നിവേദ്യം തുടർക്കഥ ഭാഗം 11 വായിക്കൂ...

Valappottukal


രചന: Bhavini 



              "നിവി.... മോളെ എഴുന്നേൽക്ക്. "അമ്മമ്മയുടെ വിളി കേട്ടാണ് നിവി എഴുന്നേറ്റത്.കണ്ണ് തുറന്നു രണ്ടു നിമിഷം അവൾ വെറുതെ കിടന്നു. എപ്പോഴാണ് വന്നു കിടന്നത്... പുലർച്ചെ നന്ദു നിർബന്ധിച്ചു കൊണ്ട് കിടത്തിയതാണ്. ഉള്ളിൽ നിറയുന്ന വേദനയെ പുറത്തേക്ക് വരാതെ പൊട്ടി വന്ന വിതുമ്പൽ ഉള്ളിലൊതുക്കികൊണ്ട് അവൾ എഴുന്നേറ്റു. നിവിയുടെ കോലം കാണെ അവർക്കും വല്ലാത്ത വേദന തോന്നി. ഒറ്റ ദിവസം കൊണ്ട് പഴയ നിവിയുടെ നിഴൽ രൂപം മാത്രമായി തീർന്നിരുന്നു അവൾ.
      "നന്ദു എവിടെ അമ്മമ്മേ...?"
   "അവൾ സ്കൂളിൽ പോയി. സമയം എത്രയായെന്നു നോക്ക്. ഒൻപതു മണി കഴിഞ്ഞു."


      "പോയി മുഖം കഴുകിയിട്ടു വാ കുഞ്ഞേ.... ഇന്നലെ മുഴുവൻ ഒന്നും കഴിച്ചില്ലല്ലോ."അവർ അവളെ നിർബന്ധിച്ച് ഫ്രഷ് അവാനായി പറഞ്ഞു വിട്ടു.
          ബാത്‌റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം കണ്ട് അവൾക്ക് തന്നെ അതിശയമായി. ഒരു ദിവസം കൊണ്ട് ഇത്രയേറെ മാറ്റം വന്നോ...ഇന്നലെ മുഴുവൻ കരഞ്ഞതിന്റെയാവും കൺപോളകൾ വീങ്ങി കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിക്കുന്നു. മുഖമാകെ നീരുവച്ച് വീർത്തിരിക്കുന്നു.ഇട്ടിരുന്ന ഡ്രസ്സ് ആകെ മുഷിഞ്ഞു.ഹരിയേട്ടൻ വരുമ്പോൾ ആ മുൻപിൽ ഇങ്ങനെ ചെന്ന് നിൽക്കാൻ പറ്റില്ല. പാവത്തിന് സഹിക്കില്ല.അവൾ വേഗം പുറത്തേക്കിറങ്ങി കുളിച്ചു മാറാനുള്ള ഡ്രെസ്സും ടവലും എടുത്തു കുളിക്കാനായി പോയി.


         ഷവറിന്റെ ചോട്ടിൽ എത്ര നേരം നിന്നിട്ടും അവളുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ തണുത്ത വെള്ളത്തിന് ആയില്ല. ഒഴുകുന്ന വെള്ള തുള്ളികൾക്കൊപ്പം അവളുടെ ഉള്ളിലെ സങ്കടങ്ങളും പെയ്തൊഴിഞ്ഞു. എത്രനേരം അങ്ങനെ നിന്നുവെന്ന് അറിയില്ല. ഒത്തിരി സമയമായിട്ടും അവളെ കാണാതായപ്പോൾ രമണിയമ്മ വാതിലിൽ മുട്ടി വിളിച്ചു. രണ്ടുമൂന്നുവട്ടം അത് തുടർന്നപ്പോൾ അവൾ ഡ്രസ്സ് മാറ്റി പുറത്തേക്ക് ഇറങ്ങി.രമണിയമ്മ അവളെയും കാത്ത് അപ്പോഴും റൂമിലുണ്ട്.അവളുടെ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്നത് കണ്ട് അവർ ഒരു ടവൽ എടുത്ത് തോർത്തി കൊടുത്തു. നിവി അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ നിന്നു.


     "നിവി.... അച്ഛൻ വിളിക്കുന്നുണ്ട് നിന്നെ.....താഴേക്ക് വാ."വാതിൽക്കൽ നിന്ന് ശ്രീദേവിയാണ്.പറഞ്ഞിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ അവർ താഴേക്ക് ഇറങ്ങി പോയി.
      
       നിവിയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.ഹരി വന്നിട്ടുണ്ടാവും എന്നവൾ ഊഹിച്ചു. വിറയ്ക്കുന്ന കാലടികളോടെ അവൾ സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങി. താഴെ എത്തുന്നതിനു മുന്നേ അവളെ കണ്ടു രഘുരാമൻ അക്ഷമനായി ഹാളിൽ നിൽക്കുന്നു. അവളെ കണ്ട ഉടനെ അയാൾ അവൾക്കടുത്തേക്ക് ചെന്ന് മെല്ലെ പറഞ്ഞു "പറഞ്ഞതൊക്കെ മോൾക്ക് ഓർമയുണ്ടല്ലോ....?തീരുമാനം നല്ലതാണെങ്കിൽ അത് എല്ലാവർക്കും നല്ലതായി വരും. മറിച്ചാണെങ്കിൽ അത് എല്ലാവരെയും മോശമായി ബാധിക്കും."
    അവൾ മറുപടിയായി അയാളെ ഒന്ന് നോക്കുക മാത്രം ചെയ്തു.
       ലിവിങ് റൂമിലെ സോഫയിൽ മനുവിനോടൊപ്പം ഹരി ഇരുന്നു. രഘുരാമന്റെ മുഖം കണ്ട് മനുവിന് പലവിധ സംശയങ്ങളും തോന്നിയെങ്കിലും ഹരിയുടെ അവസ്ഥ കണ്ട് അവൻ ഒന്നും മിണ്ടിയില്ല.
      രഘുവിന്റെ പിന്നാലെ അങ്ങോട്ടു വന്ന നിവിയെ കണ്ട് ഇരുവരും അമ്പരന്നു പോയി. ഒരു പ്രേതം കണക്കെ മുഖമൊക്കെ വിളറി നീരുവച്ച കൺപോളകളും ഇടറി പോവുന്ന ചുവടുകളും.... അവൾ അവിടെ ഭിത്തിയിൽ ചാരി മുഖം കുനിച്ചു നിന്നു. ഹരിയെ നോക്കാൻ മനസ് പറയുന്നുണ്ടെങ്കിലും അവൾക്ക് ഭയമായിരുന്നു.ഒന്നു നോക്കിപോയാൽ സങ്കടങ്ങൾ ഒക്കെ ആ നെഞ്ചിൽ ഇറക്കി വയ്ക്കാൻ തോന്നും.ആ കയ്യും പിടിച്ച് ഇവിടെ നിന്ന് ഇറങ്ങി പോകാൻ തോന്നും. പക്ഷെ സുമയുടെ വാക്കുകൾ...അത് ഓർക്കുമ്പോൾ സ്വയം ബലിയാടാകുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.


          ഹരിയും ശ്രദ്ധിക്കുകയായിരുന്നു അവളെ. ഒരു നോട്ടം പോലും അവളുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തത് അവനെ വല്ലാതെ വേദനിപ്പിച്ചു.
         അവിടെ നിറഞ്ഞു നിന്ന് മൗനത്തെ ഭേദിച്ചുകൊണ്ട് രഘുരാമന്റെ ശബ്ദം മുഴങ്ങി. " നിവി നിനക്ക് ഇവരെ അറിയാമല്ലോ അല്ലേ.നിനക്കൊരു പ്രൊപ്പോസലും ആയിട്ടാണ് ഇവർ വന്നത്. ദാ ഈ ഹരിക്ക് വേണ്ടിയിട്ടാണ്. എന്താ നിന്റെ അഭിപ്രായം....? " അയാൾ ചോദ്യ രൂപേണ അവളെ നോക്കി. തികച്ചും ഔപചാരികതയുടെ സംസാരിക്കുന്ന രഘുരാമന്റെ വേഷപ്പകർച്ച കണ്ട് അവർ അമ്പരന്നിരുന്നു. കാരണം ഇന്നലെയുള്ള അയാളുടെ ഭാവം അവരെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇയാൾ ഒരു കുറുക്കൻ ആണെന്ന് മനു മനസ്സിൽ ഓർത്തു.
          അല്പസമയം കഴിഞ്ഞിട്ടും നിവിയിൽ നിന്നും മറുപടിയൊന്നും വന്നില്ല. നിവിയുടെ മുഖത്തേക്ക് തന്നെ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഹരിയെ നോക്കി ഒരു പുച്ഛഭാവത്തിൽ അയാൾ ചിരിച്ചു. പിന്നെ തിരിഞ്ഞു നിവി യോടായി പറഞ്ഞു" നിനക്കെന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് അകത്തേക്ക് പൊയ്ക്കോളൂ. "
           "എനിക്ക് താല്പര്യമില്ല..."ശബ്ദത്തിന്റെ ഇടർച്ച പുറത്തറിയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. ഹരി ഒരു ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. ഒരു കാറ്റുപോലെ പാഞ്ഞവളുടെ മുന്നിലേക്ക് വന്നു നിന്നുകൊണ്ട് പറഞ്ഞു "എ... എന്താ നീ ഇപ്പൊ പറഞ്ഞത്...??? നിനക്കെന്താ പറ്റിയെ...?"
      "അവൾക്ക് സമ്മതമല്ല അവൾ പറഞ്ഞല്ലോ പിന്നെ എന്തിനാണ് വീണ്ടും അവളോട് ചോദിക്കുന്നത്?" താൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നതിന്റെ അഹങ്കാരത്തിൽ രഘു അവനോട് കയർത്തു.


    അതുകൂടെ ആയപ്പോൾ ഹരിക്ക് ആകെ മൊത്തം വിറഞ്ഞു കയറി. അയാളുടെ മുഖത്തിന് നേരെ കൈ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു "മിണ്ടരുത്.... ഞാൻ ഇവളോടാണ് സംസാരിക്കുന്നത്."
    " എന്റെ വീട്ടിൽ വന്ന് എന്നോട് മിണ്ടാതിരിക്കാൻ പറയാൻ നീ ആരാടാ" അയാൾ രോഷത്തോടെ ചാടി എഴുന്നേറ്റു. കാര്യങ്ങൾ വലിയ വാക്കു തർക്കത്തിലേക്ക് നീളും  എന്നായപ്പോൾ മനു ഹരിയെ തടഞ്ഞു. അവൻ നിവിയോടായി പറഞ്ഞു " നിവേദാ സത്യം പറയണം നിങ്ങൾ തമ്മിലുള്ള എല്ലാം അറിയുന്നതുകൊണ്ടാ ചോദിക്കുന്നത് ഇയാൾ നിന്നെ എന്തെങ്കിലും പറഞ്ഞ് ഭീഷണിപ്പെടുത്തിയോ? അതോ മറ്റ് എന്തെങ്കിലും കാരണമുണ്ടോ? ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടവരല്ലേ നിങ്ങൾ. പിന്നെ ഇപ്പോൾ ഇങ്ങനെ പറയാനുള്ള കാരണം എന്താ..? ആരെയെങ്കിലും ഭയന്നിട്ട് ആണെങ്കിൽ അതിന്റെ ഒരു ആവശ്യവുമില്ല. ഇവനോടൊപ്പം ജീവിക്കണമെന്ന് നീ ഒരു വാക്ക് പറഞ്ഞാൽ മതി, നിങ്ങൾക്ക് ഒരുമിക്കാനുള്ള എന്ത് സഹായത്തിനും ഞാൻ ഉണ്ടാവും ഒരു ഏട്ടൻ ആയിട്ട്. പക്ഷെ നിന്റെ മനസ്സാക്ഷിയെ വഞ്ചിച്ചു കള്ളം പറയരുത്. നിങ്ങൾ തമ്മിലുള്ള ബന്ധം ഒരു നേരമ്പോക്ക് മാത്രമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇവൻ  വെറുമൊരു ടൈം പാസ്സ് ആയിട്ടാണ് നിന്നെ കണ്ടിരുന്നുവെങ്കിൽ  ഇപ്പൊ ഇവിടെ ഇരിക്കില്ലായിരുന്നു. അത്കൊണ്ട് നിന്റെ തീരുമാനം നീ വ്യക്തമായിട്ടു പറയ്.നീ ഇറങ്ങി വന്നാൽ ഈ നിമിഷം ഹരി നിന്നെ കൊണ്ട് പോകും അവന്റെ വീട്ടിലേക്ക്. "

    നിവി ആകെ ചിന്തക്കുഴപ്പത്തിലായി.   ഹരിയേട്ടനോടൊപ്പം അല്ലാതെ മറ്റൊരു ജീവിതത്തെപ്പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ല. മുൻപിലിരിക്കുന്നത് തന്റെ പ്രാണനാണ്. പക്ഷേ അതിപ്പോൾ ഇവിടെ പറഞ്ഞു കഴിഞ്ഞാൽ എല്ലാ എതിർപ്പുകളെയും മറികടന്ന് ഹരിയേട്ടൻ തന്നെ കൂടെ കൂട്ടും. പക്ഷേ തനിക്ക് അതിന് പറ്റില്ലല്ലോ. അച്ഛന്റെ ഭീഷനേക്കാളേറെ സുമയമ്മയുടെ വാക്കുകളാണ് തന്നെ പിന്നോട്ട് വലിക്കുന്നത്. ഒരമ്മയുടെ കണ്ണീരിന്റെ ശാപവും പേറി ആയുഷ്കാലം മുഴുവൻ ജീവിക്കാൻ കഴിയില്ല. എന്തായാലും ഹരിയെ വേദനിപ്പിക്കേണ്ടിവരും. പക്ഷേ അതോടൊപ്പം അവൻ തന്നെ വെറുത്തു കഴിഞ്ഞാൽ ആ വാശിക്ക് എങ്കിലും അവൻ നന്നായി ജീവിക്കും. അതല്ല നിസ്സഹായാവസ്ഥ കൊണ്ടാണ്  അവനെ തഴഞ്ഞത് എന്ന് തോന്നിക്കഴിഞ്ഞാൽ വീണ്ടും വേദനിച്ചു വേദനിച്ച് ആ പാവത്തിന്റെ ജീവിതം ഉരുകി തീരും. അത് പാടില്ല. കുറച്ചുനേരത്തേക്ക് എങ്കിലും അവന്റെ സങ്കടം കണ്ടില്ല എന്ന് നടിച്ച് മനസ്സിനെ കല്ലാക്കിയേ പറ്റൂ.


   കണ്ണുകൾ മുറുകെ അടച്ച് ദീർഘശ്വാസം എടുത്ത് അവൾ എല്ലാവരെയും ഒന്നു നോക്കി. പ്രതീക്ഷയോടെ നോക്കുന്ന ഹരിയുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു "ഹരിയേട്ടൻ എന്നോട് ക്ഷമിക്കണം. ഇനിമുതൽ ഞാനും നിങ്ങളുമായി ഒരു ബന്ധമില്ല. ഞാനത് ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. എനിക്കുവേണ്ടി എന്റെ അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. ഹരിയേട്ടൻ എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും. ഇനി കാര്യവും പറഞ്ഞ് എന്റെ മുൻപിൽ വരരുത്. ഇനി ഒരിക്കലും തമ്മിൽ കാണാൻ ഇടവരാതെ ഇരിക്കട്ടെ."അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി തുടങ്ങി.ഇത് നമ്മുടെ അവസാനത്തെ കൂടികാഴ്ച്ച ആവട്ടെ...ഞാൻ കാരണം വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്.കണ്ണുകൾ ചതിക്കുമെന്ന് തോന്നിയപ്പോൾ ഹരിയെ നോക്കി തൊഴു കൈകളോടെ അത്രയും പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി.."
            അവളുടെ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു ഹരി. കണ്ണുനീർ കാഴ്ചയെ മറയ്ക്കുമ്പോൾ നിവി അകത്തേക്ക് പോകുന്നത് കണ്ടു.അതിനിടയ്ക്ക് ഏതോ ഗർത്തത്തിൽ നിന്നെന്ന പോലെ രഘുരാമന്റെ സ്വരം അവൻ കേട്ടു.


    "അവള് പറഞ്ഞത് കേട്ടല്ലോ.ഇനി നിങ്ങൾക്കെന്തെങ്കിലും പറയാൻ ഉണ്ടോ...?ഇല്ലെങ്കിൽ പോകാൻ നോക്ക്.ഇപ്പോഴത്തെ പിള്ളാരുടെ കാര്യമല്ലേ..? അവർക്ക് എല്ലാ കാര്യത്തിലും അവരുടേതായ ഒരു നിലപാട് ഉണ്ട്. അപ്പൊ സ്വന്തം ജീവിതത്തിന്റെ കാര്യം വരുമ്പോൾ ആരെങ്കിലും റിസ്ക് എടുക്കാൻ തയാറാവുമോ..?നീ വിഷമിക്കണ്ട ഹരി. അവൾ പറഞ്ഞത് പോലെ നിനക്ക് ചേർന്ന ഒരു പെണ്ണിനെ തന്നെ കിട്ടും."
    മനു പല്ല് കടിച്ചുകൊണ്ട് അതിനെന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്ക് ഹരി അവന്റെ കയ്യിൽ പിടിച്ചു. "വാ പോകാം..."ഹരിയുടെ അവസ്ഥ മനസിലാക്കി മനു ഒന്നും മിണ്ടാതെ അവനോടൊപ്പം അവിടെ നിന്നിറങ്ങി.
മനുവിനൊപ്പം ബൈക്കിൽ കയറി ഹരി പോകുന്നതും നോക്കി നിവേദ ജനലിനടുത്ത് നിന്നു.അവൾക്ക് തന്റെ പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി.എല്ലാം അവസാനിച്ചിരിക്കുന്നു. നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം കത്തിക്കരിഞ്ഞ് ഒരു പിടി ചാരമായി മാറി. എല്ലാവരുടെയും സ്വാർത്ഥത തന്നെ ജയിച്ചു. ഇനി അച്ഛന്റെ ഇഷ്ടം പോലെ മറ്റൊരു ജീവിതം... ആ ഓർമയിൽ തന്നെ അവൾ പൊള്ളി പിടഞ്ഞു.ഇല്ല... ഒരിക്കലും കഴിയില്ല. ആ നിമിഷം അവൾ തിരിച്ചറിയുകയായിരുന്നു മറ്റുള്ളവർക്ക് വേണ്ടി അവൾ നഷ്ടപ്പെടുത്തിയ തന്റെ പ്രാണന്റെ വില.ഇനി അതോർത്തു നെഞ്ചു പൊട്ടി കരയാൻ അല്ലാതെ മറ്റൊന്നിനും കഴിയില്ല. അവൾ പോട്ടി പൊട്ടി കരഞ്ഞു.അടഞ്ഞ വാതിലിനപ്പുറം അമ്മയും അമ്മമ്മയും വിളിക്കുന്നത് പോലും അറിയാതെ അവൾ തന്റെ പ്രാണനെയോർത്തു തേങ്ങികൊണ്ടിരുന്നു.
     🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
           മനുവിന്റെ വീട്ടിലായിരുന്നു ഹരി.സംഭവിച്ചത് ഒക്കെ സത്യമാണോ അതൊക്കെ വെറും സ്വപ്നം ആയിരുന്നോ എന്നു പോലും അവൻ ചിന്തിച്ചു പോയി.നിവിക്ക് എന്താ പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസിലായില്ല.കാരണം അവനറിയുന്ന നിവി ഒരിക്കലും തന്നെ തള്ളിപ്പറയില്ല. ഒരുമിച്ചൊരു ജീവിതം അവനെക്കാൾ ഏറെ സ്വപ്നം കണ്ടത് അവളായിരുന്നു.രണ്ടു മൂന്നു ദിവസം മുൻപ് കൂടി കണ്ടതെ ഉള്ളു. അന്ന് ആ അമ്പലത്തിൽ വെച്ച്  പോലും രണ്ടിലൊരാളുടെ മരണം അല്ലാതെ മറ്റൊരു കാര്യം കൊണ്ടും പിരിയല്ലേ എന്ന് മനസുരുകി പ്രാർത്ഥിച്ചത് അവളായിരുന്നു.പലവിധ ചിന്തകളാൽ ഉഴറിയപ്പോഴും അവൻ അറിഞ്ഞിരുന്നില്ല തന്റെ പെറ്റമ്മയുടെ കണ്ണീരിന്റെ വിലയായിട്ടാണ് തന്റെ പ്രാണൻ പറിച്ചു നൽകിയതെന്ന്.
    🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀

       (തുടരും)
      
To Top