Happy Wedding തുടർക്കഥ Part 24 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...


"എല്ലാവരും കൂടെ ഇപ്പോ പൊട്ടൻ ആക്കിയത് എന്നെ. ഒന്നും അറിയാതെ ഇരുന്നത് എനിക്ക് മാത്രം. ഇനിയും പൊട്ടൻ കളിക്കാൻ എനിക്ക് വയ്യ. അതുകൊണ്ട് ഞാൻ പോകുവാ..... ഇനി ഇവിടെ നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല!!"....

സിവാൻ ദേഷ്യത്തോടെയും സങ്കടത്തോടെയും അലറി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി. സെലിൻ വേദനയോടെ അവനെ നോക്കി. മുട്ടുകളിലേക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു പോയി.അവളുടെ പൊട്ടിക്കരച്ചിൽ തിരമാലകളെ പോലെ ചെവിക്കുടയിൽ വന്ന് അലയടിച്ചിട്ടും സിവാന്റെ വാക്കുകൾ അവൻ തിരിച്ചെടുത്തില്ല.



"സി... സി... സിവാനെ... എന്നതാടാ നീയീ പറയണേ?? ആര്... ആര് നിന്നെ പൊട്ടൻ ആക്കിയെന്ന??"... സാം ഞെട്ടലോടെ അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു.

"ഇനിം ഞാൻ അത് പറഞ്ഞു തരണോ ഇച്ചായ എല്ലാവർക്കും?? ഒരു വാക്ക് കല്യാണത്തിന് മുൻപെങ്കിലും നിങ്ങൾക്കൊക്കെ എന്നോട് പറഞ്ഞൂടാരുന്നോ??അത് പോട്ടെ. കല്യാണം കഴിഞ്ഞ് ഇത്രേം ദിവസം ആയിട്ടും ആരും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ!!".... സിവാൻ ദേഷ്യത്തോടെയും സങ്കടത്തോടെയും ചോദിച്ചത് കേട്ട് സൈമന്റെയും റീനയുടെയും സാമൂവലിന്റെയും തല കുനിഞ്ഞു പോയി.

"കുടുംബത്തിന്റെ മാനം രക്ഷിക്കാൻ ഒരു പെണ്ണിനെ കെട്ടി എല്ലാവരുടെയും മുന്നിൽ പൊട്ടൻ ആക്കി നിർത്തണാരുന്നോ?? ഇപ്പോ അവന്മാര് ആ മേക്കലാത്തെ നാറികൾ അവിടെ കിടന്ന് ആഘോഷിക്കുന്നുണ്ടാവും നമ്മടെ കുടുംബത്തിന്റെ ഈ അവസ്ഥ അറിഞ്ഞിട്ട്!! എനിക്ക് വയ്യ ഇതൊന്നും കാണാനും കേൾക്കാനും അതുകൊണ്ട് ഞാൻ തിരിച്ചു പോകുവാ ഓസ്ട്രേലിയക്ക്... "....സിവാൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.


"സി....സിവാനെ നീ... നീ....എന്തൊക്കെയാ ഈ പറയുന്നേ??"... ഏയ്‌റ ഓടി വന്നു ചോദിച്ചതും അവൻ പെട്ടെന്ന് മുഖം മറ്റ് എവിടേക്കോ തിരിച്ചു നിന്നു.

"ടാ.... നിന്നോടാ ഞാൻ ചോദിച്ചേ....?? എന്ത് കാര്യത്തിന നീ ഇപ്പോ പോകാൻ പോകുന്നെ "??... ഏയ്‌റ വിറയലോടെ അവനെ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

"ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും ചേട്ടത്തിക്ക് മനസിലായില്ലെന്നുണ്ടോ "??... സിവാൻ ചോദിച്ചതും ഏയ്‌റ വേദനയോടെ പിന്നോട്ട് മാറി നിന്നു.

"ഡാ... സിവാനെ....ഞാൻ... ഞാൻ ചെയ്തത് തെറ്റ് തന്നെയാ. നിന്നോടൊരു വാക്ക് പോലും പറഞ്ഞില്ല ഞാൻ. ഇതിന്റെ പേരിൽ നീ ഇങ്ങനെ വഴക്ക് ഇട്ട് ഇറങ്ങി പോയാ അത് എനിക്ക് താങ്ങാൻ പറ്റില്ലെടാ!!എനിക്ക് മാത്രല്ല ഞങ്ങൾക്ക് ആർക്കും സഹിക്കാൻ പറ്റില്ലെടാ....!!"... സാമൂവൽ വേദനയോടെ പറഞ്ഞു.അവന്റെ അവസ്ഥ കണ്ട് റബേക്കയുടെ നെഞ്ച് പിടച്ചു. അവൾ വാ പൊത്തി നിന്നു കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു.

"ഇച്ചായ... ഇച്ചായൻ ചെയ്തത് ഒരു തെറ്റായിട്ട് പറയുവല്ല. എങ്കിലും എന്റെ ഇച്ചായൻ എന്നോട് മറച്ചു വെച്ച് ഒരു കാര്യം ചെയ്തപ്പോൾ....!!എനിക്ക്.... എനിക്ക് അത് സഹിക്കാൻ പറ്റണില്ല. ഈ കാലത്തിന് ഇടയിൽ നമ്മളിൽ ആരേലും ആരെയെങ്കിലും മറച്ചു വെച്ച് കൊണ്ട് എന്തേലും ചെയ്തിട്ടുണ്ടോ??".... സിവാൻ ചോദിച്ചതിന് സാമൂവൽ ഇല്ലാന്ന് വേദനയോടെ തലയാട്ടി കാണിച്ചു.

"ഇല്ലല്ലോ.....!!അതുകൊണ്ട് തന്നെ ഇതൊന്നും അങ്ങനെ അങ്ങ് പെട്ടെന്ന് ക്ഷമിക്കാൻ ഞാൻ പുണ്യാളൻ ഒന്നുമല്ല ഇച്ചായ...!!വേദനയും ദേഷ്യവുമൊക്കെ എനിക്കും ഉണ്ടാവും!!".... സിവാൻ സങ്കടത്തോടെ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.


"സിവാനെ... ചേട്ടത്തി പറയുന്നത് നീ ഒന്ന് കേൾക്ക്. ഇവിടിപ്പോ നീ സെലിനെ കെട്ടി എന്നതിന്റെ പേരിൽ ഒരു കുഴപ്പവും ആർക്കും ഉണ്ടായിട്ടില്ല. നാക്കിനു ലൈസെൻസ് ഇല്ലാത്തവന്മാർ എന്തേലും വന്ന് പറഞ്ഞെന്ന് കരുതി നീ അതൊക്കെ മനസ്സിലേക്ക് എടുക്കാതെ...!!"... ഏയ്‌റ വേദനയോടെ പറഞ്ഞു. അവൾ കരയുന്നുണ്ടായിരുന്നു.

"അതേ സിവാനെ..... പറ്റിയത് പറ്റി. ഇതിന്റെ പേരിൽ ആർക്കും ഇവിടെ ഒരു ദോഷവും ഉണ്ടായില്ലല്ലോ!! നീ അത് അങ്ങ് വിട്ട് കളയെടാ!!"....റബേക്ക പറഞ്ഞു.

"സിവാചാ... നീ... നീ സെലിനെ ഒന്ന് നോക്കെടാ. ഇപ്പോ തന്നെ ആ കൊച്ച് ഒരുപാട് അനുഭവിച്ചു കഴിഞ്ഞ്. ഇനി നീ കൂടെ അവളെ വേദനിപ്പിച്ചാൽ അതിന് അത് താങ്ങാൻ പറ്റില്ലെടാ!!അവൾക്ക് നിന്നെ അത്രക്ക് ഇഷ്ടാഡാ...!!"... സൈമൺ പറഞ്ഞു...സിവാൻ അവനെ തറപ്പിച്ചൊന്ന് നോക്കി.

"അപ്പോ ഇച്ചായന് നന്നായിട്ട് അറിയാം അവൾക്ക് ഞാൻ ആരാണെന്ന്?? എന്താണ് ഞങ്ങൾക്ക് ഇടയിൽ നടന്നതെന്ന്. എന്നിട്ടും ഒരു വാക്ക്... ഇത്ര നേരമായിട്ടും ഇച്ചായൻ എങ്കിലും പറഞ്ഞോ??എന്തിന് ഇത്രയും വർഷത്തിനിടയിൽ ഒരു തവണയെങ്കിലും ഒന്ന് പറഞ്ഞൂടാരുന്നോ എന്നോട്!!!"... സിവാൻ അത് ചോദിച്ചതും സൈമൺ കണ്ണ് നിറച്ചു നിന്നു.സിവാന് കൊടുക്കാൻ അവന്റെ പക്കൽ ഒരു ഉത്തരവും ഇല്ലായിരുന്നു.സിവാൻ എല്ലാവരെയും അടർത്തി മാറ്റി മുന്നോട്ട് നടന്നു.


"സിവാചാ പോകല്ലേ സിവാച്ചാ എല്ലാരും പറയുന്നത് കേട്ടില്ലേ?? എല്ലാം സംഭവിച്ചു പോയി... ഇനി അതും മനസ്സിൽ ഇട്ടോണ്ട് നടന്ന്... എല്ലാരേയും സങ്കടപ്പെടുത്തണോ??"...റീന അവന്റെ മുന്നിൽ തടസമായി നിന്ന് കൊണ്ട് ചോദിച്ചു.

"ആര് എന്നാ പറഞ്ഞാലും ശരി എന്റെ തീരുമാനത്തിൽ ഇനി ഒരു മാറ്റവുമില്ല!!"... സിവാൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. അവന്റെ മുഖത്ത് നോക്കി പൊട്ടിക്കരയാൻ മാത്രേ സെലിന് കഴിഞ്ഞുള്ളു.

"ശരി...!!അങ്ങനെ ആണെങ്കിൽ  നീ ഇറങ്ങിക്കോ...!!"... ഇടി മുഴക്കം പോലെ സാം പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടലോടെ അവനെ നോക്കി.

"ഇച്ചായ...!!!"... ഏയ്‌റ ഞെട്ടലോടെ ഉറക്കെ വിളിച്ചു.സാം അവളെ ഒന്ന് നോക്കി.

"അവൻ പൊയ്ക്കോട്ടേ!!"... സാം പറഞ്ഞു.

"ഇച്ചായൻ എന്തൊക്കെയാ ഈ പറയുന്നേ??".... ഏയ്‌റ ചോദിച്ചു.

"ആരും അവനെ തടയണ്ട. പോവാൻ ഉറച്ച് ഇറങ്ങിയതല്ലേ അവൻ പൊയ്ക്കോട്ടേ. ആരും അവനെ തടയണ്ട. ഇനി ഇതിന്റെ പേരിൽ ഒരു സംസാരം ഇവിടെ വേണ്ട...!!ഇത് ഇവിടം കൊണ്ട് തീർന്നു."... സാം ഗൗരവത്തോടെ പറഞ്ഞത് കേട്ട്  അവനെ ഒന്ന് നോക്കിയ  ശേഷം സിവാൻ പുറത്തേക്ക് പോയി.

"സി... സിവാനെ... ഡാ...!!"... സാമൂവൽ വിളിച്ചു.

"സിവാച്ചാ... ഡാ... മോനെ!!".. സൈമനും പുറകെ ചെന്നെങ്കിലും സിവാൻ വേഗം തന്നെ കാറിൽ കേറി എങ്ങോട്ടോ പോയി.

"കർത്താവേ എന്നതൊക്കെയാ ഇവിടെ ഈ നടക്കണേ??"... ഏയ്‌റ കരഞ്ഞു കൊണ്ട് തലയിൽ കൈ വെച്ച് പറഞ്ഞു.


"ഒരു സന്തോഷം തന്ന് ഉടനെ തന്നെ അത് ഇത്ര വലിയ സങ്കടമാക്കി മാറ്റിയത് എന്തിനാ തമ്പുരാനെ "??.... റബേക്ക പൊട്ടിക്കരഞ്ഞു പോയി.

"ഒന്ന് നിർത്തുന്നുണ്ടോ നിങ്ങൾ എല്ലാവരും!!".... സാമിന്റെ അലർച്ച അവിടെ മുഴങ്ങിയതും എല്ലാവരും അവനെ തിരിഞ്ഞു നോക്കി.

"ഇത്രക്ക് അങ്ങ് വിഷമിക്കാൻ ഇവിടെ ഒരു പിണ്ണാക്കും ഉണ്ടായിട്ടില്ല.ആരും വിഷമിക്കണ്ട ഒരു കാര്യവും ഇല്ല. ഇപ്പോ ഇവിടുന്ന് ഇറങ്ങി പോയത് കുരീക്കാട്ടിൽ സാം ജോണിന്റെ അനിയൻ ആണെങ്കിൽ കുരീക്കാട്ടിൽ ജോൺ പീറ്ററിന്റെ മകനാണെങ്കിൽ അവൻ തിരിച്ചു വന്നിരിക്കും.!!".... സാം ഉറച്ച ശബ്ദത്തോടെ പറയുന്നത് കേട്ട് എല്ലാവരും ആകാംഷയോടെ അവനെ നോക്കി.

"നമ്മൾ ഉറപ്പിച്ച ദിവസം ആഘോഷ പൂർവ്വം സിവാന്റെയും സെലിന്റെയും കെട്ട് നടന്നിരിക്കും.കെട്ടിന് മുൻപ് അവൻ ഇവിടെ എത്തിയിരിക്കും കുരീക്കാട്ടിലെ സാം ജോണാ പറയുന്നേ.ഇനി അവൻ എത്തിയില്ല എങ്കിൽ അവനീ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല!!എനിക്ക് അങ്ങനെ ഒരു അനിയനും ഉണ്ടായിരിക്കുന്നതല്ല....!!"... സാം പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.

"സൈമ... വണ്ടി എടുക്കെടാ!"... സാം ദേഷ്യത്തോടെ മുണ്ട് മടക്കി കുത്തി പറഞ്ഞു.

"എങ്ങോട്ടാ ഇച്ചായ "??... അവൻ ചോദിച്ചു.

"മേക്കലാത്തേക്ക്...!! എല്ലാം അറിഞ്ഞിട്ടും ഇനി ഒന്നും മിണ്ടാതെ ഇരുന്നാൽ അത് മോശം തന്നെയാ. ചോദിക്കാൻ ഉള്ള കണക്ക് ഒന്നും നാളെ രാവിലത്തേക്ക് വെക്കുന്നില്ല ഞാൻ.ഇപ്പോ ഈ രാത്രി തന്നെ എനിക്ക് അത് തീർക്കണം!!സാമൂവലെ നീയും വാ."....സാം അത് പറഞ്ഞതും അനിയന്മാരുടെ രക്തവും തിളച്ചു.

"ശരി ഇച്ചായ....!!ഇനി ഒന്നും ബാക്കി വെക്കേണ്ട!!അവന്മാർ അങ്ങനെ ഇപ്പോ നമ്മടെ കുടുംബത്തിന്റെ വേദന ഓർത്ത് സന്തോഷിക്കണ്ട. അതിന് സമ്മതിക്കില്ല ഈ സാമൂവൽ...."....


അവർ ആണുങ്ങൾ മൂന്നും എന്തൊക്കെയോ എടുത്ത് പുറത്തേക്ക് ഇറങ്ങി. കാറിൽ കേറും മുൻപ് സാം ഏയ്‌റയെ നോക്കി.

"ഏയ്‌റേ ..... നീ സെലിൻ മോളുടെ അടുത്തേക്ക് ചെല്ല് അവളെ സമാധാനിപ്പിക്ക്!!ഞങ്ങൾ വേഗം വരാം!!ഞാൻ വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം!!".... സാം പറഞ്ഞു.ഏയ്‌റ അവനെ നോക്കി തലയാട്ടി.

"ഇച്ചായ വാ പോകാം!!"... സൈമൺ പറഞ്ഞു.അവർ മൂന്നും മേക്കലാത്തേക്ക് തിരിച്ചു.

***ഇതേ സമയം മേക്കലാത്ത്***

ഓരോ കുപ്പി പൊട്ടിച്ചു തീർക്കുന്നതിനു അനുസരിച്ചു അടുത്ത മദ്യ കുപ്പിയിൽ നിന്ന് ഓരോ ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ച് കുരീക്കാട്ടിൽ തറവാടിന്റെ വേദന ആഘോഷിക്കുകയാണ് മേക്കലാത്ത് ഉള്ളവർ.

"ഡാ... വർക്കി ഒന്നൂടെ ഒഴിക്കട.....!!ഇന്ന് എനിക്ക് എത്ര കുടിച്ചാലും മതിയാവില്ല!!"... ടോമി പറഞ്ഞു.

"എനിക്കും കൂടെ ഒഴിക്കെടാ... വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടല്ലേ അവന്മാരുടെ നെഞ്ചിൽ ഒരു ആണി നമ്മൾ അടിച്ച് കയറ്റുന്നത്!! ആ ആണിയുടെ ചൂട് കൊണ്ടിപ്പോ കുരീക്കാട്ടിൽ തറവാട് പുകയുന്നുണ്ടാവും...!!"... സണ്ണി പറഞ്ഞു.


"അതിന് സംശയം ഉണ്ടോ ഇച്ചായ?? കുരീക്കാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോ എന്ത് ചെയ്യണം എന്നറിയാതെ വാലിന്മേൽ തീ പിടിച്ച പോലെ ഓടുന്നുണ്ടാവും!!'.... സാന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു.

"മ്മ്... എന്നായാലും ശരി. സാന്ദ്ര ചേട്ടത്തിയുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം. ചേട്ടത്തി അത് കണ്ടുപിടിച്ച കൊണ്ടല്ലേ എല്ലാം smooth ആയി നടന്നത്??".... വർക്കി പറഞ്ഞു.

"എല്ലാം smooth ആക്കിയ സ്ഥിതിക്ക് ഇതൂടെ smooth ആക്കി പിടിച്ചോ!!"....പിന്നിൽ നിന്നും സാംമിന്റെ ശബ്ദം കേട്ടതും  അവർ ഞെട്ടലോടെ പിന്നിലേക്ക് നോക്കി. കാലുമടക്കി സണ്ണിയുടെ നെഞ്ചിനിട്ട് ആയിരുന്നു സാമിന്റെ ആദ്യ ചവിട്ട്.

"ആഹ്...!!"... എന്ന ശബ്ദത്തോടെ അവൻ കസേരയിൽ നിന്ന് തെറിച്ചു വീണു.കലി പൂണ്ടു നിൽക്കുന്ന കുരീക്കാട്ടിലെ ആൺപിള്ളേരെ കണ്ടതും വർക്കിയും ടോമിയും ഒന്ന് പകച്ചു. എങ്കിലും ചാടി എണീറ്റ് അവർക്ക് നേരെ ചെന്നു.

"ഡാ.. നീ ഞങ്ങടെ ഇച്ചായനെ!!"... ടോമി മുന്നോട്ട് ആഞ്ഞു കൊണ്ട് പറഞ്ഞതും സാമൂവൽ അരയിൽ നിന്നും തോക്ക് എടുത്ത് അവന് നേരെ ചൂണ്ടി.

"ഒറ്റ ഒരെണ്ണം അനങ്ങി പോകരുത്. അനങ്ങിയാൽ തല മണ്ടക്ക് ചേർത്ത് പിടിച്ചൊരോറ്റ വെടിയിൽ ഞാൻ കാര്യം തീർക്കും!!എന്നെ അറിയാല്ലോ നിനക്കൊക്കെ!!പറഞ്ഞാൽ പ്രവർത്തിച്ചു കാണിച്ചിരിക്കും ഈ സാമൂവൽ!!".....

"നീയൊക്കെ എന്നാതാടാ വിചാരിച്ചത്?? ഒരു Marriage Certificate ഉം അതിന്റെ കോപ്പിയും ആയി വന്നു ഞങ്ങളെ അങ്ങ് കുടുക്കിൽ ഇട്ടാൽ ഞങ്ങൾ ഒന്നും മിണ്ടാതെ വീട്ടിൽ ഇരിക്കുമെന്ന് കരുതിയോ നീയൊക്കെ ??".. സൈമൺ ചോദിച്ചു.

"അതൊക്കെ പണ്ട്... നീയൊക്കെ എന്ത് തോന്യവാസവും ചെറ്റത്തരവുമാ അന്ന് കാണിച്ച് കൂട്ടിയത് എന്ന് അറിഞ്ഞിട്ട് തന്നെയാ ഞങ്ങൾ ഒന്നും അറിയാത്ത പോലെ നിന്റെയൊക്കെ മുന്നിൽ നിന്ന് തന്നത്!!"... സാമൂവൽ പറഞ്ഞു.


"സെലിനെ കെട്ടാൻ നീയൊക്കെ നടത്തിയ third class ഡ്രാമ ഞങ്ങടെ സിവാൻ മിന്ന് കെട്ടി പൊളിച്ച് തന്നപ്പോൾ ഇല്ലാണ്ടായത് വലിയൊരു പ്ലാൻ ആരുന്നല്ലിയോ?? എങ്കിൽ നീയൊക്കെ ഇത് കൂടെ കേട്ടോ നിന്റെയൊക്കെ ഈ പ്ലാൻ അറിഞ്ഞു വെച്ച് കൊണ്ട് തന്നെയാ സിവാനെ കൊണ്ട് ഞങ്ങൾ അവളെ കെട്ടിച്ചേ!".... സാം പറഞ്ഞത് കേട്ട് എല്ലാവരും കണ്ണ് മിഴിച്ചു.

"സണ്ണി......നിന്റെ ഈ നിക്കുന്ന കെട്ടിയോളില്ലേ സാന്ദ്ര ഇവള് കാരണം കല്യാണം പോലും വേണ്ടന്ന് വെച്ച, ഞങ്ങടെ ചെറുക്കൻ പെണ്ണ് കെട്ടിയതിലാ ഞങ്ങൾക്ക് ഇപ്പോ സന്തോഷം. ഈയൊരു കാര്യത്തിന്റെ പേരിൽ കുരീക്കാട്ടിലെ ആണ്പിള്ളേര് തല്ലി പിരിഞ്ഞെന്ന് നീയൊക്കെ കരുതി എങ്കിൽ അത് വെറുതെയ. സിവാൻ ഓസ്ട്രേലിയയിൽ നിന്ന് തിരികെ വന്നാൽ ഉടൻ സെലിന്റെയും അവന്റെയും കല്യാണം ആഘോഷമാക്കി ഞങ്ങൾ നടത്തും. ഒരു ക്ഷണം ഇവിടെയും കാണും. വന്നു കൺ കുളിർക്കേ കണ്ട് ഉണ്ടിട്ട് പോയാൽ മതി എല്ലാവരും!!".... സാം കലിയോടെ പറഞ്ഞു തീർത്തു.

"ഡാ ഞങ്ങടെ കുടുംബത്തിൽ വന്നു നിന്ന് ആളാവുന്നോടാ??"... ടോമി അത് ചോദിച്ചതും സൈമൺ ടേബിളിൽ കാല് കുത്തി ടോമിയുടെ മോന്തക്ക് ഒരു ചവിട്ട് കൊടുത്തതും അവൻ അലച്ചും തല്ലി താഴെ വീണു. ഇച്ചായനെ തല്ലുന്നത് സഹിക്കാൻ വയ്യാതെ  വർക്കിയും കളത്തിലേക്ക് ഇറങ്ങിയപ്പോൾ അവനെ ഇഞ്ചി ചതക്കും പോലെ ചതക്കാൻ സൈമനും സാമൂവലും ഉണ്ടായിരുന്നു. വീണിടത്തു നിന്ന് എണീറ്റ് വന്ന സണ്ണി സൈമന് നേരെ പാഞ്ഞടുത്തപ്പോൾ അവന്റെ കഴുത്തിൽ കുത്തി പിടിച്ച് ചുവരിൽ ചേർത്ത് ഇടിച്ചത് സാം ആയിരുന്നു. അല്പസമയത്തിന് ശേഷം
കുരീക്കാട്ടിൽക്കാരുടെ തല്ല് കൊണ്ടവർ മൂന്നും നിലത്ത് വീണു കിടന്നു. സാന്ദ്ര ഇതൊക്കെ കണ്ട് പേടിയോടെ നിന്ന് വിറച്ചു.


"ഡി... ഇതിന്റെയൊക്കെ master ബ്രെയിൻ നീയോ നിന്റെ ഈ കുച്ചായനോ ആണെന്ന് അറിയാം. അതുകൊണ്ട് പറയുവാ ഇവിടം കൊണ്ട് നീയൊക്കെ ഇത് നിർത്തിയില്ലങ്കിൽ ഇനി ചോദ്യോം പറച്ചിലുമില്ല.... പുതപ്പിച്ചു കിടത്തും ഞാൻ പള്ളി സെമിത്തേരിയിൽ....കൂട്ടത്തിൽ ഞങ്ങടെ വക ഒരു റീത്തും കൊണ്ട് വെക്കും. പറഞ്ഞത് മനസിലായല്ലോ എല്ലാവർക്കും..!!".... സാം കലിയോടെ പറഞ്ഞതും പകപ്പോടെ എല്ലാവരും അവനെ നോക്കി.

"വാടാ!!"... അതും പറഞ്ഞു സാം മുണ്ടും മടക്കി കുത്തി അനിയന്മാരെയും കൂട്ടി അവിടെ നിന്നും പോയി.

"ഇല്ല... സാമേ.ഇനി ആകാശം ഇടിഞ്ഞു വീണാലും ശരി സിവാന്റെയും സെലിന്റെയും കല്യാണം ഞാൻ നടത്തില്ല. സാമേ നീ ചെവിയിൽ നുള്ളിക്കോ!! വിഷ പാമ്പുകളെയാ നീ നോവിച്ചത്!! ഞങ്ങടെ കുടുംബത്തിൽ കേറി കളിച്ചതിനു നിനക്കുള്ള പണി അങ്ങ് കുരീക്കാട്ടിൽ കൊണ്ട് വന്നു ഞങ്ങൾ തന്നിരിക്കും!!"... സണ്ണി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നിലത്ത് ഇടിച്ചു.

"ആഹ് എന്റെ കൈ!!"....സണ്ണി വേദന കൊണ്ട് വിളിച്ചു.

"ഇച്ചായ ആവേശം ആവാം. എന്ന് കരുതി സ്വന്തം കൈ തന്നെ ഇടിച്ചു പൊട്ടിക്കണോ??"... വർക്കി ചോദിച്ചതും അവൻ തറപ്പിച്ചൊരു നോട്ടം നോക്കി.

ഇതേ സമയം കാറിൽ

"ഇച്ചായ.... സി... സിവാൻ...!!അവൻ എങ്ങോട്ടാരിക്കും ശരിക്കും പോയിട്ടുണ്ടാവുക "??.... തിരികെയുള്ള യാത്രക്ക് ഇടയിൽ സൈമൺ സാമിനോട് ചോദിച്ചെങ്കിലും മൗനം ആയിരുന്നു അവന്റെ മറുപടി. അവൻ ഒന്നും മിണ്ടാതെ പുറത്തെ നക്ഷത്രങ്ങൾക്ക് നേരെ മിഴികൾ പായിച്ചു. ആ രണ്ട് നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണ് ചിമ്മി.


സാം ഒരു ദീർഘ നിശ്വാസത്തോടെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു.



💞💍💞💍💞💍💞💍💞💍💞💍💞
തുടരും

രചന :-അനു അനാമിക

To Top