രചന :-അനു അനാമിക
അല്പസമയത്തെ മയക്കത്തിനു ശേഷം സെലിൻ മെല്ലെ ഞരങ്ങാൻ തുടങ്ങി. അത് അറിഞ്ഞതും സിവാൻ മെല്ലെ അവളിൽ നിന്ന് അടർന്നു മാറി. സെലിൻ കണ്ണുകൾ ചിമ്മി തുറന്ന് നോക്കുമ്പോൾ കസേരയിലിരിക്കുന്ന സിവാനെ ആണ് കണ്ടത്.
"നന്നായിട്ട് ഉറങ്ങി എന്ന് തോന്നുന്നു!!"....
"മ്മ്.... ഉറങ്ങി പോയി!!"... സെലിൻ മെല്ലെ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.പെട്ടെന്ന് സിവാൻ വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് ചെന്നു.
"എണീറ്റ് ഇരിക്കണെങ്കിൽ അത് പറയാൻ പാടില്ലേ?? തല അനക്കി സ്റ്റിച്ചു പൊട്ടിയാലോ??"... അവൻ അല്പം ഗൗരവത്തോടെ അതും പറഞ്ഞ് അവളെ എണീപ്പിച്ചിരുത്തി.
"എന്റെ കർത്താവേ ഈ പാവം ഇച്ചായനെ ആണല്ലോ ഞാൻ ഇട്ടു വട്ട് കളിപ്പിക്കുന്നെ?? ആഹ് ഇത്തിരി കളിക്കട്ടെ എന്നേ ഇട്ടേച്ചും പോയതല്ലേ?? കുറച്ച് പഠിക്കാനുണ്ട്!!"... അവൾ കുശുമ്പോടെ മനസ്സിലോർത്തു.
"അങ്ങ് മാറി നിക്ക്. ഞാൻ ഇരുന്നോളാം. കെട്ടിയോൻ ചമയാൻ വരണ്ട!!"....
"ഇവളെ കൊണ്ട്!!അല്ലേലും ആര് വരുന്നു??"... അവൻ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞതും ICU വിന്റെ ഡോർ തുറന്ന് നഴ്സ് അങ്ങോട്ടേക്ക് വന്നു.
"മേടം ഒരു ഇൻജെക്ഷൻ ഉണ്ടേ!!".... അതും പറഞ്ഞവർ മരുന്ന് നിറക്കാൻ തുടങ്ങി. സെലിൻ സിറിഞ്ച് കണ്ടതും ചെകുത്താൻ കുരിശു കണ്ട എക്സ്പ്രഷൻ ഇട്ടോണ്ട് സിവാനെ നോക്കി ഇരുന്നു. സിവാൻ പുരികമുയർത്തി എന്താ എന്ന അർദ്ധത്തിൽ അവളെ നോക്കി. സിറിഞ്ചിനു നേരെ കണ്ണ് കാട്ടി കൊണ്ട് അവൾ അവനെ നോക്കി.
"പേടിയാണോ "??... അവൻ ചിരിയോടെ ആംഗ്യ ഭാഷയിൽ ചോദിച്ചതും അവൾ മെല്ലെ തലയാട്ടി. അത് കണ്ടതും അവന് പാവം തോന്നി. സിവാൻ ബെഡിന് അരുകിലേക്ക് വന്ന് അവളുടെ വലത്തേ കൈയിൽ പിടിച്ചു. സെലിൻ മുഖം ഉയർത്തി അവനെ നോക്കിയതും അവൻ ഒന്നുല്ല എന്ന് പറഞ്ഞ് കണ്ണ് ചിമ്മി കാണിച്ചു. നഴ്സ് ഇൻജെക്ഷൻ എടുത്തതും സെലിൻ സിവാന്റെ വയറിലേക്ക് മുഖം മുട്ടിച്ചു വെച്ചു. അവൻ ഒരു ചിരിയോടെ നിന്ന് കൊടുത്തു.
"കഴിഞ്ഞു കേട്ടോ!!".... നേഴ്സ് പറഞ്ഞപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്.
"പിന്നെ മേഡത്തിന് വേണെങ്കിൽ മേല് കഴുകാം കേട്ടോ. തല നനക്കേണ്ട. നനച്ചു തുടക്കുന്നതാവും നല്ലത്. തല അനങ്ങാതെ ശ്രദ്ധിക്കണം!!".... നഴ്സ് പറഞ്ഞു.
"ആഹ്ഹ്...!!"....
"സാർ അതിൽ ക്ലോത്തും ബക്കറ്റും ഉണ്ട്. വേണെങ്കിൽ അത് യൂസ് ചെയ്യാം ഇല്ലങ്കിൽ നിങ്ങടെ കൈയിൽ ഉള്ള ക്ലോത്ത് യൂസ് ചെയ്യാം!!"....
"Okay!!".... സിവാൻ പറഞ്ഞതും അവർ പുറത്തേക്ക് പോയി.
"ഹലോ വീരശൂര പരാക്രമി ഇതെന്താ സിറിഞ്ച് കണ്ടപ്പോ അടിയനെ അടുത്തേക്ക് വിളിച്ചേ!!"....
"ഞാൻ ആരേം അടുത്തേക്കൊന്നും വിളിച്ചില്ല. എന്റെ അടുത്തേക്ക് വന്നതല്ലേ??"....
"ഓഹ് അവിടെയും നമ്മൾക്കിട്ട് കൊട്ടി. ഹ്മ്മ്..... അത് പോട്ടെ!!കുളിക്കണോ ഇപ്പോ??"...സിവാൻ അത് ചോദിച്ചതും സെലിൻ ഒരു നിമിഷം ഒന്ന് ഞെട്ടി.
"ആഹ്... വെ... വേണ്ട!!അമ്മച്ചി വന്നിട്ട് കുടിച്ചോളാം!!"....
"അവര് വരാൻ ഇനി രാത്രി ആവും.വേണേൽ ഞാൻ നനച്ചു തുടക്കാം!!"....
"വേ... വേ.... വേണ്ട!!"....
"നിങ്ങള് നനച്ചു തുടച്ചാൽ പിന്നെ ഇതൊന്നും ആരിക്കില്ല ഇവിടെ നടക്കുന്നെ എന്ന് എനിക്ക് നന്നായിട്ട് അറിയാം. പക്ഷെ ഇത്തിരി വെള്ളം ദേഹത്തു വീഴാഞ്ഞിട്ട് വല്ലാത്ത അസ്വസ്ഥത. ചൊറിയുന്നുമുണ്ട് മരുന്നിന്റെയും വിയർപ്പിന്റെയും ചോരയുടേയുമൊക്കെ മണവും!!ഛർദിക്കാൻ വരുന്നു!!".... അവളോർത്തു.
"ഏയ്.... എന്താ നീ ആലോചിക്കുന്നേ "??...
"ഒന്നുല്ല. ആ സിസ്റ്ററിനെ ഒന്ന് വിളിച്ചോണ്ട് വരുവോ?? എന്റെ ദേഹം ഒന്ന് നനച്ചു തുടക്കണം!!"....
"ഏഹ് അതെന്തിനാ അവര് ഞാൻ ഇവിടെ ഉണ്ടല്ലോ!!"....
"താനാര് എന്റെ കെട്ടിയോനോ എന്നേ കുളിപ്പിക്കാൻ "??
"അല്ലടി നിന്റെ മാപ്പള!!"... സിവാൻ മെല്ലെ പറഞ്ഞു.
"എന്തുവാടോ പിറുപിറുക്കുന്നെ??"...
"ഒന്നുല്ലന്റെ പൊന്നോ!!നഴ്സിനെ വിളിച്ചിട്ട് വരാം!!".... അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി.
"ഹോ... ഇച്ചായൻ എങ്ങാനും നനച്ചു തുടച്ചിരുന്നേൽ... ന്റെ പുണ്യാളാ എന്റെ കൈയിന്ന് പോയേനെ എല്ലാം!!".. അവളോർത്തു. അല്പം കഴിഞ്ഞതും സിവാൻ നഴ്സിനെ കൂട്ടി കൊണ്ട് വന്നു. അവർ വന്ന് സെലിന്റെ കയിലെ ഡ്രിപ്പ് ഊരി വെച്ചിട്ട് പുറത്തേക്ക് പോയി. സിവാൻ അവർക്ക് പിന്നാലെ പുറത്തേക്ക് പോയി അല്പം ചൂട് വെള്ളം കൊണ്ട് വന്നു.
"ഇതെന്തിനാ "??....
"നിന്നെ നനച്ചു തുടക്കണ്ടേ??"....
"അതിന് നഴ്സിനെ വിളിക്കാൻ അല്ലേ ഞാൻ പറഞ്ഞെ!!"....
"ഞാൻ ഇവിടുണ്ടല്ലോ!!പിന്നെന്തിനാ അവര്?? നിന്റെ അമ്മച്ചി എന്നോട് പ്രത്യേകം പറഞ്ഞ് എല്പിച്ചിട്ടാ പോയത് നിന്നെ നോക്കിക്കോണേന്ന്!!"...
"അ.... അഹ്.... അതിങ്ങനെ നോക്കുന്ന കാര്യല്ല!!"... അവൾ വിക്കി കൊണ്ട് പറഞ്ഞു.
"ആഹ് ഇങ്ങനെയും നോക്കാം!!".... അതും പറഞ്ഞവൻ ഡോർ കുറ്റിയിട്ടു.
"ഇയാളിത് എന്തോ കാണിക്കാൻ പോവാ?? അങ്ങ് പോക്കേ!!"....
"അപ്പോ നനച്ചു തുടക്കണ്ടേ??".... അവൻ കള്ള ചിരിയോടെ ചോദിച്ചു.
"വേ... വേണ്ട....!!"....
"അത് പറഞ്ഞാൽ പറ്റില്ലല്ലോ!!ഞാൻ തുടച്ച് തരാന്നെ!!"....
"ഏഹ്?? വേണ്ട പോയെ!!".... സെലിൻ അതും പറഞ്ഞ് ബെഡിൽ നിന്ന് എണീക്കാൻ തുടങ്ങിയതും സിവാൻ അവളെ കട്ടിലിലേക്ക് തന്നെ ബലമായി അമർത്തി വെച്ചു.
"ഞാൻ എല്ലാം കാണുമെന്ന് ഓർത്താണേൽ പേടിക്കണ്ട. ഞാൻ കണ്ണ് തുറക്കില്ല. ഞാൻ തുണി നനച്ചു കൈയിൽ തരാം. നീ ഇങ്ങനെ കിടന്ന് കൊണ്ട് തന്നെ പറ്റുന്ന അത്രേം തുടച്ചാൽ മതി. കാലൊക്കെ ഞാൻ തുടച്ച് തരാം. ഞാൻ ഒന്നും നോക്കൂല്ലടോ തന്റെ അനുവാദമില്ലാതെ!!".... തന്റെ കണ്ണിൽ നോക്കി അത് പറഞ്ഞവന്റെ വാക്കുകളെ അവൾക്ക് എതിർക്കാൻ തോന്നിയില്ല.
"തുണി നനച്ചു തരട്ടെ??"...
"മ്മ്....!!" അവൾ ഒന്ന് മൂളി.സിവാൻ തുണി നനച്ചു കൊണ്ട് കണ്ണടച്ച് അത് അവൾക്ക് കൊടുത്ത ശേഷം തിരിഞ്ഞു നിന്നു. സെലിൻ അതിശയത്തോടെ അവനെ നോക്കിയ ശേഷം ഇട്ടിരുന്ന ഗൗണിന്റെ ബട്ടൺ അഴിച്ചു കൊണ്ട് മേൽ ദേഹം തുടച്ചു.
"കഴിഞ്ഞോ?? ഡ്രസ്സ് ഇട്ടോ "??....
"മ്മ്!!".... അവൾ ഒന്ന് മൂളി.സിവാൻ തുണി നനച്ച ശേഷം കണ്ണുകൾ അടച്ചു കൊണ്ട് തന്നെ സെലിന്റെ കാലുകൾ നനച്ചു തുടച്ചു. അവന്റെ വിരലുകൾ അമർന്നതും നനവ് പറ്റിയതും അവൾക്ക് കുളിരുന്ന പോലെ തോന്നി. സെലിന്റെ പഞ്ഞി കെട്ട് പോലുള്ള കാലുകളിൽ അറിയാതെ വിരൽ തൊട്ടതും സിവാൻ ചുണ്ട് കടിച്ചു പിടിച്ച് അടങ്ങി നിന്നു.അവൻ കാലുകൾ പൊക്കിയും താഴ്ത്തിയും തുടച്ചു കൊടുത്തു.
"പുറകു തുടക്കണ്ടേ??"... സിവാൻ ചോദിച്ചതും അവൾ ചമ്മലോടെ ഒന്ന് മൂളി.
"ദാ ഈ പുതപ്പ് പിടിച്ചോ!!"... അവൻ കയിലേക്ക് കൊടുത്ത പുതപ്പ് ബെഡിൽ വെച്ച് കൊണ്ട് അവന്റെ സഹായത്തോടെ അവൾ എണീറ്റിരുന്നു.
"ബട്ടൺ അഴിച്ചിട്ട് ആ പുതപ്പ് കൊണ്ട് ഫ്രണ്ട് മറച്ചോ!!".... എന്ന് പറഞ്ഞവൻ തിരിഞ്ഞു നിന്നു. അവൾ അല്പം ചമ്മലോടെ ഗൗണിന്റെ ബട്ടൺ അഴിച്ച ശേഷം പുതപ്പ് കൊണ്ട് മുകൾ ഭാഗം മറച്ചു പിടിച്ചു.
"Okay ആയോ "??....
"മ്മ്!!".... അവൾ മൂളിയപ്പോൾ സിവാൻ തുണി നനച്ചു കൊണ്ട് അവളുടെ മുതുകു തുടക്കാൻ തുടങ്ങി. അവന്റെ കൈകൾ ശരീരത്തിൽ തട്ടിയതും സെലിൻ ഒന്ന് ഞെട്ടി പിടഞ്ഞ് പോയി. അവൾ വിറയലോടെ ഇരുന്ന് പോയി. സിവാന്റെ നിശ്വാസം പുറം കഴുത്തിൽ തട്ടി തെറിക്കുമ്പോൾ ചുണ്ടുകൾ കടിച്ചു പിടിച്ചവൾ ഇരുന്നു.സെലിന്റെ അതേ അവസ്ഥ തന്നെ ആയിരുന്നു സിവാനും അവളിലെ ഓരോ മാറ്റവും അറിയുന്ന സിവാന് അവളിൽ ഏത് തരം മാറ്റമാണ് ഇപ്പോൾ ഉണ്ടാകുന്നത് എന്നോർത്തു ചിരി വന്നു.
"ഇവളെ കുറ്റം പറയാൻ പറ്റില്ലല്ലോ!!ഞാൻ തന്നെ എന്തോരം കണ്ട്രോൾ ചെയ്തിട്ടാ!!".... അവൻ സ്വയം ഓർത്തു ചിരിച്ചു.
"മ്മ്.... കഴിഞ്ഞു!!".... അവൻ അത് പറഞ്ഞപ്പോൾ സെലിൻ ഡ്രസ്സ് വലിച്ചിട്ടു. സിവാന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി.
"ഹ്മ്മ്.... എന്ത് വന്നാലും ശരി. ഇനി ഇച്ചായനെ ഇവിടെ നിർത്താൻ പാടില്ല. അതെനിക്ക് പണിയാകും!"... അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് കിടക്കാൻ തുടങ്ങിയതും.
"ഏയ് കിടക്കല്ലേ!!"...
"എന്താ "??
"മുടി കൂടെ കെട്ടിവെച്ചിട്ട് കിടക്കാം!!"... അതും പറഞ്ഞവൻ ബെഡിലേക്ക് ഇരുന്ന് അവളുടെ മുടി ജട കളഞ്ഞു പിന്നിയിട്ടു.
"തലയിൽ കെട്ടുള്ള കൊണ്ട് മുകളിൽ കെട്ടി വെക്കാൻ പറ്റൂല്ല. കുറച്ചൂടെ ആഴത്തിലുള്ള ഇഞ്ചുറി ആരുന്നേൽ അവര് തല ഷേവ് ചെയ്തേനെ. വേദനയുണ്ടോ ഇപ്പോ "??....
"ഇല്ല കുറവുണ്ട്!!"....പിന്നെ കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല. അങ്ങനെ തന്നെ ഇരുന്നു.
"സെലിനെ....!!".... അല്പം കഴിഞ്ഞതും അവൻ വിളിച്ചു.
"മ്മ്....!!"....
"ഞാൻ.... ഞാൻ ഒന്ന് കെട്ടി പിടിച്ചോട്ടെ??".... അവൻ ചോദിച്ചത് കേട്ട് അവൾ ഞെട്ടി.
"പ്ലീസ്.... ഒരു വട്ടം!!"....
"എപ്പോഴും എല്ലാം എന്നോട് ചോദിച്ചിട്ടാണോ ചെയ്യാറ് "??.... അവൾ ഗൗരവത്തോടെ ചോദിച്ചതും അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു.
"ഹ്മ്മ്.... അപ്പോ പിടിക്കാല്ലേ??".... അവൾ ഒന്നും മിണ്ടിയില്ല. മൗനം സമ്മതമെന്ന പോലെ ഇരുന്ന് പോയി. സിവാൻ അവളെ പിന്നിൽ നിന്നും ചേർത്ത് കെട്ടി പിടിച്ചു കൊണ്ട് അവളുടെ ഇടം കഴുത്തിൽ മുഖം പൂഴ്ത്തി.
"ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്റെ സെലിനെ!!നഷ്ടപ്പെട്ടു പോകുവോ എന്ന് പോലും പേടിച്ചു പോയി ഞാൻ!!നീ ഇല്ലാണ്ട് എനിക്ക് ഒരു നിമിഷം പോലും പറ്റില്ല സെലിനെ!!".... അവന്റെ കണ്ണുകൾ നനഞ്ഞത് അവളറിഞ്ഞു. കഴുത്തിലെ നനവ് അവന്റെ കണ്ണീരും തന്നോട് അടങ്ങാത്ത പ്രണയവും ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ നെഞ്ചും വിങ്ങി. ഒരു പൊട്ടിക്കരച്ചിൽ പുറത്തേക്ക് വരുമെന്ന് തോന്നിയതും അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോയി.
"ഇങ്ങനെ സ്നേഹിച്ചെന്നെ വിഷമിപ്പിക്കാതെ ഇച്ചായ!!".... അവളും വിങ്ങി പോയി.
അല്പം കഴിഞ്ഞതും ഏയ്‌റയും സാമും ഹോസ്പിറ്റലിലേക്ക് വന്നു. ഏയ്‌റ നേരെ പോയത് സെലിന്റെ അടുത്തേക്ക് ആയിരുന്നു.
"മോളെ ഡി!!"....
"ആഹ് ചേട്ടത്തി??"... അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ഇതെന്ന പെണ്ണെ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ??നീ കരഞ്ഞോ??"....
"മ്മ്!!ചേട്ടത്തിയുടെ പുന്നാര അനിയൻ എന്നേ സെന്റി അടിപ്പിച്ചു വീഴ്ത്താൻ ഉള്ള പ്ലാനിലാ.!!".....
"എന്നിട്ട് നീ വീണോ "??
"വീണാൽ കള്ളി വെളിച്ചത്താവൂല്ലേ!!"...
"മ്മ് അതോർമ വേണം. നാളെത്തെ കൂടെ കാര്യല്ലേ ഉള്ളു. അത് കഴിഞ്ഞാൽ വീട്ടിൽ പോകാന്നു ആനി പറഞ്ഞു. ഞങൾ വരും വഴി അവളെ പോയി കണ്ടാരുന്നു!!"....
"വീട്ടിലുള്ളവരോട് എല്ലാം പറഞ്ഞോ??"....
"നിനക്ക് ഒന്നും ഓർമയില്ലന്ന് കേട്ടപ്പോഴേ റീനയുടെ കിളിയൊക്കെ കൂടും കെടക്കയും എടുത്തു പറന്നു പോയി. പിന്നെ സൈമൺ ഉണ്ടാരുന്ന കൊണ്ട് അവൻ പറഞ്ഞു സമാധാനിപ്പിച്ചു!!"....
"ഇങ്ങോട്ട് വരണോന്ന് വല്ലോം പറഞ്ഞോ??"....
"മ്മ്... രണ്ടും വരാൻ ഇരുന്നതാ!!ഞാനാ പറഞ്ഞെ വേണ്ടന്ന്!!അവൾ ഇങ്ങനെ ഇരിക്കുമ്പോ ഹോസ്പിറ്റൽ കേറി ഇറങ്ങുന്നത് ശരിയല്ല വല്ല അസുഖോം പിടിക്കും!!"....
"മ്മ്.... അത് നന്നായി!!"....
"ഞാൻ പുറത്തോട്ട് ചെല്ലട്ടെ!!ഇച്ചായൻ അവന്റെ കൂടെ നിൽപ്പാ അവന്റെ സെന്റിയടി കേട്ട് വല്ലോം വിളിച്ചു പറഞ്ഞാൽ ഇത്രേം നേരം വെള്ളം കോരിയത് വെറുതെ ആവും!!".....
"മ്മ്.... ഇനി ആ മുതലിനെ ഒറ്റക്ക് ഇവിടെ ആക്കിട്ടു പോയേക്കല്ല്!!ഞാൻ പല കാര്യങ്ങളും ഈ കിടപ്പ് കിടന്നോണ്ട് നേരിടേണ്ടി വരും. അതുകൊണ്ടാ!!".... സെലിൻ പറഞ്ഞതിന്റെ അർഥം മനസിലായതും ഏയ്‌റ ചിരിയോടെ പുറത്തേക്ക് പോയി.
2 ദിവസത്തിന് ശേഷം. കുരീക്കാട്ടിൽ
"റീന മോളെ... സിവാൻ വിളിച്ചോ?? അവര് എത്താറായോ??".... അടുക്കളയിൽ എന്തോ ജോലിയിൽ ആയിരുന്ന ഏയ്‌റ ഹാളിലേക്ക് വന്ന് റീനയോട് ചോദിച്ചു.
"ഇല്ല ചേട്ടത്തി. സാമൂവൽ ഇച്ചായൻ ഒരു ഒരുമണിക്കൂർ മുൻപ് വിളിച്ചിട്ട് അവര് പുറപ്പെട്ടു എന്ന് പറഞ്ഞു. ഇപ്പോ ഇങ്ങ് എത്തുവാരിക്കും...!!"...
"ഞാൻ അപ്പോഴേ ഇച്ചായനോട് പറഞ്ഞതാ ഞാൻ കൂടെ പോകാന്ന്....!!"....
"അത് സാരമില്ലന്റെ ചേട്ടത്തി റബേക്ക ചേച്ചി ഉണ്ടല്ലോ കൂടെ....!!"....
"മ്മ്.... പിന്നെ റീന മോളെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ!!സെലിൻ ചിലപ്പോൾ പരസ്പര ബന്ധം ഇല്ലാത്ത പോലെ സംസാരിച്ചെന്ന് വരും. നീ അതറിഞ്ഞു വേണം അവളുടെ കൂടെ നിൽക്കാൻ....!!"....
"ശരി ചേട്ടത്തി ഞാൻ ശ്രദ്ധിച്ചോളാം....!!".... റീന പറഞ്ഞു തീർന്നതും ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നു.
"ആഹ് അവരാണെന്ന് തോന്നുന്നു....!!വാ..."... ഏയ്‌റ പറഞ്ഞു. അവർ രണ്ടാളും കൂടെ പുറത്തേക്ക് ഇറങ്ങി വന്നു. കാറിന്റെ ശബ്ദം കേട്ടതും അച്ചുവും റിച്ചുവും പുറത്തേക്ക് ഓടി.
"ഇളേമ്മ വന്നോ മമ്മി "??.... അച്ചു ചോദിച്ചു.
"ആഹ് വന്നു വന്നു. ദേ ഇളേമ്മക്ക് വയ്യാണ്ടായി ഇരിക്കുവാ പോയി ശല്യം ഒന്നും ചെയ്തേക്കല്ല്...!!"....
"ഇല്ല മമ്മി.....!!".... രണ്ടാളും തലയാട്ടി സമ്മതിച്ചു. കാർ ഓഫ് ആയതും ഡോർ തുറന്ന് സിവാൻ പുറത്തേക്ക് ഇറങ്ങി. കൂട്ടത്തിൽ സാമൂവലും റബേക്കയും സാമും ഉണ്ടാരുന്നു. സെലിൻ റബേക്കയുടെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങിയതും. അച്ചുവും റിച്ചുവും ഓടി വന്നു.
"ഇളെമ്മേ....!!"... അവര് വിളിച്ചു.
"ആഹ്....ഇത് ആര് കൊച്ചുണ്ണി ഇച്ചായന്റെ പിള്ളേരല്ലേ ???"... സെലിൻ ചോദിച്ചതും. സാമൂവൽ ഒന്ന് ഞെട്ടി.
"എന്റെയാ?? 😳..."!!....
"സാരമില്ല....ഇച്ചായ അവന്മാരും നമ്മടെ പിള്ളേരല്ലേ...??വിട്ട് കള."... റബേക്ക പറഞ്ഞതും അവൻ ശ്വാസം വലിച്ചു വിട്ടു.
"കൊച്ചുണ്ണി ഇച്ചായനാ?? അതാരാ റിച്ചു??".... അച്ചു അവന്റെ കാതിൽ മെല്ലെ ചോദിച്ചു.
"ചിലപ്പോ പപ്പയുടെ nick name ആരിക്കും ചേട്ടായി!!കൊള്ളാല്ലേ??".... പിള്ളേര് സ്വകാര്യം പറഞ്ഞു.
"മ്മ്....!!"....
"ലവാ....കുശാ....രണ്ടാളും ഇങ്ങ് വന്നേ ചോദിക്കട്ടെ...!!"..... സെലിൻ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും.
"ആഹ്.... അതൊക്കെ പിന്നെ ആവട്ടെ മോളെ ഇപ്പോ നീ വാ അകത്തേക്ക് കയറ്...!!".... സാം പറഞ്ഞതും സെലിൻ വീടിന്റെ അകത്തേക്ക് കയറി പോയി.
"അതെന്നാടാ ഇളേമ്മ നമ്മളെ ലവാന്നും കുശാന്നും വിളിച്ചേ??".... അച്ചു ചോദിച്ചു.
"ചിലപ്പോ വാവ കുശു വിട്ടോ എന്നായിരിക്കും ചേട്ടായി. ഏദന്റെ കാര്യാരിക്കും!!".... റിച്ചു പറഞ്ഞു.
"ആ... അരിക്കും ആരിക്കും!!".....അവരും അകത്തേക്ക് നടന്നു.
"എന്നതാടാ സാമൂവലെ വരാൻ ഇത്രയും വൈകിയേ "??.... ഏയ്‌റ അമ്മച്ചി ടോണിൽ ചോദിച്ചു.
"ആഹ് അത് ചേ... ആഹ്....അല്ല അമ്മച്ചി വരുന്ന വഴിക്ക് കൊച്ചിന് ഐസ് ക്രീം വേണോന്ന് പറഞ്ഞ് ഒരേ നിർബന്ധം. അപ്പോ അത് തപ്പി പോയപ്പോ കുറച്ച് വൈകി അതാ....!!".... സാമൂവൽ പറഞ്ഞു.
"പക്ഷെ അത് കൊള്ളില്ലാരുന്നു അമ്മച്ചി. ഈ ഭൂതം അല്ലേ വാങ്ങി കൊണ്ട് വന്നേ.... ഒരു വകക്ക് കൊള്ളില്ലാരുന്നു!!".... സെലിൻ സിവാനെ നോക്കി പറഞ്ഞു.
"ഭൂതം അല്ലടി ഭാവി. കൊള്ളില്ലന്ന് പറഞ്ഞിട്ട് പൊന്ന് മോള് മാക്ക് മാക്ക്ന്ന് മൂന്നെണ്ണം ആണല്ലോ വലിച്ച് കയറ്റിയത്...!!".... അവൻ ചോദിച്ചു.
"അതെന്റെ ഇഷ്ടം നീ പോടാ മാക്രി....!!".... സെലിൻ സിവാനെ വിളിക്കുന്ന പേര് കേട്ട് അച്ചുവും റിച്ചുവും പൊട്ടി ചിരിച്ചു. സിവാൻ കണ്ണ് കൂർപ്പിച്ചു രണ്ടാളെയും നോക്കിയപ്പോൾ രണ്ടും വായും പൊത്തി അകത്തേക്ക് കയറി പോയി.
"എന്റെ പൊന്ന് സെലിൻ മോളെ അവനെ ഇങ്ങനെയൊക്കെ ഉള്ള പേര് വിളിച്ച് നീ എന്നെ ചിരിപ്പിക്കാതെ. ഒരു വിധത്തിലാ ഞാൻ ചിരിക്കാതെ നിന്ന് അഭിനയിക്കണേ!!".... ഏയ്‌റ സെലിന്റെ കാതിൽ മെല്ലെ പറഞ്ഞതും അവൾ ചിരി കടിച്ചമർത്തി.
"ഹോ എന്തൊരു ചൂട്....!!".... സെലിൻ അതും പറഞ്ഞ് സോഫയിലേക്ക് ഇരുന്നു. അപ്പോഴേക്കും എല്ലാവരും അകത്തേക്ക് കയറി വന്നു.
"അപ്പച്ച....!!"...
"എന്താ മോളെ "??.... സാം ചോദിച്ചു.
"ആഹ്....എവിടെ ഇത്തിക്കര പക്കിയും പെണ്ണും?? ഞാൻ ഹോസ്പിറ്റലിൽ കിടന്നിട്ട് രണ്ടും ഒന്ന് കാണാൻ പോലും വന്നില്ലല്ലോ!!!"....സെലിൻ പറഞ്ഞു.
"അവരിവിടെ ഉണ്ട് മോളെ. നിന്റെ ഇച്ചായന്റെ പെണ്ണല്ലേ അമ്മച്ചിയുടെ അടുത്ത് നിന്നത്. നീ കണ്ടില്ലേ??...!!"... സാം പറഞ്ഞു.
"അയ്യോ ഞാൻ നോക്കിയില്ല!!"....
"ആഹ്....ദേ ഇതാ നീ ചോദിച്ച ഇത്തിക്കര പക്കിയുടെ പെണ്ണ്...!!"... സാം റീനയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
"ഇത്തിക്കര പക്കിയാ?? 😳😳അങ്ങേര് പേരും മാറ്റിയോ?? സൈമൺ എന്ന പേരിനിപ്പോ എന്നതാരുന്നു കൊഴപ്പം "??.. റീന ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഓർത്തു. അവൾ പെട്ടെന്ന് സെലിനെ നോക്കി നന്നായി ഒന്ന് ഇളിച്ചു. സെലിൻ റീനയെ അടിമുടി ഒന്ന് നോക്കി.
"ഏഹ്....ഇതോ?? ഇതെന്നാ ഇച്ചായൻ ഒരു കാട്ടുപൂച്ചയെ ആണോ കെട്ടിയെ?? ഇതിന്റെ വയർ എന്നാ വീർത്തിരിക്കുന്നെ??"... സെലിൻ ചോദിച്ചു...!!!
💞💍💞💍💞💍💞💍💞💍💞💍💞💍💞
ഈ പെണ്ണ് ഇത് കൊളവാക്കും. ഒരു മയത്തിലൊക്കെ തട്ട് പെണ്ണെ. എപ്പോഴും എപ്പോഴും പുഴുങ്ങി തരാൻ ഓസ്കാർ ഒന്നും ഞാൻ എടുത്തു വെച്ചിട്ടില്ല. ഇനിയെന്റെ റീന മോളുടെയും ഇച്ചായന്റേം അവസ്ഥ എന്നതാരിക്കുവോ എന്തോ?? പാവം എന്റെ സിവാച്ചൻ അങ്ങേര് അറിയുന്നില്ലല്ലോ ഇനി എന്നതാ നടക്കാൻ പോണേ എന്ന് 🤣🤣ഇനി അങ്ങോട്ട് കണ്ണടക്കേണ്ട പല കാര്യങ്ങളും കൈ വിട്ട ചില കളികളും വന്നേക്കാം. എന്നോടൊന്നും ചോദിക്കണ്ട ഞാൻ തന്നെയാണ് ഉത്തരവാദി. ഇനി ഒരു ISD call ബുക്ക് ചെയ്യട്ടെ 🫣🫣🫣എന്നിട്ട് കാണാം. പിന്നെ എല്ലാവരും ഷെയർ ചെയ്ത് റിവ്യൂ പറഞ്ഞു സഹകരിക്കണം എന്നും ഈ കല്യാണം ഒരു വമ്പിച്ച വിജയമാക്കി തീർക്കണമെന്നും അഭ്യർത്ഥിക്കുന്നു 😜😜😜അപ്പോ അടുത്ത പാർട്ടിൽ കാണാം.
തുടരും...