രചന :-അനു അനാമിക
ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...
2 ദിവസത്തിന് ശേഷം.......
"റീനേ സെലിൻ എന്തിയെ "??... ഉച്ചക്കത്തെ ഭക്ഷണം വിളമ്പുമ്പോൾ ഏയ്‌റ ചോദിച്ചു.
"മുറിയിൽ തന്നെയാ ചേട്ടത്തി. ഒന്നും കഴിച്ചിട്ടില്ല ഇതുവരെ. റബേക്ക ചേച്ചി ഭക്ഷണം കഴിപ്പിക്കാൻ പോയേക്കുവാ. കഴിക്കുവൊന്നൂല്ല. നോക്കിക്കോ!!"..... റീന വിഷമത്തോടെ പറഞ്ഞു. സാമും സൈമനും സാമൂവലും ഇത് കേട്ട് കൊണ്ട് ഇരുന്നിടത്തു നിന്ന് എണീറ്റു.
"അയ്യോ.... എന്നാ ഇച്ചായ എണീറ്റെ "??.... ഏയ്‌റ വെപ്രാളത്തോടെ ചോദിച്ചു.
"ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ ഇനി ഞങ്ങൾ ആഹാരം കഴിക്കുന്നുള്ളു... നിങ്ങള് വാ!!"... സാം അതും പറഞ്ഞ് നേരെ സെലിന്റെ മുറിയിലേക്ക് നടന്നു.
"സെലി... ഇതൊന്നു കഴിക്ക് മോളെ... രണ്ട് ദിവസായില്ലേ നീ നേരെ ചൊവ്വേ ആഹാരം കഴിച്ചിട്ട്... കഴിക്കെടാ!!"...ഒരു പ്ലേറ്റിൽ ചോറും പിടിച്ച് ഒരു ഉരുള സെലിന് നേരെ നീട്ടി കൊണ്ട് റബേക്ക പറഞ്ഞു.
"എനിക്ക്.... എനിക്ക് വിശപ്പില്ല ചേട്ടത്തി...!! ചേട്ടത്തി ഇത് കൊണ്ട് പൊക്കോ!!'... സെലിൻ പറയുന്നതിന്റെ കൂടെ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി.റബേക്ക വേദനയോടെ അവളുടെ കണ്ണ് തുടച്ച് കൊടുത്തു.
"എന്റെ പൊന്ന് മോളെ.....ഇങ്ങനെ കരഞ്ഞു കരഞ്ഞ് ആദി പിടിച്ച് അതിന്റെ കൂടെ ഭക്ഷണവും കഴിക്കാതെ നീ വല്ല അസുഖവും വരുത്തി വെക്കല്ലേ!!ചേട്ടത്തിയുടെ സെലിൻ കൊച്ചല്ലേ ഇത് കഴിക്ക് മോളെ!!"... റബേക്ക സെലിനെ നിർബന്ധിച്ചു ആഹാരം കഴിപ്പിക്കാൻ നോക്കിയിട്ടും അവൾ കഴിക്കാൻ തയ്യാറായില്ല. അപ്പോഴാണ് വീട്ടിലുള്ള മറ്റുള്ളവർ എല്ലാം മുറിയിലേക്ക് കയറി വന്നത്. റബേക്ക അവരെ കണ്ടതും എഴുന്നേറ്റു മാറി.
"സെലിൻ മോളെ...!!"... സാം അവളെ വിളിച്ചു.അവൾ മുഖം ഉയർത്തി നോക്കി.
"അ... ആഹ് എന്നാ ഇച്ചായ "??... അവൾ വെപ്രാളത്തിൽ കട്ടിലിൽ നിന്ന് ഞെട്ടി പിടഞ്ഞെണീറ്റു ചോദിച്ചു.
"മോളെന്താ ആഹാരം കഴിക്കാത്തെ "??....സാം അവളെ കട്ടിലിലേക്ക് തന്നെ പിടിച്ചിരുത്തി.
"വി... വിശപ്പില്ല ഇച്ചായ!!"....അവൾ മുഖത്ത് നോക്കാതെ പറഞ്ഞു.
"അതേ........കഴിഞ്ഞ രണ്ട് ദിവസായി ഇവൾക്ക് വിശപ്പില്ല...!!"... ഏയ്‌റ അൽപ്പം ദേഷ്യത്തിലാണ് അത് പറഞ്ഞത്.സെലിൻ ഏയ്‌റയെ വിതുമ്പലോടെ നോക്കി.
"ഏയ്‌റെ.... നീ അവളെ വഴക്ക് പറയാതെ!!"... സാം പറഞ്ഞു.
"എങ്ങനെ പറയാതിരിക്കും ഇച്ചായ ഏഹ്??...!!".... ഏയ്‌റ നിറഞ്ഞു വന്ന കണ്ണീർ തുടച്ച് കൊണ്ട് വീണ്ടും പറഞ്ഞു.
"എനിക്കേ കുറച്ച് ദെണ്ണം ഉണ്ട് ഇച്ചായ. രണ്ട് ദിവസായി ഈ കൊച്ച് എന്തേലും കഴിച്ചിട്ട്. സിവാൻ പോയതിന്റെ അന്ന് മുതൽ ഉള്ള ഇരിപ്പ ഇവളിങ്ങനെ....!!ഇവരെയെല്ലാം ഞാൻ എന്റെ സ്വന്തം മക്കളെ പോലെ അല്ലേ കണ്ടിട്ടുള്ളു.എന്റെ പിള്ളേര് ഇങ്ങനെ ഒന്നും കഴിക്കാതെ വിശന്നിരിക്കുമ്പോ എനിക്കൊരു തരി വറ്റ് ഇറങ്ങുവോ??എല്ലാവർക്കും അവരവരുടെ കാര്യം."... ഏയ്‌റ കരഞ്ഞു കൊണ്ട് സാരി തുമ്പിൽ കണ്ണ് തുടച്ചു.സെലിൻ ചേട്ടത്തിയെ നോക്കി വിതുമ്പി കരഞ്ഞു.
"ഹ... ചേട്ടത്തി... എന്നാ ഇത് "??... സാമൂവൽ അവളെ ചേർത്ത് പിടിച്ചു.ചേട്ടത്തി കരയുന്നത് കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞു.
"നടന്നത് നടന്നു. അതിന് നീ ഇങ്ങനെ ഉണ്ണാ വൃതം കിടന്നിട്ട് എന്നതാ സെലി കാര്യം?? നീ ഇങ്ങനെ വിശപ്പും ദാഹവും സഹിച്ചു പട്ടിണി കിടന്നാൽ സിവാച്ചൻ തിരിച്ചു വരുമോ "??.... റീന ചോദിച്ചത് കേട്ടപ്പോൾ സെലിൻ അവളെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ താഴേക്ക് മിഴികൾ പായിച്ചു.
"ഹ്മ്മ്.....സെലിൻ മോളെ...!!".... സാം വിളിച്ചതും അവൾ അവനെ മുഖം ഉയർത്തി നോക്കി.
"എന്താ ഇച്ചായ "??
"നമ്മളാരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ രണ്ട് ദിവസം മുന്നേ ഇവിടെ നടന്നത്. അതിൽ മോള് ഒരു തെറ്റും ചെയ്തിട്ടില്ലന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. റീനയും സൈമനും ഞങ്ങളോട് എല്ലാം പറഞ്ഞു. മോൾക്ക് അവനെ ഇഷ്ടമാരുന്ന കാര്യം ഉൾപ്പെടെ എല്ലാം ഞങ്ങൾ അറിഞ്ഞു. ഇതെല്ലാം കൂടെ ഒരുമിച്ച് അറിഞ്ഞപ്പോൾ ഉണ്ടായൊരു ഷോക്കിൽ സിവാൻ എന്തൊക്കെയോ പറഞ്ഞ് ഇറങ്ങി പോയെന്നെ ഉള്ളു.അല്ലാണ്ട് എന്നുന്നേക്കുമായി നിന്നെയോ ഈ വീടിനെയോ ഞങളെയോ ഉപേക്ഷിച്ച് പോയതല്ല!!".... സാം സെലിന്റെ നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. അവൾ മെല്ലെ എല്ലാം തലയാട്ടി കേട്ടിരുന്നു.
"ഇച്ചായൻ പറയുന്നത് സത്യം അല്ലേൽ.....മോള് നോക്കിക്കോ നിങ്ങടെ റിസപ്ഷന് മുൻപ് അവൻ ഇങ്ങ് വരും.അവനെ ഞങ്ങൾക്ക് അറിയാത്തത് ഒന്നുമല്ലല്ലോ!!ഒത്തിരി നാളൊന്നും പിണങ്ങി മാറി നിക്കാൻ അവനെ കൊണ്ട് പറ്റില്ലെടി കൊച്ചേ....!!".... സാമിന്റെ വാക്കുകൾ സെലിന്റെ ഉള്ളിൽ പ്രതീക്ഷ നിറച്ചു. അവൾ അവനെ തന്നെ നോക്കി ഇരുന്നു.
"ഹ്മ്മ്.....പിന്നേയ്.....അവൻ വരുമ്പോഴേ ഞങ്ങടെ മോള് ഫുഡും കഴിക്കാതെ ഇങ്ങനെ ആങ്ങി തൂങ്ങി നടന്നാൽ ഞങളോടല്ലേ അവൻ ചോദിക്കൂ...!!വന്നിട്ട് ഒരു ചോദ്യം ആയിരിക്കും ഇച്ചായന്മാരും ചേട്ടത്തിമാരും ഇവിടെ മല പോലെ നിന്നിട്ടും എന്റെ പെങ്കൊഞ്ച് എന്താ ഇങ്ങനെ ക്ഷീണിച്ചു പോയെ എന്ന്!!വെറുതെ ഞങ്ങളെ ചീത്ത കേൾപ്പിക്കണോ "??.... സാം ചിരിയോടെ പറഞ്ഞതും സെലിൻ ഒന്ന് പുഞ്ചിരിച്ചു.
"മ്മ്.....അതുകൊണ്ട് ഇച്ചായന്റെ മോള് ഭക്ഷണമൊക്കെ കഴിച്ച് ഈ കരച്ചിലൊക്കെ നിർത്തി മിടുക്കി കുട്ടി ആവണം കേട്ടോ...!!".... സാം പറഞ്ഞു.
"അത് തന്നെ...!! ഞങ്ങടെ സിവാൻ കൂട്ടത്തിൽ കുറച്ച് ധൈര്യവും ബലവും കൂടുതലുള്ള ടൈപ്പ. അവന്റെ ഒപ്പത്തിന് പിടിച്ചു നിൽക്കണേൽ കുറച്ച് മനക്കട്ടിയും ധൈര്യവും വേണം. അവനെ വരച്ച വരയിൽ നിർത്താനും പറ്റണം. കാരണം, മതിച്ചു നടന്നൊരു ഒറ്റ കൊമ്പനാ മോളെ സെലിനെ ഇപ്പോ നിന്റെ കൂട്ടിൽ വന്നു കേറിയേക്കുന്നെ. ഇനി അതിനെ മെരുക്കി എടുക്കേണ്ട ഉത്തരവാദിത്തം നിനക്കാ... കേട്ടോടി കണ്ണീർ തുള്ളി പെണ്ണെ!!"... സൈമൺ സെലിന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ച് പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. കൂട്ടത്തിൽ സെലിനും.
"ഓഹ് ഒന്ന് ചിരിച്ചല്ലോ സമാധാനം....!!എത്ര ദിവസം കൂടിയ ഇത്തിരി വെട്ടവും വെളിച്ചവും ആ മുഖത്ത് വീഴണെ!!".... റബേക്ക പറഞ്ഞു.
"മ്മ്... അതെയ് ഇനി വേഗം കണ്ണൊക്കെ തുടച്ച് മോള് താഴേക്ക് വന്നേ!! വന്ന് ആഹാരമൊക്കെ കഴിച്ചേ!!! മോള് കഴിക്കാത്ത കൊണ്ട് ആരും ഒന്നും കഴിച്ചിട്ടില്ല....!!".... സാം അത് പറഞ്ഞപ്പോൾ സെലിൻ അത്ഭുദത്തോടെ അവനെ നോക്കി.
"ആഹ്.... അത് കഴിഞ്ഞിട്ട് കല്യാണത്തിന് ഇടാനുള്ള ഡ്രെസ്സൊക്കെ വന്ന് select ചെയ്യണം ... വാ... വാ!! കുറേ ഫോട്ടോസ് ഞങ്ങൾ എല്ലാവരും എടുത്തു വെച്ചിട്ടുണ്ട്!! ഇഷ്ടം പോലെ ജോലി ഉണ്ട് നമുക്ക്!!"... സാമൂവൽ പറഞ്ഞു.
"മ്മ്... ഞാ...ൻ... ഞാൻ ഇപ്പോ വരാം ഇച്ചായ!!".... സെലിൻ പറഞ്ഞു.
"ഒരു മിനിറ്റ്....!!"... സാം പറഞ്ഞു.
"എന്നതാ ഇച്ചായ "??.... ഏയ്‌റ സംശയത്തോടെ ചോദിച്ചു.
"ഞാൻ ഒരു കാര്യം എല്ലാവരോടുമായിട്ട് പറയുവാ. സിവാൻ വിളിച്ചാൽ i mean വീഡിയോ call അല്ലേൽ normal call എന്ത് തന്നെ വിളിച്ചാലും ശരി സെലിന്റെ പൊടി പോലും അവനെ കാണിക്കരുത്...!! അവൻ കൊച്ചിനെ കുറിച്ച് ഇങ്ങോട്ട് ചോദിക്കാൻ സാധ്യതയില്ല. എന്നാലും ഒരു പുകച്ചിലിനുള്ള എല്ലാ വകയും ഉണ്ടാവും. അത് നമുക്ക് എല്ലാവർക്കും ചേർന്നൊന്ന് കത്തിക്കണം."... സാം പറഞ്ഞു.
"അതെന്നാത്തിനാ ഇച്ചായ "??... റീന ചോദിച്ചു.
"ആഹ്.... അവനേ...കുറച്ച് അഹങ്കാരം ഉച്ചിയിൽ കേറീട്ടുണ്ട്. അതൊന്ന് തള്ളി മാറ്റണം നമുക്ക്. പിന്നെ............... അവൻ ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ട് ജാക്കി എന്നെ വിളിച്ചിരുന്നു. അവനൊരു കുഴപ്പവുമില്ല ആള് 100% okay ആണ് കേട്ടോ!!".... സാം പറഞ്ഞു.
"സെലിൻ മോളെ... ഇതൊക്കെ നിനക്കുള്ള അറിയിപ്പുകളാ കേട്ടല്ലോ....!!"... റബേക്ക പറഞ്ഞതും സെലിൻ ഒന്ന് ചിരിച്ചു.
"ഓഹ്... ഇപ്പോഴാ ഒരു സമാധാനം ആയത്. വാ മോളെ വന്നു ഭക്ഷണം കഴിക്ക്!!! രണ്ട് ദിവസം കൊണ്ട് എന്റെ കുഞ്ഞ് അങ്ങ് കോലം തിരിഞ്ഞു. ആ സിവാൻ ഇങ്ങ് വരട്ടെ വളർന്നു പടവലങ്ങ പോലെ പന്തലിച്ചത് ഒന്നും ഞാൻ നോക്കൂല. ചട്ടുകം പഴുപ്പിച്ചു ചന്തിക്ക് വെച്ച് കൊടുക്കും...!!"
ഏയ്‌റ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.
"മ്മ്.... സിവാന്റെ മൂലമറ്റത്തിന്റെ കാര്യം തീരുമാനം ആയി!!"... സൈമൺ പറഞ്ഞു.
"വാ മോളെ ആഹാരം കഴിക്കാം!!".... ഏയ്‌റ സെലിന്റെ മുഖം തുടച്ചു കൊണ്ട് പറഞ്ഞു.
"നമുക്ക് ഒന്നിച്ചിരുന്നു കഴിക്കാം ചേട്ടത്തി!!ഞാൻ ഇപ്പോ വരാം...."... സെലിൻ പറഞ്ഞു.
"എങ്കിൽ ശരി സെലി നീ അങ്ങോട്ട് വന്നാൽ മതി. അതേ...ഇനി നിങ്ങളൊക്കെ എന്നാ നോക്കി നിക്കുവാ...... എല്ലാരും വാ വന്നേ ആഹാരം കഴിക്കാം!!"... റീന സന്തോഷത്തോടെ പറഞ്ഞു.എല്ലാവരും ചിരിയോടെ ആഹാരം കഴിക്കാൻ താഴേക്ക് പോയി. സെലിൻ ഫ്രഷ് ആവാൻ ബാത്‌റൂമിലേക്കും.
💞💍💞
ഇതേ സമയം @Melbourne ഓസ്ട്രേലിയ
"സിവാനെ.... ആ TK മൈൽസ് ഉം ആയിട്ട് നാളെയൊരു meeting ഉണ്ട്. അതിവിടെ arrange ചെയ്താൽ പോരെ "??... ജാക്കി ചോദിച്ചു.
"ആഹ് മതിയെടാ "!!....
"മ്മ്.... നീ വീട്ടിലേക്ക് വിളിച്ചോ "??
"ഇല്ല.... രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാം!!"....സിവാൻ ലാപ്ടോപ്പിൽ കുത്തി കൊണ്ട് പറഞ്ഞു.
"മ്മ്...അവിടെ എല്ലാവരും വല്യ വിഷമത്തിലാ.... സാം അച്ചായൻ എന്നെ വിളിച്ചിരുന്നു. സൈമൺ ഇച്ചായനും വിളിച്ചിരുന്നു."!!...
"ഓഹ് അപ്പോ കാര്യൊക്കെ നീയും അറിഞ്ഞു കാണുമല്ലോ??"....സിവാൻ മുഖം ഉയർത്താതെ തന്നെ ചോദിച്ചു.
"മ്മ്.. കുറെയൊക്കെ!! എന്നാത്തിനാടാ ഇച്ചായ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കുന്നെ?? ഇതൊക്കെ കേട്ടപ്പോൾ ഇതിലൊന്നും ഒരു തെറ്റുമുള്ള പോലെ എനിക്ക് തോന്നിയില്ല. സാമൂവൽ ഇച്ചായൻ സെലിന്റെ ഇഷ്ടം അറിഞ്ഞപോ അങ്ങനെ ഒരു സാഹചര്യം വന്നപ്പോ... എന്തൊക്കെയോ ചെയ്ത് പോയി. അതിന്റെ പേരിൽ ആർക്കുമൊരു നഷ്ടവും ഉണ്ടായില്ലല്ലോ!! പകരം നമ്മടെ കുടുംബത്തിൽ വലിയൊരു സന്തോഷം അല്ലേ ഉണ്ടായത്??".... സിവാൻ ജാക്കിയേ ഒന്ന് പാളി നോക്കി.
"ഹ്മ്മ്....നീ നോക്കുവൊന്നും വേണ്ടടാ ഇച്ചായ. നീ കെട്ടി എന്നറിഞ്ഞപ്പോ ഞങ്ങളൊക്കെ എന്തോരം ഹാപ്പി ആയെന്ന് നിനക്ക് അറിയുവോ?? പക്ഷെ ഇപ്പോ...!!പാവം സെലിൻ... അതിന്റെ കാര്യം ഓർക്കുമ്പോഴാ!!"....ജാക്കി സങ്കടത്തോടെ പറഞ്ഞു.
"അവൾക്ക് അതിനിപ്പോ എന്നാ പറ്റി "??
"ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ?? കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപ് കെട്ടിയോൻ ഉപേക്ഷിച്ചു പോയി. അതിന്റെ കൂട്ടത്തിൽ കണ്ണീരും കൈയും. കരഞ്ഞു കരഞ്ഞു അതിനിപ്പോ സൗണ്ട് പോലുമില്ലന്ന് റബേക്ക ചേട്ടത്തിയെ വിളിച്ചപ്പോ പറഞ്ഞാരുന്നു....!! അതിന്റെ ഒരു വിധി!! ഒരു രീതിക്കുള്ള ഒരു സന്തോഷവും അതിന് ആരും കൊടുക്കില്ലല്ലോ എന്നോർക്കുമ്പോഴാ....!!"... ജാക്കി പറഞ്ഞത് കേട്ട് സിവാൻ അവനെ ഒന്ന് നോക്കി. ജാക്കി അവന്റെ ഫോൺ എടുത്തു പോക്കറ്റിലേക്ക് ഇട്ടു കൊണ്ട് തുടർന്നു.
"നീ എന്നെ നോക്കുവൊന്നും വേണ്ട. കുടുംബക്കാർ തീരുമാനിച്ച നിങ്ങടെ കല്യാണ റിസപ്ഷന് നീ ചെന്നില്ലേൽ സെലിനെ പറഞ്ഞു വിടാനാ സാം അച്ചായന്റെ തീരുമാനം. അവർക്ക് നിന്നെക്കാൾ വലുതല്ലല്ലോ സെലിൻ...!!".... ജാക്കി പറഞ്ഞു.
"എ....എങ്ങോട്ട് "??... 😳... സിവാൻ ഞെട്ടലോടെ ചോദിച്ചു.
"അതൊന്നും എനിക്ക് അറിയില്ല. പറഞ്ഞു വിടുമെന്ന് പറഞ്ഞു. ഇനി പറഞ്ഞു വിട്ടോ എന്നും എനിക്ക് അറിയില്ല. എവിടെ ആയാലും അതിന് ഇത്തിരി മനഃസമാധാനം കിട്ടിയാൽ മതിയാരുന്നു. ഹ... നീ ഈ ഫയൽ ഒപ്പിട്ട് കഴിഞ്ഞോടാ ഇച്ചായ "??...ജാക്കി ചോദിച്ചതും.
"അ... ആ... ആഹ്ഹ്... കഴിഞ്ഞ്!!".....അവൻ പരവേശത്തോടെ പറഞ്ഞു.
"ശരി എങ്കിൽ ഞാൻ പോയേക്കുവാ!!"... ജാക്കി പോകാൻ തുടങ്ങിയതും.
"ഡാ ജാക്കി!!"... സിവാൻ അവനെ പിന്നിൽ നിന്ന് വിളിച്ചു.
"ഐഷ്......ഇത് ഞാൻ പ്രതീക്ഷിച്ചതാ മോനെ സിവാനെ. ഇതിന് വേണ്ടി തന്നെയാ എരിവ് കൂട്ടി തന്നത്!!".... ജാക്കി മനസ്സിൽ ഓർത്തു കൊണ്ട് തിരിഞ്ഞു.
"എന്നാടാ "??.... ജാക്കി ഒന്നും അറിയാത്ത പോലെ നിഷ്കളങ്കമായി ചോദിച്ചു.
"ഡാ.... അ... അത് .. ഞാൻ... സെലിന്റെ നമ്പർ തരാം നീയൊന്ന് വിളിക്കുവോ അവളെ"??...
"ഞാൻ എന്നാത്തിനാ വിളിക്കണേ?? നീയല്ലേ അതിന്റെ കെട്ടിയോൻ. അപ്പോ നീയല്ലേ വിളിക്കണ്ടേ?? ഓഹ് sorry... നിനക്ക് അതിനെ ഇഷ്ടല്ലല്ലോ പിന്നെങ്ങനെ വിളിക്കാനാ അല്ലേ??"!!....ജാക്കി ചോദിച്ചു.
"ആര് പറഞ്ഞു അവളെ എനിക്ക് ഇഷ്ടല്ലെന്ന്?? ഞാൻ ഇതുവരെ അങ്ങനെ അവളോട് പറഞ്ഞിട്ടില്ല!!"...സിവാൻ അൽപ്പം ശബ്ദം ഉയർത്തി.
"നീ പറഞ്ഞു കാണില്ലാരിക്കും പക്ഷെ പ്രവർത്തി അങ്ങനെ ആരുന്നല്ലോ!!പാവം അതിന്റെയൊരു വിധി!! അന്ന് വേറെ ആരെയേലും കെട്ടി പോയിരുന്നേൽ അതിന് ഇന്ന് ഇങ്ങനെ കിടന്ന് ഒന്നും അനുഭവിക്കേണ്ടി വരില്ലാരുന്നു!!!"
"അവളെ കൊണ്ട് ഞാൻ എന്ത് അനുഭവിപ്പിച്ചെന്നെ നീയീ പറയണേ?? അവളെ ഞാൻ തല്ലിയിട്ടില്ല. ആ വീട്ടിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ല. എല്ലാം അവളിൽ നിന്ന് അറിഞ്ഞിട്ടും ഒന്നും പറയാതെ തന്നെയാ ഞാൻ ഇങ്ങ് പോന്നത്. അവൾ എനിക്ക് തന്ന വേദന വെച്ച് നോക്കുമ്പോ ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല!!"....സിവാൻ ശാന്തമായി പറഞ്ഞു.
"സെലിൻ നിനക്ക് എന്നാ വേദനയാ അതിന് തന്നത്?? അതൂടെ നീ പറ?? സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം നിന്നെ കല്യാണം കഴിച്ചതോ?? അതോ കുറേനാൾ അത് നിന്നെ മനസ്സിൽ കൊണ്ട് നടന്നതോ?? എങ്ങനെയാടാ സെലിൻ നിന്നെ വേദനിപ്പിച്ചെ"??....ജാക്കി ചോദിച്ചു. സിവാൻ കുറച്ച് നേരം മൗനമായി ഇരുന്നു.
"പുല്ല് ഇവൻ ഒന്നും മൊഴിയുന്നില്ലല്ലോ!!ഒന്നൂടെ എറിഞ്ഞു നോക്കാം!!"... ജാക്കി ഓർത്തു.
"അല്ല നിനക്ക് എന്താ ഇപ്പോ ഒന്നും പറയാനില്ലേ??".... ജാക്കി ചോദിച്ചതും സിവാൻ പറഞ്ഞു തുടങ്ങി.
"എങ്ങനെയാ അവൾ എന്നെ വേദനിപ്പിച്ചെ എന്ന് നിനക്ക് അറിയണോ??".... ജാക്കി ഒന്നും മനസിലാവാതെ അവനെ നോക്കി.
"നീയിപ്പോ പറഞ്ഞില്ലെടാ എന്നെ അവള് മനസ്സിൽ കൊണ്ട് നടന്നെന്ന് അങ്ങനെയാടാ അവൾ എന്നെ വേദനിപ്പിച്ചെ!!...വേദനിപ്പിക്കുവല്ല സത്യത്തിൽ തോൽപ്പിച്ചു കളഞ്ഞു!!."... സിവാൻ വേദനയോടെ പറയുന്നത് കേട്ട് ജാക്കി നെറ്റി ചുളിച്ചു കൊണ്ടവനെ നോക്കി.
"നിനക്ക് അറിയുവോ സാന്ദ്രയുമായുള്ള റിലേഷൻ തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ആണ് സെലിൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്. അതിന് മുൻപ് എനിക്ക് സാന്ദ്രയോട് യാതൊന്നും ഇല്ലാരുന്നു. അവളാരുന്നു എന്റെ പിന്നാലെ നടന്നിരുന്നത്. അങ്ങനെ ഏതോ ഒരു നശിച്ച ദിവസം പറഞ്ഞ് പോയതാ ഇഷ്ടം ആണെന്ന്!! ശല്യം കുറയുമല്ലോ എന്ന് കരുതി. അല്ലാണ്ട് നിങ്ങളൊക്കെ കരുതുന്ന പോലെ അതൊരു ദിവ്യപ്രേമം ഒന്നും ആരുന്നില്ല!!".... സിവാൻ പറഞ്ഞത് കേട്ട് ജാക്കി വാ പൊളിച്ചു.
സിവാൻ മെല്ലെ എഴുന്നേറ്റു ഫ്രിഡ്ജിൽ നിന്നുമൊരു പെപ്സി എടുത്തു കുടിച്ചു കൊണ്ട് തുടർന്നു.
"നമ്മളൊക്കെ കോളേജ് time ൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ വായിനോക്കില്ലേ?? അതുപോലെ ഞാനും നോക്കുമായിരുന്നു. അങ്ങനെ ഞാൻ ഒരു ദിവസം അൽഫോൻസാ കോളേജിന്റെ മുൻപിൽ ടീനയുടെ പ്രൊജക്റ്റും assignment ഉം വാങ്ങാൻ കാത്ത് കെട്ടി കിടക്കുമ്പോൾ ആണ് ആദ്യായി സെലിൻ എന്റെ കണ്ണിൽ പതിഞ്ഞത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല അവളെ കണ്ണെടുക്കാതെ ഞാൻ നോക്കി ഇരുന്നത് എത്രനേരമെന്ന് എനിക്ക് പോലുമറിയില്ല.
അവൾ കോളേജിന് അകത്തേക്ക് പോകുന്നതും തന്നെ നിന്ന് പിറുപിറുക്കുന്നതുമൊക്കെ ഒരു കൗതുകത്തോടെയാ ഞാൻ നോക്കി ഇരുന്നത്!! ആദ്യമായിട്ട് കുരീക്കാട്ടിലെ സിവാൻ ജോൺ ഒരു പെണ്ണിനെ തന്നെ നോക്കി ഇരുന്നത് അന്നായിരുന്നു. അവളെ ഒന്ന് അടുത്ത് കാണാനുള്ള കൊതി കൊണ്ട് ടീനയെ വിളിച്ച് അവളുടെ പ്രൊജക്റ്റ് സെലിന്റെ കൈയിൽ കൊടുത്ത് വിടാൻ പറഞ്ഞത് ഞാനാ.!!".....
"എടാ ഭയങ്കര!!".... ജാക്കി ഞെട്ടി 😳. സിവാൻ അതിനൊരു കുസൃതി ചിരി ചിരിച്ചു.
"ഹ്മ്മ്.....അന്ന് അവൾ കാറിന്റെ പിന്നിൽ പ്രൊജക്റ്റും റെക്കോർഡുമെല്ലാം കൊണ്ട് വെക്കുമ്പോൾ ഇമ വെട്ടാതെ അവൾക്ക് മുഖം കൊടുക്കാതെ ഞാൻ നോക്കി ഇരുന്നത് അവൾ പോലും അറിഞ്ഞില്ല. അവൾക്ക് മുന്നിൽ ജാഡയിട്ട് ആ കുശുകുശുക്കൽ കേട്ട് ചിരിക്കുമ്പോൾ ഞാൻ ആദ്യായിട്ട് അറിഞ്ഞു എന്റെ ഹൃദയത്തിന്റെ താളം മാറുന്നത്. പിന്നീട് പലയിടത്തും വെച്ച് മറഞ്ഞും തിരിഞ്ഞും ഞാൻ അവളെ നോക്കുമായിരുന്നു.
അവൾ അത് അറിഞ്ഞില്ലെന്നു മാത്രം. അന്ന് കോഫീ ഷോപ്പിൽ വെച്ച് അടി നടന്ന ദിവസം ഞാൻ കസേര എടുത്ത് എറിഞ്ഞപ്പോൾ അവൾ അവിടെ ഇരിക്കുന്നത് കണ്ട് ഞാൻ cool ആവാൻ നോക്കിയതാ. പക്ഷെ അവന്മാര് തട്ടി കേറിയപ്പോ ആ അടി പിന്നെയും നീണ്ടു. അന്ന് ആ തിരക്കിന് ഇടയിൽ അടി നിർത്താൻ വേണ്ടി അവള് സിവാൻ ഇച്ചായ എന്ന് വിളിച്ച വിളി വന്നു കേറിയത് ദാ ഇവിടെയാ... ഈ നെഞ്ചിലാടാ...!!".... സിവാൻ പറയുന്ന കേട്ട് ജാക്കി വായും പൊളിച്ച് ഞെട്ടി നിന്നു.
"ഇതൊക്കെ എപ്പ??".... 😳അവൻ ചോദിച്ചു പോയി.
"സൈമൺ ഇച്ചായൻ വരുന്നുണ്ടെന്ന് വിളിച്ച് കൂവിയ പെണ്ണിന്റെ ശബ്ദം എനിക്ക് മനസിലായില്ലങ്കിലും ഒരു മിന്നായം പോലെ ആ നേരം ചുണ്ടനക്കിയ ഒരു ഉണ്ടക്കണ്ണി പെണ്ണിനെ ഞാൻ കണ്ടിരുന്നു.
അവളെ അറിയാത്ത പോലെ ആളെ തിരയുന്ന പോലെ കൂട്ടുകാർക്ക് മുന്നിൽ അഭിനയിക്കുമ്പോൾ ഞാൻ അറിയുവാരുന്നു പേരറിയാത്ത എന്തോ ഒന്ന് എന്റെ ഉള്ളിന്റെ ഉള്ളിൽ തളിർത്തു തുടങ്ങിയെന്ന്.അവളുടെ
കോളേജിലെ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഫ്രെണ്ട്സിനെ അവിടെ കൊണ്ടാക്കി പോകാൻ നിൽക്കുമ്പോൾ ആണ് ആരോ പാടുന്ന ശബ്ദം കാതിലേക്ക് ഓടി എത്തിയത്.
സ്റ്റേജിൽ നിന്ന് പാടുന്ന പെണ്ണിന്റെ മുഖം ആദ്യം വ്യക്തമായിരുന്നില്ല. പക്ഷെ പാട്ടും ശബ്ദവും പതിഞ്ഞത് ദാ എന്റെ മനസ്സിൽ ആരുന്നു!!".....
വീണ്ടും വീണ്ടും ഞെട്ടലുകൾ ഏറ്റു വാങ്ങി കൊണ്ട് ജാക്കി കസേരയിലേക്ക് ഇരുന്നു.
💞💍💞💍💞💍💞💍💞💍💞
ഹ്മ്മ്... എവിടെ?? എവിടെ?? എന്റെ തങ്കകുടം പോലുള്ള സിവാൻ ഇച്ചായനെ ചീത്ത പറഞ്ഞവർ ഇങ്ങോട്ട് ഒന്ന് വന്നേ ഞാൻ ഒന്ന് കാണട്ടെ 🤭🤭🤭എന്തൊക്കെ ആരുന്നു?? ഇപ്പോ കണ്ട... കണ്ട... എന്റെ ചെറുക്കൻ പറയുന്നതൊക്കെ കേട്ടാ 🤭🤭🤭ഞാൻ അപ്പോഴേ പറഞ്ഞതാ ഒന്നും മുൻകൂട്ടി കാണല്ലേ കാണല്ലേ എന്ന്. ഇപ്പോ എന്തായി?? ഞാൻ ഓസ്ട്രേലിയക്ക് പോയ കൊണ്ട് ഇപ്പോ എല്ലാം ശരി ആയില്ലേ?? അപ്പോ വന്നവരൊക്കെ അറ്റന്റൻസ് ഇട്ടിട്ട് പോയാ മതിട്ടോ. അഭിപ്രായം അറിയിക്കണേ 😜😜😜😜😜
തുടരും...