രചന: വിഷ്ണുമായ
"ആരാ ശാരദേച്ചി വന്നത് ?? "
മുകളിൽ നിന്നും താഴേക്ക് ഏന്തി വലിഞ്ഞു നോക്കി കൊണ്ട് സുജാത ചോദിച്ചു....
"ബ്രോക്കറാ കുഞ്ഞേ...... "
"കയറി ഇരിക്കാൻ പറയൂ.. ഞാൻ ദാ വരുന്നു....... "
"ശെരി കുഞ്ഞേ..... "
"അഖി.........."
" അടച്ചിട്ട അഖിലിന്റെ മുറിയുടെ വാതിലിൽ സുജാത ശക്തിയായി മുട്ടി... "
"എന്താ അമ്മേ..... "
"ഒന്ന് താഴേക്ക് വന്നേ.... "
"എന്താ കാര്യം?? "
"വന്നിട്ട് പറയാം...... "
അവർ അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി കോണി പടികൾ ഇറങ്ങി താഴേക്ക് ചെന്നു....
"എന്താ ചന്ദ്രേട്ടാ സുഖമല്ലേ??? "
"ഓ... സുഖം തന്നെ... അല്ല......., അഖി കുഞ്ഞുണ്ടോ ഇവിടെ ...?? പുറത്ത് കാറ് കിടക്കുന്നു.... "
"മുകളിലുണ്ട് ..... "
"അയ്യോ...... ഇനി എന്നെ ഇവിടെ കാണരുത് എന്ന് പറഞ്ഞതാ...... "
അയാൾ തെല്ലൊരു ഭയത്തോട് കൂടെ സുജാതയെ നോക്കി
"ഹാ... ചന്ദ്രേട്ടൻ പേടിക്കാതെ... ഞാൻ വിളിച്ചിട്ടല്ലേ നിങ്ങൾ വന്നത്.. അവൻ ഒന്നും പറയില്ല....... "
"ആര് പറഞ്ഞു പറയില്ല എന്ന്... അമ്മയ്ക്കിത് എന്തിന്റെ സൂക്കേടാ.... കല്യാണം കഴിച്ചില്ലാന്ന് വച്ച് ഇപ്പോൾ എന്താ സംഭവിക്കാ?? "
അഖിൽ കോണി പടികൾ ഇറങ്ങി സംസാരിച്ചു കൊണ്ടിരിക്കുന്ന അവർക്കരികിലേക്ക് ചെന്നു.......
"അമ്മയ്ക്കും ഇല്ലേ മോനെ നിന്റെ കല്യാണം നടന്നു കാണാൻ ആഗ്രഹം.....ലാവണ്യയെ നിനക്കിഷ്ടമല്ല എന്നു പറഞ്ഞു ഞാൻ സമ്മതിച്ചു.....പക്ഷേ അവളല്ലെങ്കിൽ മറ്റൊരു പെൺകുട്ടി.....
ഇനി എപ്പോഴാന്ന് വച്ചിട്ടാ? ... വയസ്സ് ഇരുപത്തിയേഴു കഴിഞ്ഞു... നിന്റെ പ്രായത്തിൽ ഉള്ളവരുടെ വിവാഹവും കഴിഞ്ഞ്, അവർക്കൊക്കെ പിള്ളേരും ആയി... നിന്റെ കുഞ്ഞുങ്ങളെയും കൂടെ കണ്ടിട്ട് വേണം എനിക്കൊന്ന്........ "
അവർ പറഞ്ഞു തീരുന്നതിനു മുമ്പേ അഖിൽ ഇടയിൽ കയറി സംസാരം തുടർന്നു...
"അമ്മേ.... ഓരോ പൈങ്കിളി സീരിയലുകൾ കണ്ട് ഇത് പോലെയുള്ള സെന്റി ഡയലോഗുകൾ അടിക്കരുത്... അപേക്ഷയാണ്...... "
"നീ പോടാ... നീ നന്നാകില്ല....ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ആയിക്കോ... ഞാൻ ഒന്നും പറയാൻ വരുന്നില്ല.......
ചന്ദ്രേട്ടാ നിങ്ങൾ പൊയ്ക്കോളൂ... "
അവർ കണ്ണുകൾ തുടച്ച് കസേരയിൽ നിന്നും എഴുന്നേറ്റു....
"ഹാ...ഈ അമ്മ... ഇനി അതിനു പിണങ്ങണ്ട.... ഞാൻ നോക്കാം...അമ്മ അവിടിരിക്ക്..... "
"വേണ്ട ........ നിനക്കെന്നോട് ഒരു സ്നേഹവും ഇല്ല....... "
''ഓ.. തുടങ്ങി... ''
''അമ്മ അവിടിരിക്ക്... ''
അഖിൽ സുജാതയെ സോഫയിൽ വീണ്ടും പിടിച്ചിരുത്തി
''ചന്ദ്രേട്ടാ ആ ഫോട്ടോസ് ഇങ്ങു തന്നെ... ഞാൻ നോക്കട്ടെ...''
അയാൾ ഡയറിയിൽ നിന്നും ഫോട്ടോസ് എടുത്ത് അഖിലിന് നേരെ നീട്ടി....
അവൻ അത് വാങ്ങി സുജാതയുടെ കൈകളിലേക്ക് നൽകി.....
അവർ പുഞ്ചിരിച്ചു കൊണ്ട് ഓരോരോ ഫോട്ടോസ്സായി നോക്കാൻ തുടങ്ങി.....
''ഈ കുട്ടി കൊള്ളാമല്ലേ...... ''
കയ്യിലിരുന്ന ഫോട്ടോ അഖിലിനെ കാണിച്ച് മറുപടിക്കായി സുജാത അവനെ ആകാംഷയോടെ നോക്കി....
"ഉം... കൊള്ളാം..... "
''ഈ കുട്ടി എവിടെ ഉള്ളതാ ചന്ദ്രേട്ടാ?? ''
''ഇത് നമ്മുടെ തെക്കേലെ വല്യ വീട്ടിലെ കുട്ടി ...... ''
''ഏത്.... ശിവദാസന്റെ മോളോ?? ''
''അതേ....... ''
''ആ ഇത് വേണ്ട...... ''
"അതെന്താ??? "
സുജാത സംശയത്തോടെ അവനെ നോക്കി
"അവരൊക്കെ വലിയ പണക്കാരാണ് ....രണ്ട് ബിസ്സിനെസ്സ് കുടുംബങ്ങൾ തമ്മിൽ ചേരില്ല...നമുക്ക് അത്ര പണം ഒന്നുമില്ലാത്ത വീട്ടിലെ കുട്ടിയെ മതി...... "
"നിന്റെ ഒരു കാര്യം..... "
സുജാത അതും പറഞ്ഞ് വീണ്ടും ഓരോ ഫോട്ടോയായി നോക്കാൻ തുടങ്ങി... പെട്ടന്നവന്റെ കണ്ണുകൾ ഒരു ഫോട്ടോയിൽ തറച്ചു നിന്നു... അവനാ ഫോട്ടോ വാങ്ങി....
"ഈ കുട്ടി..... "
അവൻ സംശയത്തോടെയും, തെല്ലൊരു ആകാംഷയോടെയും ബ്രോക്കറെ നോക്കി..
"അയ്യോ മോനെ ആ ഫോട്ടോ ഇങ്ങു തന്നേക്ക്..... "
"അതെന്താ ഈ കുട്ടീടെ കല്യാണം കഴിഞ്ഞോ?? "
"അതൊന്നുമല്ല... ഈ ബന്ധം നിങ്ങൾക്ക് ചേർന്നതല്ല..... ''
''കാരണം....?? "
''ആ കുട്ടി കാണാനൊന്നും കൊള്ളത്തില്ലന്നേ...മാത്രമല്ല അത്ര നല്ല ചുറ്റുപാടും അല്ല ... ആകെ രണ്ട് സെന്റിലൊരു വീടാ...അതിന്റെ പേരിൽ തന്നെ കടവും, ലോണും ഒക്കെയാണ്... ആ കുട്ടിയുടെ ഫോട്ടോ ഇതിന്റെ കൂടെ അറിയാതെ പെട്ടു പോയതാവും.....കുറേ ആയി അതിന് കല്യാണം അന്വേഷിക്കുന്നു... ഒന്നും ശരിയായിട്ടില്ല ''
അവൻ ആ ഫോട്ടോയിലേക്ക് ഒന്നു കൂടെ നോക്കി....
"എനിക്ക് ഈ കുട്ടിയെ മതി...... ഇനി വേറെ നോക്കണ്ട..... "
"അയ്യോ മോനെ... ഈ കുട്ടി കുഞ്ഞിന് ചേരത്തില്ല.... ഈ കൊച്ചിനൊരു അനിയത്തി ഉണ്ട്... അത് നല്ല കൊച്ചാ... കാണാനും കൊള്ളാം... എഞ്ചിനീയറിംഗ് പാസ്സ് ആയതാണ്.... "
"വേണ്ട...... എനിക്ക് ഈ കുട്ടിയെ ഇഷ്ടപ്പെട്ടു....
എന്താ അമ്മയുടെ അഭിപ്രായം....?? "
"മോനെ അത്..........!"
അവരൊന്നു ചിന്തിച്ചു.....
"ഹാ...നിന്റെ ഇഷ്ടം പോലെ ആകട്ടെ ..... "
അവർ ഒരു ദീർഘ നിശ്വാസത്തോടെ അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു എന്നിട്ട് തുടർന്നു
"ചന്ദ്രേട്ടാ ഇവനെയും കൊണ്ട് ഇന്ന്, ഈ നിമിഷം തന്നെ പെണ്ണ് കാണാൻ പോകണം.... "
"ഇന്നോ?? "
അഖിൽ ആകാംഷയോടെ ചോദിച്ചു...
"അതേ.... ഇല്ലെങ്കിലേ നീ കാലു മാറി കളയും.... അതുകൊണ്ട് നീ പോയി റെഡി ആയി വാ.... "
അവൻ മുറിയിൽ ചെന്ന് വേഷം മാറ്റി വന്നു ...
ബ്രോക്കർ പറഞ്ഞു കൊടുക്കുന്ന വഴികളിലൂടെ അവർ യാത്ര തുടർന്നു.....
"ഈ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു? "
"ടൗണിലെ ഒരു തുണിക്കടയിലാണ്..... "
"ഉം...... "
"ഇരുപത്തിമൂന്ന് വയസ്സ് കഴിഞ്ഞു... വരുന്നവർക്ക് ഇവളെ വേണ്ട... അനുജത്തിയെ മതി.... കൊച്ച് വലിയ നിറമൊന്നുമില്ല , പഠിപ്പും ഇല്ല..കുട്ടിയുടെ അച്ഛൻ മൂന്ന് വർഷം മുമ്പ് മരിച്ചു... അനുജത്തിയെ പഠിപ്പിച്ചതും, വീട്ടിലെ ചിലവ് നോക്കുന്നതുമെല്ലാം ഈ പെണ്ണാണ്...... "
അഖിൽ എല്ലാം മൂളി കൊണ്ട് കേട്ടിരുന്നു...
പത്തിരുപതു മിനിറ്റിനു ശേഷം കാർ ഒരു ചെറിയ വീടിന്റെ മുറ്റത്ത് കൊണ്ടു നിർത്തി....
കാറിന്റെ ശബ്‍ദം കേട്ട് അടുക്കളയിൽ നിന്നും ഒരു സ്ത്രീ ഉമ്മറ കോലായിലേക്ക് വന്നു..... അവർ ആകാംഷയോടെ കാറിലേക്ക് ഉറ്റു നോക്കി.....
അഖിൽ കാറിൽ നിന്നുമിറങ്ങി ചുറ്റുമൊന്ന് നോക്കി.... നിറയെ ചെടികളും, പൂക്കളും നിറഞ്ഞൊരു മുറ്റം, ഇപ്പോൾ വീഴും എന്ന് തോന്നിക്കുമാറൊരു കുഞ്ഞ് ഓട് മേഞ്ഞ വീടും .....
അവർ അഖിലിനെ കണ്ട് ആരെന്ന സംശയഭാവത്തിൽ ബ്രോക്കറെ നോക്കി....
"പാർവതി കുഞ്ഞിനെ പെണ്ണ് കാണാൻ വന്നതാണ് സാവിത്രി....
വലിയ വീട്ടിലെ കുട്ടിയാണ്.... "
സാവിത്രി ഒരു നേർത്ത പുഞ്ചിരിയാലെ അവനെ വരവേറ്റു ...
"വരൂ.... കയറി ഇരിക്കൂ..... "
അവർ ആ സ്ത്രീക്ക് പിന്നാലെ അകത്തേക്ക് കയറി.......
"മോള് പുറകിലുള്ള വീട്ടിലെ കുട്ടിക്ക് ഉടുപ്പ് തയ്യിപ്പിച്ചത് കൊടുക്കാൻ പോയേക്കുവാ ... ഞാൻ ഇപ്പോൾ വിളിക്കാം കേട്ടോ.... "
"ദേവൂ... "
അവർ അകത്തേക്ക് നീട്ടി വിളിച്ചു....
അകത്തെ മുറിയിൽ നിന്നും ഒരു പെൺകുട്ടി ഇടനാഴിയിലേക്ക് വന്നു... പരിചയമില്ലാത്ത അഖിലിനെ കണ്ട് അവൾ അമ്മയെ ഒന്ന് നോക്കി....
"പാറൂട്ടിയെ പെണ്ണ് കാണാൻ വന്നതാ... നീ പോയി അവളെ വിളിച്ചു കൊണ്ട് വാ...."
"ഉം ശെരി..... "
അവൾ പോയതിനു ശേഷം സാവിത്രി സംസാരം തുടർന്നു....
''ഇളയവളാണ്... ദേവിക ...... ''
''ഹാ....''
അഖിൽ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി
''മോന്റെ പേര്?? ''
"അഖിൽ ജയദേവ് "
"എന്താ ചെയ്യുന്നത്...?? "
"ബിസ്സിനെസ്സ് ആണ്...."
''വീട്ടിൽ?? ''
''അമ്മയും ഞാനും... അച്ഛൻ എനിക്ക് നാല് വയസ്സുള്ളപ്പോൾ മരിച്ചു ..''
''നിങ്ങൾ വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ മോളോട് ഒരുങ്ങി നിൽക്കാൻ പറയായിരുന്നു.... ''
"എല്ലാം പെട്ടന്നായിരുന്നു സാവിത്രി..... മോൻ പാറുവിന്റെ ഫോട്ടോ കണ്ടു, ഇഷ്ടപ്പെട്ടു അവിടുത്തെ മാഡം ഇങ്ങു പറഞ്ഞയച്ചു..... "
"ഹാ......ഞാൻ ചായ എടുക്കട്ടെ.....കട്ടൻ കുടിക്കുമല്ലോ അല്ലേ?? പാലിരിപ്പില്ലേ... !!"
"ഒന്നും വേണ്ട..... ഞാൻ പാർവതിയെ ഒന്ന് കാണാൻ വേണ്ടി മാത്രം വന്നതാണ്..... "
"എന്നാലും....... "
"സാരമില്ലന്നേ..... "
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
"ചേച്ചി.... നിന്നെ കാണാൻ ഒരു ചുള്ളൻ ചെക്കൻ വന്നേക്കുന്നു.... "
"എന്നെ കാണാനോ.... "
"അതേ... പെണ്ണ് കാണാൻ... വേഗം വാ..... "
ദേവിക പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടി......
അവർ അടുക്കള ഭാഗത്തു കൂടെ വീട്ടിലേക്ക് കയറി....
"ആരാ അമ്മേ.....?? "
"നിന്നെ പെണ്ണ് കാണാൻ വന്നതാ മോളെ... "
"എന്തിനാ അമ്മേ എന്നെ കൊണ്ടിങ്ങനെ ഒരു നോക്കുകുത്തിയുടെ വേഷം കെട്ടിക്കുന്നത്...?? "
"ഇതങ്ങനെ അല്ല മോളെ... നിന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു വന്നതാണ്... "
"എന്നെ കണ്ട് ഇഷ്ടപ്പെട്ടു ന്നോ?? അങ്ങനെ പറഞ്ഞോ അവര് ?? "
"ഉവ്വ്.... നിയങ്ങോട്ട് ചെല്ല്...... "
"ഞാൻ........ "
അവൾ മടിച്ചു നിന്നു...
"ഹാ.. നീ ചെല്ല് ചേച്ചി..... "
ദേവു അവളെ ഉന്തി പറഞ്ഞയച്ചു....
"ഹാ... കുട്ടി വന്നല്ലോ..... "
പാർവതി ചന്ദ്രന്റെ മുഖത്ത് നോക്കി ഒരു പുഞ്ചിരി നൽകി അഖിലിനെ നോക്കി.....
ഒരു നിമിഷം അവളൊന്നു ഞെട്ടി ... അവൾക്കവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.....അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു....
അടുക്കളയിൽ നിന്നും സാവിത്രിയും ദേവുവും അവർക്കരികിലേക്ക് വന്നു...
അഖിൽ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു...
"പാർവതിയെ എനിക്കിഷ്ടപ്പെട്ടു..... കല്യാണം കഴിക്കാനും തയ്യാറാണ് "....
അവൾ അവനെ ആകാംഷയും സംശയവും കലർന്ന ഭാവത്തോടെ നോക്കി....
"മോനെ.. ഞങ്ങളുടെ അവസ്ഥ...... "
"അറിയാം...ചന്ദ്രേട്ടൻ എല്ലാം പറഞ്ഞു... പൊന്നും പണവും ഒന്നും എനിക്ക് വേണ്ട... വലിയ ചടങ്ങിനോടും താത്പര്യമില്ല....
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ വച്ചൊരു താലിക്കെട്ട്...വരുന്ന ഏതെങ്കിലും ഒരു ദിവസം അമ്മയെ ഞാൻ ഇങ്ങോട്ട് പറഞ്ഞയക്കാം...
അപ്പോൾ നമുക്കിറങ്ങാം..... "
"ആ ഇറങ്ങാം മോനെ... "
അപ്പോഴും പാർവതിക്ക് നടന്നതൊന്നും വിശ്വസിക്കാനേ ആയില്ല.... അവൾ ഒരു പ്രതിമ കണക്കെ അവിടെ നിന്നു.....
അവർ പോയതിനു ശേഷം ദേവു വന്ന് പാറുവിനെ കെട്ടി പിടിച്ചു...
അവൾ അതൊന്നും വക വയ്ക്കാതെ മുറിയിലേക്ക് നടന്നു.... കഴിഞ്ഞ കാലങ്ങളിലെ കുറേ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ അവളുടെ കണ്ണുകളിലൂടെ മിന്നി മറഞ്ഞു...കൂടെ കുറേ ചോദ്യങ്ങളും......
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു..... സുജാത പാറുവിന്റെ വീട്ടിൽ വന്ന് കാര്യങ്ങളെല്ലാം സംസാരിച്ചു , അവളുടെ കയ്യിൽ ഒരു വളയിട്ടു കൊടുത്തു ...കല്യാണത്തിന് അവൾക്കണിയാനുള്ള ചെറിയ ചില ആഭരങ്ങളും, വസ്ത്രങ്ങളുമെല്ലാം എടുത്തു കൊടുത്തു.....
ഇതിനിടയിൽ ഒരിക്കൽ പോലും അഖിൽ അവളെ വിളിക്കുകയോ, കാണുകയോ ചെയ്തില്ല.....
രണ്ടു മാസത്തിനു ശേഷം അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് ശ്രീകൃഷ്ണ ഭഗവാനെ സാക്ഷിയാക്കി അഖിൽ പാറുവിന്റെ കഴുത്തിൽ താലി ചാർത്തി.....നെറുകയിൽ സിന്ദൂരം വരയ്ക്കുമ്പോൾ അവൾ മിഴികളുയർത്തി അവനെ നോക്കി....അവന്റെ മുഖത്ത് അപ്പോഴും ഗൗരവം നിറഞ്ഞു നിന്നിരുന്നു....
കല്യാണത്തിന് ഒത്തു കൂടിയ ബന്ധുക്കളെല്ലാം പാർവതിയുടെ നിറത്തെ കുറിച്ച് അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു....
"എന്ത് നല്ല ചെറുക്കനാ.. എന്നിട്ട് കിട്ടിയ പെണ്ണിനെ നോക്ക്.... അവന്റെ പണവും, പഠിപ്പും, സൗന്ദര്യവും ഒക്കെ വച്ച് നല്ല മണി മണി പോലത്തെ തൂവെള്ള പെൺ കുട്ടികളെ കിട്ടുമായിരുന്നില്ലേ ... എന്തിനധികം പോവുന്നു... സുജാതയുടെ അനിയന്റെ മോളെ തന്നെ പോരായിരുന്നോ.... എന്ത് നല്ല സൗന്ദര്യം ഉള്ള കുട്ടിയാ.. ഇതൊരുമാതിരി....."
അഖിലിന്റെ കൈ പിടിച്ചു വലതു കാൽ വച്ച് ആ വീട്ടിലേക്ക് കയറുമ്പോഴും പാറുവിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.... എന്തിന് ഇയാൾ തന്നെ ജീവിതത്തിലേക്ക് കൂടെ കൂട്ടി എന്ന ചോദ്യം അവളെ വീർപ്പു മുട്ടിച്ചു കൊണ്ടേയിരുന്നു....
ആളും ബഹളവും ഒഴിഞ്ഞ് അവനോടൊന്നു മനസ്സമാധാനമായി സംസാരിക്കാൻ അവൾ ആഗ്രഹിച്ചു......
"മോള് മുറിയിലേക്ക് ചെല്ല്...... മോൾക്ക് മാറാനുള്ള ഡ്രെസ്സെല്ലാം മുറിയിലെ അലമാരയിലുണ്ട്..... അഖി വന്നോളും........ "
"ഉം........ "
അവൾ നേരെ മുറിയിലേക്ക് കയറി.....
രാത്രി ആയപ്പോഴേക്കും വിരുന്നുക്കാരെല്ലാം പോയി തുടങ്ങിയിരുന്നു....
പാറു ഉടുത്തിരുന്ന സാരിയെല്ലാം മാറി ഒരു ചുരിദാർ എടുത്തിട്ടു മുറിയിലെ ജനലിന്റെ അരികിൽ ചെന്നു പുറത്തേക്ക് കണ്ണും നട്ടു നിന്നു.....
പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി....
മുറിയിലേക്ക് കയറിവന്ന പെൺകുട്ടിയെ മനസ്സിലാകാതെ അവൾ സംശയത്തോടെ നോക്കി എന്നിട്ടൊരു നേർത്ത പുഞ്ചിരി നൽകി.....
"ഞാൻ ലാവണ്യ.... അഖിലേട്ടന്റെ അമ്മയുടെ അനിയന്റെ മകൾ..... എന്നു വച്ചാൽ അഖിലേട്ടന്റെ മുറപ്പെണ്ണ്...... എന്നെ വേണ്ട എന്നു വച്ച് ഏട്ടൻ ഒരു കല്യാണം കഴിക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഏതോ ലോക സുന്ദരി ആവുമെന്ന്... പക്ഷേ ഇതുപോലെ കരിഞ്ഞുണങ്ങിയ പെണ്ണായിരിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല........ "
പാറുവിന്റെ മുഖം മങ്ങി..... കണ്ണുകൾ നിറഞ്ഞു.......
"ഒന്ന് തമ്മിൽ കാണണം എന്ന് കരുതി വന്നതാണ്..... നാളെ വന്നു വിശദമായി പരിചയപ്പെടാം.... "
എന്ന് അർത്ഥം വച്ചൊന്നു സംസാരിച്ച് ലാവണ്യ മുറിയിൽ നിന്നുമിറങ്ങി.....
പാറു കട്ടിലിൽ ചെന്നു കിടന്നു.....
അവളുടെ ഓർമ്മകൾ ആറേഴു വർഷങ്ങൾ പുറകോട്ട് സഞ്ചരിച്ചു ....
കോളേജിൽ ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് കണ്ടു പരിജയം പോലും ഇല്ലാത്ത കുറേ ചേട്ടന്മാർ ഒരു പേപ്പർ മടക്കി കയ്യിൽ തന്നിട്ട് ആ ഇരിക്കുന്ന പയ്യനൊന്നു കൊണ്ട് കൊടുക്കുമോ എന്ന് ചോദിച്ചത്...ഞങ്ങൾ തന്നതാണെന്ന് പറയരുത് എന്നവർ എടുത്തു പറഞ്ഞു...
എന്താണ് ഏതാണ് എന്നൊന്നും ചോദിക്കാതെ താനത് വാങ്ങി അയാളുടെ കയ്യിൽ കൊടുത്തു ...
അയാൾ തുറന്നു നോക്കിയപ്പോഴാണ്
അതൊരു പ്രേമലേഖനമായിരുന്നെന്ന് തനിക്കും മനസ്സിലായത്..... എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുമ്പേ എന്തൊക്കെയോ പറഞ്ഞു അയാൾ തനിക്കു നേരെ പൊട്ടി തെറിച്ചു.... കുട്ടികൾ ചുറ്റും കൂടി......
"നിന്നെ പോലൊരു ജന്തുവിനെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടണോ.?? ഈ കറുപ്പാദ്യം തുടച്ചു കളഞ്ഞിട്ട് വാ ...... "
അന്ന് കരഞ്ഞു കൊണ്ട് പടി ഇറങ്ങിയതാണ് അവിടെ നിന്നും... പിന്നീട് പോയില്ല.... ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല...
അന്ന് തന്നോട് അറപ്പ് കാണിച്ച ആളാണ് ഇന്ന് അയാളുടെ ജീവിതത്തിലേക്ക് തന്നെ കൂട്ടിയിരിക്കുന്നത്..
അങ്ങനെ എന്തൊക്കെയോ ഓർത്ത് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു..... പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അഖിലിനെ കട്ടിലിൽ കണ്ടില്ല... അവൾ മുറിയിൽ മുഴുവൻ തന്റെ മിഴികൾ പായിച്ചു... വേഗം എഴുന്നേറ്റ് പോയി കുളിച്ച് സുജാതയുടെ അടുക്കലേക്ക് ചെന്നു.......
"ആ മോള് വന്നോ ....... "
"അഖിൽ ജോഗ്ഗിങ്ങിനു പോയതാ... പുലർച്ചെ പോകും.... മോള് ചായ കുടിക്ക്.... "
അവർ ഒരു കപ്പ് ചായ പാറുവിനു നേരെ നീട്ടി....
"അവൾ ചായ വാങ്ങി.... "
"അമ്മ കുടിച്ചോ?? "
"ഓ... "
"അമ്മ എവിടേലും പോവാണോ?? "
"അതേ.... "
അവൾ സംശയത്തോടെ നോക്കി....
"ഇന്നലെ മോള് കണ്ടില്ലേ ലാവണ്യ..... "
"ആ..... "
"അവളുടെ കുറേ കൂട്ടുകാരെല്ലാവരും വീട്ടിലേക്ക് വരുന്നുണ്ട് പോലും.. അവിടെ എന്തെങ്കിലുമൊക്കെ ജോലി കാണും ..... ഈ തൊടി കഴിഞ്ഞ് അപ്പുറത്തെ വീടാ... മോള് എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചാൽ മതി........ "
പെട്ടന്ന് ഉമ്മറത്തെ വാതിൽ തുറന്ന് ആരോ ഹാളിലേക്കു കയറി വന്നു...
"ഹാ.... അഖി വന്നു എന്നു തോന്നുന്നു...."
"ചായ കൊടുക്കണ്ടേ?? "
"അങ്ങനത്തെ ചടങ്ങുകൾ ഒന്നും ഇവിടില്ല... അവന് വേണമെങ്കിൽ അവൻ വന്ന് എടുത്തു കുടിക്കും.... വിശന്നാൽ വന്ന് കഴിക്കും....അത്രയേ ഉള്ളൂ... മോള് ചായ കുടിച്ചോ..... "
"കുഴപ്പമില്ല... ഞാൻ ചെന്ന് കൊടുക്കാം..... "
"എന്നാൽ ചെല്ല്.. അവൻ മുറിയിൽ കാണും.... "
അവൾ ചായയുമെടുത്ത് മുറിയിലേക്ക് ചെന്നു......
"ചായ "
പാറുവിന്റെ ശബ്ദം കേട്ട് അഖിൽ അവളെ ഒന്ന് നോക്കി......
"ഞാൻ താഴെ വന്ന് എടുക്കുമായിരുന്നല്ലോ... എന്തായാലും ആ ടേബിളിന്റെ മേലെ വച്ചേക്ക്......"
ഗൗരവത്തോടെ അതും പറഞ്ഞ് തോർത്തെടുത്ത് അവൻ ബാത്റൂമിൽ കയറി....
"ഒന്നും ചോദിക്കാൻ പറ്റിയില്ലല്ലോ ഭഗവാനെ..."
അവൾ നിരാശയോടെ താഴെ സുജാതയുടെ ചെന്നു...
"അമ്മ പോയിട്ട് വേഗം വരാം.... പിന്നേ രാവിലത്തെ ഭക്ഷണം അമ്മ ഉണ്ടാക്കി വച്ചിട്ടുണ്ട്..... ബാക്കിയെല്ലാം ശാരദേച്ചി വന്നിട്ട് ചെയ്തോളും ..."
"ഉം... ശരിയമ്മേ...... "
അവൾ പുഞ്ചിരിച്ചു കൊണ്ട് അവരെ യാത്രയാക്കി സോഫയിൽ വന്നിരുന്നു.....
"അതേ.......... "
ഗൗരവമേറിയ ശബ്‍ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി......
"എനിക്ക് ഓഫീസിലേക്ക് കുറച്ച് ജോലി ചെയ്യാൻ ഉണ്ട്.... ചായയും ചോറുമായി അങ്ങോട്ടേക്ക് കയറി വരേണ്ട..."
അവൾ അനുസരണയോടെ ശരിയെന്നു തലയാട്ടി.....
അവൾ വീണ്ടും എന്തൊക്കെയോ ആലോചിച്ചു അവിടെ തന്നെ ഇരുന്നു....മണിക്കൂറുകൾ കടന്നു പോയി......
"പതിനൊന്നു മണി ആകാറായി....ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ.... പോയി വിളിക്കണോ.... അങ്ങോട്ട് കയറരുത് എന്നല്ലേ കല്പ്പന.. എന്ത് ചെയ്യും ഈശ്വരാ..... "!!
പെട്ടന്ന് ആരോ കാളിങ് ബെൽ അടിച്ചു.....അവൾ ചെന്നു വാതിൽ തുറന്നു.....
ലാവണ്യയും കൂടെ ഒരുപാട് പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് വീട്ടിനകത്തേക്ക് കയറി......
"ഇതാണോ അഖിലേട്ടന്റെ വൈഫ്....... "??
കൂട്ടത്തിലൊരു പെൺകുട്ടി ആകാംഷയോടെ ചോദിച്ചു.....
"അതേ... ഇതാണ് അഖിലേട്ടൻ കണ്ടു പിടിച്ച ലോക സുന്ദരി...... "
"ഷി ഈസ് ലുക്കിങ് ബ്യൂട്ടിഫുൾ.... ബ്ലാക്ക് ബ്യൂട്ടി......."
കൂട്ടത്തിൽ നിന്നും ഒരു പയ്യൻ അവളെ നോക്കി പറഞ്ഞു......
"എന്ത് ബ്യൂട്ടി?? ഈ കരിഞ്ഞുണങ്ങിയ കോലത്തിനെ കണ്ടിട്ടാണോ നീ ബ്യൂട്ടിഫുൾ എന്ന് പറഞ്ഞത്... ഇവളുടെ ദേഹത്തു തൊട്ട് വേണമെങ്കിൽ നമുക്ക് കറുപ്പ് പൊട്ട് തൊടാം... "
അവർ എല്ലാവരും ഉറക്കെ ചിരിച്ചു.....
പാറുവിന്റെ ഹൃദയം വിങ്ങി....
പക്ഷേ അവൾ പുഞ്ചിരിച്ചു കൊണ്ട് എല്ലാവരോടും ഇരിക്കുവാനായി പറഞ്ഞു...
"നീ ആരാ ഞങ്ങളെ സ്വീകരിച്ചിരുത്താൻ... ഇത് എന്റെ അപ്പച്ചിയുടെ വീടാണ്.... ഇവിടെ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് എനിക്കറിയാം... അവളൊരു കെട്ടിലമ്മ... നിങ്ങൾ ഇരിക്ക്..... "
പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അത് ആസ്വദിച്ചെന്നോണം ലാവണ്യ തുടർന്നു....
"ഏതോ ചളി മണ്ണിൽ നിന്നും എഴുന്നേറ്റ് വന്നതാ.... ഇവിടെ എത്തിയപ്പോൾ അധികാരം ഏറ്റെടുക്കാൻ നോക്കുവാ.... കറുമ്പി...... "
അവളത് പറഞ്ഞപ്പോൾ സങ്കടം സഹിക്കാനാകാതെ പാറു സാരി തലപ്പ് കൊണ്ട് മുഖം പൊത്തി മുകളിലേക്ക് ഓടി... കോണി പടികൾ എത്തിയപ്പോൾ പെട്ടന്നാരെയോ തട്ടി അവൾ നിന്നു.....
മുഖമുയർത്തി നോക്കിയപ്പോൾ അഖിൽ അവളെ നോക്കി നിൽക്കുന്നു..... അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല ഒരാശ്രയമെന്നോണം അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു......
അവൻ അവളെ അടർത്തി മാറ്റി അവളുടെ കൈ പിടിച്ചു ലാവണ്യയുടെ അടുത്തേക്ക് നടന്നു......
"ആരാ ഇവരൊക്കെ?? "
അവൻ ഒച്ചയെടുത്തു ലാവണ്യക്ക് നേരെ ചീറി... എല്ലാവരും ഇരുന്നിടത് നിന്നും എഴുന്നേറ്റു......
"ഇവരൊക്കെ എ.. എന്റെ ഫ്രണ്ട്‌സ് ആണ്...."
"ഇവർക്കെന്താ ഇവിടെ കാര്യം?? "
"ഒന്നുമില്ല വെറുതെ...... "
"നീയാരാ എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയെ കരയിപ്പിക്കാൻ??ഇവളെ ഞാൻ ഇഷ്ടപ്പെട്ടു അന്തസ്സായി താലി ചാർത്തി കൊണ്ടു വന്നതാ...മാത്രമല്ല ഇവൾക്ക് മാറാവ്യാധി ഒന്നുമില്ല..... നീ വെളുത്തതാണെങ്കിൽ ഇവൾ കറുത്തത്... അത്രയേ ഉള്ളൂ...എന്റെ കണ്ണിൽ മറ്റാരെക്കാളും സൗന്ദര്യവും ഇവൾക്ക് തന്നെയാണ്...
പിന്നേ... എന്തുകൊണ്ടും ഈ വീട്ടിൽ നിന്നെക്കാളും അവകാശം ഇവൾക്കുണ്ട് ... കാരണം ഇതു ഞാൻ കെട്ടിപ്പടുത്ത വീടാണ്.... ഇവൾ എന്റെ ഭാര്യയും...... അതുകൊണ്ട്.. ഇപ്പോൾ ഈ നിമിഷം എല്ലാവരും ഇവിടെ നിന്നും ഇറങ്ങണം....."
അവർ എല്ലാവരും ലാവണ്യയെ നോക്കി....
"വാ ഇറങ്ങാം...... "
അവൾ ദേഷ്യത്തോടെ അവരെയും കൂട്ടി അവിടെ നിന്നുമിറങ്ങി.... അവൻ ചെന്ന് വാതിൽ അടച്ചു പാർവതിയെ നോക്കി ..... അവൾ അപ്പോഴും ഏങ്ങി കരയുകയായിരുന്നു......
" മുകളിലേക്ക് വാ..... "
അവൾ അവനെ പിന്തുടർന്ന് മുകളിലെ മുറിയിലേക്ക് കയറി.... രണ്ടു പേരും കട്ടിലിൽ ഇരുന്നു.... കുറച്ചു നേരം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു......
"എന്തിനാ എന്നെ പോലൊരു പെണ്ണിനെ..... ഇഷ്ടമില്ലായിരുന്നല്ലോ നിങ്ങൾക്കെന്നെ...?? "
"അന്ന് പ്രതീക്ഷിക്കാതെ എന്തൊക്കെയോ സംഭവിച്ചു..... ഇലെക്ഷനിൽ ഞങ്ങളുടെ പാർട്ടി തോറ്റതിന്റെ ദേഷ്യവും, എതിർ പാർട്ടിക്കാരുടെ പരിഹാസവും, കുത്തുവാക്കുകളും ഏറ്റു വാങ്ങി ഇരിക്കുമ്പോഴായിരുന്നു നീ ആ പേപ്പറുമായി എന്റെ മുമ്പിലേക്ക് വന്നത്..
അതുവരെ ഉണ്ടായിരുന്ന അമർഷമെല്ലാം ഞാൻ അപ്പോൾ നിന്റെ മേലെ ചൊരിഞ്ഞു.... പിന്നീടാണ് അത് എന്നെ കളിപ്പിക്കാൻ വേണ്ടി മറ്റുള്ളവർ തന്നതാണെന്ന് ഞാൻ അറിഞ്ഞത് ....പിറ്റേ ദിവസം വന്ന് നിന്നോട് മാപ്പ് പറയാമെന്നു കരുതി....പക്ഷേ നിന്നെ കണ്ടില്ല.... ദിവസങ്ങൾ കാത്തിരുന്നു... പിന്നീടാണ് നീ പഠിപ്പ് നിർത്തിയെന്ന് ഞാൻ അറിഞ്ഞത്.....ഒരുപാട് അന്വേഷിച്ചു... കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.... "
"ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടായിരുന്നു ഞാൻ അവിടെ എത്തിയത്..
നല്ലൊരു ജോലി, ഒരു കുഞ്ഞ് വീട്, അച്ഛന്റെ ബാധ്യതകൾ തീർക്കണം അങ്ങനെ എന്തൊക്കെയോ മോഹങ്ങൾ... കുഞ്ഞു നാള് മുതലേ നിറം കറുപ്പായത് കൊണ്ട് എല്ലാവരും എല്ലായിടത്തും എന്നെ മാറ്റി നിർത്തി...ബന്ധുക്കളും, സുഹൃത്തുക്കളും എല്ലാവരും......
ഞാൻ കോളേജിൽ നിന്നിറങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അച്ഛൻ സ്ട്രോക്ക് വന്ന് തളർന്നു കിടപ്പിലായി... പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ കയറി ഇറങ്ങേണ്ടി വന്നു... വീട്ടിലെ വരുമാനം നിലച്ചു... കടത്തിനു മീതെ കടമായി.... പിന്നീട് പഠിക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല...എവിടെയെങ്കിലും ഒരു ജോലി.... അത്രയേ നോക്കിയുള്ളൂ.....
അവൾ അത്രയും പറഞ്ഞൊരു ദീർഘനിശ്വാസമെടുത്തു.. എന്നിട്ട് തുടർന്നു
അന്ന് പെണ്ണുകാണാൻ വന്നപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നു.. ഇഷ്ടമായെന്നു പറഞ്ഞപ്പോഴും എനിക്ക് വിശ്വസിക്കാനായില്ല.... നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഞാൻ ഒരുപാട് അനുഭവിച്ചു... കറുത്ത് പോയല്ലോ എന്നോർത്ത് ഒരുപാട് രാത്രികൾ കരഞ്ഞു തീർത്തിട്ടുണ്ട്.... എനിക്കറിയില്ല എന്തുകൊണ്ടാണ് എല്ലാവരും സൗന്ദര്യത്തെ നിറത്തിന്റെ അടിസ്ഥനത്തിൽ തരം തിരിക്കുന്നതെന്ന്...... ''
"ആദ്യം നീ നിന്റെ ചിന്താഗതിയെ മാറ്റണം... നീ കറുത്തതാണെന്ന് പറഞ്ഞ് ആരെങ്കിലും കളിയാക്കിയാൽ അതെ ഞാൻ കറുത്തിട്ടാണെന്നു പതറാതെ പറയാൻ നീ പഠിക്കണം.... ഞാൻ കണ്ട മനുഷ്യരെല്ലാം കറുപ്പും, വെളുപ്പും നിറമുള്ളവരാണ് ... അല്ലാതെ പച്ചയും നീലയും നിറമുള്ള മനുഷ്യരീ ഭൂമിയിൽ ഉണ്ടോ?? എല്ലാവർക്കും അവനവന്റേതായ ഭംഗി ഉണ്ടെടോ..... അത് ആദ്യം സ്വയം തിരിച്ചറിയണം...അതിൽ വിശ്വസിക്കണം
ഞാൻ അന്ന് പറഞ്ഞതൊരു വലിയ തെറ്റായിരുന്നു...രണ്ടു മാസം മുന്നേ നിന്നെ കാണുന്നത് വരെ നിന്നെ കുറിച്ചോർത്ത് സങ്കടപെടാതെ കടന്നു പോയ ഒരു ദിവസം ഉണ്ടായിട്ടില്ല ... അതിനിടയിൽ എപ്പോഴോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു...."
"എന്നിട്ട് ഇന്ന് രാവിലെ പോലും സ്നേഹത്തോടെ എന്നോട് ഒരു വാക്ക് മിണ്ടിയില്ലല്ലോ....... "
അവൾ പരിഭവത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....
"അത് ഞാൻ നിന്നെ ഒന്ന് വിരട്ടിയതല്ലേ..... "
അവൻ മീശ പിരിച്ചു ഗൗരവത്തോടെ അവളെ നോക്കി.....
അവൾ പുരികം ചുളിച്ച് ചുണ്ട് കോട്ടി അവനെ നോക്കി......
അവൻ വീണ്ടും വലിച്ചവളെ നെഞ്ചിലേക്കിട്ടു...
"ഏട്ടാ... ഏട്ടനെന്താ ആ ലാവണ്യയെ കെട്ടാഞ്ഞത്?? അവള് നല്ല സുന്ദരി ആണല്ലോ....... "
''സൗന്ദര്യം കൊണ്ട് മാത്രം ഒരുമിച്ച് ജീവിക്കാൻ കഴിയില്ല മോളെ...നന്മയുള്ള മനസ്സ് വേണം...മാത്രമല്ല അവളെക്കാൾ സുന്ദരി ന്റെ പാറുവാ..... ''
''ഞാനോ.......!!അഖിലേട്ടന്റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ?? "
"എടീ പോത്തേ.....നമ്മൾ ഇഷ്ടത്തോടെ നോക്കിയാൽ എല്ലാത്തിനും അഴകുണ്ടാകും.....നമ്മുടെ ഇഷ്ടം കൂടുന്നതിന് അനുസരിച്ചു നമ്മൾ സ്നേഹിക്കുന്നവരുടെ സൗന്ദര്യവും വർധിക്കും.....എനിക്കീ ലോകത്തിലെ ഏറ്റവും സുന്ദരി എന്റെ അമ്മയും നീയുമാണ്... പിന്നേ ............... "
"പിന്നെ??? "
അവൾ സംശയത്തോടെ അവനെ നോക്കി...
"എന്റെ മോളും..... "
"ഏത് മോള്..... "
"നമ്മുടെ മോള്......"
"നമുക്കെപ്പോൾ മോളുണ്ടായി "??
"ഉണ്ടാകുമല്ലോ "
"മോനാണെങ്കിലോ? "
"ഒരു കുഞ്ഞി മോളെ എന്റെ കയ്യിൽ കിട്ടുന്നത് വരെ നമ്മൾ ട്രൈ ചെയ്യും.... "
"അയ്യാ.... എനിക്കതല്ലെ പണി.... മാറങ്ങോട്ട്..."
അവൾ നാണത്തോടെ അവന്റെ കൈ തട്ടി മാറ്റി താഴേക്ക് ഓടി.....
രാത്രി ആയപ്പോഴേക്കും സുജാത വന്നു... നടന്ന കാര്യങ്ങൾ എല്ലാം പാറു സുജാതയോട് പറഞ്ഞു...
"നന്നായി അത്... അവൾക്കല്ലേലും നാക്ക് ഒരിത്തിരി കൂടുതലാണ്....
മോള് ചെല്ല്.. പോയി ഉറങ്ങിക്കോ.... "
"ശെരി അമ്മേ.... "
അവൾ നേരെ മുറിയിലേക്ക് ചെന്നു....പക്ഷേ അവിടെ അഖിലുണ്ടായിരുന്നില്ല...
പെട്ടന്നൊരു കൈ അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു...
അവളുടെ മുഖത്ത് നാണം വിരിഞ്ഞു....
"എടോ ഭാര്യെ ഇന്നലെ ഞാൻ വന്നപ്പോൾ നീ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു... ഫസ്റ്റ് നൈറ്റ് കുളമായി... ഈ സെക്കന്റ് നൈറ്റ് എങ്കിലും...... "
അവൾ അവനിൽ നിന്നും കുതറി മാറി...
"എന്തേയ്?? "
അവൻ ആകാംഷയോടെ ചോദിച്ചു....
"ആദ്യം പോയ് ആ വാതിലടയ്ക്ക് മനുഷ്യാ...."
അവൻ പൊട്ടി ചിരിച്ചു കൊണ്ട് പോയി വാതിലടച്ചു കുറ്റിയിട്ടു...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ചു വർഷങ്ങൾക്ക് ശേഷം.....
"അച്ഛേ....... അച്ഛേ..... "
"ഓ വന്നോ കടുക് മണി..... "
"ടീ.. ടീ...എന്റെ മോളെ കളിയാക്കിയാൽ ഉണ്ടല്ലോ.... "
"ഓ ഞാൻ ഒന്നും പറഞ്ഞില്ലേ..... "
പാറു പരിഭവത്തോടെ അകത്തേക്ക് പോയി
"എന്താ പൊന്നൂട്ടി....?? "
"പൊന്നൂട്ടി കറുപ്പാണോ അച്ഛേ..... "??
"അതേലോ....... "
"എനിക്ക് വെളുക്കണം അച്ഛേ.... "
"അതെന്തിനാണാവോ....??? "
"കാസ്സിലെല്ലാരും വെളുത്തിട്ടാണല്ലോ..... "
"ആയിക്കോട്ടെ... ന്റെ പൊന്നൂട്ടി സുന്ദരി ആണ് ട്ടോ....പൊന്നൂട്ടിയെ ഇങ്ങനെ കാണാനാ അമ്പോറ്റിക്കിഷ്ടം...അതാ പൊന്നൂട്ടിക്ക് ഈ നിറം നൽകി അമ്പോറ്റി അച്ഛേടെ കയ്യിലേക്ക് തന്നത് .... "
"ആണോ....? "
അവൾ അരയിൽ കൈ കൊടുത്ത് എന്തോ ആലോചിച്ചു നിന്നു......
അവൻ കുഞ്ഞിനെ വാരി എടുത്ത് അവന്റെ മടിയിലിരുത്തി....
"എന്താ ന്റെ മോള് ആലോചിക്കുന്നത്.... "?
ശിവാനി പറഞ്ഞല്ലോ വെളുത്തവരെ കാണാനാ സുന്ദരി ന്ന്
"അത് ശിവാനിക്ക് കറുത്തവരോട് അസൂയയായിട്ടാ... ഇനി ആരെങ്കിലും ന്റെ മോളെ കറുത്തതാണെന്ന് പറഞ്ഞു കളിയാക്കിയാൽ... അതെ ഞാൻ കറുത്തിട്ടാണ്... അയ്യേ നിങ്ങളെല്ലാവരും വെളുത്തിട്ടല്ലേ എന്ന് പറഞ്ഞ് തിരിച്ചു കളിയാക്കിക്കോ കേട്ടോ.... "
"അപ്പോൾ കറുപ്പാണല്ലേ നല്ലത്...... "
"കറുപ്പായാലും വെളുപ്പായാലും മനസ്സിനാണ് അഴക് വേണ്ടത്......ന്റെ പൊന്നൂട്ടിക്ക് അത് ഉണ്ട് ട്ടോ "
അവൻ അവളുടെ നെറ്റിയിലൊന്നു അമർത്തി ചുംബിച്ചു
നിറത്തിന്റെയും, സൗന്ദര്യത്തിന്റെയും പേരിൽ ആരെയും തരം തിരിക്കാതെയും, കളിയാക്കാതെയും ഇരിക്കുക... ഒരുപക്ഷെ പറയുന്ന നിങ്ങൾക്കത് തമാശ ആയിരിക്കുമെങ്കിലും കേൾക്കുന്നവരുടെ മനസ്സിനെ അത് വല്ലാതെ വ്രണപ്പെടുത്തിയേക്കാം ....ഭൂമിയിൽ മനുഷ്യർക്കിടയിൽ രണ്ടു നിറങ്ങളെ ഉള്ളൂ.. രണ്ടും ഭംഗിയേറിയതാണ്....അയ്യേ കറുത്ത് പോയല്ലോ എന്ന് പറയുന്നവരോട് അതെ കറുപ്പാണ് എന്ന് ആത്മവിശ്വാസത്തോടെ പറയുക.... നിങ്ങൾക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയുന്ന പോലെ ഭൂമിയിൽ മറ്റാർക്കും നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല.... ഭൂമിയിൽ എല്ലാവരും സൗന്ദര്യമുള്ളവരാണ്.... അത് നിറത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാതിരിക്കുക.....ബാഹ്യ ഭംഗിയിൽ വിശ്വസിക്കാതെ മനസ്സിന്റെ നന്മ കണ്ട് ഒരാളെ സ്നേഹിക്കുക ❤️
No one is ugly... every one in this world is beautiful in their own way..
So be you... love yourself and respect yourself..
ലൈക്ക് കമന്റ് ചെയ്യാൻ മടിക്കല്ലേ...
കഥ ഇഷ്ടപ്പെട്ടാൽ ലൈക്,കമന്റ്, ഫോളോ ചെയ്യണേ... ❤️