രചന: Bhavini
നിവേദ്യം 7
നന്ദു.....
നിവേദയുടെ മട്ടും ഭാവവും കണ്ട് എന്തോ പന്തികേട് തോന്നിയിട്ടാണ് അവൾ പിന്നാലെ വന്നത്. പെട്ടന്നുള്ള വെപ്രാളത്തിൽ ഡോർ ലോക്ക് ചെയ്യാൻ നിവിയും വിട്ടുപോയി.
"നിവിയേച്ചി.... എന്താ ചേച്ചി. ആരെയാ ചേച്ചി വിളിച്ചത്?"നന്ദു ഫോണിലെ കാൾ ലിസ്റ്റ് എടുക്കാൻ നോക്കിയപ്പോൾ നിവി ആ ഫോൺ അവളുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു.അവൾക്കാകെ സമനില തെറ്റുന്ന പോലെ തോന്നി. ഒന്നാമത് സംസാരിച്ചു കഴിയുന്നതിനു മുൻപേ അവൾ കാൾ കട്ട് ചെയ്തു. അതും പോരാഞ്ഞിട്ട് നന്ദുവിന്റെ ചോദ്യം ചെയ്യൽ. അവൾ നന്ദുവിനോട് ദേഷ്യപ്പെട്ടു. "നീ പോയെ നന്ദു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ വരണ്ട."
"ഞാൻ പൊയ്ക്കോളാം. പക്ഷെ ഇവിടെ കേട്ട കാര്യങ്ങൾ എല്ലാം ഞാൻ ഇപ്പൊ തന്നെ അച്ഛനോടു പറയും."പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ നിവി പിടിച്ചു നിർത്തി.
"വേണ്ട... ഞാൻ പറയാം....പക്ഷെ ഇപ്പൊ നീ ആരോടും പറയരുത്."
നിവി ആരുമായോ ഇഷ്ടത്തിൽ ആണെന്ന് ഫോൺ ചെയ്യുന്നത് കേട്ടപ്പോൾ തന്നെ അവൾക്ക് മനസിലായിരുന്നു. പക്ഷെ മുഴുവൻ കാര്യങ്ങളും അറിയില്ലല്ലോ. അവൾ വേഗം പോയി ഡോർ ലോക്ക് ചെയ്തിട്ട് നിവിയുടെ അടുത്തേക്ക് വന്നു.ഹരിയെ കണ്ടത് മുതൽ കുറച്ചു മുൻപ് വരെ ഉള്ള എല്ലാ കാര്യങ്ങളും അവൾ നന്ദുവിനോട് പറഞ്ഞു. "മറ്റൊരാളെ പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ല നന്ദു.... അച്ഛൻ ഒരിക്കലും ഹരിയേട്ടനെ അംഗീകരിക്കില്ല."കരഞ്ഞു കൊണ്ട് പറയുന്നവളെ നന്ദു അലിവോടെ നോക്കി.നിവി പറഞ്ഞത് സത്യമാണ്. ഒരിക്കലും അച്ഛൻ ഈ ബന്ധം അംഗീകരിക്കില്ല.
"പക്ഷെ ചേച്ചി... ആരും അറിയാതെ എങ്ങനാ? അച്ഛന്റെ സംസാരം കേട്ടിട്ട് എല്ലാം ഒത്തു വന്നാൽ ഇത് നടത്തണം എന്ന് തന്നെയാ.അവർ ചേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടിട്ട് ഇങ്ങോട്ട് വന്ന ആലോചനയാ. ജാതകവും ചേർച്ചയുണ്ട്. ആരോടെങ്കിലും പറയണ്ടേ...?അല്ലെങ്കിൽ ഹരിയേട്ടനോട് പറയ് അച്ഛനോട് വന്ന് സംസാരിക്കാൻ."
നന്ദു കുട്ടിക്കളി ഒക്കെ മാറി പക്വത ഉള്ളവളെ പോലെ സംസാരിച്ചു.
"ഞാൻ ഹരിയേട്ടനോട് സംസാരിച്ചു. അച്ഛനോട് പറയാൻ എനിക്ക് പേടിയാ നന്ദു. സമ്മതിക്കില്ല ന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഞാൻ എന്ത് ചെയ്യും?അമ്മയോട് പറഞ്ഞാലോ?"
കുറെ സമയത്തെ ആലോചനയ്ക്ക് ശേഷം രമണിയമ്മയോട് പറയാം എന്നൊരു തീരുമാനത്തിൽ അവർ എത്തി ചേർന്നു. ഹരിയും ഈ സമയം ആശയകുഴപ്പത്തിൽ ആയിരുന്നു. കാൾ കട്ട് ആയ ശേഷം തിരിച്ചു വിളിച്ചാൽ പ്രശ്നം ആകുമോ ഫോൺ മാറ്റാരുടെയെങ്കിലും കയ്യിൽ ആവുമോ എന്നൊക്കെയുള്ള ഒരു ഭയം അവനെ തളർത്തി. നിവിയുടെ കാര്യം ഓർത്ത് അവനും സങ്കടമായി.ആലോചനയോടെ അവൻ വീട്ടിലേക്ക് കയറി പോയി.
💚💚💚💚💚💚💚💚💚
ഭക്ഷണം കഴിക്കാൻ സുമ നിർബന്ധിച്ചെങ്കിലും വിശപ്പില്ല എന്നു പറഞ്ഞ് അവൻ ഒഴിഞ്ഞു.പതിവിലും നേരത്തെ റൂമിൽ കയറി വാതിലടച്ച ഹരിയെ കണ്ട് സുമയ്ക് ഒരു വല്ലായ്മ തോന്നി. അവന് എന്തോ സങ്കടം ഉണ്ട്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവർ അത് ഹിമയോട് പറയുകയും ചെയ്തു.ഹരി ഒരു കുടുംബമായി ജീവിക്കുന്നത് കാണാൻ അവർക്ക് ആഗ്രഹം ഉണ്ട്. ഒപ്പം അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ ജീവിതം എങ്ങും എത്താതെ പോകുമോ എന്നുള്ള ഭയവും അവർക്കുണ്ട്.
💚💚💚💚💚💚💚💚💚
അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു നിവേദയ്ക്ക്. ഓരോന്ന് ചിന്തിച്ച് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
സമയം ആറു മണി ആയിട്ടേ ഉള്ളു. നിവേദ എഴുന്നേറ്റു ഫ്രഷ് ആയി വന്നു. ഉറക്കം തീരെ ഇല്ലായിരുന്നത് കാരണം അവളുടെ കൺപോളകൾ വീങ്ങി ഇരുന്നു. നന്ദു നല്ല ഉറക്കമാണ്. മൂടി പുതച്ചു കിടക്കുന്നവളെ നോക്കി ഉണർത്തണോ വേണ്ടയോ എന്നൊരു സംശയത്തോടെ അവൾ നിന്നു. അല്പമൊന്ന് ആലോചിച്ച ശേഷം അവൾ പതുക്കെ തട്ടി വിളിച്ചു.
"ചേച്ചി.... ഒരഞ്ചു മിനിറ്റ് കൂടി... പ്ലീസ്...."പറഞ്ഞു കൊണ്ട് അവൾ വീണ്ടും പുതപ്പെടുത്തു തലവഴി മൂടി.അപ്പോഴാണ് അവൾക് തലേ രാത്രിയിലെ കാര്യങ്ങൾ ഒക്കെ ഓർമ വന്നത്.പിന്നെ അതേ സ്പീഡിൽ ചാടി എഴുന്നേറ്റു.
കരഞ്ഞു വിങ്ങിയ നിവിയുടെ മുഖം കണ്ട് അവൾക്ക് സങ്കടമായി."ഇന്നലെ ഒട്ടും ഉറങ്ങിയില്ല അല്ലേ നിവിയേച്ചി....?വിഷമിക്കല്ലേ... ഞാൻ ഇപ്പൊ വരാം. അമ്മമ്മ എഴുന്നേറ്റു കാണും. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം."
വേഗം ഫ്രഷ് ആയി വന്ന് നിവിയെയും കൂട്ടി അവൾ താഴേക്ക് ഇറങ്ങി. പ്രതീക്ഷിച്ചത് പോലെ രമണിയമ്മ എഴുന്നേറ്റിട്ടുണ്ട്. മുറ്റത്ത് ചെടി നനയ്ക്കുകയാണ് അവർ. സിറ്റൗട്ടിൽ നിന്ന് പരുങ്ങി കളിക്കുന്ന നിവിയെയും നന്ദുവിനെയും അവർ സംശയത്തോടെ നോക്കി.
"എന്താ പിള്ളാരെ പതിവില്ലാതെ രാവിലെ? അടുക്കളയിൽ ചായ ഇരിപ്പുണ്ട്. പോയി എടുത്തു കുടിക്ക്."പറഞ്ഞിട്ട് അവർ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തിരിഞ്ഞു. നിവിയും നന്ദുവും മുറ്റത്തേക്ക് ഇറങ്ങി രമണിയമ്മയുടെ അടുത്തേക്ക് ചെന്നു.
"അമ്മമ്മേ....."
വിളിച്ചു കേട്ട് അവർ തിരിഞ്ഞു നോക്കി. അപ്പോഴാണ് നിവിയുടെ മുഖം അവർ ശരിക്ക് ശ്രദ്ധിക്കുന്നത്.
"ഇതെന്താ നിവി നിന്റെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നെ...? കരഞ്ഞോ നീ.... നന്ദു... എന്താ പറ്റിയെ...? ഇവളെന്തിനാ കരഞ്ഞേ...? അധിയോടെ അവർ ചോദിച്ചു.
"അത്... അമ്മമ്മേ.... അച്ഛനോട് ഒന്നു പറയുവോ എനിക്ക് ഈ കല്യാണം വേണ്ടന്ന്."
നിറഞ്ഞ മിഴികളോടെ പറയുന്നവളെ നോക്കി അവർ ചോദിച്ചു.
"അതിന് ഉടനെയൊന്നും നടത്തുന്നില്ലല്ലോ... പിന്നെന്താ പ്രശ്നം?
"നിവിയേച്ചിക്ക് ഒരാളെ ഇഷ്ടാ....."നന്ദു അത് പറഞ്ഞപ്പോൾ അവർ ഞെട്ടി നിവിയെ നോക്കി. മുഖം കുനിച്ചാണ് നിൽപ്.
നന്ദു അവൾക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ് അവർക്കും ഭയം തോന്നി. കാരണം രഘുവിന്റെ സ്വഭാവം അവർക്ക് നന്നായിട്ട് അറിയാം. കുട്ടികളോട് ആയാലും ശ്രീദേവിയോട് ആയാലും അയാൾ നല്ല സ്ട്രിക്ട് ആണ്. അത് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല. സ്നേഹ കൂടുതൽ കൊണ്ട് ആണ്. രഘുവിന് കുടുംബം കഴിഞ്ഞേ ഉള്ളു മറ്റെന്തും. കുഞ്ഞു നാൾ മുതൽ തന്നെ മൂന്നു കുട്ടികൾക്കും എല്ലാ കാര്യങ്ങളിലും ഏറ്റവും മികച്ചത് മാത്രമാണ് അയാൾ തിരഞ്ഞെടുക്കുന്നത്.വസ്ത്രങ്ങൾ കളിപ്പാട്ടങ്ങൾ പഠിപ്പിച്ച സ്കൂൾ അങ്ങനെ എല്ലാത്തിനും അയാൾക്ക് വ്യക്തമായ ഒരു തീരുമാനം ഉണ്ടായിരുന്നു. അവിടെ മറ്റൊരാളുടെ അഭിപ്രായം അയാൾ ചെവിക്കൊള്ളില്ല.
നിവിക്ക് ഇപ്പൊ വന്ന ആലോചന വെച്ചു നോക്കുമ്പോൾ വെറും ഒരു ഓട്ടോക്കാരൻ ആയ ഹരിയെ രഘു ഒരിക്കലും അംഗീകരിക്കില്ല.
"അമ്മമ്മ എന്താ ഒന്നും മിണ്ടാത്തത്...?"നന്ദുവിന്റെ ചോദ്യമാണ് അവരെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
"ഹരിയെ എനിക്ക് അറിയാം. നല്ല ഒരു പയ്യനാണ്. യാതൊരു ദുശീലവും ഇല്ല. ചെറു പ്രായത്തിൽ തന്നെ അവന്റെ ഒരാളുടെ അധ്വാനം കൊണ്ടാണ് തകർന്നു പോകാവുന്ന അവസ്ഥയിൽ നിന്ന് ആ കുടുംബം അവൻ തിരിച്ചു പിടിച്ചത്.പക്ഷെ ഇതൊക്കെ പറഞ്ഞാൽ നിന്റെ അച്ഛന് മനസിലാവണം എന്നില്ല നന്ദു.എന്തായാലും ഞാൻ പറയാം. പക്ഷെ നടക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട."
രമണിയമ്മയുടെ വാക്കുകൾ കേട്ട് നന്ദു ആകെ വല്ലാതായി. നിവിയെ നോക്കുമ്പോൾ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നു. "ചേച്ചി വാ. അകത്തേക്ക് പോകാം. അച്ഛനും അമ്മയുമൊക്കെ എഴുന്നേറ്റു കാണും."
നന്ദുവിന്റെ കൈ പിടിച്ച് ഒരു പാവ കണക്കെ അവൾ റൂമിലേക്ക് നടന്നു.
ഒരു പത്തിരുപതു മിനിറ്റ് കഴിഞ്ഞു കാണും. താഴെ നിന്നു ശ്രീദേവി വിളിക്കുന്നത് കേട്ട് രണ്ടുപേരും പുറത്തേക്ക് ഇറങ്ങി. സ്റ്റെപ് ഇറങ്ങുമ്പോഴേ കണ്ടു ദേഷ്യത്തിൽ ഇരിക്കുന്ന രഘുരാമനെ. തൊട്ടടുത്തായി നിതിനും ഉണ്ട്. അല്പം മാറി അമ്മയും അമ്മമ്മയും.അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ ശ്രീദേവി നിവിയെ കണ്ണ് കാണിച്ചു. അവൾ ഭയത്തോടെ അയാളുടെ മുൻപിലേക്ക് ചെന്ന് തല കുനിച്ചു നിന്നു.
"നിവി... ഇവിടെ നോക്ക്."അയാൾ ഗൗരവത്തോടെ പറഞ്ഞു. നിവി മെല്ലെ മുഖം ഉയർത്തി നോക്കി. ഭയം കാരണം അവളെ അലില പോലെ വിറയ്ക്കുന്നുണ്ട്.
"ഇന്നലെ ഒരു ആലോചന വന്ന കാര്യം പറഞ്ഞിരുന്നില്ലേ.... ആ പയ്യനെ പറ്റി ഒരാൾ വഴി അന്വേഷിച്ചു.ആ നാട്ടിലും ജോലി സ്ഥലത്തും എല്ലാം എല്ലാവർക്കും നല്ല അഭിപ്രായം ആണ്.കുടുംബവും കൊള്ളാം. ജാതകവും ചേരും. ഇനി ഒരു ദിവസം അവിടുന്ന് പയ്യൻ വന്ന് ഒരു പെണ്ണുകാണൽ ചടങ്ങ് നടത്തിയാൽ മറ്റു കാര്യങ്ങളിലേക്ക് കടക്കാം."
"അച്ഛാ... ഞാൻ... എനിക്ക്..."നിവി സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അയാൾ കൈ എടുത്തു വിലക്കി.
"ഞാൻ പറഞ്ഞു കഴിഞ്ഞില്ല. കോഴ്സ് ന്റെ കാര്യം ആണെങ്കിൽ നിന്റെ പഠിത്തത്തിനോ പരീക്ഷ എഴുതുന്നതിനോ ഒരു തടസം ഈ കല്യാണം കൊണ്ട് ഉണ്ടാവില്ല. അത് ഞാൻ ഉറപ്പ് തരാം."
നിവിയെ ഒരു വാക്ക് പോലും സംസാരിക്കാൻ സമ്മതിക്കാതെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. അവൾ ദയനീയമായി എല്ലാവരെയും നോക്കി. നിതിന് അച്ഛന്റെ അതേ അഭിപ്രായമാണ്. നന്ദു ശബ്ദിക്കാൻ ആവാതെ നിൽക്കുന്നു. അമ്മയും അമ്മമ്മയും നിസ്സഹായരായി നിൽക്കുന്നു.
"കോളേജിൽ പോകാൻ റെഡി അവണ്ടേ. പൊയ്ക്കോ."അത്രയും പറഞ്ഞ് അയാൾ എഴുന്നേൽക്കാൻ തുടങ്ങി.
"എനിക്ക് ഈ കല്യാണം വേണ്ട."എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ നിവേദ പറഞ്ഞു. രഘു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.നേർത്ത ശബ്ദത്തിൽ ആണെങ്കിലും ഉറപ്പുള്ള വാക്കുകൾ.
"എന്താ കാര്യം...?"ഗൗരവം വിടാതെ അയാൾ ചോദിച്ചു.
"എ... എനിക്ക്....വ്.. വേറൊരാളെ..."വിറയലോടെ അവൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മുന്നിലുള്ള ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അയാൾ ചാടി എഴുന്നേറ്റു.
"നടക്കില്ല.."അതൊരലർച്ചയായിരുന്നു. നിവിയും നന്ദുവും ഞെട്ടി പിന്നോട്ട് മാറി.അയാൾ നിവിയുടെ മുൻപിലേക്ക് വന്നു നിന്ന് കത്തുന്ന മിഴികളോടെ അവളെ നോക്കി."ആ ഓട്ടോ ഓടിച്ചു തെണ്ടിതിരിഞ്ഞു നടക്കുന്ന ആ ചെക്കന്റെ കാര്യമാണെങ്കിൽ അത് നടക്കില്ല. അതിനെ പറ്റി ഒരു സംസാരം ഇനി വേണ്ട.
"രഘു നമുക്ക് ഒന്നുടെ ആലോചിച്ചിട്ട് പോരെ...?"രമണിയമ്മ ആയിരുന്നു അത്. മറ്റൊരാൾക്കും അയാളോട് സംസാരിക്കാൻ കഴിയില്ല.
"അമ്മായി ഇത് എന്തറിഞ്ഞിട്ടാ ഈ പറയുന്നേ? സുധാകരന്റെ മോനല്ലേ അവൻ. എനിക്ക് ആ കുടുംബത്തെ നന്നായിട്ട് അറിയാം. തലയ്ക്ക് മീതെ കടത്തിൽ മുങ്ങി നിൽക്കുവാ അവനിപ്പോ. അങ്ങനെ ഒരിടത്തേക്ക് ഇവളെ ഞാൻ പറഞ്ഞയക്കണോ? അവൾക്ക് ഒരു തെറ്റ് പറ്റി. അത് ഈ പ്രായത്തിൽ സംഭവിക്കാം.അത് പറഞ്ഞു തിരുത്തേണ്ട നമ്മൾ തന്നെ അവർക്ക് കൂട്ട് നിന്നാലോ...അവളെ ഞാൻ തല്ലിയോ വഴക്ക് പറഞ്ഞോ ഒന്നുമില്ലല്ലോ.
ഇത്രേം കാലം കഷ്ടപ്പെട്ട് വളർത്തിയിട്ട് അവസാനം ഇങ്ങനെ ഒരുത്തന്റെ കൂടെ കഷ്ടപ്പെടാൻ വിടണോ ഞാൻ അവളെ. അവന് നല്ലൊരു ജോലിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ സാമ്പത്തികം ഒന്നും നോക്കാതെ കെട്ടിച്ചു കൊടുക്കാമായിരുന്നു."
"അച്ഛാ... ഹരിയേട്ടൻ വേറൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്. കിട്ടും. പ്ലീസ് അച്ഛാ..."നിവി കണ്ണീരോടെ പറഞ്ഞു.അവൾക്കറിയാം അയാളുടെ തീരുമാനം മാറ്റുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ ഈ സമയത്ത് അവൾക്ക് വേണ്ടി സംസാരിക്കാൻ അവിടെ മറ്റാരുമില്ല.
"നിവി.. മതി. നിർത്തിക്കോ. ഇനി എന്നെ ദേഷ്യം പിടിപ്പിക്കരുത്.നീ ഇനി എന്തൊക്ക പറഞ്ഞാലും എൻറെ തീരുമാനത്തിന് മാറ്റമില്ല."ഒരു തീർപ്പു പോലെ പറഞ്ഞുകൊണ്ട് അയാൾ എഴുന്നേറ്റ് റൂമിലേക്ക് പോയി. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവളെ പോലെ അവൾ നിന്നു.....
🥀🥀🥀🥀 🥀🥀🥀🥀 🥀🥀🥀🥀