രചന : പ്രവീണ സുജിത്ത്
പതിഞ്ഞ താളത്തിൽ പാട്ടുകൾ മാറിക്കോണ്ടേയിരിന്നു ബസ്സിലെ അരണ്ട വെളിച്ചത്തിലൂടെ അവൾ പുറത്തേക്ക് നോക്കുമ്പോൾ ബസ് മെല്ലെ ബ്ലോക്കിൽ നിന്നും നീങ്ങി കഴിഞ്ഞു.
തീർത്തും ആസ്വസ്ഥം ആയിരുന്നു അവളുടെ മനസും.അവൾ തനിക്കരികിൽ കല്ലു മോളെയും ചേർത്ത് പിടിച്ചു ഇരിക്കുന്ന അനൂപിനെ നോക്കി, പിന്നെ ആ തോളിലേക്ക് ഒന്ന് തല ചായിച്ചു ഒരു ആശ്വാസത്തിനെന്നോനം. തന്റെ നല്ല പാതിയുടെ മനസ് മനസിലാക്കിയെന്നോണം അവൻ ഒരു കൈ അവളുടെ തോളിലൂടെ ചുറ്റി അവളെ ചേർത്ത് പിടിച്ചു.
'എടൊ താനും കൂടി ഇങ്ങനെ ആയാലോ ' അവൻ അൽപ്പം ഗൗരവം കലർത്തി ചോദിച്ചു.
'പറ്റുന്നില്ല അനൂപേട്ടാ, എനിക്ക് അവരെ എല്ലാം ഫേസ് ചെയ്യാൻ പേടി ആവുന്നു. പ്രേത്യേകിച്ചു അവനെ, ഞാൻ എന്ത് പറയും അവനോട്.....'
അവൾ കരച്ചിൽ അടക്കി പറഞ്ഞു.
'കഴിഞ്ഞത് കഴിഞ്ഞു, ഇനി എന്തെന്നാണ് ആലോചിക്കേണ്ടത്. കരച്ചിലിൽ പങ്കു ചേരാൻ വേണ്ടി ആണോ പൊന്ന് മോൾ എന്നെകൊണ്ട് ലീവും എടുപ്പിച്ചു ബാംഗ്ലൂർ നിന്നും ഇങ്ങോട്ട് വന്നത്. വല്ല്യ സൈക്കാട്രിസ്റ്റ് ആണത്രേ.'
അവൻ പുച്ഛം കലർത്തി പറഞ്ഞു.
'സൈക്കാട്രിസ്റ്റിനു എന്താ മനസും വിഷമവും ഒന്നുമില്ലേ ' അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി എണീറ്റ് പുറത്തേക്ക് നോക്കി ഇരുന്നു.
'എന്റെ പൊന്ന് കാത്തു നിന്നെ ദേഷ്യം പിടിപ്പിക്കാനോ വിഷമിപ്പിക്കാനോ പറഞ്ഞതല്ല. അപ്പച്ചി വിളിച്ചപ്പോ പറഞ്ഞെ അല്ലെ വീട്ടിലെ അവസ്ഥ. നിന്നോട് അവനു ഇത്തിരി പേടിയും ബഹുമാനോം ഉള്ളോണ്ട് നീ പറഞ്ഞാൽ അവൻ കേൾക്കും അതല്ലേ അപ്പച്ചി നമ്മളെ അവിടുന്നു വിളിച്ചേ. എല്ലാം ശെരിയാവുടോ. താൻ രാഹുലിനെ വിളിച്ചാരുന്നോ.' അവൻ ചോദിച്ചു.
'മ്മ്ഹ്ഹ്' അവൾ ഒന്ന് മൂളുക മാത്രം ചെയ്ത്.
'താൻ ഒന്ന് ഉറങ്ങിക്കോ.... ഡിപ്പോ എത്തുമ്പോ ഞാൻ വിളിക്കാം ' അവൻ പറഞ്ഞത് കേട്ട് അവൾ കണ്ണടച്ചിരുന്നു. ഉറങ്ങാൻ ഒന്നും പറ്റിയില്ല അവളുടെ ഓർമയിൽ അപ്പോഴും അവന്റെ കരച്ചിൽ ആയിരുന്നു. അത് ഓർക്കേ ഓർക്കേ അവളുടെ ഉള്ളൂ നീറി. ഇടയ്ക്ക് എപ്പോഴോ നിദ്ര അവളെ തഴുകി.
അനൂപ് അപ്പോഴും കാർത്തികയെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. അവനു അറിയാം അവളുടെ ഉള്ളെത്ര പിടയ്ക്കുന്നുണ്ടെന്ന്. ആ ദിവസത്തെ കുറിച്ചു ഓർക്കരുതെന്ന് മനസിനെ ചട്ടം കെട്ടിയിട്ടും അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ വീണ്ടും ആ ഓർമ അവനെ വരിഞ്ഞു മുറുക്കുന്നുണ്ടായി. അവനും കണ്ണടച്ച് കല്ലു മോളെയും ചേർത്ത് പിടിച്ചു സീറ്റിലേക്ക് തല ചായിച്ചു.
----*---*------*-------*-------------------*------*-----*-----*------*---
' എവിടെ എത്തി അനൂപേട്ടാ ഞാൻ പാർക്കിങ്ങിൽ വെയിറ്റ് ചെയ്യുന്നുണ്ട്. മ്മ്മ് നല്ല ബ്ലോക്ക് ആയിരുന്നല്ലേ... ഞാൻ കുറച്ച് നേരം ആയി വന്നിട്ട്. ആ.. പാട്ടൊക്കെ കേട്ട് ഇരുന്നു... മ്മ്മ്മ് വീട്ടിൽ ചെന്നിട്ടും കാര്യം ഒന്നും ഇല്ലെല്ലോ അതാണ് ഞാൻ വിളിക്കാഞ്ഞേ..... കുറച്ച് നേരം ആ atmosphere -ഇൽ നിന്നും മാറി നിക്കാല്ലോ. എത്തുമ്പോ ഇങ്ങു വന്നാൽ മതി. ഞാൻ കാറിൽ ഉണ്ടാവും' അവൻ കാൾ കട്ട് ചെയ്തു
'കാർത്തി ആയിരുന്നെടോ, അവൻ കുറെ നേരം ആയി വന്നിട്ട് ' അനൂപ് കാർത്തികയോട് പറഞ്ഞു.
'മ്മ്മ്മ്. അവൻ വീട്ടീന്ന് എസ്‌കേപ്പ് ആയതാവും. പാവം ' അവൾ ഒന്ന് നെടുവീർപ്പിട്ടു.
'ഈ ബസ് എന്താഅച്ഛേ പതുക്കെ പോവുന്നേ. ആ മാമന് വണ്ടി ഓടിക്കാൻ അറിയില്ല. കല്ലു മോൾ ഓടിക്കാന്ന് പറ.' ബ്രും ബ്രും. അവൾ ചുണ്ടും കൊണ്ട് വണ്ടി ഓടിക്കാൻ തുടങ്ങി.
'അച്ഛേടെ കല്ലുന് ഓടിക്കാൻ ടോയ് ബസ് വാങ്ങി തരാട്ടോ' അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.
'എന്തിനാ ടോയ് ഒരു ksrtc ബസ് തന്നെ വാങ്ങി കൊടുക്ക്. ഒരു അച്ഛനും മോളും എന്ത് പറഞ്ഞാലും അവക്ക് ഒപ്പം തുള്ളി കൊടുത്തോണം'. കാർത്തിക ഗൗരവക്കാരി ആയ അമ്മ ആയി.
'ഈ അമ്മ.... ഞാൻ അമ്മമ്മേടെ വീട്ടിൽ എത്തുമ്പോ മാമനെ കൊണ്ട് വാങ്ങിപ്പിക്കുല്ലോ'
കല്ലുവും വിട്ട് കൊടുത്തില്ല.
'മ്മ് മതി മതി. അമ്മേം മോളും.നമുക്ക് ഇറങ്ങാറായി' അനൂപ് ചിരിച്ചു കൊണ്ട് പറഞ്ഞു.
ബസിൽ നിന്നും ബാഗുകളും എടുത്ത് അവൻ ഇറങ്ങി. കല്ലു മോളെ കാർത്തിക എടുത്തു പിടിച്ചു. പാർക്കിങ്ങിൽ കാർത്തിക്കിന്റെ കാർ നിർത്തി ഇട്ടേക്കുന്നെ കണ്ട് അവർ അങ്ങോട്ട് നടന്നു. അനൂപ് ഡോർ വിൻഡോയിൽ തട്ടി. കാറിൽ ചാരി മയങ്ങിയ അവൻ പെട്ടെന്ന് എണീറ്റു സന്തോഷത്തോടെ ഡോർ തുറന്നു.
' അനൂപേട്ടാ...' അവൻ അനൂപിനെ കെട്ടി പിടിച്ച് വിളിച്ചു.
' നീ ഇത്തിരി തടിച്ചല്ലോടാ കുഞ്ഞളിയ'
'വീട്ടിൽ തന്നെ ഇരിപ്പ് അല്ലെ'.
രണ്ടാളുടെയും മുഖത്തെ സന്തോഷം പെട്ടെന്ന് ഒന്ന് മിന്നി മാഞ്ഞു.
'കാർത്തി മാമേ....' കല്ലു നീട്ടി വിളിച്ചു.
അവൻ തിരിഞ്ഞ് കാർത്തികയുടെ കയ്യിൽ നിന്നും അവളെ എടുത്തു.
'മാമന്റെ പൊന്നെ.....' അവൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു അവൾ തിരിച്ചും. അവൾ തുരു തുരാ വിശേഷം പറഞ്ഞു തുടങ്ങി അവനും അവൾക്ക് ഒപ്പം മറുപടി കൊടുത്തു നിന്ന്.
'അല്ല നമുക്ക് പോവണ്ടേ ' അനൂപ് ചോദിച്ചു
'നീ നിന്റെ അളിയനേം മോളേം മാത്രേ കണ്ടുള്ളൂ എന്നെ അറിയില്ലേ നിനക്ക്'. കാർത്തിക പരിഭവത്തോടെ ചോദിച്ചു.
' അയ്യോ ഇല്ല, ആരാ മനസിലായില്ല ബസിൽ നിന്നും കിട്ടായതാണോ അളിയാ.' അവൻ അവളെ കളിയാക്കി.
'ഡാ...' അവൾ അവന്റെ കയ്യിൽ ചിരിച്ചു കൊണ്ട് ഒന്നടിച്ചു.
'എന്റെ പുന്നാര ഡോക്ടർ പെങ്ങളെ ഞാൻ മറക്കോ. കല്ലുനെ കണ്ടപ്പോ ഉള്ള സന്തോഷത്തിൽ അല്ലെ..... വിട്ട് കളയൂ
Mrs. കാർത്തിക അനൂപ്'. അവൻ അവളെ ചേർത്ത് നിർത്തി.
'വണ്ടി ഞാൻ എടുക്കാടാ. നീ കേറിക്കോ '
അനൂപ് ഡ്രൈവിങ് സീറ്റിലേക്ക് കയറി. അനൂപ് കോ-ഡ്രൈവർ സീറ്റിലേക്ക് കല്ലു മോളെയും കൊണ്ട് കേറി.കാർത്തിക ബാഗ് ബാക്കിൽ വെച്ച് അവിടെ ഇരുന്നു. വണ്ടി നേരെ ലക്ഷ്മി നിവാസ് ലക്ഷ്യമാക്കി നീങ്ങി.
തുടരും
-*--------------------------*----------------*--------------*--------------*-