നിവേദ്യം തുടർക്കഥ ഭാഗം 14 വായിക്കൂ...

Valappottukal



രചന: Bhavini 

             ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ശിവദാസന്റെ വീട്. ഭാര്യ ഗീത
. മൂത്ത മകൻ സരിത്. ഇളയ മകൻ  സാരംഗ്.ഗൾഫിൽ ആയിരുന്ന ശിവദാസൻ അവിടെനിന്ന് വന്നതിനുശേഷം ടൗണിൽ തന്നെയുള്ള പ്രശസ്തമായ ഒരു ജ്വല്ലറിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. 
       ഗീത രാവിലെ തന്നെ തിരക്കിട്ട പണിയിലാണ്. ശിവദാസൻ ഒൻപതു മണി കഴിയുമ്പോൾ ജ്വല്ലറിയിലേക്ക് പോകും. ഉച്ചയ്ക്കുള്ള ടിഫിൻ കൊണ്ട് പോകുന്നത് കൊണ്ട് ഗീത രാവിലെ എഴുന്നേറ്റ് എല്ലാം റെഡിയാക്കും.ആ സമയത്ത് തന്നെ ആണ് സരിത്തിനും പോകേണ്ടത്.സാരംഗിനു കോളേജിലേക്ക് ഇത്തിരി ദൂരം ഉള്ളത് കൊണ്ട് നേരത്തെ പോകും. അവന്റെ ഫുഡ്‌ ഒക്കെ കണക്കാ. മിക്കവാറും കാന്റീനിൽ നിന്നായിരിക്കും അവന്റെ ഭക്ഷണം.
          ചോറും കറികളും ടിഫിൻ ബോക്സിൽ ആക്കി ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചിട്ട് അടുക്കളയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. ഇതാരാ ഈ സമയത്ത് എന്നോർത്തുകൊണ്ട് അവർ സിറ്റൗട്ടിലേക്ക് പോയപ്പോൾ ഗോപാലകൃഷ്ണൻ നിൽക്കുന്നു.മൂന്നാല് വീടുകൾക്ക് അപ്പുറത്താണ് അയാൾ താമസിക്കുന്നത്. ഭാര്യ ഉഷ. മക്കൾ രണ്ടുപേർ.പ്ലസ് ടു വിന് പഠിക്കുന്ന അനുഷയും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആരവും.
   ഗീത അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോൾ തന്നെ സരിത്തും ശിവദാസനും പോകാൻ റെഡിയായി അങ്ങോട്ട് വന്നു. ഗീത എല്ലാവർക്കും ബ്രേക്ക് ഫാസ്റ്റ് വിളമ്പി.
     

    " എങ്ങനെ അളിയാ കാര്യങ്ങൾ? സരിത്ത് നാളെ ലീവ് ആകുമല്ലോ..? " നാളെ പെണ്ണുകാണാൻ പോകുന്ന കാര്യമാണ് ചർച്ച വിഷയം. അയാളുടെ ചോദ്യത്തിന് സരിത് ഒന്ന് പുഞ്ചിരിച്ചു ഒരു തലയാട്ടലിൽ മറുപടി ഒതുക്കി. അവൻ കുഞ്ഞുനാൾ മുതൽക്കേ അങ്ങനെയാണ്. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന പ്രകൃതം. ആവശ്യമില്ലാതെ ഒന്നിന് വേണ്ടിയും വാശിപിടിച്ചു കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ നിവേദയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ  എല്ലാവർക്കും അത്ഭുതമാണ് തോന്നിയത്. ഒരു ഒഴിവ് ദിവസം കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയപ്പോഴാണ് മാളിൽ വച്ച് ആദ്യമായി നിവേദയെ കാണുന്നത്. കണ്ട നിമിഷം തന്നെ എന്തോ ഒരു ഇഷ്ടം തോന്നി. അങ്ങനെയാണ് അവളെ ഫോളോ ചെയ്യുന്നതും അവളെപ്പറ്റി അന്വേഷിക്കുന്നതും വീട്ടിൽ പറയുന്നതും.
   ആ നാട്ടിൽ തന്നെയുള്ള ഗോപാലകൃഷ്ണന്റെ ഒന്ന് രണ്ട് പരിചയക്കാരും സുഹൃത്തുക്കളും വഴി രഘുരാമനെയും കുടുംബത്തെയും പറ്റിയെല്ലാം അന്വേഷിച്ചറിഞ്ഞു. കുടുംബത്തെ പറ്റിയും പെൺകുട്ടിയെ പറ്റിയും എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. അത്കൊണ്ട് തന്നെ അധികം നീട്ടി ഇടാതെ ഉടനെ തന്നെ രഘു രാമനെ കണ്ട് സംസാരിച്ചത്.
   അത് ഇപ്പോൾ എന്തുകൊണ്ടും നന്നായി എന്നാണ് സരിത്തിനു തോന്നിയത്. കാരണം എല്ലാം ഇത്രയും ഫാസ്റ്റ് ആവുമെന്ന് അവനും കരുതിയില്ല. ഇനി അവൾക്കെങ്ങാനും ഇഷ്ടപ്പെട്ടില്ല എന്ന് പറയുമോ...അങ്ങനെ ഒരു ചിന്ത അവന്റെ ഉള്ളിൽ ഉണ്ടെങ്കിലും പുറമെ ആരോടും പറഞ്ഞില്ല.
        ചർച്ചകൾക്കൊടുവിൽ സരിത്തിനൊപ്പം ശിവദാസനും ഗോപാലകൃഷ്ണനും സാരംഗും പോകാൻ തീരുമാനം ആയി.
      🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
      
          "നിവി ഇതുവരെ എഴുന്നേറ്റില്ലല്ലോ. നീ പോയി അവളെ വിളിച്ച് ഭക്ഷണം എടുത്തു കൊടുക്ക്. ആ കുട്ടി ശരിക്ക് എന്തെങ്കിലും കഴിച്ചിട്ട് രണ്ടുദിവസമായി." രാവിലെ ജോലികൾ എല്ലാം കഴിഞ്ഞ് അടുക്കള ഒതുക്കുമ്പോഴാണ് രമണിയമ്മ പറഞ്ഞത്. രഘുരാമൻ കടയിലേക്കും നന്ദുവും നിതിനും  സ്കൂളിലേക്കും പോയിരുന്നു.
" ഞാൻ പോയി അവളെ വിളിച്ചിട്ട് വരാം. നാളത്തെ കാര്യം അമ്മ സൗകര്യം പോലെ അവളോട് ഒന്ന് സംസാരിക്ക്. അവർ വരുമ്പോൾ മനസ്സിലുള്ള ദേഷ്യം ഒന്നും കാണിക്കാതെ നന്നായി പെരുമാറാൻ പറയണം. ഈ പ്രായത്തിലുള്ള ഓരോരോ തോന്നലുകളും സ്വപ്നങ്ങളൊന്നും യഥാർത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ല എന്ന് അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം അമ്മ. " ശ്രീദേവിയുടെ പറച്ചിൽ കേട്ട് രമണിയമ്മയ്ക്ക് നിവിയെ യെ ഓർത്തു  വേദന തോന്നി. ഇവർ രണ്ടുപേരും എന്തുകൊണ്ടാ അവൾക്കും ഒരു മനസ്സുണ്ടെന്ന് ചിന്തിക്കാത്തത്. സ്വന്തം അച്ഛനും അമ്മയ്ക്കും മനസ്സിലായില്ലെങ്കിൽ പിന്നെ മറ്റാര് മനസ്സിലാക്കാനാ അവളുടെ വിഷമം. അവളുടെ കാര്യത്തിൽ അവളുടെ അച്ഛനും അമ്മയും എടുക്കുന്ന തീരുമാനത്തെ എതിർക്കാൻ ഒന്നും തനിക്ക് പറ്റില്ല. ഇരുപത് വയസ് ആയിട്ടേ ഉള്ളൂ അവൾക്ക്. മാനസികമായി തയ്യാറാവാതെ പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. രഘുരാമന്റെ ചില സമയത്തെ സംസാരം കേട്ടാൽ അവളുടെ വിവാഹം നേരത്തെ നടത്തി എന്തോ ഒരു ജോലി തീർക്കുന്നതുപോലെയാണ്.ഉള്ളിലെ നീരസം പുറത്തു കാണിക്കാതെ അവർ ചെയ്തു കൊണ്ടിരുന്ന ജോലി തുടർന്നു.
        ശ്രീദേവി ചെല്ലുമ്പോൾ നിവി കണ്ണ് തുറന്നു കിടക്കുകയായിരുന്നു.പക്ഷെ അവർ വിളിച്ചിട്ടും അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല.ഭിത്തിയിൽ നോക്കി ഓരോന്ന് ഓർത്ത് കിടക്കുകയായിരുന്നു അവൾ. താൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല എന്ന് മനസിലാക്കി അവർ നിവിയുടെ അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചു.അവളുടെ മുഖത്തും നെറ്റിയിലും തൊട്ടു നോക്കി. പനി ഇല്ല. പക്ഷെ കണ്ണുകളിൽ ഒരു തളർച്ച ഉണ്ട്. അത് ഭക്ഷണം കഴിക്കാത്തതിന്റെ ആണെന്ന് അവർ ഓർത്തു.
   "എഴുന്നേറ്റ് വാ മോളെ. ഫ്രഷ് ആയിട്ട് വന്നു വല്ലതും കഴിക്ക്."നിവി ഒന്നും മിണ്ടിയില്ല. വെറുതെ അവരെ ഒന്നു നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു.അല്ലെങ്കിൽ തന്നെ എന്ത് സംസാരിക്കാനാണ്, അതും തന്റെ മനസ്‌ മനസിലാക്കാത്തവരോട്. ആകെ കുറച്ചു മനസലിവ് ഉള്ളത് അമ്മമ്മയ്ക്കും നന്ദുവിനുമാണ്. പക്ഷെ അവരുടെയൊന്നും വാക്കിന് ഒരു വിലയും ഇല്ലല്ലോ.
         നിവി പോകുന്നതും നോക്കി അല്പസമയം ഇരുന്നിട്ട് ശ്രീദേവി താഴേക്ക് പോയി.. നിവിയുടെ ദേഷ്യം ന്യായം ആണെന്ന് അവർക്കറിയാം. പക്ഷെ അവളുടെ പക്വത ഇല്ലാത്ത ചിന്തകൾക്ക് കൂട്ടു നിന്ന് അവളുടെ ജീവിതം നശിപ്പിക്കുന്നതിനോട് അവർക്ക് താല്പര്യം ഇല്ല. രഘുരാമന്റെ അഭിപ്രായത്തിൽ അവളുടെ ഈ സങ്കടം കുറച്ചു കഴിയുമ്പോൾ മാറും. പിന്നെ സന്തോഷം മാത്രമുള്ള ഒരു ജീവിതമായിരിക്കും അവൾക്ക്. കാരണം അയാളുടെ രീതിയിൽ അയാൾ അന്വേഷിച്ചപ്പോൾ അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു സരിത്തിനേയും അവന്റെ കുടുംബത്തിനെയും പറ്റി കിട്ടിയത്.
        ഫ്രഷ് ആയി ഇറങ്ങിയപ്പോൾ നിവിക്ക് നല്ല തലവേദന തോന്നുന്നുണ്ടായിരുന്നു. ഒരു ചായ കുടിച്ചാൽ മാറും എന്നു കരുതി അവൾ താഴേക്ക് ഇറങ്ങി.ഡൈനിങ് ടേബിളിൽ ഫ്ലാസ്കിൽ ഇരുന്ന ചായ ഒരു കപ്പിലേക്ക് പകർന്ന് അതുമായി മുകളിലേക്ക് കയറാൻ തുടങ്ങി.
    "നിവി ഇങ്ങു വന്നേ... എങ്ങോട്ടാ ഈ പോകുന്നെ..."രമണിയമ്മ വിളിക്കുന്ന കേട്ട് അവൾ സ്റ്റെപ്പിൽ നിന്ന് താഴേക്ക് നോക്കി.അമ്മമ്മ കയ്യിൽ ഒരു പ്ലേറ്റുമായി നിൽക്കുന്നു.ശ്രീദേവി അടുക്കള വാതിൽക്കൽ നിന്ന് നോക്കുന്നു.
   "ഇങ്ങോട്ട് വാ കുഞ്ഞേ.."അവർ വിളിക്കുന്നത് കേട്ട് അവൾ മനസ്സില്ലാമനസോടെ അവരുടെ അടുത്തേക്ക് ചെന്നു.
    "ഇവിടെ ഇരുന്ന് ഇത് കഴിക്ക് "പ്ലേറ്റിലേക്ക് രണ്ട് ചപ്പാത്തി എടുത്ത് കുറച്ചു കറിയും ഒഴിച്ച് അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് അവർ പറഞ്ഞു.
       "എനിക്ക് വേണ്ട.... വിശപ്പില്ല." പ്ലേറ്റ് കയ്യിൽ വാങ്ങാൻ കൂട്ടാക്കാതെ പോകാൻ നിൽക്കുന്നവളെ അവർ ബലമായി പിടിച്ച് അവിടെ ഒരു ചെയറിൽ ഇരുത്തി.
  " എനിക്ക് വേണ്ടാഞ്ഞിട്ടാ അമ്മമ്മേ.സത്യമായും വിശപ്പില്ല. "
      പക്ഷേ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവർ ഒരു കഷണം ചപ്പാത്തി കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി.നിവി ദയനീയമായി അവരെ നോക്കി ശേഷം മെല്ലെ വായ് തുറന്നു.  ആഹാരം അല്പാൽമായി കഴിക്കുമ്പോഴും അവളുടെ മനസ്സ് നീറി കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമായി കൺകോണുകളിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടി.ഈ അവസരത്തിൽ അവളോട് എന്തെങ്കിലും ചോദിച്ചാൽ അവൾ ഭക്ഷണം കഴിക്കുന്നത് മതിയാക്കുമോ എന്ന് ഭയന്ന് അവരും ഒന്നും ചോദിച്ചില്ല.
        കഴിച്ചു കഴിഞ്ഞ് അവൾ അവിടെ ഇരിക്കുമ്പോൾ ലാൻഡ് ഫോൺ ബെൽ അടിക്കുന്നത് കേട്ട് ശ്രീദേവി അങ്ങോട്ട് വന്നു. നിമിഷമായിരുന്നു വിളിച്ചത് രണ്ടുദിവസമായി നിവിയെ കോളേജിൽ കാണാത്തതുകൊണ്ട് എന്ത് പറ്റി എന്നറിയാൻ. നിവിയുടെ മൊബൈലും സ്വിച്ച് ഓഫ് ആയിരുന്നു. നിനക്ക് പനിയാണെന്നും രണ്ടുദിവസം കൂടെ കഴിഞ്ഞിട്ടേ ക്ലാസിൽ വരുന്നുള്ളൂ എന്നും ശ്രീദേവി ഫോണിലൂടെ പറയുന്നത് നിർവികാരതയോടെ അവൾ കേട്ടിരുന്നു.
      ഫോൺ വെച്ചിട്ട് പോകുന്ന വഴിക്ക് ശ്രീദേവി രമണിയമ്മയോട് കണ്ണുകൾ കൊണ്ട് സംസാരിച്ചു. അവളോട് എങ്ങനെ സംസാരിക്കും എന്ന് അവരുടെ മനസ്സ് ആമുഖം തേടുകയായിരുന്നു.
      " നാളെ മുതൽ ഞാൻ കോളേജിൽ പോകാം എന്ന് വിചാരിക്കുകയാ. നോട്സ് ഒത്തിരി പെൻഡിങ് ആയാൽ പിന്നെ എക്സാം ആകുമ്പോൾ പാട് ആയിരിക്കും. " അത് പറയുമ്പോൾ അങ്ങനെയെങ്കിലും ഇവിടെനിന്ന് ഒരു മോചനം കിട്ടുമെന്ന് ചിന്തയായിരുന്നു അവൾക്ക്.
    " അത് മോളെ നിനക്ക് ഒരു ദിവസം കൂടെ കഴിഞ്ഞിട്ട് മറ്റന്നാൾ പോയാൽ പോരെ. രഘുവത് പ്രത്യേകം പറഞ്ഞിട്ടാ പോയത്. അന്ന് ആ കല്യാണ ആലോചനയുമായി വന്ന കൂട്ടർ നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു. "
       നിവിയുടെ കണ്ണുകൾ മിഴിഞ്ഞു പോയി. തന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത്. പറയുന്നത് ഒക്കെ അനുസരിക്കുന്നു എന്ന് കരുതി എന്തും ആവാം എന്നാണോ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
      " ഓഹോ അപ്പൊ കല്യാണം ഉടനെ ഉണ്ടാവുമല്ലോ....അത് കൂടി കഴിഞ്ഞു കോളേജിൽ പോകാം. അതോ പഠിത്തവും നിർത്തണോ...? " വാക്കുകളിൽ പരിഹാസം നിറച്ച് നിവി ചോദിക്കുമ്പോൾ അവർക്ക് ഉത്തരം ഇല്ലായിരുന്നു. അവളുടെ കോപം ന്യായമാണെന്ന് അവർക്കറിയാം. കുറച്ചു നേരം ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞുവെങ്കിലും അവളുടെ കണ്ണുകൾ ചതിച്ചു. തികച്ചും നിസ്സഹായ അവസ്ഥ. ആഗ്രഹിച്ച ജീവിതം ഒരിക്കലും നടക്കില്ല എന്ന് മനസിലായി. ഇനി ആരായാലും ഒരു പോലെ.ആരെയും വെറുപ്പിച്ചു കൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ല. അപ്പൊ എല്ലാവരും കൂടെ തിരഞ്ഞെടുക്കുന്നത് എന്തായാലും അത് സ്വീകരിക്കുക.ഏറെ നേരത്തെ കരച്ചിലിനു ശേഷം അവൾ സ്വയം ഒരു ഉത്തരം കണ്ടെത്തി.
          "അമ്മമ്മ അച്ഛനോട് പറഞ്ഞേക്ക് പേടിക്കണ്ട.... അവർ വരുമ്പോ ഞാനായിട്ട് എതിർപ്പൊന്നും കാണിക്കില്ല. പക്ഷെ പകരം ആ മര്യാദ തിരിച്ചും നിങ്ങൾ എന്നോട് കാണിക്കണം.
    എന്റെ പരീക്ഷ കഴിയുന്നത് വരെ കല്യാണം എന്ന് പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്. എല്ലാം മറക്കാനായിട്ടുള്ള കുറച്ചു സമയമെങ്കിലും എനിക്ക് തരണം.ഇത് എന്റെ ഒരപേക്ഷ ആയിട്ട് കൂട്ടിയാൽ മതി. അതുപോലെ ഇനിയെല്ലാം കഴിഞ്ഞിട്ട് എല്ലാം എന്റെ നല്ലതിനുവേണ്ടി ആയിരുന്നു എന്ന് മാത്രം ആരും പറയരുത്. എനിക്ക് നല്ലതുപോലെ തോന്നിയതെല്ലാം എല്ലാവർക്കും  വേണ്ടി ഞാനായിട്ടു നശിപ്പിച്ചു.ഇനി കഴിഞ്ഞു പോയതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല.
          അത്രയും ആയപ്പോഴേക്ക് ശ്രീദേവി അടുക്കളയിൽ നിന്ന് ഹാളിലേക്ക് പതുക്കെ വന്നു. ഇനി അടുത്ത് അമ്മയുടെ വക ഉപദേശം കൂടെ ഉണ്ടാവും എന്ന് അവർക്ക് തോന്നി. അവരെന്തോ പറയാൻ തുടങ്ങിയപ്പോൾ ഇനി ഒന്നും പറയാനോ കേൾക്കാനോ വയ്യ എന്നതുപോലെ അവൾ ആരെയും ശ്രദ്ധിക്കാതെ മുറിയിലേക്ക് പോയി.
           നിറഞ്ഞുവരുന്ന കണ്ണുകൾ പുറം കയ്യിലെ തുടച്ചു കൊണ്ടു പോകുന്ന നിവിയെ കാണവേ രമണിയമ്മയ്ക്ക് മുന്നിൽ ഇരിക്കുന്ന മകളോടു വല്ലാത്ത ദേഷ്യം തോന്നി. അമ്മേ എന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങി ശ്രീദേവിയെ കൈയെടുത്ത് വിലയ്ക്ക് കൊണ്ട് അവർ എഴുന്നേറ്റ് പോയി.
    🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
         (തുടരും)
To Top