രചന: Bhavini
"ഡീ നന്ദു, ഒന്നു വേഗം വരുന്നുണ്ടോ നീ?"കപട ഗൗരവത്തോടെ ഉള്ള ചോദ്യം കേട്ട്കൊണ്ടാണ് നന്ദന ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്.
"ഞാൻ ദേ വന്നല്ലോ."മുന്നിൽ നിൽക്കുന്ന ചേച്ചിയെ നോക്കി പറഞ്ഞുകൊണ്ട് അവൾ തല തോർത്താൻ തുടങ്ങി. ധൃതിയിൽ ഒരുങ്ങുന്നതിനിടയിൽ അവൾ അടുത്ത് നിൽക്കുന്ന നിവേദയെ പാളി നോക്കി.ഒരു സിംപിൾ ചുരിദാർ ആണ് വേഷം. അരയോളം എത്തുന്ന നീണ്ട മുടിയിഴകൾ ഇഴയെടുത്ത് ചെറിയ ക്രാബ് ഇട്ടിട്ടുണ്ട്. വെളുത്ത ഐശ്വര്യം നിറഞ്ഞ മുഖത്ത് ചെറിയൊരു പൊട്ട് മാത്രം. മറ്റ് ചമയങ്ങൾ ഒന്നുമില്ല.
ആകെ ആ മുഖത്തിനു ചേരാത്തത് തന്നെ നോക്കുമ്പോൾ വരുത്തി കൂട്ടിയ ദേഷ്യമാണ്. അവൾ വേഗം ചെന്ന് നിവേദയുടെ രണ്ടു കവിളും വലിച്ചു വിട്ടു."ഒന്നു ചിരിക്കെന്റെ ചേച്ചി കുട്ടീ...."
നന്ദുവിന്റെ
ആ പ്രവർത്തിയിൽ അവളും ചിരിച്ചു പോയി."ആഹാ പെർഫെക്ട്... ഇപ്പൊ ഒന്നുടെ സുന്ദരിയായി.
കണ്ണാടിയുടെ മുൻപിൽ ചാഞ്ഞും ചെരിഞ്ഞും നിന്ന് ഇട്ടിരുന്ന പട്ടു പാവാടയുടെ ഭംഗി നോക്കുന്നതിനിടയിലാണ് തോളിലൊരു അടി വീണത്."ഒന്ന് വാ എന്റെ കുഞ്ഞേ. സന്ധ്യക്ക് മുൻപ് പോയിട്ടു വരാം."
അവളുടെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ ശ്രീദേവി മുറ്റത്ത് നിൽപുണ്ടായിരുന്നു.
ഇതാണ് രഘുരാമന്റെ കുടുംബം. ഭാര്യ ശ്രീദേവി. മൂന്നു മക്കൾ. മൂത്തവൾ നിവേദ.ബി കോം ഫൈനൽ ഇയർ പഠിക്കുന്നു.പിന്നെ ഇരട്ടകളായ നന്ദനയും നിതിനും. രണ്ടുപേരും പ്ലസ് ടു വിനു പഠിക്കുന്നു.രഘുരാമൻ ടൗണിൽ ഒരു ഇലക്ട്രിക് ഷോപ്പ് നടത്തുന്നു. ശ്രീദേവി ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി വീട്ടമ്മയായി ഒതുങ്ങി കൂടി. ശ്രീദേവിയുടെ അമ്മ രമണിയും ഇവരോടൊപ്പമാണ് താമസം.
അമ്മയോട് യാത്ര പറഞ്ഞ് അവർ ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങി.
രണ്ടുപേരും അടുത്തുള്ള ദേവി ക്ഷേത്രത്തിലേക്കാണ് പോക്ക്.റോഡിൽ നിന്ന് ശ്രദ്ധയോടെ അവർ പാട വരമ്പിലേക്ക് ഇറങ്ങി. അതു വഴി പോയാൽ വേഗം അമ്പലത്തിൽ എത്താം. അവധി ദിവസങ്ങളിൽ പതിവാണ് ഈ ക്ഷേത്രദർശനം.ചേച്ചിയും അനിയത്തിയും ആണ് എപ്പോഴും ഒരുമിച്ച്. നിതിൻ അവധി ദിവസങ്ങളിൽ അച്ഛനോടൊപ്പം ഷോപ്പിൽ പോകും. അവൻ ഇപ്പോഴേ അവിടത്തെ കാര്യങ്ങൾ നോക്കുന്നത് രഘുവിനും സന്തോഷമാണ്.
🥀🥀 🥀🥀 🥀🥀 🥀🥀
അമ്പല നടയിലെ ആൽത്തറയിൽ പാടത്തേക്ക് നോക്കി ഇരിക്കുകയാണ് ഹരികൃഷ്ണൻ. ഒപ്പം കളി കൂട്ടുകാരൻ മനുവും ഉണ്ട്.രണ്ടുപേരും ചെറുപ്പം മുതൽ ഒന്നിച്ചാണ്.വീടുകളും അടുത്തടുത്താണ്. ഹരിയുടെ വീട്ടിൽ അമ്മ മാത്രമേ ഉള്ളു. ഇളയ പെങ്ങളുടെ കല്യാണം കഴിഞ്ഞു.അവന്റെ അച്ഛൻ സുധാകരൻ ലോറി ഡ്രൈവർ ആയിരുന്നു. ഹരി ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു ലോഡുമായി പോയ സുധാകരന്റെ ലോറി മറിഞ്ഞു എന്ന വാർത്ത കേൾക്കുന്നത്.
രണ്ടു ദിവസം ജീവിതത്തിനും മരണത്തിനുമിടയിൽ ആശുപത്രിയിൽ കിടന്ന സുധാകരൻ അടുത്ത ദിവസം ലോകത്തോട് വിട പറഞ്ഞു. കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത ഹരി ഓട്ടോ ഓടിക്കാൻ തുടങ്ങി. അതിനൊപ്പം തന്നെ സമയം കണ്ടെത്തി അവൻ പഠിക്കുന്നുമുണ്ട്.
"ദേ ഡാ നിന്റെ പ്രിയതമ വരുന്നു."മനുവിന്റെ പറച്ചിലിനൊപ്പം ഹരിയുടെ കണ്ണുകൾ മുന്നിലേക്ക് നീണ്ടു.
ദൂരെ നിന്നു വരുന്ന നിവേദയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.
സായാഹ്ന വെയിലിൽ വെട്ടി തിളങ്ങുന്ന അവളുടെ കല്ല് വച്ച കുഞ്ഞു ജിമുക്കിയും ഇളം കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളും കാണെ അവന്റെ ഉള്ളം അവളോടുള്ള പ്രണയത്താൽ നിറഞ്ഞു.
അവർ നടന്ന് അടുത്ത് എത്താറായതും മനുവിനോട് പറഞ്ഞിട്ട് ഹരി മെല്ലെ അവിടെ നിന്ന് എഴുന്നേറ്റ് അമ്പലത്തിനകത്തേക്ക് നടന്നു.
ചെരിപ്പ് അഴിച്ചു വയ്ക്കുന്നതിനിടെ നിവേദയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ആരെയോ തിരഞ്ഞു.അപ്പോഴേക്ക് നന്ദു അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറിയിരുന്നു. ശ്രീകോവിലിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ തൊട്ടു പിന്നിൽ പ്രിയപെട്ടവന്റെ സാമീപ്യം അവൾ അറിയുന്നുണ്ടായിരുന്നു.തിരുമേനിയിൽ നിന്ന് തീർത്ഥവും പ്രസാദവും വാങ്ങി പുറത്തേക്ക് ഇറങ്ങുവോളം ആ ഒരു സ്നേഹ വലയം അവൾക്ക് ചുറ്റിലും ഉണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ആരും കാണാതെ ഒരു ചെറു പുഞ്ചിരിയിലും നോട്ടത്തിലുമായി ഒരായിരം പ്രണയ സന്ദേശങ്ങൾ ഇരുവരും കൈമാറി.നന്ദുവാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ കലപില കൂട്ടി നടന്നു.പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി.ഒരു വശത്തായി നിൽക്കുന്ന ചെമ്പക മരത്തിൽ ചാരി നിന്ന് കണ്ണെടുക്കാതെ നോക്കുന്നുണ്ട്. നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞ നിമിഷം അവൾക്കായി ഒരു നിറഞ്ഞ പുഞ്ചിരി അവന്റെ ചൊടികളിൽ വിരിഞ്ഞു. തന്റെ നോട്ടത്താൽ ആകെ ചുവന്നു പോയ അവളെ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് അവൻ തിരിഞ്ഞു നടന്നു.
" നിവിയേച്ചി...ദേ നോക്കിയേ... മഴ വരുന്നു."നന്ദുവിന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് പുറത്തേക്കിറങ്ങി.
ഒന്ന് രണ്ടു മഴത്തുള്ളികൾ കയ്യിൽ വീണപ്പോഴാണ് മഴ പെയ്യാൻ തുടങ്ങി എന്ന് മനസിലായത്."അയ്യോ ദേ പെയ്യുന്നു.. കുട എടുത്തില്ലല്ലോ ചേച്ചീ. വെള്ളത്തുള്ളികൾ വീണ പട്ടു പാവാട നോക്കി നന്ദു സങ്കടപെട്ട് നിന്നു.
"നിവി... നന്ദു..."മുന്നിലെ റോഡിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ടാണ് രണ്ടാളും അങ്ങോട്ട് നോക്കിയത്.ഒരു കാറിന്റെ ഉള്ളിൽ ഇരുന്ന് തല പുറത്തേക്ക് ഇട്ടു വിളിക്കുന്ന ആളെ കണ്ട് രണ്ടു പേരുടെയും കണ്ണുകൾ വിടർന്നു.അപ്പച്ചി.രഘുവിന്റെ ഇളയ പെങ്ങളാണ്.രാധിക. കൂടെ അവരുടെ ഭർത്താവ് ദിനേശനും ഉണ്ട്.
"മഴ നനയല്ലേ. വന്ന് വണ്ടിയിൽ കയറ്."ദിനേശന്റെ ശബ്ദം കേട്ട് രണ്ടു പേരും ഓടി കാറിൽ കയറി.അത് കഴിഞ്ഞാണ് ഫ്രണ്ടിൽ മാമനൊപ്പം ഇരിക്കുന്ന ആളെ കണ്ടത്. അഭിജിത്. അവരുടെ മൂത്ത മകൻ.എം ബി എ ഫൈനൽ ഇയർ പഠിക്കുന്നു.ഇളയ മകൾ അനഘ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗിന് പഠിക്കുന്നു.ദിനേശൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആണ്.
"അപ്പച്ചി എന്താ ഈ സമയത്ത്. കുറച്ചു കൂടി നേരത്തെ ഇറങ്ങായിരുന്നില്ലേ?"
"അതേ. ഇതിപ്പോ സന്ധ്യ ആയിന്നു പറഞ്ഞു വേഗം തിരിച്ച് പോവും."നന്ദുവിന് അതായിരുന്നു സങ്കടം.
"ഞങ്ങളൊരു കല്യാണത്തിന് പോയിട്ട് വരുന്ന വഴിയാ മക്കളെ.അമ്പലത്തിന്റെ മുന്നിൽ എത്തിയപ്പോഴാ നിങ്ങളെ കണ്ടത്."
നിവേദയും നന്ദുവും കാറിൽ കയറി പോവുന്നതും നോക്കി ഹരി നിന്നു. അവളോട് ഒരു വാക്ക് പോലും മിണ്ടാൻ പറ്റിയില്ലല്ലോ എന്നോർക്കവേ അവനെ ഒരു നൊമ്പരം വന്നു മൂടി.കുറച്ചു മാസങ്ങളായി പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ട്. നേരിട്ടു കാണുമ്പോൾ സംസാരം കുറവാണ്. ഫോണിൽ വിളിച്ചാലും അങ്ങനെ തന്നെ. വാട്സ് ആപ്പ് മെസ്സേജിലൂടെയാണ് അധികവും സംസാരം. ഭയമാണ് ആരെങ്കിലും അറിഞ്ഞാൽ എന്താവും എന്ന് ആലോചിച്ച്. നിവിയുടെ അച്ഛൻ വളരെ കർക്കശക്കാരനാണ്.വെറുമൊരു ഓട്ടോ ഡ്രൈവർ ആയ തനിക്ക് ഒരിക്കലും അദ്ദേഹം മകളെ കൈപിടിച്ച് തരില്ല. നല്ലൊരു ജോലി ആദ്യം കണ്ടെത്തണം. അതുവരെ ആരും ഒന്നും അറിയാതെ മുന്നോട്ട് പോവുന്നതാണ് നല്ലത്. ഒത്തിരി സ്നേഹിച്ചു പോയി. ഇനി പിരിയുന്ന കാര്യം ആലോചിക്കാൻ വയ്യ.
"നീ വന്നേ.. ഞാൻ വീട്ടിലാക്കാം." ബൈക്കിൽ കയറി ഇരുന്നു കൊണ്ട് മനു പറഞ്ഞു. മനുവിനറിയാം ഇനിയും അവനെ ഇങ്ങനെ വിട്ടാൽ ഓരോന്ന് ചിന്തിച്ച് കാട് കയറും.അവനോളം തന്നെ അറിയുന്ന മറ്റൊരാളില്ല. അവന്റെ പിന്നിൽ കയറുമ്പോൾ ഹരി ഓർത്തു.
🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
വീടിനു മുൻപിൽ വണ്ടി വന്ന ശബ്ദം കേട്ടപ്പോൾ ശ്രീദേവി മുറ്റത്തേക്ക് ഇറങ്ങി വന്നു. അതിഥികളെ കണ്ട് അവർ ഒരു ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി വന്നു.
"ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ? ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ?"
അപ്പോഴാണ് നിവിയും നന്ദുവും കാറിൽ നിന്ന് ഇറങ്ങിയത്.
"ആഹാ നിങ്ങൾ എവിടെ വച്ചാ കണ്ടത്?"
"അത് ആ അമ്പലത്തിന്റെ മുൻപിൽ വെച്ച് കണ്ടതാ."
" എല്ലാവരും അകത്തേക്ക് വാ."ശ്രീദേവി രാധികയുടെ കൈ പിടിച്ചു വീട്ടിലേക്ക് കയറി.
ശബ്ദം കേട്ട് രമണിയമ്മ പുറത്തേക്ക് വന്നു."ജിത്തുട്ടാ..... എത്ര നാളായി ഈ വഴി വന്നിട്ട്. "അവർ അരുമയോടെ അവന്റെ കവിളിൽ തലോടി.
അത് കണ്ട് കുശുമ്പ് കുത്തിയ നന്ദു മുഖം വീർപ്പിച്ച് കൊണ്ട് മുകളിലേക്ക് കയറി പോയി.
അൽപ സമയം സംസാരിച്ചിരുന്നിട്ട് ഡ്രസ്സ് മാറാനായി നിവേദയും മുകളിലേക്ക് കയറി പോയി.
അവിടെ ചെന്നപ്പോൾ കണ്ടു നന്ദു പട്ടു പാവാട ഒക്കെ മാറ്റി ഒരു ത്രീ ഫോർത്തും ടി ഷർട്ടും ഇട്ട് നിൽക്കുന്നു. ലയർ കട്ട് ചെയ്‌ത മുടി ഒന്നാകെ വാരി ഉച്ചിയിൽ കെട്ടി വച്ചുകൊണ്ട് അവൾ പറഞ്ഞു
"വേഗം വായോ നിവിയേച്ചി. അവരൊക്കെ ഉള്ളത് കൊണ്ട് ഇന്ന് അമ്മമ്മയുടെ വക സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാവും."
നന്ദു ഇറങ്ങി പോയ ഉടനെ നിവി വാതിൽ ലോക്ക് ചെയ്തു. ഫോണും കയ്യിൽ എടുത്ത് ബെഡിലേക്ക് ഇരുന്നു.ഹരിയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതിൽ വയ്ക്കുമ്പോൾ അവളുടെ ഹൃദയം തുടിച്ചു.ബെല്ലടിച്ചു തുടങ്ങുമ്പോഴേക്ക് അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്തിരുന്നു.
"നിവി...."കാറ്റുപോലെ ഹരിയുടെ സ്വരം അവളുടെ കാതിൽ വന്നടിച്ചു.
മറുപടിയായി നേർത്ത ഒരു മൂളൽ മാത്രം അവളിൽ നിന്നുണ്ടായി.
"നിന്നെ കണ്ണ് നിറയെ കാണാൻ പോലും പറ്റിയില്ലല്ലോ പെണ്ണെ."അത്രമേൽ ആർദ്രമായ അവന്റെ സ്വരം കേൾക്കവേ അവളുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.
"ഹരിയേട്ടാ... അത് നന്ദു കൂടെ ഉണ്ടായതുകൊണ്ടല്ലേ. "ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവളുടെ നേർത്ത സ്വരത്തിൽ അവന്റെ പരിഭവമെല്ലാം അലിഞ്ഞു പോയി.
അല്പസമയം സംസാരിച്ച ശേഷം ഫോൺ വയ്ക്കുമ്പോൾ രണ്ടുപേരുടെ മനസും ശാന്തമായിരുന്നു.അതിന്റെ പ്രതിഫലനമെന്നോണം ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.ഫോൺ ഓഫ് ചെയ്ത് ടേബിളിൽ വച്ചുകൊണ്ട് അവൾ എഴുന്നേറ്റു.ഇനിയും താഴേക്ക് കണ്ടില്ലെങ്കിൽ അമ്മ അന്വേഷിച്ച് ഇങ്ങോട്ട് വരും. ഒരു ടോപ്പും ലോങ്ങ് സ്കെർട്ടും എടുത്തിട്ട് അവൾ താഴേക്ക് ഇറങ്ങി.മാമൻ ന്യൂസ് കാണുന്നുണ്ട്. നന്ദു അവിടിരുന്ന് ഓരോന്ന് പറഞ്ഞു ജിത്തുവിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. രണ്ടും പരസ്പരം എപ്പോ കണ്ടാലും കീരിയും പാമ്പും പോലാണ്.
"എന്റെ പൊന്നു നിവി... ഇതിനെ ഞാൻ തല്ലി കൊല്ലണ്ടെങ്കിൽ ഒന്ന് വിളിച്ചോണ്ട് പോ."നിവിയെ കണ്ടതും രണ്ടു കയ്യും കൂപ്പി ജിത്തു പറഞ്ഞു.
"ഇതിനെ എന്നും ഞങ്ങള് സഹിക്കുവല്ലേ. കുറച്ചു സമയം ജിത്തുവേട്ടൻ അനുഭവിച്ചോ."കുറുമ്പോടെ അവനോടു പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി.
അവിടെ ശ്രീദേവി ചായ ഉണ്ടാക്കുന്നു.രമണിയമ്മ രാധികയുമായി സംസാരിച്ചിരിപ്പുണ്ട്.നിവി വേഗം കപ്പുകൾ കഴുകി ഒരു ട്രെയിലേക്ക് വെച്ച് അതിൽ ചായ പകർന്നു.ശ്രീദേവി ഒരു പ്ലേറ്റിൽ ചിപ്സ് എടുത്തു വയ്ക്കുമ്പോഴേക്ക് നന്ദു അതിൽ നിന്ന് ഒരു പിടി വാരിക്കൊണ്ട് പുറത്തേക്ക് ഓടി.ഓടി ഹാളിൽ എത്തിയവൾ കയ്യിൽ കുറച്ചു കവറുകളുമായ് കയറി വന്ന നിതിനുമായി കൂട്ടിയിടിച്ചു കവറുകളെല്ലാം താഴെ പോയി. പിന്നെ അവര് തമ്മിലായി അങ്കം.പിന്നാലെ കയറി വന്ന രഘുവിനെ കണ്ടതും അവൾ നല്ല കുട്ടിയായി അതൊക്ക പെറുക്കി എടുത്ത് അടുക്കളയിൽ കൊണ്ട് വച്ചു.
എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടി കഴിഞ്ഞ് അവരൊക്കെ പോകാൻ ഇറങ്ങി.
"എന്തായാലും നാളെ എല്ലാവർക്കും അവധി അല്ലേ. ഇന്നിനി രാത്രി ഇവിടെ കൂടാം."എന്ന രഘുവിന്റെ നിർബന്ധ പ്രകാരം അന്ന് അവിടെ തങ്ങാൻ തീരുമാനിച്ചു.
ജിത്തുവിന്റെ കണ്ണിൽ ആയിരം പൂത്തിരി കത്തിച്ച തിളക്കം വന്നു. അത് മറ്റാരും കാണാതെ അതി സമർത്ഥമായ് അവൻ മറച്ചു.
🥀🥀 🥀🥀 🥀🥀 🥀🥀 🥀🥀
(തുടരും)