മോ, ളേ ഇതൊക്കെ ആണ് ജീവിതം കുറച്ചൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും കരുതി നിക്ക്...

Valappottukal


രചന: കണ്ണൻ സാജു

" എനിക്ക് പറ്റുന്നില്ലമ്മേ....  ഞാൻ പറയുന്ന ഒന്ന് മനസ്സിലാക്ക്.. ഭാര്യ എന്ന ഒരു പരിഗണനയും എനിക്കിവിടെ കിട്ടുന്നില്ല... " തന്റെ കണ്ണുകൾ തുടച്ചു കൊണ്ടു അടുക്കള വാതിലിൽ നിന്നും എത്തി നോക്കിക്കൊണ്ടു അവൾ ഫോണിൽ പറഞ്ഞു... 

" മോളേ ഇതൊക്കെ ആണ് ജീവിതം.. കുറച്ചൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും കരുതി നിക്ക്... " അമ്മ എങ്ങനെ എങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു... 

" ഇതിൽ കൂടുതൽ എങ്ങനാ അമ്മേ ഞാൻ പറയാ ?  " അവൾ നിരാശയായി... 

" നിനക്കിപ്പോ എന്താ അനു ?  രണ്ട് കുട്ടികൾ ആയില്ലേ.. ഇതിൽ കൂടുതൽ എന്താ വേണ്ടത്?  "

കുട്ടികൾ മാത്രമാണോ അമ്മേ പെണ്ണിന് വേണ്ടത്.. ?  ഞങ്ങളും മനുഷ്യ ജീവികൾ അല്ലേ?  അതോ പ്രസവിക്കുന്ന യന്ത്രം മാത്രമാണോ?  

" ഉം.. "

" അഞ്ചു കൊല്ലായി... നിന്നെ കെട്ടിക്കാൻ എടുത്ത ലോൺ പോലും തീർന്നിട്ടില്ല.. അവനാണേൽ കൊടുക്കാമെന്നു അച്ഛനേറ്റ മുഴുവൻ സ്ത്രീധനവും കൊടുത്തിട്ടും ഇല്ല.. അവൻ ഇങ്ങനെ കൊണ്ടു നടക്കുന്നത് തന്നെ ഭാഗ്യം എന്ന് കരുതിയാ മതി.. തല്ക്കാലം ഉണ്ണാനും ഉടുക്കാനും മുട്ടൊന്നും ഇല്ലല്ലോ.. ?  ബാക്കി ഒക്കെ അങ്ങ് സഹിക്ക് ! " 

അമ്മ ഫോൺ വെച്ചു... 

കുറെ നേരം അങ്ങനെ ഇരുന്നു.... ശേഷം അവൾ തന്റെ കൂട്ടുകാരിയെ വിളിച്ചു.. 

" ഇതിപ്പോ എന്താ ചെയ്യാ അനു... നിനക്ക് അയ്യാളോടൊന്നു സംസാരിച്ചു നോക്കി കൂടെ ?  "

" സംസാരിച്ചു "

' എന്നിട്ടെന്തു പറഞ്ഞു?  "

" ഒന്നും പറഞ്ഞില്ല.. പഴയ പോലെ തന്നെ.. വരും ഒന്നും മിണ്ടാത കിടക്കും... ഇടയ്ക്കൊക്കെ ഞാൻ ഉറങ്ങീന്നു കരുതി തൊട്ടും പിടിച്ചും നോക്കും... എന്നിട്ടു... "

" മനസ്സിലായി.. ഞാനൊന്നു പറഞ്ഞാൽ നീ തെറ്റിദ്ധരിക്കുവോ ?  ". 

" എന്താ?  "

" അങ്ങേരുടെ അനിയനുമായി നീ എങ്ങനാ?  "

" അമ്മു.. നീ എന്തൊക്കെയാ ഈ പറയുന്നേ ? " അനു ഞെട്ടലോടെ ചോദിച്ചു.. 

" എത്ര കാലൊന്നു വെച്ചാ ഇങ്ങനെ ?  അവനാവുമ്പോ പുറത്താരും അറിയില്ല.. എത്ര കാലം വേണേലും ആ ബന്ധം അങ്ങനെ പൊയ്ക്കോളും... ആർക്കും സംശയിക്കാൻ ഇട കൊടുക്കാതിരുന്ന മതി.. പുറത്തു ഒരു ബന്ധം ഒക്കെ വന്നാൽ എപ്പോ വേണേലും പിടിക്കപ്പെടാം "

മൗനം 

" നീ എന്താ ഒന്നും മിണ്ടാത്തെ ?  "

" എനിക്കതിനു കഴിയില്ല അമ്മു "

" അപ്പൊ പിന്ന മോളു വിരലിലെ നഖവും വെട്ടി വെച്ചു ഇരിക്കുന്നതാവും നല്ലത് " 

" അമ്മു.. ഇത് അതിന്റെ മാത്രം കാര്യം അല്ല... എന്നെ ഒന്ന് കേക്കാൻ.. ഒന്ന് മിണ്ടാൻ.. ഒന്ന് ചേർത്തു പിടിക്കാൻ എങ്കിലും അയാൾക്ക്‌ കഴിഞ്ഞിരുന്നെങ്കിൽ... ഇത്... രാവിലെ മുതൽ അടുക്കളയും പണിയും മാത്രം... വേലക്കാരി ആണോടി ഞാൻ?  "

" എന്താ എന്റെ അനു ഞാനിപ്പോ പറയാ.. പെണ്ണുങ്ങൾ കെട്ടിച്ചു വിട്ടാൽ പിന്നെ സ്വന്തം വീട്ടിൽ അതിഥികൾ ആണ്.. നിന്നെ മനസ്സിലാക്കാനും കൂടെ നിക്കാനും അവരിൽ ഒരാൾ തയ്യാറായിരുന്നെങ്കിൽ നീ പറഞ്ഞത് പോലെ ഒരു ഡിവോഴ്സ് ഒക്കെ നോക്കാമായിരുന്നു.. ഇതിപ്പോ.. നിനക്കാണേൽ ഒരു ജോലിയും ഇല്ല.. കിട്ടിയാലും പിള്ളേരെ നോക്കാൻ മാത്രം.. "

" എന്റെ ജീവിതം ഇവിടെ തീരത്തെ ഉളളൂ... അല്ലേടി " 

അവൾ ഫോൺ വെച്ചു... അടുപ്പിലെ തീയിലേക്കും നോക്കി അനു അങ്ങനെ നിന്നു. 

" ഏട്ടത്തി "

അവൾ കണ്ണുകൾ തുടച്ചു ഒന്നും അറിയാത്ത പോലെ തിരിഞ്ഞു... 

" എന്താടാ ?  "

" ഏട്ടനോട് ഞാൻ സംസാരിക്കണോ ?  "

" നീ എല്ലാം കെട്ടോ?  "

" ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല... എനിക്ക് കാര്യങ്ങൾ മനസ്സിലാവും... "

ഒന്നും മിണ്ടാത അനു നിലത്തേക്കും നോക്കി നിന്നു... 

" ഏട്ടത്തി എന്താ ഒന്നും പറയാത്തെ ?  "

" നീ എന്താ പോയി ചോദിയ്ക്കാൻ പോവുന്നെ?  എന്നെ ഒന്നും....  എന്നിട്ടു വേണം ഇനി ആവശ്യം ഇല്ലാത്ത ഓരോന്ന് വിചാരിക്കാൻ "

" എന്ത് വിചാരിക്കാൻ.. ?  പറയണ്ട കാര്യങ്ങൾ സാഹചര്യങ്ങൾ അനുസരിച്ഛ് പറയുക തന്നെ വേണം... ഒന്നെങ്കിൽ നിങ്ങളെ രണ്ടാളേം ഞാൻ കൗണ്സിലിങിനു കൊണ്ടു പോവാം അല്ലെങ്കിൽ രണ്ട് പേരും മാത്രമായി കുറച്ചു ദിവസത്തേക്ക് എങ്ങോടെങ്കിലും ഒന്ന് മാറി നിക്ക് ! "

അനു കരുതിയതിലും പക്വത ഉണ്ടായിരുന്നു അവനു... 

" അങ്ങേരു വരില്ല...  എന്തിനാ വെറുതെ.. ?  "

" എന്തിനാ എല്ലാത്തിനെയും മുൻവിധിയോടെ കാണുന്നെ.. ഏട്ടന്റെ കുടി നിർത്തിയാൽ തന്നെ പകുതി മാറ്റം വരും.. വന്നില്ലേൽ ഞാൻ ബലമായി പിടിച്ചോണ്ട് പോവാനുള്ള കാര്യങ്ങൾ ചെയ്യാം... എനിക്കറിയണ്ടത് ആ മനുഷ്യനൊപ്പം ജീവിക്കാനുള്ള ആഗ്രഹം ഉണ്ടോ എന്നാണ്?  "

" എനിക്കദ്ദേഹം എന്നെ സ്നേഹിക്കാത്തതിൽ ഉള്ള വിഷമം ഉള്ളുടാ . "

" അപ്പൊ പിന്നെ കൂടുതൽ ഒന്നും ആലോചിക്കണ്ട.. അതുങ്ങള് ഇപ്പോ ചെറുതാ.. അറിവ് വെക്കും മുന്നേ നിങ്ങൾ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയാൽ അതിലും വലിയ അനുഗ്രഹം ഒന്നും അവർക്കു കിട്ടാൻ ഇല്ല.. ഞാൻ ബാക്കി കാര്യങ്ങൾ ചെയ്തോളാം.. ഏട്ടനോട് ഏട്ടത്തി ആയിട്ട് ഒന്നും പറയണ്ട " 

അവൾ തലയാട്ടി. 

" ആ പിന്നെ, ഇവിടെ ഇങ്ങനെ ഞങ്ങടെ തുണീം അലക്കി പത്രോം കഴുകി മാത്രം ജീവിക്കണോണ്ടാ ഈ മടുപ്പു...  ആ സിറ്റിയിലെ ബേക്കറി ലത ചേച്ചി നിർത്തുവന്നു പറയണ്ട്.. ഞാനതു എടുത്തു തരട്ടെ..?  എന്റെ വർക്ക്ഷോപ്പിന്റെ അടുത്തയോണ്ട് വേറെ ഒന്നും പേടിക്കണ്ട... " 

അവൾ വീണ്ടും തലയാട്ടി... 

" എന്നാ ഞാൻ പോട്ടെ... "

" ഏതാടാ ആ പെങ്കൊച്ഛ്?  "

" ഏതു പെൺകൊച്ചു ?  "

" നിന്നോടു ആരേലും പറഞ്ഞു തരാതെ ഇങ്ങനെ നിനക്ക് സംസാരിക്കാൻ കഴിയില്ല.. ഇത് പെണ്ണിനെ അറിയുന്നവന്റെ വാക്കുകൾ ആണ് "

അവൻ ചിരിച്ചു... 

" പറയാം.. സമയം ഉണ്ടല്ലോ.. "

" എന്തായാലും അവളോടൊരു നന്ദി പറഞ്ഞേക്ക്... " 

" ആയിക്കോട്ടെ "

ചിരിച്ചു കൊണ്ടു അവൻ നടന്നകലുമ്പോൾ അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി.. പറഞ്ഞിട്ടും മനസ്സിലാക്കാത്തവർക്കിടയിൽ, മനസ്സിലായിട്ടും അംഗീകരിക്കാത്തവർക്കിടയിൽ, കണ്ടില്ലെന്നു നടിച്ചവർക്കിടയിൽ, തെറ്റായ ഉപദേശങ്ങൾ നല്കിയവർക്കിടയിൽ അവൻ ദൈവം തന്ന അനുഗ്രഹം ആണ്... . 

ഏട്ടൻ മാറും.. എന്റെ മനസ്സ് പറയുന്നു..ഒരു പെണ്ണായ അമ്മ പോലും പറഞ്ഞ വാക്കുകൾ.. എന്നെ വല്ലാതെ വേദനിപ്പിച്ചു... ഒരു സ്ത്രീ ആഗ്രഹിക്കുന്നത് അമ്മ ആവാൻ മാത്രമല്ല.. സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും പരിണയപ്പെടാനും എല്ലാം ആണ്... 

അനിയൻ പറഞ്ഞതാണ് ശരി.. പറയേണ്ടത് പറയേണ്ട സാഹചര്യത്തിൽ പറയുക തന്നെ വേണം.. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതിയാൽ അമ്മയെ പോലെ ആവും.. 

എന്നെങ്കിലും പെൺകുട്ടികൾ സ്വന്തം വീട്ടിലെ അതിഥികൾ ആയി മാറാത്ത ഒരു കാലം ഉണ്ടാവുമോ... അറിയില്ല.. ഉണ്ടായാൽ നന്നായിരുന്നു.. എല്ലാ ഭർത്താക്കന്മാർക്കും അനിയന്മാർ ഉണ്ടാവണം എന്നില്ല.. ഉണ്ടായാലും മുതലെടുപ്പുകളുടെ ഈ ലോകത്തു അവരെല്ലാം തന്റെ അനിയനെ പോലെ ആവണം എന്നും ഇല്ല... 

ദൈവമേ.. നിനക്ക് നന്ദി ❤️
To Top