മൂന്ന് വർഷത്തെ പ്രണയത്തിൽ അവൾ പ്രാ ണനായത്‌ കൊണ്ടാണു അനാഥയാണെന്ന പേരിൽ വീട്ടുകാർ എതിർത്തിട്ടും കൂടെ കൂട്ടിയത്‌.

Valappottukal


രചന: Saran Prakash

മോളെയൊന്ന് കൊണ്ട് വന്ന്  നോക്ക്‌, നമ്മുക്കൊന്ന് ട്രൈ ചെയ്യാമെന്ന് ഡോക്ടർ സുധീറിന്‍റെ വാക്കും കേട്ട്‌ മോളുമായി വണ്ടിയിലേക്ക്‌ കയറും മുമ്പ്‌ പുറകിൽ നിന്ന് ചേട്ടത്തി പറയുന്നുണ്ടായിരുന്നു ആ നന്ദി കെട്ടവളെ കൂട്ടിയാണു തിരിച്ച്ു വരവെങ്കിൽ ഇങ്ങോട്ടേക്ക്‌ കയറണ്ടാന്ന്,  

 മറുപടി കൊടുക്കാതെ മോളെ സൈഡിൽ ഇരുത്തി വണ്ടി മുന്നോട്ട്‌ എടുക്കുന്നതിനിടയിൽ  നമ്മൾ എങ്ങോട്ടാ പപ്പ പോകുന്നതെന്നുള്ള ചോദ്യത്തിനു അവളുടെ മുടിയിൽ ഒന്ന് തലോടിക്കൊണ്ട്‌ പറഞ്ഞു... മോൾ ഇടക്കിടക്ക്‌ മമ്മയെ ചോദിക്കുമ്പോൾ പപ്പ പറയാറില്ലേ റോസിനെ കാണാൻ കൈ നിറയെ സമ്മാനവുമായി ഒരിക്കൽ മമ്മ വരുമെന്ന്...  നമ്മളിപ്പോൾ മമ്മയുടെ അടുത്തേക്കാ പോകുന്നതെന്ന് പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ എന്നെ നോക്കുന്ന ആ കുഞ്ഞി കണ്ണുകൾ നിറയുന്നത്‌ എനിക്ക്‌ കാണാമായിരുന്നു...

 മൂന്ന് വർഷത്തെ പ്രണയത്തിൽ , അവൾ പ്രാണനായത്‌ കൊണ്ടാണു അനാഥയാണെന്ന പേരിൽ വീട്ടുകാർ എതിർത്തിട്ടും കൂടെ കൂട്ടിയത്‌, ആദ്യമൊക്കെ വീട്ടിലും ചെറിയ രീതിയിൽ പ്രേശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പെണ്മക്കളില്ലാത്ത എന്‍റെ വീട്ടിലെ മോളായി മാറാൻ അവള്‍ക്ക്‌ വലിയ താമസം ഉണ്ടായിരുന്നില്ല, സന്തോഷങ്ങൾക്ക്‌ മാറ്റ്‌ കൂട്ടി റോസും കൂടി വന്നതോടെ വീട്‌ ഒരു സ്വർഗ്ഗമായി മാറിയിരുന്നു...

 പ്രസവത്തിനു ആറു മാസത്തിനു ശേഷം എല്ലാവരും കൂടി പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനിടയിൽ തലവേദന പറഞ്ഞ്‌ അവൾ വരാതിരുന്നതും, കുർബ്ബാന കഴിഞ്ഞു തിരിച്ച്‌ വീട്ടിൽ വന്നയുടനെ അടച്ചിട്ടിരുന്ന മുൻ വാതിലിൽ കൊട്ടിയിട്ടും തുറക്കാത്തത്‌ കണ്ടിട്ടാണു പിൻ വാതിലിൽ പോയി നോക്കിയത്‌, പിറകിലെ വാതിലിലൂടെ അയൽ വീട്ടിലെ അരുൺ ഇറങ്ങി ഓടുന്നത്‌ കണ്ടിട്ട്‌ റൂമിലേക്ക്‌ കയറി ചെന്നപ്പോൾ തല കുനിച്ചിരുന്ന് കരയുന്ന അവളുടെ കരണകുറ്റിക്ക്‌ ഒരെണ്ണം കൊടുത്ത് , വലിച്ചിഴച്ച്‌ കാറിൽ കയറ്റി അവൾ വളർന്ന പള്ളി കോൺവെന്‍റിന്‍റെ മുന്നിൽ കൊണ്ട്‌ ഇറക്കി വിട്ടിട്ട്‌ വണ്ടി തിരിക്കുമ്പോഴും അച്ചായാ എന്‍റെ മോൾ എന്നവളുടെ കരച്ചിൽ ചെവിയിൽ മുഴങ്ങിയിരുന്നു...

  അന്ന് നാട്‌ വിട്ട അരുൺ രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം തിരികെയെത്തിയത് അറിഞ്ഞ്‌ , അവനെ ഒന്ന് കാണാൻ ഇറങ്ങിയപ്പോഴും എന്നെ വിലക്കിയത്‌ എന്‍റെ മോളുടെ മുഖമായിരുന്നു... ആ ഞായറാഴ്ച് പള്ളിയിലെ കുർബാന കഴിഞ്ഞു തിരിച്ച്‌ വരുമ്പോൾ വഴിയിൽ എന്നെ തടഞ്ഞ്‌ , അവൻ മയക്ക്‌ മരുന്നിനു അടിമയായിരുന്നെന്നും, ബോധമില്ലാതെ വീട്ടിൽ കടന്ന് ചെന്ന് അവളെ ഉപദ്രവിച്ചത്‌ആണെന്നും  , അവള്‍ നിരപരാധിയായിരുന്നുവെന്നും അരുണിന്‍റെ അമ്മ പറഞ്ഞത്‌ കേട്ട്‌ ‌ ഞാൻ തളർന്ന് വീണിരുന്നു അവിടെ...

ആദ്യം തന്നെ വണ്ടിയെടുത്ത്‌ കോണ്‍വെന്‍റിൽ എത്തിയെങ്കിലും അവൾ അവിടെ നിന്ന് എങ്ങോട്ടോ  പോയെന്ന് അറിയാൻ കഴിഞ്ഞു, അവിടെയുള്ള ദിനങ്ങളിൽ മോളേന്ന് വിളിച്ചുള്ള കരച്ചിൽ കണ്ട്‌ നിൽക്കാൻ കഴിയുമായിരുന്നില്ല എന്ന സിസ്റ്ററിന്‍റെ വാക്കുകൾ മുഴുവൻ കേൾക്കാതെ അവിടെ നിന്ന് ഇറങ്ങുമ്പോഴും , മമ്മ എന്ന് വരും എന്ന മോളുടെ ചോദ്യത്തിനു നിറഞ്ഞ എന്റെ കണ്ണുകൾ മോളോട്‌ മാപ്പിരക്കുകയായിരുന്നു..

 പിന്നെ അവള്‍ക്കായുള്ള തിരച്ചിലായിരുന്നു... എങ്ങും എത്താതെ നിരാശയിൽ കഴിയുമ്പോഴാണു സുഹൃത്തിന്‍റെ ഫോണിലൂടെ അവൾ ബോംബെയിലെ കേരള സമാജത്തിൻ കീഴിലുണ്ടെന്ന് അറിയാൻ കഴിഞ്ഞത്‌... അന്ന് രാത്രി തന്നെ ഫ്ലൈറ്റിൽ അവിടെ എത്തിയ ഞാൻ അവളെ കണ്ടപ്പോൾ, മോളേന്ന് വിളിച്ച്‌ അടുത്തേക്ക്‌ ഓടിയെത്തിയപ്പോഴും ഒരു അപരിചിതനെപ്പോലെ അവൾ എന്നെ നോക്കി നിൽക്കുന്നത്‌ കണ്ടിട്ടാണു അവിടുത്തെ ഡോക്ടർ എന്നോട്‌ അന്ന് നടന്ന സംഭവങ്ങൾ പറഞ്ഞത്‌.....

  
 എങ്ങനെയോ മുംബൈയിൽ എത്തിയ അവളെ ആരോക്കെയോ ചേർന്ന് പിച്ചി ചീന്തിയെന്നും, വഴിയരികിൽ കിടന്നവളെ ആരെക്കെയോ ചേർന്ന് ഹോസ്പ്പിറ്റലിൽ എത്തിച്ചെന്നും .. അച്ചായ എന്റെ മോൾ എന്ന് മാത്രം ഇടക്കിടക്ക്‌ സംസാരിക്കുന്നത്‌ കണ്ടിട്ടാണു ഹോസ്പിറ്റലിൽ നിന്ന് മലയാളിയായ എന്നെ വിളിച്ച്‌ അവർ എന്നെ ഏൽപ്പിച്ചതെന്നും പറഞ്ഞപ്പോഴേക്കും മോളേന്ന് വിളിച്ച്‌ അവളുടെ  കാലുകളിലേക്ക്‌ വീണിരുന്നു ഞാൻ, ...

 തിരികെ അവളുമായി നാട്ടിലെത്തി സുഹൃത്തായ ഡോക്ടർ സുധീറിന്‍റെ അടുക്കൽ അവളെ അഡ്മിറ്റാക്കിയിട്ട്‌ മാസം ഒന്ന് കഴിഞ്ഞെങ്കിലും പുരോഗതി ഇല്ലാത്തത്‌ കൊണ്ടാണു മോളെ ഒന്ന് കാണിച്ച് നോക്കി നമുക്ക്‌ ഒന്ന് ട്രൈ ചെയ്യാമെന്ന് സുധീര്‍ പറഞ്ഞത്‌..

 വണ്ടി ഹോസ്പിറ്റലിന്‍റെ മുന്നിൽ പാർക്ക്‌ ചെയ്ത്‌ അകത്ത്‌ ചെന്നപ്പോഴേക്കും അവൾ നല്ല ഉറക്കിയത്തിലായിരുന്നു, മമ്മയെ കണ്ട ആ കുഞ്ഞിക്കണ്ണുകൾ എന്റെ മുഖത്തേക്ക്‌ നോക്കുന്നത്‌ കണ്ടിട്ടാണു സുധീര്‍ എന്നെയും കൊണ്ട്‌ പുറത്തേക്ക്‌ ഇറങ്ങിയത്‌...

 കുറച്ച്‌ വൈലന്‍റായിരുന്നു ആൾ, ഞാൻ ഒന്ന് മയക്കി കിടത്തിയതാണെന്ന അവന്‍റെ വാക്ക്‌ കേട്ട്‌ എഴുന്നേറ്റ്
സുധീറേ അവളെ ഞാൻ കൊണ്ട്‌ പോകുവാണ് എന്ന എന്‍റെ വാക്കിനു നിനക്കും ഭ്രാന്തായോ , ടാ അവൾ എന്താ ചെയ്യുകയെന്ന് അവള്‍ക്ക്‌ പോലും ഓർമ്മയില്ല, പഴയതെല്ലാം അവൾ മറന്നു കഴിഞ്ഞു എന്ന  അവന്‍റെ സംസാരത്തിൽ ഇടക്ക്‌ കയറി ,

 മറന്നത്‌ അവളല്ല... ഒരിക്കലും തനിച്ചാക്കില്ലെന്ന് പറഞ്ഞ്‌ കൂടെ കൂട്ടിയതാണവളെ, എന്നിട്ട്‌ വാക്ക്‌ തെറ്റിച്ചത്‌ ഞാനാണ് ,അതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചോളാം എന്ന് പറഞ്ഞ്‌ അവളെയും നെഞ്ചോട്‌ ചേര്‍ത്ത് ആ പടിയിറങ്ങുമ്പോൾ   മമ്മായ്ക്കായി മുൻസീറ്റിലെ ഡോർ തുറന്ന് കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു എന്‍റെ മോളുട്ടി......


To Top