം ദൂരെയൊരു നാട്ടിൽ ജോലിയുമായി ഞാൻ കഴിഞ്ഞു കൂടി....നിന്റെ അമ്മയെ ഡിവോഴ്സ് ചെയ്ത് വേണമെങ്കിൽ അനന്തേട്ടനും എനിക്കും ഒരുമിക്കാമായിരുന്നു.. പക്ഷേ നിന്നെ ഓർത്ത് മാത്രം അദ്ദേഹം എല്ലാം സഹിച്ചു...."

ഏതോ ഓർമ്മകൾ കുത്തി നോവിച്ചതിനാലാവാം അവരുടെ കണ്ണുകൾ നിറഞ്ഞു...

"കൂടെയുള്ളതിന്റെ വില നഷ്ടപ്പെടുമ്പോഴേ അറിയൂ എന്ന് പറയുന്നത് വലിയൊരു സത്യമാ.. അതിന്റെ ഉദാഹരണമാണ് എന്റെ ജീവിതം,... അനന്തേട്ടൻ മരിച്ചതറിഞ്ഞപ്പോൾ ഒന്ന് അവസാനമായി കാണണം എന്നാഗ്രഹിച്ചു.. പക്ഷേ ചക്രക്കസേര തള്ളാൻ ഒരാളെ കിട്ടണ്ടേ?.. ഒരുപാട് കരഞ്ഞു... അതല്ലേ എനിക്ക് ചെയ്യാൻ കഴിയൂ..."

അവർ കണ്ണു തുടച്ചു...

"എന്നോട് മോന് വെറുപ്പായിരിക്കും എന്നാ കരുതിയത്.. കാരണം എന്റെ പേരും പറഞ്ഞ് അമ്മയും അച്ഛനും വഴക്കടിക്കുന്നത് കണ്ടുവളർന്ന കുഞ്ഞല്ലേ നീ.... ഇപ്പൊ സന്തോഷമായി... ഇനി ചത്താലും പ്രശ്നമില്ല...."

കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല... വിരുന്നുകാർ വന്നത് അറിഞ്ഞ് അടുത്ത വീട്ടുകാർ അവിടെത്തി... അവരായിരുന്നു സീതയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്... എല്ലാവരും ചേർന്ന് ഭക്ഷണം ഒരുക്കി കഴിപ്പിച്ചാണ് അവരെ യാത്രയാക്കിയതും....

"പാവം... അല്ലേടാ?" ... തിരിച്ചുള്ള യാത്രയിൽ റോഷ്‌നി ചോദിച്ചു.... യദു ഒന്ന് മൂളി....വാടകയ്ക്ക് എടുത്ത കാർ അവൻ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്...

"നിന്റെ അച്ഛന് ഇവരെ കെട്ടിയാൽ മതിയായിരുന്നു....കുറെ നിർബന്ധിച്ചിരുന്നെങ്കിൽ ഇവർ സമ്മതിച്ചേനെ.... ഇതിപ്പോ ആർക്കും സന്തോഷവും സമാധാനവും ലഭിച്ചില്ല..."

അതിനും യദുകൃഷ്ണൻ മറുപടി ഒന്നും പറഞ്ഞില്ല... നസ്രീൻ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്...

"നീയെന്താ ഒന്നും മിണ്ടാത്തെ?"

"ഞാനെന്ത് പറയാനാടി? ഓരോരുത്തരുടെ വിധി.. അല്ലാതെന്ത്.... അതിലും വലിയൊരു തലവേദന വന്നിട്ടുണ്ട്.. നിങ്ങളുടെ മൂഡ് കളയണ്ട എന്ന് കരുതി പറഞ്ഞില്ല എന്നേയുള്ളൂ..."

"എന്താ?" റോഷ്‌നിയും നസ്രീനും ഒരേ സമയം ചോദിച്ചു..

"നാളെ ഇവളെയും കൊണ്ട് ചെല്ലാൻ പറഞ്ഞ് ഇവളുടെ ഭർത്താവിന്റെ വക്കീൽ വിളിച്ചിരുന്നു.. ഒരു ഔട്ട്‌ ഓഫ് കോർട്ട് സെറ്റിൽമെന്റിനുള്ള ശ്രമം... പോലീസുകാരോട് ചോദിച്ചപ്പോൾ അവരും പറഞ്ഞത് ചെല്ലാനാ..."

"ഞാൻ പോകില്ല.." നസ്രീൻ പെട്ടെന്ന് തന്നെ പറഞ്ഞു..

"ഏയ്‌... നീ പോണം..." റോഷ്‌നി അവളുടെ തോളിലൂടെ കൈയിട്ടു..

"അവർക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് അടുത്തതെന്താണെന്ന് ആലോചിക്കാം... ചെന്നൈയിലെ ജോലി ഏകദേശം ഓക്കേ ആയിരിക്കുകയാണ്... എത്രയും പെട്ടെന്ന് അങ്ങോട്ട് പോകേണ്ടി വരും... അതിനുള്ളിൽ ഇതിലൊരു തീരുമാനം ഉണ്ടായാൽ നല്ലതല്ലേ?.. നീ പേടിക്കണ്ട, ഞാനും ഇവനും വരും.."

"എനിക്കതല്ലേ പണി..ഒന്ന് പോയേടീ... നീ ഒറ്റയ്ക്ക് ഉണ്ടാക്കിയാൽ മതി.. മര്യാദയ്ക്ക് ഓട്ടോ ഓടിച്ചിട്ട് നാള് കുറേ ആയി...ത്യാഗം സഹിക്കാൻ ഞാനിവളുടെ കാമുകൻ ഒന്നുമല്ലല്ലോ.."

റോഷ്‌നി എന്തോ പറയാനാഞ്ഞതും നസ്രീൻ അവളെ തടഞ്ഞു..

"വേണ്ട ചേച്ചീ.. ആരെയും നിർബന്ധിക്കണ്ട.. എന്തായാലും ഇവിടെ വരെ എത്തിയില്ലേ?"

"ചെന്നൈയിൽ ജോലി കിട്ടി പോകുന്നതിന്റെ അഹങ്കാരം.... ആദ്യം ഇരിക്കെടീ... എന്നിട്ട് കാല് നീട്ട്..."

"യദൂ... ഒന്ന് നിർത്തിക്കേ... നിനക്ക് എന്താ ഇത്രയും ദേഷ്യം? ഇവള് രക്ഷപ്പെടാനല്ലേ നമ്മളീ കഷ്ടപ്പെടുന്നേ?"

"അത് ആദ്യം ഇവള് ചിന്തിക്കണം... കോടതിയിൽ കേസ് നടക്കുകയാ... ഇവളുടെ ഭർത്താവോ അയാളുടെ വീട്ടുകാരോ ഒന്നും ചെയ്യില്ല.. എന്നിട്ടും പേടി... ഇവളാണ് ജോലി ചെയ്ത് തനിച്ചു ജീവിക്കാൻ പോകുന്നെ... നീ നോക്കിക്കോടീ... ചെന്നൈയിൽ പോയാൽ രണ്ടാമത്തെ ദിവസം മോങ്ങിക്കൊണ്ട് ഇങ്ങോട്ട് തന്നെ വരും..."

"നീയൊന്ന് വണ്ടിയെടുക്കുന്നുണ്ടോ?"  റോഷ്‌നി ദേഷ്യപ്പെട്ടു.... അവൻ എന്തോ പിറുപിറുത്ത് കൊണ്ട് കാർ മുന്നോട്ടെടുത്തു..
***************
"അങ്ങനൊക്കെ സംഭവിച്ചു പോയി... ഇനി അടുത്തത് എന്താണെന്ന് ആലോചിക്കുന്നതല്ലേ നല്ലത്?" 

അഡ്വക്കറ്റ്  സണ്ണി അനുനയിപ്പിക്കാൻ ശ്രമിച്ചു...നസ്രീനും റോഷ്‌നിയും കേട്ടിരിക്കുകയാണ്... അടുത്തുള്ള കസേരയിൽ നബീസയുമുണ്ട്...

"റിയാസ്  ട്രീറ്റ്മെന്റ് കൃത്യമായി എടുക്കുന്നുണ്ട്. ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.. അതാ വരാഞ്ഞേ... അവന്റെ ഭാഗത്ത് തന്നെയാണ് നൂറുശതമാനം തെറ്റ്.. എന്നുവച്ച് ബന്ധം വേർപെടുത്താണോ? കല്യാണം കഴിഞ്ഞ ശേഷമാണ് മാനസികമായി പ്രശ്നങ്ങൾ വരുന്നതെങ്കിലോ?.. ഒന്നുമില്ലെങ്കിലും നിങ്ങളെ സാമ്പത്തികമായി ഇത്രയൊക്കെ സഹായിച്ചതല്ലേ...? കോടതി കേറ്റി വെറുതേ നാണം കെടുത്തണോ..?"

"നിങ്ങള് വളച്ചു കെട്ടാതെ കാര്യം പറ വക്കീലേ.."
റോഷ്‌നി പുച്ഛത്തോടെ ചിരിച്ചു 

"ഇവൾക്ക് വേറെയും ജോലിയുണ്ട്.. വെറുതെ മിനക്കെടുത്തരുത്..."

"നീയാരാടീ അത് പറയാൻ? ഇത് ഞങ്ങളുടെ കുടുംബകാര്യമാ..."

നബീസ ശബ്ദമുയർത്തി.. റോഷ്‌നി അവരെ നോക്കി..

"ദേ തള്ളേ... അടിച്ച് അണപ്പല്ല് തെറിപ്പിക്കും ... വക്കീല് വിളിച്ചിട്ടാ ഞങ്ങൾ വന്നത്. അപ്പോ കാര്യം ഇയാള് പറഞ്ഞോളും... നസ്രീൻ അല്ല ഞാൻ... നിങ്ങള് ഇവളെ പോലെ പാവം പെൺപിള്ളേരെ മാത്രമേ കണ്ടിട്ടുണ്ടാകൂ.. ഇത് ആള് വേറെയാ... "

"പ്ലീസ്... ഒരു പ്രശ്നം ഉണ്ടാക്കാനല്ല ഞാൻ വിളിപ്പിച്ചത്.."    സണ്ണി ഇടപെട്ടു..

"നമുക്ക് രമ്യമായി പരിഹരിക്കുന്നതല്ലേ നല്ലത്..?"

"എങ്ങനെ?... നിങ്ങൾ അത് പറ.."

"കേസ് പിൻവലിക്കണം... ഇനിയൊരു പ്രശ്നം ഉണ്ടാവില്ല എന്ന് ഇവിടെ വച്ചു ഇവർ ഉറപ്പ് തരും.."

"എന്നിട്ട് ഇവൾ ഇവരുടെ കൂടെ പോണം അല്ലേ?"

"യെസ്... അതാണല്ലോ നല്ലത്... "

"നീയെന്താടീ ഒന്നും പറയാത്തത്..? നിന്റെ ജീവിതമാണ് ഇവിടെ ചർച്ച ചെയ്യുന്നേ.. തീരുമാനം നിന്റെയാ.."

റോഷ്‌നി നസ്രീനോട്‌ ചോദിച്ചു.. അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ വക്കീലിനെ നോക്കി..

"നടക്കില്ല...കേസ് പിൻവലിക്കണമെങ്കിൽ എനിക്ക് മ്യുച്ചൽ ഡിവോഴ്സ് കിട്ടണം... കോടതിയിൽ പോയാലും എനിക്ക് ഡിവോഴ്സ് കിട്ടും.. ഒരു ഭ്രാന്തന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല...പക്ഷേ അതുകൊണ്ട് ഇവർക്ക് മാത്രമാ നഷ്ടം... കൊലപാതകശ്രമത്തിന് കൂട്ടുനിന്ന കുറ്റത്തിന് ഈ സ്ത്രീ അടക്കം കമ്പിയെണ്ണും... നിയമം എനിക്കും കുറച്ചൊക്കെ അറിയാം..."

സണ്ണി ആശ്ചര്യത്തോടെ അവളെ ഉറ്റുനോക്കി.

"ഇനിയെന്റെ ജീവിതത്തിൽ ഇവരോ ഇവരുടെ മോനോ ഉണ്ടാകാൻ പാടില്ല.. ഒരു നോട്ടം കൊണ്ടുള്ള ഭീഷണി പോലും ഉണ്ടായാൽ ഞാൻ പ്രതികരിക്കും... എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതാ... ഇവർ അങ്ങനെ അല്ലല്ലോ.."

"ഹേയ്.. കൂൾ.... നമ്മൾ വഴക്കിടാൻ അല്ലല്ലോ ഇവിടെ കൂടിയത്.... ശരി... കോർട്ടിൽ പോയാൽ കിട്ടുന്ന അതേ നഷ്ടപരിഹാരം മതിയോ..? അതോ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടോ?"

"ഒരു രൂപ പോലും വേണ്ട..."  നസ്രീൻ ചിരിച്ചു...
"ഇവരുടെ കൂടെയുണ്ടായിരുന്ന നാളുകൾ ഒരു ദുസ്വപ്നം ആയി മറക്കാൻ ശ്രമിക്കുകയാണ് ഞാൻ... പിന്നെ ആവശ്യത്തിന് കാശ് എന്റെ അനിയന്റെ ചികിത്സയ്ക്കും മറ്റുമായി ചിലവാക്കിയിട്ടുണ്ടല്ലോ... അത് തന്നെ ധാരാളം...എനിക്ക് തരാൻ ഉദ്ദേശിച്ച പൈസ കൊണ്ട് മോന്റെ ഭ്രാന്ത് മാറ്റാൻ ഇവരോട് പറഞ്ഞേക്ക്..."

അവൾ എഴുന്നേറ്റു... കൂടെ റോഷ്‌നിയും.. നടക്കാൻ തുനിഞ്ഞ് എന്തോ ഓർത്തപോലെ നസ്രീൻ നബീസയുടെ മുന്നിലെത്തി...

"സ്ത്രീകളെ ബഹുമാനിക്കാൻ ആൺമക്കളെ പഠിപ്പിക്കേണ്ടത് അമ്മമാരാ.. അതിന് കഴിയാത്ത നിങ്ങളൊരു തോൽവി ആണ്.. കേസ് കോടതിയിൽ പോയാലും അവൻ മാനസിക രോഗി എന്ന ആനുകൂല്യത്തിൽ ഊരി വരും എന്ന് എനിക്ക് അറിയാം... അതുകൊണ്ടാ എന്റെ സമയം കളയാത്തത്.. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതാ... ഒരു അപേക്ഷ മാത്രം.. ഇനിയൊരു പെണ്ണിനെ മോന് കടിച്ചു കീറാൻ ഇട്ടുകൊടുക്കരുത്..."

അത്രയും പറഞ്ഞ് അവൾ വേഗത്തിൽ പുറത്തേക്കിറങ്ങി... താഴെക്കുള്ള സ്റ്റെയർകേസിന് അടുത്ത് എത്തിയപ്പോഴാണ് അവിടെ മുസ്തഫയും നൗഷാദും നില്കുന്നത് കണ്ടത്.. അവൾ അവരെ ഗൗനിക്കാതെ താഴേക്ക് ഇറങ്ങാൻ ഭാവിച്ചപ്പോൾ നൗഷാദ് മുന്നിൽ കയറി നിന്നു..

"എല്ലാരേയും നാണം കെടുത്തി എങ്ങോട്ടാടീ പിഴച്ചവളേ നീ പോകുന്നെ?ഇത്രയും കാലം പോറ്റി വളർത്തിയ ഈ മനുഷ്യനെക്കുറിച് നീ ആലോചിച്ചോ?"

"വഴി മാറ്... എനിക്ക് പോണം.." നസ്രീൻ കടുത്ത സ്വരത്തിൽ പറഞ്ഞു..

"എവിടെ..? ഭർത്താവിനെതിരെ കേസ് കൊടുത്ത് കണ്ടവന്റെ കൂടെ കിടക്കാനല്ലേ...? അതും അന്യമതക്കാരൻ.."

"എസ്ക്യൂസ്മീ..."  പിന്നിൽ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. മുണ്ട് അഴിച്ചുടുത്തുകൊണ്ട് യദുകൃഷ്ണൻ അങ്ങോട്ട് വന്നു..

"നീയെവിടെ പോയതാടാ?"  റോഷ്‌നി ചോദിച്ചു..

"രാവിലത്തെ മുട്ടക്കറി ചതിച്ചു... ടോയ്‌ലറ്റിൽ പോയതാ... അത് വിട്.. ഇവിടെന്താ പ്രശ്നം..?"

"ഓ.. അപ്പൊ നീയാണല്ലേ ഇവളെ വച്ചോണ്ടിരിക്കുന്നവൻ...?"   നൗഷാദ് അവനെ അടിമുടി നോക്കി..

"അതേ.... എന്തേ?"

"അധികകാലം നിന്നെ ഞങ്ങൾ വാഴിക്കില്ല.."

പറഞ്ഞു തീരും മുൻപ് യദുകൃഷ്ണൻ കൈ ചുരുട്ടി ആഞ്ഞിടിച്ചു.... നൗഷാദ് മൂക്കും പൊത്തി പിടിച്ച് പിന്നോട്ട് വേച്ചു പോയി... അയാളെ ചുമരിൽ ചാരി നിർത്തി നെഞ്ചിലും വയറിലും അവൻ പലതവണ ഇടിച്ചു... തടയാൻ ശ്രമിച്ച മുസ്തഫയെ അവൻ കുടഞ്ഞെറിഞ്ഞു... ബഹളം കേട്ട് സണ്ണിയും അയാളുടെ അസിസ്റ്റൻസും റോഷ്‌നിയും മറ്റും അവനെ ബലമായി പിടിച്ചു മാറ്റി..എല്ലാവരുടെയും പിടി വിടുവിച്ച് അവൻ മുസ്തഫയുടെ അടുത്തെത്തി...

"സ്വന്തം അല്ലെങ്കിലും നിങ്ങളെ ആത്മാർത്ഥമായി അല്ലേ ഈ പെണ്ണ് വാപ്പച്ചീ എന്ന് വിളിച്ചിരുന്നേ?.. ഇവളെ വിറ്റ് കാശ് വാങ്ങാൻ നിങ്ങൾക്ക് എങ്ങനെ മനസ് വന്നു?.. ജീവിതം ഒരിക്കൽ നശിപ്പിച്ചതും പോരാഞ്ഞിട്ട് പിന്നേം അതിന് ശ്രമിക്കുകയാണോ താൻ?.. ഇന്നും ഈ പെണ്ണിന് തന്നോട് ബഹുമാനം ആണ്. ഉണ്ട ചോറിനുള്ള നന്ദി... ആ ഒരൊറ്റ കാരണം കൊണ്ടാ തന്നെ ഞാൻ തല്ലാത്തത്... ഈ നാറി ഇവളുടെ പത്താം വയസ്സ് മുതൽ ദേഹത്ത് കൈ വയ്ക്കാൻ തുടങ്ങിയതാ... ഇവന്റെ പെണ്ണുമ്പിള്ള അതിന് കൂട്ട് നില്കുന്നുമുണ്ട്... തന്റെ മോൻ ഷാനു അതറിഞ്ഞ് ഇവന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം ശല്യം കുറഞ്ഞു... തന്നോട് പറഞ്ഞാൽ വിശ്വസിക്കില്ലല്ലോ... കാരണം അനിയനെയും അയാളുടെ ഭാര്യയെയും തനിക്കു അത്രക്ക് വിശ്വാസമല്ലേ... അതോണ്ട് ഈ പിള്ളേർ എല്ലാം മറച്ചു വച്ചു.. ചതഞ്ഞരഞ്ഞ മനസും കുഞ്ഞു നഷ്ടപ്പെട്ടതിൽ തകർന്ന മനസുമായി തിരിച്ചെത്തിയ ഇവളോട് ഇവൻ ആവശ്യപ്പെട്ടത് കൂടെ കിടക്കാനാ..."

മുസ്തഫ അവിശ്വസനീയതയോടെ നൗഷാദിനെ നോക്കി..

"ഇവൾക്ക് ഇന്നൊരു വലിയ സ്വപ്നം ഉണ്ട്... അത് നേടാനുള്ള ശ്രമത്തിലാ..പെണ്ണുങ്ങളെ കൂടെ കിടക്കാനും വീട്ടുജോലി ചെയ്യാനും മാത്രമുള്ള ഉപകരണങ്ങൾ ആയി കാണുന്ന വൃത്തികെട്ട ചിന്താഗതി നിങ്ങള് ചത്താലേ മാറൂ എന്ന് എനിക്കറിയാം.. ഞാനെന്റെ ഭാര്യയെ തല്ലാറുണ്ട് എന്ന് നിങ്ങൾ പറഞ്ഞതായി ഞാൻ അറിഞ്ഞു..  ആ സ്ത്രീക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് കൊള്ളുന്നതാ... തിരിച്ചു അടിക്കില്ല എന്നുറപ്പുള്ള ഒരാളെ തല്ലുന്നത് കൊണ്ട് ഒരുത്തനും മഹാൻ ആകില്ലെടോ... ചിലവിന് കൊടുത്തു എന്ന ഒറ്റ കാരണം കൊണ്ട് ഭാര്യയും മക്കളും അടിമകളും അല്ല... അവർക്കും സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഉണ്ട്.... മേലാൽ ഇവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നാൽ ജീവനോടെ കത്തിച്ചിട്ട് ഞാൻ ജയിലിൽ പോകും..."

നൗഷാദ് തറയിൽ ഇരിക്കുകയാണ്.. മൂക്കിൽ നിന്നും കുതിച്ചൊഴുകുന്ന ചോര അയാളുടെ ഷർട്ടിൽ പടർന്നിരുന്നു...

"ഞാൻ ഇവളെ കെട്ടാൻ പോകുവാ.. ജാതിയും മതവും നോക്കാതെ... നീ ആണാണെങ്കിൽ തടയാൻ വാ ..... "
യദു മുണ്ട് മടക്കി കുത്തി നബീസയെ നോക്കി.. അവർ നിന്ന് വിയർക്കുകയാണ്..

"ഇതുപോലെ നിങ്ങടെ മോനും രണ്ടെണ്ണം കൊടുക്കണമെന്ന് കരുതിയാ ഇങ്ങോട്ട് വന്നേ... അവന്റെ സമയം നല്ലതാ.....അതോണ്ടല്ലേ മുങ്ങാൻ തോന്നിയത്.... എന്നെങ്കിലും അവനെന്റെ മുന്നിൽ വന്നാൽ അന്ന് അവസാനമായിരിക്കും.. പറഞ്ഞേക്ക്..."

അവൻ താഴേക്കുള്ള പടികളിറങ്ങി.. പിന്നാലെ നസ്രീനും റോഷ്‌നിയും...
"നീ കാര്യമായി പറഞ്ഞതാണോടാ?" 
റോഡിലെത്തി ഓട്ടോയ്ക്ക് കാത്ത് നിൽകുമ്പോൾ റോഷ്‌നി ചോദിച്ചു..

"എന്ത്?"
"ഇവളെ കെട്ടാൻ പോകുകയാണെന്ന്..?"
"പിന്നേ എനിക്ക് വട്ടല്ലേ..? ഒരു പഞ്ചിനു പറഞ്ഞതാ..."

"അല്ലെങ്കിലും ആര് സമ്മതിക്കുന്നു?.. ഒരിക്കൽ കല്യാണം കഴിച്ചതിന്റെ ക്ഷീണം തീർന്നില്ല.. ഇനി അഥവാ എന്നെങ്കിലും അങ്ങനെ ഒരാഗ്രഹം തോന്നിയാലും ഇങ്ങേര് വേണ്ട...വലിയ എഴുത്തുകാരൻ.. സത്യം എനിക്കല്ലേ അറിയൂ... കള്ളുകുടിയൻ...."

നസ്രീൻ വിട്ടു കൊടുത്തില്ല..

"നിർത്തിക്കേ രണ്ടും..."  റോഷ്‌നി യദുവിന്റെ കൈ പിടിച്ചു...
"താങ്ക്സ് ഡാ... ഇനി പ്രശ്നങ്ങൾ ഒന്നുമുണ്ടാകില്ല എന്ന് വിശ്വസിക്കുന്നു... ഞാനിവളെ കൊണ്ടുപോകുകയാ.. കുറച്ചു ദിവസം എന്റെ വീട്ടിൽ നിൽക്കട്ടെ... എന്നിട്ട് ചെന്നൈയിൽ വിടാം..."

"ഉം..."

"നീ നാട്ടിലേക്കാണോ...?"

"അതെ..നാളെ ഓട്ടോ സർവീസ് ചെയ്യാൻ പോണം..."
"ഇനിയെന്നാ പുതിയ കഥ എഴുതുന്നെ?"
"തീരുമാനിച്ചിട്ടില്ല..."
"എന്നാൽ അത് തീരുമാനിക്ക്...ദൈവം തന്ന കഴിവാണ്.. വെറുതേ കള്ളും കുടിച്ച് നടന്ന് അത് നശിപ്പിക്കരുത്..."
അതിനും അവനൊന്ന് മൂളി.... റോഷ്‌നി അതുവഴി വന്ന ഓട്ടോ കൈ കാട്ടി നിർത്തി..
"ചേട്ടാ കെ എസ് ആർ ടി സി ബസ്റ്റാന്റ് പോകുമോ?"
ഡ്രൈവർ തലകുലുക്കി..അവൾ ആദ്യം കയറി നസ്രീൻ ബാഗ് ഓട്ടോയിൽ വച്ച് അവനെ നോക്കി..
"ഞാൻ പോട്ടെ?"
"ശരി..."
"ഒത്തിരി നന്ദിയുണ്ട്... എല്ലാത്തിനും.."
"നന്ദിയൊന്നും വേണ്ട.. ഞാൻ റോഷ്‌നിക്ക് വേണ്ടി ചെയ്തതാ.. പക്ഷേ നാളെ ഏതെങ്കിലും ഒരു പെണ്ണ് നിന്നെപ്പോലെ കഷ്ടപ്പെടുന്നത് കണ്ടാൽ നീ തീർച്ചയായും സഹായിക്കണം... "
"ഞാൻ ഏട്ടനെ മിസ്സ്‌ ചെയ്യും..."
"എന്തിന്? എന്നെക്കുറിച്ചു ചിന്തിക്കാൻ പോലും പാടില്ല... ജോലി ചെയ്യ്.. അതോടൊപ്പം പഠിച്ച് ഒരു കരയ്ക്ക് എത്ത്... ഉമ്മച്ചിയേയും അനിയനെയും കൂടെ കൂട്ടി സന്തോഷമായി ജീവിക്ക്... ജീവിതത്തിൽ ജയിച്ച ശേഷം എല്ലാവരെയും കൂട്ടി എന്നെ കാണാൻ വാ.. ചത്തില്ലെങ്കിൽ ഞാൻ  വീട്ടിൽ തന്നെ ഉണ്ടാകും..."

"അങ്ങനൊന്നും പറയല്ലേ..."  അവളുടെ കണ്ണുകൾ നിറഞ്ഞു...
"പെണ്ണേ... എനിക്ക് കരയുന്ന പെണ്ണുങ്ങളെ തീരെ ഇഷ്ടമല്ല...."
അവൻ അവളുടെ കണ്ണുകൾ തുടച്ചു.. പിന്നെ തട്ടം നേരെ ഇട്ടു...
"ഇനി നിന്റെ ലൈഫ് തീരുമാനിക്കുന്നത് നീ മാത്രമാ... കോടീശ്വരി ആകണം എന്നൊന്നും ഞാൻ പറയില്ല.. അതൊക്കെ സിനിമയിലും കഥകളിലും മാത്രമേ നടക്കൂ... ഒരു നേരത്തെ ആഹാരം കഴിക്കാൻ മറ്റൊരാളെ ആശ്രയിക്കാതിരിക്കുന്നതും വിജയം തന്നെയാണ്... നിന്നെക്കൊണ്ട് സാധിക്കും... ബെസ്റ്റ് വിഷസ്..."

നസ്രീൻ ഓട്ടോയിൽ കയറി...അത് ദൂരെ മറയുന്നതും നോക്കി കുറച്ചു നേരം യദുകൃഷ്ണൻ അവിടെ തന്നെ നിന്നു.. പിന്നെ റയിൽവെ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു...
**************
ഒരു വർഷത്തിന് ശേഷം......
തന്റെ ഓട്ടോയിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്നു യദു.. പിന്നിൽ ആരോ വന്നിരുന്നത് അറിഞ്ഞ് അവൻ ഗ്ലാസിലൂടെ നോക്കി.... റോഷ്‌നിയെ കണ്ട് അവൻ അമ്പരന്നു..
"നീയെപ്പോ വന്നെടീ?"
"പുലർച്ചെ... ട്രെയിൻ ഇറങ്ങി നേരെ നിന്റെ വീട്ടിലേക്കാ പോയത്... അമ്മ പറഞ്ഞു നീ ഏതോ ഓട്ടം കിട്ടി പോയതാണെന്ന്...."

"അതെ.. ഒരു ഹോസ്പിറ്റൽ ട്രിപ്പ്‌ ഉണ്ടായിരുന്നു.. കഴിഞ്ഞ് വന്നതേയുള്ളൂ.."

"അമ്മ ഹാപ്പി ആണല്ലോ... എന്തായാലും നന്നായെടാ.. നിന്റെ അച്ഛന്റെ കൂടെ ജീവിക്കാൻ അവർക്ക് വിധി ഉണ്ടായില്ല.. മരിക്കുന്നത് വരെ മകന്റെ സ്ഥാനത്ത് നീ കൂടെയുണ്ടാവണം..."

അവൻ പുഞ്ചിരിച്ചു..
"അച്ഛന്റെ എഴുന്നേറ്റ് നടക്കാൻ പോലും വയ്യാത്ത പഴയ കാമുകിയെ കൂടെ താമസിപ്പിക്കുന്നത് അവരോടുള്ള സഹതാപം കൊണ്ടൊന്നുമല്ല..എനിക്കും ആരെങ്കിലും വേണ്ടേ?.. ഒറ്റയ്ക്ക് മടുത്തെടീ... ഭ്രാന്ത് പിടിക്കുന്നത് പോലെ... അതാ അമ്മയുടെ കാലു പിടിച്ച് കൂടെ വരാൻ പറഞ്ഞത്... ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ലാത്തതിനാൽ ആദ്യമൊന്നും സമ്മതിച്ചില്ല... എന്റെ സങ്കടം കണ്ട് മനസലിഞ്ഞിട്ടുണ്ടാകണം, അതാ വന്നത്... കയറി ചെല്ലുമ്പോൾ കാത്തിരിക്കാൻ ആരുമില്ലാത്ത വീട് നരകം തന്നെയാ....ഇപ്പൊ ഒത്തിരി സന്തോഷമുണ്ട്.. അമ്മയെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി മുടിയൊക്കെ ചീകി കൊടുക്കുമ്പോ എനിക്ക് തോന്നും അമ്മയെ മാത്രമല്ല ഒരു മോളെ കൂടി എനിക്ക് കിട്ടിയെന്ന്..."

"ഇപ്പൊ ഒരുമാസം ആയി അമ്മ നിന്റെ കൂടെ അല്ലേ?"
"അതെ..."
"നസ്രീൻ വിളിക്കാറില്ലേ?"
"രണ്ടു തവണ വിളിച്ചിരുന്നു.. പിന്നെ ഞാൻ എടുത്തില്ല..."
"എന്തുപറ്റി..?"
"ഒന്നുമില്ല.. ഓരോ തിരക്ക്.."
റോഷ്‌നി മുന്നോട്ട് ആഞ്ഞ് അവന്റെ മുഖം പിടിച്ചു തിരിച്ചു..
"നീയവളെ വല്ലാതെ മിസ്സ്‌ ചെയ്തു അല്ലേ?"
"ഒന്ന് പോടീ..."
"യദൂ... എന്നോട് കള്ളം പറയണ്ട.. ഈ ഒരു വർഷമായി ഞാൻ അവളെ കുറിച്ച് എപ്പോ സംസാരിച്ചാലും നീ ഒഴിഞ്ഞു മാറും... പക്ഷേ നീ എഴുതിയ ഓരോ കഥയിലും എനിക്ക് അവളെ കാണാം.. പിന്നെ പറയാതെ പോയൊരു പ്രണയവും..."

അവൻ മിണ്ടിയില്ല..
"നിനക്കവളെ ഇഷ്ടമാണോ?"

"അങ്ങനെ ചോദിച്ചാൽ... അറിയില്ലെടീ... പക്ഷേ അവൾ പോയ ശേഷം എന്റെ വീട് ഉറങ്ങിപ്പോയി... കുറച്ചു നാൾ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളുവെങ്കിലും അവളോടൊപ്പം ഉള്ള ഓരോ നിമിഷവും വല്ലാത്ത സന്തോഷം അനുഭവിച്ചിരുന്നു.. എന്നോ മറന്നുപോയ ചിരിക്കാനുള്ള കഴിവ് പോലും തിരിച്ചു കിട്ടിയത് അവൾ വന്ന ശേഷമാ... ശരിക്കും ഒരു മാലാഖ തന്നെയാ ആ കുട്ടി...."
"പിന്നെന്തിനാ നീയവളെ പറഞ്ഞു വിട്ടത്?"
"അവൾക്കൊരു നല്ല ഭാവി ഉണ്ട്.. ഒരുപാട് ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും സ്വതന്ത്രമായി പറക്കട്ടെ...ഞാൻ അവളെ വിട്ടില്ലെങ്കിൽ അവൾ കരുതും ഞാൻ സഹായിച്ചത് സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ആണെന്ന്... "

"ഉം.. മെഡിക്കൽ കോഡിങ് കോഴ്സ് കഴിഞ്ഞ് അവൾക്ക് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കിട്ടി.."

"ആണോ... സന്തോഷം..."
" അനിയന് ഒരു ജോലി ശരിയാക്കി കൊടുത്തതും ഉമ്മയ്ക്കും അവനും താമസിക്കാൻ വാടക വീട് എടുത്തു കൊടുത്തതും നീയാണെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു..അന്ന് തൊട്ട് നിന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതാ ആ പെണ്ണ് ... "
"ഛെ... വേണ്ടായിരുന്നു.. നീ ചെയ്തതായിട്ട് പറഞ്ഞാൽ പോരേ...?"
"സാരമില്ല... നീ വണ്ടിയെടുക്ക്... ഇന്ന് ഉച്ചയ്ക്ക് ഫുഡ്‌ നിന്റെ വീട്ടിൽ നിന്ന്..."

"അവിടെ കാര്യമായി ഒന്നും ഇല്ലെടീ.. അമ്മയ്ക്ക് നോൺ വെജ് ഒന്നും നിർബന്ധമില്ല.."
"അതെന്തെങ്കിലും ഉണ്ടാക്കാം.. വണ്ടിയെടുക്ക്..."
യദു ഓട്ടോ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു...
"എടാ ഞാനൊരു കാൾ ചെയ്തിട്ട് വരാം.."
വീട്ട് മുറ്റത്ത് ഓട്ടോ നിർത്തിയപ്പോൾ റോഷ്‌നി മൊബൈലുമെടുത്ത് പറമ്പിലേക്ക് നടന്നു... യദു തലയാട്ടി... സീതയുടെ മുറിയിൽ ആരോ സംസാരിക്കുന്നത് കേട്ടപ്പോൾ അവൻ വേഗം അവിടേക്ക് ചെന്നു..

"മോൻ ഒന്നും കഴിക്കാൻ തരാറൊന്നുമില്ലേ? അന്ന് കണ്ടപ്പോൾ നല്ല ആരോഗ്യം ഉണ്ടായിരുന്നല്ലോ.."
പരിചയമുള്ള സ്ത്രീ ശബ്ദം... യദുവിന്റെ നെഞ്ചിടിപ്പ് കൂടി... അവൻ വാതിൽ തള്ളി തുറന്നു.. പ്രതീക്ഷ തെറ്റിയില്ല... കട്ടിലിൽ ഇരുന്ന് സീതയ്ക്ക് കഞ്ഞി കോരികൊടുക്കുകയാണ് നസ്രീൻ.... അവനെ കണ്ട ഭാവം നടക്കാതെ അവൾ തന്റെ ജോലി തുടർന്നു..

"അമ്മ ഇടയ്ക്കൊക്കെ മോന്റെ മുറിയിൽ ചെന്ന് പരിശോധിക്കുന്നത് നല്ലതാ... ഇപ്പൊ കട്ടിലിന്റെ അടിയിൽ നിന്ന് എനിക്കൊരു കുപ്പി ബ്രാണ്ടി കിട്ടി.. രാത്രി കതകടച്ച് വെള്ളമടി ഉണ്ട്... രാവിലെ സ്മെൽ കിട്ടാതിരിക്കാൻ മുറിയിൽ പെർഫ്യൂം അടിക്കും... എന്തൊരു ബുദ്ധി..."

"ആണോടാ?"   സീത ദേഷ്യത്തോടെ അവനെ നോക്കി..
"ഏയ്‌... ഇവൾക്ക് വട്ടാ.." അവൻ പരുങ്ങി..
"തെളിവ് ഞാൻ കാണിച്ചു തരാം..."
"നിന്നെയെന്തിനാടീ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്?"

"യദൂ... നീ വെറുതേ ഇവളെ വഴക്ക് പറയണ്ട... കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു.. നീയെന്താ ഇവള് ഫോൺ വിളിച്ചിട്ട് എടുക്കാത്തത്?.. ഇത്രേം നേരം ഒരേ കരച്ചിൽ ആയിരുന്നു... പാവം.... "
അവർ ടൗവൽ കൊണ്ട് ചുണ്ടുകൾ ഒപ്പി..

"മതി.. മോള് പോയി ഇവനോട് സംസാരിച്ചോ.."
"എനിക്കൊന്നും സംസാരിക്കാനില്ല... ഞാൻ ഇപ്പൊ പോകും..."
അവൾ മുഖം വീർപ്പിച്ച് പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് നടന്നു..
"ഒന്ന് ചെല്ല് മോനേ..."  സീത അവനോട് പറഞ്ഞു... യദു അനുസരിച്ചു.. അടുക്കളയിൽ പാത്രങ്ങൾ കഴുകുകയാണ് നസ്രീൻ...
"നീ റോഷ്‌നിയുടെ കൂടെ വന്നതാണോ?"
ഉത്തരമില്ല...
"ജോലിയൊക്കെ എങ്ങനുണ്ട്..?"
അതിനും മറുപടി കൊടുക്കാതെ അവൾ പാത്രങ്ങൾ കഴുകി... ഉച്ച ഭക്ഷണം എല്ലാം തയ്യാറാക്കി മേശപ്പുറത്ത് വച്ചിട്ടുണ്ട്...
"നിന്റെ വായിൽ നാക്കില്ലെടീ പാത്തൂ..?"
അവൻ ശബ്ദം ഉയർത്തി...
"ദേ മനുഷ്യാ... പേടിപ്പിക്കല്ലേ..."
അവൾ തിരിഞ്ഞ് നിന്ന് അവനെ നോക്കി..
"ഇത്രയ്ക്ക് അഹങ്കാരം പാടില്ല.. വിളിച്ചാൽ എടുക്കണ്ട... മെസേജിന് മറുപടി തരാല്ലോ..? ഞാനെന്താ നിങ്ങളെ പിടിച്ചു വിഴുങ്ങുമോ..? "

അവൻ കൈകൾ മാറിൽ കെട്ടി കൗതുകത്തോടെ അവളെ നോക്കി...
"എന്താ?"
"നിന്റെ സംസാരമൊക്കെ മാറി പോയി.. ഇച്ചിരി ധൈര്യം വന്നു..."
"നിങ്ങള് പറഞ്ഞിട്ടില്ലേ മാറണമെന്ന്...?"
"അതും ശരിയാ... നിന്റെ വീട്ടിൽ പോയില്ലേ?"
നസ്രീൻ ഒരു ചുവട് മുന്നോട്ട് വച്ച് അവന്റെ തൊട്ടുമുന്നിൽ നിന്നു... യദുവിന്റെ നോട്ടം പതറി.. ഹൃദയതാളം ചടുലമായി...
"എന്തിനാ ഏട്ടാ അഭിനയിക്കുന്നെ?"
"മനസിലായില്ല..?"
"ഇടയ്കിടയ്ക്ക് ഷാനുവിനെയും ഉമ്മച്ചിയേയും വിളിക്കുകയും കാര്യങ്ങൾ  തിരക്കാറുമുണ്ട് എന്ന് എനിക്കറിയാം..  അവരോടോ റോഷ്‌നി ചേച്ചിയോടോ എന്നെ കുറിച്ച് ഒരു വാക്ക് പോലും ചോദിക്കാറില്ല... പക്ഷേ ഞാനിവിടുന്നു പോയ ശേഷം ഏട്ടൻ എഴുതിയ എല്ലാ കഥകളിലും  ഞാനുണ്ട്... ഞാൻ പായസത്തിൽ തൈര് ഒഴിച്ചത് അടക്കം എല്ലാം.... എന്നിട്ടും ഞാൻ ആരുമല്ലാത്തത് പോലെ എന്തിനാ പെരുമാറുന്നെ?.. വേറൊരുത്തൻ ചവച്ചു തുപ്പിയ പെണ്ണ് ആയതുകൊണ്ടാണോ..?"

യദു പെട്ടെന്ന് അവളുടെ ചുണ്ടിൽ വിരലമർത്തി..
"അങ്ങനൊന്നും പറയല്ലേ പാത്തൂ... ഞാൻ ചിന്തിക്കാത്ത കാര്യമാ..."
നസ്രീൻ അവന്റെ കൈ പിടിച്ചു മാറ്റി..
"പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടിട്ടാ ഞാൻ ആദ്യമായി ഇവിടേക്ക് വന്നത്... ഇന്ന് ഒരു ജോലി ചെയ്ത് അന്തസോടെ ജീവിക്കാനുള്ള ആത്മവിശ്വാസം തന്നത് ഏട്ടനാ..... ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഏട്ടന്റെ ഫോട്ടോ നോക്കിക്കൊണ്ടാ.... എനിക്ക് പ്രണയിക്കാനൊന്നും അറിഞ്ഞൂടാ... അത് എന്താണെന്ന് മനസിലാക്കും മുൻപ് എല്ലാരും ചേർന്ന് കെട്ടിച്ചു വിട്ടു... പുരുഷന്റെ സ്നേഹം എന്നെ സംബന്ധിച്ചിടത്തോളം വേദന മാത്രമാണ്.. ഭർത്താവ് അത് മാത്രമേ തന്നിട്ടുള്ളൂ... എനിക്കറിയില്ല ഏട്ടനോട്‌ എന്റെ മനസ്സിൽ എന്താണെന്ന്..."
അവളുടെ ശബ്ദം ഇടറി...
"ഒരിക്കൽ നഷ്ടപ്പെടുത്തിയതിനെ കുറിച്ചോർത്ത് ഇന്നും ഉരുകുന്ന ഒരാളാണ് അപ്പുറത്തെ മുറിയിൽ..... അതുപോലെ എനിക്ക് വയ്യ ഏട്ടാ.... എനിക്ക് ഏട്ടനെ വേണം..... എന്നെ വഴക്ക് പറയാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും എന്റെ കൂടെ എന്നും വേണം..."
നസ്രീൻ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു...കുറച്ചു നേരം എന്തു ചെയ്യണം എന്നറിയാതെ നിന്ന ശേഷം യദു  അടുത്തിരുന്ന് അവളെ തന്റെ ദേഹത്തേക്ക് ചേർത്തു...
"പാത്തൂ.... കരയല്ലേ... എനിക്ക് കരയുന്ന പെണ്ണുങ്ങളെ ഇഷ്ടമല്ല.."
"എനിക്ക് കരയുന്ന ആണുങ്ങളേം ഇഷ്ടമല്ല.."
"അതിന് ആര് കരഞ്ഞു.."
"ഇതെന്താ?"
അവൾ യദുവിന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണീരിൽ തൊട്ടു..അവൻ വേഗം അത് തുടച്ചു കളഞ്ഞു..
"ഞാൻ കരഞ്ഞതൊന്നുമല്ല.."
"ഉവ്വ.. മനസിലായി...അതേയ്... പുതിയ കഥകൾക്കെല്ലാം ഒത്തിരി പെണ്ണുങ്ങൾ കമന്റ് ഇട്ടിട്ടുണ്ടല്ലോ... അവരോട് ചാറ്റ് ചെയ്യാറുണ്ടോ?"
"ഉണ്ടെങ്കിൽ..."
"എഫ് ബി പാസ്സ്‌വേർഡ്‌ എനിക്ക് തന്നേക്കണം..."
"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി.. പണ്ട് ഒരുത്തിക്ക് കൊടുത്തതാ... അതോടെ ആ പരിപാടി നിർത്തി..."
"ഞാൻ എടുത്തോളാം.. അതിനുള്ള വഴിയൊക്കെ എനിക്കറിയാം.."
"നീയെന്തിനാ കുരിപ്പേ കള്ള് കുടിക്കുന്ന കാര്യം അമ്മയോട് പറഞ്ഞത്...? ഛെ.. ഞാനങ്ങനെ പണ്ടത്തെ പോലെ സ്ഥിരം കുടി ഒന്നുമില്ല... വല്ലപ്പോഴും മാത്രമേ ഉളളൂ.."
"ഇനി അതും വേണ്ട..."
"ബുദ്ധിമുട്ട് ആണ്..."
"ഇപ്പൊ ശരിയാക്കിത്തരാം... അമ്മേ ഇത് കേട്ടോ..."
അവൾ ഉറക്കെ വിളിച്ചതും യദു അവളുടെ വാ പൊത്തി.. പിന്നെ നെറ്റിയിൽ അധരങ്ങൾ അമർത്തി... ഉടലാകെ കോരിതരിച്ചപ്പോൾ നസ്രീൻ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു.... പ്രണയം എന്താണെന്ന് അവർ അനുഭവിച്ചറിയുകയായിരുന്നു...
*************
"രണ്ടും സെറ്റ് ആയി എന്ന് തോന്നുന്നു.."  സീതയെ വീൽചെയറിൽ ഇരുത്തി മുറ്റത്ത് എത്തിച്ച് റോഷ്‌നി പറഞ്ഞു..
"അവള് കുറേ നാളായി ഇവിടെ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ ജോലിക്ക് ശ്രമിക്കുന്നു.. ഇപ്പോഴാ കിട്ടിയത്..."
"നന്നായി മോളേ... ദൈവം ആയിട്ടാ ആ കുട്ടിയെ ഇവന്റെ അടുത്ത് എത്തിച്ചത്.."
"ദൈവം ഒന്നുമല്ല... എല്ലാം എന്റെ പ്ലാൻ ആയിരുന്നു."
റോഷ്‌നി കുസൃതിച്ചിരിയോടെ അവരെ നോക്കി...
"അവളെ സേഫ് ആയി താമസിപ്പിക്കാൻ എനിക്ക് വേറെ സ്ഥലം ഇല്ലാഞ്ഞിട്ടൊന്നുമല്ല ഇങ്ങോട്ട് വിട്ടത്... ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച രണ്ടുപേരും ഒരുമിച്ച് താമസിച്ച് പരസ്പരം മനസിലാക്കിയാൽ പിന്നീടുള്ള ജീവിതം ഹാപ്പി ആയേക്കും എന്നൊരു കണക്കുകൂട്ടൽ... അത് തെറ്റിയില്ല... ഇവർ ഒരുമിച്ചോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്ന ഷാനുവിനെയും ഉമ്മച്ചിയേയും ഞാനൊന്ന് വിളിക്കട്ടെ..."
റോഷ്‌നി മൊബൈൽ എടുത്ത് മുറ്റത്തിന്റെ അങ്ങേ തലയ്ക്കലേക്ക് നടന്നു... സീത പറമ്പിന്റെ തെക്ക് ഭാഗത്തേക്ക് നോക്കി... യദുവിന്റെ അച്ഛന്റെ അസ്ഥിത്തറ അവിടെ ഉണ്ട്....
"അനന്തേട്ടാ.... എനിക്ക് ഒത്തിരി സന്തോഷമായി... മോൻ ആഗ്രഹിച്ച പെണ്ണിനെ കിട്ടിയല്ലോ... അവർ ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ...? നമ്മളേ പോലെ അകലങ്ങളിൽ ഇരുന്ന് കരഞ്ഞു തീർക്കാനുള്ള ദുർവിധി ദൈവം അവർക്ക് കൊടുത്തില്ല... എന്റെ മരണം വരെ ഞാനും അവന്റെ കൂടെയുണ്ടാകും..."
ഒരു കുളിർതെന്നൽ അവരെ തഴുകി കടന്നു പോയി.... ലൈക്ക് കമന്റ് ചെയ്യണേ...
ശുഭം ❤
To Top