ഒരിക്കൽ കൂടി.... Part 4

Valappottukal


രചന: വാക
ഒരിക്കൽ കൂടി....

                              ( കഥ , പാർട്ട്‌ 4 )

       അവൻ അകത്തേക്ക് കയറിയിട്ടും ഞാനവിടെ  തന്നെ നിന്ന് അവനെതന്നെ നോക്കികൊണ്ടിരുന്നു.അവനാണെങ്കിൽ ബാഗൊക്കെ എടുത്തുവച്ചു ഡ്രസ്സ്‌ മാറാനുള്ള തയ്യാറെടുപ്പിലും. ഞാനെന്നൊരാൾ ഇവിടെ ഉണ്ടെന്ന് പോലും മൈൻഡ് ചെയ്യുന്നില്ല. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോളാണ് ഞാനവിടെ തന്നെ നിൽക്കുന്നത് അവൻ കാണുന്നത്.

"താൻ ആ ഡോർ ഒന്ന് ലോക്ക് ചെയ്യൂ. ഇങ്ങനെ നോക്കി നിൽക്കാതെ."

          ഞാനും മുഖം വെട്ടിതിരിച്ചു ഡോർ ലോക്ക് ചെയ്തു. പിന്നെയവനെ മൈൻഡ് ചെയ്യാതെ വന്നു കട്ടിലിരുന്നു ബാക്കി സിനിമ കാണാനും തുടങ്ങി.

" താൻ വല്ലതും കഴിച്ചോ. എനിക്കാണേൽ നല്ല വിശപ്പുണ്ട്." 

" എനിക്കൊന്നും വേണ്ട. സമയം പാതിരാത്രിയായി . എനിക്കുറങ്ങണം ."

" താൻ ഉറങ്ങിക്കോ. വല്ലതും കഴിച്ചിട്ട് കിടക്കാമെന്നാണ് ഞാൻ പറഞ്ഞത്." 

" എനിക്കൊന്നും വേണ്ട. നീ വേണേൽ കഴിച്ചോ."

       എന്നുംപറഞ്ഞു ഞാൻ പുതപ്പും വലിച്ചിട്ടു തിരിഞ്ഞുകിടന്നു.
അവനാണെങ്കിൽ അവിടിരുന്ന മെനു കാർഡെടുത്ത് എന്തോക്കെയോ ഓർഡർ ചെയ്യുന്നുണ്ടായിരുന്നു. ഞാനെല്ലാം കേൾക്കുന്നുണ്ടുയെങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല. ഓർഡർ ചെയ്തു ഫോണും ചാർജിലിട്ട് അവൻ കുളിക്കാനും പോയി. എനിക്കാണെങ്കിൽ ആകെമൊത്തം  ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥയും. ഒറ്റയ്ക്ക് വന്നത് ആണെന്നറിയാം ,  എപ്പോഴാണ് എത്തിയതെന്നോ , യാത്രയൊക്കെ സുഖമായിരുന്നോ ,  ഈവക യാതൊരു ചോദ്യവുമില്ല . വരിക, ഫുഡ് ഓർഡർ ചെയ്യുക, കുളിക്കാൻ പോവുക, ഇനി അതും കഴിച്ചു ഉറങ്ങുക അതായിരിക്കും പ്ലാൻ. നോക്കാം... എന്താ ചെയ്യുന്നത് എന്ന്. ആലോചനക്കൊടുവിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ വേഗം ഞാൻ തിരിഞ്ഞുകിടന്നു.
അവൻ തലയും തൂവർത്തി കൊണ്ട് എന്റടുത്തു വന്നിരുന്നു.

" താനുറങ്ങിയോ ...."

" ഇല്ല.." 

" ഫുഡ്‌ ഇപ്പൊവരും , കഴിച്ചിട്ട് കിടക്കാം.."

"എനിക്ക് വേണ്ട...."

" അത് നമുക്ക് തീരുമാനിക്കാം...തത്കാലം താനേഴുനേറ്റ് കൈ കഴുക്. " 

          അവനെന്റെ കൈ പിടിച്ചെഴുനേൽപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ ആ കൈ വലിച്ചു മാറ്റിയപ്പോഴേക്കും പുറത്തു കാളിങ്ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവനെന്റെ അരികിൽനിന്നും എണീറ്റുപോയി വാതിൽ തുറന്നു.

         ഓർഡർ ചെയ്ത ഫുഡിന്റെ ബിൽ നോക്കി പൈസ കൊടുത്ത ശേഷം അവൻ ഫുഡും വാങ്ങി അകത്തേക്ക് വന്ന് വീണ്ടുമെന്നെ കഴിക്കാൻ വിളിച്ചു. ഇത്തവണ വലിയ ബലം പിടിക്കാതെ ഞാനെണിറ്റ് ചെന്നു . കട്ടിലിന്റെ ഒരു സൈഡിൽ രണ്ടുപേരുമിരുന്നു , അടുത്തിരുന്ന  ടേബിൾ വലിച്ചിട്ടു , അവൻ ഫുഡ്‌ വിളമ്പാൻ തുടങ്ങി. ഒരു പ്ലേറ്റിൽ എനിക്കു വിളമ്പി തന്നിട്ട് കൂടെ അവനും മറ്റൊരു പ്ലേറ്റിൽ വിളമ്പി കഴിച്ചു. ഞാനാണെങ്കിൽ ഒന്നും മിണ്ടാതെ ടിവിയും നോക്കി കഴിക്കാൻ തുടങ്ങി.ഇടക്ക് എനിക്ക് നേരെവന്ന ഒരുരുള ഞാൻ ഒരു ദയയും കൂടാതെ വേണ്ടെന്നു പറഞ്ഞു. എന്ന് എപ്പോൾ ഒരുമിച്ചു ഭക്ഷണം കഴിച്ചാലും ഒരു വായ എനിക്ക് വാരി തരാറുണ്ട്. ഏതോ വാശിയുടെ പുറത്താണ് ഞാൻ ഇന്നത് വേണ്ടെന്നു പറഞ്ഞതും. പക്ഷേ അതൊരിക്കലും എനിക്ക് വേണ്ടി നീട്ടിയ അവസാന ഉരുളയാണെന്ന് ഞാൻ കരുതിയില്ല.

      ആഹാരം കഴിച്ചുകഴിഞ്ഞതും ഞാൻ പ്ലേറ്റ് വേസ്റ്റ് ബാസ്കറ്റിൽ കൊണ്ടിട്ടു, കയ്യും കഴുകി കട്ടിലിൽ വന്നിരുന്നു. അപ്പോഴും അവൻ കഴിച്ചു കഴിഞ്ഞിരുന്നില്ല. വെറുതെ അൽപ നേരം അവനെയും നോക്കിയിരുന്നു ഞാൻ . കഴിച്ചു കഴിഞ്ഞ അവൻ എണീറ്റ് തിരിഞ്ഞുനോക്കിയതും ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞുകിടന്നു.  അൽപ സമയത്തിന് ശേഷം അവനും കയ്യും കഴുകി എന്റെ അരികിൽ വന്നിരുന്നു.

" ഇനി എന്താ പരിപാടി...." 

" ലൈറ്റ് ഓഫ്‌ ചെയ്തു പോയി കിടക്കാൻ നോക്ക്. അല്ലാതെന്തു ചെയ്യാൻ....."

     എന്നാൽ ശരിയെന്നും പറഞ്ഞു അവൻ ലൈറ്റ് ഓഫ്‌ ചെയ്തു... അവൻ ലൈറ്റ് ഓഫ്‌ ചെയ്യുന്നതും ബെഡിൽ വന്നു കിടക്കുന്നതുമെല്ലാം തിരിഞ്ഞു നോക്കാതെ ഞാനറിയുന്നുണ്ടായിരുന്നു.  പക്ഷേ തിരിഞ്ഞു കിടന്നിട്ടും അവനോട് സംസാരിക്കാതെ എനിക്കുറക്കം വരുന്നില്ലായിരുന്നു. ഇത്ര നേരം മൈൻഡ് ചെയ്യാതെ ഇരുന്നിട്ട് ഇപ്പോൾ അങ്ങോട്ട് പോയി സംസാരിക്കാൻ എന്റെ മനസ്സും അനുവദിക്കുന്നുമില്ലായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എന്തോ ഒരു ഭാരം കയറ്റി വച്ച പോലെ....

" ഉറങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ....? " 

     അവന്റെ ചോദ്യം കേട്ടു ഞാൻ തിരിഞ്ഞുനോക്കി. അപ്പോഴാണ് അവൻ കിടന്നിട്ടില്ലയെന്നും ഞാൻ ചെയ്യുന്നതും നോക്കി കട്ടിലിൽ ചാരിയിരിക്കുകയാണെന്നും  എനിക്ക് മനസിലായത്. വേഗംതന്നെ ഞാനും എണീറ്റ് അവനരികിൽ പോയി ചാരി ഇരുന്നപ്പോൾ അവനെന്റെ കൈകൾ കോർത്തു പിടിച്ചു നെറ്റിയിലൊരുമ്മ തന്നു.

"അസ്തമയം കാണാൻ പറ്റിയില്ല അല്ലെ....പരമാവധി ശ്രമിച്ചതാടോ.. എത്താൻ പറ്റിയില്ല." 

" അറിയാം...."

" പിന്നെയെന്തിനാ മുഖം വീർപ്പിച്ചു ഇരുന്നത്.....? " 

" ഒരു വിഷമം.... അതാണ്..."

" സാരമില്ല നമുക്കൊരുമിച്ചു നാളെ ഉദയം കാണാട്ടോ ..... കിടന്നോ എണീക്കാൻ വൈകിയാൽ അതും മുടങ്ങും...." 

"ഇപ്പൊ കിടക്കണോ...."

" ഇപ്പൊതന്നെ നേരം ഒരുപാടായി ...ഇനിയും വൈകണ്ട..."

      ഓ ആയിക്കോട്ടെയെന്നും പറഞ്ഞു നേരത്തെ കിട്ടിയ ഉമ്മ തിരികെ കൊടുത്തുകൊണ്ട് ഞാനും എണീറ്റു.

        മനസിലപ്പോഴും നാളെ കാണാൻ പോകുന്ന ൾ
സൂര്യോദയത്തെ പറ്റിയുള്ള ചിന്തകളായിരുന്നു.അവനോട് ഒരു ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ട് ഞാൻ അല്പം നീങ്ങി കിടന്നു. മനസിലപ്പോഴും നാളെ രാവിലെ ഒരുപാട് നാളായി കൊണ്ട് നടന്നിരുന്ന ഒരു സ്വപ്നം യഥാർഥ്യമാകാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു. ഓർമകളിൽ അങ്ങനെ എന്തോക്കെയോ വന്നു പോകുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞു വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ  ആനന്ദ് ഉറക്കം പിടിച്ചിരുന്നു. ചുണ്ടിലൂർന്ന ചിരിയോടെ അവനെ നോക്കികിടന്നു ഞാനും പതിയെ ഉറക്കത്തിലേക്ക് വീണു തുടങ്ങി.....

                                         ( തുടരും )

To Top