രചന: Bhavini
ചായ കപ്പുമായി നന്ദു നിവിയുടെ അടുത്തേക്ക് വന്നു. രാവിലെ മുതൽ അവൾ ഒന്നും കഴിച്ചിട്ടില്ലെന്ന് വ്യക്തമാണ്. " ചേച്ചി ഈ ചായ കുടിക്ക്. എത്ര സമയമാ ഒന്നും കഴിക്കാതെ കുടിക്കാതെ ഇങ്ങനെ."എനിക്ക് വേണ്ട നന്ദു. രാവിലെ മുതൽ ശ്രീദേവിയും രമണിയമ്മയും ഒത്തിരി നിർബന്ധിച്ചിട്ടും അവൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.അവസാനം നന്ദു ഒത്തിരി ശല്യം ചെയ്തപ്പോൾ രണ്ടിറക്ക് ചായ കുടിച്ചെന്നു വരുത്തി അവളെ സമാധാനിപ്പിച്ചു.
നന്ദു താഴേക്ക് പോകുമ്പോഴും നിവി ഒന്നിലും മനസ്സുറയ്ക്കാതെ മുറിയിൽ കഴിച്ചു കൂട്ടി. ആരെയും കാണണ്ട. താൻ എത്ര സങ്കടപ്പെട്ടാലും ആർക്കും ഒന്നുമില്ല. എല്ലാവർക്കും അവരുടെ വാശിയാണ് വലുത്. സുമയുടെ കാൾ വന്നതോടെ അവൾക്ക് ഹരിയുടെ കാര്യത്തിൽ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു.
രാത്രി രഘുരാമൻ വന്നപ്പോൾ ശ്രീദേവി ഭക്ഷണം വിളമ്പി എല്ലാവരെയും വിളിച്ചു. നിവി മാത്രം താഴേക്ക് വരാൻ കൂട്ടാക്കിയില്ല. വിശപ്പില്ല എന്നു പറഞ്ഞ് അവൾ റൂമിൽ തന്നെ ഇരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് നിതി ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്തെ തെളിച്ചക്കുറവ് രഘു ശ്രദ്ധിച്ചു. ആദ്യമേ കഴിച്ചെഴുന്നേറ്റ അയാൾ മറ്റൊരു പ്ലേറ്റ് എടുത്ത് അതിൽ കുറച്ചു ചോറും കറികളും വിളമ്പി മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.അയാൾ നിവിയോട് എന്താണ് സംസാരിക്കാൻ പോകുന്നത് എന്നറിയാതെ ശ്രീദേവി ആശങ്കയോടെ അത് നോക്കി ഇരുന്നു.
രഘുരാമൻ നിവിയുടെ റൂമിൽ എത്തുമ്പോൾ നിവി ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. അയാൾ പ്ലേറ്റ് അവിടെ ഉള്ള ടേബിളിൽ വച്ചിട്ട് അവളെ വിളിച്ചു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നിവി അയാളെ കണ്ട് മുഖം കുനിച്ചു നിന്നു. അവൾക്ക് ആ സമയത്ത് അയാളോട് ഭയമാണ് തോന്നിയത്.അയാൾ അവളുടെ മുൻപിൽ വന്ന് അല്പസമയം അവളെ നോക്കി നിന്നു.എന്നിട്ട് പറഞ്ഞു എനിക്കറിയാം ഇപ്പോൾ നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും. പക്ഷേ ഒന്നു നീ ഓർക്കണം ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് നിന്റെ നല്ല ഭാവിയെ കരുതിയായിരിക്കും. ഇപ്പോഴല്ലെങ്കിലും ഒരുനാൾ നിനക്കത് മനസ്സിലാകും. പിന്നെ മറ്റൊരു കാര്യം, ഇന്ന് ഹരിയുടെ അമ്മ എന്നെ വിളിച്ചിരുന്നു. അവർക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല. നിന്നോട് പറഞ്ഞു മനസ്സിലാക്കാൻ ആണ് അവർ പറഞ്ഞത്. നിന്നോട് അവർ ഇതൊക്കെ തന്നെയാവും പറഞ്ഞത് അല്ലേ...?അങ്ങനെ എന്റെ മകളെ താൽപര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് പറഞ്ഞയച്ചിട്ട് അവിടെ നീ സുഖമായി ജീവിക്കും എന്ന് വിശ്വസിക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് മോൾ എല്ലാം മറക്കണം. അതുപോലെ ഹരിയോട് നീ സംസാരിച്ച് അവനെ പിന്തിരിപ്പിക്കണം.
ചേരേണ്ടത് തമ്മിലെ ചേരാവു. എന്തുകൊണ്ട് നമുക്ക് ചേരുന്ന ഒരു ബന്ധമാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാമ്പത്തികമായും തറവാട്ട് മഹിമ കൊണ്ടും നമുക്കും ഒരുപടി മേലെയാണ് അവർ."
നിവി ഒന്നും മിണ്ടിയില്ല എല്ലാം കേട്ട് മൗനമായി നിന്നതേയുള്ളൂ.
" വിശന്നിരിക്കേണ്ട ഭക്ഷണം എടുത്ത് കഴിക്ക്. നിരാഹാരം നടത്തിയത് കൊണ്ട് നീ ഒന്നും നേടാൻ പോകുന്നില്ല. പിന്നെ ഹരിയെ ഞാൻ ഇങ്ങോട്ട് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ അവൻ വരും. "
ഹരിയുടെ പേര് കേട്ടതും നിവിയുടെ കണ്ണുകൾ ഒന്നു തിളങ്ങി. പ്രതീക്ഷയുടെ ഒരു വെട്ടം വീണു. പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. തുടർന്നുള്ള അയാളുടെ വാക്കുകൾ കേട്ടപ്പോൾ അവൾ തകർന്നു പോയി.
" ഞങ്ങൾ തീരുമാനിക്കുന്ന വിവാഹത്തിന് നിനക്ക് സമ്മതമാണെന്ന് നീ അവനോട് പറയണം. നിന്റെ ജീവിതത്തിൽ നിന്നും ഒഴിവായി തരാൻ പറയണം. അങ്ങനെ പറയാൻ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നിന്നെ ഞാൻ ഒന്നും ചെയ്യില്ല പക്ഷേ അതിന്റെ ശിക്ഷ കിട്ടുന്നത് അവനായിരിക്കും. നീ ആലോചിക്ക് ഒരു രാത്രി മുഴുവൻ നിന്റെ മുമ്പിൽ ഉണ്ട്. ആലോചിച്ചു നല്ലൊരു തീരുമാനത്തിൽ എത്ത്."
പുറത്തേക്കിറങ്ങി പോയതും നിവി എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിലത്തേക്ക് ഊർന്നിരുന്നു പൊട്ടിക്കരഞ്ഞു. അച്ഛൻ ഇപ്പോൾ വന്നു ഭീഷണിപ്പെടുത്തിയിട്ട് പോയത് അവൾക്ക് വിശ്വസിക്കാനായില്ല. അയാളുടെ ഇത്തരത്തിലുള്ള ഒരു മുഖം അവൾ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.
ആത്‍മവിശ്വാസത്തോടെ പടികൾ ഇറങ്ങി വരുന്ന രഘുരാമനെ കണ്ട് മുകളിൽ എന്താവും നടന്നതെന്ന് ശ്രീദേവി ഊഹിച്ചു.തന്റെ നിസ്സഹായാവസ്ഥയിൽ അവർക്ക് അതിയായ വേദന തോന്നി.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
"അമ്മേ... തലവേദന കുറവില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം. രാവിലെ തുടങ്ങിയതല്ലേ....അല്ലെങ്കിൽ എഴുന്നേറ്റ് എന്തെങ്കിലും കഴിക്ക്.എന്നിട്ട് ഈ ഗുളിക കഴിക്ക്."ഹിമയുടെ നിർബന്ധത്തിന് വഴങ്ങി സുമ എഴുന്നേറ്റ് ഭക്ഷണം കഴിച്ചെന്നു വരുത്തി. രാവിലെ മുതൽ അവർ ഹിമയ്ക്ക് മുഖം കൊടുക്കാതെ നടക്കുകയാണ്. അവളോട് എന്തെങ്കിലും പറഞ്ഞു പോകുമോ എന്ന ഭയം കാരണം ഈ നേരം വരെ അവർ മുറിയിൽ കഴിച്ചുകൂട്ടി.ഉച്ചയ്ക്ക് ഹരി ഭക്ഷണം കഴിക്കാൻ വന്നില്ല.അവനെ വിളിക്കാനോ സംസാരിക്കാനോ ഉള്ള ധൈര്യം കിട്ടിയില്ല. അവനോടു താൻ ചെയ്തത് ദ്രോഹം തന്നെ അല്ലെ. തന്റെ സ്ഥാനത്ത് ഏതൊരമ്മയാണെങ്കിലും ഇത് തന്നെയല്ലേ ചെയ്യൂ.ഉച്ചക്ക് വീണ്ടും രഘുരാമൻ വിളിച്ച് ഇങ്ങനൊരാവശ്യം പറഞ്ഞപ്പോൾ ആദ്യം ദേഷ്യപെടുകയാണ് ചെയ്തത്.പറ്റില്ല എന്ന് തീർത്തു പറഞ്ഞു. പക്ഷെ അവിടെയും അയാളുടെ ഭീഷണിക്കു മുൻപിൽ തോൽക്കേണ്ടി വന്നു. അതും ഹരിയുടെ ജീവന് ആപത്തൊന്നും വരാതിരിക്കാൻ വേണ്ടി മാത്രം.മകന്റെ സമാധാനത്തോടെ ഉള്ള ജീവിതത്തിന് വേണ്ടി ഒരു പെൺകുട്ടിയുടെ കണ്ണുനീർ വീഴ്ത്തേണ്ടി വന്നു.കുറ്റബോധം കാരണം അവരുടെ ഹൃദയഭാരം കൂടി വന്നു. ഇനി ഹരിയുടെ മുഖം കൂടി കാണേണ്ടി വന്നാൽ അത് കൂടുകയേ ഉള്ളൂ. ഹിമയോട് ഉറങ്ങാൻ പോവാണ് വിളിക്കേണ്ട എന്ന് പറഞ്ഞിട്ട് അവർ മുറിയിലേക്ക് നടന്നു.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
ഹരിയും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു നിവേദ. കുഞ്ഞുനാൾ മുതലേ കണ്ട് പരിചയം ഉണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. കഴിഞ്ഞവർഷത്തെ ഉത്സവത്തിന് ജിത്തുവേട്ടനും അപ്പച്ചിയും എല്ലാവരും ഉണ്ടായിരുന്നു. അന്ന് അപ്പച്ചിയുടെ നിർബന്ധത്തിനാണ് ഒരു സെറ്റ് സാരി ഉടുത്ത് അമ്പലത്തിൽ പോയത്. ദീപാരാധന സമയത്ത് തൊഴുതു കഴിഞ്ഞ് നോക്കുമ്പോഴാണ് തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഹരിയേട്ടനെ കാണുന്നത്. നേർത്തൊരു പുഞ്ചിരി പകരം നൽകി നടക്കുമ്പോൾ ആ മിഴികൾ തന്നെ പിന്തുടരുന്നത് അറിയുന്നുണ്ടായിരുന്നു. പിന്നീട് കോളേജിൽ പോകുന്ന വഴിക്ക് രണ്ടുമൂന്നു തവണ കണ്ടപ്പോൾ ശ്രദ്ധിക്കാതിരിക്കാൻ ആയില്ല. പിന്നെ ഒരു നാൾ ഒരു മഴക്കാലത്ത് കോളേജിൽ പോകാൻ ബസ് മിസ്സായ ഒരു ദിവസം കവലയിൽ വച്ച് ഹരിയേട്ടന്റെ ഓട്ടോ വിളിക്കുന്നത്. അന്നാണ് തന്നോട് ആദ്യമായി പ്രണയം പറയുന്നത്. എപ്പോഴും ആ മുഖം മനസ്സിൽ പതിഞ്ഞു പോയതുകൊണ്ടാവാം മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും മൗനത്തിന്റെ ആവരണം അണിഞ്ഞത്. പിന്നീട് രണ്ടു മൂന്നു വട്ടം അമ്പലത്തിൽ വച്ച് കണ്ടപ്പോഴും ഒരു
വാക്കുപോലും സംസാരിക്കാതെ പുഞ്ചിരിയിലൂടെ പരസ്പരം പ്രണയം കൈമാറി. പിന്നീട് ഒരിക്കൽ നന്ദുവില്ലാതെ ഒറ്റയ്ക്ക് അമ്പലത്തിൽ പോയൊരു ദിവസം തൊഴുതിറങ്ങുമ്പോൾ ഒരു കുഞ്ഞു പേപ്പറിൽ ഫോൺ നമ്പർ എഴുതി കയ്യിൽ തന്നു. ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി വിറക്കുന്ന കൈകളോട് ആ പേപ്പർ കയ്യിൽ വാങ്ങി. വീട്ടിലേക്ക് നടക്കുമ്പോഴും ഒരു നൂറുവട്ടം ആലോചിച്ചു ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന്. പരസ്പരം സ്നേഹിക്കുന്നത് ഒരു തെറ്റല്ല എന്ന ഉത്തരത്തിൽ അവസാനം എത്തി നിന്നു.
പിന്നീട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു. ഫോണിൽ വിളിച്ചാലും രണ്ടോ മൂന്നോ മിനിറ്റ് അപ്പുറം സംസാരിക്കില്ല.മെസ്സേജുകൾ ആയിരുന്നു കൂടുതലും. പരസ്പരമുള്ള കൂടിക്കാഴ്ചകൾ വളരെ കുറവാണ്. എന്നിട്ടും അതൊന്നും ഇരുവരുടെയും പ്രണയത്തെ ബാധിച്ചില്ല. മനസ്സുകൾ തമ്മിലുള്ള അടുപ്പം കൂടിയതേയുള്ളൂ. ഒരുമിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങളൊക്കെയും തകരാൻ പോകുന്നു അറിഞ്ഞപ്പോൾ അവൾക്ക് സഹിക്കാനായില്ല.
അവസാനം നിമിഷം വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അച്ഛൻ സമ്മതിക്കുമെന്ന്. പക്ഷേ അതിനിടയിൽ വന്ന സുമയുടെ കോളാണ് എല്ലാം തകിടം മറിച്ചത്. എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. തന്റെ വീട്ടുകാരോടാണെങ്കിൽ എങ്ങനെയും വഴക്കുകൂടിയോ കരഞ്ഞു കാലു പിടിച്ചിട്ടോ സമ്മതിപ്പിക്കാം എന്ന് കരുതിയതാണ്. പക്ഷേ ഹരിയേട്ടന്റെ അമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് അവിടുത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. ആ അമ്മയ്ക്ക് എന്തായാലും തന്നോട് മുൻ വൈരാഗ്യം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. പിന്നെ എന്തുകൊണ്ടാവും അവർ അങ്ങനെ പറഞ്ഞത്.ഹരി അമ്മയോട് തന്നെ പറ്റി സംസാരിച്ചിരിക്കുമോ...? അതേചൊല്ലി അമ്മയും മകനും വഴക്ക് ഉണ്ടായി കാണുമോ...? അതാണോ ഹരിയേട്ടന്റെ അമ്മ അങ്ങനൊക്കെ സംസാരിച്ചത്.ആലോചിച്ചിട്ട് അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
രാത്രി ഏറെ വൈകിയിരിക്കുന്നു. നന്ദു നല്ല ഉറക്കമാണ്. ഇത്രയും സമയം നിവിയോടൊപ്പം ഉറങ്ങാതെ ഇരിക്കുകയായിരുന്നു. അവൾക്ക് മാത്രമേ ഇപ്പോൾ നിവിയെ മനസ്സിലാക്കാൻ സാധിക്കുന്നുള്ളു. പക്ഷേ അവൾക്കൊന്നും ചെയ്യാൻ കഴിയില്ല. ആ വീട്ടിൽ രഘുരാമന്റെ വാക്കിനപ്പുറം മറുത്തൊരു വാക്ക് ആരും മിണ്ടില്ല. എന്തെങ്കിലും അഭിപ്രായം അയാൾ ആരോടെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അത് രമണിയമ്മയോടാണ്. പക്ഷേ ഈ ഒരു കാര്യത്തിൽ അവർക്ക് പോലും ഒന്നും സഹായിക്കാൻ പറ്റുന്നില്ല. തീരുമാനങ്ങൾ എല്ലാം അയാൾ ഒറ്റയ്ക്ക് എടുത്തു കഴിഞ്ഞിരുന്നു. ഉറങ്ങാൻ കഴിയാതെ നിവി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു.
പുറത്ത് ഇരുട്ടിലേക്ക്
നോക്കിയിരിക്കുമ്പോൾ തന്റെ ജീവിതവും ഇതുപോലെ ഇരുട്ടിൽ ആയല്ലോ എന്ന് നിവി ഓർത്തു. ഹരിയോടൊപ്പമുള്ള ജീവിതം വെറും സ്വപ്നം മാത്രമായി അവശേഷിക്കും. അത് അവൾക്കുറപ്പായി. പക്ഷേ നാളെ ഹരിയേട്ടൻ വരുമ്പോൾ എന്താണ് അവനോട് പറയേണ്ടത്.... എല്ലാം മറക്കണം എന്നോ അതോ തന്റെ സ്നേഹം കപടമായിരുന്നു എന്നോ... അതോ അവനെ വെറുപ്പാണ് ഇനി തന്റെ വഴിയിൽ തടസ്സമായി വരരുതെന്നോ... താൻ അവനോട് എന്ത് പറയണം എന്നാണ് ഇവരൊക്കെ ഉദ്ദേശിക്കുന്നത്...
എല്ലാവർക്കും അവനവന്റെ സ്വാർത്ഥത മാത്രം. ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീരിനൊപ്പം മനസ്സിലെ ഭാരം അവൾ ഒഴുക്കി കളഞ്ഞു. ഒടുവിൽ വെളുക്കുവോളം ഉറങ്ങാതിരുന്നു ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. ഒരിക്കലും മറ്റുള്ളവരുടെ കണ്ണുനീർ തനിക്കൊരു ജീവിതം വേണ്ട. അമ്മ പറഞ്ഞത് പോലെ ആരുടെയും ശാപത്തിന് മേലെ കെട്ടിപ്പൊക്കിയ ജീവിതം നിലനിൽക്കില്ല. ഈ ജന്മം ഒന്നാവാൻ വിധിച്ചിട്ടില്ല എന്ന് കരുതി സമാധാനിക്കാം.പക്ഷേ തന്നെ കൊണ്ട് ഒരിക്കലും ഹരിയേട്ടനെ മറക്കാൻ കഴിയില്ല. അത്രത്തോളം മനസ്സിൽ പേരു ഉറച്ചു പോയിരുന്നു ആ മനുഷ്യനുള്ള സ്ഥാനം.ഒരുമിച്ചു ജീവിച്ചില്ലെങ്കിലും മരണം വരെ മനസിന്റെ ഒരു കോണിൽ ആ മുഖം ഉണ്ടാവും. അത് പറ്റില്ലാന്ന് പറയാൻ ആർക്കും കഴിയില്ലല്ലോ. ബാക്കിയുള്ള ജീവിതം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് അവൾ ഉറച്ചൊരു തീരുമാനത്തിൽ എത്തിയിരുന്നു.
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
പുലർച്ചെ എന്തോ സ്വപ്നം കണ്ടാണ് നന്ദു ഞെട്ടി എഴുന്നേറ്റത്. ചുറ്റിലും നോക്കിയപ്പോൾ റൂമിലെങ്ങും നിവിയെ കാണാനില്ല.വാതിൽ ചാരിയിട്ടേ ഉള്ളു. അവൾ വേഗം പുറത്തേക്കിറങ്ങി. ഹാളിൽ നിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു. നന്ദു വേഗം അങ്ങോട്ട് പോയി ലൈറ്റ് ഓൺ ചെയ്തു. അവിടെ നിലത്ത് ഒരു കോണിലായി നിവി ഇരിക്കുന്നു. മുഖത്താകമാനം കണ്ണുനീരുണങ്ങിയ പാടുകൾ. രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് മുഖം കാണുമ്പോൾ അറിയാം.നന്ദു അവളുടെ അടുത്തേക്കിരുന്ന് ആ കൈപിടിച്ചു. "ചേച്ചി.... എത്ര സമയം ആയി ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട്. വാ. വന്നു കുറച്ചു സമയം കിടക്ക്."
നിവിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ നന്ദു ബലമായി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. യാന്ത്രികമായി നന്ദുവിനോപ്പം അവൾ നടക്കുമ്പോൾ മറ്റൊരിടത്ത് അവളുടെ പ്രിയപ്പെട്ടവനും പിടയ്ക്കുന്ന ഹൃദയവുമായി ഉണർന്നിരിക്കുന്നുണ്ടായിരുന്നു നാളെ വിധി അവർക്കായി കാത്തുവച്ചത് എന്തെന്നറിയാതെ..
🥀🥀🥀 🥀🥀🥀 🥀🥀🥀 🥀🥀🥀
(തുടരും)