നിവേദ്യം തുടർക്കഥ ഭാഗം 5 വായിക്കൂ...

Valappottukal


രചന: Bhavini 

നിവേദ്യം 5
  ഉച്ച കഴിഞ്ഞ് കടയിൽ തിരക്ക് കുറഞ്ഞ സമയത്ത് കണക്കുകൾ പരിശോധിക്കുകയായിരുന്നു രഘുരാമൻ.സഹായത്തിനു നിൽക്കുന്ന ഒരു പയ്യനുണ്ട്. വിമൽ. തിരക്ക് ഇല്ലാത്ത സമയം ആയതു കൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ പോയി. ആ സമയത്താണ് മധ്യവയസ്കനായ ഒരാൾ കടയിലേക്ക് കയറി വന്നത്. രഘുരാമൻ കയ്യിൽ ഇരുന്ന കടലാസുകൾ ഒതുക്കി വയ്ച്ചിട്ട് ഒരു പുഞ്ചിരിയോടെ അയാൾക്കടുത്തേക്ക് ചെന്നു. കടയിൽ വരുന്നവരെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കണം എന്നാണ് അയാളുടെ പക്ഷം. കസ്റ്റമേഴ്സിനോട് നല്ല രീതിയിൽ ഇടപെട്ടാൽ അവർ വീണ്ടും വരും. അത്കൊണ്ട് തന്നെ സ്ഥിരം വരുന്ന കുറച്ച് ആളുകൾ ഉണ്ട്.


  "എന്താ വേണ്ടത്?"അയാളോട് ചോദിക്കുമ്പോഴേക്കും വിമൽ തിരികെ എത്തി. ഒപ്പം മറ്റു രണ്ടു സ്ഥിരം കസ്റ്റമേഴ്സും വന്നു.
    "രഘുരാമൻ....?"ആഗതൻ ചോദ്യരൂപേണ അയാളെ നോക്കി.
  "അതേ. ഞാനാണ്. എന്താ കാര്യം?"അയാൾ ചുറ്റിലും നോക്കി. വിമൽ മറ്റു കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നുണ്ട്.
    "നമുക്ക് അങ്ങോട്ട്‌ മാറി നിന്ന് സംസാരിച്ചാലോ?"അയാൾ പറഞ്ഞപ്പോൾ രഘു സമ്മത ഭാവത്തിൽ തലയാട്ടി. വിമലിനോട് കാര്യം പറഞ്ഞിട്ട് അയാൾ പുറത്തേക്ക് നടന്നു.കടയുടെ മുന്നിൽ റോഡരികിലായി ഒരു മുത്തശ്ശി മരമുണ്ട്.അതിന്റെ തണലിയായി അവർ നിന്നു.


     "എൻറെ പേര് ഗോപാലകൃഷ്ണൻ. സിവിൽ സപ്ലൈസിൽ വർക്ക്‌ ചെയ്യുന്നു."മുഖവുരയൊന്നും കൂടാതെ അയാൾ പറഞ്ഞു തുടങ്ങി. ഇതൊക്കെ തന്നോട് എന്തിനു പറയുന്നു എന്ന് മനസിലാവാതെ രഘുരാമൻ നിന്നു.അത് മനസിലാക്കിയെന്നോണം അയാൾ തുടർന്നു."നേരെ വിഷയത്തിലേക്ക് വരാം. ഞാൻ ഒരു വിവാഹലോചന ആയിട്ടാണ് വന്നത്. നിങ്ങളുടെ മൂത്ത മകൾക്ക് വേണ്ടി.എന്റെ സഹോദരിയുടെ മകന് വേണ്ടിയിട്ടാണ്. അവൻ പെൺകുട്ടിയെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടു. അങ്ങനെ അന്വേഷിച്ചിട്ട് ഞങ്ങളോട് പറഞ്ഞു. ഇനി കാര്യങ്ങൾ നമുക്ക് നേരിട്ട് സംസാരിക്കാലോ."
    രഘുരാമന് ആകെ പരവേശമായി. നിവിയുടെ വിവാഹം, അതിനെപ്പറ്റി ആലോചിച്ചിരുന്നെങ്കിലും അവളുടെ പഠിത്തം കഴിയാതെ എങ്ങനെയാ നടത്തുന്നെ. ശ്രീദേവിക്കും അതേ അഭിപ്രായം ആണ്.


      "മോൾക്ക് ഇപ്പൊ ഞങ്ങൾ ആലോചന ഒന്നും നോക്കുന്നില്ല. അവൾടെ കോഴ്സ് കഴിഞ്ഞിട്ടേ എന്തെങ്കിലും നോക്കുന്നുള്ളു."തെല്ലൊരു മടിയോടെ രഘു അയാളോട് പറഞ്ഞു.
     "അതിനു ഉടനെ വേണ്ടല്ലോ. മോൾ ഇപ്പൊ ഫൈനൽ ഇയർ അല്ലേ.ബാക്കി എല്ലാം ഒത്തു വരിക ആണെങ്കിൽ പഠിത്തം കഴിഞ്ഞ ഉടനെ നടത്താലോ. പിന്നെ ഇപ്പോഴത്തെ ചെറുപ്പക്കാർ അല്ലേ വിവാഹം കഴിഞ്ഞാലും അവർ പഠിപ്പിക്കും. അതോർത്തിട്ടാണെങ്കിൽ പേടിക്കണ്ട. പയ്യൻ റെയിൽവേയിൽ ആണ് ജോലി. അത്യാവശ്യം നല്ല പോസ്റ്റ്‌ ആണ്. പേര് സരിത്ത്."പറയുന്നതിനൊപ്പം അയാൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അതിൽ ഒരു ഫോട്ടോ കാണിച്ചു. വെളുത്തു സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ. കണ്ടാൽ ഒരു ഇരുപത്തിയാറു വയസ് തോന്നിക്കും. ഫോട്ടോ കണ്ടപ്പോൾ തന്നെ രഘുവിന് നന്നായി ബോധിച്ചു.നിവിക്ക് നല്ല ചേർച്ച ആയിരിക്കും.നല്ല ജോലിയും.എന്ത് കൊണ്ടും നല്ല ബന്ധം. അയാളുടെ മുഖം തെളിഞ്ഞു."മറ്റൊരു ഫോട്ടോ കാണിച്ചിട്ട് അയാൾ പറഞ്ഞു "ഇതാണ് കുടുംബം.സരിത്തിനു ഒരു അനുജനാണ്. സാരംഗ്. എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ പഠിക്കുന്നു. അച്ഛൻ ഗൾഫിൽ ആയിരുന്നു.അവിടുന്ന് വന്നതിനു ശേഷം ഇവിടൊരു ജ്വല്ലറിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.


     "ഞാൻ വീട്ടിൽ ഒന്ന് ആലോചിച്ചിട്ട് പറയാം."
     "മതി.ഒരു ബ്രോക്കറെ ഇതിനിടയിൽ കൊണ്ട് വരുന്നതിനേക്കാൾ നല്ലതല്ലേ കാര്യങ്ങൾ നമ്മൾ നേരിട്ട് സംസാരിക്കുന്നത്. അതാ ഞാൻ തന്നെ വന്നത്.ഗ്രഹനില ഞാൻ കൊണ്ട് വന്നിട്ടുണ്ട്. കുട്ടികളുടെ ജാതകം നോക്കിയിട്ട് മുന്നോട്ടു തീരുമാനിക്കാം.രഘുരാമന്റെ നമ്പർ തന്നാൽ ഞാൻ സരിത്തിന്റെ ഫോട്ടോ അതിലേക്ക് അയയ്ക്കാം.വീട്ടിൽ കാണിക്കാലോ."പരസ്പരം നമ്പർ കൈമാറി ഗ്രഹനിലയും ഏൽപ്പിച്ചിട്ടാണ് അയാൾ മടങ്ങിയത്.


           
                  ഓരോന്ന് ആലോചിച്ചു കൊണ്ട് രഘു കടയിലേക്ക് കയറി.അയാളുടെ മനസ്സിൽ പലവിധ കണക്കുകൂട്ടൽ നടക്കുകയായിരുന്നു.ഈ വർഷത്തോടെ നിവിയുടെ പഠിത്തം കഴിയും. ശ്രീദേവിയുടെ കുറച്ചു സ്വർണ്ണം ഉണ്ട്.വിവാഹത്തിന് അവളുടെ വീട്ടുകാർ കൊടുത്തതാണ്.അത് കൂടാതെ നിവിക്കും നന്ദുവിനും വേണ്ടി കുറച്ചൊക്കെ വാങ്ങി ലോക്കറിൽ വച്ചിട്ടുണ്ട്.തന്റെ കുടുംബ ഷെയർ ആയി കിട്ടിയ മുപ്പത് സെന്റ് സ്ഥലം ഉണ്ട്. അത് നിവിക്കും നന്ദുവിനും കൊടുക്കാമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇപ്പൊ താമസിക്കുന്ന വീടും അതിരിക്കുന്ന പത്തു സെന്റ് സ്ഥലം നിതിനും.കുറച്ച് സമ്പാദ്യം ബാങ്കിൽ ഉണ്ട്.വിവാഹ ചിലവിനുള്ള കാശ് അതിൽ നിന്ന് എടുക്കാം. പോരാതെ വരുന്നത് ലോൺ എടുക്കാം. ഇപ്പോൾ നിവിയുടെ കല്യാണം നടത്തിയാൽ നന്ദുവിന്റെ സമയം ആവുമ്പോഴേക്ക് അവൾക്കായി എന്തെങ്കിലും കരുതി വയ്ക്കാം.വിമൽ വിളിച്ചപ്പോഴാണ് അയാൾ ചിന്തകളിൽ നിന്ന് ഉണർന്നത്. കടയിൽ തിരക്ക് തുടങ്ങിയിരുന്നു. അയാൾ തന്റെ ജോലിയിൽ മുഴുകി.
                🥀🥀🥀🥀🥀🥀🥀🥀


       
         നന്നേ ക്ഷീണിച്ചാണ് ഹരി വീട്ടിൽ വന്നു കയറിയത്. സുമ അവനെയും കാത്ത് ഉമ്മറത്ത് തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു.ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവനും അവരുടെ അടുത്തേക്ക് വന്നു.
       "സന്ധ്യക്ക് എന്തിനാ അമ്മേ ഇങ്ങനെ മുറ്റത്ത്‌ വന്ന് ഇരിക്കുന്നെ. മഞ്ഞ് വീണു തുടങ്ങിയാൽ പിന്നെ അതുമതി അസുഖം വരാൻ. "സുമയ്ക്ക് അസുഖം വന്നാൽ ഉള്ള കാര്യം ആലോചിക്കാനേ വയ്യ അവന്.ആസ്തമ കൂടുമ്പോൾ ശ്വാസം എടുക്കാൻ അവർ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. കണ്ട് നിൽക്കുന്നവർ ഭയന്നു പോവും.
        "നിന്നെ നോക്കി ഇരുന്നതാടാ ഞാൻ. വാ ചായ എടുക്കാം."അവർ അകത്തേക്ക് പോയി. ഹരി കുളി കഴിഞ്ഞു വരുമ്പോഴേക്കും ചൂടുള്ള ഏലക്ക ചായയുമായി സുമ വന്നു.ചായ അവന്റെ കയ്യിൽ കൊടുത്തിട്ട് അവർ അവനടുത്തായി ഇരുന്നു.


      "പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു മോനെ?ലിസ്റ്റിൽ ഉണ്ടാവുമോ ?"അവർ ഉദ്വേഗത്തോടെ തിരക്കി.
     "എളുപ്പമായിരുന്നു അമ്മേ. പഠിച്ചതൊക്കെ തന്നെയാ ചോദിച്ചത്. പിന്നെ ജോലി കിട്ടണമെങ്കിൽ അതിന് ഭാഗ്യം കൂടെ വേണമല്ലോ."
     "ഹിമ വിളിച്ചിരുന്നു. പ്രവീണിന് മറ്റന്നാൾ ജോയിൻ ചെയ്യണം. രാവിലെ അവളെ ഇവിടെ കൊണ്ട് വിട്ടിട്ട് ഉച്ചക്ക് ശേഷം അവനും പോകുമെന്നാ പറഞ്ഞത്."


         അത് കേട്ടപ്പോൾ ഹരിക്ക് അല്പം ആശ്വാസമായി. കഴിഞ്ഞ ദിവസം അവൾ വന്നിട്ട് പോയപ്പോൾ മുതൽ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു. അളിയൻ നല്ലൊരാളാണ്. അവളെ നന്നായി നോക്കുമെന്ന പ്രതീക്ഷയിലാണ് അവളെ കൈ പിടിച്ചു കൊടുത്തത്. ഇന്നോളം അയാൾ മാറ്റി ചിന്തിപ്പിക്കാൻ ഇടാൻ വരുത്തിയിട്ടില്ല. പിന്നെ ഒരു കുടുംബം ആവുമ്പോൾ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും.ഒരു ഭർത്താവ് എന്ന പോലെ അയാൾ ഒരു മകനും സഹോദരനുമാണ്. ഇപ്പോൾ എടുത്തത് പക്വതയുള്ള ഒരു തീരുമാനം ആണ്. തന്നെയുമല്ല ഹിമ കൂടെ ഉണ്ടെങ്കിൽ അമ്മയ്ക്ക് ഒരു കൂട്ടാവും. അവൻ ഓർത്തു.
   "അവൾ മറ്റെന്തെങ്കിലും പറഞ്ഞോ അമ്മേ? അവൾ ഇവിടെ നിൽക്കുന്നതിന് അവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?"
       "അമ്മയ്ക്കും അച്ഛനും ഒന്നും കുഴപ്പമില്ല. ഏട്ടന്റെ ഭാര്യക്ക് ചെറിയ മുറുമുറുപ്പ് ഒക്കെ ഉണ്ട്. ഇന്ന് രാവിലെയാ പ്രവീൺ അവരോട് പോവുന്ന കാര്യങ്ങൾ പറഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവൾക്ക് എന്തെങ്കിലും പറഞ്ഞു ഹിമയുടെ പോക്ക് മുടക്കാമായിരുന്നു."


    "നീ നാളെ ഓട്ടോ എടുക്കാൻ പോകുന്നുണ്ടോ?"അടുക്കളയിലേക്ക് നടക്കുന്നതിനിടെ അവർ തിരക്കി.
    "ഹാ.... രാവിലെ കുറച്ചു സമയം പോകാം.കുറച്ചു സമയം ഓടിയിട്ട് അവർ വരുമ്പോഴേക്ക് എത്താം.വരുമ്പോ ചിക്കനോ മീനോ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരാം. ഉച്ചക്ക് ഊണിന് അളിയനും ഉണ്ടാവുമല്ലോ."
    ഫോൺ എടുത്ത് നിവേദയ്ക്ക് ഇന്നത്തെ വിശേഷങ്ങൾ മെസ്സേജ് ഇട്ടു. ഇപ്പൊ അവൾ പഠിക്കുന്ന സമയം ആയിരിക്കും. അത് കഴിഞ്ഞ് സമയം കിട്ടുമ്പോൾ അവൾ വിളിക്കാറാണ് പതിവ്.കുറച്ചു സമയം ടി വി കണ്ട് ഇരിക്കുമ്പോ ഭക്ഷണം കഴിക്കാൻ സുമയുടെ വിളി വന്ന്. അതോടെ ടി വി ഓഫ്‌ ചെയ്ത് അവൻ അകത്തേക്ക് നടന്നു.
           💚💚💚💚💚💚💚💚💚💚


           ഒൻപതു മണി ആയപ്പോൾ രഘുരാമൻ കടയടച്ചിട്ട് വീട്ടിൽ എത്തി. അയാൾ ഫ്രഷ് ആയി വന്ന ഉടനെ ശ്രീദേവി ഭക്ഷണം വിളമ്പി.ഒരു നേരമെങ്കിലും വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്നത് രഘുരാമന് നിർബന്ധമാണ്.കുഞ്ഞു നാൾ മുതൽ കുട്ടികൾക്കും അത് ശീലമായി. രാവിലെ സ്കൂളിലും ട്യൂഷനും ഒക്കെ പോകുന്നത് കൊണ്ട് ഓരോരുത്തർക്കും ഓരോ സമയമാണ്. രാത്രി എത്ര വൈകിയാലും രഘു വന്നതിനു ശേഷമേ കുട്ടികൾ കഴിക്കു.പതിവ് പോലെ അന്നും നന്ദുവും നിതിനും തല്ലു പിടിക്കാൻ തുടങ്ങി.ശാസനയോടെ രഘു അവരെ ഒന്ന് നോക്കിയതേ ഉള്ളു. അതോടെ രണ്ടും നല്ല കുട്ടികൾ ആയി കഴിക്കാൻ തുടങ്ങി.
       "അച്ഛാ നാളെ എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട് കടയിൽ. അവർക്ക് പുതിയ വീട് വയ്ക്കുന്നുണ്ട്. അപ്പൊ വയറിങ്ന് ആവശ്യം ഉള്ള എല്ലാ സാധനങ്ങളും വേണം."കഴിക്കുന്നതിനിടയിൽ നിതിൻ പറഞ്ഞു.
      "വരുന്നതിനു മുൻപ് ഒന്ന് വിളിക്കാൻ പറയണേ. എനിക്ക് നാളെ ഒരു സ്ഥലം വരെ പോകാൻ ഉണ്ട്. നിന്റെ കൂട്ടുകാരൻ അല്ലേ. റേറ്റ് ഒക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്തു കൊടുക്കാം."
       "ഓ അവിടെയും ബിസിനസ്."അത് കേട്ട ഉടനെ നന്ദു ചുണ്ട് കോട്ടിക്കൊണ്ട് നിവിക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.നിവി ആരും കാണാതെ അവളുടെ കയ്യിൽ ഒന്നു പിച്ചി.ഭക്ഷണം കഴിഞ്ഞ ഉടനെ മൂന്നുപേരും പഠിക്കാനായി മുകളിലേക്ക് പോയി. റൂമിൽ ചെന്നതെ നന്ദു ബുക്കുമായി ബെഡിൽ കയറി ഇരുന്നു. നിവി ബുക്കും  എടുത്തു ബാൽക്കണിയിലേക്ക് നടന്നു. പോകുന്നതിനു മുൻപ് അവിടിരുന്ന് ഉറങ്ങാതെ പഠിക്കണമെന്ന് നന്ദുവിനെ ഓർമിപ്പിക്കാനും അവൾ മറന്നില്ല.സാധാരണ ബെഡിൽ പഠിക്കാൻ ഇരുന്നാൽ കുറച്ച് കഴിഞ്ഞ് അവിടെ തന്നെ കിടന്ന് ഉറങ്ങുകയാണ് നന്ദുവിന്റെ പതിവ്. നിതിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ അവിടിരുന്നു എന്തോ എഴുതുന്നുണ്ട്.
      "നിതി ഒരു ചെറിയ നോട്ട് ബുക്ക്‌ ഉണ്ടെങ്കിൽ തന്നെടാ. എൻറെ കയ്യിൽ ചെറിയ ബുക്ക്‌ ഇല്ല."അവൾ അകത്തേക്ക് കയറി.


       "ആ ഷെൽഫിൽ ഉണ്ട്. അവിടുന്ന് എടുത്തോ."അവൾ ബുക്കും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ നിതിൻ വിളിച്ചു"ചേച്ചി.....ഇന്നലെ എന്താ ഓട്ടോയിൽ വന്നത്?ടൗണിൽ വെച്ച് ഞാൻ കണ്ടിരുന്നു."
    അവന്റെ ചോദ്യം കേട്ട് നിവി ഒരു നിമിഷം നടുങ്ങി നിന്നു.പിന്നെ ഒരു വിധം ധൈര്യം സംഭരിച്ചു പറഞ്ഞു "ഇന്നലെ എനിക്ക് നല്ല സുഖമില്ലായിരുന്നു. ബസിൽ നല്ല തിരക്ക്. സീറ്റ്‌ ഒന്നും ഒഴിവില്ലായിരുന്നു. അതാ ഞാൻ ഓട്ടോയിൽ വന്നേ."പിന്നെ അവിടെ നിൽക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല. അവൾ ബുക്കുമായി പുറത്തേക്ക് ഇറങ്ങി.നിതിൻ അവൾ പറഞ്ഞത് വിശ്വാസം വരാത്തത് പോലെ ഇരുന്നു. പിന്നെ പേന കൈയിൽ എടുത്ത് ബാക്കി എഴുതാൻ തുടങ്ങി.
      ബുക്ക്‌ തുറന്നു വച്ചെങ്കിലും നിവിക്ക് ഒന്നും പഠിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ടൗണിൽ വെച്ചു തന്നെയാവുമോ അവൻ കണ്ടത്. അതോ  മറ്റെവിടെയെങ്കിലും വെച്ച് ആയിരിക്കുമോ? പലവിധ ചിന്തകളിൽ അവൾ ഉഴറി. നന്ദുവിനെ പോലെ അല്ല നിതി.വെറുതെ ഒന്നും അവൻ ചോദിക്കില്ല. എല്ലാം ആലോചിച്ച് മനസ്സിൽ ഇട്ട് കൂട്ടി കിഴിച്ച ശേഷം മാത്രമേ ഏതൊരു കാര്യത്തിലും അവൻ തന്റെ അഭിപ്രായം പറയു.ഹരിയേട്ടന്റെ കാര്യം അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും അച്ഛനോട് പറയും.


       "ചേച്ചി... ഫോൺ. ദേ കാൾ വരുന്നു."പിന്നിൽ നിതിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.
   തന്റെ ഫോൺ അവന്റെ റൂമിൽ മറന്നു വെച്ചതാണ്. ആരാവും വിളിക്കുന്നെ. ഹരിയേട്ടൻ എങ്ങാനും ആണെങ്കിൽ ഇന്നത്തോടെ എല്ലാം അവസാനിക്കും.അവൾ നിതിയെയും ഫോണിലേക്കു മാറി മാറി നോക്കി....
                💚💚💚💚💚💚💚💚💚
                  (തുടരും)
To Top