രചന: Bhavini
"നിവേദ്യം4
പകലത്തെ അലച്ചിൽ കാരണമാകാം നന്ദു നേരത്തെ ഉറങ്ങി. നിവി രണ്ടു മൂന്നു വട്ടം ഹരിയെ വിളിച്ചെങ്കിലും കാൾ എടുത്തില്ല.ഇന്ന് ബീച്ചിൽ വച്ചും മാളിൽ വച്ചുമൊക്ക എടുത്ത ഫോട്ടോസ് ഹരിയുടെ വാട്സാപ്പിലേക്ക് അയച്ചു. ഡി പി മാറ്റിയിട്ടുണ്ട്. അവൾ ആ ഫോട്ടോ സൂം ചെയ്തു നോക്കി. കണ്ണനുമൊത്തുള്ള ഒരു ഫോട്ടോയാണ്. പുഞ്ചിരിക്കുന്ന മുഖം. അത് നോക്കി നോക്കി അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
💚💚💚💚💚💚💚💚💚💚💚
മഞ്ഞു നിറഞ്ഞ താഴ്‌വരയിൽ പച്ച പരവതാനി വിരിച്ച നടപ്പാതയിലൂടെ അവർ കൈ കോർത്തു നടന്നു. അവർക്ക് ചുറ്റിലും ഇണക്കിളികൾ വട്ടമിട്ടു പറന്നു. അവിടെങ്ങും ഹൃദ്യമായ സംഗീതം ഉയർന്നു കേട്ടു..പുലരിയിലെ പൊൻ വെളിച്ചം അവളുടെ മുഖത്തിന്റെ ശോഭ കൂട്ടി.അവന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങുമ്പോൾ അവളുടെ മുഖം അരുണാഭമായി...."നിവി...."അവന്റെ സ്വരം കുളിർമഴയായി അവളുടെ കാതിൽ പതിച്ചു.
"ചേച്ചി... എഴുന്നേൽക്ക്.. ദേ അമ്മ വിളിക്കുന്നു."നിവി സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.അവളുടെ മുഖം അപ്പോഴും ചുവന്നു തുടുത്തിരുന്നു.അവളിൽ അപ്പോഴും ആ സ്വപ്നത്തിന്റെ ആലസ്യം വിട്ടുമാറിയിരുന്നില്ല.
"ചേച്ചി..."പുറത്തു നിന്ന് വാതിലിൽ മുട്ട് കേട്ടപ്പോൾ വീണ്ടും നന്ദു വിളിച്ചു.തലയിലൂടെ ബ്ലാങ്കറ്റ് മൂടിയാണ് കിടപ്പ്. ഒരു കൈ മാത്രം പുറത്തേക്കിട്ട് നിവിയെ വിളിക്കുന്നുണ്ട്. "ഹൊ.. ഇങ്ങനൊരു ഉറക്കപ്രാന്തി!എഴുന്നേൽക്കെടി.. സമയമായി".അവളുടെ കയ്യിലൊന്നു പിച്ചിക്കൊണ്ട് നിവി എഴുന്നേറ്റു.വാതിൽ തുറക്കുമ്പോൾ മുന്നിൽ അപ്പച്ചി.പിന്നാലെ ജിത്തുവേട്ടനും. പോകാൻ റെഡിയായി നിൽക്കുകയാണ്.
"മോളെ ഞങ്ങൾ ഇറങ്ങുവാ... നന്ദു എവിടെ? അവളോട് പറഞ്ഞേക്ക് കേട്ടോ. ഞങ്ങൾ പോയിട്ട് വരാം."
"ഇത്ര രാവിലെ പോണോ അപ്പച്ചി?"
"പോവേണ്ട ആവശ്യം ഉണ്ട് മോളെ. ജിത്തുവിന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു.അവന്റെ കയ്യിൽ ഉള്ള ഒരു ഫയൽ രാവിലെ തന്നെ അവിടെ എത്തിക്കണം."
ജിത്തു പഠിക്കുന്നതിനൊപ്പം പാർട്ട് ടൈം ആയി ഒരു കമ്പനി ക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ട്.
അവർ യാത്ര പറഞ്ഞ് പോകാൻ ഇറങ്ങുമ്പോൾ നിവിയും വാതിൽ വരെ അവരോടൊപ്പം ചെന്നു.കാറിലേക്ക് കയറുമ്പോൾ ജിത്തു ഒന്നു തിരിഞ്ഞു നോക്കി എല്ലാരോടും പുഞ്ചിരിച്ചു.പ്രിയപ്പെട്ടത് എന്തോ അകന്നു പോകുന്ന പോലൊരു വേദന അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.
💚💚💚💚💚💚💚
ഉച്ചക്ക് ഹരി സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് നിവേദയുടെ കാൾ വന്നത്.അവൾക്ക് ഇന്ന് ലാസ്റ്റ് അവർ ഫ്രീയാണ്. നേരത്തെ ഇറങ്ങിയാൽ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചാണ് വിളിച്ചത്.നാളെ ഒരു ടെസ്റ്റ് ഉള്ളത്കൊണ്ട് നേരത്തെ ഓട്ടം നിർത്തി വീട്ടിലേക്ക് പോകാമെന്നു കരുതി ഇരിക്കുകയായിരുന്നു അവൻ. നന്നായിട്ട് പഠിച്ചിട്ടുണ്ട് എങ്കിലും ഹരിക്ക് നല്ല ടെൻഷൻ ഉണ്ട്. എന്തായാലും നിവേദയെ കണ്ടിട്ട് വീട്ടിൽ പോകാമെന്ന് അവൻ തീരുമാനിച്ചു.
കോളേജ് ഗേറ്റിനു മുൻപിൽ ഓട്ടോ നിർത്തി ഹരി ചുറ്റും നോക്കി. നിവേദയെ അവിടെങ്ങും കണ്ടില്ല. ഫോൺ എടുത്ത് അവളെ വിളിച്ചപ്പോൾ ബസ് സ്റ്റോപ്പ് കഴിഞ്ഞ് അല്പം മുന്നിലേക്ക് വരാൻ അവൾ ആവശ്യപ്പെട്ടു. കോളേജിന് മുന്നിൽ ആവുമ്പോൾ ആരെങ്കിലും ശ്രദ്ധിക്കാൻ സാധ്യത ഉണ്ട്. ഹരി വേഗം അവൾ പറഞ്ഞ സ്ഥലത്തേക്ക് ഓട്ടോയുമായി പോയി. ഓട്ടോ നിർത്തിയ ഉടനെ നിവേദ ചാടി കയറി. അവളുടെ മുഖത്തു നല്ല പരിഭ്രമം ഉണ്ടായിരുന്നു.
ഓട്ടോ ഓടുന്നതിനിടയിൽ ഹരി ഗ്ലാസ് അഡ്ജസ്റ്റ് ചെയ്ത് പിന്നിൽ ഇരുന്നവളെ നോക്കിക്കൊണ്ടിരുന്നു.ഉള്ളിൽ ആൾ ഇരിപ്പുണ്ടെന്ന് അറിയാത്ത വിധത്തിൽ സീറ്റിലേക്ക് ചാരിയാണ് ഇരിപ്പ്.
"എന്താ ഇങ്ങനെ നോക്കുന്നെ?"ഹരിയുടെ കുറുമ്പോടെ ഉള്ള നോട്ടം കണ്ട് അവൾ ചോദിച്ചു.
"ഹേയ്, ഒന്നുല്ല. ഇത്രയും പേടി ഉള്ള ആൾ എന്തിനാ കാണണം എന്ന് പറഞ്ഞത്?"
"അത് പിന്നെ എനിക്ക് കാണണം എന്ന് തോന്നി. അത്രെ ഉള്ളു.എന്തെ വിളിക്കാൻ പാടില്ലായിരുന്നോ? ന്നെ ഇവിടെ ഇറക്കി വിട്ടേക്ക്. ഞാൻ പൊയ്ക്കോളാം."അവളുടെ സ്വരത്തിൽ പരിഭവം കലർന്നു.
"ദേഷ്യം വരുമ്പോ ന്റെ നിവിക്കുട്ടിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാ."അവളുടെ പരിഭവം ആസ്വദിച്ചു കൊണ്ട് ഹരി പറഞ്ഞു.
ഓട്ടോ അൽപ ദൂരം ഓടി ഒരു കുന്നിൻ ചെരിവിൽ എത്തി. നിവേദ ഓട്ടോയിൽ നിന്നിറങ്ങി ചുറ്റിലും നോക്കി. വിജനമായ പ്രദേശമാണ്. മുൻപൊരിക്കൽ ഹരിയോടൊപ്പം ഇവിടെ വന്നിട്ടുണ്ട്. ടൗണിലെ തിരക്കിൽ നിന്ന് മാറി കുറച്ച് ഉള്ളിലേക്ക് ഉള്ള ഒരു ഗ്രാമമാണ്. ആ കുന്നിന്റെ നെറുകയിൽ ചെറിയൊരു അമ്പലം ഉണ്ട്.ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിൽ മഹാദേവന്റെ ഒരു പ്രതിഷ്ഠ. അവർ മെല്ലെ കൈ കോർത്തു കുന്നിൻ മുകളിലേക്ക് കയറി.വൈകുന്നേരം ആവുന്നതെ ഉള്ളു എങ്കിലും ചെറിയ വെയിൽ ഉണ്ട്. എന്നാൽ അതിന്റെ കാഠിന്യം ഏൽക്കാത്ത വണ്ണം ശക്തമായ കാറ്റ് വീശുന്നുണ്ട്. മരണത്തിനല്ലാതെ മറ്റൊരു ശക്തിക്കും തങ്ങളെ വേർപിരിക്കാൻ കഴിയരുതേ എന്ന് രണ്ടു പേരും മനമുരുകി പ്രാർത്ഥിച്ചു. കുറച്ചു സമയം ആ മരത്തണലിൽ അവൾ ഹരിയുടെ തോളിൽ തല ചായ്ച്ചിരുന്നു.നിശബ്ദയായി ഇരിക്കുന്നവളുടെ വിരലുകൾ അവൻ തന്റെ കൈക്കുള്ളിൽ ആക്കി.
തോളിൽ നനവ് തട്ടിയപ്പോഴാണ് അവൾ ഇത്ര നേരവും കരയുകയായിരുന്നു എന്ന് ഹരി ശ്രദ്ധിച്ചത്."നിവി, എന്താടാ പറ്റിയെ? എന്തിനാ സങ്കടം?"അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് അവൻ ചോദിച്ചു.
"അറിയില്ല ഹരിയേട്ടാ. പെട്ടന്ന് എന്തോ ഒരു പേടി പോലെ. എന്താന്ന് അറിയില്ല. അതാ ഞാൻ കാണണം എന്ന് പറഞ്ഞെ. ബുദ്ധിമുട്ട് ആവുമെന്ന് അറിയാഞ്ഞിട്ടല്ല. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്ന പോലൊരു ഭയം.എന്ത് വന്നാലും എന്നെ കൈവിട്ടു കളയല്ലേ ഹരിയേട്ടാ."ഒരു വിങ്ങലോടെ പറയുന്നവളെ അവൻ അലിവോടെ നോക്കി.
"ഏയ് വെറുതെ ഓരോന്ന് ഓർത്തു വിഷമിക്കല്ലേ. ഒരുപാടൊന്നും വൈകിപ്പിക്കില്ല ഞാൻ. നിന്റെ പഠിത്തം കഴിയുന്നതിനു മുൻപ് തന്നെ ഒരു ജോലി ശരിയാക്കി അച്ഛനോട് ഞാൻ സംസാരിക്കും.ഗവണ്മെന്റ് ജോലി തന്നെ കിട്ടിയില്ലെങ്കിലും സാരമില്ല.ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിൽ എങ്കിലും നല്ലൊരു ജോലി നോക്കാം. ഏതായാലും നിന്റെ കോഴ്സ് കഴിയുന്നത് വരെ സമയം ഉണ്ടല്ലോ."ഹരി ഓരോന്ന് പറഞ്ഞ് അവളെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു.
കുറച്ചു സമയം ആ കാറ്റേറ്റ് ഇരുന്നപ്പോൾ രണ്ടു പേരുടെയും ഉള്ളു കുളിർന്നു."വാ. നമുക്ക് പോവണ്ടേ. സമയം ഒത്തിരി ആയി."ഹരി പറഞ്ഞപ്പോൾ അവളും പോകാനായി എഴുന്നേറ്റു. വീട്ടിൽ എത്തുമ്പോൾ എന്നെത്തേതിൽ നിന്ന് അല്പം വൈകും. സാരമില്ല. ചില ദിവസങ്ങളിൽ ലൈബ്രറിയിൽ പോകുമ്പോൾ അത്രയും സമയം ആവാറുണ്ട്. അത് അമ്മയ്ക്ക് അറിയാം.പക്ഷെ അച്ഛൻ അറിഞ്ഞാൽ പിന്നെ വരാൻ ലേറ്റ് ആയതിന്റെ പേരിൽ വഴക്ക് കിട്ടും.
"പിന്നെ നിവി... കാണാൻ തോന്നുമ്പോ ഇതുപോലെ ഒന്ന് വിളിച്ചാൽ മതി കേട്ടോ. എനിക്ക് ബുദ്ധിമുട്ട് ആവുമെന്ന് ഒന്നും വിചാരിക്കണ്ട."ഓട്ടോയിൽ ഇരിക്കുമ്പോൾ ഹരി പറഞ്ഞു.മറുപടി ആയി അവൾ ഒന്ന് പുഞ്ചിരിച്ചു.
"ഇവിടെ മതി ഹരിയേട്ടാ. ഞാൻ ഇവിടുന്ന് നടന്നു പൊയ്ക്കോളാം."ഓട്ടോ കവലയ്ക്ക് തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ പറഞ്ഞു.
"ഇവിടെയോ? ഇതിപ്പോ കുറെ നടക്കാൻ ഉണ്ടല്ലോ. വീടിനടുത്തുള്ള എവിടെങ്കിലും ആക്കാം."
"വേണ്ട ഹരിയേട്ടാ. ആരെങ്കിലും കാണും. ഇത് കുറച്ചേ ഉള്ളു."അവനോട് യാത്ര പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി. അവൾ പോകുന്നത് ഒരു വല്ലായ്മയോടെ ഹരി നോക്കി നിന്നു.പിന്നെ ഓട്ടോ എടുത്ത് സ്റ്റാൻഡിലേക്ക് പോയി. നിവേദ നടന്നു കവല എത്താറായപ്പോഴാണ് തൊട്ടടുത്തായി ഒരു ബൈക്ക് കൊണ്ട് നിർത്തിയത്. അതിൽ ഇരുന്ന ആളെ കണ്ട് അവൾ ഞെട്ടി."അച്ഛൻ...."
"നീയെന്താ നടന്നു വരുന്നത്? ഇത്രയും സമയം എവിടായിരുന്നു?"തന്റെ മുൻപിൽ പകച്ചു നിൽക്കുന്നവളെ നോക്കി ആയാൾ ചോദിച്ചു.
"അത്... പിന്നെ.... ഞാൻ.. ലൈബ്രറിയിൽ ആയിരുന്നു."അല്പം പിന്നിൽ ഉള്ള ലൈബ്രറി കെട്ടിടം ചൂണ്ടി അവൾ വിക്കലോടെ പറഞ്ഞൊപ്പിച്ചു.
അവളുടെ പതർച്ചയും പേടിയും കണ്ട് രഘുവിന് എന്തോ സംശയം തോന്നി. അത് പുറത്തു കാണിക്കാതെ അയാൾ അവളോട് വണ്ടിയിൽ കയറാൻ പറഞ്ഞു. വർധിച്ച നെഞ്ചിടിപ്പോടെ അവൾ അയാൾക്ക് പിന്നിൽ കയറി.അവൾക്ക് വല്ലാത്ത ഭയം തോന്നി. ഓട്ടോയിൽ വന്നിറങ്ങിയത് അച്ഛൻ കണ്ടിട്ടുണ്ടെങ്കിലോ.പക്ഷെ അയാൾ കൂടുതൽ ഒന്നും ചോദിക്കാത്തത് അവൾക്ക് ആശ്വാസമായി.വീട്ടിൽ എത്തുമ്പോൾ രമണിയമ്മ ചെടികൾ നനച്ചുകൊണ്ട് മുറ്റത്തു തന്നെ നിൽപ്പുണ്ട്.
"ആഹാ എത്തിയോ നീ? നിന്റെ ഫോൺ എന്ത്യേ? ദേവി വിളിച്ചിരുന്നല്ലോ."ആകുലതയോടെ അവർ ചോദിച്ചു. അപ്പോഴാണ് അവൾ ഓർത്തത്. ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു.
"അയ്യോ അത് ഞാൻ മറന്നു അമ്മമ്മേ. ക്ലാസ്സിൽ ഇരിക്കുമ്പോൾ സൈലന്റ് ആക്കിയതാ. ലൈബ്രറിയിൽ കയറിയപ്പോൾ ഇത്തിരി വൈകി."പറഞ്ഞുകൊണ്ട് അവൾ രഘുവിനെ പാളി നോക്കി. അയാൾ ബൈക്ക് സ്റ്റാൻഡിൽ ആക്കി അങ്ങോട്ട് വന്നു.
"ശ്രീദേവി എവിടെ അമ്മായി?"
"അവൾ അപ്പുറത്ത് സുനിതേടെ വീട് വരെ പോയതാ. നന്ദുവിന്റെ ചുരിദാർ തയ്ക്കാൻ കൊടുത്തിരുന്നു. അതും വാങ്ങി ഇപ്പൊ വരും. നീ വാ. ഞാൻ ചായ എടുക്കാം."രമണിയമ്മ അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ പിന്നിൽ നിന്ന് അയാൾ വിളിച്ചു പറഞ്ഞു."ഉണ്ടാക്കിയത് ഇരിപ്പുണ്ടെങ്കിൽ മതി.എനിക്ക് ഉടനെ പോണം. കുറച്ചു സാധനങ്ങൾ എടുക്കാൻ വന്നതാ."
രഘു അകത്തേക്ക് പോയതിനു പിന്നാലെ നിവേദയും കയറി പോയി.റൂമിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവൾ ഒന്ന് നിശ്വസിച്ചു. തിടുക്കത്തിൽ ഫോൺ എടുത്ത് ഒന്ന് നോക്കി. അമ്മയുടെ രണ്ടു മൂന്നു മിസ് കാൾ ഹരിയുടെ മെസ്സേജ് ഒക്കെ ഉണ്ട്. വീട്ടിൽ എത്തി എന്ന് ഹരിക്ക് റിപ്ലൈ ചെയ്ത ശേഷം അവൾ ഡ്രെസ്സുമായി ബാത്‌റൂമിലേക്ക് പോയി.കുളി കഴിഞ്ഞ് താഴെ വരുമ്പോൾ രഘു പോയിരുന്നു. ശ്രീദേവി അവൾക്കായി ചായ എടുത്തു വെച്ചിരുന്നു. അതും കുടിച്ച് കുറച്ചു സമയം ടി വി കണ്ടിരുന്ന ശേഷം അവൾ പഠിക്കാനായി പോയി. ബുക്ക് തുറന്നു വച്ചെങ്കിലും അവൾക്ക് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല.ഹരിയെ വിളിക്കാമെന്ന് കരുതി ഫോൺ കയ്യിൽ എടുത്തപ്പോഴേക്ക് നന്ദു ട്യൂഷൻ കഴിഞ്ഞ് വന്നു. അവളുടെ അന്നത്തെ വിശേഷങ്ങൾ പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.
💚💚💚💚💚💚💚💚💚💚
ഒൻപതു മണി ആയിട്ടും ഹരിയെ ഭക്ഷണം കഴിക്കാൻ കാണാത്തത് കൊണ്ട് സുമ അവനെ അന്വേഷിച്ച് അവന്റെ റൂമിലേക്ക് പോയി. അവൻ അപ്പോഴും പഠിക്കുകയായിരുന്നു.
"മതിയെടാ. വന്നു വല്ലതും കഴിക്ക്. എന്നിട്ടാവാം ബാക്കി."
"ദാ കഴിഞ്ഞു അമ്മേ.ഏകദേശം എല്ലാം നോക്കിയിട്ടുണ്ട്. എന്നാലും സമയം ആകാറാവുമ്പോ ഒരു വെപ്രാളം."അവന് നല്ല ടെൻഷൻ ഉണ്ടെന്ന് സുമയ്ക് മനസിലായി. അവർ ചെന്ന് അവന്റെ മുടിയിലൂടെ വിരലോടിച്ചു.അമ്മയുടെ കൈകൾക്ജ് എന്തോ മാന്ത്രികത ഉണ്ട്. എത്ര ടെൻഷൻ ആണെങ്കിലും അമ്മയുടെ അടുത്ത് ഇങ്ങനെ ഇരിക്കുമ്പോൾ മനസിന് ഒരയവ് വരും.അവൻ മെല്ലെ കണ്ണടച്ച് പിന്നിലേക്ക് ചാരിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവൻ ആ ഇരുപ്പിൽ മയങ്ങാൻ തുടങ്ങുന്നത് അറിഞ്ഞ് സുമ അവനെ തട്ടി വിളിച്ചു.
"മതി. ഇനി വന്നേ.... കഴിച്ചിട്ട് കിടന്ന് ഉറങ്ങിക്കോ."അവർ അവനെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു.ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസ്സിൽ പലവിധ ചിന്തകൾ നിറഞ്ഞിരുന്നു. ഒരു ജോലി എന്നതിൽ ഉപരി ഇപ്പൊ ജീവിത ലക്ഷ്യങ്ങൾ ഒത്തിരി ഉണ്ട്. നിവേദയുടെ ചിരിക്കുന്ന മുഖം മനസിൽ ആവാഹിച്ചു കൊണ്ട് അവൻ മെല്ലെ കണ്ണുകൾ അടച്ചു.
💚💚💚💚💚💚💚💚💚💚
(തുടരും.)