രചന: വാക
Hotel temple city
കന്യാകുമാരി
ദൂരെ നിന്നും നോക്കിയപ്പോൾ തന്നെ ഹോട്ടലിന്റെ ബോർഡ് കണ്ടു. അല്പം നിറം മങ്ങിയെന്നലാതെ വർഷങ്ങൾക്ക് ശേഷവും അതിനൊരു മാറ്റവുമില്ല. ഇവിടേക്ക് വരുമ്പോൾ നിറങ്ങൾ മങ്ങാത്ത ഓർമ്മകൾ മാത്രമായിരുന്നു കൂട്ടിന്. ഒരുപക്ഷെ ഇത് അവസാനത്തെ വരവായിരിക്കും .
കാർ പതിയെ പാർക്കിംഗ് ലേക്ക് കയറി. കാറിൽ നിന്നുമിറങ്ങിയ ഡ്രൈവർ ലഗ്ഗേജൂമെടുത്ത് റിസപ്ഷനിലേക്ക് നടന്നു , പുറകെ ഞാനും. റൂം നേരത്തെ വിളിച്ചു ബുക്ക് ചെയ്തിരുന്നതിന്നാൽ റീസെപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് പേരും അഡ്രസ്സും പറഞ്ഞപ്പോൾ തനിക്ക് വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്നത് റൂം നമ്പർ 154 ആണെന്ന് കേട്ടനേരം മനസ്സിൽ ആശങ്കയെറി.
" സോറി , ഞാൻ ബുക്ക് ചെയ്ത റൂം 202 ആണ്. എനിക്കാ റൂം തന്നെ വേണമെന്ന് പറഞ്ഞിട്ടാണ് ബുക്ക് ചെയ്തത്."
" സോറി മാഡം , അതിവിടെ നോട്ട് ചെയ്‌തട്ടില്ലായിരുന്നു . അതുകൊണ്ടാണ് ഞാനാ റൂം തന്നത്. റൂം 202 കീ ഇതാ മാഡം."
" ഓക്കേ , താങ്ക് യൂ."
റൂമിന്റെ കീ വാങ്ങി ഡ്രൈവറുടെ റെന്റും കൊടുത്തു ഞാൻ ബാഗുമെടുത്തു മുകളിലേക്ക് നടക്കാൻ തുടങ്ങി. അപ്പോൾ തന്നെ റൂം ബോയ് വന്നെന്റെ കയ്യിൽ നിന്നും കീ വാങ്ങി എനിക്ക് മുൻപേ നടന്നു.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. അതെ ഇടനാഴി, അതെ കോണിപടികൾ...... ഓർമകൾക്ക് തിളക്കം കൂടുന്നപോലെ......
" മാഡം റൂം....."
ഹോട്ടൽ ബോയുടെ ശബ്ദം കേട്ടപ്പോഴാണ് ഓർമകളിൽ നിന്നും തിരികെ വന്നത്. റൂം തുറന്നു ലൈറ്റ്സ് എല്ലാം ഓൺ ചെയ്തു കാണിച്ചാണ് പയ്യൻ താഴേക്ക് പോയത് . റൂം അടച്ചു ബാഗ് സൈഡിൽ വച്ചു ജനലിനടുത്തേക്ക് നടന്നു. പതിയെ കർട്ടൻ മാറ്റി ജനൽ തുറന്ന് നോക്കിയപ്പോൾ അങ്ങ് ദൂരെ കടലും, വിവേകാനന്ദപാറയും, തിരുവള്ളുവർ പ്രതിമയുമൊക്ക ഒരു നിഴൽ പോലെ കാഴ്ചയിലേക്ക് വന്നു . ഒരുനിമിഷം പിൻകഴുത്തിലൊരു തണുപ്പും ജനാലഴികളിൽ പിടിച്ച കൈകളിലൊരു ചൂടും അനുഭവപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് ഇതേ ഇടത്ത് ഇങ്ങനെ നിന്നതോർമ്മ വന്നു. അന്ന് ഈ ചൂടിനും തണുപ്പിനും ഒരു അവകാശി ഉണ്ടായിരുന്നു. എന്റെ സ്വപ്നങ്ങൾക്കും പ്രണയത്തിനും എനിക്കും ഒരു കൂട്ട് ഉണ്ടായിരുന്നു. എന്നാൽ എന്ന് ഇതൊന്നുമില്ലാതെ ഞാൻ പോലുമില്ലാതെ ഞാൻ തനിച്ചാണ്.
വീണ്ടും ഓർമകൾ..... അതെന്നെ വീണ്ടും കൊണ്ടെത്തിക്കുന്നത് ഇതേ ഹോട്ടലിലെ ഇതേ മുറിയിലാണ്. ഒരായുഷ്കാലത്തിൽ ഞാൻ ഏറ്റവുമധികം സന്തോഷിച്ച, ആഗ്രഹിച്ച നിമിഷങ്ങൾ എല്ലാം നടന്നത് ഈ മുറിയിൽ വച്ചാണ് എന്റെ പ്രിയപെട്ടവനോടൊപ്പമാണ്.
എന്നുമുതലാണ് അവനെന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായി തീർന്നത് എന്നോർമയില്ല. അവിചാരിതമായി വന്നു ചേർന്നൊരാൾ സൗഹൃദവും കടന്നു പ്രണയത്തിന്റെ നൂലിഴകളുമായി എന്റെ സ്വപ്നങ്ങളെയും പ്രണയത്തെയും കരുതലോടെ കോർത്തു വച്ചു. താങ്ങായും തണലായും കൂടെ നിന്നു....
ഇന്നും അവനെന്നിൽ ഓർമകളാൽ സമ്പന്നമാണ്.ചിരിയായും ചിന്തയായും അവനെന്നിൽ തന്നെയുണ്ട്. ചിന്തകൾ ഭൂതകാലത്തിലേക്ക് പോയപ്പോൾ ആദ്യമോർമ വന്നത് അവനെ ആദ്യമായി പരിചയപ്പെട്ട ദിവസമാണ്....
( തുടരും )