രചന: സുജ അനൂപ്
"നീ വരുന്നുണ്ടോ എന്നെ കൊണ്ടുപോകുവാൻ, ഇല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും."
വീണ്ടും അനുവിൻ്റെ ഭീഷണി. ഇതു എത്ര കണ്ടതാ.
ആര് പെണ്ണ് കാണുവാൻ വരുന്നു എന്ന് പറഞ്ഞാലും അവൾ ഇതു വിളിച്ചു പറയും. പറയുന്ന അവൾക്കു നാണം ഇല്ലെങ്കിലും കേൾക്കുന്ന എനിക്ക് ഇത്തിരി ഉളുപ്പുണ്ട്.
പാതിരാത്രി മനുഷ്യനെ കിടന്നു ഒന്ന് ഉറങ്ങുവാൻ അവൾ സമ്മതിക്കില്ല. ഏതു നേരത്താണോ ഇതിനെ പ്രേമിക്കുവാൻ തോന്നിയത്.
ഒരു കണക്കിന് അവളെ സമാധാനിപ്പിച്ചിട്ടു കിടന്നുറങ്ങി. ഏതായാലും പിറ്റേന്ന് അവളെ പോയി കാണുവാൻ തീരുമാനിച്ചൂ.
പിറ്റേന്ന് അവളെ കാണുവാൻ ഞാൻ, ഞങ്ങളുടെ സ്ഥിരം സംഗമ സ്ഥലത്തു തന്നെ എത്തി.
എന്തോ അവൾ ഒത്തിരി നിശബ്ദ ആയതു പോലെ തോന്നി. കലപില കൂട്ടി നടക്കുന്ന പെൺകുട്ടി.
ഇന്ന് എന്ത് പറ്റി...?
അവൾ എന്നെ നോക്കി. പിന്നെ പറഞ്ഞു.
"ഇതു നമ്മുടെ അവസാനത്തെ കണ്ടുമുട്ടൽ ആണ്. ഇന്ന് രാവിലെ വന്ന പയ്യനെ വീട്ടുകാർക്ക് നന്നായി ബോധിച്ചിട്ടുണ്ട്. എന്തോ ഇതു നടക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നൂ.."
ഞാൻ അത് തമാശയായി മാത്രമേ എടുത്തുള്ളൂ. അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടൂ.
ഇരുപത്തിരണ്ടു വയസ്സുള്ള, ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞാൻ അതേ പ്രായത്തിലുള്ള പെണ്ണിനേയും കൂട്ടി വീട്ടിൽ ചെന്ന് കയറുക. അമ്മ തീർച്ചയായും ചട്ടുകം പഴുപ്പിച്ചു ചന്തിക്കു വയ്ക്കും.
അച്ഛൻ എന്ത് ചെയ്യുമെന്ന് പറയുവാൻ വയ്യ. ആകെ ഇത്തിരി കരുണയുള്ളതു അച്ചച്ചന് മാത്രമാണ്. പോക്കറ്റ് മണി തരുന്ന ഒരേ ഒരാൾ.
ഹാവൂ അച്ഛച്ചൻ തല്ലികൊല്ലാതിരുന്നാൽ മതി. ചിന്തിക്കുവാൻ പോലും വയ്യ.
ഏതായാലും അവൾ പോയി.
അവൾ തന്നെ എന്തെങ്കിലും വഴി കണ്ടുപിടിക്കാതെ ഇരിക്കില്ല. എന്തെങ്കിലും ആവട്ടെ. വരുന്ന ഇടത്തു വച്ച് കാണാം.
............................
പ്രശ്നങ്ങൾ ഒതുങ്ങി എന്ന് വിചാരിച്ചു ആശ്വസിച്ചിരിക്കുമ്പോൾ പിറ്റേന്നു അവൾ വീണ്ടും വിളിച്ചൂ..
"പതിനെട്ടാം തീയതി എൻ്റെ കല്യാണ നിശ്ചയം ആണ്. കൂടെ കൂട്ടണം എന്ന് തോന്നിയാൽ പതിനേഴാം തീയതി വരെ ഞാൻ കാത്തിരിക്കും. അതിനു മുൻപേ കൊണ്ട് പോണം. വേറൊരു പുരുഷനെ മോഹം കൊടുത്തു വഞ്ചിക്കുവാൻ ഞാൻ തയ്യാറല്ല. എന്നെ ഇനി വിളിക്കേണ്ട. കൂടെ കൊണ്ട് പോകുമെങ്കിൽ മാത്രം വിളിക്കുക."
അവൾ ഫോൺ വച്ചൂ.
എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ. അവളെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ ധൈര്യം പോരാ.
ദിവസങ്ങൾ കടന്നു പോയി. അവൾ പിന്നെ വിളിച്ചില്ല. ചെറിയ വിഷമം ഉള്ളിൽ ഉണ്ടങ്കിലും ഞാനും അത് അങ്ങു മറന്നൂ.
പതിനാലാം തീയതി രാത്രി പന്ത്രണ്ടു മണി എങ്കിലും ആയിക്കാണും. വീണ്ടും അവളുടെ വിളി വന്നൂ.
ഫോൺ എടുത്തതും മറുതലയ്ക്കൽ നിന്നും പൂരപ്പാട്ട് കേട്ടൂ..
"ദുഷ്‍ടാ നീ അങ്ങനെ ഒറ്റയ്ക്ക് രക്ഷപെടേണ്ട. ഞാൻ ബാഗുമായി വീടിനു പുറത്തു നിൽപ്പുണ്ട്. നീ വന്നാൽ കൂടെ വരും. ഇല്ലെങ്കിൽ കടലിൽ ചാടി ചാകും. എൻ്റെ കൈയ്യിൽ ഒരു ആത്മഹത്യ കുറിപ്പുണ്ട്. അതിൽ നിൻ്റെ പേരുണ്ട്."
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ചാടി വീട്ടിൽ നിന്നും ഇറങ്ങി, കൂട്ടുകാരൻ്റെ ബൈക്കിൻ്റെ താക്കോൽ കൈയ്യിൽ ഉണ്ടായിരുന്നത് ഭാഗ്യം. വേഗം അവൾ നിൽക്കുന്നിടത്തേയ്ക്കു വച്ച് പിടിച്ചൂ.
തിരിച്ചു അവിടെ നിന്ന് പോരുമ്പോൾ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നൂ.
അവളെയും കൊണ്ട് എവിടെ പോകും. വീട്ടിലേയ്ക്കു പോണോ അതോ... വീട്ടിലേയ്ക്കു കൊണ്ട് പോകുവാൻ അവൾ പറഞ്ഞു.
ഏതായാലും വീട്ടിലേക്കു തന്നെ വച്ച് പിടിച്ചൂ. കൈയ്യിൽ അഞ്ചു പൈസയില്ല. വേറെ എവിടെ പോകുവാൻ.
കാളിങ് ബെല്ല് അടിച്ചതും അമ്മ കതകു തുറന്നൂ.
"നീ ഇതെവിടെ പോയതാ മോ..."
ബാക്കി പറയുവാൻ അമ്മയുടെ നാവു പൊന്തിയില്ല. അവളെ അപ്പോഴാണ് അമ്മ കണ്ടത്. കൈയ്യിൽ ബാഗു കൂടെ കണ്ടതും അമ്മയ്ക്ക് കാര്യം മനസ്സിലായി. അമ്മ അവിടെ തളർന്നിരുന്നൂ.
അമ്മയെ കാണാതെ അച്ഛൻ അപ്പോഴാണ് ഇറങ്ങി വന്നതു. അവളെയും എന്നെയും ഒരുമിച്ചു കണ്ടതോടെ അച്ഛൻ വീടിനു മുന്നിലെ പുളി മരത്തിൽ നിന്നും സാധാരണ ചെയ്യുന്ന പോലെ എന്നെ തല്ലാനുള്ള വടി അങ്ങ് ഒടിച്ചൂ.
അടിയും ബഹളവും കേട്ട് അയല്പക്കകാർ എല്ലാം ഉണർന്നൂ. കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വച്ചൂ.
"എന്നാലും ഇത്തിരിയില്ലാത്ത ഈ പയ്യൻ, അവൻ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ. അവനു രണ്ടു കിട്ടണം.."
സദാചാരക്കാർ ഒത്തിരി ഉണ്ടല്ലോ..
അച്ഛൻ അവിടെ നിന്ന് പ്രസംഗിക്കുവാൻ തുടങ്ങി.
ജനിച്ച നിമിഷം മുതൽ ഇന്ന് വരെ ചെലവാക്കിയ പണത്തിൻ്റെ കണക്കു വേറെ...
അവസാന വാചകം പറഞ്ഞു അച്ഛൻ നിറുത്തി..
"ഈ നിമിഷം ഇവളേയും കൊണ്ട് ഇവിടെ നിന്ന് ഇറങ്ങിക്കോണം. അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് നീ ഒറ്റയ്ക്ക് തിരിച്ചു പോന്നാൽ മതി.."
അവളെ തിരിച്ചു കൊണ്ടാക്കുവാനോ. അപ്പോൾ അവിടെ നിന്നും അടി ഉറപ്പാണ്..
അപ്പോഴാണ് അച്ഛച്ചൻ വന്നത്..
പാവത്തിന് കണ്ണ് പിടിക്കുന്നില്ല. ആരാണ് മരിച്ചതെന്ന് മനസ്സിലായില്ല അദ്ദേഹത്തിന് മനസ്സിലായില്ല. ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്.
അപ്പോഴാണ് അവളെ അച്ഛച്ചൻ കണ്ടത്. പുള്ളിക്കാരന് കാര്യം പിടി കിട്ടി..
അച്ഛച്ചൻ എന്നെയും അവളെയും ഒന്ന് നോക്കി. പിന്നെ ക്ലോക്കിലേയ്ക്കും.
പിന്നെ ദാ വരുന്നൂ
മാസ്സ് ഡയലോഗ്..
"മോളെ ലക്ഷ്മി, രാഹുകാലം ആണോ എന്നൊന്നും നോക്കേണ്ട. വേഗം വിളക്ക് കത്തിക്കൂ. അവളുടെ കൈയ്യിലേയ്ക്ക് കൊടുക്കൂ.."
അപ്പോൾ അച്ഛനു നല്ല ദേഷ്യം വന്നൂ.
"അച്ഛൻ എന്ത് ഭ്രാന്തു ആണ് ഈ പറയുന്നത്. ഇതു ഞാൻ ഒരിക്കലും സമ്മതിക്കില്ല.."
"ഓ.. എന്തോ..നീ മിണ്ടാതിരിയെടാ അവിടെ.."
"വർഷങ്ങൾക്കു മുൻപ് ഇതു പോലെ ഒരു ദിനം നിനക്ക് ഓർമ്മയുണ്ടോ. പണിക്കെന്നും പറഞ്ഞു നീ തലശ്ശേരിക്ക് പോയി. വരുന്നതോ മാസത്തിൽ ഒരിക്കൽ. അവസാനം പണി നിറുത്തി നീ ഇങ്ങോട്ടു വന്നൂ. നീ വന്നു പിറ്റേ മാസം ലക്ഷ്മി ഈ വീട്ടിലേയ്ക്കു കയറി വന്നൂ. അന്നവൾക്കു മാസം രണ്ട്. നിന്നെ കാണാതെ വിഷമിച്ചു ആ പാവം വന്നു എൻ്റെ മുന്നിൽ നിന്നൂ കരഞ്ഞു. അന്ന് ഞാൻ നിന്നെ തല്ലിയില്ലല്ലോ. അന്ന് അവളുടെ വയറ്റിൽ ഉണ്ടായിരുന്ന ആ കുരിപ്പല്ലേ ഇവൻ. നിൻ്റെ അത്രയും ചെറ്റത്തരം അവൻ കാണിച്ചില്ലല്ലോ. ഇഷ്ടപെട്ട പെണ്ണിനെ കൂടെ കൂട്ടി അത്ര അല്ലെ ഉള്ളൂ. "
ഞാൻ അമ്മയെ നോക്കി.
എൻ്റെ ജന്മത്തിനു അങ്ങനെ ഒരു കഥയുണ്ടോ.. അപ്പോൾ മാസം തെകയാതെ എന്നെ പ്രസവിച്ചതല്ലേ..
നാട്ടിൽ മുഴുവനും അങ്ങനെ ആണല്ലോ പറഞ്ഞിരിക്കുന്നത്.
അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. അകത്തേയ്ക്കു പോയി. വിളക്ക് കത്തിക്കുവാൻ.
അപ്പൂപ്പൻ എന്നോട് പറഞ്ഞു.
"നീ അകത്തേയ്ക്കു വാ..."
ഞാൻ അപ്പോഴാണ് ഒന്ന് ശ്വാസം നേരെ വിട്ടത്. സന്തോഷത്തോടെ അവളോടൊപ്പം അപ്പൂപ്പൻ്റെ അടുത്തേയ്ക്കു ചെന്നൂ. ചെന്ന് മുന്നിൽ നിന്നതും അപ്പൂപ്പൻ ചെകിടത്തു നോക്കി ഒന്ന് തന്നൂ..
പിന്നെ പറഞ്ഞു.
"ഈ പാതിരാത്രിക്ക് അവളെ വീട്ടിൽ നിന്നും വിളിച്ചിറക്കിയതിനു ഇതിരിക്കട്ടെ. വേഗം അവളുടെ വീട്ടുകാരെ വിളിച്ചു പറ. അവർ വിഷമിക്കില്ലേ.."
ഞാൻ ഒന്നും മിണ്ടിയില്ല..
അച്ഛൻ അവളുടെ അപ്പനെ വിളിച്ചു കാര്യം പറഞ്ഞു.
പിറ്റേന്നു തന്നെ അമ്പലത്തിൽ പോയി അവളെ ഞാൻ അങ്ങു കെട്ടി. അത് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.
"ആത്മത്യ ചെയ്യുമെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ. കത്തും ഞാൻ എഴുതിയിരുന്നില്ല. അങ്ങനെ പറഞ്ഞില്ലെങ്കിൽ പേടിത്തൊണ്ടനായ നീ എന്നെ കെട്ടില്ലെന്നു എനിക്ക് അറിഞ്ഞു കൂടെ. ഒരുത്തനു എല്ലാം കാഴ്ച വച്ചിട്ട് മറ്റൊരാളെ വഞ്ചിക്കുവാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നൂ."
ഞാനും ആശ്വസിച്ചൂ.
"ഓ ഇത്രയൊക്കെ അല്ലെ ഒരു ഒളിച്ചോട്ടത്തിൽ ഉള്ളൂ. ഒരു വീരനെ കാണുന്നത് പോലെ അല്ലെ കൂട്ടുകാർ ഇപ്പോൾ എന്നെ നോക്കുന്നത്. അവരുടെ മുന്നിൽ എങ്കിലും എനിക്ക് ഒരു ഹീറോയുടെ വിലയുണ്ടല്ലോ. സത്യത്തിൽ സംഭവിച്ചത് അവർക്കു അറിയില്ലല്ലോ..