രചന: സജി തൈപ്പറമ്പ്.
അയാളെ ഞാൻ ഇന്നലെ ടൗണിൽ വച്ച് കണ്ടിരുന്നു
ആദ്യമായി എന്നെ കാണാൻ വന്നപ്പോഴുള്ള അതേ ജാള്യത അപ്പോഴും ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു
കണ്ടിട്ടും കാണാത്തത് പോലെ ഞാൻ ഒഴിഞ്ഞ് പോകാൻ ശ്രമിച്ചപ്പോൾ അയാളെന്നെ പുറകിൽ നിന്ന് വിളിച്ചു
ഹേമാ,,,
വിളി കേട്ട ഞാൻ ചോദ്യഭാവത്തിൽ തിരിഞ്ഞ് നിന്നു, എൻ്റെ മുഖത്തപ്പോൾ പരമാവധി ഗൗരവം ഞാൻ നിറച്ചിട്ടുണ്ടായിരുന്നു.
ഉം എന്താ? എന്ത് വേണം?
അനുഭാവം തെല്ലും പ്രകടിപ്പിക്കാതെയായിരുന്നു
എൻ്റെ ചോദ്യം
നിൻ്റെ രണ്ടാംവിവാഹം കഴിഞ്ഞെന്നറിഞ്ഞു ,അല്ല അതൊരു തെറ്റല്ല, നീയിപ്പോഴും ചെറുപ്പമാണ്, അപ്പോൾ സ്വാഭാവികമായും നിനക്കൊരു ഭർത്താവിനെ
എല്ലാ അർത്ഥത്തിലും ആവശ്യമായിരിക്കാം ,
അതിലെനിക്ക് പരാതിയുമില്ല, പക്ഷേ,എൻ്റെ മക്കളെയെന്തിന് നീ ബലിയാടാക്കി ? അവരെ എനിക്ക് തിരിച്ച് തന്നിട്ട്, നീ നിൻ്റെ ഇഷ്ടം പോലെ ജീവിച്ചോളു,,
ഹേയ് മിസ്റ്റർ,, നിങ്ങളെന്താ വിചാരിച്ചത് ?എൻ്റെ യൗവ്വനം പാഴാകാതിരിക്കാൻ മാത്രമാണ് ഞാൻ വിവാഹം കഴിച്ചതെന്നോ?
എന്നാൽ നിങ്ങൾക്ക് തെറ്റി ,ഒരു ഭർത്താവ് വേണമെന്ന തോന്നൽ എനിക്കുണ്ടായത് തന്നെ, എൻ്റെ മക്കൾക്ക് ഒരു അച്ഛൻ വേണമെന്ന ചിന്തയിലൂടെയാണ് ,അവരോട് കൂടി ആലോചിച്ചിട്ടാണ് ഞാൻ വിവാഹിതയായത്,
എന്ന് ഞാൻ വിശ്വസിക്കണമല്ലേ? നിൻ്റെ സൗകര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വേണ്ടി, മക്കളെ നീ മെരുക്കിയെടുത്തു എന്ന് പറയുന്നതല്ലേ ശരി ,ഒരു അന്യപുരുഷനോട് സ്നേഹം തോന്നാനും, അയാളെ ഭർത്താവായി സ്വീകരിക്കാനും നിനക്ക് എളുപ്പം കഴിയും ,എന്നാൽ മക്കൾക്ക് അങ്ങനെയല്ല ,സ്വന്തം തന്തയെ മാത്രമേ അവർക്ക് ആത്മാർത്ഥമായി സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുകയുള്ളു,
അത് കൊണ്ട്, എൻ്റെ മക്കളെ എനിക്ക് വേണം ,,
അത് കേട്ട് ഞാൻ അയാളെ നോക്കി പുശ്ചത്തോടെ ചിറി കോട്ടി.
നിങ്ങള് വിളിച്ചാൽ അവര് വരുമെങ്കിൽ, കൊണ്ട് പൊയ്ക്കോളു,,
വെല്ലുവിളിയോടെയാണ് ഞാനയാൾക്ക് മറുപടി കൊടുത്തത്.
അന്ന് സ്കൂള് വിട്ട് വരുന്ന മക്കളെ കാത്ത്, അയാള് ക്ഷമയോടെ നിന്നു,
ആദ്യമായി അയാൾ സ്വബോധത്തോടെ മക്കളെ അഭിമുഖീകരിച്ചു ,എന്നിട്ടും കാലങ്ങളായി കാണാതിരുന്ന മക്കൾക്ക് വച്ച് നീട്ടാൻ ,അപ്പോഴും അയാളുടെ കൈയ്യിൽ ഒരു ചോക്ളേറ്റു പോലുമില്ലായിരുന്നു,
മക്കളേ ,, 'നിങ്ങടെ സമ്മതത്തോടെയല്ല അമ്മ ഏതോ ഒരുത്തനെ കല്യാണം കഴിച്ചതെന്ന് അച്ഛന് അറിയാം, ഗതികേട് കൊണ്ടല്ലേ നിങ്ങളിപ്പോൾ അമ്മയോടൊപ്പം കഴിയുന്നത് ,ഇനി അതിൻ്റെ ആവശ്യമില്ല ,നിങ്ങളെ കൂട്ടിക്കൊണ്ട് പോകാനാണ് അച്ഛൻ വന്നിരിക്കുന്നത് ,വരൂ ,, രണ്ട് പേരും വന്ന് കാറിൽ കയറു,,
അയാള് മക്കളെ ബ്രെയിൻ വാഷ് ചെയ്യാൻ ശ്രമിച്ചു. പക്ഷേ, ഒൻപതാം ക്ളാസ്സുകാരനായ എൻ്റെ മകൻ്റെ മറുപടി എന്നെ പോലും അത്ഭുതപ്പെടുത്തി
ഓർമ്മ വച്ചപ്പോൾ ,അമ്മ ഞങ്ങളോട് പറഞ്ഞിരുന്നത് നിങ്ങളാണ് ഞങ്ങടെ അച്ഛനെന്നാണ് ,പക്ഷേ, എന്നും കുടിച്ചിട്ട് വന്ന് അമ്മയെ പൊതിരെ തല്ലുകയും തടയാൻ ശ്രമിക്കുന്ന ഞങ്ങളെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന നിങ്ങളെ ഞങ്ങൾക്ക് പേടിയായിരുന്നു ,
കൂട്ടുകാരൊക്കെ അവരുടെ അച്ഛനെക്കുറിച്ച് സ്നേഹത്തോടെ സംസാരിക്കുമ്പോൾ അങ്ങനെ ഒരച്ഛനെ കിട്ടിയിരുന്നെങ്കിലെന്ന് ഞങ്ങൾ ഒരു പാട് ആഗ്രഹിച്ചിരുന്നു,
ഒടുവിൽ കോടതി മുറിയിൽ വച്ച് ഞങ്ങൾക്ക് അമ്മയോടൊപ്പം പോയാൽ മതിയെന്ന് തീർത്ത് പറഞ്ഞത് ,
നിങ്ങൾ ഞങ്ങടെ അച്ഛനല്ലെന്ന് നിങ്ങളുടെ ക്രൂരമായ പെരുമാറ്റത്തിലൂടെ ഞങ്ങൾക്ക് മനസ്സിലായത് കൊണ്ടായിരുന്നു,
സ്നേഹമോ ,വാത്സല്യമോ ഒന്നും നിങ്ങള് ഞങ്ങൾക്ക് ഒരിക്കലും തന്നിരുന്നില്ല ,അപ്പോഴേ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു, നിങ്ങളല്ല ഞങ്ങളുടെ അച്ഛനെന്ന് ,
അങ്ങനെ ഇരിക്കുമ്പോഴാണ്, ഞങ്ങടെ വീട്ടിലേയ്ക്ക് പുതുതായി ഒരാള് വരുന്നത് ,അയാള് ഞങ്ങളോട് സ്നേഹത്തോടെ സംസാരിച്ചു വാത്സല്യത്തോടെ ഞങ്ങടെ വിശേഷങ്ങൾ ചോദിച്ചു, ആദ്യമൊക്കെ ഞങ്ങൾക്ക് അയാൾ ഒരന്യനായി തോന്നിയെങ്കിലും ഞങ്ങൾ ആഗ്രഹിച്ച ഒരു അച്ഛൻ്റെ സ്നേഹവും കരുതലും പരിഗണനയുമൊക്കെ അയാളിലുണ്ടെന്ന് ഞങ്ങൾക്ക് പതിയെ ബോധ്യമായി ,
ഞങ്ങളുടെ ആവശ്യപ്രകാരം വല്ലപ്പോഴും വന്ന് കൊണ്ടിരുന്ന അദ്ദേഹം പിന്നീട് തുടർച്ചയായി വരാൻ തുടങ്ങി, അപ്പോഴൊക്കെ ഞങ്ങൾക്ക് ചേക്ളേറ്റും ഐസ്ക്രീമുമൊക്കെ വാങ്ങി കൊണ്ട് വരാൻ അയാൾ മറന്നില്ല, ഞങ്ങളോട് ചോദിച്ച്, ഞങ്ങൾക്ക് കൊതിയുള്ള പലഹാരങ്ങൾ വാങ്ങിച്ച് തരാനും അയാൾക്ക് ഉത്സാഹമായിരുന്നു,,
മഴയും കാറ്റുമുള്ള ഒരു ദിവസം അയാൾ വീട്ടിൽ വന്നപ്പോൾ കിങ്ങിണി മോൾക്ക് തീരെ സുഖമില്ലായിരുന്നു, പനിച്ച് വിറയ്ക്കുന്ന കിങ്ങിണി മോളെയും എന്നെയും ചേർത്ത് പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുന്ന അമ്മയുടെ കൈയ്യിൽ നിന്നും കിങ്ങിണി മോളെയുമെടുത്ത് തോളിലിട്ട് കൊണ്ട്, കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ അയാൾ ആശുപത്രിയിലേക്കോടി,,
അത് കണ്ട് ആശ്വാസത്തോടെ എന്നെ കെട്ടിപ്പിടിച്ചിരുന്ന അമ്മയോട് ഞാൻ ചോദിച്ചു ,അയാളെ ഞങ്ങൾ അച്ഛനെന്ന് വിളിച്ചോട്ടെ,
ഇത് പോലൊരു അച്ഛനെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ,
അപ്പോൾ അമ്മ എന്നോട് പറഞ്ഞു ,അത് നീ തന്നെ അദ്ദേഹം വരുമ്പോൾ ചോദിച്ച് നോക്കാൻ,,
ആശുപത്രിയിൽ കൊണ്ട് പോയ കിങ്ങിണിയെയും കൊണ്ട് അദ്ദേഹം മടങ്ങി വന്നപ്പോൾ, ഞാനദ്ദേഹത്തോട് ചോദിച്ചു,
ഞങ്ങടെ അമ്മയെ കല്യാണം കഴിച്ചൂടെ? അപ്പോൾ പിന്നെ ഞങ്ങൾക്ക് അച്ഛാന്ന് വിളിക്കാമല്ലോന്ന്, അത് കേട്ട് അദ്ദേഹം കിങ്ങിണി മോളോടൊപ്പം എന്നെയും കൂടെ ചേർത്ത് പിടിച്ചു.
അന്ന് മുതൽ ആ മനുഷ്യനാണ് ഞങ്ങടെ അച്ഛൻ ,അല്ലാതെ ഞങ്ങടെ അമ്മയെ കല്യാണം കഴച്ചത് കൊണ്ടോ, അവരെ ഗർഭിണി ആക്കിയത് കൊണ്ടോ നിങ്ങൾ ഞങ്ങടെ അച്ഛനാവില്ല, അത്കൊണ്ട് ഇനി മേലാൽ ഞങ്ങടെ പുറകെ വരരുത്,,
മകൻ്റെ മറുപടി കേട്ട അയാൾ, തിരിച്ചൊന്നും പറയാതെ മടങ്ങി പോയി, ഇന്ന് ഞങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു,
ലൈക്ക് കമന്റ് ചെയ്യണേ....