ഒരിക്കൽ കൂടി.... Part 5

Valappottukal



രചന: വാക
ഒരിക്കൽ കൂടി......

                             ( കഥ , പാർട്ട്‌ 5 )

        ഉറക്കത്തിന്റെ ആഴങ്ങളിൽ എപ്പോഴോ ശക്തമായി ദേഹത്തു തട്ടുന്നതറിഞ്ഞിട്ടാണ് പ്രയാസപ്പെട്ട് കണ്ണ് തുറന്ന് നോക്കിയത്.ആനന്ദ് ആണ് എണീറ്റിരുന്നു വിളിക്കുന്നത്. ഞാനപ്പോഴും ഞാൻ നല്ല ഉറക്കച്ചടവിൽ ആയിരുന്നു.

" എന്താ....?'

" ഡോ,  നേരം അഞ്ചു മണി ആയി. എണീക്ക്. പോകണ്ടേ....? "

" ഈ നേരത്ത് എങ്ങോട് പോകാൻ ആണ്. കുറച്ചു കഴിയട്ടെ..."

" എന്റെ പൊന്നോ , ഉദയം കാണണ്ടേ...? എണീക്ക്. ബാക്കി വന്നിട്ട് ഉറങ്ങാം...." 

       അപ്പോഴാണ് എനിക്ക് ബോധം വന്നത്. വേഗംതന്നെ ചാടിയെഴുന്നേറ്റു പുതപ്പൊക്കെ മാറ്റി ബാത്‌റൂമിൽ ചെന്നു ഫ്രഷായി.ഞാൻ റെഡിയായി വന്ന നേരംകൊണ്ട് അവനും റെഡിയായിരുന്നു . അപ്പോഴേക്കും സമയം ഏകദേശം അഞ്ചേമുക്കാൽ ആകാറായിരുന്നു. വേഗം റൂം പൂട്ടി ഇറങ്ങി. അവിടുന്ന് ഏകദേശം 10 മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. രണ്ടുപേരും വേഗം നടന്നു. അവിടെ എത്തിയപ്പോഴേക്കും ആളുകളെ കൊണ്ട് കടപ്പുറം നിറഞ്ഞിരുന്നു. എനിക്കാകെ അതിശയമായി.ഇത്രയും ആളുകളെ സത്യം പറഞ്ഞാൽ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.
അതെ ഇതാണ് "വിർജിൻ പ്രിൻസസ്സ് " എന്നറിയപ്പെടുന്ന കന്യാകുമാരി.
ഇവിടെ കടൽ കവിതയാകുന്നു

       കടലിൽ നിന്ന് കിട്ടുന്ന ശംഖുകളും മറ്റും ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിച്ചു വിൽക്കുന്ന കടകളും പൂമാലകളും മറ്റ് പൂജാദ്രവ്യങ്ങളും വിൽക്കുന്ന കടകളുമാണ്  ഇരുവശത്തും. അവധിദിനമായതിനാൽ ആയിരിക്കണം  സഞ്ചാരികളുടെ നല്ല തിരക്കുണ്ട്.എല്ലാവരും നോക്കുന്നത് ഒരേ ദിശയിലേക്ക് അൽപ സമയത്തിന് ശേഷം ആകാശ മാകെ ചുവക്കാൻ തുടങ്ങി, കടലിനടിയിൽ നിന്നും ഒരു പൊട്ടു പോലെ സൂര്യന്റെ ഒരു ഭാഗം ഉയർന്നു വരുന്നു.പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരനുഭൂതി ഉള്ളിലാകെ വന്നു നിറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ ഞാൻ ആനന്ദിന്റെ കൈ കോർത്തു പിടിച്ചു, അവനെന്നെ അവനോട് ചേർത്തു നിർത്തി. ആദ്യം അല്പമായി ഉയർന്നു വന്ന സൂര്യൻ പെട്ടന്ന് തന്നെ കടലിനു മുകളിലേക്കുയർന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ ആ കാഴ്ചയും പൂർത്തിയായി. 

      അൽപ നേരം കൂടെ അവിടെ നിന്നതിന് ശേഷം ഞങ്ങൾ  പതിയെ ആ കടൽ തീരത്തു കൂടെ നടക്കാൻ തുടങ്ങി. അങ്ങനെ നടന്നു കന്യാകുമാരി ക്ഷേത്രത്തിനടുത്തെതി.പരമശിവനെ വിവാഹം ചെയ്യാൻ കാത്തിരുന്ന ദേവിയുടെ കഥ. വിവാഹം മുടങ്ങിയപ്പോൾ ഇനിയെന്നും കന്യകയായി തുടരുമെന്ന് ശപഥം ചെയ്ത ദേവി തന്റെ വിവാഹത്തിനായി ഒരുക്കിയ വിഭവങ്ങളെല്ലാം കടലിലെറിഞ്ഞത്രേ. അവയെല്ലാം നിറമുള്ള കല്ലും മണ്ണലുമായി മാറിയെന്നുമാണ് ഐതിഹ്യം. പണ്ടെങ്ങോ കേട്ട കഥയിലെ മൂക്കുത്തി എവിടെ... തിരക്കിനിടയിലൂടെ ഒരു നോക്ക് കണ്ടു, ആയിരം വിളക്കുകളുടെ പ്രഭയെ പോലും തോൽപ്പിക്കുന്ന ദേവിയുടെ മൂക്കൂത്തിച്ചന്തം.

     ക്ഷേത്രത്തിന്റെ കിഴക്കേ നട പണ്ട് തുറന്നതായിരുന്നത്രേ. കന്യാകുമാരി ദേവിയുടെ മൂക്കുത്തി തിളക്കം കണ്ട് ദീപസ്തംഭത്തിലെ പ്രകാശമാണെന്ന് തെറ്റിദ്ധരിച്ച് കടലിലൂടെ പോകുന്ന രണ്ട് കപ്പലുകൾ കരയിലടുപ്പിക്കാൻ ശ്രമിക്കുകയും പാറയിലിടിച്ച് തകർന്നു പോവുകയും ചെയ്തു. കടലിൽ വീണവരെയത്രയും ഒരു മുക്കുവ സ്ത്രീ രക്ഷപ്പെടുത്തിയെന്നും അത് ദേവിയാണെന്നുമാണ് വിശ്വാസം. ഈ കപ്പൽചേതം തുടർക്കഥയായപ്പോൾ കിഴക്കേനടയിലെ വാതിൽ താനെ അടഞ്ഞുപോയെന്നും കഥയുണ്ട്.
കൺനിറയെ ദേവിയെ കണ്ടു. അനുഗ്രഹം വാങ്ങി.  കുറച്ചു നേരം അവിടെ ഇരുന്നു. അപ്പോഴേക്കും വിശക്കാൻ തുടങ്ങി. നേരെ അടുത്തുള്ള ഒരു ചെറിയ കടയിൽ കയറി നല്ല മസാല ദോശയും ചായയും കഴിച്ചു. അപ്പോഴേക്കും എട്ടുമണി ആയിരുന്നു. 

      അപ്പോഴാണ് വിവേകാനന്ദ പാറയിലേക്ക് ബോട്ട് സർവീസ് തുടങ്ങുന്നത്.കന്യാകുമാരി ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടത്തിന് ഇടതുവശത്തു കൂടി ക്ഷേത്രത്തിന്റെ പിറകിലേക്ക് നീളുന്ന വഴി. കൃത്യമായി പറഞ്ഞാൽ ക്ഷേത്രത്തിന് കിഴക്കുഭാഗം. ബോട്ട് വരുന്നതും കാത്ത് നിന്നു. വാവതുറൈ മുനമ്പിൽ നിന്ന് 400 മീറ്ററോളം മാറി കടലിലാണ് വിവേകാനന്ദപ്പാറയും മണ്ഡപവും സ്ഥിതി ചെയ്യുന്നത്. അതിന് തൊട്ടടുത്തായി തിരുവള്ളുവർ പ്രതിമ.  കന്യാകുമാരി ക്ഷേത്രത്തിന് കിഴക്ക് നിന്നാൽ ഉദയാസ്തമനങ്ങൾ ദർശിക്കാനാകും. അതു മാത്രമല്ല പൗർണമി നാളിൽ ഒരേ സമയത്ത് തന്നെ ചന്ദ്രോദയവും സൂര്യാസ്തമയവും അല്ലെങ്കിൽ സൂര്യോദയവും ചന്ദ്രാസ്തമയവും കാണാനാകുമത്രേ. കടലിരമ്പം കാതിൽ കാത്തിരിപ്പിന്റെ കവിതയെഴുതുന്നു. അധികം വൈകാതെ ബോട്ട് വന്നു.ഞങ്ങൾ ടിക്കറ്റ് എടുത്ത് ബോട്ടിൽ കയറി.

        തിരുവള്ളുവരുടെ ശിൽപ്പത്തിന് മുന്നിലൂടെ നീങ്ങിയ ബോട്ട് വിവേകാനന്ദപ്പാറയോടു ചേർന്ന പ്ലാറ്റ്ഫോമിലേക്ക് അടുത്തു. പ്രവേശനടിക്കറ്റ് എടുത്ത് അകത്ത് കയറി. ശ്രീപാദമണ്ഡപത്തിലേക്കാണ് ആദ്യമെത്തുക.bകന്യകയായ ദേവി ഈ പാറയിലിരുന്നാണ് പരമശിവനെ തപസ്സ് ചെയ്തതെന്നാണ് വിശ്വാസം. കന്യാകാദേവിയുടേതെന്ന് വിശ്വസിക്കുന്ന ശ്രീപാദം ഇവിടെ പൂജിക്കുന്നു. പിന്നീട് ശ്രീപാദപ്പാറ, വിവേകാനന്ദപ്പാറ എന്ന് അറിയപ്പെട്ടു. ഇരുപത്തിയഞ്ച് പടികൾ കയറി ചെല്ലുന്നിടത്താണ് സഭാമണ്ഡപം. ഏഴരയടി ഉയരമുള്ള വിവേകാനന്ദന്റെ പൂർണകായ വെങ്കലപ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ശ്രീപാദചിഹ്നം സംരക്ഷിക്കാൻ പ്രതിമയ്ക്ക് അഭിമുഖമായി പാറയിൽ ചെറിയൊരു മണ്ഡപം കാണാം. വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണപരമഹംസർക്കും അദ്ദേഹത്തിന്റെ പത്നി ശാരദാദേവിയ്ക്കുമായി രണ്ട് മുറികൾ സമർപ്പിച്ചിരിക്കുന്നു. ഓംകാരം മുഴങ്ങുന്ന ധ്യാനമണ്ഡപവും ഈ സമുച്ചയത്തിലുണ്ട്. 

       വിവേകാനന്ദപ്പാറയുടെ ഇടതുഭാഗത്തായാണ് തമിഴ് സാഹിത്യക്കാരൻ തിരുവള്ളുവരുടെ പ്രതിമ. 38 അടി ഉയരമുള്ള പീഠത്തിനു മീതെ 95 അടി ഉയരമുള്ള പ്രതിമ.
തിരിച്ച്, ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് മുന്നിലൂടെ 2004 ലെ സുനാമി സ്മൃതി മണ്ഡപംu പിന്നിട്ട് ത്രിവേണി സംഗമം കാണാനായി നടന്നു.കരിങ്കല്ലിനാൽ നിർമിച്ച മണ്ഡപത്തിന് താഴെ കടലിലേക്ക് ഇറങ്ങാവുന്ന പടികൾ. ഇന്ത്യൻ, അറേബ്യൻ, ബംഗാൾ സമുദ്രങ്ങൾ സംഗമിക്കുന്ന ഇടമായ ത്രിവേണിസംഗമത്തിൽ മുങ്ങിക്കുളിച്ചാൽ മർത്യജന്മത്തിലെ പാപങ്ങളെല്ലാം കഴുകിക്കളയാം എന്നാണ് വിശ്വാസം.
ഗാന്ധി സ്മൃതി മണ്ഡപമായിരുന്നു അടുത്തലക്ഷ്യസ്ഥാനം. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ രണ്ടിന്, മണ്ഡപത്തിന്റെ മേൽക്കൂരയിലെ സുഷിരത്തിലൂടെ ഗാന്ധിപ്രതിമയിലേക്ക് സൂര്യരശ്മികൾ പതിക്കും വിധം ഒഡീഷാ വാസ്തുവിദ്യ മാതൃകയിലാണ് മണ്ഡപത്തിന്റെ നിർമാണം.
കാത്തിരിപ്പിന്റെ പ്രണയകാവ്യം
പുറം കാഴ്ചകളുടെ മനോഹാരിത ഉള്ളിൽ നിറച്ചു.  

      കാഴ്ചകളെല്ലാം മനോഹരമായിരുന്നു. കണ്ണും മനസും നിറച്ചു. ഞങ്ങൾ തിരികെ ഉള്ള ബോട്ടിനായി കാത്തിരുന്നു.

(കന്യാകുമാരിയെ കുറിച്ചുള്ള വിവരങ്ങൾ ചില യൂട്യൂബ് ട്രാവൽ വ്ലോഗ്സ് കണ്ടു എഴുതിയതാണ് )

                                                   ( തുടരും )

To Top