ഒരിക്കൽ കൂടി.... Part 2

Valappottukal


രചന: വാക
ഒരിക്കൽ കൂടി.....

                              ( കഥ , സെക്കന്റ്‌ പാർട്ട്‌ )

               ഇന്നും അവനെന്നിൽ ഓർമകളാൽ സമ്പന്നമാണ്.ചിരിയായും ചിന്തയായും അവനെന്നിൽ തന്നെയുണ്ട്. ചിന്തകൾ ഭൂതകാലത്തിലേക്ക് പോയപ്പോൾ ആദ്യമോർമ വന്നത് അവനെ ആദ്യമായി പരിചയപ്പെട്ട ദിവസമാണ്....

           പഠിത്തമൊക്കെ കഴിഞ്ഞു ജോലിയുമായി ജീവിതമിങ്ങനെ അടിച്ചു പൊളിച്ചു പോകുന്നതിനിടക്കാണ് വീട്ടുകാർക്ക് എന്നെപിടിച്ചു കെട്ടിച്ചാലോയെന്ന ആലോചന വരുന്നത്. നാട്ടിലുള്ളതും കുടുംബത്തിലുള്ളതും എന്തിനു അയൽരാജ്യത്തു നിന്നുവരെ ആൾക്കാർ വന്നു. അവരെ ആരെയും എനിക്ക് പിടിച്ചില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ല , ഇഷ്ടപെട്ടില്ല അത്ര തന്നെ....

      അവസാനം ഇനി വന്നുകണ്ടു ഇഷ്ടപ്പെടുന്ന ആരായാലും വിവാഹമുറപ്പിക്കും എന്നൊരു തീരുമാനം അച്ഛനെടുത്തപ്പോൾ , ആര് വന്നാലും എന്നെ ഇഷ്ടപെടല്ലേയെന്ന പ്രാർത്ഥനയിലാണ് ഞാൻ ആനന്ദിന്റെ മുൻപിലെത്തുന്നത്. എന്റെ പ്രാർത്ഥന ദൈവം കേട്ടില്ലെന്നു മാത്രമല്ല അച്ഛന്റെ പ്രാർത്ഥന ദൈവം കേൾക്കുകയും ചെയ്‌തു. അതായത് വന്നവർക്ക് എന്നെ നന്നായി ബോധിച്ചു. പറയാൻ തക്ക കാരണം ഒന്നുമില്ലാത്തതിനാലും പറഞ്ഞാലും ആരുമത് വകവയ്ക്കില്ലയെന്നുറപ്പുന്മേൽ ഞാൻ എന്റെ ഭാഗത്ത്‌ നിന്നും ഒരു കണ്ടിഷൻ വച്ചു. 

      മിനിമം ഒരു വർഷം കഴിഞ്ഞേ കല്യാണം നടത്താൻ പറ്റൂ. അതുവരെ പരിചയപ്പെടാനും പരസ്പരം മനസിലാക്കാനും ഉള്ള സമയമാണെന്നും,  ഇതിനിടയിൽ ഒത്തു പോകാൻ പറ്റില്ലയെങ്കിൽ ഈ ബന്ധം ഒഴിവാക്കേണ്ടി വരുമെന്ന് ഞാൻ വീട്ടിൽ പറഞ്ഞു. എന്റെ വീട്ടിൽ അംഗീകരിച്ചില്ലയെന്ന് മാത്രമല്ല എല്ലാവരും എതിർക്കുകയും ചെയ്തു. പക്ഷേ അവസാനം ആനന്ദ്ന്റെ വീട്ടുകാർ സമ്മതിച്ചാൽ ഓക്കേ ആണെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ എന്റെ നല്ല നേരത്തിനു അവർ അതിന് സമ്മതിക്കുകയും ചെയ്തു.
 അങ്ങനെയാണ് വീട്ടുകാരോടൊപ്പം ആനന്ദ് എന്നെ കാണാൻ വരുന്നത്. വലിയ താല്പര്യം ഒന്നും ഇല്ലാതെയാണ് അവരുടെ മുൻപിൽ പോയി നിന്നത് എങ്കിലും എന്തോ ആദ്യത്തെ കാഴ്ച്ചയിൽ തന്നെ ആനന്ദിനെ എനിക്കിഷ്ടപ്പെട്ടു. ഒരാളെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കാൻ പാകത്തിന് എന്തോ അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.

       പതിവ് പോലെ ചെക്കനും പെണ്ണിനും സംസാരിക്കാനുള്ള അവസരവും വന്നു. അല്പം മാറി ഞങ്ങൾ പുറത്തേക്കിറങ്ങി നിന്നു. അന്ന് എന്നൊക്കെയാണ് ഞങ്ങൾ സംസാരിച്ചതെന്ന് പോലും ഓർമ വരുന്നില്ല. ഓർത്തു വയ്ക്കാൻ പാകത്തിന് അയാൾ അന്നെന്റെ ആരും ആയിരുന്നില്ലല്ലോ, ആകണമെന്ന് ആഗ്രഹിച്ചിരുന്നുമില്ല. പോകാൻ നേരം വിളിക്കാമെന്ന് പറഞ്ഞ് , ഫോൺ നമ്പർ കൂടെ വാങ്ങി ,  ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അയാൾ പോയി.
 
     എന്തായാലും ആളുടെ മട്ടും ഭാവവും കണ്ടിട്ടും എന്റെ സ്വഭാവം വച്ചും മുന്നോട്ട് പോകുന്നത് നല്ല ബുദ്ധിമുട്ടായിരിക്കും എന്നൊരു ചിന്ത മനസ്സിൽ തോന്നി. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ആ ചിന്തകൾ എല്ലാം ഒന്നുമല്ലാതാകുന്ന തരത്തിലായിരുന്നു  ആനന്ദിന്റെ പെരുമാറ്റം. അതോടെയാണ് ആദ്യത്തെ കാഴ്ച്ചയിൽ ഒരാളെ വിലയിരുത്താൻ പാടില്ലയെന്ന് ഞാൻ പഠിച്ചതും.

      പതിയെ ഫോൺ കാളുകളിൽ കൂടിയാണ് ഞാനയാളെ അറിയാൻ തുടങ്ങിയത്.ഹൃദയം നിറയെ സ്നേഹം നിറഞ്ഞൊരു മനുഷ്യൻ. സ്നേഹിക്കപെടുക എന്ന ഫീൽ എന്താണെന്നു ഞാൻ മനസിലാക്കിയത് അയാളിൽ നിന്നാണ്. അതിന്റെ സന്തോഷവും ആത്മാർത്ഥതയും ഞാൻ അറിഞ്ഞതും ആനന്ദിലൂടെ ആയിരുന്നു.ഒരുപാട് സംസാരിക്കുന്ന, ഒരുപാട് വായിക്കുന്ന, കുറച്ചൊക്കെ എഴുതുന്ന, ഒരുപാട് സ്നേഹിക്കാൻ അറിയാവുന്ന, ചെറിയ കാര്യങ്ങളിൽ പോലും പെട്ടന്നു സങ്കടം വരുന്ന ഒരു മനുഷ്യൻ. എന്നോട് ഒരുപാട് സംസാരിക്കും പോലെതന്നെ എന്നെ ഒരുപാട് കേൾക്കുകയും ചെയ്യും, എന്റെ എല്ലാ പൊട്ടത്തരവും, ഇഷ്ടങ്ങളും, ആഗ്രഹങ്ങളും എല്ലാം...... ഒരു വാക്കിനപ്പുറം എന്റെ ശബ്ദം മാറിയാൽ പോലും ആനന്ദിന്റെ ഹൃദയം പിടിക്കുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു.ഇത്രയും നാൾ ഞാൻ കാത്തിരുന്നത് വെറുതെ ആയില്ലെന്നൊരു തോന്നൽ, അത് ഇങ്ങനൊരാളെ എന്റെ ജീവിതത്തിൽ എത്തിക്കാൻ വേണ്ടി ആയിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

    വീട്ടുകാരുടെ സമ്മതം കൂടെയുള്ളത് കൊണ്ട് കാണലും മിണ്ടലും എല്ലാം നല്ലരീതിയിൽ തന്നെ നടന്നു പോന്നു. അങ്ങനെയിരികെയാണ് ഒരു ദിവസം സംസാരത്തിനിടയിൽ കന്യാകുമാരി കാണണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹം ഞാൻ ആനന്ദിനോട്‌ പറയുന്നത്. അതിനെന്ത കല്യാണം കഴിഞ്ഞു പോകാമല്ലോ എന്നായിരുന്നു ആനന്ദിന്റെ മറുപടി.

        പക്ഷേ കല്യാണം കഴിഞ്ഞാൽ എനിക്ക് ഭർത്താവിന്റെ കൂടെയല്ലേ പോകാൻ പറ്റൂ. എനിക്ക് അതിന് മുൻപ് ഞാൻ പ്രണയിക്കുന്ന ആളുടെ കൂടെ പോകണമെന്ന് ഞാനും.
അവസാനം എന്റെ വാശിക്ക് മുൻപിൽ ആനന്ദ് തോറ്റു തന്നു. 

      എന്നോ മനസ്സിൽ കയറി കൂടിയ ആഗ്രഹം ആണ് കന്യാകുമാരി. പ്രിയപ്പെട്ടോരാളുടെ കൈ പിടിച്ചു ഉദയവും അസ്തമയവും കാണുക എന്നുള്ളത്. വീട്ടുകാരുടെ കയ്യും കാലും പിടിച്ചു അവസാനം സമ്മതം കിട്ടി. അങ്ങനെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി ഞങ്ങൾ കന്യാകുമാരിയിലേക്ക് തിരിച്ചു...... ആ സ്വപ്ന യാത്രയിലേക്ക്......

                                            ( തുടരും )

                                     ✍️ വാക



പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top