ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ്, ഒരു സ്ത്രീ, തൻ്റെ ഭർത്താവിൻ്റെ സാന്നിദ്ധ്യം അതിയായി ആഗ്രഹിച്ചു

Valappottukal



രചന:  സജി തൈപ്പറമ്പ്.

മകൾ ഗർഭിണിയാണെന്നറിഞ്ഞ ഡോക്ടർ രേണുക നടുങ്ങിപ്പോയി 

അതിലും വലിയ ഞെട്ടലായിരുന്നു ആരിൽ നിന്നാണവൾ ഗർഭം ധരിച്ചതെന്ന് അവൾക്കോർമ്മയില്ലെന്ന് 
പറഞ്ഞപ്പോൾ

എങ്ങനെയുണ്ടാവാനാണ് ? 
മൂന്നാല് മാസം മുമ്പ് ,കോളേജിൽ നിന്നും   ടൂറ് പോയ മകളും കൂട്ടുകാരികളും മയക്ക് മരുന്നു ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞ് പ്രിൻസിപ്പാൾ തന്നെ കോളേജിലേക്ക് വിളിപ്പിച്ചിരുന്നു

അന്ന് അവൾ തന്നോട് പറഞ്ഞത്
ടേസ്റ്റ് അറിയുവാൻ വേണ്ടി മാത്രം ഒന്ന് രുചിച്ച് നോക്കിയതേയുള്ളു എന്നായിരുന്നു 

പക്ഷേ ,ഇപ്പോൾ പറയുന്നു ,,
അന്ന് ഡ്രഗ്സടിച്ച സമയത്ത്, ബോധരഹിതയായി കിടന്ന അവളെ ആരോ റേപ്പ് ചെയ്‌തതാണെന്ന് ,,

അവളുടെ ഡാഡിയുമായി രേണുക പിണങ്ങി നില്ക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

അല്ലായിരുന്നെങ്കിൽ
തൻ്റെ ഉള്ളിലെ തീയണയ്ക്കാൻ അദ്ദേഹത്തിൻ്റെ പിന്തുണ മാത്രം മതിയാകുമായിരുന്നുവെന്ന് നിരാശയോടെ രേണുക ഓർത്തു.

ആരോടെങ്കിലും തൻ്റെ വേദന പറഞ്ഞില്ലെങ്കിൽ, ഹൃദയം പൊട്ടിപ്പോകുമെന്ന ഘട്ടമെത്തിയപ്പോഴാണ്, താൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഗൈനക് വിഭാഗത്തിലെ ഡോക്ടർ ആശാലതയെ, രേണുക ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്.

നീ പാനിക് ആവേണ്ട കാര്യമൊന്നുമില്ല,,, നാളെ നീ അവളെയും കൊണ്ട്, എൻ്റെ വീട്ടിലേയ്ക്ക് വാ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ, ഞാനത് പരിഹരിച്ച് തരാം,,

ആശാലത, വീട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്,
സ്കാനിങ്ങും, ലാബുമൊക്കെയുള്ള ചെറിയൊരു ആശുപത്രി, എന്ന് വേണമെങ്കിൽ പറയാം,

അവിഹിത ഗർഭങ്ങൾ അലസിപ്പിക്കാൻ, ആശാലത മിടുക്കിയാണെന്ന്, രേണുകയ്ക്കറിയാമായിരുന്നു.

സഹപ്രവർത്തകയിൽ നിന്നും, ഒരാശ്വാസ വാക്ക് കേട്ട സമാധാനത്തിലാണ്, രേണുക അന്ന് ഉറങ്ങാൻ കിടന്നത് .

പിറ്റേന്ന് മകളുമായി ചെന്ന രേണുകയെ പുറത്തിരുത്തി ,ആശാലത മകളോട് വിശദമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിട്ട്, അവളുടെ വീർത്തു തുടങ്ങിയ വയറ് 
സ്കാൻ ചെയ്തു.

റിസൾട്ട് നോക്കി, ആശാലത പറഞ്ഞത് കേട്ട്, രേണുക വിളറിപ്പോയി.

അബോർട്ട് ചെയ്യേണ്ട ഘട്ടമൊക്കെ 
കഴിഞ്ഞ് പോയി രേണുകേ,, ഇനി എന്തെങ്കിലും ചെയ്താൽ മോളുടെ ജീവൻ അപകടത്തിലാകും, അത് കൊണ്ട് മോള് പ്രസവിക്കുന്നത് 
വരെ ,ഇത് രഹസ്യമായി സൂക്ഷിക്കുക, അല്ലാതെ വേറെ വഴിയില്ല,,,

ആശാലതയും കൈയ്യൊഴിഞ്ഞപ്പോൾ ,
എന്ത് ചെയ്യണമെന്നറിയാതെ രേണുക തളർന്നിരുന്നു.

ഇങ്ങനെയുള്ള ഘട്ടങ്ങളിലാണ്, 
ഒരു സ്ത്രീ, തൻ്റെ ഭർത്താവിൻ്റെ സാന്നിദ്ധ്യം അതിയായി ആഗ്രഹിച്ച് പോകുന്നത് ,അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കിൽ, തനിക്കിത്രയും പ്രഷറുണ്ടാവില്ലായിരുന്നു ,
എല്ലാ പ്രതിസന്ധികളെയും അനായാസമായി ഹാൻഡില് ചെയ്യാൻ ,അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു,,

ഇത്തരമൊരു  വിഷമഘട്ടത്തിൽ, ഭർത്താവിൻ്റെ അസാന്നിദ്ധ്യം രേണുകയെ കടുത്ത നിരാശയിലാഴ്ത്തി.

മൊബൈലിൽ ഡിലിറ്റ് ചെയ്യാതെ കിടക്കുന്ന ,ഹസ്ബൻ്റിൻ്റെ നമ്പരിലേയ്ക്ക്, ഉദാസീനതയോടെ അവൾ നോക്കിയിരുന്നു

ഈ സമയത്ത് താൻ വിളിച്ച് കാര്യം പറഞ്ഞാൽ, അദ്ദേഹത്തിൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന ഉത്കണ്ഠ കൊണ്ട്, വിളിക്കാതെ ഫോൺ കൈയ്യിൽ പിടിച്ച്, ചിന്താഭാരത്തോടെ അവളിരുന്നു.

രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞ് കൊണ്ടിരുന്നു ,മനസ്സും ശരീരവും തളർന്ന രേണുകയെ, ഉറക്കം കീഴ്പ്പെടുത്താൻ ഒരുങ്ങുമ്പോഴാണ്, അവളുടെ മൊബൈൽ റിങ്ങ് ചെയ്തത്.

ഞെട്ടിയുണർന്ന രേണുക,
ഡിസ്പ്ളേയിൽ തെളിഞ്ഞപേര് കണ്ട് ,വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും അതിലേക്ക് നോക്കി.

അത് ,അവളുടെ ഭർത്താവ് രവികുമാറിൻ്റെ കോളായിരുന്നു.

ആകാംക്ഷയോടെ, ഡോക്ടർ രേണുക, ഫോൺ അറ്റൻറ് ചെയ്തു.

ങ്ഹാ രേണുകേ,, ഇത് ഞാനാണ്
നിനക്കെന്നെ ഓർമ്മയുണ്ടല്ലോ അല്ലേ?

ഞാൻ, ഞാൻ ,,,മറന്നിട്ടില്ല,,, 
ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്,
ഒരു പാട് ആഗ്രഹിച്ചൊരു ദിവസമാണിന്ന്,,

അവൾ വിതുമ്പലോടെ പറഞ്ഞു.

എനിക്കറിയാം രേണുകേ,,,നീയിപ്പോൾ 
എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്, അതറിഞ്ഞ് കൊണ്ട് തന്നെയാണ്, ഞാനിപ്പോൾ നിന്നെ വിളിച്ചത് ,ആശാലത എന്നെ വിളിച്ചിരുന്നു ,നീയിപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദന, അവളുടെ അച്ഛനായ എനിക്കും കൂടിയുള്ളതാണ്, എത്ര പിണങ്ങിയാലും, ജാനകി നമ്മുടെ രണ്ട് പേരുടെയും മകളല്ലേ? അവൾക്കൊരു വീഴ്ച സംഭവിച്ചാൽ, അതിനൊരു സലൂഷൻ കാണേണ്ടത്, നമ്മളൊരുമിച്ച് നിന്നാണ്,,,

ഹോ ,ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്, പഴയതൊക്കെ മറന്നിട്ട്,  നിങ്ങളൊന്ന് വേഗം ഇങ്ങോട്ട് വരൂ,,

പഴയതൊന്നും ഞാനിപ്പോൾ ഓർക്കുന്നില്ല രേണു,, ഇപ്പോൾ എൻ്റെ മനസ്സിൽ നീയും, മോളും മാത്രമേയുള്ളു, ഞാൻ വീടിൻ്റെ മുന്നിലെത്തി, നീ ഗേറ്റ് തുറക്കു ,,

ഡാഡി വന്നതറിഞ്ഞ് ,
ഞാനകി ഓടി വന്ന് അയാളെ കെട്ടിപ്പിടിച്ചു ,അവരുടെ സ്നേഹം കണ്ട്, അസൂയ മൂത്ത രേണുക, 
രണ്ട് പേരുടെയും ഇടയിലേയ്ക്ക് നുഴഞ്ഞ് കയറി.

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ, നിനച്ചിരിക്കാതെ പെയ്ത മഴയിൽ, അവർ മൂവരും നന്നായി തണുത്തു.

ആ സമയം രേണുകയുടെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു, അത് ഡോക്ടർ ആശാലതയുടെ കോളായിരുന്നു.

രേണുകേ,, ഞാൻ എപ്പോഴും പറയാറില്ലേ? നിങ്ങൾ രണ്ട് പേരിൽ ആർക്കെങ്കിലും ഒരു വിഷമം വന്നാൽ, തീരാവുന്നതേയുള്ളു നിങ്ങൾ തമ്മിലുള്ള പിണക്കമെന്ന് , ഇപ്പോൾ മനസ്സിലായില്ലേ? നിനക്കൊരു ട്രാജഡി സംഭവിച്ചാൽ, സപ്പോർട്ട് നല്കാൻ നിൻ്റെ രവിയേട്ടൻ ഓടിയെത്തുമെന്ന്,,,

മനസ്സിലായി ആശേ,, നീ കൂടെ എന്നെ കൈവിട്ടപ്പോൾ ,രവിയേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയി, 
പക്ഷേ അദ്ദേഹത്തിൻ്റെ പ്രതികരണമെങ്ങനെ ആയിരിക്കുമെന്ന ആശങ്ക കൊണ്ടാണ്, ഞാൻ അദ്ദേഹത്തെ വിളിക്കാതിരുന്നത്,,

ആണല്ലോ? എങ്കിൽ അത് കൊണ്ട് തന്നെയാണ്, ജാനകി മോൾ എന്നോട് കരഞ്ഞ് കൊണ്ട് ആവശ്യപ്പെട്ട കാര്യം, ഞാനൊരു കുറുക്ക് വഴിയിലൂടെ സാധ്യമാക്കി കൊടുത്തത്,,,

ങ്ഹേ,, എന്തൊക്കെയാണാശേ ,,
നീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല,,,

രേണുക ,മൊബൈൽ ഫോണിൻ്റെ സ്പീക്കർ ഓൺ ചെയ്തു.

അവൾക്ക് അവളുടെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കണമെന്ന്,,, അതിന് വേണ്ടി എന്ത് റിസ്ക് എടുക്കാനും അവൾ തയ്യാറാണെന്ന്,,
അവളുടെ ആഗ്രഹം ന്യായമാണെന്ന് തോന്നിയത് കൊണ്ടാണ്, ഞാനും അവളും കൂടി ഇത്തരമൊരു നാടകം കളിച്ചത് ,സംഗതി കുറച്ച് ചീപ്പാണെന്നറിയാം, എന്നാലും സാരമില്ല ,നീ ജാനകിയുടെ സന്തോഷം കണ്ടില്ലേ രേണു ,?അതിലും വലുതാണോ, നിനക്കും രവിക്കും ഇടയിലെ ഈഗോ ?

ഓഹ് സോറീ,, ആശേ,, റിയലി സോറി,, കഴിഞ്ഞ കുറെ മണിക്കൂറുകളായി ഞാൻ അനുഭവിച്ച വേദന ,അത് ക്രിയേറ്റ് ചെയ്യാൻ എൻ്റെ മകള് കൂട്ട് നിന്നെങ്കിൽ ,ഞങ്ങളുടെ പിണക്കം അവളെ എത്രമാത്രം ഹേർട്ട് ചെയ്യിച്ചുവെന്ന് ,എനിക്കിപ്പോൾ മനസ്സിലായി ,താങ്ക് യൂ ആശേ ,, 
ഇനി ഞങ്ങൾ ഒരിക്കലും പിണങ്ങില്ല സത്യം ,,

അത് കേട്ട് രവികുമാർ രേണുകയെയും, മകളെയും ചേർത്ത് പിടിച്ചു ,കഥ 



To Top