നിവേദ്യം തുടർക്കഥ ഭാഗം 3 വായിക്കൂ...

Valappottukal



രചന: Bhavini 

"നിവേദ്യം
Part 3
  സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു. കാറിൽ കയറിയിരുന്ന ഉടനെ നിവേദ സൈലന്റ് മോഡൽ ആയിരുന്ന ഫോൺ എടുത്തു നോക്കി. രണ്ടു മിസ്സ്ഡ് കോളുകളും നാലഞ്ചു മെസ്സേജുകളും ഉണ്ട്. മിസ്കോൾ രണ്ടും വീട്ടിൽ നിന്നാണ്. വാട്സ്ആപ്പ് മെസ്സേജുകൾ ഹരിയുടേത് ആയിരുന്നു.ഹരിയോട് സംസാരിക്കാൻ അവൾക്ക് അതിയായ ആഗ്രഹം തോന്നി. അത് ഉള്ളിൽ ഒതുക്കി വീട്ടിൽ എത്തിയാൽ ഉടനെ വിളിക്കാം എന്ന് മെസ്സേജ് ഇട്ട ശേഷം ഫോൺ ബാഗിൽ വച്ചു. നന്ദു ജിത്തുവുമായി എന്തോ പറഞ്ഞു വഴക്ക് കൂടുന്നു. ബീച്ചിൽ പോവുന്നതിനെ പറ്റി ആണെന്ന് മനസിലായി.


       ബീച്ചിൽ പോയെ പറ്റു എന്ന് നന്ദുവും ലേറ്റ് ആയത് കൊണ്ട് വീട്ടിൽ പോകാമെന്നു ജിത്തുവും.നിതിൻ ഇതിലൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു. അവൻ പൊതുവെ അധികം സംസാരിക്കാറില്ല. മുഖത്ത് എപ്പോഴും ഗൗരവം ഉണ്ടാവും. അല്പമെങ്കിലും അവന്റെ ഒച്ച വീട്ടിൽ ഉയർന്നു കേൾക്കുന്നത് നന്ദുവുമായി തല്ലു പിടിക്കുമ്പോഴാണ്.അച്ഛന്റെ തനി പകർപ്പാണ് അവൻ എന്ന് ചിലപ്പോൾ തോന്നാറുണ്ട്.സ്റ്റീരിയോയിൽ നിന്ന് ഒഴുകുന്ന പാട്ടിനു കാത്തോർത്തു കൊണ്ട് അവൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. ഹരിയുടെ മുഖം മെല്ലെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. ഹരിയും ഒത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് അവൾ ഒരു ചെറു മയക്കത്തിലേക്ക് വീണു.


           💚💚💚💚💚💚💚💚💚
          " നിവിയേച്ചി ഒന്ന് എഴുന്നേറ്റ് വന്നേ.... "വെള്ളത്തിൽ ചവിട്ടി നിന്നുകൊണ്ട് നന്ദു പിന്നിലേക്ക് നോക്കി നിവേദയെ വിളിച്ചു. ഈ പെണ്ണിന് വെള്ളം കണ്ടാൽ പിന്നെ ഭ്രാന്താണ്. മനസ്സിൽ ഓർത്തുകൊണ്ട് നിവേദ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.നിവിനും ജിത്തുവും കൂടെ ഐസ്ക്രീം വാങ്ങാൻ പോയിരിക്കുകയാണ്.
"ഒന്നു വേഗം വാ എന്റെ നിവിയേച്ചി.ജിത്തുവേട്ടൻ കണ്ടാൽ വഴക്ക് പറയും." വീണ്ടും നന്ദുവിന്റെ പരിഭവം നിറഞ്ഞ സ്വരം. ഒരു പുഞ്ചിരിയോടെ നിവേദ അവൾക്ക് അടുത്തേക്ക് വന്നു. മണ്ണിൽ കാലുകൾ പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത കുളിരു തോന്നി. നന്ദു അവളുടെ കൈപിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി. അപ്പോഴേക്കും നന്ദുവിന്റെ ചെവിയിൽ പിടുത്തം വീണിരുന്നു.


   " അയ്യോ എന്റെ ചെവി വേദനിക്കുന്നു.ജിത്തുവേട്ടാ പ്ലീസ്...."
   " നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇപ്പോൾ ഒറ്റയ്ക്ക് വെള്ളത്തിൽ ഇറങ്ങേണ്ട ഞങ്ങളും കൂടെ വന്നിട്ട് മതി എന്ന് . ഒന്നാമത് വെള്ളം കണ്ടാൽ പിന്നെ അവൾക്ക് ചുറ്റും ഉള്ളതിനെ പറ്റി ഒന്നും ഒരു ബോധവും ഇല്ല. നീ ഇവളെ പോലെ ആയോ നിവി? " ഒരു ശാസനയോടെ അവൻ പറഞ്ഞു.
      " അതിന് ഞങ്ങൾ ഒത്തിരി ദൂരത്ത് ഒന്നും പോയില്ലല്ലോ. നന്ദുവും കലിപ്പിലായി."


        " അതെ നിങ്ങൾക്ക് രണ്ടാൾക്കും പിന്നെ വഴക്ക് കൂടാം ഐസ്ക്രീം ഒക്കെ അലിഞ്ഞു പകുതിയായി. "
      അവർ തമ്മിലുള്ള നിനക്ക് ഇപ്പോൾ ഒന്നും തീരില്ല എന്ന് മനസ്സിലായപ്പോൾ നിവേദ ഇടപെട്ടു. അത് കേട്ടതോടെ നന്ദു ഓടി വന്ന് നിതിന്റെ കയ്യിലിരുന്ന ഐസ്ക്രീം തട്ടി പറിച്ചു. അവളെ കണ്ണുരുട്ടി കാണിച്ചതോടെ അവൾ മിണ്ടാതെ ഒരിടത്തു പോയിരുന്നു കഴിക്കാൻ തുടങ്ങി. ബീച്ചിൽ ആയതുകൊണ്ടാവും നിതിൻ മൗനംപാലിച്ചു. വീട്ടിലായിരുന്നു എങ്കിൽ രണ്ടും കൂടെ വീണ്ടും വഴക്ക് തുടങ്ങിയെനെ. നിതിൻ രഘുരാമന്റെ തനി പകർപ്പാണ്. അധികം സംസാരിക്കില്ല അതുപോലെ തന്നെ പെട്ടന്ന് ദേഷ്യവും വരും അവന്. പക്ഷെ ഉള്ളു നിറയെ സ്നേഹവുമാണ്.
          "നിവി.. നിന്റെ കോഴ്സ് കഴിയാറായില്ലേ? ഇനി എന്താ അടുത്ത പരിപാടി?"ജിത്തു ചോദിച്ചു തീരുന്നതിനു മുൻപ് നന്ദുവിന്റെ ഉത്തരം വന്നു.


          "വേറെന്താ, കെട്ടിച്ചു വിടും.ജിത്തുവേട്ടന്റെ കയ്യിൽ നല്ല ചെക്കന്മാർ ഉണ്ടോ?"
   മൂന്നുപേരും നന്ദുവിനെ നോക്കി. നന്ദു ആകട്ടെ ഐസ്ക്രീം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ്.ആരുടെയും ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ട് നന്ദു മെല്ലെ മുഖം ഉയർത്തി നോക്കി.എല്ലാവരും അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ട് അവൾ ഒന്ന് ഇളിച്ചു കാണിച്ചു."അല്ലാ... ഏട്ടന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ എന്നാ ഞാൻ ഉദേശിച്ചത്‌."


    ജിത്തു രണ്ടു കയ്യും എടുത്ത് അവളെ ഒന്ന് തൊഴുതു. എന്നിട്ട് പറഞ്ഞു "ഞാൻ ഇതൊന്നും അല്ല പറഞ്ഞത്. അവൾ പി ജി ചെയ്യുന്ന കാര്യമാ ഉദേശിച്ചത്‌."
      "അത് അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടതാ.... ഡിഗ്രി കഴിഞ്ഞ ഉടനെ തന്നെ നിവിയേച്ചിയുടെ കല്യാണം നടത്തണമെന്ന്."അത് കേട്ടതും നിവേദയുടെ മുഖം മ്ലാനമായി.അത് ശ്രദ്ധിച്ച നിതിൻ നന്ദുവിനെ വഴക്ക് പറഞ്ഞു."ഇവിടിപ്പോ ആവശ്യമില്ലാത്ത സംസാരം എന്തിനാ.നിനക്ക് വേണമെങ്കിൽ ഒരു ഐസ് ക്രീം കൂടെ വാങ്ങി തരാം.ആ തിരു വായൊന്നു അടച്ചു വയ്ക്കാമോ?"


    "എന്നാൽ കുറച്ചു സമയം കൂടെ വെള്ളത്തിൽ കളിക്കാം.വാ ചേച്ചി."അവൾ നിവേദയുടെ കയ്യും പിടിച്ച് ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു.പിന്നാലെ ജിത്തുവും നിതിനും.
            നേരം സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ അവർ വീട്ടിലേക്ക് പുറപ്പെടാൻ തുടങ്ങി.കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു ജോഡി കണ്ണുകൾ അവർ അറിയാതെ അവരെ നിരീക്ഷിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു.പുറത്തു നിന്ന് ഭക്ഷണവും കഴിച്ചിട്ടാണ് അവർ വീട്ടിൽ പോയത്.
             💚💚💚💚💚💚💚💚💚💚
   
            രാത്രി ഹരി വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത്‌  ബൈക്ക് ഇരിക്കുന്നത് കണ്ടു. ഹിമയും ഭർത്താവ് പ്രവീണും വന്നിട്ടുണ്ടാവും. എന്നിട്ട് എന്താ അമ്മ വിളിച്ചു പറയാത്തത് എന്ന് ആലോചിച്ചു കൊണ്ട് അവൻ വീട്ടിലേക്ക് കയറിച്ചെന്നു.
     "ദേ ഹരി എത്തിയല്ലോ."ഹരിയെ കണ്ട ഉടനെ പ്രവീൺ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അകത്തു നിന്ന് അമ്മയും ഹിമയും ഇറങ്ങി വന്നു. "അളിയൻ എപ്പോഴാ എത്തിയത്? വന്നപ്പോൾ എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ?" പ്രവീണിന് അടുത്തേക്ക് ഇരുന്നുകൊണ്ട് ഹരി ചോദിച്ചു.


    " അമ്മ വിളിക്കാം എന്ന് പറഞ്ഞതാടാ. ഇനിയിപ്പോ ഞങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ നീ ഇപ്പോൾ തന്നെ കുറെ കാശ് മുടക്കി എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരും. അതുകൊണ്ട് ഞാൻ തന്നെയാ അമ്മയോട് വിളിക്കേണ്ട എന്ന് പറഞ്ഞത്."
       " നിന്റെ മുഖം എന്താ വല്ലാതിരിക്കുന്നത്? " വലിയ തെളിച്ചം ഒന്നുമില്ലാത്ത ഹിമയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.
   " അത് വേറൊന്നുമില്ല ഹരി. എനിക്ക് എറണാകുളത്തിന് ട്രാൻസ്ഫറായി. അടുത്തയാഴ്ച ജോയിൻ ചെയ്യണം.അവിടെ സ്ഥലം എങ്ങനെ ആണെന്ന് ഒന്നും അറിയില്ലല്ലോ. പോയി അവിടെയൊക്കെ ഒന്നു പരിചയം ആയിട്ട് ഇവളെ കൂടെ കൊണ്ട് പോകാമെന്നാ വിചാരിക്കുന്നത്.അത് പറഞ്ഞപ്പോൾ മുതൽ ഇവളുടെ മുഖം ഇങ്ങനെയാ." പ്രവീൺ അത്രയും പറഞ്ഞതും ഹിമയുടെ മുഖം ഒന്നുകൂടെ വീർത്തു. പോലീസിൽ ആണ് പ്രവീൺ.വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും കുടുംബവും ഉണ്ട്. 

പ്രവീണിന്റെയും ഹിമയുടെയും വിവാഹം കഴിഞ്ഞിട്ട് ആറേഴു മാസമേ ആയിട്ടുള്ളു.
      ഹരി ഹിമയെ അടുത്തേക്ക് വിളിച്ചിരുത്തി."അളിയന്റെ ജോലിയുടെ സ്വഭാവം നിനക്ക് അറിയില്ലേ. പിന്നെന്തിനാ മോളെ ഈ വാശി. "
   "വാശി അല്ല ഏട്ടാ.. പ്രവീണേട്ടനും കൂടെ പോയി കഴിഞ്ഞാൽ അവിടെ ഞാൻ ഒറ്റപ്പെട്ടു പോകും."പറഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറി. അത് കേട്ട് പ്രവീണും വല്ലാതായി. കാരണം അവൾ പറഞ്ഞത് സത്യവുമാണ്. ഏട്ടത്തി വല്ലാത്ത ഒരു സ്വഭാവമാണ്. പലപ്പോഴും ഹിമയുമായി അവർ പോരെടുക്കാറുണ്ട്.ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ഉണ്ട്. ഹിമ ആ വീട്ടിൽ എത്തിയ ശേഷം വീട്ടിലെ ജോലികളൊന്നും അവർ ചെയ്യില്ല. ഓഫീസിൽ പോകണം എന്നാ കാരണം പറഞ്ഞ് വീട്ടുജോലികളും അവരുടെ രണ്ടു വയസുള്ള മോന്റെ കാര്യങ്ങളും ഒക്കെ അവളെക്കൊണ്ട് ചെയ്യിക്കും.

അതിലൊന്നും അവൾക്ക് പരാതി ഇല്ല. പക്ഷെ അവൾ കൊണ്ടുവന്ന സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് കുത്തി കുത്തി ഉള്ള സംസാരം എല്ലാം ഉണ്ട്.അതൊന്നും അമ്മയുടെയോ മറ്റുള്ളവരുടെയോ മുൻപിൽ വെച്ച് അവർ പറയാറില്ല.അമ്മ ജോലിയിൽ ഒക്കെ സഹായിക്കുമെങ്കിലും ഏട്ടന്റെ മനസമാധാനത്തെ കരുതി അവരോട് എതിർത്തൊന്നും മിണ്ടില്ല.പ്രവീൺ വീട്ടിൽ ഉള്ളപ്പോൾ അവർ അധികം പ്രശ്നത്തിന് ഒന്നും വരാറില്ല. താൻ കാരണം വീട്ടിൽ ഒരു വഴക്ക് വേണ്ടാ ന്ന് കരുതി ഹിമ പ്രവീണിനോട് ഒന്നും പറഞ്ഞില്ല. ട്രാൻസ്ഫറിന്റെ കാര്യം അറിഞ്ഞപ്പോഴാണ് അവൾ ഇതൊക്കെ പറയുന്നത്.
        "എന്താ വേണ്ടതെന്ന് നമുക്ക് ആലോചിച്ച് ചെയ്യാം.നീ ഇപ്പൊ ചെന്ന് കഴിക്കാൻ എടുത്തു വയ്ക്ക്. എനിക്ക് ഹരിയോട് സംസാരിക്കാൻ ഉണ്ട്."പ്രവീൺ അവളെ അകത്തേക്ക് പറഞ്ഞു വിട്ടു.
  
                    "എന്താ അളിയാ കാര്യം?"സംസാരിക്കാൻ ബുദ്ധിമുട്ടുന്ന പ്രവീണിന്റെ മുഖത്തേക്ക് നോക്കി ഹരി ചോദിച്ചു.വരാന്തയിൽ അര മതിലിൽ ഇരിക്കുകയായിരുന്നു അവർ.
   " അത് ഹരീ, വീട്ടിൽ ചില പ്രശ്നങ്ങൾ ഒക്കെയുണ്ട്. സത്യം പറഞ്ഞാൽ രണ്ടുദിവസം മുമ്പ് ഹിമ പറയുന്നത് വരെ ഞാനും ഒന്നും അറിഞ്ഞിരുന്നില്ല." ഹിമയിൽ നിന്നറിഞ്ഞ കാര്യങ്ങളൊക്കെ അവൻ ഹരിയോട് പറഞ്ഞു. 

ഇത്രയൊക്കെയായിട്ടും അവൾ  എന്നോട് ഒന്നും പറഞ്ഞില്ല. ട്രാൻസ്ഫറിന്റെ കാര്യം അറിഞ്ഞപ്പോഴാണ് എന്നോടും പറഞ്ഞത്. ഹരിക്ക് അറിയാലോ ഏട്ടത്തി ഞങ്ങളുടെ അമ്മാവന്റെ മകളാണ്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവരെ എന്റെ അമ്മയാണ് നോക്കി വളർത്തിയത്. ഏട്ടനുമായുള്ള വിവാഹം മുൻകൈയെടുത്ത് നടത്തിയതും അമ്മയാണ്.ഹിമയോട് ഏട്ടത്തിക്ക് എന്താ ഇത്ര ദേഷ്യം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.എല്ലാം അറിഞ്ഞപ്പോൾ അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചു. അവിടെ ഇത്രയും പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് അവർക്കും അറിയില്ലായിരുന്നു.ഇക്കാര്യത്തെ ചൊല്ലി ഏട്ടനും ഏട്ടത്തിയുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമായി.എന്തായാലും  ഞങ്ങൾ മാറി താമസിക്കണം. എൻറെ ഷെയറിൽ ഒരു വീട് വയ്ക്കുന്നതിനെ പറ്റി ആലോചിക്കുന്നതിനിടയിലാണ് ഈ ട്രാൻസ്ഫർ."


       എല്ലാം കേട്ട ശേഷം ഹരി ചോദിച്ചു. "ഇനി എന്താ അളിയന്റെ തീരുമാനം?"
               ചെറിയൊരു ചമ്മലോടെ പ്രവീൺ പറഞ്ഞു" സത്യത്തിൽ അത് പറയാനാ ഞാൻ ഇപ്പോൾ വന്നത്. അവിടെ ഒന്ന് സെറ്റിൽ ആവാതെ ഉടനെ ഹിമയെ അങ്ങോട്ട് കൊണ്ടുപോകാൻ പറ്റില്ല. ഹരിക്കും അമ്മയ്ക്കും ബുദ്ധിമുട്ടാവില്ലെങ്കിൽ കുറച്ചുനാളത്തേക്ക് അവളെ ഇവിടെ നിർത്താമോ? അതാവുമ്പോൾ എനിക്ക് ഒരു സമാധാനം ഉണ്ട്. കുറച്ചുനാൾ കഴിഞ്ഞ് വീട് പണി തുടങ്ങുകയും ചെയ്യാം. ഹരിയുടെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് അവളോട് പറയാം എന്ന് കരുതി. വീട്ടിൽ അച്ഛനോട് അമ്മയോടും ഞാൻ പറഞ്ഞിട്ടുണ്ട്. അവർക്കും എതിരഭിപ്രായം ഒന്നുമില്ല."
          " ഇതിനൊക്കെ അളിയൻ എന്നോട് ചോദിക്കണോ? ഹിമയുടെ വീടെന്നു പറയുമ്പോൾ അത് അളിയന്റെയും കൂടെയല്ലേ. അളിയനെ ഞാൻ എന്റെ സ്വന്തം ഏട്ടൻ ആയിട്ടാ കാണുന്നത്. അങ്ങനെയുള്ളപ്പോൾ അളിയന്റെ ഏതെങ്കിലും ഒരു തീരുമാനത്തിന് ഞാൻ എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ. തന്നെയുമല്ല അവൾ ഞങ്ങളുടെ കൂടെ നിൽക്കുന്നത് ഞങ്ങൾക്കും സന്തോഷമുള്ള കാര്യമല്ലേ. ഇനി ഇക്കാര്യത്തിൽ അളിയന്റെ  വീട്ടിൽ ഒരു പ്രശ്നമുണ്ടാക്കണ്ട. "
   ഹരിയുടെ വാക്കുകളുടെ കേട്ടപ്പോൾ പ്രവീണിന്റെ ഉള്ളിൽ ഒരു തണുപ്പ് നിറഞ്ഞു. വലിയൊരു സമസ്യക്കാണ് പരിഹാരം ഉണ്ടായത്. കാര്യങ്ങളൊക്കെ അറിയുമ്പോൾ ഹരി എങ്ങനെ പ്രതികരിക്കും എന്നൊരു ഭയമുണ്ടായിരുന്നു. ഇപ്പോൾ അത് മാറി ഇനി ഹിമയോട് പറയാം.


        " ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. രണ്ടുപേരും വന്നു കഴിക്ക്. ഇനി സംസാരമൊക്കെ പിന്നെ ആകാം. " അമ്മയുടെ വിളി വന്നപ്പോൾ രണ്ടുപേരും അകത്തേക്ക് കയറി. ഭക്ഷണം കഴിക്കുന്ന സമയത്ത് കാര്യങ്ങളൊക്കെ ചുരുക്കി അമ്മയോട് പറഞ്ഞു. ഹിമയ്ക്ക് ഒത്തിരി സന്തോഷമായി. പ്രവീണിന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ടത് കൊണ്ട് ഭക്ഷണം കഴിഞ്ഞ ഉടനെ അവർ ഉറങ്ങാനായി പോയി. ഹരി റൂമിലെത്തി ഫോൺ എടുത്തു നോക്കുമ്പോൾ മൂന്നു മിസ്കോൾ ഉണ്ട്. നോക്കുമ്പോൾ നിവേദയുടേതാണ്. അവളുടെ പേര് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
           💚💚💚💚💚💚💚💚💚💚💚           
(തുടരും)

         
To Top