രചന: Akhila Bhama
"ചേട്ടാ... ചേട്ടാ... എഴുന്നേൽക്കാൻ എത്ര നേരമായി അമ്മ വിളിക്കുന്നു. "
കേട്ട ഭാവം വെക്കാതെ ഞാൻ ഒന്നു കൂടി പുതച്ച് കിടന്നു.
"എടാ ചേട്ടാ നീ വിളിച്ചിട്ടും എഴുന്നേൽക്കാത്തോണ്ട് അമ്മ പാത്രത്തിൽ വെള്ളം നിറച്ച് വരുന്നുണ്ട്."
ചിക്കു പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല. പിന്നെ അമ്മ ഈ മഴയത്ത് എന്റെ തലയിൽ വെള്ളം ഒഴിച്ചത് തന്നെ.
ഒന്നു പോടി എന്ന് പറയാൻ പുതപ്പ് നീക്കിയതും, അമ്മ വെള്ളം ഒഴിച്ചതും ഒന്നിച്ചായിരുന്നു.
അത് കണ്ട് അവള് ചിരിയ്ക്കാൻ തുടങ്ങി.
" അമ്മ എന്തു പണിയാ കാണിച്ചത്. ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയിരുന്നു."
"അമ്മ കാണിച്ചതാ കുറ്റം എത്ര നേരമായി നിന്നെ ഞാൻ വിളിക്കുന്നു. എന്നിട്ട് നീ എഴുന്നേറ്റോ?"
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.
ഞാൻ തലയിലെ നനവ് തൊട്ടു നോക്കി. അപ്പോഴും അവള് നിന്ന് ചിരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു തലയിണ എടുത്തു ഒരു ഏറ് കൊടുത്തു. അപ്പോഴേക്കും അവളോടി.
ഓ ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഞാൻ ചന്ദ്രശേഖർ. എല്ലാവരും എന്നെ ചന്ദ്രു എന്ന വിളിക്കാറ്. എന്നാൽ വീട്ടിൽ മാത്രം ചന്തു എന്നാണ് വിളിക്കാറ്. ഞാൻ സെക്കൻഡ് ഇയർ പിജി സ്റ്റുഡന്റാണ് കേട്ടോ.
എന്റെ അമ്മ സൗദാമിനി,സ്കൂൾ ടീച്ചറാണ്. പിന്നെ അച്ഛൻ ശേഖർ മിലിറ്ററിയാണ്. വീട്ടിലില്ലാട്ടോ. പിന്നെ എന്റെ പുന്നാര അനുജത്തി ചാരു. ചിക്കുന്ന എന്നാ ഞങ്ങള് വിളിക്കാറ്. എന്റെ സ്വന്തം കുരിശ്.
ദാ കുരുശ് വീണ്ടും വരുന്നുണ്ടല്ലൊ.
"എടാ ചേട്ടാ നിന്നെ അജിതേട്ടൻ കുറെ നേരമായി ഫോൺ ചെയ്യുന്നു വേണമെങ്കിൽ എടുത്തോ, അതു പറയാനാ ഇത്ര നേരം ഞാനും അമ്മയും നിന്നെ വിളിച്ചത്."
അവനോ അവനെന്തിനാ വിളിക്കുന്നത്. എന്തായാലും വിളിച്ചു നോക്കാം. ഞാൻ അവനെ വിളിക്കാൻ ഫോൺ എടുത്തു അപ്പോഴേക്കും അവൻ വീണ്ടും വിളിച്ചു.
"ഹലോ"
"എടാ പോത്തെ, എത്ര നേരമായെടാ നിന്നെ വിളിക്കുന്നു. ഏത് പാതാളത്തിലാടാ നീ പോയി കിടക്കുന്നെ."
അവന്റെ തെറി വിളി തുടങ്ങിയപ്പോഴേക്കും ഫോൺ കൈയിൽ നിന്നും താഴെ വീഴാൻ പോയി.
ഹെന്റമ്മോ ബെസ്റ്റ് ഡേ ഇവനെന്തിനാണാവോ ഇങ്ങനെ തെറി വിളിക്കണത്. ഞാൻ മനസ്സിൽ പറഞ്ഞു.
"എന്താഡാ കാര്യം?"
"ബെസ്റ്റ് ,നിന്നെയും കാത്ത് ഞങ്ങള് കോളേജിൽ നിൽക്കാൻ തുടങ്ങിയിട്ട് .ഒരു മണിക്കൂറായി. നിന്നെയല്ലേ ലത്തീഫ് സർ ഇന്നത്തെ ഫംഗ്ഷന്റെ കാര്യങ്ങള് എൽപ്പിച്ചത് എന്നിട്ട് ഇപ്പോൾ".
"അയ്യോ! എടാ, സോറി. ഞാൻ ഇതാ അരമണിക്കൂർ കൊണ്ട് അവിടെ എത്താം."
"നിനക്കു കുളിയും നനയുമൊന്നുമില്ലെടാ."
" അതൊക്കെ കഴിഞ്ഞു. ഞാൻ ഇതാ എത്തി. നീ വെച്ചോ"
ഞാൻ എന്റെ തലയിൽ തൊട്ടു പറഞ്ഞു.
പിന്നെ ഒരു പറക്കല് തന്നെയായിരുന്നു. ഞാൻ എന്താ ഫംഗ്ഷൻ എന്നു പറഞ്ഞില്ലല്ലോ. ഇന്ന് ഡിഗ്രി ആദ്യ വർഷ ബാച്ച് വരുകയാണ്. അതിനു ncc ഫുൾ യൂണിഫോമിൽ എത്തി ഡ്യൂട്ടി ചെയ്യാൻ ഏല്പിച്ചതാ ഞങ്ങളെ. ഞങ്ങളുടെ സ്വന്തം സർ.
ഞാൻ എത്തിയപ്പോഴേക്കും അവൻമാര് എന്നെ കൊല്ലാനുള്ള കലിപ്പിലായിരുന്നു. ഞാൻ ഗേറ്റ് കടക്കുമ്പോഴേ കൈ രണ്ടും കൂപ്പി. എല്ലാം കൂടെ എന്നെ കുനിച്ചിട്ട് ഒന്നു പെരുമാറി.
"കൊല്ലല്ലേഡാ ഞാൻ വിട്ടു പോയതാ". അവൻമാര് എന്നെ വിട്ടു ഞാൻ നിവർന്നു നിന്നു ഒരു നെടു വീർപ്പിട്ടു..
ഞാൻ നോക്കുമ്പോൾ സ്റ്റേജൊക്ക അവര് സൂപ്പർ ആയി ഒരുക്കിയിട്ടുണ്ട്.
" എടാ ,എന്തോ ഒരു ഫോൾട്ടില്ലെ?"
"നേരം വൈകി വന്നതും പോരാ കുറ്റം പറയുന്നോ നിന്നെ ഞാൻ."
അതും പറഞ്ഞ് സന്ദീപും അനീഷും കൈ പൊക്കിയതും ഞാൻ മാറി.
"ഞാൻ ചുമ്മാ പറഞ്ഞതാണേ"
"എടാ ലത്തീഫ് വരുന്നുണ്ട്."
അജീഷ് ഓടി വന്നു പറഞ്ഞു. ഞങ്ങളപ്പോഴേക്കും ഡീസന്റായി.
" എന്താണ് സന്ദീപ് അറേജ്മെന്റ്സൊക്കെ കഴിഞ്ഞോ?"
"കഴിഞ്ഞു സർ. "
" ചന്ദ്രു ഇതു വരെ യൂണിഫോം ഇട്ടില്ലെ."
" അത് പിന്നെ സർ ഞാൻ വർക്ക് ഒക്കെ കഴിഞ്ഞു മാറ്റാമെന്ന് കരുതി അതാണ്. പിന്നെ പുതിയ സ്റ്റുഡന്റ്സിന് nccയിൽ ചേരാനുള്ള ഒരു പ്രചോദനം ഉണ്ടാകാൻ യൂണിഫോം ചുളിവ് വീഴാണ്ടാന്ന് കരുതി."
എന്റെ തള്ള് കേട്ട് എല്ലാവരും വായും പൊളിച്ച് നിൽപ്പുണ്ട്.
"Good,എങ്കിൽ പിന്നെ നടക്കട്ടെ "
സാർ പോയതും അവരെല്ലാം എന്നെ തറപ്പിച്ചൊന്നു നോക്കി. ഞാൻ മെല്ലെ അവിടെ നിന്ന് തടിയൂരി ഓടി.
യൂണിഫോം മാറ്റി ബാക്കി അറേജ്മെന്റ്സൊക്കെ കഴിഞ്ഞു. ഞങ്ങൾ ഫുഡ് അടിച്ചു തിരിച്ചു വരുമ്പോഴേക്കും പുതിയ ബാച്ചിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും എത്തി തുടങ്ങിയിരുന്നു.
സ്റ്റേജിലേക്ക് കടക്കുന്നിടത്തായിരുന്നു എനിയ്ക്കും അനീഷിനും ഡ്യൂട്ടി. ഞങ്ങൾ രണ്ടുപേരും കത്തിയടിച്ചു നിൽക്കുന്നതിന്റെ ഇടയ്ക്ക് എന്റെ കണ്ണുകൾ അറിയാതെ അവളുടെ മുഖത്ത് ഉടക്കിയത്. അവളുടെ മുഖത്ത് ഒരു പരിഭ്രമമുണ്ടായിരുന്നു അതുകൊണ്ടാകണം അച്ഛന്റെ കൈയിൽ അവൾ മുറുകെ പിടിച്ചിരുന്നു.
അവളെ കണ്ടപ്പോൾ ഇത് വരെ തോന്നാത്ത എന്തോ ഒരു ഫീൽ. അവളരികെ എത്തുന്നതിനനുസരിച്ച് എന്റെ ഹൃദയ മിടിപ്പ് കൂടി കൂടി വന്നു. ആരാ ഇവൾ?
"എടാ ചന്ദ്രൂ നിന്നെ സാർ വിളിക്കുന്നു."
അഞ്ജനയുടെ വിളിയിലാണ് സ്വബോധം തിരിച്ചു വന്നത്.
"എന്താ, നീ പറഞ്ഞത്"
"നിന്നെ സാർ വിളിക്കുന്നൂന്ന്."
"ആ ഞാൻ വരാം."
ഞങ്ങൾ രണ്ടുപേരും സാറിന്റെ അടുത്തേക്ക് നടന്നു. അപ്പോഴും മനസ്സ് നിറയെ അവളായിരുന്നു. വീണ്ടും അവളെ കാണാൻ തോന്നി
ഈ സാറിന് വിളിക്കാൻ തോന്നിയ സമയം. ഓ എന്റെ ഈശ്വരാ.
സാറിനെ കണ്ടു തിരിച്ചു വരുമ്പോഴേക്കും ഹാൾ നിറഞ്ഞിരുന്നു. ആകെ ഒരു വിഷമം തോന്നി. കൂട്ടത്തിൽ അവളെ കണ്ടുപിടിക്കുക എന്ന കാര്യം കുറച്ചു ബുദ്ധിമുട്ടാണ്. ഏകദേശം 300 പേരെങ്കിലും ഇതിനകത്തുണ്ട്. ഇതിൽ നിന്നും കഴിയില്ല. എങ്കിലും ഞാൻ ഒരു ശ്രമം നടത്തി. പരാജയമായിരുന്നു ഫലം.
ആകെ വിഷമിച്ചു തിരിഞ്ഞു നിൽക്കുമ്പോഴായിരുന്നു. ഒരു വിളി "അതേ ചേട്ടാ ഓഫീസിലേക്കഉള്ള വഴി ഏതാ?"
തിരിഞ്ഞതും സ്തംഭിച്ചു നിന്നു പോയി ഞാൻ.