ആനന്ദിന്റെ ഹൃദയം പ്രണയസുരഭിലമായ കോളേജ് കാലത്തിലേക്ക് യാത്ര ആരംഭിച്ചിരുന്നു...

Valappottukal


രചന: അഖിലാഷ് പി


ഗൗരി! 

കർക്കിടകത്തിലെന്ന പോലെ ആകാശം മേഘാവൃതമായി, മലയടിവാരത്തിലെ വനാന്തരം പോലെ എങ്ങും ഇരുട്ട് പടർന്നിരുന്നു. മഴയുടെ ആഗമനം കുറിച്ചുകൊണ്ട് പൊടിപടലങ്ങളും കടലാസ് തുണ്ടുകളും ഉയരത്തിൽ തത്തികളിച്ചു. മലവെള്ള പാച്ചിലിന്റെ മുഴക്കത്തോടെ മഴ പെയ്തിറങ്ങി..
നുറുങ്ങുകല്ലുകൾ വാരിവിതറും പോലെ മഴ ആനന്ദിന്റെ ചിതലിമലക്ക് താഴെയുള്ള ഒറ്റപ്പെട്ട ഓട് മേഞ്ഞ വീടിന്റെ മുകളിലേക്ക് പെയ്തിറങ്ങി. ആനന്ദ് ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്നു. വിരമിക്കലിന് ശേഷം വിശ്രമജീവിതം ചിതലിമലയ്ക്ക് കീഴിലുള്ള തന്റെ അച്ഛൻ നൽകിയ സ്ഥലത്ത് വീട് വച്ച് നയിക്കാൻ മുന്നേ തീരുമാനിച്ചതാണ്. ഭാര്യ ശാലിനിയും ആനന്ദും മാത്രമാണ് ഇവിടുള്ളത്. മണ്ണാറശാലയിൽ ഉരുളി കമിഴ്ത്തിയിട്ടും വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലാത്തതിന്റെ നിരാശ അവർക്കുണ്ടായിരുന്നു. പിന്നീട് കാലത്തിന്റെ ഒഴുക്കിൽ അവർ സൗകര്യപൂർവം ആ വിഷമത്തെ മറന്നുകളഞ്ഞു.

മുള കൊണ്ട് പണിത വേലി, കവാടം മുതൽ വീടിന്റെ പൂമുഖം വരെ രണ്ട് വശങ്ങളിലും പല വർണങ്ങളാൽ പൂന്തോപ്പ്,  അവയ്ക്ക് നടുവിൽ ഒറ്റപ്പെട്ട മനോഹരിയായി മാമ്പു പൂത്ത മാവ്.
പെരുമഴയ്ക്ക് ഈണം പകർന്ന് പൂവിതളുകളെ തട്ടി തഴുകി ഇളംകാറ്റിന്റെ മർമരം അവിടെ പരന്നു. 
മാഞ്ചിലയിൽ കാറ്റിന്റെ ബലാൽകാരം.
നേരം പുലർന്നതാണെങ്കിലും ഇരുളും നിഴലും താഴ്‌വരയിൽ രാവാക്കി മാറ്റിയിരിക്കുന്നു..

ആ ഞായറാഴ്ച്ചയും പതിവുപോലെ തന്റെ പത്രം വായന  ആനന്ദ് തുടർന്നു. ചരമകോളങ്ങൾ അരിച്ചുപറക്കി മരണത്തിന്റെ സ്വഭാവവും പരിചയക്കാരുടെ മുഖവും പരതുന്നത് അയാളുടെ പത്രവായനയിൽ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു. വായന തുടരുമ്പോൾ അകത്ത് നിന്നും ശാലിനി ആവി പാറുന്ന ചായയുമായി വന്ന് അയാളുടെ ചാരുകസേരയുടെ കൈകളിൽ വച്ച് മടങ്ങി പോയി.” ഇതെന്തൊരു മഴ, ഇനിയിപ്പോ ലോകാവസാനമായോ ?” ആനന്ദ് മനസ്സിൽ കരുതി. കാരണം കഴിഞ്ഞ കാലങ്ങളിൽ ഒന്നും തന്നെ കാണാത്തത്ര മഴ, വെളിച്ചം കയറിച്ചെല്ലാത്ത തടങ്കൽപാളയത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയും. പൊടുന്നനെ പടിപ്പുരയ്ക്ക് മുന്നിൽ ഉഗ്രസ്ഫോടന ശബ്ദം പോലെ മിന്നൽ വന്ന് പതിച്ചു. ഒരൊറ്റ നിമിഷത്തെ പ്രകാശത്തിൽ അനന്തമായ കടലിലെ തുരുത്ത് പോലെ ആ വീട് തെളിഞ്ഞ് നിന്നു.

പെട്ടന്ന് പടിപ്പുരയിലേക്ക് നോക്കിയ ആനന്ദിന് അവിടെ ആരോ നിൽക്കുന്നതുപോലെ തോന്നി. തന്റെ മങ്ങിയ കാഴ്ചയിൽ നിന്നും മഴത്തുള്ളികളെയും ഇരുട്ടിനെയും വകഞ്ഞുമാറ്റി പടിപ്പുരയിലേക്ക് സൂക്ഷിച്ച് നോക്കുന്നതും രണ്ടാമത്തെ മിന്നൽ വന്ന് ഭൂമിയിലേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു. ആ മിന്നലിൽ കാഷായ വേഷം ധരിച്ച ഒരു സ്ത്രീയാണതെന്ന് ആനന്ദ് മനസിലാക്കി. ആ സ്ത്രീ രൂപം ആനന്ദിനടുത്തേക്ക് നടന്നുവന്നു. “ ആരാണത്, തൊട്ടടുത്ത ഗ്രാമത്തിലെ ആശ്രമത്തിലെ ഏതെങ്കിലും അന്തേവാസിയാണോ? കൂട്ടംതെറ്റിയ ആട്ടിൻകുട്ടിയെ പോലെ വഴി തെറ്റി വന്നതാണോ..” കാഷായ വേഷം ശരീരം മുഴുവൻ ആവരണം ചെയ്ത് അതിന്റെ തലപ്പ് തല വഴി മൂടിയ വെളുത്തു തുടുത്ത സ്ത്രീരൂപം. അവർ വീടിന്റെ പടിക്കൽ എത്തിയപ്പോൾ ആനന്ദ് സൂക്ഷിച്ച് നോക്കി. പരിചിതമായ മുഖം. പക്ഷെ ആരാണെന്ന് മനസിലാവുന്നില്ല.

“ആനന്ദിന് എന്നെ മനസിലായോ..?”...
 “എന്റെ പേരെങ്ങനെ നിങ്ങൾക്കറിയാം..” വളരെ കൗതുകത്തോടെ ആനന്ദ് അവരോട് ചോദിച്ചു. “ ഒന്ന് നന്നായി ആലോചിച്ചോക്ക്യേ...?
എത്ര ശ്രമിച്ചിട്ടും ആനന്ദിന് പറയാൻ ഒരു പേര് ഓർമ വന്നില്ല. ഒരു വർഷം മുന്നേ തൊട്ടടുത്ത ഗ്രാമത്തിലെ ആശ്രമത്തിൽ താനും ഭാര്യയും സന്ദർശിച്ചത് ആനന്ദ് ഓർത്തു. പക്ഷേ അവിടെങ്ങും ഇങ്ങനൊരാളെ പരിചയപ്പെട്ടതായി ഓർക്കുന്നുമില്ലതാനും.. ജീവിതത്തിൽ കണ്ട് മുട്ടിയ മുഖങ്ങളിലൂടെയെല്ലാം ആനന്ദിന്റെ മനസ്സ് തിരഞ്ഞുകൊണ്ടിരുന്നു.. “എനിക്കങ്ങോട്ട് തന്നെ ഓർമ കിട്ടുന്നില്ല..” അയാളുടെ നെറ്റി നന്നേ ചുളിഞ്ഞു.
ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു “ചങ്ങമ്പുഴയുടെ ര ക്തപുഷ്പങ്ങൾ എനിക്ക് സമ്മാനിച്ച  ആ പൊടിമീശക്കാരനെ എന്തായാലും എനിക്ക് മറക്കാൻ പറ്റില്ലല്ലോ..”
ഓർമകളുടെ തീവണ്ടി ശരവേഗത്തിൽ ആനന്ദിന്റെ മനസ്സിലൂടെ പാഞ്ഞു..
“ ഗൗരി..”
വിറച്ചചുണ്ടിൽ നിന്നും അയാളുടെ ഇടറിയ ശബ്ദം പുറത്ത് വന്നു..

ഒരു ചെറുചിരിയോടെ ഗൗരി തലകുലുക്കി. ആനന്ദിന്റെ ഹൃദയം പ്രണയസുരഭിലമായ കോളേജ് കാലത്തിലേക്ക് യാത്ര ആരംഭിച്ചിരുന്നു. അവന്റെ ഹൃദയത്തിന്റെ നെരിപ്പോടിൽ ജ്വലിച്ച പ്രണയ തീ കോരിച്ചൊരിയുന്ന മഴയത്തും അവന്റെ ശരീരത്തെ ചൂടുപിടിപ്പിച്ചു. ‘എന്റെ ഗൗരി...’ അവന്റെ മനസ്സ് മന്ത്രിച്ചു. “ഗൗരി നീ എങ്ങനെ ഇവിടെ... എന്നെ എങ്ങനെ..” ഒന്നും മുഴുമിപ്പിക്കാൻ പറ്റാതെ അവന്റെ ശബ്ദം ഇടറി.  അവൾ വീടിന്റെ തിണ്ണയിൽ ഇരുന്നു. “അയ്യോ! ഗൗരി അകത്തേക്കിരിക്കാം..” അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.  
“ വേണ്ട ആനന്ദ്, എനിക്ക് ആശ്രമത്തിലെ ആലിന്റെ തറയിലും, തിണ്ണയിലുമൊക്കെ ഇരുന്ന് ശീലമായി.. ഇപ്പൊ ഇങ്ങനെ ഇരിക്കാനാണ്  ഇഷ്ടം..”
ആനന്ദും തന്റെ ചാരുകസേരയിൽ സ്ഥാനമുറപ്പിച്ചു. അവസാനമായി ഇരുവരും കണ്ടുപിരിഞ്ഞിട്ട്  28 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഭൂതകാലത്തിന്റെ ഓർമകൾ ആനന്ദിനെ ഏറെ അസ്വസ്ഥനാക്കി.. “ ഗൗരി ഞാൻ നിന്നെ എവിടെയെല്ലാം തിരഞ്ഞെന്നോ..?” ഇന്ത്യൻ ആർമിയിൽ ചേരാൻ ആനന്ദ് പോയതിന്റെ തലേദിവസമാണ് അവർ അവസാനമായി പരസ്പരം കണ്ടത്. അതിന് ശേഷം ആറ് മാസത്തോളം കത്തുകളിലൂടെ അവർ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഗൗരിയുടെ കത്തുകൾ നിലച്ചു. “നിന്റെ കത്തുകൾ കിട്ടാതെയായപ്പോ ഞാൻ നാട്ടിൽ വന്നിരുന്നു ഗൗരി.. അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ് വീട് മാറി പോയി എന്ന് പറഞ്ഞത്.. എവിടേക്കാണെന്നോ എന്തെന്നോ അറിയാതെ ഞാൻ ഒരുപാട് അലഞ്ഞു ഗൗരി..”  ആനന്ദ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി. “

സാരമില്ല, നമ്മുടെ കത്തുകൾ ഒരിക്കൽ അച്ഛൻ കണ്ടിരുന്നു.. ശരിയ്ക്കും കുറച്ച് കാലം എന്നെ വീട്ടിലെ ഒരു തടവുകാരിയാക്കിയിരുന്നു. പിന്നീട് പെട്ടന്ന് തന്നെ ഞങ്ങൾ കോയമ്പത്തൂരിലേക്ക് അച്ഛന്റനിയന്റെ വീട്ടിലോട്ട് താമസം മാറി.. എനിക്ക് നിന്നെ അതൊന്ന് അറിയിക്കാൻ പോലും പറ്റിയില്ല..” ഗൗരി തുടർന്നു “ പിന്നീട് ആനന്ദിനെ കണ്ടെത്തുമ്പോഴേക്കും ശാലിനിയുമായുള്ള വിവാഹം കഴിഞ്ഞിരുന്നു. എന്റെ സാന്നിധ്യം നിനക്കൊരു ബുദ്ധിമുട്ടാവേണ്ട കരുതി..” ആനന്ദിന്റെ മനസ്സിൽ വേദന നിറഞ്ഞു.. ഞാൻ ഒരിക്കൽ കൂടി അവളെ അന്വേഷിച്ചിരുന്നെങ്കിൽ’ കുറ്റബോധം അയാളുടെ ഹൃദയത്തെ വലിഞ്ഞു മുറുക്കി. ആനന്ദിന്റെ കല്യാണം അമ്മയുടെ അന്ത്യാഭിലാഷം പോലെ പല ആവർത്തി അവനോട് പറഞ്ഞതിന്റെ നിർബന്ധത്തിൽ നടന്നതാണ്. “ നീ എന്നോട് രക്‌തപുഷ്പങ്ങളിൽ കുറിച്ച വാചകങ്ങൾ ഓർമ്മയുണ്ടോ? ” ആനന്ദ് ഒന്നും മിണ്ടാതെ ഗൗരിയെ തന്നെ നോക്കിയിരുന്നു. മഴയുടെ ശക്തിക്ക് കുറവുണ്ടായില്ല. മാമ്പൂക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു. ഗൗരി തുടർന്നു “ഹൃദയത്തിന്റെ ആഹാരം സ്നേഹമാണ്.. ആ സ്നേഹം കിട്ടിയില്ലെങ്കിൽ ഹൃദയം പട്ടിണി കിടന്ന് മരിക്കും.. എന്റെ ഹൃദയത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നീ വഹിക്കുമോ? .. ആ വാചകങ്ങൾ ഓർമയില്ലേ നിനക്ക്?“. ഭൂതകാലത്തിന്റെ ഏതോ മരച്ചുവട്ടിൽ മറന്നുവച്ച ചെറുച്ചിരി ആനന്ദിന്റെ ചുണ്ടിൽ വിടർന്നിരുന്നു.

” എല്ലാം ഓർക്കുന്നുണ്ട് ഗൗരി.. അന്ന് നീലകുളത്തിൽ വച്ചല്ലേ ഞാൻ രക്‌തപുഷ്പങ്ങൾ നിനക്ക് തന്നത്..“. ഗൗരി പഴയ ഓർമകളിലേക്ക് ചൂഴ്ന്ന് നോക്കും പോലെ വിദൂരതയിലേക്ക് നോക്കികൊണ്ട് പറഞ്ഞു ” നീലകുളവും ചിനക്കത്തൂർ കാവിലെ ആൽത്തറയും അവിടെ തന്നെയായിരുന്നു നമ്മുടെ പ്രണയം പൂത്തുലഞ്ഞത്..“. 
ഇരുവരും ഓർമകളിലേക്ക് കൈപ്പിടിച്ച് നടക്കുന്നത് പോലെ അവർക്ക് തോന്നി.
 ” ഇടയ്ക്കിടെ നമ്മുടെ ഓർമ്മകൾ മനസിലേക്ക്  കുത്തിയൊഴുകാറുണ്ട് ഗൗരി..നമ്മുടെ കോളേജിലേക്കുള്ള നടത്തവും, ക്ലാസ് കട്ട് ചെയ്ത് നീലകുളത്തിന്റെ പടവുകളിൽ പോയിരുന്നതും, നിന്റെ നാട്ടിലേക്ക് ഒരുമിച്ച് പോയ ബസ് യാത്രകളും.. എല്ലാം.. എല്ലാം..“ ഒരു ദീർഘ നിശ്വാസത്തോടെ ആനന്ദ് പറഞ്ഞു നിർത്തി..
 ” ഞാൻ ഓർക്കുന്നുണ്ട് ആദ്യമായി നിന്നെ ഞാൻ കണ്ടത് ബസ് തടയലിലാ... നീലക്കൊടിയും പിടിച്ച് രേഷ്മക്ക് കൺസെഷൻ കൊടുക്കാത്തതിന് മോണിംഗ് സ്റ്റാർ ബസിനെ തടഞ്ഞ് വച്ച് മുദ്രാവാക്യം വിളിക്കുമ്പോ..“
 ആനന്ദ് വീണ്ടും ആ ഓർമകളിലേക്ക് തെന്നി വീണു. ”ഗൗരിക്ക് എല്ലാം ഓർമ്മയുണ്ടല്ലേ.. ഒന്നും മറന്നിട്ടില്ല..“
 ” എനിക്ക് ഓർക്കാൻ വേറെന്താ ഉള്ളത്..“ ഗൗരി ചിരിച്ചു.

”ഗൗരി, ചോദിക്കാൻ വിട്ടുപോയി.. എന്താ ഈ വേഷത്തിൽ..?“.
 ” ആനന്ദിന്റെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോ എനിക്ക് വേറെ വഴികൾ ഉണ്ടായില്ല. ഞാൻ ആത്മീയതയുടെ പാത പിന്തുടർന്നു. ആശ്രമങ്ങളായ ആശ്രമങ്ങളിലെ എല്ലാം അന്തേവാസിയായി..“
 ” ഗൗരിയുടെ വിവാഹം.. അപ്പൊ..“ ആനന്ദിന്റെ ഹൃദയം വേദന കൊണ്ട് പുളഞ്ഞു.. ഘടികാര സൂചിക്ക് അകമ്പടിയായി മൗനം നിറഞ്ഞു.
 ” വിധി.. അങ്ങനെ ആശ്വസിക്കാം ആനന്ദ്. എല്ലാം സംഭവിച്ചത് നല്ലതിന് വേണ്ടിയാണെന്ന്..“ ഗൗരി ചിരിച്ചു. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വീടിന്റെ വാതിലിനരികിലെത്തി ആനന്ദിനെ തിരിഞ്ഞ് നോക്കി ” എന്തായാലും ശാലിനിയെ നീ പരിചയപ്പെടുത്തി തന്നില്ല, ഞാൻ ഒന്ന് പരിചയപ്പെടട്ടെ..“ ഗൗരി ഉള്ളിലേക്ക് കയറി.
 മടക്കി പിടിച്ച പത്രം അയാൾ നിവർത്തി.. പരേതരുടെ മരവിപ്പ് വീണ മുഖങ്ങളുടെ ചരമകോളം..
 ആനന്ദിന്റെ കണ്ണുകളിൽ ഇരുൾ പരക്കുന്നത് പോലെ തോന്നി.
 ഇത്ര നേരം തന്നോട് സല്ലപിച്ചിരുന്ന ഗൗരിയുടെ ചിത്രം എങ്ങനെ ചരമക്കോളത്തിൽ..
 ആനന്ദ് ശാലിനിയെ ഉറക്കെ വിളിക്കാൻ ശ്രമിച്ചു.
 പെരുമഴയുടെ ശക്തിയിൽ ആ വീടും അവ്യക്തമായി...
അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: അഖിലാഷ് പി...
To Top