രചന: Bhavini
"നിവിയേച്ചി.... എഴുന്നേൽക്ക്. വാ..."സ്റ്റെപ്പിന്റെ ഏറ്റവും താഴത്തെ പടിയിൽ ഇരുന്ന നിവേദ നന്ദുവിന്റെ വിളി കേട്ട് ചുറ്റിലും നോക്കി.രമണിയമ്മ അടുത്ത് നിൽക്കുന്നു.. വേറെ ആരെയും കാണുന്നില്ല.കവിളിൽ നനവ് തട്ടിയപ്പോഴാണ് താൻ ഇത്ര നേരവും ഇവിടിരുന്നു കരയുകയായിരുന്നു എന്ന് മനസിലായത്."ഞാൻ പറഞ്ഞില്ലേ മക്കളെ നിങ്ങളുടെ അച്ഛന്റെ തീരുമാനങ്ങൾ ഒന്നും തിരുത്താൻ ആരെകൊണ്ടും പറ്റില്ല.നന്ദു... നിവിയെ കൂട്ടി റൂമിൽ പോ.ഇവിടിങ്ങനെ കരഞ്ഞിരുന്ന് വീണ്ടും രഘുവിന്റെ മുൻപിൽ പെടേണ്ട.അല്ലെങ്കിൽ തന്നെ ആകെ ദേഷ്യത്തിലാണ്."
നിവി മെല്ലെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.മനസിന്റെ തളർച്ച ശരീരത്തെയും ബാധിച്ചിരിക്കുന്നു.എങ്ങനെയൊക്കെയോ റൂമിൽ എത്തി ബെഡിലേക്ക് വീണു. എല്ലാം അറിഞ്ഞ ഉടനെ അച്ഛൻ സമ്മതിക്കും എന്ന് ഒന്നും പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ ഇത്ര ശക്തമായി എതിർക്കുമെന്ന് കരുതിയില്ല. ഇനി എന്താ ചെയ്യേണ്ടത് എന്നൊരു രൂപവും കിട്ടിയില്ല.
💚💚💚💚💚💚💚💚💚
ശ്രീദേവി ഹാളിലേക്ക് വരുമ്പോൾ നന്ദുവും രമണിയമ്മയും നിവിയുടെ കാര്യം സംസാരിച്ചു കൊണ്ട് നിൽക്കുന്നു. "അവളെവിടെ അമ്മേ, മുകളിലാണോ...?"ചോദിച്ചു കൊണ്ട് അവർക്കടുത്തേക്ക് വരുന്ന ശ്രീദേവിയെ നന്ദു സൂക്ഷിച്ചു നോക്കി. ആ മുഖത്ത് ഇപ്പൊ ഒരു തരം നിസംഗ ഭാവം. കണ്ണുകൾ കലങ്ങി ചുവന്ന് ഇരിക്കുന്നു.മുകളിലേക്ക് കയറുന്ന അമ്മയുടെ പിന്നാലെ നന്ദുവും കയറാൻ ഒരുങ്ങി. "നീ ഇവിടെ നിൽക്ക് നന്ദു. എനിക്ക് അവളോട് തനിച്ചു സംസാരിക്കണം."അത് മനസിലാക്കി ശ്രീദേവി പറഞ്ഞു.റൂമിൽ ചെല്ലുമ്പോൾ ബെഡിൽ കിടന്ന് കരയുകയാണ് നന്ദു.അവർ അവൾക്കടുത്തേക്ക് ചെന്ന് വിളിച്ചു."നിവി... എഴുന്നേൽക്ക്."രണ്ടു മൂന്നു വട്ടം വിളിച്ചപ്പോൾ അവൾ എഴുന്നേറ്റിരുന്നു. അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ താഴെ നടന്നതിന്റെ ബാക്കി പറയാൻ ഉള്ള വരവ് ആയിരിക്കും എന്നവൾ ഊഹിച്ചു.
"അച്ഛൻ പറഞ്ഞത് എല്ലാം നീയും വ്യക്തമായി കേട്ടതാണല്ലോ. അത്കൊണ്ട് ഇനിയും അതിനെ പറ്റി ഒരു ചർച്ച വേണ്ട. പക്ഷെ ചോദിക്കാതിരിക്കാൻ പറ്റുന്നില്ല നിനക്കെങ്ങിനെ തോന്നി ഞങ്ങളെയൊക്കെ മറന്ന് ഇങ്ങനൊരു കാര്യത്തിന് ഇറങ്ങി തിരിക്കാൻ?നിതി പറഞ്ഞു നീ അവന്റെ കൂടെ ഓട്ടോയിൽ കറങ്ങി നടക്കുന്ന കാര്യം. നിനക്ക് ഇതിനൊക്കെയുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെടി."പറയുന്നതിനൊപ്പം നിവിയുടെ തോളിൽ അവർ ആഞ്ഞു തല്ലി.
നിവി കണ്ണീരോടെ അവരെ നോക്കി. ദേഷ്യപ്പെടുകയാണെങ്കിലും അവരുടെ കണ്ണുകളും നിറയുന്നുണ്ട്.
"അമ്മേ ഒരാളെ ഇഷ്ടപ്പെട്ടു പോയത് അത്ര വല്യ തെറ്റാണോ..? അമ്മയെങ്കിലും എന്നെയൊന്നു മനസിലാക്ക്."
"ഇനി എന്താടീ ഞാൻ മനസ്സിലാക്കേണ്ടത്...? ങ്‌ഹേ...ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ ഉള്ള അവസ്ഥ എന്താണെന്ന് നീയൊന്ന് ഓർത്ത് നോക്കിയേ. നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി വളർന്നു വരുന്നുണ്ട്. അവളും നിന്നെ കണ്ട് അല്ലെ പഠിക്കുന്നെ. അല്ലെങ്കിലും നിന്നെയൊന്നും ആരും കുറ്റം പറയില്ല. പറഞ്ഞു വരുമ്പോ എല്ലാം എന്റെ തെറ്റാ. ഇന്ന് നിന്റെ അച്ഛനും പറഞ്ഞു അമ്മമാരാ മക്കളെ നല്ലത് ചൊല്ലി കൊടുത്തു വളർത്തേണ്ടതെന്ന്. നിന്നെ ഞാൻ നന്നായിട്ട് വളർത്തത് കൊണ്ടാ നീ ഇങ്ങനെ ആയി പോയതെന്ന്."ഒരു കിതപ്പോടെ ശ്രീദേവി പറഞ്ഞു നിർത്തി.
"അമ്മേ ഒരു ജോലി ഇല്ലാത്തത് അല്ലെ നിങ്ങൾ എല്ലാവരും ഹരിയേട്ടനിൽ കണ്ടെത്തിയ കുറ്റം. ഓട്ടോ ഓടിക്കുന്നത് അത്ര മോശം പണിയാണോ.വേറൊരു ജോലിക്ക് ശ്രമിച്ചുകൊണ്ട് ഇരിക്കയാ അമ്മേ. അതിനുള്ള വിദ്യാഭ്യാസം ഉണ്ടല്ലോ. കുറച്ചു നാൾ കൂടി ക്ഷെമിക്ക് അമ്മേ. അതിനുള്ളിൽ ജോലി ശരിയാവും."നിവേദയും അവളെക്കൊണ്ട് ആവുന്ന വിധത്തിൽ ഹരിക്ക് വേണ്ടി സംസാരിച്ചുകൊണ്ട് ഇരുന്നു.
"ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസിലായില്ലേ നിവി. ഇപ്പൊ വന്നിരിക്കുന്നത് നല്ലൊരു ബന്ധമാണ്. അതൊക്കെ കണ്ടില്ലന്നു നടിച്ചു നിന്നെ ആ വീട്ടിലേക്ക് കഷ്ടപ്പെടാൻ എന്തായാലും വിടില്ല. അച്ഛൻ ഒരിക്കലും സമ്മതിക്കില്ല. ഒരുപാട് പ്രതീക്ഷകളോടെയാ നിന്നെ വളർത്തി കൊണ്ട് വന്നത്. എത്രയും വേഗം നീ കാര്യങ്ങൾ മനസിലാക്കുന്നുവോ അത്രയും സങ്കടം കുറഞ്ഞിരിക്കും.ഇനി ഇതും പറഞ്ഞ് കരഞ്ഞു വിളിച്ച് ഇവിടെ ഇരിക്കാമെന്ന് കരുതണ്ട.മുഖം കഴുകിയിട്ടു താഴേക്ക് വാ."അത്രയും പറഞ്ഞു കൊണ്ട് അവർ റൂമിൽ നിന്ന് പോകാൻ ഇറങ്ങി.
അപ്പോഴാണ് മേശപ്പുറത്തിരുന്ന നിവിയുടെ ഫോൺ അവരുടെ കണ്ണിൽ പെട്ടത്. അവർ വേഗം അത് കയ്യിൽ എടുത്തു."തല്ക്കാലം ഇത് എൻറെ കയ്യിൽ ഇരിക്കട്ടെ."
അമ്മ ഫോണുമായി പോകുന്നത് കണ്ട് നിസ്സഹായയായി ഇരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.കുറച്ചു സമയം കഴിഞ്ഞ് നന്ദു റൂമിലേക്ക് വന്നു. കണ്ണീരൊഴുക്കി ഇരിക്കുന്ന നിവിയെ കണ്ട് അവൾക്ക് അലിവ് തോന്നി.
അവൾ നിവിയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. "ചേച്ചി... ഇനി എന്താ ചെയ്യാ...? ഹരിയേട്ടനെ വിളിച്ചിട്ട് അച്ഛനെ വന്നു കണ്ട് സംസാരിക്കാൻ പറയ്. ചിലപ്പോ ഹരിയേട്ടന് അച്ഛനെ പറഞ്ഞ് കൺവീൻസ് ചെയ്യാൻ പറ്റിയാലോ."
"ഫോൺ അമ്മ കൊണ്ട് പോയി നന്ദു. ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഓർക്കുമ്പോ തന്നെ പേടി ആകുവാ.നീ എനിക്ക് ഒരു ഹെല്പ് ചെയ്യുവോ. സ്കൂളിൽ പോകുന്ന വഴിക്ക് എങ്ങിനെയെങ്കിലും ഹരിയേട്ടനെ ഒന്നു വിളിച്ചു കാര്യങ്ങൾ പറയുവോ.ഒന്ന് ഇവിടെ വരെ വന്നു സംസാരിക്കാൻ പറയുവോ?"
"മം. ഞാൻ വിളിക്കാം ചേച്ചി. നിതി അറിഞ്ഞാൽ അച്ഛനോട് പറഞ്ഞു കൊടുക്കും. സാരമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം."നന്ദു റെഡി ആവാനായി പോയി.
🥀🥀🥀🥀🥀🥀🥀🥀🥀
ഹരി രാവിലെ പതിവിലും നേരത്തെ ഓട്ടോയുമായി സ്റ്റാൻഡിലേക്ക് പോയി.നിവിയെ വിളിച്ചിട്ട് കിട്ടുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞത് മുതൽ വല്ലാത്തൊരു ടെൻഷൻ. എന്തായാലും നിവിയുടെ അച്ഛനെ കണ്ട് സംസാരിക്കണം.ആ ഒരു ഉദ്ദേശത്തോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.ഹരി വീട്ടിൽ നിന്നിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ രഘുവിന്റെ ബൈക്ക് ഹരിയുടെ വീട്ടുമുറ്റത്തു വന്നു നിന്നു. കാളിങ് ബെല്ലടിച്ച് പുറത്തു കാത്തു നിൽക്കുമ്പോൾ സുമ വാതിൽ തുറന്നു പുറത്തേക്ക് വന്നു.
രഘുവിനെ കണ്ട് അവർ പരിജയ ഭാവത്തിൽ ഒന്നു ചിരിച്ചു. പക്ഷെ അയാളുടെ മുഖം കടുത്തിരുന്നത് അവരെ ആശയകുഴപ്പത്തിലാക്കി.എങ്കിലും അവർ അയാളെ അകത്തേക്ക് ക്ഷണിച്ചു.
"ഇവിടെ വേറാരും ഇല്ലേ?"ഉമ്മറത്തെ അരഭിത്തിയിൽ ഇരുന്നു കൊണ്ട് അയാൾ ചോദിച്ചു.
"ഹരി ഇവിടില്ല. ഞാനും മോളും മാത്രമേ ഉള്ളു. അത്യാവശ്യം ആണെങ്കിൽ ഞാൻ അവനെ വിളിക്കാം."
"വേണ്ട.അവന്റെ കാര്യമാണ്.പക്ഷെ എനിക്ക് സംസാരിക്കേണ്ടത് സുമയോടാണ്."അവർക്ക് ആകെ പരിഭ്രാന്തിയായി. ഹിമയാണെങ്കിൽ എഴുന്നേറ്റിട്ടില്ല. ഹരിയുമായി ഇയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായികാണുമോ? അവരുടെ മനസ് പലവിധ ചിന്തകളാൽ നിറഞ്ഞു.
"എ.. എന്താ കാര്യം...?അവൻ എന്തെങ്കിലും പ്രശ്നം...?"
"വളച്ചു കെട്ടാതെ കാര്യം പറയാം.എന്റെ മൂത്ത മകൾ നിവേദയെ അറിയുമല്ലോ.അവൾക്ക് ഇപ്പൊ ഒരു വിവാഹലോചന വന്നിട്ടുണ്ട്. പയ്യൻ സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. എല്ലാം ഒത്തു വന്നാൽ അത് നടത്താനാണ് എൻറെ തീരുമാനം.ഇത് ഇവിടെ വന്നു പറയാൻ കാരണം എന്താണെന്നു വച്ചാൽ അവൾ അതിനു സമ്മതിക്കുന്നില്ല. അവളും നിങ്ങളുടെ മകനുമായി ഇഷ്ടത്തിലാണെന്ന് പറയുന്നു.ഞാൻ അതത്ര കാര്യമായിട്ട് എടുത്തിട്ടില്ല.നമ്മൾ അത് പിള്ളാരുടെ ഓരോ തമാശയായിട്ട് കൂട്ടിയാൽ മതി."
അല്പമൊന്നു നിർത്തിയ ശേഷം അയാൾ തുടർന്നു "എനിക്ക് എൻറെ കുട്ടിയുടെ ജീവിതമാണ് വലുത്. വെറുമൊരു ഓട്ടോക്കാരന്റെ വീട്ടിൽ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയാനല്ല ഞാൻ അവളെ വളർത്തിയത്.അവൾടെ ജീവിതത്തിൽ ഇനി അവന്റെ നിഴൽ വെട്ടം പോലും കാണരുത്. അവൻ കാരണം എനിക്കോ എൻറെ കുടുംബത്തിനോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ പിന്നെ അവൻ ഈ ഭൂമിക്കു മീതെ കാണില്ല. രഘുരാമന് അത് അത്ര പ്രയാസമുള്ള കാര്യമല്ല.ഓട്ടോയും ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടം ഒക്കെ ഇപ്പൊ സാധാരണം ആണല്ലോ."
സുമയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവർ ശബ്ദിക്കാനാവാതെ ചുമരും ചാരി നിന്നുപോയി.അത്രയും ഭയാനകമായിരുന്നു അയാളുടെ വാക്കുകൾ.
തന്റെ ഉദ്ദേശം നടന്ന ഗൂഡസ്മിതത്തോടെ രഘുരാമൻ പോകാനായി എഴുന്നേറ്റു. മുറ്റത്തേക്ക് ഇറങ്ങി രണ്ടടി വച്ച ശേഷം അയാൾ വീണ്ടും തിരികെ വന്നു പറഞ്ഞു "തല്ക്കാലം ഞാൻ ഇവിടെ വന്നതോ നമ്മൾ തമ്മിൽ സംസാരിച്ചതോ ഒന്നും നമ്മൾ രണ്ടുപേരും അല്ലാതെ മൂന്നാമതൊരാൾ അറിയണ്ട. അതാവും നിങ്ങളുടെ മകന് നല്ലത്. ഇപ്പോഴത്തെ പിള്ളേരല്ലേ... എടുത്തു ചാട്ടം ലേശം കൂടുതൽ ആയിരിക്കും. സുമ പറഞ്ഞാൽ മകൻ അനുസരിക്കുമെന്ന് തന്നെയാ എൻറെ വിശ്വാസം."
അയാളുടെ ബൈക്ക് മുറ്റം കടന്നു പോയിട്ടും സുമ ആ നിൽപ്പ് തുടർന്നു.അവർ വല്ലാതെ ഭയന്നു പോയിരുന്നു.
കഴിഞ്ഞു പോയ നിമിഷങ്ങളിൽ സംഭവിച്ചതൊക്കെ ഓർത്ത് അവർക്ക് ദേഹം തളരുന്നത് പോലെ തോന്നി.ഹരിക്ക് ഇങ്ങനൊരു ഇഷ്ടം.... അങ്ങനൊന്നും ഒരിക്കൽ പോലും തോന്നിയിട്ടില്ല. തന്നെയുമല്ല അവന് എന്തെങ്കിലും സംഭവിക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
"അമ്മേ.... എന്താ ഇവിടെ വന്നു നിൽക്കുന്നെ....?"ഉമ്മറത്ത് മുറ്റത്തേക്ക് നോക്കി നിൽക്കുന്ന സുമയുടെ അടുത്തേക്ക് വന്നുകൊണ്ട് ഹിമ ചോദിച്ചു.
"ഒ... ഒന്നുമില്ല... നീ പോയി ചായ എടുത്തു കുടിക്ക്. ഞാനൊന്നു കിടന്നോട്ടെ. വല്ലാത്ത തല വേദന."അത്രയും പറഞ്ഞ് ഹിമയ്ക്ക് മുഖം കൊടുക്കാതെ അവർ തിടുക്കത്തിൽ ഉള്ളിലേക്ക് നടന്നു.
ഈ അമ്മയ്ക്ക് ഇത് എന്താ പറ്റിയെ ന്ന് പറഞ്ഞുകൊണ്ട് ഹിമയും അവർക്ക് പിന്നാലെ അകത്തേക്ക് കയറി.
🥀🥀🥀 🥀🥀🥀 🥀🥀🥀🥀
സ്കൂളിന് മുന്നിൽ ബസ് ഇറങ്ങിയ ശേഷം നന്ദു സ്കൂളിന് ഓപ്പോസിറ്റ് ഉള്ള ഒരു സ്റ്റേഷനറി കടയിലേക്ക് കയറി. അവിടെ ഒരു കോയിൻ ബൂത്ത് ഉണ്ട്. കയ്യിൽ കരുതിയ കോയിനുമായി അവൾ അതിനുള്ളിലേക്ക് കയറി. നിവേദ എഴുതി കൊടുത്ത ഹരിയുടെ നമ്പർ നോക്കി ഡയൽ ചെയ്തു. രണ്ടു മൂന്നു റിങ്ങുകൾക്കപ്പുറം കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.നന്ദു അവനോട് വീട്ടിൽ നടന്ന സംഭവങ്ങളും നിവിയുടെ ഇപ്പോഴത്തെ അവസ്ഥയും എല്ലാം പറഞ്ഞു. ഒപ്പം തന്നെ ഉടനെ അച്ഛനെ വന്നു കണ്ട് സംസാരിക്കണമെന്നും അവൾ പറഞ്ഞു.കാൾ കട്ട് ചെയ്ത ശേഷം അവൾ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവിടെ നിന്നിറങ്ങി സ്കൂളിലേക്ക് നടന്നു.
ഹരി ഒരു ഓട്ടത്തിൽ ആയിരുന്നപ്പോഴാണ് നന്ദു വിളിച്ചത്. അവരെ യഥാസ്ഥലത്ത് കൊണ്ട് എത്തിച്ചതിനു ശേഷം അവൻ മനുവിനെ വിളിച്ചു.എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "നീ എന്തായാലും ഒറ്റയ്ക്ക് പോവണ്ട. ഞാനും കൂടെ വരാം. നീ വീട്ടിലേക്ക് വാ. എന്നിട്ട് നമുക്ക് ഒരുമിച്ചു പോകാം."
അവൻ ഓട്ടോയുമായി മനുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
രാവിലെ തന്നെ രഘുരാമൻ ഗോപാലകൃഷ്ണനെ വിളിച്ച് സംസാരിച്ചിരുന്നു. ഉടനെ തന്നെ അവിടുന്ന് പെണ്ണ് കാണൽ ചടങ്ങിനായി വരുമെന്ന് അയാൾ അറിയിച്ചു.ഓരോ കാരണങ്ങൾ ഉണ്ടാക്കി രഘു തന്ത്രപൂർവം ആ ചടങ്ങ് തൊട്ടടുത്ത ഒരു ദിവസത്തേക്ക് ആക്കി.അയാൾ ആ വിവരം ശ്രീദേവിയെ വിളിച്ച് അറിയിച്ചു. അത് കഴിഞ്ഞ് ഇനി നിവിയെ കോളേജിൽ വിട്ടാൽ മതി എന്നും അയാൾ തീരുമാനിച്ചു.
ആ വീട്ടിൽ രമണിയമ്മയ്ക്കും നന്ദുവിനും മാത്രമേ നിവിയെ മനസിലാക്കാൻ കഴിഞ്ഞുള്ളു.
🥀🥀🥀 🥀🥀🥀 🥀🥀🥀
(തുടരും)