രചന: Bhavini
രാവിലെ കടയിൽ നല്ല തിരക്കുള്ള സമയം ആയിരുന്നു. തിരക്ക് ആയത് കൊണ്ട് വിമലിനെ കൊണ്ട് ഒറ്റയ്ക്കു പറ്റില്ല.രാവിലെയും വൈകിട്ടും കുറച്ചു സമയം ഒരു പയ്യൻ വരും.അഭിലാഷ്. പഠിക്കുന്നതിനൊപ്പം പാർട്ട് ടൈം ആയി ജോലി ചെയ്യുന്നതാണ്. ഇന്നാണെങ്കിൽ പരീക്ഷ ആയതു കൊണ്ട് അവനും വന്നിട്ടില്ല.അപ്പോഴാണ് വയറിങ്ങിന്റെ സാധനങ്ങൾ ഒരുമിച്ചു വാങ്ങാൻ ഒരു പാർട്ടി വന്നത്. പുഞ്ചിരിയോടെ രഘു അവരെ സ്വീകരിച്ചു. വിമൽ തിരക്കിലായത് കൊണ്ട് അയാൾ തന്നെ അവരുടെ കയ്യിൽ നിന്ന് ലിസ്റ്റ് വാങ്ങി ഓരോന്നായി എടുക്കാൻ തുടങ്ങി. കുറച്ചു സാധനങ്ങൾ പുതിയതായി വന്ന സ്റ്റോക്കിലാണ്. അതൊക്കെ സൂക്ഷിക്കുന്നത് മുകൾ നിലയിൽ ഉള്ള സ്റ്റോർ റൂമിലാണ്.അയാൾ മുകളിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വിമൽ മുകളിലേക്ക് വന്നു.
"രഘുവേട്ടാ നിങ്ങളെ കാണാൻ രണ്ടു പേര് വന്നിട്ടുണ്ട്. താഴെ നിൽക്കുവാ."
"ആരാടാ....? നീ അവരോട് എന്താ കാര്യം ന്നു ചോദിക്ക്. അത്യാവശ്യം ആണെങ്കിൽ ഞാൻ വന്നാൽ മതിയല്ലോ."
"അല്ല. ഇത് ഒന്നും വാങ്ങാൻ വന്നവരല്ല. രണ്ടു പയ്യന്മാരാ. അതിൽ ഒരാൾ ഒരു ഓട്ടോ ഡ്രൈവറാ. കാക്കി ഷർട്ടാ ഇട്ടേക്കുന്നെ."
അത് കേട്ടപ്പോൾ തന്നെ രഘുവിന് ആളെ മനസ്സിലായി. അവൻ ഇത്ര വേഗം തന്നെ കാണാൻ വരുമെന്ന് അയാൾ കരുതിയില്ല.എന്തായാലും അവൻ കുറച്ചു സമയം കാത്തു നിൽക്കട്ടെ.
"നീ പൊയ്ക്കോ. ഞാൻ ഇതൊക്ക എടുത്തിട്ട് വരാം. അവരോട് വെയിറ്റ് ചെയ്യാൻ പറ."അയാൾ വിമലിനോടായി പറഞ്ഞെങ്കിലും അവൻ പോകാൻ കൂട്ടാക്കിയില്ല."ചേട്ടൻ പൊയ്ക്കോ. ഇത് ഞാൻ എടുക്കാം."
"അത്യാവശ്യക്കാർ ആണെങ്കിൽ അവിടെ നിന്നോളും."വിമലിനെ പറഞ്ഞയച്ചതിന് ശേഷം അയാൾ വളരെ സാവധാനം ലിസ്റ്റ് നോക്കി ഓരോന്നായി എടുത്തു.
ഏകദേശം പത്തു മിനിറ്റോളം കഴിഞ്ഞാണ് രഘു താഴേക്ക് ഇറങ്ങിയത്. കടയുടെ വാതിൽക്കൽ തന്നെ രണ്ടുപേർ നിൽക്കുന്നത് കണ്ടെങ്കിലും അയാൾ അവരെ ശ്രദ്ധിക്കാതെ കസ്റ്റമേഴ്സിന്റെ അടുത്തേക്ക് പോയി.ബിൽ സെറ്റിൽ ചെയ്ത് അവർ പോയ ശേഷം അയാൾ അവർക്കടുത്തേക്ക് ചെന്നു.
"എന്താ ഹരി....? ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാൾ ചോദ്യരൂപേണ അവരെ നോക്കി.
ഹരി പെട്ടന്ന് എന്ത് പറയുമെന്നറിയാതെ കുഴങ്ങി. മനുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇയാളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ.നന്ദു പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഹരിയെ കണ്ട ഉടനെ അയാൾ ദേഷ്യപ്പെടേണ്ടതാണ്.ഇതൊരുമാതിരി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നത് പോലെ.
" അത്.. എനിക്ക് നിവേദയെ ഇഷ്ടമാണ്. അവൾക്ക് എന്നെയും."
ഹരി പറഞ്ഞു നിർത്തി രഘുവിനെ നോക്കി.
നുരഞ്ഞു പൊന്തിയ അമർഷം അയാൾ ഉള്ളിലൊതുക്കി. ഇവിടെ വെച്ച് നിവേദയുടെ പേര് പറഞ്ഞ് ഒരു സംസാരം ഉണ്ടാവാൻ പാടില്ല. അത് അവളുടെ ഭാവിയെ ബാധിക്കും.
ശാന്തമായ സ്വരത്തിൽ അയാൾ പറഞ്ഞു "ഇതു പോലെ അവളും എന്നോട് പറഞ്ഞു. പക്ഷെ പറ്റില്ലാന്ന് ഞാൻ തീർത്തു പറഞ്ഞു. അവളോടും പറഞ്ഞു. നിന്നെക്കാൾ എന്തുകൊണ്ടും യോഗ്യനായ ഒരാളെ കൊണ്ട് ഞാൻ അവളുടെ കല്യാണം നടത്തും. ഒരെണ്ണം ഏതാണ്ട് ഉറപ്പിച്ചു. അവളുടെ സമ്മതത്തോടെ തന്നെ.ആദ്യമൊക്കെ അവള് കുറെ ബലം പിടിച്ചു.
ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവൾക്കത് മനസ്സിലാവുകയും ചെയ്തു.നീയും അത് ഉൾക്കൊള്ളാൻ ഉള്ള മനസ് കാണിക്ക്.ഹരി ചെല്ല്... എനിക്ക് കുറച്ചു ജോലിയുണ്ട്."
അങ്ങനെ ഞാൻ പോയാൽ അത് അവളോടും അതുപോലെ തന്നെ എന്നോടും ചെയ്യുന്ന വിശ്വാസ വഞ്ചന ആവും.അത് അവള് പറയട്ടെ. എന്നെ ഇഷ്ടമല്ല ഞാൻ മാറി നിൽക്കണം എന്ന് അവള് പറയട്ടെ. പിന്നെ ഈ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വരില്ല."രോഷത്തോടെ ഹരി പറഞ്ഞു.
"ശരി.നാളെ രാവിലെ നീ വീട്ടിലേക്ക് വാ.നമുക്ക് സംസാരിക്കാം.അവളുടെ തീരുമാനം എന്താണെന്ന് നേരിട്ട് അറിയാല്ലോ."
അയാളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കൗശലം മനസിലാക്കി മനു ചോദിച്ചു "അപ്പൊ നിവേദയ്ക്ക് സമ്മതം ആണെങ്കിൽ നമുക്ക് ആലോചിക്കാം അല്ലേ....?"
"ആദ്യം നീ നാളെ വാ... നീയും ഉണ്ടാവണം ഇവന്റെ കൂടെ."മനുവിന്റെ നോക്കി അയാൾ പറഞ്ഞു.അയാളുടെ ചുണ്ടിന്റെ കോണിൽ ഒളിഞ്ഞിരുന്ന പുച്ഛ ഭാവം മനു തിരിച്ചറിഞ്ഞു.അവർ രണ്ടുപേരും ഓട്ടോയിൽ കയറി പോകുന്നതും നോക്കി രഘു നിന്നു. ആ സമയത്ത് അയാൾ മകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുന്ന സ്വാർത്ഥനായ ഒരച്ഛൻ മാത്രമായിരുന്നു.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
നന്ദു വരുന്നതും കാത്ത് അക്ഷമയോടെ റൂമിൽ ഇരിക്കുകയാണ് നന്ദു. അപ്പോഴാണ് ശ്രീദേവി റൂമിലേക്ക് വന്നത്. അവരുടെ കയ്യിൽ ഇരുന്ന ഫോൺ നിവിയുടെ കയ്യിൽ കൊടുത്തിട്ടു സംസാരിക്കാൻ പറഞ്ഞു. അവൾ സംശയത്തോടെ അമ്മയെ ഒന്നു നോക്കിയിട്ട് ഫോൺ കാതോട് ചേർത്തു.ശ്രീദേവി വേഗം അത് വാങ്ങി സ്പീക്കർ ഫോൺ ഓൺ ചെയ്തിട്ട് അവളുടെ കയ്യിൽ കൊടുത്തു.
"ഹലോ...."
"ഞാൻ ഹരിയുടെ അമ്മയാണ്. സുമ. നിങ്ങൾ തമ്മിലുള്ള അടുപ്പമൊക്കെ എനിക്ക് അറിയാം. അത് ഒരിക്കലും എനിക്ക് അംഗീകരിക്കാൻ പറ്റില്ല. അത്കൊണ്ട് എൻറെ മോന്റെ ജീവിതത്തിൽ നിന്ന് മോൾ ഒഴിഞ്ഞു തരണം. ഇത് ഒരമ്മയുടെ അപേക്ഷയാണ്. ഹരി അല്പം വാശിയുള്ള കൂട്ടത്തിലാണ്. നീ വേണം അവനെ പറഞ്ഞു പിന്തിരിപ്പിക്കാൻ."
മറുവശത്തു നിന്ന് വന്ന വാക്കുകൾ കേട്ട് നിവി തറഞ്ഞു നിന്നു. ഹരിയുടെ അമ്മയാണോ സംസാരിക്കുന്നത് എന്ന് പോലും അവൾ സംശയിച്ചു. കാരണം അവളെ അറിയുന്ന സുമ ഒരിക്കലും ഇങ്ങനൊന്നും പറയില്ല.
"ഞാൻ....എനിക്ക് അതിനു പറ്റില്ല..." വിതുമ്പലിൽ അവളുടെ സ്വരം മുങ്ങിപ്പോയി.
"പറ്റണം. നിനക്കെ അതിനു പറ്റു. ഇനി എൻറെ വാക്ക് ധിക്കരിച്ചു കൊണ്ട് ഒരുമിക്കാം എന്നാണ് നിങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ഒന്നോർത്തോ നിങ്ങൾ ഒരുമിക്കുന്ന നിമിഷം ഞാൻ എൻറെ ജീവിതം അവസാനിപ്പിക്കും. ഒരമ്മയുടെ ശാപത്തിന് മുകളിൽ ശിഷ്ട കാലം ജീവിച്ചു തീർക്കേണ്ടി വരും നിങ്ങൾക്ക്. ഇത് വെറും വാക്ക് അല്ല. അത്കൊണ്ട് മോൾ നന്നായിട്ട് ആലോചിക്ക്."കാൾ കട്ട് ആയിട്ടും നിവി ആ നിൽപ് തുടർന്നു.എല്ലാം കേട്ടു നിന്ന ശ്രീദേവിയും വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു.നിവിക്ക് ഒന്നും ചോദിക്കാനുള്ള അവസരം കൊടുക്കാതെ അവർ ഫോൺ വാങ്ങി ശരവേഗത്തിൽ അവിടെ നിന്ന് പോയി.
🥀🥀🥀 🥀🥀🥀 🥀🥀🥀🥀
നിവിയോട് സംസാരിച്ചതോർത്ത് പൊട്ടി കരയുകയായിരുന്നു സുമ.തനിക് എങ്ങനെ മറ്റൊരാളുടെ മനസ് വിഷമിപ്പിക്കാൻ കഴിഞ്ഞു. അതും മകൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ. രഘുരാമൻ ശരിക്കും ഒരു ദുഷ്ടനാണ്. കുറുക്കന്റെ ബുദ്ധിയാണ് അയാൾക്ക്. എത്ര പെട്ടെന്നാണ് തന്നെ ഉപയോഗിച്ച് രണ്ടു പേരെയും പിരിക്കാനുള്ള വഴി കണ്ടെത്തിയത്. എന്തൊക്കെ ന്യായം പറഞ്ഞാലും ഈശ്വരന്റെ മുൻപിൽ ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണു താൻ ചെയ്തത്. എന്നെങ്കിലും ഹരി ഇത് അറിയുമ്പോൾ അവനും ക്ഷെമിക്കില്ല തന്നോട്. സാരമില്ല. മറ്റെന്തിനേക്കാൾ തനിക് വലുത് അവനല്ലേ. അവന് എന്തെങ്കിലും പറ്റിയാൽ താൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.ഓരോന്ന് ആലോചിച്ച് കരഞ്ഞും ഓരോ ന്യായങ്ങൾ പറഞ്ഞു സ്വയം സമാധാനിച്ചും അവർ സമയം തള്ളി നീക്കി.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
"ഇത് എന്തൊക്കെയാ ഇവിടെ നടക്കുന്നത് രഘുവേട്ടാ.....?"കയ്യിൽ ഇരുന്ന ഫോൺ രഘുവിന്റെ മുൻപിലേക്ക് വച്ചുകൊണ്ട് ശ്രീദേവി പൊട്ടിത്തെറിച്ചു."നിവിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് നിങ്ങൾ എത്ര പേരുടെ ശാപമാ അവൾക്ക് വാങ്ങി കൊടുക്കുന്നത്. നിങ്ങൾ എന്തു പറഞ്ഞിട്ടാ ആ സുമേച്ചി അവളെ വിളിച്ച് അങ്ങനൊക്കെ പറഞ്ഞത്...? ങ്‌ഹേ..... പറയ്....അവരെ പോലെ സാധുവായ ഒരു സ്ത്രീ അത്രയും കർകശമായി അവളോട് സംസാരിക്കണമെങ്കിൽ അത് വെറുതെ ആണെന്ന് വിശ്വസിക്കാൻ മാത്രം മണ്ടിയൊന്നുമല്ല ഞാൻ.നിങ്ങൾ എന്തോ പറഞ്ഞവരെ ഭീഷണിപെടുത്തിയിട്ടുണ്ട്. അത് എനിക്കുറപ്പാ. കൊല്ലം കുറേയായില്ലേ നിങ്ങളോടൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട്. നിങ്ങളുടെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം."
എല്ലാം കേട്ടിട്ട് അയാൾ ശാന്തമായി പറഞ്ഞു "നീ ഊഹിച്ചത് ശരിയാ ദേവി..പക്ഷെ ഞാൻ അവരെ ഭീഷണിപെടുത്തിയൊന്നുമില്ല കേട്ടോ.ചെറുതായൊന്നു പേടിപ്പിച്ചു. എനിക്ക് തടസ്സമായി വന്നാൽ പിന്നെ അവൻ ജീവനോടെ ഉണ്ടാവില്ലെന്ന് പറഞ്ഞു.എനിക്ക് എൻറെ മകളുടെ ഭാവി പോലെ അവർക്കും അവരുടെ മകന്റെ ജീവൻ അല്ലെ വലുത്."
"ഇങ്ങനെ എല്ലാരുടേം കണ്ണീരു വീഴ്ത്തിയിട്ട് അവൾക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുത്താൽ അവള് സന്തോഷമായി ജീവിക്കുമെന്നാണോ കരുതുന്നെ....?"രോഷമടങ്ങാതെ ശ്രീദേവി അയാളെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.
അയാളോട് എന്തൊക്ക പറഞ്ഞിട്ടും കാര്യമില്ല. ആരുടെ വാക്കും ചെവിക്കൊള്ളില്ല.അത് അങ്ങനൊരു ജന്മം ആയിപോയി. ചില സമയം നിതിന്റെ ചില പെരുമാറ്റങ്ങൾ കാണുമ്പോൾ അവർക്ക് വല്ലാത്ത ഭയം തോന്നാറുണ്ട്. കാരണം രഘുവിന്റെ വാശി അതേപടി കിട്ടിയിട്ടുള്ളത് അവനാണ്. പെറ്റമ്മയായിട്ട് പോലും മകളുടെ സങ്കടത്തിൽ ഒരു പരിഹാരം കാണാൻ കഴിയാത്തത് അവരുടെ ഉള്ളിൽ ഒരു നോവായി.
🥀🥀🥀 🥀🥀🥀 🥀🥀🥀
വൈകുന്നേരം സ്കൂൾ വിട്ടുവന്ന നന്ദു നേരെ റൂമിലേക്ക് ആണ് പോയത്. അവൾക്കറിയാം ചേച്ചി തന്നെയും കാത്തിരിപ്പുണ്ടാവും എന്ന്. അവൾ ചെല്ലുമ്പോൾ ബെഡിന്റെ ഓരോരത്തു ക ഇരിക്കുകയായിരുന്നു നിവേദ. താൻ വന്നതൊന്നും അറിയാതെ മറ്റെന്തോ ആലോചിച്ചിരിക്കുന്ന നിവിയെ അവൾ അലിവോടെ നോക്കി. മുടിയൊക്കെ പാറിപ്പറന്ന് വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ. അന്നേദിവസം ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാത്തതിന്റെ ക്ഷീണം അവളുടെ മുഖത്ത് നല്ലോണം ഉണ്ട്. ജീവൻ ഉണ്ടെന്നുള്ളതിന്റെ ആകെ തെളിവ് നിർജീവമായ കണ്ണുകളിൽ ഇടയ്ക്കിടെ ചാലിട്ട് ഒഴുകുന്ന കണ്ണുനീർ ആയിരുന്നു.
നന്ദു ബാഗ് താഴെ വച്ചിട്ട് നിവിയുടെ അടുത്തേക്ക് പോയി അവളെ ചേർത്തു പിടിച്ചു. ഒരാശ്രയം കിട്ടിയത് പോലെ അവൾ നന്ദുവിനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. അവളുടെ കരച്ചിൽ കണ്ട് നന്ദുവിനും വിഷമം ആയി.
""ചേച്ചി.. വിഷമിക്കല്ലേ.. എല്ലാം ശരിയാവും. ഹരിയേട്ടനോട് ഞാൻ സംസാരിച്ചു. ഏട്ടൻ അച്ഛനോട് സംസാരിക്കും.എല്ലാം ശരിയാവും ചേച്ചി..."നിവിക്ക് പക്ഷെ നന്ദുവിന്റെ വാക്കുകൾ കൊണ്ട് ഒന്നും ആശ്വസിക്കാൻ ആയില്ല.അവളുടെ ഉള്ളിൽ സുമയുടെ വാക്കുകൾ ആയിരുന്നു.വാതിലിൽ മുട്ടുന്ന കേട്ട് നന്ദു പോയി വാതിൽ തുറന്നു. നിതിൻ. കയ്യിൽ ഒരു കപ്പ് ചായയും ഉണ്ട്.
"ഇത് ചേച്ചിക്ക് കൊടുക്ക്. അമ്മ തന്നു വിട്ടതാ."കപ്പ് നന്ദുവിന്റെ കയ്യിലേക്ക് കൊടുത്തു കൊണ്ട് നിതിൻ അകത്തേക്ക് പാളി നോക്കി. ചേച്ചിയുടെ രൂപം കണ്ട് അവന്റെ നെഞ്ചാളി.എന്തൊക്കെയായാലും കൂടപ്പിറപ്പാണ്. അവൾക്കൊരു സങ്കടം വന്നപ്പോൾ ഒന്നു ചേർത്തു നിർത്തി അശ്വസിപ്പിക്കാൻ കഴിയാത്തത്തിൽ അവന് കുറ്റബോധം തോന്നി. പക്ഷെ അത് കൊണ്ട് കാര്യമില്ല. അവന്റെ മനസ്സിൽ അച്ഛന്റെ തീരുമാനങ്ങൾ മാത്രമാണ് എന്നും ശരി.ചേച്ചിയുടെ ഈ ദുഃഖം കുറച്ച് ദിവസം കഴിയുമ്പോൾ മാറിക്കോളും എന്ന ചിന്ത അവന്റെ പക്വത ഇല്ലാത്ത മനസ്സിൽ വേരുറച്ചു.അവന്റെ അച്ഛൻ അവനെ അങ്ങനെയാണ് വിശ്വസിപ്പിച്ചത് എന്ന് പറയുന്നതാവും ശരി.തിരികെ തന്റെ റൂമിലേക്ക് നടക്കുമ്പോഴും ചേച്ചിയുടെ കണ്ണുനീർ അവന്റെ ഉള്ളു പൊള്ളിച്ചുകൊണ്ടിരുന്നു.
🥀🥀🥀 🥀🥀🥀 🥀🥀🥀
(തുടരും)