രചന: നെസ്‌ല. N
ആളും ബഹളവും കഴിഞ്ഞു, ഇഹ പതിയെ ഒരു മുറിയിലേക്ക് കയറി. ആകെ ഒന്ന് നോക്കി. നെഞ്ചിലാകെ ഒരു പിടപ്പ്. പെരുമ്പറ കൊട്ടും പോലെ.. ജീവിതത്തിൽ എപ്പോഴൊക്കെയോ ഇങ്ങനെ ഒരു ജീവിതം ആഗ്രച്ചിട്ടുണ്ട്. അയാളോടൊപ്പമുള്ള ജീവിതത്തിൽ ഇടക്കെപ്പോഴും നഷ്ടപ്പെട്ട ഇഷ്ടത്തെ കുറിച്ച് സങ്കടപെട്ടിട്ടുണ്ട്. വിവാഹത്തിന് മുൻപ് തോന്നിയ ഒരിഷ്ടമായിരുന്നു ഹാഷിം. ഇക്കയുടെ കൂട്ടുകാരൻ,വീട്ടിലെ നിത്യ സന്ദർശകൻ.അതുകൊണ്ട് തന്നെ എന്റെ ഇഷ്ടം പറയാൻ പേടിയായിരുന്നു..ആരോടും പറഞ്ഞില്ല.വിവാഹത്തിന് ശേഷവും ആ ഇഷ്ടത്തിനു കുറവൊന്നും വന്നില്ല. എങ്കിലും തെറ്റാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
എന്നോട് താല്പര്യം ഉള്ളതായി തോന്നിയിട്ടേയില്ല.അതുകൊണ്ട് തന്നെ മനസിലെവിടെയോ എന്റെ ഇഷ്ടത്തെ ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുമ്പോഴാണ് റിയാസിന്റെ ആലോചന വന്നത്. ബിസിനസുകാരൻ, പ്രാരാബ്ദങ്ങളൊന്നുമില്ല അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനും എതിരൊന്നും പറഞ്ഞില്ല. തുടർന്ന് പഠിക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു. പിന്നെന്താ, ഞാൻ പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും കൂടുതൽ സന്തോഷം. മോശമല്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു എന്റേത്. വാപ്പ ചെറുതിലെ മരണപ്പെട്ടു. എല്ലാം ഉമ്മയും ഇക്കയും ആയിരുന്നു. നല്ല സഹകരണമുള്ള കുടുംബ ബന്ധങ്ങൾ. എന്തിനും ഏതിനും എല്ലാവരും എപ്പോഴും ഒത്തുകൂടും.
ഇക്കയോടൊപ്പം എല്ലാത്തിനും ഹാഷിം ഉണ്ടാകും. കുടുംബത്തിലെ പല പെൺകുട്ടികൾക്കും ഹാഷിമിനോട് ഇഷ്ടം തോന്നിയിട്ടുണ്ട്. എന്റെ വിവാഹം ഉറപ്പിച്ചതിനു ശേഷം എന്നോട് അങ്ങനെ മിണ്ടാറില്ല. എന്തെങ്കിലും ചോദിക്കാൻ എനിക്കൊട്ടു ധൈര്യവും ഇല്ലായിരുന്നു.അല്ലെങ്കിലും എന്നോട് പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ എന്നു കരുതി.അങ്ങനെ ഉള്ളിന്റെയുള്ളിൽ ഒരു ചെറു നോവായി എന്റെ പ്രണയത്തെ ഞാൻ ഒളിപ്പിച്ചു.
വിവാഹം നല്ല രീതിയിൽ നടന്നു.ആദ്യമൊക്കെ വളരെ നല്ല സ്നേഹത്തോടെ റിയാസ് എന്നോട് പെരുമാറി. വീട്ടുകാരോടും നല്ല പെരുമാറ്റം. പല ദൂര സ്ഥലങ്ങളിൽ ഞങ്ങൾ യാത്രകൾ പ്ലാൻ ചെയ്തു. പക്ഷേ ഒരിക്കലും എങ്ങോട്ടും പോയിരുന്നില്ല.എപ്പോഴും തിരക്കായിരുന്നു, വീട്ടിലെത്തുന്നത് വളരെ താമസിച്ചായിരുന്നു. ആദ്യമൊക്കെ കാരണം ചോദിക്കുമ്പോൾ സ്നേഹത്തോടെ പല കാരണങ്ങൾ പറഞ്ഞു, പിന്നീട് മറുപടി പറയുന്ന രീതികൾ മാറി,പതിയെപതിയെ മറുപടി തരാതെ ആയി.ഉമ്മാനോട് ചോദിക്കുമ്പോൾ തിരക്കല്ലേ മോളെ, അതാവും എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു.
റിയാസിന്റെ ഉമ്മയും വാപ്പയും ഞാനുമായിരുന്നു ആ വീട്ടിൽ. എന്നോട് മകളോടെന്നപോലെ പെരുമാറി.
ഞങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്നാല് മാസം കഴിഞ്ഞപ്പോൾ ഹാഷിമിന്റെയും വിവാഹം കഴിഞ്ഞു. മുറപ്പെണ്ണിനെയാണ് കെട്ടിയത്. വിവാഹത്തിന് ഞങ്ങൾക്കും ക്ഷണം ഉണ്ടായിരുന്നു.
കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ പഠനത്തെ കുറിച്ച് ചോദിക്കാൻ തുടങ്ങി.അപ്പോഴൊക്കെ ഉടനെ ശെരിയാകും എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഒഴിഞ്ഞു.അതിനിടയിൽ ഞാൻ ഗർഭിണി ആയി, അതോടെ കുഞ്ഞാവട്ടെ അതിന് ശേഷം നോക്കാം എന്നായി.ഗർഭിണി ആയതിനു ശേഷം എന്നോടുള്ള അയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നു. വീട്ടിൽ വിടാറില്ല, ഇപ്പോൾ കുട്ടികൾ വേണ്ടന്നും അബോർഷൻ ചെയ്യണമെന്നും പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അതോടെ ദേഹോപദ്രവം തുടങ്ങി. ആദ്യമൊക്കെ റൂമിൽ എത്തുമ്പോൾ മാത്രമായിരുന്നു ഉപദ്രവം. പതിയെ പതിയെ അയാളുടെ വീട്ടുകാരുടെ മുന്നിൽ വെച്ചായി. ഉമ്മക്കും വാപ്പാക്കും അയാളെ എതിർക്കാൻ കഴിയാത്ത അവസ്ഥയായി. എന്റെ വീട്ടിൽ പോയികൂടെ എന്നവർ ചോദിച്ചു. എന്തോ ഒരു തരം മരവിപ്പായിരുന്നു എനിക്ക്. അവരോടൊന്നും പറയാനോ വീട്ടിൽ പോകാനോ എനിക്ക് തോന്നിയില്ല. വീട്ടിൽ നിന്നും ഉമ്മയും നാത്തൂനും ഇക്കാക്കയും വരുമ്പോൾ അയാൾ നല്ല മാന്യമായി പെരുമാറി. എങ്കിലും എന്റെ നാത്തൂൻ എന്നോട് നിനക്കെന്തെങ്കിലും പ്രോബ്ലം ഉണ്ടോന്നു ചോദിക്കും. ഗർഭിണി ആയതിന്റെ ക്ഷീണം ആണെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങൾ തയ്യാറാക്കി ഇക്കാക്കയുടെ കയ്യിൽ കൊടുത്തു വിടാറുണ്ട്.
കുറച്ചു ദിവസം എന്നെ വീട്ടിൽ നിർത്താൻ കൊണ്ടു പോയിക്കോട്ടെ എന്ന് ഉമ്മ ചോദിച്ചപ്പോൾ സ്നേഹത്തോടെ അയാളതിന് വിസമ്മതിച്ചു. മരുമകന്റെ സ്നേഹം കണ്ടു ഉമ്മയുടെ കണ്ണും മനസും നിറഞ്ഞിരുന്നു.
അവര് പോയിക്കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ടാണ് എന്നെ വീട്ടിൽ നിർത്താൻ അവര് വിളിച്ചത് എന്ന് പറഞ്ഞു അന്ന് ശെരിക്കും കിട്ടി. ഒരിക്കൽ പോലും എന്റെ കൂടെ ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നില്ല. എപ്പോഴും ഞാനും ഉമ്മയും കൂടി പോകും. അത്രയൊക്കെ ഉപദ്രവം ഏറ്റുവാങ്ങിയിട്ടും എന്റെ കുഞ്ഞിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു.
ഒരിക്കൽ പ്രതീക്ഷിക്കാതെ എനിക്കുള്ള സ്പെഷ്യലുമായി ഇത്താത്ത(എന്റെ നാത്തൂൻ )കേറി വന്നു.
അന്നത്തെ അങ്കം നടന്നത് അടുക്കളയിൽ ആയിരുന്നു. ഉമ്മയും വാപ്പയും കൂടി ഒരു കല്യാണത്തിന് പോയ സമയം. അയാളുടെ ഫോണിൽ വന്ന ഒരു msg ഞാൻ കണ്ടു. അത് ചോദ്യം ചെയ്തതിനുള്ള ദേഷ്യം മുഴുവൻ എന്നോട് തീർത്തു കൊണ്ടിരിക്കുകയായിരുന്നു.ചുണ്ട് പൊട്ടി ചോര വന്നു. എന്റെ കരച്ചിൽ കേട്ട് ഇത്താത്ത അടുക്കളയിലേക്ക് കേറി വന്നതും പെട്ടന്നായിരുന്നു. അയാളാകെ അമ്പരന്നു. ഇത്താത്ത അയാളോട് കയർത്തു. ഇക്കയെ വിളിച്ചു വരുത്തി. ആകെ പ്രശ്നമായി. എന്നെ വീട്ടിലേക്ക് കൊണ്ട് പോയി.ഒരുപാട് വാദപ്രതിപാതങ്ങൾക്ക് ശേഷം കുഞ്ഞിന് 2 വയസ്സായപ്പോൾ ഡിവോഴ്സ് ആയി.2,3 തവണയെ കുഞ്ഞിനെ വന്നു കണ്ടിട്ടുള്ളു. ഉമ്മ പലപ്പോഴും വന്നു പോയി. അവർക്കൊരിക്കലും എന്നോട് ഇഷ്ടക്കേട് ഇല്ലായിരുന്നു. എല്ലാരും കണ്ടിരുന്നതിൽ നിന്നും വളരെ വൈകൃത സ്വഭാവം ഉള്ള വ്യക്തിയായിരുന്നു റിയാസ്.മോശപ്പെട്ട പല സ്വഭാവങ്ങളും അയാൾക്കുണ്ടായിരുന്നു.പക്ഷെ അധികനാൾ എല്ലാവരിൽ നിന്നും മറച്ചു പിടിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
അങ്ങനെ വീട്ടിൽ നിൽക്കുന്ന സമയം.. കുഞ്ഞിനെ ഇക്കാക്കയും ഇത്താത്തയും നോക്കി. അവരുടെ കുഞ്ഞിനെപോലെ
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ എനിക്കായി മറ്റൊരു വിവാഹം ആലോചിക്കാൻ ഉമ്മയും ഇക്കാക്കയും തീരുമാനിച്ചു. ഞാൻ സമ്മതിച്ചില്ല.നിങ്ങൾക്ക് ഞാനും കുഞ്ഞും ബാധ്യത ആയല്ലേ എന്ന ചോദ്യം അവരെ വേദനപ്പിച്ചു കാണണം എന്ന് തോന്നുന്നു. പിന്നീട് അതിനെ കുറച്ചു ഒന്നും പറഞ്ഞില്ല.
ആയിടെയാണ് ഹാഷിമിന്റെ വൈഫും കുട്ടിയോളും കൂടി പോയ വണ്ടി ആക്‌സിഡന്റ് ആയത്. സ്വന്തം വീട്ടിൽ പോയി വരികയായിരുന്നു.അതിൽ വൈഫ് മരിച്ചു. കുട്ടികൾ മാത്രം രക്ഷപെട്ടു. ആൺകുട്ടികളായിരുന്നു. എന്റെ മകന്റെ പ്രായമുള്ള ഇരട്ടക്കുട്ടികൾ. പിന്നീട് ഹാഷിമും കുട്ടികളും ഉമ്മയും കൂടിയുള്ള അവരുടെ ജീവിതം. കുട്ടികളെ ഹാഷിമിന്റെ ഭാര്യ വീട്ടുകാർ ചോദിച്ചെങ്കിലും കൊടുത്തില്ല. വല്ലപ്പോഴും കൊണ്ടു പോകും എന്നല്ലാതെ പൂർണ്ണമായി അവരെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഒരു ദിവസം ഹാഷിമിന്റെ ഉമ്മ എന്നെ ആലോചിച്ചു വീട്ടിൽ വന്നു. എന്നോട് അവർക്ക് സംസാരിക്കണമെന്നും പറഞ്ഞു.
അവരെന്റെ മുകളിലെ എന്റെ മുറിയിലേക്ക് കയറി വന്നു. വിശേഷം പറച്ചിലുകൾകൊടുവിൽ എന്നെ ഹാഷിമിന് പണ്ടേ ഇഷ്ടമായിരുന്നു എന്നും വിവാഹം ആലോചിക്കാൻ പറഞ്ഞിരുന്നതാണെന്നും പറഞ്ഞു, എന്നാൽ ഉമ്മയുടെ ആഗ്രഹം ആങ്ങളയുടെ മകളെക്കൊണ്ട് ഹാഷിമിനെ കെട്ടിക്കണം എന്നതായിരുന്നു.എന്റെ പിടിവാശിക്ക് മുൻപിൽ അവന്റെ ഇഷ്ടം എന്റെ മോൻ മനപ്പൂർവം മറന്നു കളഞ്ഞതാണെന്നും പറഞ്ഞു അവർ സങ്കടപ്പെട്ടു. മോള് ഈ ബന്ധത്തിന് സമ്മതിക്കണം എന്ന് എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു കൊണ്ട് അവർ ഇറങ്ങിപ്പോയി.
സന്തോഷവും സങ്കടവും എല്ലാം കൊണ്ടും ഞാൻ വീർപ്പു മുട്ടി. വീട്ടിൽ ചർച്ചകൾ നടന്നു. ആരും എന്നെ നിർബന്ധിച്ചില്ല. പക്ഷെ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇത്താത്തയോട് ഞാൻ എന്റെ മനസ് തുറന്നു. എല്ലാവർക്കും സന്തോഷമായി.എറ്റവും കൂടുതൽ
ഇക്കാക്കക്കായിരുന്നു പക്ഷെ ഞാൻ ഒരു നിബന്ധന വെച്ചു. വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഹാഷിം എന്നെ കാണാൻ വരാൻ പാടില്ല.എന്തായാലും അത് പാലിച്ചു. മൂന്നു മാസം കൊണ്ടു ചെറിയ രീതിയിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു കല്യാണം നടന്നു.
ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഹാഷിമിന്റെ ഉമ്മ മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,മോളെ ഇതല്ല നിങ്ങളുടെ മുറി. അപ്പുറത്താണ്. ഞാനും മക്കളും ഇറങ്ങുകയാണ്.രാവിലെ വരാം. ഞാൻ വെറുതെ ചിരിച്ചതെ ഉള്ളു. ഒന്നും മിണ്ടാൻ തോന്നുന്നില്ല.കൂടെ ഇത്താത്തയും എന്റെ ഉമ്മയും മകനും ഇറങ്ങി. ഹാഷിം എല്ലാവരെയും യാത്രയാക്കാൻ മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടു. അതുവരെയും അങ്ങേരുടെ മുഖത്തേക്കൊന്നു നോക്കാൻ പോലും എനിക്ക് പറ്റിയില്ല.
ഈ വീടിനു കുറച്ചകലെ മാറിയാണ് ഞങ്ങളുടെ കുടുംബം. ഇത് പുതുതായി ഇക്കാക്ക വെച്ച് തന്ന വീടാണ്.അങ്ങനെ എല്ലാരും യാത്ര പറഞ്ഞിറങ്ങി. ഞങ്ങൾ രണ്ടു പേരും മാത്രമാണ് അവിടെ എന്നെനിക്ക് മനസ്സിലായി.
ഞാൻ പതിയെ മുറിയിലേക്ക് കയറി.
കുറച്ചു കഴിഞ്ഞപ്പോൾ ഹാഷിം മുറിയിലേക്ക് കേറി വന്നു. ആളെ കണ്ടതും നെഞ്ചിടിപ് കൂടി വന്നു.
ഞാൻ പതിയെ ജനലിനടുത്തേക്ക് പോയി നിന്നു. കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.
പിന്നീട് ഹാഷിം തന്നെ തുടക്കമിട്ടു. 'അതെ, ഇന്ന് മുഴുവനും ഇങ്ങനെ നിൽക്കാനാണോ പ്ലാൻ '? ആണെങ്കിൽ ഞാൻ എവിടെ നിൽക്കണം എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.'
'താൻ എവിടെയെങ്കിലും നിൽക്ക് ഞാൻ എന്തു വേണം?
പെട്ടന്നായിരുന്നു എന്റെ മറുപടി. പറഞ്ഞു കഴിഞ്ഞപ്പോൾ അബദ്ധമായിപ്പോയി എന്ന് മനസ്സിലായി🤪
ഉള്ളിലുള്ള ദേഷ്യവും ഇഷ്ടവും എല്ലാം കൂടി പെട്ടന്ന് അങ്ങനെ വന്നതാണ്.
പുള്ളിക്കാരൻ എന്തോ ഞെട്ടിയ മട്ടാണ് 😃
ഓഹൊ, അപ്പൊ പഴയ വീര്യമൊന്നും പോയിട്ടില്ല, മ്മ്.
ഇല്ല, എന്തേ?
ഇങ്ങനെ പറയുമ്പോഴും നെഞ്ച് പട പടാന്ന് ഇടിക്കുന്നുണ്ട്.
'എന്നിട്ടാണോ ഞാൻ കാണാനും മിണ്ടാനും പാടില്ല എന്ന് പറഞ്ഞത്?
അത്....എന്നെ ഇഷ്ടമായിരുന്നു എന്ന് നിങ്ങളുടെ ഉമ്മ പറഞ്ഞപ്പോൾ,ഇഷ്ടപ്പെട്ട പെണ്ണിനോട് അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കാതിരുന്ന നിങ്ങളോട് എനിക്കപ്പോൾ നല്ല ദേഷ്യം തോന്നി, ഒരിക്കലെങ്കിലും നിങ്ങളുടെ വായിൽ നിന്നത് കേൾക്കാൻ ഞാൻ എത്ര മാത്രം കൊതിച്ചു എന്നറിയാമോ? വീട്ടിൽ വന്നപ്പോഴൊക്കെ ഒളിഞ്ഞും തെളിഞ്ഞും നോക്കിയിട്ടുണ്ട്, ഒരിക്കൽ പോലും എന്നെയൊന്നു നോക്കിയിട്ട് പോലുമില്ല.അവസാനം മറ്റൊരു ജീവിതത്തിലേക്ക് പോയി എല്ലാം തകിടം മറിഞ്ഞു. പിന്നെ, ഇങ്ങനെ എങ്കിലും ഞാൻ എന്റെ സങ്കടം കാണിക്കണ്ടേ...മുഖത്തു നോക്കാതെയാണ് ഇത്രയും പറഞ്ഞത്.
ആണോ..., അതാണോ കാര്യം, ഹാഷിം പതിയെ എന്റെ അടുത്തേക്ക് വന്നു.ഞാൻ ഭിത്തിയിലേക്ക് ചേർന്ന് നിന്നു. ഹാഷിം കൂടുതൽ കൂടുതൽ എന്റെ അടുത്തേക്ക് വന്നു. ഒന്ന് ചലിക്കാൻ പറ്റാതെഞാൻ നിന്നു.ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ഹാഷിമിന്റെ കരവലയത്തിൽ ഞാൻ പ്രതികരിക്കാനാകാതെ നിലകൊണ്ടു. എന്നോ സ്വപ്നം കണ്ട തന്റെ ജീവിതം ഇവിടെ തുടങ്ങുകയാണെന്നു അവൾ തിരിച്ചറിയുകയായിരുന്നു...
ലൈക്ക് കമന്റ് ചെയ്യണേ