രചന: ഹരിത ദാസ്
" ടീ...മോളെ...നിന്നെ മുറിച്ച് വെച്ച കണക്കെ ഒരു പെണ്ണ് ദാ ഇപ്പോ എന്റെ ഷോപ്പിലുണ്ട്."
ടൗണിലെ റെഡിമെയ്ഡ് ഷോപ്പിൽ ജോലി ചെയ്യുന്ന രമ്യ ആര്യയെ ഫോണിൽ വിളിച്ച് പതിഞ്ഞ ശബ്ദത്തിൽ അവളോട് പറഞ്ഞു.
" എന്നെ പോലെയുള്ള പെണ്ണോ? "
ചെറിയൊരു അമ്പരപ്പും ആശ്ചര്യവും ആര്യയുടെ തിരിച്ചുള്ള ചോദ്യത്തിലുണ്ടായിരുന്നു.
" അതെ ടി, നിന്നെ പോലെ തന്നെ.ആ കണ്ണും, മൂക്കും, ചിരിയും, ആ നീളോം വണ്ണോം,ശരിക്കും നിന്നെ പോലെ. ഇപ്പ ദാ എന്റെ മുന്നിലിണ്ട്. നിന്റെ അച്ഛൻ പണ്ടൊരുപാട് നാട് ചുറ്റിയല്ലേ ? ആ വകയിൽ വല്ല കൈ അബദ്ധവും....??
"പ്ഫാ.. തെ#₹ണ്ടി,എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.ഒരാളെ പോലെ ഏഴു പേര് കാണില്ലേ.. അങ്ങനെയുള്ള ആരേലുമാവും,"
" അതൊക്കെ ഇണ്ടാവുമായിരിക്കും, പക്ഷെ,ഇവൾ നിന്റെ എക്സക്ട് കാർബൺ കോപ്പി പോലെ തന്ന!ആര് കണ്ടാലും നിന്റെ ഇരട്ട സഹോദരിയാണെന്നെ പറയുള്ളൂ.എന്തായാലും അവളറിയാതെ നിന്നെ കാട്ടൻ ഞാൻ അവളുടെ ഫോട്ടോ എടുത്തിട്ടുണ്ട് നീ whats up തുറന്ന് നോക്ക് "
"ഓ..നിന്റെയൊരു കാര്യം, ആ...നോക്കട്ട് . നോക്കിട്ട് പറയാം "
ആര്യക്ക് നല്ല ആകാംഷയുണ്ടായിരുന്നു തന്റെ അപരയെ കാണാൻ. അവൾ ദൃതി പെട്ട് whats up തുറന്നു.രമ്യ അയച്ച ഫോട്ടോ ഡൌൺലോഡായി വന്നു. ഫോട്ടോ കണ്ടപ്പോ ആര്യ ശരിക്കും ഞെട്ടി.
"ദൈവമേ ഇത് എങ്ങനെ?എന്നെ പോലെ തന്നെ! ഇവളെ കണ്ടാൽ ആരായാലും എന്റെ അച്ഛനെ സംശയിക്കും."
കുറച്ചു നേരത്തേക്ക് ഹൃദയമിടിപ്പ് നിലച്ച പോലെ അവൾക്കപ്പോൾ തോന്നി.
ഒരു ഉച്ചമയക്കത്തിന്റെ ഇടവേളയിയിൽ കണ്ണുകൾ തുറന്നപ്പോളായിരുന്നു ആര്യക്ക് രമ്യയുടെ കാൾ വന്നത്. അവൾ തന്റെ അപരയെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു. കിടക്കയ്‌ക്ക് തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന അലമാരയുടെ കണ്ണാടിയിൽ അവൾ അവളെ നോക്കി.
"ശരിക്കും നിന്നെ പോലെ "
കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കി അവൾ പറഞ്ഞു.
ആര്യ നേരെ പോയത് അടുക്കളയിലേക്കായിരുന്നു. അമ്മ അവിടെ കാര്യായിട്ട് എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.
"ഹാ... സാമ്പാറിന്റെ മണം.."
അടുക്കളയിൽ കയറിയതും ആര്യയുടെ വയർ കാളൻ തുടങ്ങി. അടുക്കള വായുവിൽ തങ്ങി നിൽക്കുന്ന മല്ലിയില ചേർത്ത കായ സാമ്പാറിന്റെ മണവും ശ്വസിച്ചു അവൾ അമ്മയുടെ സമീപത്തെക്ക് പോയി. ചിരവിയിട്ട തേങ്ങയിൽ നിന്നും ഒരു നുള്ള് തേങ്ങയെടുത്തു അവൾ അവളുടെ ചുണ്ടിലേക്കമർത്തി വായിലാക്കി നുണഞ്ഞു.
" ആ എഴുന്നേറ്റോ കൊച്ചു തമ്പ്രാട്ടി... സാമ്പാറിന്റെ മണം കേട്ടപ്പോ എഴുനള്ളി വന്നതായിരിക്കും ല്ലേ? "
അവളുടെ കയ്യിൽ ഒരു അടിവെച്ചു കൊടുത്തു അമ്മ അവളോട് ചോദിച്ചു.
"അമ്മയ്ക്ക് ഞാൻ ഒരാളെ കാട്ടി തരാം... ദാ നോക്ക് " ആര്യ തന്റെ അപരയുടെ ഫോട്ടോ അമ്മയ്ക്ക് കാട്ടി കൊടുത്തു.
" എന്താ..? "...ഫോട്ടോ നോക്കിയ അമ്മ അവളോട് ചോദിച്ചു.
" ഇത് ആരാ ന്ന് പറയോ? "
"നീയല്ലേ...?"
" അല്ല,എന്നെ പോലെ തന്നെയുള്ള വേറൊരുത്തി യാ "
" നിന്നെ പോലെയുള്ള വേറൊരുത്തി യൊ കണ്ടാൽ നീ ആണെന്നെ പറയൂ.. "
" അതാ ഞാനും കരുതുന്നെ..പണ്ടച്ഛന് വല്ല കൈ അബദ്ധവും?. "
ആര്യ കണ്ണിറുക്കി കൊണ്ട് അമ്മയോട് ചോദിച്ചു.
" ഒന്ന് വെച്ച് തന്നാലുണ്ടല്ലോ..പോയി നിന്റെ അച്ഛനോട് തന്നെ ചോദിക്ക് ഇത് ഏതവളുടെ കുട്ടിയാണെന്ന്?."
ദേഷ്യം പിടിച്ച അമ്മ സാമ്പാറിൽ രണ്ടിളക്കിളക്കി.. പണി പാളി എന്ന് ആര്യക്ക് മനസ്സിലായി.
അമ്മയ്ക്ക് മൂക്കത്താണ് ശുണ്ഠി. അച്ഛനും അമ്മയും എപ്പോ നോക്കിയാലും കീരിയും പാമ്പും പോലെയാണ്.പക്ഷെ ചിലപ്പോൾ ഒടുക്കത്തെ സ്നേഹവും.ഇനി അച്ഛൻ വല്ലോം അടുക്കളയിൽ കയറി വന്നാൽ ഇവിടെ യുദ്ധം നടക്കുമെന്ന് ആര്യക്ക് മനസ്സിലായി ആര്യ സാമ്പാറും നോക്കി അടുക്കളയിൽ നിന്നും സ്‌കൂട്ടാവാൻ നോക്കുമ്പോഴാണ് അച്ഛൻ അടുക്കളയിലേക്ക് കയറി വന്നത്.
"ന്താ രണ്ടും കൂടി പ്രശ്നം?" ഒരു കോട്ടുവാ ഇട്ട ശേഷം അച്ഛൻ അവരോട് ചോദിച്ചു.
"ഒന്നുല്ല..ച്ച"
" കാട്ടി കൊടടി... എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു... ഇപ്പോൾ ഏകദേശം എനിക്കെല്ലാം മനസ്സിലായി എന്റെ വിധി "
" അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ?
ഒരു യുദ്ധം എന്തായാലും അവിടെ നടക്കുമെന്ന് ആര്യയുടെ മനസ്സ് പറഞ്ഞു.
" എന്താടി എന്താ കാര്യം...? എന്ത് കാട്ടി തരാനാ അവൾ നിന്നോട് പറഞ്ഞെ.. "
ഉറങ്ങി എഴുന്നേറ്റുവരുന്ന ഞാനിപ്പോ എന്ത് ചെയ്തു എന്ന മട്ടിൽ അച്ഛൻ അവളോട് ചോദിച്ചു.
"ഒന്നുല്ല ച്ഛ.. അമ്മ ചുമ്മാ ഓരോന്നും പറയുന്നത.."
" എന്താടി ഒരു മടി ?? വേണ്ട..,കാട്ടി കൊടുത്താൽ ചിലപ്പോൾ നിന്റെ അച്ഛന് വല്ല ഹാർട്ട് അറ്റാക്ക് ഉം വന്ന് ചാവും "
" നീ എന്തൊക്കയാടി കിടന്ന് പുലമ്പുന്നെ ..താല്പര്യം ഇല്ലേ ഡിവോഴ്സ് വാങ്ങി പോടീ കുരിപ്പെ.. എപ്പോ നോക്കിയാലും ചെവിതല കേൾപ്പിക്കില്ലെന്ന് വെച്ചാൽ... ബാക്കി ഉള്ളവരൊന്നും മനുഷ്യമാരല്ലെ.? "
"എന്റെ അമ്മേ.. ഒന്ന് നിർത്തുന്നുണ്ടോ? ഏത് നേരത്താണോ എനിക്കിവിടേക്ക് കയറി വരാൻ തോന്നിയെ.."
" ടീ ഏത് ഫോട്ടോയുടെ കാര്യമാ ഇവൾ നിന്നോട് പറഞ്ഞേ..?"
ഒഴിഞ്ഞു മാറാൻ കുറേ നോക്കിയെങ്കിലും അച്ഛൻ വിടുന്ന മട്ടില്ലെന്ന് ആര്യക്ക് മനസ്സിലായി.. ഭൂകമ്പം നടക്കാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും വേറേ നിവൃത്തിയില്ലാതെ വന്നപ്പോ ആ ഫോട്ടോ അവൾ അച്ഛന് കാട്ടി കൊടുത്തു.
" എന്നെ പോലെ തന്നെയുള്ള ഒരു പെണ്ണ്"
സിനിമയിൽ ആക്ഷൻ പറഞ്ഞു ക്ലാപ് അടിക്കും പോലെയായിരുന്നു ആ ഫോട്ടോയുടെ വിധി.
"നിങ്ങൾ നാട് ചുറ്റാൻ പോയപ്പോ ഉണ്ടാക്കിയതാവും ല്ലെ?"
"അങ്ങനെ ആണേൽ കുരിപ്പേ എനിക്ക് നിന്നെയും സംശയിക്കാലോ? "
ശബ്ദം താഴ്ത്തിയായിരുന്നു അവളുടെ അച്ഛൻ അവളുടെ അമ്മയോടങനെ പറഞ്ഞത്.
" ദാ മനുഷ്യ അനാവശ്യം പറഞ്ഞ ഈ തിളച്ച സാമ്പാർ ഞാൻ മുഖത്തേക്കൊഴിച്ചു തരും."
" ഓ അപ്പോ നിനക്ക് എന്നെ പറ്റി അനാവശ്യം എന്ത് വേണേലും പറയാല്ലെ..?
" പറഞ്ഞാൽ എന്താ..? പണ്ടെന്നെ കെട്ടി കൊണ്ട് വരുമ്പോ തന്നെ കണ്ട ഏതോ പെണ്ണിനെ സൈറ്റ് അടിച്ച മനുഷ്യനല്ലേ നിങ്ങൾ..? "
" ഞാൻ ഇവിടെ നിന്നാൽ ശരി ആവില്ല വല്ല കയറുമെടുത്തു ആത്മഹത്യ ചെയ്യാൻ പോകുവാ.. ഇങ്ങനെയും ഉണ്ടോ ഒരു ജന്മം.. അപ്പുറവും ഇപ്പുറവുമുള്ള ആൾക്കാർ കേൾക്കുമെന്ന ബോധം വേണ്ടേ..? "
അച്ഛൻ കലി തുള്ളി അകത്ത് തൂക്കിയിട്ടിരുന്ന ഷർട്ടും എടുത്തിട്ട് പുറത്തേക്ക് പോയി.അമ്മ അപ്പോഴും ദേഷ്യം പിടിച്ചു എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.. ആര്യയാണേൽ ഇതൊക്ക കണ്ടു പൊട്ടികരച്ചിലിന്റെ വക്കിലും. അമ്മയുടെ പുലമ്പൽ ശ്രദ്ധിക്കാതെ അവൾ യാന്ത്രികമായെന്ന പോലെ അടുക്കളയിൽ നിന്നും ആവളുടെ മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു. കണ്ണാടിയിലെ പ്രതിബിംബത്തെ നിറ കണ്ണുകളോടെ നോക്കി.
ദേഷ്യവും സങ്കടവും നിറഞ്ഞ അവസ്ഥയിൽ ആ കണ്ണാടിയിൽ നോക്കി അവൾ അവളോട് തന്നെ ചോദിച്ചു.
" നീ ഏതാടി മലരേ..? "
ശുഭം.