താലോലം തുടർക്കഥ ഭാഗം രണ്ട് വായിക്കുക...

Valappottukal


രചന: മഞ്ജു കളപ്പുരക്കൽ

ആ കരച്ചിൽ അവളിൽ വല്ലാത്തൊരു ഈർഷ്യയും ദേഷ്യവും ഉണ്ടാക്കി . അവൾ വേഗംതന്നെ ഒരു തുണി കഷ്ണം എടുത്ത് കുഞ്ഞിന്റെ വായിൽ തിരുകി വെച്ചു . അപ്പോൾ കുഞ്ഞിന്റെ കരച്ചിൽ പുറത്തേക്ക് വരാതായപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി . അവൾ വീണ്ടും അവളുടെ ചിന്തയിൽ മുഴുകി .

എന്നാൽ കുറച്ച് നേരം കഴിഞ്ഞപ്പോഴാണ് താനെന്ത് പ്രവൃത്തിയാണ് ചെയ്തു വെച്ചേക്കുന്നതെന്ന് അവൾക്കു തിരിച്ചറിവ് ഉണ്ടായത് .  താൻ തൻ്റെ പൊഞ്ഞു കുഞ്ഞിൻറെ വായിൽ തുണി തിരുകി വെച്ചേക്കുന്നൊ ,  അതും അതിന്റെ കരച്ചിലടക്കാൻ വേണ്ടി .

ഈശ്വരാ...... ,    താൻ എന്താണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്നോർത്ത്  ,  അവൾ വേഗംതന്നെ കുഞ്ഞിന്റെ വായിൽ നിന്നും തുണി എടുത്ത് മാറ്റി  ,   കണ്ണീരോടെ കുഞ്ഞിനെ എടുത്ത് മൂർദ്ധാവിൽ മുത്തം നൽകി മനസുകൊണ്ട് ആയിരം മാപ്പും പറഞ്ഞ് അതിനെ താലോലിച്ചു കൊണ്ടിരുന്നു .

കരച്ചില് നിർത്തി ശാന്തമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി തേങ്ങികൊണ്ട് ,  അവൾ അവളെത്തന്നെ പ്രാകിക്കൊണ്ടിരുന്നു . വേറേ ആരെങ്കിലുമാണ് തൻ്റെ കുഞ്ഞിനോട് ഈ ചെയ്തി ചെയ്തിരുന്നെങ്കിൽ താനത് ചുമ്മാ  നോക്കിനിൽക്കുമായിരുന്നോ ,  ആ താൻ എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് .

പ്രസവശേഷം തനിക്കെന്തൊക്കെയോ അകാരണമായ ദേഷ്യവും ഈർഷ്യയും ഉണ്ടാവുന്നുണ്ട് . എന്നാൽ അതെല്ലാം താൻ തീർക്കേണ്ടത് തൻ്റെ കുഞ്ഞിനോടാണോ . കുഞ്ഞിനോട് ചെയ്ത പ്രവൃത്തിയോർത്ത് അവൾ ആ ദിവസം മുഴുവനും തേങ്ങി കൊണ്ടിരുന്നു .

രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എന്നത്തേയും പോലെ അടുക്കള ജോലികളൊക്കെ ഒന്ന് താൽക്കാലികമായി ഒതുക്കിയിട്ട്  അവൾ കുഞ്ഞിനെ കുളിപ്പിക്കാനായി പോവുകയായിരുന്നു . കുളിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ,  കുഞ്ഞ് സാധാരണയായി കരയാറുള്ളത് പോലെ കരയാൻ തുടങ്ങി .

അപ്പോൾ ,  പെട്ടെന്നായിരുന്നു  ആ കരച്ചിൽ അവളിൽ ഈർഷ്യയുണ്ടാക്കിയത് . സമനില തെറ്റുന്നതായി അനുഭവപ്പെട്ട അവൾക്ക്,  അവൾ അവളല്ലാതായി തോന്നി .  അവൾ വേഗംത്തന്നെ  കുഞ്ഞിനെ ബക്കറ്റിൽ നിറച്ച് വെച്ചിരുന്ന വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിയ്ക്കാൻ ശ്രമിച്ചു .  

എന്നാൽ അൽപ്പസമയത്തിനകം തൻ്റെ മനസിന്റെ കടിഞ്ഞാൺ തിരികെ കിട്ടിയ അവൾ ,  എന്താണ് താനിപ്പോൾ ചെയ്തു കൂട്ടിയതെന്ന് ഞെട്ടലോടെ ഓർത്തു കൊണ്ട് ,  കുഞ്ഞിനെ രക്ഷപ്പെടുത്തി തിരികെ മുറിയിൽ കൊണ്ടുവന്നു കിടത്തി.   

തനിക്ക് എന്തൊക്കെയോ സംഭവിച്ചു കൊണ്ടിരിക്കുകയാണ് .  താൻ സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നത് .  തന്നെ കുറ്റപ്പെടുത്താറുള്ളവരൊട് പോലും എതിർത്ത് സംസാരിക്കാത്ത തനിക്ക് ,  ഒരു തെറ്റും ചെയ്യാത്ത തന്റെ പൊഞ്ഞു കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിക്കാൻ എങ്ങനെയാണ് കഴിയുന്നത് .

അവൾ കുഞ്ഞിനെ തലോടി തേങ്ങിക്കൊണ്ടിരുന്നു .

അപ്പോഴായിരുന്നു , ഭർത്താവ് വോളിയം കൂട്ടി ടിവി വെച്ചത് . അതിന്റെ ശബ്ദം അവൾക്ക് വീണ്ടും അസ്വസ്ഥതയും ഈർഷ്യയും ഉണ്ടാക്കി . അത് അവളെ വീണ്ടും ഭ്രാന്തിന്റെ ലോകത്തെത്തിച്ചു .  അവൾ അവളുടെ മുടി പിടിച്ചു വലിക്കുകയും കവിൾ പിച്ചി വലിക്കുകയും ചെയ്തു . 

അതിൻ്റിടയിലായിരുന്നു അവളുടെ അമ്മായിയമ്മ ടിവിയും കണ്ടുക്കൊണ്ടിരിക്കുന്ന അവളുടെ ഭർത്താവിനോടായി ഉച്ചത്തിൽ പറഞ്ഞത് , 

" എടാ ,  നീ അവളുടെ വീട്ടിലോട്ടൊന്ന് വിളിച്ചിട്ട് ബാക്കി സ്വർണം എപ്പം തരുമോന്ന് ചോദിക്ക് .  ഇപ്പോൾ നമ്മൾക്ക് അവര് കഷ്ട്ടിമുഷ്ട്ടി പത്ത് പവനല്ലേ തന്നിട്ടൊള്ള് . ഇനിയുമില്ലേ ആറ് പവനും കൂടി തരാൻ . ഇവിടെയുള്ളൊരു കെട്ടിലമ്മയോട് വിളിക്കാൻ പറഞ്ഞാല് ,  കണ്ണീരൊലിപ്പിച്ചുകൊണ്ട് നിൽക്കുമെന്നല്ലാതെ ഒരു കാര്യവും ഇല്ല . എൻ്റെ മോനോന്ന് വിളിക്ക് . എങ്കിലേ , ഇപ്പംത്തന്നെ കിട്ടീല്ലേല്ലും  കൊറച്ച് കഴിഞ്ഞിട്ട് തരാഞ്ഞെങ്കിലും അവർക്കൊരു ചൂടൊക്കെ ഒണ്ടാവുള്ളു "

സാധാരണയായി അമ്മായിയമ്മ ഇങ്ങനെ സ്ത്രീധനകാര്യമൊക്കെ പറയുമ്പോൾ അവൾ ആ ഭാഗത്തേക്ക് പോലും വരാതെ ഭയപ്പെട്ട് തേങ്ങിക്കൊണ്ടിരിക്കുകയായിരുന്ന് പതിവ് . എന്നാൽ അപ്പോൾ ആ നിമിഷം അവൾ ഓടി അവിടേക്ക് വന്നിട്ട് അതീവ ദേഷ്യത്തോടെ പറഞ്ഞു ,

" എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമൊന്നുമില്ല നിങ്ങളൊക്കെ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശ് പറിച്ച് തരാൻ . സ്ത്രീധനം മുഴുവനുമായി വിവാഹം കഴിഞ്ഞേ തരാൻ സാധിക്കുള്ളു എന്ന് പറഞ്ഞപ്പോൾ തന്നെ ഈ വിവാഹം വേണ്ടെന്ന് വെച്ചാൽ പോരായിരുന്നോ നിങ്ങൾക്കൊക്കെ .  എന്നിട്ട് ഒരു പണക്കാരി പെണ്ണിനേയും കെട്ടിക്കൊണ്ട് വന്നാൽ മതിയായിരുന്നല്ലോ അമ്മക്കും മോനും . പിന്നെ എന്നെ എന്തിനാ കല്യാണം കഴിച്ചത് . ഇങ്ങനെയിട്ട് കഷ്ടപ്പെടുത്താനോ "

അവൾ ആദ്യമായിട്ടായിരുന്നു അവളുടെ ജീവിതത്തിൽ തന്നെ ഇങ്ങനെയൊക്കെ കയർത്ത് സംസാരിക്കുന്നത് .  അവളുടെ അപ്രതീക്ഷിതമായ ആ ഭാവമാറ്റം കണ്ടിട്ട് , ഭർത്താവ് കോപം കൊണ്ട് ജ്വലിച്ചു വന്ന് അവളുടെ കഴുത്തിന് കുത്തിപ്പിടിച്ചതും അവൾ അയാളെ "പോടാ അവിടുന്ന് "   എന്നും പറഞ്ഞ് തള്ളി മാറ്റുകയും ചെയ്തു .  വീണ്ടും അവളെ തല്ലാനായി ഓങ്ങിയതും  ഒരു വലിയ അലർച്ചയോടേ അവൾ ബോധം കെട്ട് വീഴുകയും ചെയ്തു.

ബോധം തെളിഞ്ഞപ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു . തനിക്ക് എന്താണ് സംഭവിച്ചത് എന്നോ എങ്ങനെയാണ് ഇവിടെ എത്തിയതെന്നൊ അറിയാതെ അവൾ ചുറ്റും പരിഭ്രമത്തോടെ നോക്കി .   അവൾക്ക് ബോധം തെളിഞ്ഞത് ശ്രദ്ധയിൽ പെട്ട നേഴ്സ് അവളെ ഡോക്ടറുടെ അരികിലേക്ക് കൂട്ടികൊണ്ടു പോവുകയും ചെയ്തു .

ആ ഡോക്ടർ അവൾക്കൊപ്പം ഹസ്ബൻ്റിനേയും ഇരുത്തി അവരോട് പറഞ്ഞു , 

" ഈ കുട്ടിയ്ക്ക് ' പോസ്റ്റ്റ്റ്പാർട്ടം സിൻഡ്രം'
എന്നൊരു അവസ്ഥയാണ് .  അതായത് ,  സാധാരണയായി പ്രസവം കഴിഞ്ഞ എല്ലാ സ്ത്രീകളിലും ഡിപ്രഷൻ അതായത് വിഷാദരോഗം ഉണ്ടായിരിക്കും .  പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ചുറ്റുമുള്ളവർ നൽകുന്ന സ്നേഹവും പരിചരണവും മൂലം അതെല്ലാം വളരെ പെട്ടെന്ന് തന്നെ സ്വഭാവികമായും മാറിക്കോളും . അതുകൊണ്ട് നമ്മളാരും അതിനെ ശ്രദ്ധിക്കുക പോലും ചെയ്യാറില്ല . 
എന്നാൽ വളരെ കുറച്ച് സ്ത്രീകളിൽ ഇതിന്റെ തീവ്രത കൂടുതൽ ആയിരിക്കും . അപ്പോൾ അവർ ' പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് '    പോകും .  

പക്ഷേ ,  അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ലാട്ടോ . മരുന്നും അത്യാവശ്യമായ പരിചരണവും നൽകിയാൽ മാറാവുന്നതേയുള്ളു ഇതെല്ലാം . ഇതിനൊക്കെ വേണ്ടിയുള മരുന്നൊക്കെ ഞാൻ എഴുതിയിട്ടുണ്ട് . അതെല്ലാം മുടങ്ങാതെ കൃത്യമായും നിർബന്ധമായും കഴിക്കണം . ഈ കുട്ടിയെങ്ങാനും മറന്നു പോയെന്നാൽ  ഭർത്താവായ നിങ്ങൾ അതെല്ലാം ശ്രദ്ധയോടെ മനസിലാക്കി എടുത്ത് നൽകണം . ഇതിനെല്ലാം പുറമെ ഭർത്താവിൻ്റേയും കൂടെയുള്ള മറ്റ് ബന്ധുക്കളുടേയും സ്നേഹവും പരിചരണവും വളരെ അധികം അത്യാവശ്യമാണ് . മരുന്നിനേക്കാൾ കൂടുതൽ വേണ്ടതും ഫലം ചെയ്യുന്നതും ഭർത്താവിന്റെ സ്നേഹവും പരിചരണവും ആയിരിക്കും "

ഭർത്താവ് അവൾക്കൊപ്പം എല്ലാം കേട്ടിരുന്നു .  അവൾ ആദ്യമായിട്ടായിരുന്നു 'പോസ്റ്റ്പാർട്ടം ഡിപ്രഷൻ'   എന്നൊരു പേര് പോലും ആദ്യമായി കേൾക്കുന്നത്. തിരികെ വീട്ടിലെത്തിയ അവൾ  ഫോണിലെ നെറ്റിൽ അതിനെ കുറിച്ച് തിരയുകയും കൂടുതൽ കാര്യങ്ങൾ അറിയുകയും ചെയ്തു .  അതിനെ കുറിച്ചെല്ലാം മനസിലാക്കിയ അവൾക്ക് ഒരു കാര്യം ബോധ്യമായി . തൻ്റെ കുഞ്ഞ് ഇനി തൻ്റെയടുത്ത് നിന്നെന്നാൽ ശരിയാവില്ലെന്ന് . 

അവൾ ഭർത്താവിനോട് കണ്ണീരൊഴുക്കി കൈകൾ കൂപ്പി കൊണ്ട് കേണപേക്ഷിച്ചു പറഞ്ഞു , 

" ഏട്ടാ ,  ഞാൻ പറയുന്ന ഈ ഒരു കാര്യമെങ്കിലും  ദയവായി സാധിപ്പിച്ചു തരുവോ . നമ്മുടെ കുഞ്ഞിനെ എവിടേക്കെങ്കിലും  മാറ്റാവോ .  
ഡോക്ടർ പറഞ്ഞ പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ച് ഞാൻ ഫോണിലെ ഇൻ്റർനെറ്റിൽ നോക്കി. കുഞ്ഞിനെ കൊല്ലാനുള്ള സാധ്യത വരെയുണ്ടെന്നാണ് അതിൽ പറയുന്നത് .

ഏട്ടന് ഒരു കാര്യം അറിയോ ,  ഇന്ന് ഞാൻ നമ്മുടെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിൽ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു.   കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് കലി വന്ന് അതിൻെറ വായിൽ തുണി തിരുകി വെച്ചു .  ദയവ് ചെയ്ത് നമ്മുടെ പൊഞ്ഞു കുഞ്ഞിനെ എൻ്റെ അരികിൽ നിന്നും വേറേ എങ്ങോട്ടേക്കെങ്കിലും  മാറ്റാവോ ഏട്ടാ  .   ഇനിയും ഞാൻ അതിനെ ഉപദ്രവിചാലോ "

അവൾ പറഞ്ഞു തീർന്നതും ഒന്നും മിണ്ടാതെ കേട്ട് നിന്ന ഭർത്താവ് കരണമടിച്ച് ഒരടിയായിരുന്നു അവൾക്ക് നൽകിയത് . പക്ഷേ, അടികൊണ്ട് കാരണം പുകഞ്ഞപ്പോഴും അവൾക്ക് അതൊരു പ്രശ്നമായി തോന്നിയില്ല .  അവൾ വിചാരിച്ചത് തന്നെ അടിച്ചത് കുഞ്ഞിനെ ഉപദ്രവിച്ച കുറ്റത്തിനായിരിക്കും എന്നായിരുന്നു . അത് അങ്ങനെതന്നെ വേണമെന്നും അവൾക്ക് തോന്നി .

പക്ഷേ ഭർത്താവിന്റെ വായിൽ നിന്നും വീണ കാര്യങ്ങൾ കേട്ടപ്പോൾ ,  അവൾ അക്ഷരാർത്ഥത്തിൽ തകർന്നു പോയി .  

"എടീ ഒരമ്പെട്ടവളേ , നീ ഇനി ഒരക്ഷരവും മിണ്ടരുത് .  ഈ കൊച്ചിനെ എവിടേയ്ക്കെങ്കിലും മാറ്റിയിട്ട് നിനക്ക് അവിടേം ഇവിടേം തുള്ളികൊണ്ട് നടക്കാനല്ലേ . എനിക്ക് അറിയാമെടീ , കോളേജിൽ പോയി കൂതി തീരാത്ത നിന്നെപ്പോലെ ഉള്ളവൾമാർക്കൊക്കെ കൊച്ചിങ്ങളെ നോക്കാൻ ഭയങ്കര മടിയാണെന്ന് . അവള് ഇൻ്റർനെറ്റിൽ നോക്കി ഓരോന്നും കണ്ടുപിടിച്ചു കൊണ്ട് വന്നേക്ക്ണ് . ഇനി മേലാൽ എൻ്റെ ഫോണിൽ തൊട്ട് പോയേക്കരുത് " 

ഭർത്താവ് അതും പറഞ്ഞ് പോയപ്പോൾ ,  അവൾ നിസ്സഹായതയോടെ കുഞ്ഞിനെയോർത്ത് കരഞ്ഞു കൊണ്ടിരുന്നു . ഇനി ഇക്കാര്യത്തെക്കുറിച്ച് ഭർത്താവിനോട് എത്ര കെഞ്ചിയാലും കാര്യമില്ലെന്ന് അവൾക്ക് ബോധ്യമായി .  തൻ്റെ കുഞ്ഞിന്റെ സുരക്ഷ ഇനി തൻ്റെ മാത്രം കൈകളിൽ ആണെന്നും തൻ്റെ കുഞ്ഞിനെ ജീവനോടെ കിട്ടണമെങ്കിൽ താൻ തന്നെ സ്വയം നിയന്ത്രിക്കണമെന്നും അവൾക്ക് ബോധ്യമായി .

അവർ കൃത്യമായും മുടങ്ങാതേയും മരുന്നുകൾ കഴിച്ചു . ദേഷ്യം വരുമ്പോൾ സ്വയം നിയന്ത്രിച്ചും കുഞ്ഞിന്റെ അരികിൽ നിന്നും അകന്ന് മാറിയിരുന്നും ,  അവൾ അവളുടെ കുഞ്ഞിനെ സംരക്ഷിച്ചു കൊണ്ടിരുന്നു .  മാസം അങ്ങനെ ഒന്ന് കഴിഞ്ഞു .  ഡോക്ടർ നൽകിയ മരുന്നുകൾ കഴിഞ്ഞു . ഇപ്പോൾ അവൾക്ക് ദേഷ്യമൊന്നും അങ്ങനെ വരാറില്ല . 

അവൾ ഇപ്പോൾ സന്തോഷവതിയാണ് . 
താൻ തൻ്റെ കുഞ്ഞിനെ രക്ഷിച്ചിരിക്കുന്നു .  ഇപ്പോൾ തൻ്റെ പൊഞ്ഞു കുഞ്ഞ് തൻ്റെയിടത്ത് സുരക്ഷിതമാണ് .  ഇനിയും അങ്ങോട്ട് അങ്ങനെതന്നെ ആയിരിക്കും .   അവൾ മനസറിഞ്ഞ് ആശ്വസിച്ചു . 

ദിവസങ്ങൾ അങ്ങനെയൊക്കെ കടന്നു പോയി . അവൾ എന്നത്തേയും പോലെ കുഞ്ഞ് ഉറങ്ങിയ തക്കം നോക്കി അടുക്കള ജോലികളിൽ മുഴുകിയിരിക്കുന്ന സമയത്തായിരുന്നു കുഞ്ഞുണർന്ന് കരയാൻ തുടങ്ങിയത് . അവൾ വേഗം ബെഡ്റൂമിലേക്ക് എത്തി കുഞ്ഞിന് പാല് കൊടുത്തിട്ട് വീണ്ടും ഉറക്കാൻ ആരംഭിച്ചു .  

പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . അവളുടെ സമനില തെറ്റുന്നതായി അവൾക്ക് തോന്നി . അകാരണമായി വന്ന ദേഷ്യത്താൽ ,  അവൾ കുഞ്ഞിന്റെ വായും മൂക്കും പൊത്തി പിടിച്ചു അതിനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു .  എന്നാൽ അൽപ്പസമയത്തിനകം സ്വബോധം തിരികെ കിട്ടിയ അവൾ കരഞ്ഞു കൊണ്ട് തൻ്റെ കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെച്ചു .

ഈശ്വരാ , എന്തായിത് . തൻ്റെ അസുഖമൊക്കെ മാറിയതല്ലേ . താൻ തന്നെ സ്വയം നിയന്ത്രിച്ച്  മാറ്റിയെടുത്ത തൻ്റെ ആ ഭ്രാന്ത് വീണ്ടും വന്നേക്കുന്നോ .

അവൾ , അവളുടെ കുഞ്ഞിനെ വീണ്ടും കൊല്ലാൻ ശ്രമിച്ചിരിക്കുന്നു എന്നുള്ള കാര്യം ,   അവൾക്ക് തീർത്തും അവിശ്വസനീയവും താങ്ങാവുന്നതിലപ്പുറവുമായിരുന്നു . 

അവൾ കുഞ്ഞിനെ വീണ്ടും ഉറക്കി കിടത്തിയിട്ട് , തേങ്ങി കൊണ്ട് വീണ്ടും അടുക്കള ജോലികളിൽ മുഴുകി . അവൾക്ക് ഒരിടത്ത് കുത്തിയിരുന്ന് സ്വൗര്യമായി കരയാൻ പോലും അസാധ്യമായിരുന്നു .  കാരണം അടുക്കളപ്പണി അൽപമൊന്നു മന്ദഗതിയിലായി പോയാൽ , കാര്യമെന്താണെന്ന് ചോദിക്കുക പോലും ചെയ്യാതെ അമ്മായിയമ്മ അവളുടെ സ്വൗര്യം കെടുത്തുമായിരുന്നു .

കുറച്ച് നേരം കഴിഞ്ഞപ്പോൾ കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി .  അവൾ വീണ്ടും മുറിയിലേക്ക് കുഞ്ഞിനെ എടുക്കാൻ വേണ്ടി ഓടി പോയി . വീണ്ടും അടുക്കളപ്പണിയിൽ മുഴുകിയ അവൾ ചിന്തിച്ചു കൊണ്ടിരുന്നു ,  താൻ വീണ്ടും കുഞ്ഞിനെ ദ്രോഹിക്കാൻ തുടങ്ങിയതിനെ കുറിച്ച് . 

തൻ്റെ അസുഖം ഭേദപ്പെട്ടതായിരുന്നതാണല്ലൊ .  പിന്നെ എന്താണ് ഇപ്പോൾ സംഭവിച്ചത് . താൻ വീണ്ടും ഭ്രാന്തിലേക്ക് പോവുകയാണോ . വീണ്ടും ഡോക്ടറെ കണ്ട് കാര്യങ്ങൾ പറഞ്ഞ് മരുന്ന് വാങ്ങി കഴിച്ചാലോ . ഈശ്വരാ , കുഞ്ഞിന് ഒന്നുംതന്നെ സംഭവിക്കല്ലേ . 

കുറേ നേരം കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും അമ്മയുടെ അലറി കരച്ചിൽ കേട്ട അവൾ , അമ്മയ്ക്ക് എന്താവാം പറ്റിയതെന്നോർത്ത് ആദിയൊടെ ഓടി വന്നപ്പോൾ , അമ്മ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ഓടുകയും ആളെ വിളിച്ചു കൂട്ടുകയും ചെയ്ത്തിട്ട് പറഞ്ഞു , 

" അയ്യോ,  ഈ ഒരമ്പെട്ടവള് ഭ്രാന്ത് കളിച്ച് ഈ കൊച്ചിനെ കൊന്നേ . ആരെങ്കിലും ഒന്ന് ആശുപത്രിയിൽ പോകാൻ സഹായിയ്ക്കണേ "

എന്നാൽ അമ്മയുടെ അലറിക്കൊണ്ടുള്ള ആ പറച്ചിൽ കേട്ട അവൾക്ക്, തൻ്റെ കണ്മുമ്പിൽ നടക്കുന്നതൊന്നും വിശ്വസിക്കാനെ കഴിഞ്ഞില്ല .  അമ്മയുടെ അലർച്ച കേട്ട് വന്ന് കൂടിയവരിൽ ആരൊക്കെയോ അവളുടെ ഭർത്താവിനെ ഫോൺ ചെയ്തു വിളിച്ച് വരുത്താൻ ശ്രമിക്കുന്നുണ്ട് . ആരൊക്കെയൊ അമ്മയ്ക്കൊപ്പം ആ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകാൻ ശ്രമിക്കുന്നുണ്ട് . 

പക്ഷേ ,  ശരിക്കും എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മനസിലാക്കും മുമ്പേ അവളുടെ ബോധം മറയുകയും അവൾ നിലംപതിച്ചു വീഴുകയും ചെയ്തു .  പിന്നീട് ബോധം വന്നു ,  കണ്ണ് തുറന്നപ്പോൾ കണ്ടത് വീട് മുഴുവനും ആളുകളും പിന്നെ അവളെ കൊണ്ടുപോകാൻ എത്തിയ പോലീസുകാരും ആയിരുന്നു .

അതെ , താൻ തൻ്റെ കുഞ്ഞിനെ കൊന്നിരിക്കുന്നു . ജനിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള തൻ്റെ പൊന്നു കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് താൻ കൊലപ്പെടുത്തിയിരിക്കുന്നത് . തൻ്റെ കുഞ്ഞിനെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം തന്നിൽ നിന്നും കുഞ്ഞ് പോയിരിക്കുന്നു . അല്ലാ , താൻ കുഞ്ഞിനെ പറഞ്ഞയച്ചിരിക്കുന്നു .

സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മയുടെ വാർത്തകൾ പത്രങ്ങളിലും ടിവിയിലും നിറഞ്ഞാടി കൊണ്ടിരിക്കുമ്പോൾ , അമ്മമാർ അവരവരുടെ കുഞ്ഞുങ്ങളെ മാറോടടക്കി പിടിച്ചു കൊണ്ട് അവളെ പ്രാകി .  അവരിൽ കൂടുതൽ പേരും  'പോസ്റ്റ്പാർട്ടം ഡിപ്രഷൻ' എന്ന പേര് പോലും അവളെ പോലെ ,  ആദ്യമായിട്ടായിരുന്നു കേൾക്കുന്നത് . 

എന്നാൽ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിയാവുന്ന ചിലർക്ക് അവളോട് സഹതാപം ആയിരുന്നു .  

അവളുടെ വിഷമവും വേദനയും കണ്ട് സഹതാപം തോന്നിയ ജയിൽ ജീവനക്കാർ അവളെ സമാധാനിപ്പിച്ചു , 

" മോള് വിഷമിക്കേണ്ട , മോളുടെ അവസ്ഥ
കോടതിക്ക് ബോധ്യമാവും . മോൾക്ക് ശിക്ഷയൊന്നും ഉണ്ടാവില്ല .  കോടതി മോളെ വെറുതെ വിടും " 

അത് കേൾക്കുമ്പോൾ അവൾ നിർവികാരതയോടെ ചിന്തിക്കും , 
ശിക്ഷ കിട്ടിയാൽ തന്നെ , ഇനി ഇതിൽ കൂടുതൽ തനിക്ക് എന്ത് ശിക്ഷ കിട്ടാനാണ് . തൻ്റെ കൈയാൽ തന്നെ തൻ്റെ കുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു .  ജീവനോടെ തീയിൽ വെന്തുരുകിയാൽ പോലും ഇത്രയും വേദന ഉണ്ടാവില്ലെന്ന് തോന്നി പോകുന്നു അവൾക്ക് . 

തൻ്റെ കൈകൾ പിന്നിൽ കെട്ടിയിട്ട് ഒരു ആൾക്കൂട്ടം മുഴുവനും തന്നെ പ്രാകി കൊണ്ട് കല്ലെറിയുന്നത് പോലും ഇതിനേക്കാൾ എത്ര ഭേദമായിരിക്കും . 

കോടതി തനിക്ക് എങ്ങനെയെങ്കിലും വധശിക്ഷ വിധിച്ചിരുന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു . കാരണം അവൾ അത്രമേൽ അവളുടെ കുഞ്ഞിനെ സ്നേഹിക്കുന്നു . മറ്റൊരു ലോകത്തെങ്കിലും തൻ്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചു , അതിന്റെ അമ്മയായി ജീവിക്കാൻ അവൾ കൊതിക്കുന്നു .
     ലൈക്ക് കമന്റ് ചെയ്യണേ....
                        ശുഭം
To Top