പ്രണയാർദ്രം, ഭാഗം 2 വായിക്കൂ...

Valappottukal



രചന: Akhila Bhama

  തിരിഞ്ഞതും സ്തംഭിച്ചു നിന്നു പോയി ഞാൻ.

ഈശ്വരാ ഇവളോ! ഇവളെന്താ ഇവിടെ?  ഇന്നെന്താ എട്ടിന്റെ പണി ഫ്ലൈറ്റ് പിടിച്ചു വരുന്ന ദിവസമാണോ? ഞാൻ മനസ്സിലോർത്തു. 

"അയ്യോ ചന്ദ്രുഏട്ടാ!!!.."

അവളെ കണ്ടപ്പോൾ എന്റെ മുഖത്ത് വന്ന ഭാവത്തിനു എന്ത് പേരാണ് പറയുക എന്നു എനിക്കറിയില്ല. ചിരിയാണോ കരച്ചിലാണോ രണ്ടും കൂടി മിക്സ് ആയ ഭാവമാണോ? 
  
"എന്താ ചന്ദ്രുഏട്ടാ ഒന്നും മിണ്ടാത്തത്?"

"നീ...നീ എന്താ ഇവിടെ?"  അറിയാതെ വിക്കലും കയറി വന്നു

"നല്ല ചോദ്യം ചേട്ടൻ ഇവിടെയാ പഠിക്കുന്നെ എന്ന് അറിഞ്ഞിട്ടു തന്നെയാണ് ഇവിടെ ചേർന്നത്. പക്ഷേ, ഈ വേഷത്തിൽ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അടിപൊളി ആയിട്ടുണ്ട് കേട്ടോ." 

എന്തിനാണെടീ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്. ഞാൻ മനസ്സിൽ പറഞ്ഞു.

"ഏട്ടൻ എനിക്ക് ഒന്നു ഓഫീസിലേക്കുള്ള വഴി പറഞ്ഞു തരോ?"

"അടുത്ത ബിൽഡിംഗിൽ ഫസ്റ്റ് ഫ്ലോറിലാണ്."

"ഞാനിപ്പൊ വരാട്ടോ"

വേണ്ട മോളെ ആ വഴി പൊയ്ക്കോ. ഞാൻ മനസ്സിൽ പറഞ്ഞു.  എന്നിട്ട് നല്ല ചിരിയും പാസാക്കി. 

"ആരാടാ അത്? " അനീഷ് ചോദിച്ചു

"അത്  കീർത്തന ഒരു വട്ട് കേസാ മോനെ, ഒന്നും പറയണ്ട. എന്റെ കസിന്റെ ഫ്രണ്ടാണ്. അവള് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാ എന്നോട് പ്രേമം. അന്ന് തന്നെ ഞാൻ പറഞ്ഞതാ എനിക്ക് നിന്നോട് ഇഷ്ടം ഒന്നുമില്ലെന്ന്‌. അവൾക്ക് പറഞ്ഞാ മനസിലാകണ്ടേ. അതൊക്കെ പതിയെ വന്നോളും എന്നു പറഞ്ഞാ നടപ്പ്."

ഞാൻ ഒന്ന് ദീർഘ നിശ്വാസം വിട്ടു.

"എന്നിട്ടും നീ എന്താ അവളോട്‌ ദേഷ്യ പെടാത്തെ?"
 
"അത് അവളുടെ അച്ഛനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്."
 
ചന്ദ്രു നിന്നെ സർ വിളിക്കുന്നു. അവിടെയുള്ള ലിസ്റ്റ് എടുത്തു വരാൻ പറഞ്ഞു
അജിത് വന്നു അത് പറഞ്ഞപ്പോൾ ഞാൻ ലിസ്റ്റുമെടുത്ത് സാറിന്റെ അടുത്തേക്ക് നടന്നു.

"എന്താഡാ നീ ആകെ ഗ്ലൂമിയായിരിക്കുന്നല്ലോ"

"ഒന്നുമില്ല നിനക്കു തോന്നിയതാകും."

എല്ലാം കഴിഞ്ഞു വീട്ടിലെത്തിയിട്ടും മനസാകെ തളർന്ന പോലെ തോന്നി.

മിണ്ടാതെ ഉമ്മറത് ഇരിക്കുന്നത് കണ്ട് അമ്മ എന്റെ അടുത്തു വന്നു.
   
"എന്താ മോനെ വല്ല പനിയും വരുന്നുണ്ടോ?"

പാവം അമ്മ രാവിലെ തലയ്ക്ക് മീതെ വെള്ളം ഒഴിച്ചത്‌കൊണ്ട് പനി വന്നൊന്നുള്ള പേടിയാ

"ഇല്ലമ്മേ" ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

"പിന്നെന്താടാ, അമ്മേന്റെ മോൻ ഇങ്ങനെ വാടി ഇരിക്കുന്നേ?"

"ഒന്നൂല്ല"  അതും പറഞ്ഞു ഞാൻ അമ്മയുടെ മടിയിൽ കിടന്നു. 

ശരിക്കും മനസിനെന്തോ ഒരു ആശ്വാസം.

ഇന്ന് രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റത് കണ്ട്. ചിക്കു പുറത്തേക്ക് നോക്കി.
 
"നീ എന്താടി നോക്കുന്നേ"
 
"കാക്ക വല്ലതും ട്രൗസറിട്ട് പറക്കുന്നുണ്ടോന്നു നോക്കിയതാ ഏട്ടാ." അവളെന്നെ ഒന്ന് ആക്കി ചോദിച്ചു.

"എടി നിന്നെയിന്ന്..." ഞാൻ അവളുടെ പിറകെ ഓടി

" തുടങ്ങിയോ  രണ്ടും രാവിലെത്തന്നെ
ഒരുങ്ങി വേഗം ക്ലാസ്സിൽ പോകാൻ നോക്ക് രണ്ടും."
  
അമ്മ ഞങ്ങളെ ഓടിച്ചു.

കോളേജിൽ എത്തിയതും ചിന്ത മുഴുവൻ ഇന്നലെ കണ്ട ആ പെണ്കുട്ടിയെ കുറിച്ചായിരുന്നു. എങ്ങനെ കണ്ടു പിടിക്കുമവളെ.

" ചന്ദ്രു ... ചന്ദ്രു.." അജിതാണ് വിളിക്കുന്നത്.

"എന്താഡാ.? "

"നമുക്കു ഒരു പണിയുണ്ട്. എല്ലാ ഫസ്റ്റ് ഇയർ ക്ലാസ്സിലും ചെന്ന് ncc  ചേരാൻ താല്പര്യമുള്ള കുട്ടികളുടെ ലിസ്റ്റ് എടുക്കണം." അജിത്ത് പറഞ്ഞു.
  
"രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്. അടിപൊളി."

"നീ എന്താഡാ പിറുപിറുക്കണത്."

" ഒന്നുമില്ല .എപ്പോഴാ പോകേണ്ടത്"

"11 മണിക്ക് നീ വന്നാൽ മതി. ഞാൻ എൻസിസി ഓഫീസിൽ കാണും." 

"അപ്പോൾ നീ ക്ലാസ്സിലേക്ക് ഇല്ലേ?"

"ഇന്ന് നമ്മുടെ വർഗീസ് സർ ആണ് രണ്ടു മണിക്കൂർ.
എനിക്ക് രാവിലെതന്നെ കുർബാന കേൾക്കാൻ വയ്യ. അതുകൊണ്ട് ഞാൻ ഓഫീസിലിരിക്കാം."
  
"എന്നാ ശരി, ഞാൻ വരാം." ഞാൻ ക്ലാസ്സിലേക്ക് നടന്നു.

11 മണിയായതും ഞാൻ ഓടി ഓഫീസിലേക്ക്.

ലത്തീഫ് സാറും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഓരോ ക്ലാസ്സും കയറുമ്പോഴും അവളെ തിരയുകയായിരുന്നു മെയിൻ ലക്ഷ്യം.

അവസാനം അവളുടെ ക്ലാസ് കണ്ടുപിടിച്ചു. Bsc chemistry. കുട്ടികളുടെ പേര് എഴുതിയെടുക്കുമ്പോൾ. ഞാൻ അവളെയൊന്നു നോക്കി. അവളൊന്നു ശ്രദ്ധിച്ചത് പോലുമില്ല.
 
ലഞ്ച്ബ്രേകിനാണ് ഞാൻ ആ ക്ലാസ്സിൽ വീണ്ടും ചെന്നത്. നോക്കുമ്പോൾ ഒരുപാടെണ്ണമുണ്ട് പുതിയ കുട്ടികളെ പരിചയപ്പെടാൻ. എന്തായാലും മുന്നോട്ടുവെച്ച കാൽ പുറകൊട്ടില്ല. ഞാൻ നേരെ അവളുടെ ഗ്യാങിന്റെ അടുത്തു പോയി. കൂട്ടത്തിൽ ncc യിൽ ചേരാൻ പേര് തന്ന കുട്ടിയെ ആദ്യം പരിചയപ്പെട്ടു.

"ചേട്ടനല്ലേ നേരത്തെ പേര് ചേർക്കാൻ വന്നത്?" ആര്യ ചോദിച്ചു.
 
"അതെ. കൂട്ടത്തിൽ ആര്യക്ക് മാത്രമേ nccയിൽ ചേരാൻ താൽപര്യമുള്ളോ?"

"അതെ. ഇവർക്കൊന്നും താൽപര്യമില്ല." 

പിന്നെ ആര്യ തന്നെ ഓരോരുത്തരെയും പരിചയപ്പെടുത്തി. 

'ഇവളുടെ പേര്  ആവണി."

അപ്പോൾ ഇതാണ് നമ്മുടെ കക്ഷി ആവണി. പേര് പോലെ തന്നെ ആളും സുന്ദരിയാണ്. അവളെ പരിചയപ്പെട്ടപ്പോൾ അവളൊന്നു മുഖത്തു നോക്കി ചിരിച്ചു.   തിരിച്ചു ഞാനും .

ആദ്യത്തെ സ്റ്റെപ് കഴിഞ്ഞു. 
  
" നിങ്ങളാരും ഫുഡ് കഴിച്ചില്ലേ?"

"ഇല്ല കഴിക്കാൻ തുടങ്ങുകയായിരുന്നു." ആര്യ പറഞ്ഞു.

"എന്നാൽ നിങ്ങള് കഴിക്ക് ഞാൻ പിന്നെ വരാം."

പിന്നെ ഓരോ ദിവസവും അവര് ഫുഡ് കഴിക്കുമ്പോഴായിരുന്നു. ഞാൻ ചെല്ലാറ്. അങ്ങനെ അവളുമായി നല്ല കൂട്ടായി.
 
 അന്ന് ആദ്യമായിട്ടാണ് അവൾ ഒറ്റയ്ക്ക് ലാബിന് പുറത്തു നിൽക്കുന്നത് കണ്ടത്. ഒന്നു മുട്ടാൻ തന്നെയായിരുന്നു തീരുമാനം.
  
"ആവണിയെന്താ പുറത്തു ഒറ്റയ്ക്ക് നിൽക്കുന്നത്?"

"ഞാൻ  വീണയെ കാത്തുനിൽക്കായിരുന്നു.
 ചന്ദ്രുവേട്ടനെന്താ ഈ വഴിക്ക്?"

"ഞാൻ റെക്കോർഡ് സബ്മിറ്റ് ചെയ്യാൻ വന്നതാ".

ഒന്ന് മൗനം പാലിച്ചശേഷം ഞാൻ വീണ്ടും തുടർന്നു

"ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?"

"ചന്ദ്രുവേട്ടൻ ചോദിക്ക് ഞാൻ പറയാം."

"നിനക്കൊന്നും തോന്നരുത്.എന്നോട് പിണങ്ങുകയും ചെയ്യരുത്. അതേ നിനക്ക് ആരോടും ഇതുവരെ പ്രണയം തോന്നിട്ടില്ലേ?"

"അങ്ങനെ ചോദിച്ചാൽ ഇല്ലാന്ന് തോന്നുന്നു."

"അപ്പൊൾ നിന്റെ പിന്നാലെ കുറേ നാൾ ഇഷ്ടമാണ് എന്നു പറഞ്ഞു നടന്നാൽ . അവസാനം നീ തിരിച്ചു ഇഷ്ടമാണെന്ന് പറയില്ലേ."

ആവണി എന്നെ അടിമുടിയൊന്നു നോക്കി

"അങ്ങനെ വീഴ്ണ ആളല്ല ചേട്ടാ ഞാൻ. അല്ല, ഞാനൊന്നു ചോദിച്ചോട്ടെ ചന്ദ്രു വേട്ടനിതെന്തു പറ്റി?"
 
"ഒന്നുമില്ല ഞാൻ ചുമ്മാ ചോദിച്ചുന്നെ ഉള്ളു. "
ഞാൻ ഒന്ന് ചമ്മിയോ. ചമ്മൽ മറയ്ക്കാൻ ഞാൻ ഒന്ന് ചിരിച്ചു.

 "ആവണി നമുക്ക് പോകാം."  വീണ അവളെ വിളിച്ചു

"എന്നാ പിന്നെ കാണാം. ഞാൻ പോകട്ടെ."
അവളും ഒന്നു ചിരിച്ചു നടന്നു പോയി. 

അവള് പോകുന്നതും നോക്കി നിൽക്കുമ്പോൾ സ്വയം മറന്ന് പോയത് കൊണ്ട്. എനിക്ക് നേര വന്ന കുരിശ് ഞാൻ കണ്ടില്ല.

To Top