നിവേദ്യം തുടർക്കഥ ഭാഗം 6 വായിക്കൂ...

Valappottukal



രചന: Bhavini 

നിവേദ്യം 6
  " ദേ കട്ട്‌ ആയി. തിരിച്ചു വിളിക്ക്."ഫോൺ അവളുടെ കയ്യിൽ കൊടുത്തിട്ട് നിതി തിരികെ പോയി.നിവിക്ക് ആകെ ഒരു വല്ലായ്മ തോന്നി. ഭയത്തോടെ ഫോണിലേക്ക് നോക്കുമ്പോൾ വീണ്ടും കാൾ വരുന്നു.നിമിഷ....... ഒരു ദീർഘ നിശ്വാസത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു.നിമിഷ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്. നിവിക്ക് അധികം കൂട്ടുകാർ ഒന്നും ഇല്ല. ആകെ അടുപ്പം ഉള്ളത് രശ്മിയുമായിട്ടാണ്. ചങ്കും കരളും പോലെ. അവർക്ക് പരസ്പരം അറിയാത്തതായി ഒന്നുമില്ല.പ്രൊജക്റ്റ്‌ തയാറാക്കുന്നതിനെ കുറിച്ച് അറിയാനാണ് അവൾ ഇപ്പൊ വിളിച്ചത്.നിതി ചോദിച്ച കാര്യം അവളോട്‌ പറയാമെന്നു വിചാരിച്ചെങ്കിലും പിന്നെ അത് വേണ്ടന്ന് വെച്ചു. നേരിട്ട് കാണുമ്പോൾ സംസാരിക്കുന്നതാണ് നല്ലത്.

ഇരുപത് മിനിറ്റോളം സംസാരിച്ചിട്ടാണ് നിമിഷ ഫോൺ വച്ചത്. ഫോൺ വെച്ചു കഴിഞ്ഞപ്പോൾ ഒരു ചുമരിനപ്പുറം നിന്ന നിതിൻ തിരിഞ്ഞു നടന്നത് അവൾ അറിഞ്ഞില്ല.ഒന്നും പഠിക്കാനുള്ള മനസ് വരാത്തത് കൊണ്ട് നിവി ബുക്ക്‌ മടക്കി വെച്ച് റൂമിലേക്ക് നടന്നു. വിചാരിച്ച പോലെ തന്നെ നന്ദു നല്ല ഉറക്കം പിടിച്ചിട്ടുണ്ട്. അവൾടെ തൊട്ടടുത്തായി ബെഡിൽ ഒരു നോട്ട്ബുക് തുറന്ന പടി കിടപ്പുണ്ട്.നിവി ആ ബുക്ക്‌ എല്ലാം എടുത്ത് മേശപുറത്തു വെച്ച് അവളെ ഒരു ഷീറ്റ് എടുത്തു പുതപ്പിച്ചു. ഒന്ന് ചിണുങ്ങിക്കൊണ്ട് അവൾ തിരിഞ്ഞു കിടന്നു.ഇനി ആന കുത്തിയാലും അവൾ എഴുന്നേൽക്കില്ല. ഇതൊക്കെയാണെങ്കിലും പരീക്ഷക്ക് മാർക്ക് വരുമ്പോ ക്ലാസ്സിൽ ടോപ് അവളായിരിക്കും. നിവി കയ്യിൽ ഫോണും എടുത്ത് ബെഡിലേക്ക് ഇരുന്നു. ഹരിയുടെ മെസ്സേജ് കണ്ടെങ്കിലും റിപ്ലൈ ചെയ്യാൻ പറ്റിയിരുന്നില്ല. ഹരിയുടെ നമ്പർ എടുത്ത് അവൾ അതിലേക്ക് ഒരു മെസ്സേജ് ഇട്ടു. സെക്കണ്ടുകൾക്കകം അവിടെ നിന്ന് മറുപടിയും വന്നു.കുഞ്ഞു കുഞ്ഞു കുസൃതികളും പരിഭവങ്ങളുമായി അവർ അവരുടെ ലോകത്തു ചേക്കേറി.
           💚💚💚💚💚💚💚💚💚💚💚


          "ഇതെന്താ ഇന്ന് ഉറക്കമൊന്നും ഇല്ലേ...?"ടി വി യിൽ ന്യൂസ് ചാനൽ കണ്ടുകൊണ്ട് ഇരുന്ന രഘുവിന്റെ അടുത്തേക്ക് വന്ന് ശ്രീദേവി ചോദിച്ചു.
    "ഹാ... വരുന്നു. പിള്ളാരൊക്കെ ഉറങ്ങിയോ?"
    "മം. അവരൊക്കെ ഉറങ്ങി."
    "നീ പോയി അമ്മായിയെ വിളിക്ക്. ഒരു കാര്യം സംസാരിക്കാൻ ഉണ്ട്."
    ഒരു സംശയത്തോടെ അയാളെ നോക്കി നിന്നിട്ട് ശ്രീദേവി രമണിയമ്മയുടെ റൂമിലേക്ക് നടന്നു. അൽപ സമയം കഴിഞ്ഞ് ശ്രീദേവിയും രമണിയമ്മയും അങ്ങോട്ടു വന്നു.
       "അമ്മായി ഇരിക്ക്."റിമോട്ടിൽ ടി വി ഓഫ്‌ ചെയ്തു കൊണ്ട് അയാൾ പറഞ്ഞു. ഇന്ന് ഒരാൾ കടയിൽ വന്ന കാര്യവും നിവിക്ക് വന്ന ആലോചനയുടെ കാര്യവും എല്ലാം അയാൾ പറഞ്ഞു. പയ്യന്റെ ഫോട്ടോയും കാണിച്ചു.ഒരു മറുപടിക്കായി അയാൾ രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി.ശ്രീദേവിക്ക് സന്തോഷമായെങ്കിലും രമണിയമ്മയുടെ മുഖത്ത് ഒരു അതൃപ്‌തി നിറഞ്ഞു നിന്നു.
    "എന്താ അമ്മായി....?"അവരുടെ താല്പര്യകുറവ് മനസിലാക്കി എന്നോണം അയാൾ ചോദിച്ചു.


    "പയ്യാനൊക്കെ കൊള്ളാം. എന്ത് കൊണ്ടും നിവിക്ക് ചേരുന്ന ബന്ധം. പക്ഷെ അവളുടെ പഠിപ്പ് കഴിയാതെ എങ്ങനാടാ നമ്മൾ അവളെ ഒരു ജീവിതത്തിലേക്ക് തള്ളി വിടുന്നത്. ജീവിതം ആസ്വദിക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം തലയിലേറ്റി എങ്ങനാ...? അവള് കുഞ്ഞല്ലേ...."രമണിയമ്മ ആകുലതയോടെ പറഞ്ഞു.
    
                 "ഒക്കെ ശരിയാ അമ്മായി.ഞാനും അതൊക്കെ ആലോചിച്ചു.പക്ഷെ അവൾക്ക് താഴെ നന്ദുവും വളർന്നു വരുന്നുണ്ട്.കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാമെന്നാണ് അവർ പറഞ്ഞത്.അത്കൊണ്ട് അതിന്റെ പേരിൽ ഈ ഒരാലോചന തള്ളി കളയണ്ട. ആദ്യം ജാതകം നോക്കാം. അത് ചേരില്ലെങ്കിൽ പിന്നെ മുൻപോട്ട് പോവണ്ടല്ലോ."ഒരു തീർപ്പ് പോലെ രഘുരാമൻ പറഞ്ഞു. രമണിയമ്മ എഴുന്നേറ്റ് മുറിയിലേക്ക് പോയി.രഘു ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തി എടുക്കും എന്ന് അവർക്ക് അറിയാം.
           💚💚💚💚💚💚💚💚💚💚💚


            രാവിലെ പത്തുമണി ആയപ്പോൾ തന്നെ ഹരി ഓട്ടം നിർത്തി വീട്ടിലേക്ക് പോന്നു. വരുന്ന വഴി കുറച്ചു ചിക്കനും വാങ്ങി. വീട്ടിൽ എത്തി അവൻ തന്നെ അത് കറി വയ്ക്കാനും അമ്മയോടൊപ്പം കൂടി. ഫ്രൈ ചെയ്യാനുള്ള പീസുകൾ മസാല പുരട്ടുമ്പോഴാണ് മുറ്റത് കാറിന്റെ ശബ്ദം കേട്ടത്."നീ അങ്ങോട്ട് ചെല്ല്. ബാക്കി ഞാൻ നോക്കിക്കോളാം."സുമ പറഞ്ഞപ്പോ അവൻ കൈ കഴുകി അങ്ങോട്ടേക്ക് പോയി.ഹിമ കയ്യിൽ ഒരു ചെറിയ ബാഗുമായി മുറ്റത് നിൽക്കുന്നു.അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നു. മുഖത്ത് ഒരു വിഷാദ ഭാവം ഉണ്ട്. അളിയൻ പോകുന്നതിന്റെ ആവും."അകത്തേക്ക് ചെല്ല്."അവളുടെ തലയിൽ ഒന്ന് തഴുകി പറഞ്ഞുകൊണ്ട് അവൻ പ്രവീണിനടുത്തേക്ക് പോയി.


     പ്രവീൺ ഡിക്കിയിൽ നിന്ന് അത്യാവശ്യം വലിപ്പമുള്ള ഒരു ബാഗ് എടുത്തു പുറത്തേക്ക് വെച്ചു. ഹരി വേഗം ചെന്ന് അത് കയ്യിൽ എടുത്തു.പ്രവീണിനെയും കൂട്ടി വീട്ടിലേക്ക് കയറി.
         ഹിമ സ്ലാബിന്റെ മുകളിൽ കയറി അമ്മ ഓരോന്ന് ചെയ്യുന്നത് നോക്കി നിന്നു. അവൾക്ക് വല്ലാതെ സങ്കടം വന്നു. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ പിരിഞ്ഞു നിന്നിട്ടില്ല. സുമ തട്ടി വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്.നോക്കുമ്പോൾ മൂന്നു ഗ്ലാസുകളിൽ ജ്യൂസ് എടുത്തു വച്ചിട്ടുണ്ട്.

           
          "എടുത്ത് അവർക്കും കൊടുത്തു നീയും കുടിക്ക്."അവർ പറഞ്ഞത് കേട്ട് അവൾ രണ്ടു ഗ്ലാസ്‌ കയ്യിൽ എടുത്ത് ഹാളിലേക്ക് നടന്നു.അവിടെ ഹരിയും പ്രവീണും കാര്യമായ ചർച്ചയിലാണ്.ഉച്ച കഴിഞ്ഞു പുറപ്പെട്ടാൽ രാത്രി ഒത്തിരി വൈകുന്നതിനു മുൻപ് അവിടെ എത്താം.ജ്യൂസ്‌ ഹരിക്കും പ്രവീണിനും കൊടുത്തിട്ടു തിരിഞ്ഞു നടക്കുന്നവളെ തെല്ലൊരു നൊമ്പരത്തോടെ പ്രവീൺ നോക്കിയിരുന്നു.
     "അവിടെ ക്വാർട്ടേഴ്സിന്റെ കാര്യം ഒക്കെ എങ്ങനാ അളിയാ? "ഹിമയുടെ മുഖം കണ്ടിട്ടുള്ള ആകുലതയാണെന്ന് ഹരിയുടെ ചോദ്യം കേട്ടപ്പോഴേ പ്രവീണിന് മനസിലായി.
  "ഏറിയാൽ ഒരു മാസം അതിനുള്ളിൽ എന്തെങ്കിലും ചെയ്യണം. ക്വാർട്ടേഴ്‌സ് കിട്ടിയില്ലെങ്കിൽ ഒരു വീട് വാടകയ്ക്ക് എടുക്കാം."അതായിരുന്നു പ്രവീണിന്റെ കണക്കുകൂട്ടൽ.
     ഭക്ഷണം കഴിഞ്ഞു പ്രവീണിന് പോകാനുള്ള സമയമായി. അവൻ പോയ ഉടനെ ഹിമ റൂമിലേക്ക് കയറി പോയി. കുറച്ചു സമയം അവൾ തനിയെ ഇരിക്കട്ടെ എന്നു കരുതി അവളെ ശല്യം ചെയ്യാൻ ആരും പോയില്ല.
           💚💚💚💚💚💚💚💚💚💚💚
           ഉച്ചയ്ക്ക് വീട്ടിലെ ജോലി എല്ലാം ഒതുക്കി ടി വി കാണുകയായിരുന്നു ശ്രീദേവി.ആ സമയത്താണ് രഘു വന്നത്.ജ്യോത്സ്യന്റെ അടുത്ത് ജാതകം നോക്കിക്കാൻ കൊണ്ട് പോയതാണ് അയാൾ.


    "കുറച്ചു വെള്ളം കൊണ്ട് വാ ദേവി...."സോഫയിലേക്ക് ഇരുന്നു കൊണ്ട് അയാൾ പറഞ്ഞു. അവർ പോയി വെള്ളവുമായി വരുമ്പോഴേക്ക് രമണിയമ്മയും അങ്ങോട്ട്‌ വന്നു.
    "എന്തായി രഘു?"രമണിയമ്മ ആകാംഷയോടെ ചോദിച്ചു.
     "നല്ല ചേർച്ചയുണ്ട്. ഇത് നടത്താമെന്നാണ് പണിക്കർ പറഞ്ഞത്. പിന്നെ മറ്റൊരു കാര്യം കൂടെ ഉണ്ട്. ആറു മാസത്തിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഇരുപത്തിയേഴു വയസ് കഴിഞ്ഞിട്ടേ വിവാഹയോഗം ഉള്ളു.പഠിത്തം കഴിഞ്ഞിട്ട് മതി എന്നു പറഞ്ഞ് നമ്മൾ ഇതുവരെ ജാതകം നോക്കിച്ചിട്ടില്ലല്ലോ. ഇപ്പോഴെങ്കിലും നോക്കിയത് ഭാഗ്യം എന്നാ പണിക്കർ പറഞ്ഞത്. എന്ത്‌ കൊണ്ടും ഈ ആലോചന നല്ലൊരു നിമിത്തം ആയിട്ടാണ് എനിക്ക് തോന്നണേ."
     

    ജാതകത്തിന്റെ കാര്യം പറഞ്ഞപ്പോൾ ശ്രീദേവിയും അമ്മയും ഭയന്നു പോയി.ആറു മാസം എന്നു പറയുമ്പോൾ നിവിയുടെ കോഴ്സ് ഏകദേശം കഴിയും. അത് ഓർത്ത് രമണിയമ്മ സമാധാനപ്പെട്ടു.എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ അവരെ വിളിച്ചു പറയാം. പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല.രാധികയെ വിളിച്ചു പറയണം. അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ട് രഘു കടയിലേക്ക് പോകാൻ ഇറങ്ങി.
          💚💚💚💚💚💚💚💚💚💚💚💚
        പതിവ് പോലെ രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.ആ സമയത്ത് രഘുരാമൻ സംസാരത്തിനു തുടക്കമിട്ടു."നിവിക്കൊരു കല്യാണലോചന വന്നിട്ടുണ്ട്."ഒരു നിമിഷം കുട്ടികൾ മൂന്നു പേരും നിശബ്ദരായി.നിവിയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. ഭയന്നിരുന്ന നിമിഷം അടുത്ത് എത്തിയിരിക്കുന്നു. എന്നായാലും ഈ ഒരു സിറ്റുവേഷൻ ഉണ്ടാവും എന്ന് അറിയാം. പക്ഷെ അത് ഇത്ര വേഗം ഉണ്ടാവും എന്ന് കരുതിയില്ല.കയ്യിൽ എടുത്ത ഭക്ഷണം കഴിക്കാനാവാതെ അവൾ ഇരുന്നു.
    പയ്യന്റെ വീട് എവിടെയാ, വീട്ടിൽ ആരൊക്കെയുണ്ട്, എന്താ ജോലി തുടങ്ങിയ കാര്യങ്ങൾ ഒക്കെ നിതിയും നന്ദുവും അച്ഛനോട് ചോദിച്ചറിയുന്നുണ്ട്.അതൊന്നും പക്ഷെ നിവേദ കേട്ടില്ല. തലയ്ക്കുള്ളിൽ ഒരു മൂളൽ മാത്രം. ചെവികൾ കൊട്ടിയടയ്ക്കപെട്ടപോലെ. ഉള്ളിലെ സംഘർഷം പുറത്തു കാണിക്കാനാവാതെ അവളിരുന്നു വിയർത്തു.ഭക്ഷണം മതിയാക്കി അവൾ എഴുന്നേറ്റു.വേഗം കൈ കഴുകി മുകളിലേക്ക് പോയി.


       റൂമിൽ ചെന്ന് ഫോൺ എടുത്ത് ഹരിയെ വിളിച്ചു.ഫുൾ റിങ് കഴിഞ്ഞിട്ടും അവൻ ഫോൺ എടുത്തില്ല. വീണ്ടും വിളിച്ചു..... അവൻ കാൾ അറ്റൻഡ് ചെയ്യുന്നതും കാത്ത് ഉയരുന്ന നെഞ്ചിടിപ്പോടെ അവൾ നിന്നു.
      ഹരിയും മനുവുമായി മുറ്റത്ത്‌ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഹിമ അങ്ങോട്ട് വരുന്നത്. "കുറെ നേരമായി ആരോ വിളിക്കുന്നു ഏട്ടാ."ഫോൺ ഹരിയുടെ കയ്യിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. ഹരിയോടും ഹിമയോടും യാത്ര പറഞ്ഞ് മനു പോയി."നീ അകത്തേക്ക് പൊയ്ക്കോ. ഞാൻ വന്നോളാം."
       ഹിമയോടായി പറഞ്ഞുകൊണ്ട് ഹരി കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു.
       "ഹലോ...."
        "നിവി.... "

         ഒന്നു രണ്ടു നിമിഷത്തെ നിശബ്ദത.പിന്നെ കേട്ടത് മുള ചിന്തും പോലൊരു കരച്ചിലാണ്.
     "നിവി.....എന്താടാ... കാര്യം പറയ്."ഹരി ആകുലതയോടെ ചോദിച്ചു.
    നിവിക്ക് ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ അവൾ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.ഹരിക്കും ആകെ വെപ്രാളമായി.അവളുടെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടാവുമെന്ന് കരുതിയില്ല. ആലോചിക്കുമ്പോൾ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നു. എങ്കിലും അവൻ ഓരോന്ന് പറഞ്ഞ് അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു.



     "ഒന്നിവിടെ വരെ വരുവോ ഹരിയേട്ടാ....? എനിക്കാകെ പേടിയാവുന്നു. അച്ഛനോട് പറയാൻ എനിക്ക് പേടിയാ."അവളുടെ ചിലമ്പിച്ച സ്വരം കേട്ട് അവനും വല്ലാത്ത സങ്കടം തോന്നി.
        "നീ ഇങ്ങനെ കരയല്ലേ നിവി. ഇതിപ്പോ ഒരു പ്രൊപോസൽ വന്നപ്പോ ജാതകം നോക്കിച്ചു. അത്രയല്ലേ ഉള്ളു. നാളെയാവട്ടെ ഞാൻ നിന്റെ അച്ഛനെ കണ്ട് സംസാരിക്കാം."അവന്റെ വാക്കുകൾക്കൊന്നും അവളെ സമാധാനിപ്പിക്കാൻ ആയില്ല.കാരണം രഘുരാമന്റെ സംസാരത്തിൽ നിന്ന് അയാൾ ഏതാണ്ട് എല്ലാം ഉറപ്പിച്ച പോലെ. കുഞ്ഞു നാൾ മുതലേ അച്ഛനാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. എല്ലാവരോടും അഭിപ്രായം ചോദിക്കുമെങ്കിലും അവസാനം അച്ഛന്റെ തീരുമാനം മാത്രമേ നടക്കാറുള്ളു. അതു പോലെ തന്നെയാവും ഇതും. അമ്മയ്ക്കും അമ്മമ്മയ്ക്കും ഒന്നും ചെയ്യാൻ പറ്റില്ല.


                  ഹരിയും ആലോചനയിലായിരുന്നു.ഒരിക്കലും അവൾക്ക് അച്ഛന്റെ മുഖത്തു നോക്കി ഈ കാര്യം പറയാനുള്ള ധൈര്യം ഇല്ല.ഈ സമയത്ത് താൻ തന്നെ എന്തെങ്കിലും ചെയ്തേ മതിയാവു.ഇല്ലെങ്കിൽ എന്നെന്നേക്കുമായി നിവിയെ നഷ്ടമാവും.ഒരിക്കലും ഒരു ഓട്ടോക്കാരന്റെ കൂടെ അയാൾ മകളെ ചേർത്തു വയ്ക്കില്ല.
  

          "ഹരിയേട്ടാ.... ന്തെങ്കിലും ചെയ് ഹരിയേട്ടാ...."കണ്ണീരോടെ ഉള്ള നിവിയുടെ ശബ്ദം കേൾക്കെ അവൻ ആകെ തളർന്നു.അവൻ വന്ന് അച്ഛനോട് സംസാരിച്ചാൽ സമ്മതിക്കും എന്നൊരു ചെറിയ പ്രതീക്ഷ മാത്രമേ അവൾക്ക് ഉള്ളു.
     "ഹരിയേട്ടാ...."അവൾ വീണ്ടും എന്തോ പറയാൻ തുടങ്ങുമ്പോഴേക്ക് ആരോ ഫോൺ അവളുടെ കയ്യിൽ നിന്ന് തട്ടി പറിച്ചു കാൾ കട്ട്‌ ചെയ്തു. ഞെട്ടി തിരിഞ്ഞു നോക്കിയ നിവി തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വിളറി.....
            🥀🥀🥀🥀🥀🥀🥀🥀🥀🥀
              (തുടരും)
    
    
To Top