ഒരിക്കൽ കൂടി.... ( കഥ , ലാസ്റ്റ് പാർട്ട്‌ )

Valappottukal



        ചിന്തകൾ വീണ്ടും കാടുകയറാൻ തുടങ്ങിയതോടെയാണ് ഡോക്ടർ ലോബിയിൽ വെയിറ്റ് ചെയ്യുന്ന കാര്യം ഓർമയിലേക്ക് വന്നത്. വേഗം തന്നെ ബാത്‌റൂമിലേക്ക് നടന്നു ഫ്രഷ്‌ ആയി ഡ്രെസ് മാറി ലോബിയിലേക്ക് നടന്നു.
അവിടെ എത്തിയപ്പോഴാകട്ടെ ഡോക്ടർ പേപ്പറിൽ മുഖം പൂഴ്ത്തി ഇരിക്കുന്നു.

" ഡോക്ടർ..." 

" ആ താൻ വന്നോ?, വാ പോകാം ഇപ്പോൾ തന്നെ ലേറ്റ് ആയി." 

       അതും പറഞ്ഞു ഡോക്ടർ പേപ്പർ മടക്കി അവിടെതന്നെ വച്ചു എണീറ്റു. ഞങ്ങൾ പതുക്കെ നടന്നു തുടങ്ങി.... വലിയ മാറ്റം ഇല്ലാത്ത വഴികൾ... അന്ന് കണ്ടത് പോലെ കടൽത്തീരം നിറയെ ആളുകൾ, വഴിയോര കച്ചവടക്കാർ..... ഒന്നിനും മാറ്റം ഇല്ലെന്ന് തോന്നി.... വന്നും പോയും ഇരിക്കുന്ന ആളുകൾക്കല്ലാതെ.....നടന്നു അധികം ആളുകൾ ഇല്ലാത്ത ഇടത്തു ചെന്നു നിന്നു. പതിയെ ഉദിച്ചു വരുന്ന സൂര്യനിലേക്കും കടലിലേക്കും മിഴി നട്ടിരുന്നു...

" ഡോക്ടർ... ഞാൻ അൽപ സമയം തനിച്ചിരുന്നോട്ടെ...." 

         ആളുടെ മുഖത്തു നോക്കാതെയാണ് ചോദിച്ചത്....

."  മ്മ്മ്... കുറച്ചു നേരം മാത്രം..... ഞാൻ ദേ ആ റെസ്റ്റോറന്റ്ൽ കാണും. അങ്ങോട്ട് വന്നാൽ മതി." 
 
       പ്രിയയോട് അങ്ങനെ പറഞ്ഞു ഞാൻ അവിടേക്ക് നടന്നു. ഒരു ചായ പറഞ്ഞു വെറുതെ പ്രിയ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി.... കണ്ടാൽ തന്നെ അറിയാം ആൾ മാത്രം ഇവിടെ യുള്ളൂ മനസ് വേറെങ്ങോ ആണെന്ന്....
 
        ആദ്യമായി പ്രിയയെ കണ്ടത് ഓർമയിൽ വന്നു. അന്ന് op സുഹൃത്ത് ആയ ഡോക്ടർ അനിലിന്റെ കാബിനിൽ ഇരിക്കുമ്പോഴാണ്  ഒരു സൂയിസൈഡ് കേസ്‌ ഉണ്ടെന്ന്  നേഴ്സ് വന്നു പറഞ്ഞത്. എന്നോട് അവിടെയിരിക്കാൻ പറഞ്ഞ ശേഷം അവൻ ആ കേസ്‌ അറ്റൻഡ് ചെയ്യാൻ പോയി. എന്നാൽ ഞാൻ റൗണ്ട്സ് കഴിഞ്ഞു വന്നേക്കാമെന്നും പറഞ്ഞു ഞാനും അവിടെ നിന്നിറങ്ങി. പക്ഷേ കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ എന്നെ കാണാൻ വന്നു. അന്ന് സൂയിസൈഡ് ചെയ്യാൻ ശ്രമിച്ച ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് സെഷൻ കൊടുക്കണമെന്ന് പറയാൻ വേണ്ടിയാണ് അവൻ വന്നത്. അത്യാവശ്യകാര്യങ്ങൾ ചോദിച്ച ശേഷം അവരുടെ പേരെന്റ്സ് നോട്‌ വന്നു കാണാൻ പറഞ്ഞു.
 അങ്ങനെയിരിക്കെ രണ്ടു ദിവസങ്ങൾക്കു ശേഷം ആണ് അവരെന്നെ കാണാൻ വരുന്നത്.

അന്നാണ് പ്രിയയെ കുറിച്ച് ഞാൻ അറിയുന്നത്.
അത്യാവശ്യം നല്ല സാഹചര്യത്തിൽ വളർന്ന, പഠിപ്പുള്ള, ജോലിയുള്ള ഒരു പെൺകുട്ടി. വീട്ടുകാർ കണ്ടു പിടിച്ച ആളുടെ കൂടി കന്യാകുമാരിക്ക് പോയതും, തിരികെ വരും വഴി ഉണ്ടായ ആക്‌സിഡന്റിൽ അവളുടെ കണ്മുന്നിൽ വച്ചു അയാൾ മരിച്ചതും, അതിന് ശേഷം ബന്ധുക്കളുടെയും മറ്റും കുറ്റപെടുത്തലും കുത്തുവാക്കും സഹിക്കാൻ കഴിയാതെ ആത്മഹത്യക്ക് ശ്രമിച്ചതുമെല്ലാം നിറകണ്ണുകളോടെ ആണ് അവർ പറഞ്ഞവസാനിപ്പിച്ചത്. ആനന്ദിന്റെ വീട്ടുകാർ ആരോ കല്യാണത്തിന് മുൻപ് ഒരുമിച്ചു താമസിച്ചു ദേവിയെ കണ്ടത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും എല്ലാം അവളുടെ ദോഷം കൊണ്ടാണെന്നുമൊക്കെ പറഞ്ഞ ആ ദിവസമാണ് അവൾ സ്വയം ഇല്ലാതാവാൻ തുനിഞ്ഞത്.

      അന്ന് അവരോട് അത്യാവശ്യ കാര്യങ്ങൾ എല്ലാം സംസാരിച്ചു വിട്ടു. അടുത്ത സെഷനിൽ പ്രിയയെ കൂട്ടി വരാൻ പറഞ്ഞു. ആദ്യമാദ്യം പ്രിയ ഒട്ടും സഹകരിച്ചിരുന്നില്ല. ഒന്ന് മിണ്ടാൻ പോലും. അത്രയേറെ അവൾ തകർന്നു പോയിരുന്നു, മറ്റൊരു തരത്തിൽ പറഞ്ഞാൽ ആനന്ദിനോടുള്ള അവളുടെ ഇഷ്ടമാണ് അവളെ തകർത്തു കളഞ്ഞത്. അവൾ കാരണമാണ് അവൻ മരണപെട്ടതെന്ന ചിന്തയിൽ നിന്നും പുറത്തു വരുത്തുക എന്നുള്ളതായിരുന്നു എന്റെ ആദ്യത്തെ ശ്രമം. പതിയെ പതിയെ അവൾ എന്നോട് പ്രതികരിച്ചു തുടങ്ങി, സംസാരിച്ചു തുടങ്ങി, എന്നാൽ ആദ്യവും അവസാനവും എല്ലാം ആനന്ദ് എന്ന വ്യക്തിയിൽ ആയിരുന്നു എത്തിചേർന്നത്. പതിയെ ഹോസ്പിറ്റലിൽ വച്ചുള്ള കാണൽ ഒഴിവാക്കി ഞങ്ങൾ പുറത്തു വച്ചു കാണാൻ തുടങ്ങി, കൂടുതൽ സംസാരിക്കാനും ഇടപഴകാനും തുടങ്ങി. അവൾക്ക് ഞാൻ ഡോക്ടർ എന്നതിലും ഉപരി നല്ലൊരു സുഹൃത്ത് ആയിരുന്നു. പക്ഷേ എനിക്ക് അവൾ എന്റെ ജീവനായി മാറിയിരുന്നു.
 
        പരിചയപെട്ടു മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് അങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് തന്നെ ഞാൻ തിരി ച്ചറിയുന്നത്. പക്ഷേ എല്ലാവരിലുംഅധികം അവളുടെ മനസും ആനന്ദിനോട് ഉള്ള സ്നേഹവും അറിയാവുന്ന എനിക്ക് അവളോട് എന്റെ ഇഷ്ടം പറയാൻ ഭയമായിരുന്നു. പക്ഷേ നഷ്ടപ്പെടുത്താനും കഴിയില്ലായിരുന്നു. അങ്ങനെ രണ്ടും കല്പിച്ചാണ് അവളുടെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കുന്നത്. വിചാരിച്ചത് പോലെ അവളുടെ മറുപടി താല്പര്യമില്ല എന്നത് തന്നെ ആയിരുന്നു. പിന്നീട് അവൾ എന്നെ കണ്ടുമുട്ടുന്നത് സംസാരിക്കുന്നത് എല്ലാം ഒഴിവാക്കി. ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ഏകദേശം ഒരു വർഷത്തോളം ഞങ്ങൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.

     പക്ഷേ എനിക്കവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടായില്ല. കാത്തിരിക്കും തോറും അത് കൂടുകയാണ് ഉണ്ടായത്. അങ്ങനെയിരിക്കയാണ് അപ്രതീക്ഷിതമായി അവൾ എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നതും വിവാഹത്തിന് സമ്മതം ആണെന്ന് പറയുന്നതും. അതിനുള്ള അവളുടെ കാരണം ഞാനെന്ന സുഹൃത്തിനെ നഷ്ടപ്പെടുത്താൻ അവൾ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു. എന്നും ഞാൻ അങ്ങനെ ആയിരിക്കണംi എന്നൊരു വാക്കും കൂടെ എന്നിൽ നിന്നും അവൾ വാങ്ങി.

  പിന്നീട് കാര്യങ്ങളെല്ലാം പെട്ടന്നായിരുന്നു. അതിനിടയിലാണ് ഒന്ന് കൂടെ കന്യാകുമാരിക്ക് വരണം എന്ന ആഗ്രഹം അവൾ പങ്കുവച്ചത്. ഏറെ പണിപെട്ടാണ് എല്ലാവരുടെയും സമ്മതം വാങ്ങി ഇന്നിവിടെ എത്തിയതും. ഇനി ഒരാഴ്ച കൂടെ ഉണ്ട്‌ വിവാഹത്തിന്. എത്രയൊക്കെ പറഞ്ഞാലും പെട്ടന്നൊന്നും അവൾ ആനന്ദിനെ മറക്കില്ല, ആ സ്നേഹവും പോകില്ല.. പക്ഷേ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് അവളിൽ പൂർണമായും ഞാൻ നിറയും വരെ, എന്റെ സ്നേഹം നിറയും വരെ....

" ഡോക്ടർ നമുക്ക് പോകാം....."

            പ്രിയയുടെ വിളിയാണ് എന്നെ തിരിച്ചു കൊണ്ട് വന്നത്...

" തനിക്കു ചായ വേണോ....? "

"വേണ്ട...."

"എന്നാൽ നമുക്ക് പോകാം...."

          പതിയെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി... ചേർന്നു നടക്കും നേരം പതിയെ ഞാനവളുടെ കൈ പിടിച്ചു, എന്നോട് ചേർത്തു നിർത്തി...ഇനിയൊരിക്കലും കൈ വിടില്ലെന്നു പറയും പോലെ.... എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം ആ കയ്യിൽ ഒന്നുടെ അവൾ മുറുകെ പിടിച്ചു....

            കടലിനെയും കന്യാകുമാരിയെയും സാക്ഷിയാക്കി ഞങ്ങൾ തിരികെ നടന്നു..... ഞങ്ങളിലേക്ക്... ഞങ്ങളുടെ പുതിയ ജീവിതത്തിലേക്ക്.....

                                     ശുഭം
To Top