രചന: വാക
ഒരിക്കൽ കൂടി.....
( കഥ ,പാർട്ട് - 6)
കാഴ്ചകളെല്ലാം മനോഹരമായിരുന്നു. കണ്ണും മനസും നിറച്ചു ഞങ്ങൾ തിരികെയുള്ള ബോട്ടിനായ് കാത്തിരുന്നു.
കടലിനും കാറ്റിനുമൊപ്പം ഹൃദയവും അങ്ങനെ ഒഴുകി നടക്കുകയായിരുന്നു. ദൂരെനിന്നും ബോട്ടിന്റെ ശബ്ദം കേട്ട്തുടങ്ങി...
ഓർമകൾക്ക് തടയിട്ടുകൊണ്ടാണ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്.പോയകാല ഓർമകളിൽ നിന്നും തിരിച്ചിറങ്ങി വന്നപ്പോഴേക്കും ബെൽ അവസാനിച്ചിരുന്നു. പക്ഷേ തൊട്ടടുത്ത നിമിഷം വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. തീരെ താല്പര്യമില്ലാതെയാണ് ഫോൺ കയ്യിൽ എടുത്തത്. സ്‌ക്രീനിൽ നോക്കിയപ്പോൾ ഡോക്ടർ കാളിങ് എന്ന് കണ്ടു. മടിച്ചു നിൽക്കാതെ ഫോൺ എടുത്തു.
" ഹലോ ഡോക്ടർ."
"ഹലോ പ്രിയ "
"എത്തിയോ."
"എത്തി ഡോക്ടർ."
"ഞാനിവിടെയുണ്ട്."
" എവിടെ.? "
" താനുള്ള അതെ ഹോട്ടലിൽ... എന്തോ അവിടെ ഇരിക്കാൻ തോന്നിയില്ല. Op കഴിഞ്ഞപ്പോ ഞാനും ഇവിടേക്ക് തിരിച്ചു.... താൻ കിടന്നോ.? "
" ഇല്ല ഡോക്ടർ.... ഇവിടെയിങ്ങനെ ഓരോന്ന് ആലോചിച്ചു നില്കുവായിരുന്നു."
" ഇനിയധികം നിൽക്കണ്ട. പോയി കിടന്നോ. ഉറക്കം കളയണ്ടയെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ. രാവിലെ ഒരുമിച്ചു ഉദയം കാണാൻ പോകാം നമ്മൾക്ക്. ഞാൻ വിളിക്കാം. തിരികെ നമുക്ക് ഒരുമിച്ചു പോകാം."
" രാവിലെ ചിലപ്പോഴെ എണീക്കൂ... നോക്കാം."
"അതൊക്കെ എണീക്കും. കിടന്നോളു... ഗുഡ്‌നൈറ്റ്."
"ഗുഡ്‌നൈറ്റ് ഡോക്ടർ."
ഫോൺ കട്ട് ചെയ്ത് സമയം നോക്കിയപ്പോൾ ഒരുപാട് ആയിരിക്കുന്നു. സമയം പോയത് അറിഞ്ഞതെയില്ല. ഇനി കഴിക്കാനൊന്നും വയ്യ നേരെ കട്ടിലിലേക്ക് വീണു. ഇനി രാവിലെ ഡോക്ടർ വിളിക്കും. അതുറപ്പാണ്. ഇനിയെല്ലാം പുതിയ തുടക്കമാണ് . ഈ യാത്രക്ക് പോലും ഏറ്റവുമധികം സപ്പോർട്ട് തന്നത് ഡോക്ടറാണ്.. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചതും അദ്ദേഹമാണ്. . ആനന്ദിനെ പോലെ എന്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂടെയുണ്ട് . പക്ഷേ വാശി പിടിക്കാൻ ഇപ്പോൾ പേടിയാണ്. ഒരിക്കൽ ഉണ്ടായ നഷ്ടത്തിന്റെ വേദന ഇന്ന് ഹൃദയം പൊള്ളിക്കുന്നുണ്ട്. വേണ്ട ഒരുപാട് ചിന്തകൾ ചിലപ്പോൾ വീണ്ടും സമനില തെറ്റിച്ചേക്കും. ആ ഒരു മുൻകരുതൽ ഉള്ളത് കൊണ്ടാണ് ഡോക്ടർ ഇന്ന് ഇവിടേക്ക് വന്നതും. വേഗംതന്നെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു. ഓർമകളുടെ ഭാരം ഇറക്കി, പതിയെ ഉറക്കത്തിലേക്ക് വീണു.
റൂമിന്റെ വാതിൽ ശക്തിയായി മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് വീണ്ടും കണ്ണ് തുറന്ന് നോക്കുന്നത്. കയ്യെത്തിച്ചു ലൈറ്റ് ഓൺ ചെയ്തു. ഫോണിൽ സമയം നോക്കിയപ്പോൾ 5 മണി. ഇത്രയും നേരമായോ? ഉറങ്ങി പോയത് അറിഞ്ഞില്ല.
വീണ്ടും കതകിൽ മുട്ടുന്ന ശബ്ദം. എണീറ്റു ചെന്നു വാതിൽ തുറന്നപ്പോൾ ഡോക്ടറാണ്.
" എന്താ ഡോക്ടർ ഈ സമയത്ത്."
" തന്റെ ഫോൺ എവിടെ.... എത്ര നേരമായ് വിളിക്കുന്നു. എടുക്കാതെ ആയപ്പോൾ ആണ് വന്നു കതകിൽ മുട്ടിയത്. "
അപ്പോഴാണ് ഞാനും ഫോണിൽ നോക്കുന്നത്. അത് സൈലന്റ് ആയിരുന്നു.
" സോറി ഡോക്ടർ ഫോൺ സൈലന്റ് ആയിപോയി. ശ്രദ്ധിച്ചില്ല."
" ഓക്കേ. താൻ പോയി റെഡിയായി വാ... നമുക്ക് ഉദയം കാണാം. ഞാൻ താഴെ ലോബിയിൽ കാണും."
അത്രയും പറഞ്ഞു ഡോക്ടർ തിരിഞ്ഞു നടന്നു.ഒരു ചെറു ചിരിയോടെ അത് നോക്കി നിന്നു. ആദ്യമായാണ് ഡോക്ടർ മുണ്ടൊക്കെ ഉടുത്തു കാണുന്നത്. കൊള്ളാം... നന്നായിട്ടുണ്ട്....
എത്ര പെട്ടന്നാണ് ചുറ്റുമുള്ള ലോകം മാറി മറിയുന്നത്. എവിടെയോ ഉള്ള ചിലർ നമുക്ക് പ്രിയപ്പെട്ടവരായ് മാറുന്നത്. നമുക്ക് താങ്ങും തണലും ആകുന്നത്. നന്ദി വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത സ്നേഹം പകരം തരുന്നത്. ഇനി ഏകദേശം ഒരു മാസം കൂടെ.... അതു കഴിഞ്ഞാൽ എന്റേയും ഡോക്ടരുടെയും വിവാഹമാണ്.ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ വീട്ടുകാരും ഞങ്ങളും മാത്രമായ് ഒരു ജീവിതം തുടങ്ങുന്നു.... എത്ര പെട്ടന്നാണ് ജീവിതം നമ്മളെ ഒന്നുമല്ലാതാക്കി അപരിചിതമായ മറ്റൊരു വഴിയിൽ കൊണ്ടെത്തിക്കുന്നത്. അങ്ങനെ ഒരു വഴിയിൽ വച്ചാണ് ഡോക്ടർ എന്റെ ജീവിതത്തിലേക്ക് വരുന്നതും.....