നിവേദ്യം തുടർക്കഥ ഭാഗം 13 വായിക്കൂ...

Valappottukal



രചന: Bhavini 

ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ നന്ദു ആദ്യം നിവിയുടെ അടുത്തേക്കാണ് ഓടിപ്പോയത്.ചെല്ലുമ്പോൾ ടേബിളിൽ തലചായ്ച്ച് കണ്ണടച്ചിരിക്കുകയായിരുന്നു.
അടങ്ങിയ കൺപോളകൾക്കിടയിലൂടെ കണ്ണുനീർത്തുള്ളികൾ ഒഴുകുന്നു. അവളുടെ കവിളിലേക്ക് കൈവെച്ച് നന്ദു ഞെട്ടലോടെ കൈ പിൻവലിച്ചു. തീ പോലെ പൊള്ളുന്ന പനി. ഒന്ന് രണ്ട് വട്ടം അവൾ കുലുക്കി വിളിച്ചപ്പോൾ നിവി തളർച്ചയോടെ കണ്ണുകൾ വലിച്ചു തുറന്നു. അവൾ നിർബന്ധപൂർവ്വം നിവിയെ ബെഡിലേക്ക് കിടത്തി ഒരു തുണി നനച്ചു നെറ്റിയിൽ ഇട്ടു കൊടുത്തു.എന്നിട്ട് അമ്മയെ വിളിക്കാനായി അവൾ താഴേക്ക് പോയി. ശ്രീദേവി വന്ന് നിവിയെ നോക്കിയിട്ട് പോയി. അടുത്ത വീട്ടിൽ ഉള്ള ജയന്തി മാതാ ഹോസ്പിറ്റലിലെ നഴ്സ് ആണ്.നിവിയുടെ കാര്യം പറഞ്ഞ് അവരെ വിളിച്ചു കൊണ്ടുവന്നു. അവർ വന്നു നോക്കിയിട്ട് ഗുളിക കൊടുത്തു.കുറച്ചു സമയം ഉറങ്ങി എഴുന്നേറ്റിട്ടു കുറവില്ലെങ്കിൽ സന്ധ്യയ്ക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ മതി എന്ന് പറഞ്ഞിട്ട് അവർ തിരികെ പോയി.
   അതുവരെ നെറ്റിയിലെ തുണി ഇടയ്ക്കിടെ നനച്ചിട്ട് കൊണ്ടിരുന്നാൽ മതി.ശ്രീദേവി നിവിയുടെ അടുത്തു തന്നെ ഇരുന്നു.അവർക്ക് വല്ലാതെ സങ്കടം വരുന്നുണ്ടായിരുന്നു. രാവിലെ ഹരി വന്നു പോയതിനു ശേഷം അവളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ അവരും കണ്ടതാണ്. പക്ഷെ ആ സമയത്ത് അവൾക്ക് ലഭിക്കാൻ പോകുന്ന നല്ലൊരു ജീവിതം മാത്രമായിരുന്നു മനസ്സിൽ. വീട്ടിൽ നടന്ന സംഭവങ്ങൾ ഒന്നും അറിയാത്തത് കൊണ്ട് നന്ദുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഒരു സാധാരണ പനി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പനി കുറഞ്ഞു തുടങ്ങി. അവൾ ഉണരുമ്പോൾ കൊടുക്കാനായി രമണിയമ്മ കുറച്ചു പൊടിയരി കഞ്ഞി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. അരി കുക്കറിൽ ഇട്ടിട്ട് നിൽക്കുമ്പോഴാണ് നന്ദു അങ്ങോട്ട് വന്നത്.അവർ  തേങ്ങ പൊട്ടിച്ചു ചിരകാൻ തുടങ്ങിയപ്പോൾ നന്ദു അത് വാങ്ങി ചിരകാൻ തുടങ്ങി.
     "അമ്മമ്മേ... നിവിയേച്ചിയുടെ കല്യാണം ഉടനെ കാണുമായിരിക്കും. അല്ലേ...?"വിഷമത്തോടെ ഉള്ള നന്ദുവിന്റെ ചോദ്യം കേട്ട് അവർ അവളെയൊന്നു നോക്കി."സത്യമാ അമ്മമ്മേ അച്ഛൻ വന്നിട്ടുണ്ട്. ഇപ്പൊ അമ്മയോട് പറയുന്നത് ഞാൻ കേട്ടു. നാളെ കഴിഞ്ഞ് അവർ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്. ചേച്ചിക്ക് നല്ല പനിയാണ് അമ്മ പറഞ്ഞപ്പോൾ അച്ഛൻ പോയി നോക്കി. എന്നിട്ട് പറയുവാ അത് സാരമില്ല നാളെ ഒരു ദിവസം കൊണ്ട് മാറിക്കോളും എന്ന്."
      രമണിയമ്മയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ ആ കുട്ടി ആകെ മനസ്സ് തകർന്നിരിക്കുകയാണ്. അതിനിടയ്ക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ചടങ്ങ് കൂടെ നടത്തുമ്പോൾ  അവൾക്കും ഒരു മനസ്സുണ്ടെന്ന് ആരും ഓർക്കുന്നില്ല. പാവത്തിന് കുറച്ച് സമയം കൂടെ കൊടുത്തുകൂടെ എല്ലാം ഒന്ന് മറക്കാനായി.. ഇങ്ങനെയൊക്കെ അവർ ചിന്തിക്കുമ്പോഴാണ് അതേ കാര്യം നന്ദുവും പറയുന്നത്
     " നാളെ ഒറ്റ ദിവസം കൊണ്ട് പനി മാറുമായിരിക്കും അമ്മമ്മേ. പക്ഷേ ചേച്ചിയുടെ മൈൻഡ് അത്ര പെട്ടെന്ന് ഒക്കെ ആവില്ലല്ലോ. അമ്മമ്മ ഒന്നു പറയാമോ അച്ഛനോട് കുറച്ചുദിവസം കഴിയട്ടെ എന്ന്."
        " ഞാൻ പറഞ്ഞാൽ ഒന്നും അവൻ അനുസരിക്കില്ല മോളെ. നമുക്ക് നിവിയെ പറഞ്ഞ് സമാധാനിപ്പിക്കാം.അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ. "
   അവർ ഓർക്കുകയായിരുന്നു ഈ ചെറിയ കുട്ടിയുടെ വിവേകം പോലും മുതിർന്നവർക്ക് ഇല്ലല്ലോ എന്ന്.
     🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀

           ഹിമ ഉമ്മറത്ത് വിളക്ക് വയ്ക്കുമ്പോൾ പുറത്ത് പടർന്നു തുടങ്ങുന്ന ഇരുളിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഹരി. മുറ്റത്തുള്ള തുളസിത്തറയിൽ  വിളക്ക് വച്ച് പ്രാർത്ഥിച്ച ശേഷം അവൾ ഹരിയുടെ അടുത്തേക്ക് വന്നു. അങ്ങനെ ഇരിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സിൽ എന്തോ കാര്യമായി കടന്നു കൂടിയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.
     ചിലപ്പോൾ അമ്മയുടെ അസുഖത്തെപ്പറ്റി ഓർത്തിട്ടാവും.
    " ഹരിയേട്ടാ ചായ എടുക്കട്ടെ...? അല്ലെങ്കിൽ വേണ്ട. ഞാൻ ഭക്ഷണം എടുത്ത് തരാം.ഉച്ചയ്ക്ക് മര്യാദയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ... "
    " ഇപ്പോ ഒന്നും വേണ്ട നീ അകത്തേക്ക് പൊയ്ക്കോ.അമ്മ അവിടെ ഒറ്റയ്ക്ക് ഇരിക്കുകയല്ലേ. " അവന് കുറച്ചു സമയം  തനിച്ചിരിക്കണമായിരുന്നു. സംഭവിച്ചതൊന്നും ഉൾക്കൊള്ളാൻ അവന് ഇപ്പോഴും പറ്റിയിട്ടില്ല. ജീവിക്കാനുള്ള ഒരു പ്രതീക്ഷ ആയിരുന്നു അവന്റെയും നിവിയുടെയും ഇഷ്ടം. അവന്റെ ജീവിതത്തിലും നല്ലത് സംഭവിക്കുമെന്ന് തോന്നി തുടങ്ങിയത് അവൾ വന്നതിനുശേഷമാണ്.പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു.നല്ലൊരു ജോലി പോലും ആഗ്രഹിച്ചത് അവൾക്ക് വേണ്ടിയിട്ടായിരുന്നു.വീണ്ടും മനസിന്റെ ഭാരം കൂടിയപ്പോൾ ഫോൺ എടുത്തു മനുവിനെ വിളിച്ചു. അല്പസമയം കണ്ണനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ കുറച്ചു സമയത്തേയ്ക്ക് എങ്കിലും അവന് ആശ്വാസമായി.
     🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
                      
        ഹിമ ഒരു പ്ലേറ്റിൽ രണ്ടു ദോശയും കുറച്ചു ചമ്മന്തിയും ഒഴിച്ച് ഒരു കയ്യിൽ വെള്ളവുമായി സുമയുടെ റൂമിലേക്ക് ചെന്നു.ഹിമ വിളിച്ചപ്പോൾ ചുമർ ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്ന അവർ പതുക്കെ എഴുന്നേറ്റിരുന്നു.
    "ഇത് കഴിക്ക് അമ്മേ.അപ്പോഴേക്കും ഞാൻ പോയി ഏട്ടന് ഭക്ഷണം എടുത്തു കൊടുത്തിട്ടു വരാം." ഹിമ പുറത്തേക്ക് പോയപ്പോൾ സുമ ആ പ്ലേറ്റും കയ്യിൽ വച്ച് ഓരോന്നോർത്തിരുന്നു. ഒരു ഇറക്കുപോലും ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.എങ്ങനെയൊക്കെ ഒരു ദോശ കഴിച്ചു എന്ന് വരുത്തി. അപ്പോഴേക്കും ഹിമ തിരിച്ചു വന്നിരുന്നു.
  " ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ... വേഗം കഴിക്കമ്മേ.മരുന്ന് കഴിക്കാൻ ഉള്ളതല്ലേ.
       " ഹരി കഴിച്ച് കഴിഞ്ഞോ മോളെ..അവൻ ഒരു കപ്പ് ചായ കൂടെ ഉണ്ടാക്കി കൊടുക്കണേ. ചില ദിവസം രാത്രിയിൽ ഒരു കപ്പ്‌ ചായ അവന് പതിവുള്ളതാണ്. "
    "അതൊക്കെ ഞാൻ ചെയ്തോളാം അമ്മേ. കുറച്ച് കൂടെ കഴിക്ക്. എന്നിട്ട് ഈ മരുന്ന് കഴിച്ചിട്ട് കിടന്നോ."സ്ട്രിപ്പിൽ നിന്ന് ഗുളിക പൊട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു.
   "മതിയെടി. ആ ഗുളിക ഇങ്ങു തന്നിട്ട് നീ പൊയ്ക്കോ. പോയി അവന് എന്താ വേണ്ടതെന്നു വച്ചാൽ എടുത്തു കൊടുക്ക്."അവർക്ക് ഹരിയുടെ കാര്യം ഓർത്തായിരുന്നു ആധി മുഴുവനും.
         ഹരിയാവട്ടെ എല്ലാം നഷ്ടപെട്ടവനെ പോലെ ആലോചനയിൽ സമയം തള്ളി നീക്കി. ഓർമകളിൽ നിവിയുടെ മുഖം തെളിയുമ്പോൾ മനസ്‌ കൂടുതൽ ആസ്വസ്ഥം ആവുന്നു.ഹിമ ഒത്തിരി നിർബന്ധിച്ചപ്പോൾ അവൻ ഭക്ഷണം കഴിച്ചെന്നു വരുത്തി. അവന്റെ മൗനത്തിനു പിന്നിൽ ശക്തമായ എന്തോ ഒരു കാരണം ഉണ്ടെന്ന് അവൾക്ക് തോന്നി. രാവിലെ മനുവിനെ കണ്ട് സംസാരിച്ചാൽ ശരിക്കുള്ള കാര്യം അറിയാം. പെട്ടന്നാണ് പ്രവീണിന്റെ അമ്മ വിളിച്ച കാര്യം അവൾക്ക് ഓർമ വന്നത്. ഉച്ചയ്ക്ക് ഇവിടെ അമ്മയ്ക്ക് സുഖമില്ലാത്ത ടെൻഷനിൽ അധിക നേരം സംസാരിക്കാതെ ഫോൺ വെച്ചു. ഉറങ്ങുന്നതിനു മുൻപ് തിരിച്ചു വിളിക്കണം. അവൾ റൂമിലേക്ക് പോയി.
    🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
        
          രമണിയമ്മ നിർബന്ധിച്ച് നിവേദയെ കൊണ്ട് കുറച്ചു കഞ്ഞി കുടിപ്പിച്ചിട്ടു പോയി. പനി വിട്ടെങ്കിലും അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.ഉറങ്ങുന്നതിനു മുൻപായി 
ശ്രീദേവിയും രഘുവും വന്നു നോക്കിയിട്ട് പോയി.ആണ് സമയം അയാളുടെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു നിവി. ഇന്നലെ കണ്ട സ്വാർത്ഥതയുടെയും ഇന്ന് രാവിലെ ഉണ്ടായിരുന്ന ഭീഷണിയുടെയും മുഖം അല്ല മറിച്ച് സ്നേഹനിധിയായ ഒരച്ഛന്റെ വാത്സല്യം മാത്രമായിരുന്നു അപ്പോൾ അയാളിൽ കണ്ട ഭാവം. അത് പക്ഷെ അഭിനയമല്ല കലർപില്ലാത്ത സ്നേഹമാണെന്ന് അവൾക്കറിയാം.
      എല്ലാവരും പോയിക്കഴിഞ്ഞ് റൂമിൽ നിവിയും നന്ദവും മാത്രമായപ്പോൾ നന്ദു ഒത്തിരി സമയം നിവിയോട് സംസാരിച്ചു. രാവിലെ ഹരി വന്നതും താനവനെ സങ്കടപ്പെടുത്തി പറഞ്ഞയച്ചതും എല്ലാം പറഞ്ഞു നിവേദ പൊട്ടിക്കരയുമ്പോൾ നന്ദുവിന് ദേഷ്യമാണ് തോന്നിയത്. അവൾ അത് തുറന്നു പറയുകയും ചെയ്തു.
    "ചേച്ചി എന്താ സ്വന്തം ലൈഫിനെ ഇത്ര സില്ലിയായി കാണുന്നത്. അതോ ഹരിയേട്ടനോടുള്ള ഇഷ്ടം ഇത്രയേ ഉണ്ടായിരുന്നുള്ളോ...?" നന്ദുവിന്റെ ചോദ്യം ചാട്ടുളി പോലെ അവളുടെ നെഞ്ചിൽ കൊണ്ടു. ഒരിക്കലും ഹരിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല തന്റെ സ്നേഹം പിന്നീട് അവനൊരു ബാധ്യത ആവാതിരിക്കാൻ ആണ് അങ്ങനെയൊക്കെ പറഞ്ഞത്.
       "അച്ഛനോട് അമ്മയോടും  കരഞ്ഞു കാലു പിടിച്ചിട്ടാണെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് കരുതിയതായിരുന്നു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയാണ് അന്ന് ഹരിയേട്ടന്റെ അമ്മ വിളിച്ചത്. എന്തുകൊണ്ടോ അമ്മയുടെ ഉറച്ച വാക്കുകൾക്കു മുന്നിൽ അന്ന് പതറിപ്പോയി.മറ്റുള്ളവരുടെ കണ്ണീരിനു മുകളിൽ കെട്ടിപ്പടുക്കുന്ന ജീവിതങ്ങൾ ഒന്നും നിലനിൽക്കില്ല നന്ദു." നിവി ഇത്രയൊക്കെ പറയുന്നുണ്ടെങ്കിലും അവളുടെ ന്യായങ്ങൾ ഒന്നും തന്നെ നന്ദുവിന് ഉൾക്കൊള്ളാൻ ആവുന്നില്ല.
    ഇപ്പോഴും കുഞ്ഞു കളിച്ചു നടക്കുകയാണെങ്കിലും ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട് നന്ദുവിന്.
      പക്ഷേ നിവിയുടെ സ്വഭാവം മറിച്ചാണ്. ചുറ്റും നിൽക്കുന്നവരോട് എല്ലാം പൊരുതി നേടിയെടുക്കാൻ അവൾക്ക് കഴിയില്ല. താൻ കാരണം മറ്റുള്ളവർക്ക് കരയുന്നതിലും ഭേദം സ്വയം വേദനിക്കുന്നതാണ് നല്ലതെന്ന ചിന്താഗതിയാണ് അവൾക്ക്.
     എല്ലാം മറക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നഷ്ടപ്പെടുത്തിയതിനെ ഓർത്തുള്ള വേദന മരണം വരെ ഉള്ളിൽ ഉണ്ടാവും.
      സംസാരിച്ചു സംസാരിച്ചു ഒടുവിൽ എപ്പോഴും നന്ദു ഉറങ്ങിയപ്പോഴും പുലരുവോളം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു നിവി.
          🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
          രാവിലെ അടുക്കളയിൽ ആയിരുന്നു രമണിയമ്മയും ശ്രീദേവിയും. അപ്പോഴാണ് രഘുരാമൻ അങ്ങോട്ട് വന്നത്. ശ്രീദേവി ഒരു കപ്പിൽ ചായ എടുത്തു കൊടുത്തിട്ടും അതുകൊണ്ട് പോകാതെ അയാൾ അവിടെ തന്നെ നിന്നു. എന്താ സംസാരിക്കാനാണ് നിൽക്കുന്നത് എന്ന് കണ്ടപ്പോൾ തന്നെ രമണിയമ്മയ്ക്ക് മനസ്സിലായി.
     " അതെ അമ്മായി....ആ ഗോപാലകൃഷ്ണൻ വിളിച്ചിരുന്നു.... ഒരു മുഖവുര എന്നോണം അയാൾ പറഞ്ഞു തുടങ്ങി.
   " ഏതു ഗോപാലകൃഷ്ണൻ..? " രമണിയമ്മയ്ക്ക് ആളെ മനസ്സിലായില്ല.
   പക്ഷേ ആളെ മനസ്സിലായി ശ്രീദേവി അവർക്ക് അത് വ്യക്തമാക്കി കൊടുത്തു. നാളെ പെണ്ണുകാണാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ രമണിയമ്മയ്ക്ക് ദേഷ്യമാണ് തോന്നിയത്. അവരത് പ്രകടിപ്പിക്കുകയും ചെയ്തു.
"ദേ രഘു... ആ പെൺകൊച്ച് ഒരു പാവം ആയതുകൊണ്ട് നീ പറയുന്നതൊക്കെ ചിലപ്പോൾ സമ്മതിച്ചെന്നിരിക്കും. എന്നു കരുതി ഇത്രയും ക്രൂരത കാണിക്കരുത് അതിനോട്."
      അയാൾ പക്ഷെ പിന്മാറാൻ തയാറായിരുന്നില്ല. "അമ്മായി അതിനു നാളെയോ മറ്റന്നാളോ കല്യാണം നടത്തുന്നതിനെ പറ്റി അല്ല പറഞ്ഞത്. നാളെ അല്ലെങ്കിൽ ഇനിയൊരു ദിവസം അവളുടെ ജീവിതത്തിൽ ഇതൊക്ക നടക്കണ്ടേ.ആചടങ്ങ് കഴിഞ്ഞ് എല്ലാം ഒത്തു വന്നാൽ നമുക്ക് ഒരു വാക്ക് പറഞ്ഞ് ഉറപ്പിച്ചു വയ്ക്കാലോ. കല്യാണം പതുക്കെ മതി.ഇതിപ്പോ ഞാൻ ചെന്ന് അവളോട് പറയുന്നതിലും നല്ലത് നിങ്ങൾ ആരെങ്കിലും പറയുന്നത് അല്ലേ.."
         ഒടുവിൽ രഘുവിന്റെ നിർബന്ധം സഹിക്ക വയ്യാതെ അവർ അവളോട് സംസാരിക്കാം എന്ന് ഏറ്റു. പക്ഷെ അതിനു മുൻപ് ഒരു കാര്യം അവർ അയാളിൽ നിന്ന് ഉറപ്പ് വാങ്ങി. എന്തൊക്കെ സംഭവിച്ചാലും നിവിയുടെ കോഴ്സ് കംപ്ലീറ്റ് ആവാതെ കല്യാണം നടത്താൻ പാടില്ല.ഇനി ആറു മാസം കൂടെ ഉണ്ട് പരീക്ഷയ്ക്ക്. അതിനു മുൻപ് കല്യാണം നടത്തിയാൽ അത് അവളുടെ പഠിത്തത്തെ ബാധിക്കും. ഡിഗ്രി കംപ്ലീറ്റ് ആവാതെ ഒരു ജോലിക്ക് പോലും അപേക്ഷിക്കാൻ പറ്റില്ല. പെൺകുട്ടികൾ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം.ആ ഒരു കാര്യം രഘു സമ്മതിച്ചു.
      ഇങ്ങനെ ഓരോ നീക്കങ്ങൾ നടത്തുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല ഭാവിയിൽ സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ നിവി ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെ ആയിരിക്കുമെന്ന്.
      🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
        
      
   
      
To Top