രചന: Bhavini
ഒത്തിരി നേരമായി ഹരിയുടെ ഫോൺ ബെല്ലടിക്കുന്നത് കെട്ടിട്ടാണ് മനു റൂമിലേക്ക് വന്നത്. ഹിമയാണ് വിളിക്കുന്നത്. നേരമിത്രയായിട്ടും ഹരി വീട്ടിലേക്ക് ചെല്ലാത്തത് കൊണ്ടാവും വിളിക്കുന്നത്. അവൻ കാൾ അറ്റൻഡ് ചെയ്തു ഫോൺ കാതോട് ചേർത്തു.
"ഹലോ... ഹിമേ.."
"ആഹാ.. മനുവേട്ടനാണോ..? എവിടെ ചങ്ക്..? ഞാൻ ഇവിടെ വന്നിട്ട് ശരിക്ക് ഒന്ന് കാണാൻ കൂടി കിട്ടിയിട്ടില്ല.രാവിലെ ഭക്ഷണവും കഴിച്ചിട്ടില്ല. ഏട്ടനെ കാണാത്തത് കൊണ്ടാവും അമ്മയും ഒന്നും കഴിച്ചില്ല."ഹിമ ഇങ്ങനെയാണ് പരാതിക്കെട്ടഴിച്ചാൽ പിന്നെ ആരെയും വെറുതെ വിടില്ല.
"അവനിവിടെ ഉണ്ടെടി. ഒരു ചെറിയ തലവേദന. കിടക്കുവാ. എഴുന്നേൽക്കുമ്പോൾ അങ്ങോട്ട് പറഞ്ഞു വിട്ടേക്കാം."
കാൾ കട്ട് ചെയ്തിട്ട് മനു ഹരിയുടെ അടുത്തേക്ക് ചെന്നു. ഒരു കൈ കണ്ണിന് മേലെ വെച്ച് കിടക്കുകയാണ്.മനു അവന്റെ അടുത്തേക്ക് പോയിരുന്ന് ആ കൈ എടുത്തു മാറ്റി. ഹരി ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു.
കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നു. മുഖത്ത് ശാന്തതയാണെങ്കിലും അവന്റെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ട്. അത് പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക് ഒരിക്കലും മനസിലാക്കാൻ കഴിയില്ല.
മനു അവനെ വേദനയോടെ നോക്കി. ചെറുപ്പം മുതൽ തന്നെ അവനെ അറിയുന്നതാണ്. എന്തിനും ഏതിനും താൻ കൂടെ വേണമായിരുന്നു.പക്ഷേ കുടുംബ പ്രാരാബ്ദം എല്ലാം അവന്റെ ചുമലിൽ വന്നപ്പോൾ അവനും ഒത്തിരി മാറിപ്പോയി. തന്റെ സങ്കടങ്ങളൊക്കെയും ഉള്ളിൽ ഒതുക്കാൻ ശീലിച്ചു അവൻ. മനുവിനോട് മാത്രമാണ് കുറച്ചെങ്കിലും മനസ്സ് തുറക്കുന്നത്.അവന്റെ സങ്കടങ്ങളിൽ നിന്നൊക്കെ കുറച്ച് ആശ്വാസം കിട്ടിയിരുന്നത് നിവിയുമൊന്നിച്ചുള്ള നിമിഷങ്ങളിൽ ആയിരുന്നു.വർഷങ്ങൾക്ക് മുൻപ് അവന്റെ അച്ഛന്റെ മരണസമയത്താണ് അവൻ ഇതുപോലെ തകർന്നു കണ്ടത്.അവിടെ നിന്ന് അവനെ ഒന്ന് നോർമൽ ലൈഫിലേക്ക് കൊണ്ട് വരാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഇനി വീണ്ടും അവനെ പഴയത് പോലെ കാണാൻ വയ്യ.
മനു അവനെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു. ചില സമയത്ത് വാക്കുകൾക്ക് പ്രസക്തി ഇല്ലാതാവുമ്പോൾ ഇതുപോളെ ചായാനൊരു ചുമലുണ്ടെങ്കിൽ തളരാതെ പിടിച്ചു നിൽക്കാനാവും.
"അവൾക്ക് എന്താടാ പറ്റിയെ. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പോലും പറഞ്ഞത് എന്നെ വിട്ടുകളയല്ലേ ഹരിയേട്ടാ ന്നാ..ഇനി എല്ലാവരെയും പോലെ അവൾക്കും തോന്നിക്കാണുവോ ഒരോട്ടോക്കാരന്റെ കൂടെ കൂടി ജീവിതം നശിപ്പിക്കേണ്ടന്ന്. പക്ഷേ എന്റെ നിവി അവൾ അങ്ങനെയല്ലടാ. അവൾക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ കഴിയില്ല. ഇന്നലെ ഒറ്റ ദിവസം കൊണ്ട് എന്തോ സംഭവിച്ചിട്ടുണ്ട്. അതെനിക്കുറപ്പാ." നിവി യെപ്പറ്റി പറയുമ്പോൾ തന്നെ അവന്റെ കൺകോണുകളിൽ നീർ മുത്തുകൾ ഇറ്റ് വീഴാൻ പാകത്തിൽ നിന്നു.
അവൻ പറയുന്നത് ശരിയാണെന്ന് മനുവിനും തോന്നി. ഇന്ന് വീട്ടിൽ ചെന്നപ്പോഴുള്ള കരഞ്ഞു തളർന്ന നിവി യുടെ ആ കോലവും രഘുരാമന്റെ സംസാരവും കേട്ടിട്ട് അയാൾ അവളെ എന്തോ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരിക്കാൻ ആണ് സാധ്യത.
പക്ഷെ അവനെ വീണ്ടും ഇതിന് പിന്നാലെ വിടാൻ മനുവിനു തോന്നിയില്ല അവൻ പറഞ്ഞു " അവളുടെ അവിടുത്തെ സാഹചര്യം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ ഹരി. നിനക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ അത് നിന്റെ അടുത്തേക്ക് തന്നെ എത്തും. തൽക്കാലം നീയൊന്ന് സമാധാനപ്പെട്.നമുക്ക് ഒരു രണ്ടുദിവസം കൂടെ നോക്കാം. അതുകഴിഞ്ഞ് നിവിയെ കണ്ട് ഒന്നുകൂടി സംസാരിക്കാൻ ശ്രമിക്കാം." അത് ശരി വെക്കുമ്പോലെ ഹരി ഒന്ന് തലയാട്ടി. കരഞ്ഞു തളർന്ന നിവിയുടെ രൂപം അവന്റെ ഉള്ളിൽ തെളിഞ്ഞു. ഒരിക്കലും മനസ്സോടെ ആവില്ല അവൾ അങ്ങനെയൊക്കെ തന്നോട് പറഞ്ഞത്. ഇതെല്ലാം അയാളുടെ ചതിയാണ്. മനു പറഞ്ഞതുപോലെ രണ്ടുദിവസം കഴിയട്ടെ. അവളെ കണ്ട് സംസാരിക്കാൻ കഴിഞ്ഞാൽ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ പറ്റും.
"ഡാ ഹിമ വിളിച്ചിരുന്നു. രാവിലെ ഒന്നും കഴിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയത് അല്ലേ... അമ്മ കാത്തിരിക്കുന്നു. നീ വീട്ടിലേക്ക് ചെല്ല്.അമ്മ വിഷമിക്കും. ഇപ്പോൾ വീട്ടിൽ ആരും ഇതൊന്നും അറിയേണ്ട. അറിയാലോ എന്തെങ്കിലും ടെൻഷൻ ആയാൽ അമ്മയ്ക്ക് വീണ്ടും സുഖമില്ലാതെ ആവും. നീ വാ നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം."
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൻ മനുവിന് പിന്നാലെ എഴുന്നേറ്റ് പോയി.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
വരാന്തയിലെ അരമതിലിൽ വഴിയിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് സുമ. ഒത്തിരി നേരമായി അവർ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്. ഇന്നലെ മുതൽ അവർ ഹരിയെ കണ്ടിട്ടില്ല. രാത്രിയിൽ അവൻ ഒത്തിരി വൈകിയാണ് വന്നതെന്നും രാവിലെ നേരത്തെ പോയി എന്നും ഹിമ പറഞ്ഞറിഞ്ഞു. ഹരിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ചെയ്തത്. ഇന്നലെ മുതൽ അതിന്റെ കുറ്റബോധത്താൽ അവർ നീറുകയായിരുന്നു. അവന്റെ ജീവിതത്തിൽ ഈ പ്രായത്തിനിടയ്ക്ക് ഒത്തിരി അനുഭവിച്ചിട്ടുണ്ട്. ജീവിതം സമയത്ത് എല്ലാ പ്രാരാബ്ധങ്ങളും അവൻ സ്വയം അവന്റെ ചുമലിലേക്ക് എടുത്തു വെച്ചപ്പോഴും ഒരു കൈത്താങ്ങാവാൻ കഴിഞ്ഞിട്ടില്ല. പക്ഷേ അതിലൊന്നും അവൻ ഒരു പരാതിയും ഇല്ലായിരുന്നു. പകരം ഒരു അമ്മ എന്ന രീതിയിൽ താൻ അവനോട് ചെയ്തത് ചതിയല്ലേ...? ചിന്തകൾ കാട് കയറുമ്പോൾ അവർക്ക് വല്ലാത്ത പരവേശം അനുഭവപ്പെട്ടു. നെഞ്ചിൽ വല്ലാത്ത ഭാരം പോലെ ഒരു ശ്വാസംമുട്ടൽ പോലെ തോന്നിയപ്പോൾ അവർ ഹിമയെ വിളിച്ചു.
അമ്മ വിളിക്കുന്നത് കേട്ട് ഉമ്മറത്തേക്ക് വന്ന ഹിമ കാണുന്നത് ശ്വാസം കിട്ടാതെ നെഞ്ചുഴിയുന്ന സുമയെ ആണ്. അവൾ വേഗം അടുക്കളയിലേക്ക് ഓടിപ്പോയി ഒരു കപ്പ് വെള്ളവുമായി തിരികെ വന്നു. അവർക്ക് പക്ഷേ ഒരു തുള്ളി പോലെ വെള്ളം കുടിക്കാൻ പറ്റുന്നില്ല.ശ്വാസം ഉള്ളിലേക്ക് എടുക്കാൻ ബുദ്ധിമുട്ടുന്ന അവരെ കണ്ട് വല്ലാതെ ഭയന്ന് പോയി. അകത്തേക്ക് കൈകാണിച്ചവർ മറ്റെന്തോ പറയാൻ ശ്രമിച്ചു.ഇൻഹേലറിന് ആണെന്ന് മനസ്സിലായതോടെ അവൾ വേഗം ചെന്ന് അത് എടുത്തു കൊണ്ടുവന്നു.രണ്ടു മൂന്നു പഫ് എടുത്തപ്പോൾ അവർക്ക് അല്പം ആശ്വാസം ആയി. ഹരിയും മനുവും ഗേറ്റ് കടന്നു വരുമ്പോൾ കാണുന്നത് ചുമരിൽ ചാരി കണ്ണടച്ചിരിക്കുന്ന അമ്മയെയും അടുത്തായി കരഞ്ഞു കൊണ്ട് നിൽക്കുന്ന ഹിമയെയുമാണ്. ഹരിയെ കണ്ടതും ഹിമ വേഗം ഓടി അടുത്തേക്ക് വന്ന് അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു.
" ഹരിയേട്ടാ നോക്ക് അമ്മ.... അമ്മയ്ക്ക് പെട്ടന്ന് സുഖമില്ലാതായി. വല്ലാത്ത ശ്വാസംമുട്ടൽ വന്നു. "
"അമ്മേ......എഴുന്നേൽക്ക്. നമുക്ക് ഹോസ്പിറ്റൽ പോകാം."അവൻ അവർക്ക് അടുത്തേക്ക് ചെന്ന് അവരെ തട്ടി വിളിച്ചു.
സുമ കണ്ണ് തുറക്കുമ്പോൾ കാണുന്നത് തന്റെ മുൻപിൽ ആധിയോടെ നിൽക്കുന്ന ഹരിയെയാണ്. അവൻ അടുത്തായി മനുവും നിറകണ്ണുകളോടെ നിൽക്കുന്ന ഹിമയും. ഹരിയുടെ നിൽപ് കണ്ടതും അവരുടെ ഉള്ളം വിങ്ങി പൊട്ടി. അവനിപ്പോൾ വന്നത് എവിടെ നിന്നാണെന്നും അവിടെ എന്തൊക്കെയാണെന്ന് സംഭവിച്ചിട്ടുണ്ടാവുക എന്നും അവർക്ക് അറിയാം. അവന്റെ കലങ്ങിയ കണ്ണുകൾ കണ്ടിട്ട് അവർക്ക് വേദന തോന്നി. സംഭവിച്ചതിനൊക്കെ താനാണ് കാരണം എന്ന കുറ്റബോധം അവരെ അലട്ടി തുടങ്ങി. നിറകണ്ണുകളോടെ അവർ ഹരിയുടെ നെഞ്ചിലേക്ക് ചാരി.
" അമ്മ എഴുന്നേൽക്ക്... വന്നേ നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഹരി നീ വണ്ടി എടുക്ക് നമുക്ക് എന്തായാലും ഹോസ്പിറ്റലിൽ പോയിട്ട് വരാം.. "
മനു പറഞ്ഞത് കേട്ട് അവർ അവനെ തടഞ്ഞു. " വേണ്ട മക്കളെ എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല. ചെറിയൊരു ശ്വാസംമുട്ടൽ ആയിരുന്നു. ഇൻഹേലർ എടുത്തപ്പോൾ അത് മാറി.കുറച്ചു സമയം കിടന്നാൽ മതി. " അവർ എഴുന്നേറ്റ് അകത്തേക്ക് നടക്കുമ്പോഴും ഹരി അവരെ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു. അമ്മയെ കൊണ്ട് കിടത്തിയിട്ട് ഹിമയോട് അവർക്ക് ഭക്ഷണം എടുത്തു കൊടുക്കാൻ പറഞ്ഞിട്ട് ഹരി മനുവിനടുത്തേക്ക് വന്നു. എല്ലാംകൊണ്ടും ആകെ തകർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ.
മനസിലെ ചിന്തകൾ മുഴുവനും അവളെ ചുറ്റി ആയിരുന്നു. ഈശ്വരന്മാരോട് പോലും അവന് ദേഷ്യമായി. കുടുംബത്തെ ഒരു തകർച്ചയിൽ നിന്നും കരയ്ക്ക് എത്തിച്ചവനാണ്. അതിനിടയ്ക്ക് വീണ്ടും വീണ്ടും ഉള്ള ഈ പരീക്ഷണങ്ങൾ അതിജീവിക്കാനാവുമോ ഇല്ലയോ എന്ന് അറിയില്ല.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
" എന്തൊക്കെയായാലും നിവിയുടെ മനസ്സ് കൂടെ ഒന്ന് കാണാൻ ശ്രമിക്കാമായിരുന്നു നിങ്ങൾക്ക്.അതിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. " തെല്ലു നീരസത്തോടെ രമണിയമ്മ ശ്രീദേവിയോട് പറഞ്ഞു.വൈകുന്നേരത്തെ ചായക്ക് വെള്ളം വയ്ക്കുകയായിരുന്ന ശ്രീദേവി അമ്മയെ ഒന്നു നോക്കി.
" കുറച്ചു ദിവസം കഴിയുമ്പോൾ അവൾ അതൊക്കെ മറന്നോളും അമ്മേ. രഘുവേട്ടൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും ആദ്യം ദേഷ്യം തോന്നി. ആലോചിക്കുമ്പോൾ തോന്നുന്നത് ഒക്കെ നല്ലതിന് വേണ്ടിയിട്ടാവുമെന്നാ. ഇപ്പോ അവളുടെ വാശിക്ക് നമ്മൾ ഇതൊക്കെ സമ്മതിച്ചു കൊടുത്താൽ നാളെ ഒരു സമയത്ത് അവൾ കഷ്ടപ്പെടുന്നത് നമ്മൾ തന്നെ കാണണ്ടേ. " ശ്രീദേവിയെ രഘു എന്തൊക്കെയോ പറഞ്ഞു മനസ്സ് മാറ്റിയിട്ടുണ്ടെന്ന് സംസാരത്തിൽ നിന്നും രമണിയമ്മയ്ക്ക് വ്യക്തമായി.
" കാശിന്റെയും പണത്തിന്റെയും ഒന്നും അടിസ്ഥാനത്തിൽ ആരെയും അളക്കരുത്. "ഇനി ഇവരോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കിയ അവർ അത്രയും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി പോയി.
നിവിയുടെ അവസ്ഥയോർത്ത് ശ്രീദേവിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. എത്രയായാലും അമ്മയല്ലേ. കണ്ണീരിൽ സന്തോഷിക്കാൻ കഴിയില്ലല്ലോ. ഈ സങ്കടം ഒക്കെ പുതിയൊരു ജീവിതം തുടങ്ങുമ്പോൾ മാറിക്കോളും എന്നവർ കണക്കുകൂട്ടി.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
ഉച്ചയ്ക്ക് ശേഷമാണ് രഘുരാമൻ അന്ന് കടയിൽ പോയത്. അവിടെ ഇരിക്കുമ്പോൾ ഗോപാലകൃഷ്ണന്റെ കോൾ വന്നു. പെണ്ണുകാണാൻ വരുന്ന തീയതി ഒന്നുകൂടെ ഉറപ്പിക്കാൻ ആയിട്ടാണ് അയാൾ വിളിച്ചത്. പയ്യനും വീട്ടുകാർക്കും പ്രത്യേകിച്ച് വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ നാളെ കഴിഞ്ഞ് മറ്റന്നാൾ വന്നാൽ സൗകര്യമായിരിക്കുമെന്ന് രഘു പറഞ്ഞു.
പത്തുമിനിറ്റ് കഴിഞ്ഞ് അയാൾ വീണ്ടും വിളിച്ചു മറ്റന്നാൾ രാവിലെ 10 മണിക്ക് എത്തും എന്ന് അറിയിക്കുകയും ചെയ്തു. ഇനി തന്നെ എല്ലാം അനുസരിച്ചുവെങ്കിലും ഈ ഒരു കാര്യം അവളോട് എങ്ങനെ പറയും എന്ന് അയാൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവർ വരുമ്പോൾ അവരുടെ അടുത്ത് ഇഷ്ടക്കേട് എന്തെങ്കിലും കാണിച്ച് കല്യാണം മുടക്കാൻ ശ്രമിക്കുമോ എന്നും അയാൾ ഭയന്നു.
അങ്ങനെ ഓരോന്നോർത്തിരിക്കുമ്പോഴാണ് ബസ് ഇറങ്ങി നിതി അങ്ങോട്ട് വരുന്നത് കണ്ടത്. ക്ലാസ്സ് കഴിഞ്ഞ് നേരെയുള്ള വരവാണ്. ചില ദിവസങ്ങളിൽ ഇത് പതിവുണ്ട്. ഇനി കടയടച്ച് രണ്ടാളും ഒരുമിച്ചാണ് വീട്ടിലേക്ക് പോകുന്നത്. രഘു അവനോട് മറ്റന്നാൾ പെണ്ണുകാണാൻ വരുന്ന കാര്യങ്ങൾ പറഞ്ഞു. വീട്ടിൽ മറ്റുള്ളവരോട് ഉള്ളതിനേക്കാൾ ഇത്തിരി അടുപ്പ കൂടുതൽ അവന് അച്ഛനുമായിട്ടാണ്.
വീട്ടിൽ ഇന്ന് ഹരി വന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. പക്ഷേ അവരെ തമ്മിൽ പിരിച്ചതിൽ അയാൾക്കുള്ള പങ്ക് വളരെ സമർത്ഥമായി അയാൾ മറച്ചു.
ഉടനെ ഒരു വിവാഹത്തിന് ചേച്ചി സമ്മതിക്കുമോ എന്ന ഭയമായിരുന്നു നിതിന്. അവനത് അയാളോട് പറയുകയും ചെയ്തു.
രഘു അടുത്ത നീക്കങ്ങൾ ആലോചിക്കുകയായിരുന്നു.രമണിയമ്മയെ കൊണ്ട് അവളോട് സംസാരിക്കാം എന്നയാൾ കണക്കുകൂട്ടി. പേരക്കുട്ടികൾ മൂന്നുപേരിലും അവർക്ക് കൂടുതൽ നിവിയോടാണ്. അവർ പറഞ്ഞാൽ അവൾ അനുസരിക്കും.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀🥀
ഏറെ നേരം നിലത്തിരുന്ന് കരഞ്ഞ നിവി എപ്പോഴോ അവിടെ നിന്ന് എഴുന്നേറ്റു. തലയ്ക്ക് വല്ലാത്ത ഭാരം തോന്നി. ബാത്‌റൂമിൽ ചെന്ന് കുറേ വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചു. തല പോട്ടി പിളരുന്ന വേദന. അതിനേക്കാൾ വേദന മനസിനാണ്. ഒരടി നടക്കാൻ വയ്യ. വേച്ചു വീഴുമെന്ന് തോന്നിയപ്പോൾ അടുത്തുകണ്ട ചെയറിലേക്ക് ഇരുന്ന് കണ്ണുകളടച്ചു. സ്വപ്നത്തിൽ എന്നപോലെ ഹരിയുടെ ചിരിക്കുന്ന മുഖം ഉള്ളിൽ തെളിഞ്ഞു.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀