നിവേദ്യം തുടർക്കഥ ഭാഗം 2 വായിക്കൂ...

Valappottukal



രചന: Bhavini 

"സമയം ഒത്തിരി ആയി... നിങ്ങൾക്ക് ഉറക്കമൊന്നും ഇല്ലേ പിള്ളാരെ...... "ശാസനയോടെ ശ്രീദേവി വന്നു.ലിവിങ് റൂമിൽ ഇരുന്ന് ടി വി കാണുകയായിരുന്നു അവർ.
"വല്ലപ്പോഴും അല്ലേ അമ്മേ ജിത്തുവേട്ടൻ ഇങ്ങനെ വന്ന് നിൽക്കുന്നെ?"നിതിനാണ്.
"ഇതിപ്പോ കഴിയും അമ്മേ."നന്ദുവും നിതിനെ പിന്താങ്ങിയതോടെ കഴിഞ്ഞ ഉടനെ എല്ലാരും പോയി കിടന്ന് ഉറങ്ങിക്കോളണം എന്ന് പറഞ്ഞു കൊണ്ട്  ശ്രീദേവി പോയി. എല്ലാവരും സിനിമയിൽ ലയിച്ചിരിക്കുമ്പോൾ നിവിയുടെ കണ്ണും മനസും ഫോണിൽ ആയിരുന്നു. സൈലന്റ് മോഡിൽ ആയിരുന്ന ഫോണിൽ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ മിന്നി തെളിഞ്ഞു കൊണ്ടിരുന്നു.അവനോട് സംസാരിക്കാൻ കഴിയാതെ ഫോണിലേക്ക് നോക്കി അവളും ഇരുന്നു.കുറച്ചു ദൂരെ ഒരു കൊച്ചു വീട്ടിൽ അവളുടെ അതേ മനസുമായി അവനും ഉറക്കം തഴുകാത്ത കണ്ണുകളുമായി അവളുടെ വിളിയും കാത്തിരുന്നു. എന്നും ഉറങ്ങുന്നതിനു മുൻപ് ഒരു വിളി പതിവുള്ളതാണ്. നന്ദുവിനോടൊപ്പമാണ് ഉറക്കമെങ്കിലും അതിനു മുൻപ് സമയം കണ്ടെത്തി അവൾ വിളിക്കും.
         സമയം കടന്നു പോയി.ഉറക്കം വരുന്നു എന്ന് പറഞ്ഞുകൊണ്ട് നിവി എഴുന്നേറ്റു മുകളിലേക്ക് നടന്നു.റൂമിലേക്ക് ചെന്നതേ അവൾ ഹരിയുടെ നമ്പർ ഡയൽ ചെയ്ത ഫോൺ കാതോട് ചേർത്തു. ഒറ്ററിങ്ങിൽ തന്നെ മറുപുറത്ത് ഫോൺ എടുത്തു.അൽപ സമയം സംസാരിച്ച ശേഷം ഫോൺ വയ്ക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു തണുപ് നിറഞ്ഞിരുന്നു.
    നിവേദ ചിന്തയിൽ ആയിരുന്നു.വിവാഹം ആലോചിക്കുന്നതിനെ പറ്റി ഒരിക്കൽ അച്ഛനും അമ്മയും സംസാരിക്കുന്നത് കേട്ടിരുന്നു. അവൾ പഠിച്ചു കഴിയട്ടെ അത് കഴിഞ്ഞ് ആലോചിക്കാം എന്നു പറഞ്ഞ് അമ്മമ്മയാണ് അതിനു തടയിട്ടത്.ഹരിയേട്ടന് നല്ലൊരു ജോലി പോലും ഇല്ലാതെ അച്ഛൻ ഒരിക്കലും ഈ ഒരു ബന്ധത്തിന് സമ്മതിക്കില്ല. ആകെ പ്രതീക്ഷ അമ്മമ്മയാണ്.മറ്റൊരാളെ പറ്റി ചിന്തിക്കാൻ പോലും കഴിയുന്നില്ല.ഒരു ജോലിക്കായി ഹരിയേട്ടനും നന്നായി ശ്രമിക്കുന്നുണ്ട്.ഓരോന്ന് ഓർത്തു കിടന്ന് അവൾ ഉറങ്ങിപ്പോയി.ഉറക്കത്തിൽ എപ്പോഴോ നന്ദു അടുത്തു വന്ന് കിടക്കുന്നത് അവൾ അറിഞ്ഞു.
          💚💚💚💚💚💚💚💚💚💚
           സുമ എഴുന്നേൽക്കുമ്പോൾ പുലർച്ചെ നാലര ആയിട്ടേ ഉള്ളു. തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് അരിച്ചിറങ്ങി. തണുപ്പ് കാലമായതുകൊണ്ട് ശ്വാസംമുട്ടൽ ഇപ്പൊ വല്ലാതെ അലട്ടുന്നുണ്ട്. അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ ഹരിയുടെ റൂമിലേക്ക് നോക്കി. അവിടെ നിന്ന് വെളിച്ചം വരുന്നുണ്ടായിരുന്നു.ഒരു നെടുവീർപ്പോടെ അവർ നടന്നു നീങ്ങി.ഹരിയുടെ കാര്യം ആലോചിക്കുമ്പോൾ എന്നും ഉള്ളിലൊരു വിങ്ങലാണ്.കുടുംബത്തിന് വേണ്ടിയാണ് അവൻ അവന്റെ ജീവിതം നശിപ്പിച്ചത്. നന്നായി പഠിക്കുമായിരുന്ന അവന്റെ പഠിത്തം പാതി വഴിയിൽ നിർത്തിയപ്പോൾ എല്ലാവരും തന്നെ കുറ്റപ്പെടുത്തി. പക്ഷെ അന്ന് മറ്റു വഴികളൊന്നും മുന്നിൽ ഇല്ലായിരുന്നു.
വെള്ളം തിളച്ചു മറിഞ്ഞപ്പോൾ അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്തു. ചായ പകർത്താനായി കപ്പ് കഴുകി കൊണ്ട് നിൽക്കുമ്പോൾ പിന്നിൽ നിഴലനക്കം കണ്ട് അവർ തിരിഞ്ഞുനോക്കി. വാതിൽക്കൽ ഹരി നിൽക്കുന്നുണ്ട്. "അമ്മ എന്തിനാ രാവിലെ എഴുന്നേറ്റത് വയ്യാത്തത് അല്ലേ? ഞാൻ ഉണ്ടാക്കാമായിരുന്നല്ലോ.... "അവൻ കപ്പ് കയ്യിൽ വാങ്ങി ചായ അതിലേക്ക് പകർത്തി അമ്മയ്ക്ക് കൊടുത്ത് ഒരു കപ്പിൽ അവനുള്ളതും എടുത്തു."കുടിച്ചിട്ട് അമ്മ പോയി ഉറങ്ങിക്കോ. പുറത്ത് നല്ല തണുപ്പ് ഉണ്ട്. "
     അവൻ റൂമിലേക്ക് പോയി ബുക്ക്‌ കയ്യിൽ എടുത്ത് വായിക്കാൻ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞാൽ ഒരു ടെസ്റ്റ്‌ ഉണ്ട്. ഇതിപ്പോ കുറെ ആയി. ടെസ്റ്റ്‌ എഴുതി എഴുതി മടുത്തു. എങ്ങനെ എങ്കിലും നല്ലൊരു ജോലി കണ്ടെത്തണം. ഓട്ടോ ഓടിക്കുന്നതിനിടയിലും കഷ്ടപ്പെട്ട് ഡിഗ്രിയും പി ജി യും ഡിസ്റ്റന്റ് ആയി പഠിച്ചു.
   ഹിമയുടെ വിവാഹം കഴിഞ്ഞപ്പോൾ തന്നെ കുറച്ചു കടങ്ങൾ കൂടി. അതൊക്കെ വീട്ടി തീർന്നിട്ട് വേണം വീടൊന്നു പുതുക്കി പണിയാൻ.ഓട്ടോ കൊണ്ട് മാത്രം കാര്യങ്ങൾ കഴിഞ്ഞു പോകാൻ വല്യ ബുദ്ധിമുട്ടാണ്.മാത്രവുമല്ല നല്ലൊരു ജോലി ഇല്ലാതെ നിവേദയുടെ വീട്ടിൽ പോയി കല്യാണം ആലോചിക്കാനും പറ്റില്ല. അവൾടെ അച്ഛൻ അല്പം കർക്കശക്കാരനും സമ്പത്തിനും കുടുംബ മഹിമക്കുമൊക്കെ പ്രാധാന്യം കൊടുക്കുന്നൊരാളാണ്. പഠിത്തം കഴിഞ്ഞ് ആറു മണി ആയപ്പോൾ ഹരി ഓട്ടോയുമായി വീട്ടിൽ നിന്നിറങ്ങി. സ്റ്റാൻഡിൽ എത്തുമ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.അൽപ സമയം കഴിഞ്ഞപ്പോൾ കുറച്ചു ദൂരെ ഉള്ള അമ്പലത്തിലേക്ക് ഒരു ഓട്ടം കിട്ടി.
             🥀🥀🥀🥀🥀🥀🥀🥀🥀
             രാവിലെ മുഖത്തു വെള്ളത്തുള്ളികൾ വീണപ്പോഴാണ് ജിത്തു ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു കപ്പിൽ വെള്ളവുമായി നന്ദു മുന്നിൽ നിൽക്കുന്നു. കലിപ്പിച്ചുള്ള അവന്റെ നോട്ടം കണ്ട് അവൾ നന്നായി ഇളിച്ചു കാണിച്ചു."എന്താടീ മനുഷ്യനെ സമാധാനമായിട് ഉറങ്ങാനും സമ്മതിക്കില്ലേ? "
   "ഇല്ലല്ലോ. അതേ.... ഒൻപതു മണി കഴിഞ്ഞു. വേഗം എഴുനേറ്റ് വന്നേ. നമുക്ക് എല്ലാവർക്കും കൂടെ എവിടെയെങ്കിലും പോയി കറങ്ങിയിട്ടു വരാം."കൊഞ്ചലോടെ പറയുന്നവളുടെ  മുഖത്ത് നോക്കി ഒന്നും പറയാനാവാതെ അവൻ എഴുന്നേറ്റു.
     "നീ പൊയ്ക്കോ. ഞാൻ വന്നേക്കാം.അവരോടു റെഡി ആവാൻ പറയ്."
   "എപ്പോ റെഡി ആയിന്ന് ചോദിച്ചാൽ മതി...."അതും പറഞ്ഞ് അവൾ പുറത്തേക്ക് പാഞ്ഞു. ഒരു പുഞ്ചിരിയോടെ ആ പോക്ക് നോക്കി നിന്ന ശേഷം അവനും ഫ്രഷ് ആവാൻ കയറി.
       
           ജിത്തുവിന്റെ കാറിൽ ആയിരുന്നു യാത്ര.മുന്നിൽ ജിത്തുവിനോടൊപ്പം നിതിനും പിന്നിൽ നിവിയും നന്ദുവും. ആദ്യം മാളിലേക്കാണ് പോയത്. അവിടെ ഫാൻസി ഷോപ്പിൽ കയറി നന്ദു എന്തൊക്കെയോ വാങ്ങിക്കൂട്ടി.നിവേദയ്ക്ക് വേണ്ടി അവൾ കമ്മലും വളയും ഒക്കെ സെലക്ട്‌ ചെയ്തു. ബില്ലടയ്ക്കാൻ സമയമായപ്പോൾ നിവേദ കയ്യിൽ കരുതിയിരുന്ന കാശ് എടുത്തെങ്കിലും ജിത്തു തന്റെ കാർഡ് കൊടുത്ത് ബില്ലടച്ചു.
       ജിത്തു എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തു. അവിടെ നിന്ന് ഭക്ഷണം കഴിച്ച് സിനിമയ്ക് പോകാമെന്നായിരുന്നു തീരുമാനം.ഫുഡ്‌ കോർട്ടിലേക്ക് നടക്കുമ്പോൾ നിവേദയുടെ ഫോൺ ബെല്ലടിച്ചു. എടുത്തു നോക്കുമ്പോൾ ഹരി. അവൾ വേഗം കാൾ കട്ട്‌ ചെയ്തു..എല്ലാവരും കൂടെ ഉണ്ട്. വീട്ടിൽ എത്തിയിട്ട് വിളിക്കാമെന്ന് അവൾ മെസ്സേജ് ചെയ്തു.സംസാരിക്കാൻ കഴിയാത്തത്തിൽ അവൾക് നല്ല വിഷമം തോന്നി.
  നന്ദുവിന് എസ്‌കേലേറ്റർ പേടി ആയത് കൊണ്ട് എല്ലാവരും ലിഫ്റ്റിൽ കയറാനായി പോയി.ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അതിൽ നിന്ന് ഇറങ്ങിയ ഒരാളുമായി നിവേദ കൂട്ടിയിടിച്ചത്.അവളുടെ കയ്യിൽ ഇരുന്ന കവറുകൾ എല്ലാം താഴെ പോയി. ഫോണിൽ സംസാരിക്കുകയായിരുന്ന അയാളും പെട്ടന്ന് അമ്പരന്നു.ഫോർമൽ ഡ്രെസ്സിൽ സുമുഖനായ ഒരു യുവാവ്.വേഗം തന്നെ ഫോൺ പോക്കറ്റിലേക്ക് ഇട്ട് ഒരു ക്ഷെമാപണത്തോടെ കവറുകൾ എടുക്കാൻ അവളെ സഹായിച്ചു.
"ഐ ആം സോറി.....ആക്ച്വലി ഒരു എമർജൻസി കാൾ ആയിരുന്നു.... അതാ  ഞാൻ... കണ്ടില്ലായിരുന്നു.."അയാൾ വീണ്ടും ക്ഷെമ ചോദിച്ചു.
       "ഇട്സ് ഓക്കെ..."അതും പറഞ്ഞ് ജിത്തു വേഗം കവറുകൾ കയ്യിൽ വാങ്ങി നിവേദയുമായി ലിഫ്റ്റിലേക്ക് കയറി.ലിഫ്റ്റിന്റെ വാതിൽ അടയുന്നതിനിടയിൽ നിവേദ കാണുന്നുണ്ടായിരുന്നു അവളെ തന്നെ നോക്കി നിൽക്കുന്ന അയാളെ.
         💚💚💚💚💚💚💚💚💚💚💚

               "എന്താടാ നിന്റെ മുഖത്തൊരു വാട്ടം. എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നുണ്ടല്ലോ?"നെറ്റിയിൽ കൈ താങ്ങി ഇരിക്കുന്നവനെ നോക്കി മനു ചോദിച്ചു.മനുവിന്റെ വീട്ടിൽ ആയിരുന്നു ഹരി. അവധി ദിവസങ്ങളിൽ മിക്കവാറും അവൻ അവിടെ ഉണ്ടാവും.
   "ഒന്നുല്ല ടാ. ഓരോന്ന് ഓർത്തു വെറുതെ ഇരുന്നതാ.എന്തെങ്കിലും കൊള്ളാവുന്ന ഒരു ജോലിക്ക് കയറണം. ഇപ്പൊ കിട്ടുന്നത് കഷ്ടിച്ച് ലോൺ അടയ്ക്കാനേ തികയുന്നുള്ളു.അമ്മയ്ക്ക് മരുന്നിനു മാത്രം മാസം നല്ലൊരു തുകയാവും."
       "നിനക്ക് ചെറിയ എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടോ?"അൽപ സമയത്തെ ആലോചനയ്ക്ക് ശേഷം മനു ചോദിച്ചു.
  "അതിനൊക്കെ ഒത്തിരി കാശ് കയ്യിൽ വേണ്ടേ. അതൊന്നും ശരിയാവില്ലടാ. എവിടുന്നെങ്കിലും കടം മേടിച് എന്തെങ്കിലും തുടങ്ങിയാൽ അത് ക്ലിക്ക് ആയില്ലെങ്കിൽ ഇപ്പൊ ഉള്ളതിന്റെ കൂടെ വീണ്ടും ഒരു ബാധ്യത കൂടെ ആവും."
     കേട്ട പാടെ ഹരി എതിർത്തു.ഭയമാണ് അവന് ഇപ്പൊ.
      "ഞാൻ പറഞ്ഞുന്നെ ഉള്ളു. മുടക്കാൻ ഉള്ള കാശ് ആണ് വിഷയമെങ്കിൽ നീ പേടിക്കണ്ട. അത് ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കാം. താല്പര്യം ഇല്ലെങ്കിൽ വേണ്ട. വിട്ടേക്ക്."
     അവന് ഇതൊന്നും പറ്റില്ലാന്നു മനുവിന് അറിയാം. അവന്റെ അവസ്ഥ കാണുമ്പോൾ ശരിക്കും സങ്കടം വരും.ജീവിതം ആഘോഷിക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിന്റെ ബാധ്യത മുഴുവൻ തലയിലേറ്റി.
      ഓട്ടോ ഓടി കഴിഞ്ഞു കിട്ടുന്ന സമയം ബാങ്ക് കോച്ചിംഗ് നും പി എസ് സി ക്‌ളാസ്സിനും എല്ലാം പോകും. ഇതിനിടയിൽ കാറ്ററിംഗ് പെയിന്റിംഗ് അങ്ങനെ കിട്ടുന്ന എന്ത് ജോലിയും ചെയ്യും. ജോലിയും പഠിത്തവും എല്ലാം കഴിഞ്ഞ് ശരിക്ക് ഉറങ്ങാൻ പോലും സമയം കിട്ടാറില്ല.ഈ പ്രശ്നങ്ങൾക്ക് ഇടയിൽ ആകെ ആശ്വാസം മനുവിന്റെ വീടും നിവേദയുമാണ്.
       നിവേദ നല്ല കുട്ടിയാണ്. അവന്റെ പ്രശ്നങ്ങൾ ഒക്കെ മനസിലാക്കി തന്നെയാണ് അവനെ സ്നേഹിച്ചത്. പക്ഷെ അവൾടെ അച്ഛൻ അങ്ങനെ അല്ല. ഹരിക്ക് നല്ലൊരു ജോലി ഇല്ലെങ്കിൽ അയാൾ ഒരിക്കലും ഈ ബന്ധത്തെ അംഗീകരിക്കില്ല.അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവൻ ആകെ തകർന്നു പോകും.
    "മാമാ...."തന്റടുത്തേക്ക് കൊഞ്ചിക്കൊണ്ട് ഓടി വരുന്ന കുരുന്നിനെ ഹരി വാരി എടുത്തു. മനുവിന്റെ ചേച്ചി മാനസയുടെ മകനാണ് ഒരു വയസുകാരൻ കണ്ണൻ.ഹരി വരുമ്പോൾ കണ്ണൻ നല്ല ഉറക്കത്തിൽ ആയിരുന്നു. ഉറങ്ങി എണീറ്റ പാടെ ഓടി വന്നതാണ് കുഞ്ഞി ചെക്കൻ.
    കണ്ണൻ ഹരിയുടെ തലമുടി പിടിച്ചു വലിച്ചു കൊണ്ട് അവന്റെതായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്.അതിനൊപ്പം തന്നെ അവന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു ഡയറി മിൽക്ക് തപ്പി എടുത്തു. ഹരി വരുമ്പോഴെല്ലാം ഇതൊരു പതിവാണ്. ഇപ്പൊ വന്നു വന്ന് അത് കണ്ണന്റെ അവകാശം പോലെ ആയി.
        അവർ തമ്മിലുള്ള കളി ചിരി കണ്ടുകൊണ്ടാണ് മാനസ അങ്ങോട്ട്‌ വന്നത്. ഒരു കയ്യിൽ കപ്പയും മുളകുടച്ചതും മറു കയ്യിൽ ഫീഡിങ് ബോട്ടിലുമായി വന്ന് അവൾ ഹരിയുടെ അടുത്തേക്ക് ഇരുന്നു.
    "എടുത്തു കഴിക്കെടാ. നിനക്ക് വേണ്ടേ മനു...?"
       "ഓ.... എന്നാത്തിനാ.... എനിക്കെങ്ങും വേണ്ട. നീ നിന്റെ പുന്നാര അനിയനെ ഊട്ടിക്കോ."കപട ഗൗരവത്തോടെ അവളോട് പറഞ്ഞു കൊണ്ട് ഹരിയുടെ മടിയിൽ ഇരുന്ന കണ്ണന് നേരെ അവൻ കൈ നീട്ടി.
   "വാടാ കണ്ണാ... നമുക്ക് പാപ്പം കുടിച്ചാലോ..."
               അവൻ കണ്ണനെ മടിയിൽ ഇരുത്തി ഫീഡിങ് ബോട്ടിൽ എടുത്ത് കുഞ്ഞിനെ കുടിപ്പിക്കാൻ തുടങ്ങി.
        അപ്പോഴേക്കും മാനസ അകത്തു പോയി അവനുള്ള ചായയും ആയി വന്നു.അവളുടെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു.അവൾ അത് ഹരിയുടെ കയ്യിലേക്ക് കൊടുത്തു.
   "എന്താ ചേച്ചി ഇത്..?
  "ഗിരിയേട്ടന്റെ ഒരു കൂട്ടുകാരൻ നാട്ടിൽ വന്നിട്ടുണ്ട്. അയാളുടെ കയ്യിൽ ഏട്ടൻ കൊടുത്തു വിട്ടതാ."
     മാനസയുടെ ഭർത്താവ് ഗിരീഷ് ദുബായിലാണ്.അടുത്തുള്ള ഒരു എൽ പി സ്കൂളിൽ ടീച്ചറാണ് മാനസ. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരാണ് മാനസയും ഹരിയും മനുവും.അത്കൊണ്ട് തന്നെ അവൾക്ക് മനുവിനെ പോലെ തന്നെയാണ് ഹരിയും.
  അവർ ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരുന്നപ്പോഴേക്കും കണ്ണൻ വീണ്ടും ഹരിയുടെ അടുത്തേക്ക് വന്നു.
  ഹരിയുടെ കൂടെ ബൈക്കിലൊന്നു കറങ്ങണം.
   കണ്ണന്റെ നിൽപ്പും ഭാവവും കണ്ടപ്പോഴേ അവന് കാര്യം മനസിലായി.
   "വാടാ കണ്ണപ്പാ.... നമുക്ക് കറങ്ങിയിട്ടു വരാം."ചായ കുടിച്ച ഗ്ലാസ്‌ മാനസയെ ഏല്പിച്ച് അവൻ കണ്ണനെയും എടുത്ത് എഴുന്നേറ്റു.ബൈക്കിനു മുന്നിൽ കണ്ണനെയും ഇരുത്തി അവർ രണ്ടു പേരും ബീച്ചിലേക്കാണ് പോയത്. കണ്ണന്റെ കളി ചിരികൾക്കിടയിലും നിവേദയോട് സംസാരിക്കാൻ പറ്റാത്ത സങ്കടം അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.
     💚💚💚💚💚💚💚💚💚💚💚💚💚

    Please like and comment 
To Top