എന്റെ മകന്റെ ഭാര്യ ആവാൻ പോവുന്ന പെ, ണ്ണിനെ ഒന്ന് കാണാൻ വന്നതാണ് ഞാൻ...

Valappottukal


രചന: Rajitha Jayan

ഇര....
 ~~~~~~
രാവിലെ കുളിച്ചു ഫ്രഷായി നീലകരയുളള വെളളമുണ്ടും സിൽക്ക് ജുബ്ബയും ധരിച്ച് കണ്ണാടിയിൽ നോക്കി  മുടി ചീവുപ്പോൾ  ഗംഗാധരമേനോൻ സ്വന്തം രൂപം കണ്ണാടിയിൽ കണ്ടു തൃപ്തനായ്...

വയസ്സ് അറുപതിനോടടുത്തിട്ടും ഒരൊറ്റ ചുളിവ് പോലും വീഴാത്ത മുഖവും ഉറച്ച ശരീരവും കൊഴുപ്പടിയാത്ത വയറും അയാളിലിപ്പോഴും യൗവ്വനം ബാക്കി നിൽക്കുന്നു എന്നതിന്റ്റെ തെളിവാണെന്നോർത്തയാൾ അഭിമാനിച്ചു.....

''തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടീ.. ...നിന്റ്റെ.......,മനസ്സിലേക്കോടിയെത്തിയ വരികളൊരു പാട്ടായ് ചുണ്ടിൽ മൂളാനൊരുങ്ങുമ്പോഴാണ് അയാളുടെ അരികിലേക്ക് നടന്നു വരുന്ന ഭാര്യ ഗീതയുടെ രൂപം കണ്ണാടിയിൽ തെളിഞ്ഞത്.....ഗീതയെ കണ്ടതും  ചുണ്ടിലെ പാട്ട് അപ്രത്യക്ഷമായതിനൊപ്പം തന്നെ ഗംഗാധരമേനോന്റ്റെ മുഖത്തൊരു ഗൗരവം പ്രത്യക്ഷപ്പെട്ടൂ...

അയാൾ ചോദ്യ ഭാവത്തിൽ ഭാര്യയെ നോക്കവേ  കാപ്പി എടുത്തുവെച്ചൂവെന്നറിയിച്ച് ഗീത തിരികെ നടന്നു. ...നടന്നു പോവുന്ന ഗീതയെ നോക്കി നിൽക്കുമ്പോൾ അയാളുടെ കണ്ണിലവരോടുളള പുച്ഛം തെളിഞ്ഞു നിന്നു,ഒപ്പംവരാൻ പോകുന്ന സൗഭാഗ്യം ഓർത്തിട്ടെന്നവണ്ണം ഒരു ചിരിയയാളുടെ ചുണ്ടിലെത്തിയതും അപ്പോഴായിരുന്നു....!!

 ഊൺമേശക്കരികിലയാളുടെ വരവും പ്രതീക്ഷിച്ചു നിന്ന മകൻ  രാഹുൽ അച്ഛനെ കണ്ടതും കയ്യിലെ മൊബൈൽ താഴെ വെച്ച് ഭക്ഷണം കഴിക്കാനിരുന്നു....

"നീ ഈ ആഴ്ചയിലെ  കണക്കുകളെല്ലാം ചെക്ക് ചെയ്തോ രാഹുൽ. ...?

ഗംഗാധരമേനോന്റ്റെ ചോദ്യം കേട്ട രാഹുലൊരുനിമിഷം അച്ഛന്റെ മുഖത്തേക്ക് നോക്കി... ...
''കുറച്ചു കൂടി ബാക്കി ഉണ്ടച്ഛാ... ഇന്ന് ഞായറാഴ്ച ആയതുകൊണ്ട്  ഷോപ്പുകളിൽ പോവേണ്ടല്ലോ...ഞാൻ ചെക്ക് ചെയ്തു വെച്ചോളാം....,,

രാഹുലേ....!!

 ഗംഗാധരമേനോന്റ്റെ ശബ്ദമാ ഊൺമുറിയിലലയടിക്കുമ്പോൾ ഭയത്താൽ ഗീതയുടെ കയ്യിലിരുന്ന കറിപാത്രം വിറകൊണ്ടു....

ഭയത്തോടെ അച്ഛനെ നോക്കിയ രാഹുൽ കണ്ടു ദേഷ്യത്താലച്ഛന്റ്റെ മുഖം ചുവന്നിരിക്കുന്നു....

''രാഹുൽ..... നിന്നോടു ഞാൻ ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട് ഓരോ ദിവസവും വരുന്ന കണക്കുകൾ അന്നന്ന്തന്നെ ചെക്ക് ചെയ്തു വെക്കണമെന്ന്....!!
ഒന്നും പിന്നത്തേക്ക് വെക്കരുതെന്ന്...!!മറന്നോ നീ അത്. ...?

ഈ ഫോണിൽ ഞെക്കി സമയം കളയാൻ വേണ്ടിയല്ല ഞാൻ നിന്നെ പഠിപ്പിച്ചൊരു എംബി എ ക്കാരനാക്കിയത്....!!,,ഫോൺ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാനാണ്..ഈയിടെയായ് നിനക്ക് ഫോണിന്റ്റെ ഉപയോഗം അൽപ്പം കൂടുതലാണെന്ന് കഴിഞ്ഞ ദിവസം  മാനേജരും എന്നോട് പറഞ്ഞിരുന്നു. ..ഈ പ്രാവശ്യം ഞാൻ ക്ഷമിച്ചു...മേലിൽ  ഇനിയിതാവർത്തിക്കരുത്..!!

 കയ്യിലെ ദോശ തിരികെ പാത്രത്തിലേക്കിട്ടുകൊണ്ട് ദേഷ്യത്തിലവിടെ നിന്ന് എഴുന്നേറ്റ് പോകുമ്പോൾ  ഗംഗാധരമേനോന്റ്റെ രൂക്ഷമായ നോട്ടം നേരിടാനാവാതെ ഗീത  മുഖംകുനിച്ചു...

~~~~~~~~~~~~~~

 ആളൊഴിഞ്ഞ  ഭാഗം നോക്കി കാർ നിർത്തി അതിനുളളിലക്ഷമയോടെ കാത്തിരിക്കുമ്പോൾ ഗംഗാധരമേനോൻ   കയ്യിലെ ഫോണെടുത്തതിലേക്ക് നോക്കി

 അയാളുടെ  ദേഷ്യത്തെയും  അക്ഷമയെയും എല്ലാം തോൽപ്പിക്കാനുളള ഒരു ചിരിയുമായതിൽ അവളുണ്ടായിരുന്നു ....

 കാർത്തിക...!!

ഗംഗാധരമേനോന്റ്റെ  തുണിക്കടയിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന  പത്തൊമ്പതുക്കാരി കാർത്തികയുടെ ഫോട്ടോ അയാളെ നോക്കി ചിരിച്ചു... മുല്ലമൊട്ടുപോലുളള പല്ലുകളും ആരെയും ആഘർഷിക്കുന്ന ചുണ്ടുകളുമായവളങ്ങനെ ചിരിക്കവേ പെട്ടന്നയാളുടെ ഫോണിൽ അവളുടെ മെസ്സേജ് വന്നു... ..

""രാഹുലേട്ടാ  അമ്മയും ഏട്ടനും ഇപ്പോൾ പോവും.. അതുകഴിഞ്ഞ് വന്നാൽ മതീ ട്ടോ......ഞാൻ പറയാം......

മെസ്സേജ് വായിക്കവേ അയാളുടെ കണ്ണിൽ വല്ലാതൊരു കനൽ തിളങ്ങി.... ....രാഹുലേട്ടൻ.....!!
നീ കാത്തിരിക്കെടീ രാഹുലേട്ടനുവേണ്ടി. ..പക്ഷേ വരുന്നതീ ഗംഗാധരമേനോനാണ്....!!
അവന്റെ അച്ഛൻ. ....!!

കയ്യിലെ ഫോണിലെ ഫോട്ടോയിലേക്ക് നോക്കിയിരിക്കവേ കാർത്തികയുടെ വശ്യസൗന്ദര്യം അയാളെ മത്തുപിടിപ്പിക്കാൻ തുടങ്ങി...

 കഴിഞ്ഞ നാലഞ്ച് മാസമായി ഇവൾ തന്റ്റെ ഉറക്കം കെടുത്താൻ തുടങ്ങീട്ട്...കൃത്യമായി പറഞ്ഞാൽ തന്റെ കടയിൽ ജോലിയന്വേഷിച്ച് വന്ന അന്നുമുതൽ താനിവളെ മോഹിച്ചു തുടങ്ങീതാണ്....ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും ശരീരഭംഗിയും കണ്ടിട്ടുതന്നെയാണവൾക്കവിടെ ജോലി നൽകിയത്...!!

 ഇന്നേവരെ തന്റെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയോടും തോന്നാത്തൊരഭിനിവേശം ഇവളോട് മാത്രം. ... താനെന്നും തന്റ്റെ ജോലിക്കാരുടെയും മറ്റുളളവരുടെയും മുന്നിൽ  ഉത്തമനും സർവ്വഗുണസമ്പന്നനുമാണ്....വീട്ടിൽ  ഭാര്യയും മകനും തന്റെ ഒരു നോട്ടത്തിനപ്പുറത്തേക്കില്ല അത്രയും ഭയവും ബഹുമാനവും ആണവർക്ക് തന്നോട്. ..,,,പക്ഷേ ഇവരൊന്നുമറിയാത്തൊരു ഗംഗാധരമേനോനുണ്ട് തന്റ്റെ ഉള്ളിൽ. ..!!

ആഗ്രഹിക്കുന്നതും മോഹിക്കുന്നതും എന്തും വിലക്കൊടുത്തുവാങ്ങി സ്വന്തമാക്കുന്ന ഗംഗാധരമേനോൻ...!!

നേരായവഴിയിൽ കിട്ടാത്തതിനെ വളഞ്ഞ വഴിയിൽ സ്വന്തമാക്കുന്ന തന്നെ ഇവിടെ ആർക്കും അറിയില്ല...!! അങ്ങനെ ,അങ്ങനെ താൻ നേടിയും പിടിച്ചു വാങ്ങിയും മറിച്ച് വിറ്റും സ്വന്തമാക്കിയതാണ് ഇന്ന് കാണുന്ന ഈ സൗഭാഗ്യങ്ങളെല്ലാം.....അതിനിടയിൽ ഞെരിഞ്ഞമർന്ന് പോയ അനേകം പെൺകുട്ടികളുടെ കരച്ചിൽ ശബ്ദം തനിക്കൊരു ലഹരി മാത്രമായിരുന്നു..!!

കാർത്തിക ..,,,അവളോടുളള ഇഷ്ടം മനസ്സിലൊതുക്കാൻ കഴിയാതെ അവളിലേക്കെത്താൻ പലവഴിയും ചിന്തിച്ചൂ, നേരിട്ട് ഒരിക്കലും ചോദിക്കാൻ പറ്റില്ലായിരുന്നു കാരണം താനെന്നും മറ്റുളളവരുടെ മുന്നിൽ മാന്യനായിരുന്നു...

കാർത്തികയെ കയ്യിലൊത്തുക്കാനുളള വഴി തുറന്നു തന്നത് ഫെയ്സ് ബുക്കായിരുന്നു. .മകൻ രാഹുലിന് ഫോൺ ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തിയ താൻ അത് യഥേഷ്ടം ഉപയോഗിച്ചിരുന്നു....

 ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി കാർത്തികയ്ക്ക് അപേക്ഷ അയച്ചു കാത്തിരുന്നു കുറച്ചു നാൾ... നിരന്തരമായ ശ്രമം ഒരിക്കൽ വിജയം കണ്ടു...അവളുടെ നല്ല സുഹൃത്തായവളിലേക്ക് ചേക്കേറിയൊരു ദിവസം തന്റ്റെ പ്രണയം താനവളോട് പറഞ്ഞു. ..!

പക്ഷേ നേരിട്ട് കാണാത്തൊരാളെ പ്രണയിക്കാൻ പറ്റില്ല എന്നവൾ പറയുകയുംതുടർന്നീ സൗഹൃദം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറയുകയും ചെയ്തൊരു നിമിഷത്തിലാണ് താനവൾക്ക് തന്റ്റെ മകൻ രാഹുലിന്റ്റെ ഫോട്ടോ അയച്ചത്. ..!!

ദിവസേന കാണുന്ന അവളോട് മനസ്സിൽ നിറയെ പ്രണയമാണെന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും കൂടി പറഞ്ഞാണന്ന് താൻ മെസ്സേജ് അയച്ചത്...!!

 ഒരിക്കലും കടയിൽ വെച്ചോ മറ്റുള്ള ആളുകളുടെ മുന്നിൽ വെച്ചോ സംസാരിക്കാൻ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാർഗം തിരഞ്ഞടുത്തത് എന്നു കൂടി പറഞ്ഞപ്പോൾ പ്രതീക്ഷയായിരുന്നു മനസ്സിൽ അവളീ ചൂണ്ടയിൽ കൊത്തുമെന്ന്...!!
കോടികളുടെ ആസ്തിയുള്ള കാണാൻ സുന്ദരനായ രാഹുലിനെ മോഹിക്കാത്ത പെൺകുട്ടികൾ കുറവാണ്...!! അവൻ പക്ഷേ അച്ഛനായ തന്റ്റെ നിയന്തണത്തിലാണെന്ന് ആർക്കും അറിയില്ലല്ലോ...?

പ്രതീക്ഷകൾ തെറ്റിയില്ല രാത്രി അയച്ച മറുപടിയിലൂടെ കാർത്തിക ഇഷ്‌ടം അറിയിച്ചപ്പോൾ ഒന്നേ അവളോട് പറഞ്ഞുളളു..., ഒരിക്കലും നേരിട്ട് സംസാരിക്കാൻ ശ്രമിക്കരുത്...കാണുമ്പോൾ പരിചയഭാവം നടിക്കരുത്... അച്ഛനറിഞ്ഞാലെല്ലാം അവസാനിക്കും. ..!!

താൻ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു അവൾ...ഈ നിമിഷംവരെ  അവൾ രാഹുലിനോട് നേരിട്ട് മിണ്ടാൻ ശ്രമിച്ചിട്ടില്ല. ..,,ഇനിയും  കാത്തുനിന്നാലൊരു പക്ഷേ അപകടം ആണെന്ന് തോന്നിയതിനാലാണ്  കുറച്ചു കാര്യങ്ങൾ നേരിട്ട് സംസാരിക്കണം പുറത്തു വെച്ചായാൽ അച്ഛനറിയുമെന്ന് പറഞ്ഞൊരു തിരക്കഥ താൻ രചിച്ചപ്പോൾ  തന്റെ മകനിലലിഞ്ഞു ചേരാനുളള മോഹത്തോടെയവൾ തന്നെ വീട്ടിലേക്കു ക്ഷണിച്ചത്. ...!!

ഇനി അല്പസമയം കഴിഞ്ഞാലവൾ തന്റെ ഈ കൈകളിൽ ഞെരിഞ്ഞമരും....ഓർമ്മയിലാ നിമിഷങ്ങൾ  ഓർത്തിട്ടെന്നപോലെ  ഗംഗാധരമേനോനൊന്ന് ചിരിച്ചു. ...അപ്പോൾ തന്നെയാണ് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞുകൊണ്ടൊരു മെസ്സേജ് കാർത്തിക  അയാളുടെ ഫോണിലേക്ക്അയച്ചത്. ..

തന്റെ മകനെ കാത്തിരിക്കുന്ന കാർത്തികയ്ക്കരികിലേക്കൊരു വിടല ചിരിയോടെ ഗംഗാധരമേനോൻ നടന്നു ചെന്നപ്പോൾ വരാൻ പോവുന്ന അപകടമറിയാതെ കാർത്തിക രാഹുലിനായുളള കാത്തിരിപ്പിലായിരുന്നു..മകനു പകരം വരുന്നത് അച്ഛനാണെന്നറിയാതെ........!!

     നിറയെ  പൂക്കളും മരങ്ങളുമുളള മുറ്റംനിറയെ മണൽ 
വിരിച്ച കാർത്തികയുടെ വീടിനുനേർക്ക് നടക്കുമ്പോൾ  ഗംഗാധരമേനോൻ ചുറ്റുപാടുമൊന്ന് നിരീക്ഷിച്ചു....

ഇല്ല സമീപത്തൊന്നുംതന്നെ വേറെ വീടുകളോ ആളുകളോയില്ല...

തന്റെ നല്ല സമയം .....

അയാൾ ഉള്ളിൽ ചിരിച്ചു ഒരുപക്ഷെ തന്നെ കണ്ട അമ്പരപ്പിലോ തന്റ്റെ വരവിന്റ്റെ പിന്നിലെ കാരണമറിയുമ്പോഴോ അവൾ ശബ്ദം ഉണ്ടാക്കിയാൽ ഒരാൾ പോലും കേൾക്കില്ല അത്രയും നിശബ്ദമാണെങ്ങും.....

കോളിംങ്ങ് ബെല്ലിൽ കയ്യമർത്തി കാത്തുനിൽക്കുമ്പോൾ തന്റെ കണ്ണിലെരിയുന്ന കാമജ്വാലകളെ വളരെ വിദഗ്ധമായി മറച്ചുപിടിച്ചു കൊണ്ടയാളൊരു പുഞ്ചിരി കണ്ണിലൊളിപ്പിച്ചു

വാതിലിന്റ്റെ കുറ്റി എടുക്കുന്നതും തന്നെ കണ്ട കാർത്തിക സ്തംഭിച്ചു നിൽക്കുന്നതും ഒരു തമാശയോടെ നോക്കി നിന്ന ഗംഗാധരമേനോൻ അവളുടെ അനുവാദം കാത്തുനിൽക്കാതെ വീടിനകത്തേക്ക് കയറി സോഫയിലിരുന്നുകൊണ്ട് കാർത്തികയെ നോക്കിയപ്പോഴും അവളാ സ്തംഭനാവസ്ഥയിൽ തന്നെയാണ്. ...!!

കാർത്തികേ..!!

 ഗംഗാധരമേനോന്റ്റെ  വിളിയൊച്ച കേട്ട കാർത്തിക ഞെട്ടിയെന്നവണ്ണം അയാളെ വിശ്വാസം വരാതെ പിന്നെയും പിന്നെയും നോക്കി....

സാർ....സാറെങ്ങനെ ഇവിടെ. ..?

വിറയാർന്ന ശബ്ദത്തിലതു ചോദിക്കുമ്പോൾ അവളുടെ അമ്പരപ്പ് പേടിയായ് മാറിയിരുന്നു. ..

'കാർത്തിക ക്ഷണിച്ചതും അണിഞ്ഞൊരുങ്ങി കാത്തിരുന്നതും എന്റ്റെ മകൻ രാഹുലിനെയാണല്ലേ.....?

ഒരു ചിരിയോടത് ചോദിക്കുമ്പോൾ അയാളുടെ കണ്ണുകൾ  ആർത്തിയോടെ കാർത്തികയുടെ ശരീരത്തിലൂടെ അരിച്ചിറങ്ങി....

കുളി കഴിഞ്ഞ് അഴിച്ചിട്ടിരിക്കുന്ന നനഞ്ഞ മുടിയുടെ നനവുതട്ടി ശരീരത്തിലേക്ക് കൂടുതൽ ചേർന്നുപോയ ചുരിദാറിലൂടെ അയാളുടെ കണ്ണുകൾ സഞ്ചരിക്കവേ താൻ നഗ്നയാണെന്ന തോന്നലിൽ കാർത്തിക ഉരുകി. ..അവളുടെ ശരീരത്തിലൂടെ ആർത്തിയോടെ പായുന്ന മിഴികളെ  നിയന്ത്രിച്ച് അയാളവളെ നോക്കി ..

'നീ ഇങ്ങനെ പേടിക്കുകയോ പരിഭ്രമിക്കുകയോ വേണ്ട കുട്ടീ. ..,രാഹുൽ പറഞ്ഞിട്ട് തന്നെയാണ് ഞാൻ വന്നത് അവനിഷ്ടപ്പെടുന്ന പെണ്ണിനെ കാണാൻ. ...!!

ഗംഗാധരമേനോന്റ്റെ വാക്കുകൾ കാർത്തിയിലമ്പരപ്പ് വർദ്ധിപ്പിച്ചപ്പോളയാൾ മെല്ലെ എഴുന്നേറ്റുപോയി വാതിലടച്ച് കുറ്റിയിട്ടവളെ നോക്കി... അയാളുടെ കണ്ണിലപ്പോൾ കണ്ട കാമാഗ്നി കാർത്തികയുടെ ശരീരത്തിലൊരു  വിറയലായി  മാറി ....

ഞാൻ പറഞ്ഞത് സത്യം ആണെടീ....എന്റെ മകന്റെ ഭാര്യ ആവാൻ പോവുന്ന പെണ്ണിനെ ഒന്ന് കാണാൻ വന്നതാണ്  ഞാൻ. .. അവനു ഞാൻ ഇന്നേവരെ വാങ്ങി നൽകിയിരുന്നതെല്ലാം ഏറ്റവും നല്ല വസ്തുക്കൾ ആയിരുന്നു. ..ഗുണംകൊണ്ടും  ഉപയോഗം കൊണ്ടും ഏറ്റവും നല്ലത്. ..ഇപ്പോൾ അവന്റെ ജീവിതത്തിലേക്കൊരു പെണ്ണിനെ അവൻ കണ്ടു പിടിച്ചൂവെങ്കിലും അതിന്റെ  ഗുണനിലവാരം ഉറപ്പാക്കേണ്ടത് അവന്റെ അച്ഛനായ എന്റ്റെ കടമയല്ലേ...അതാണ് ഞാൻ വന്നത്.. .!!

സാറ് ഇതെന്തൊക്കെയാണീ  പറയുന്നത്. ..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ...?

ച്ഛീ പുല്ലേ ....നാടകം കളിക്കുന്നോടീ നീ....വലിയ കൊമ്പത്തേക്ക് നോട്ടംവെച്ച് നീ മൊബൈൽ ഫോണിലൂടെ ചാറ്റ് ചെയ്തില്ലേ രാഹുലിനോട്... അത് ഈ ഞാനായിരുന്നു....!!
കടയിലാദ്യം നീ വന്നപ്പോൾ തന്നെ നിന്നെ നോക്കിവെച്ചതാണ് ഞാൻ... ഇതൊന്നും രാഹുൽ അറിഞ്ഞിട്ടേയില്ല...ഇപ്പോൾ കാര്യങ്ങളെല്ലാം മനസ്സിലായില്ലേ നിനക്ക്. ..?

ഗംഗാധരമേനോന്റ്റെ ശബ്ദം ഒരു  കൊടുക്കാറ്റായ് ചെവിയിലാഞ്ഞടിക്കവേ കാർത്തിക ആ അടഞ്ഞ വാതിലിനുളളിൽ പ്രജ്ഞ നഷ്ടപ്പെട്ടവളെ പോലെ നിന്നു.. അവളുടെ കവിളുകളെ നനച്ചുകൊണ്ട് ഇരുകണ്ണിൽ നിന്നും ധാരയായി കണ്ണുനീരൊഴുകി

 എന്റെ ഇഷ്ടങ്ങൾക്കും മോഹങ്ങൾക്കും അനുസരിച്ച് നിന്നാൽ നിനക്ക് കൊള്ളാം.. ഞാൻ വന്നത് എന്തിനോ അത് പൂർത്തിയാക്കിയിട്ടേ ഞാൻ ഇവിടെ നിന്ന് പോവുകയുളളു അനുസരിച്ചാൽ നിനക്ക് ആയുസ് ബാക്കി കിട്ടും ഇല്ലെങ്കിൽ നിനക്കറിയില്ല എന്നെ...!!
ഇതൊന്നും എനിക്ക് പുത്തരിയല്ല..മനസ്സിലായോടീ..?
ചോദിച്ചു കൊണ്ടയാൾ കാർത്തികയെ വട്ടം പിടിച്ച് നെഞ്ചോടു ചേർത്തു....അവളെതിർക്കാതെ അയാളോട് ചേർന്ന് നിന്നപ്പോൾ അയാളുടെ  ചുണ്ടിലൊരു ചിരി തെളിഞ്ഞു 

മിടുക്കി. ..ബുദ്ധിയുണ്ട് നിനക്കപ്പോൾ അല്ലേടീ...?

തീർച്ചയായും സാർ..,എനിക്ക് നല്ല ബുദ്ധിയുണ്ട് ..കാരണം  ഞാൻ ജീവിതം പഠിച്ചത് ദാ അവിടെ നിന്നാണ്. ....

കാർത്തികയുടെ പേടിയില്ലാത്ത സംസാരം കേട്ട് അമ്പരന്നുപോയ ഗംഗാധരമേനോൻ  അവൾ വിരൽ ചൂണ്ടിയയിടത്തേക്ക് തിരിഞ്ഞു നോക്കി. ..

ഒരു മിന്നൽ പിണർ ശരീരത്തിലൂടെ പാഞ്ഞു പോയതുപോലെ അയാളൊന്ന് വിറച്ചു....

 അവിടെ വാതിൽ പടിയിൽ ചാരി, കൈകൾ നെഞ്ചോട് ചേർന്ന് വെച്ച് ഗീത നിന്നിരുന്നു. ...അവളുടെ അരിക്കിലായ് രാഹുലും ...!!

പെയ്യുന്ന മിഴികളിലെ എരിയുന്ന തീ ജ്വാലകളോടെ ഗീത ഗംഗാധരമേനോനെ തുറിച്ചു നോക്കവേ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന കാർത്തികയെ അയാൾ സ്വതന്ത്രയാക്കി....തളർച്ച ബാധിച്ചവനെപോലെ അയാൾ നിലത്തേക്കൂർന്നിരിക്കവെ ഗീത അയാളുടെ മുമ്പിലേക്കെത്തി.

തീരെ പ്രതീക്ഷിച്ചില്ല എന്നെയും നമ്മുടെ മോനെയും ഇവിടെ അല്ലേ. ..?

ഞങ്ങളും പ്രതീക്ഷിച്ചില്ല ഇവിടെ നിങ്ങളെ...??

എന്റെ മകന്റെ പേരിലും ഫോട്ടോയിലുമൊരാൾ ഇവളെ കമ്പളിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ അതാരാണെന്നറിഞ്ഞവനെ പോലീസിലേൽപ്പിക്കാനാ ഞങ്ങൾ ഇവിടെ വന്നത്... പക്ഷേ, അത്...അത് നിങ്ങൾ തന്നെയാവുമെന്ന് തീരെ പ്രതീക്ഷിച്ചില്ല....!!

സർവ്വ ഗുണ സമ്പന്നനായ് പുറമെ നടിക്കുമ്പോഴും ഉളളിൽ പിശാച്ചിനെ ചുമക്കുന്ന ദുഷ്ടൻ......!!

സ്വന്തം മകന്റെ പേരും രൂപവും കടം കൊണ്ട് നാട്ടിലെ  പെൺകുട്ടികളെ പിഴപ്പിക്കാനിറങ്ങിയിരിക്കുന്ന കാമപിശാച്ച്...!!

ഗീതയിൽ നിന്നോരോ വാക്കുകൾ തെറിച്ച് വീഴുമ്പോഴും മുഖമുയർത്താൻ സാധിക്കാതെ, ഭാര്യയെയോ മകനെയോ നോക്കാൻ കഴിയാതെ അയാൾ ശിരസ്സ് കൂടുതൽ കൂടുതൽ താഴ്ത്തി പിടിച്ചു. ..

'ഇവൾ ഈ കാർത്തിക ,ഇവൾ നമ്മുടെ കടയിലെത്താൻ തന്നെ കാരണം  രാഹുലാണ് അറിയ്യോ നിങ്ങൾക്ക്.? 

ഗീതയുടെ ചോദ്യം കേട്ട  ഗംഗാധരമേനോനൊരു നിമിഷം രാഹുലിനെ നോക്കിയെങ്കിലും അവന്റെ കണ്ണിലെരിയുന്ന അഗ്നിയെയും പുകയുന്ന രോഷത്തെയും നേരിടാനാവാതെ  മിഴികൾ താഴ്ത്തി. ..ഇന്നുവരെ തന്റെ ഒരു നോട്ടത്തിനപ്പുറത്തേക്ക് പോവാതിരുന്നവർ ഇന്നിതാ... ഗംഗാധരമേനോൻ അപമാന ചൂളയിലെരിയവേ ഗീത തുടർന്നു 

രാഹുലിന്റ്റെ കൂട്ടുക്കാരനായ ഗോപിയുടെ അനിയത്തിയാണിവൾ... അവന് പെട്ടെന്ന് ഒരസുഖം വന്നു കുടുംബം കഷ്ടപ്പെടുന്നത് കണ്ടപ്പോൾ  ഒരു ചെറിയ സഹായമാവുമല്ലോ എന്ന് കരുതിയാണ് ഇവളെ നമ്മുടെ കടയിലെ ജോലിക്കാരിയാക്കിയത്...,കാരണം ഈ കുടുംബത്തിന്റെ ആശ്രയം ഗോപിയാണ്.. അവന്റെ തളർച്ചയിലൊരു സഹായം...വിശ്വസിച്ചിവളെ നിർത്താനൊരിടം അതായിരുന്നു നമ്മുടെ കട.... പക്ഷേ. ..പക്ഷേ. ..നിങ്ങൾ. ..!!

രാഹുലിന്റ്റെ ഫോട്ടോ നിങ്ങൾ ഇവൾക്കയച്ച അതേസമയം തന്നെ അവളാ വിവരം ഗോപിയോട് പറഞ്ഞിരുന്നു... ഗോപി രാഹുലിനോടും...!!
 എന്റെ മകനൊരിക്കലും അങ്ങനെ ചെയ്യില്ല എന്നിവർക്ക് ഉറപ്പായിരുന്നു...!!

 അന്ന് മുതലുള്ള ഞങ്ങളുടെ കാത്തിരിപ്പിന്റ്റെ ഫലമാണ് നിങ്ങൾ ഇന്നിവിടെ വന്നത്... പക്ഷേ നിങ്ങൾ ഈ വീടിന്റെ പടി കയറിയപ്പോൾ തകർന്നു പോയത് ഞാനല്ല നമ്മുടെ മകനാണ്. .നിങ്ങളുടെ പ്രവർത്തിയോർത്ത്...മകന്റെ പേരിൽ പെണ്ണുപിടിക്കുന്നൊരച്ഛന്റ്റെ മോനായീലേ അവൻ...!!

ഒരു പൊട്ടികരച്ചിലോടെ ഗീത  രാഹുലിനെ കെട്ടിപിടിക്കവേ എന്തോ പറയാൻ  ശ്രമിച്ച  ഗംഗാധരമേനോൻ അതുപറയാതെ ബോധരഹിതനായ് നിലംപതിച്ചു...

~~~~~~~~~~ 

ഐ സി യുവിന് മുന്നിൽ  കാത്തു നിൽക്കവേ ഗീതയുടെ മുഖത്ത് യാതൊരു വിഷമമോ സങ്കടമോ അവശേഷിച്ചിരുന്നില്ല...പകരം ശാന്തതയായിരുന്നു..

 പെട്ടന്നുണ്ടായ ഒരു ഷോക്കിലയാൾ നിലംപതികവേ ഒരിക്കലും എണീക്കാൻ പറ്റാത്തൊരു വീഴ്ചയായത് മാറിയെന്ന് ഡോക്ടർ പറഞ്ഞപ്പോഴും അവരുടെ മുഖത്ത് ആ ശാന്തത മാത്രമായിരുന്നു...

 എഴുന്നേൽക്കാനും സംസാരിക്കാനും കഴിയില്ലെങ്കിലും ആ ശരീരത്തിൽ ജീവന്റെ അംശം ബാക്കിയുണ്ടല്ലോ എന്ന് അമ്മ പറയുന്നത് രാഹുൽ കേട്ടു നിന്നത് അമ്പരപ്പോടെയായിരുന്നു...

"ചെയ്ത തെറ്റുകൾ  ഓർമ്മിക്കാൻ, പശ്ചാത്തപിക്കാൻ ജീവൻ വേണ്ടെടാ മോനെ " എന്നമ്മ ചോദിച്ചപ്പോൾ രാഹുൽ അറിഞ്ഞില്ല അമ്മയുടെ മനസ്സിലെന്തെന്ന്...

 നാളുകൾക്കു ശേഷമൊരു ദിവസം  വീൽചെയറിലിരിക്കുന്ന ഗംഗാധരമേനോനരികിലേക്ക് അയാൾക്കുളള കഞ്ഞിയുമായ് കാർത്തിക നടന്നു ചെന്നപ്പോൾ അവളെ നേരിടാൻ കഴിയാതെ മുഖം കുനിച്ചിരുന്ന ഗംഗാധരമേനോന്റ്റെ കണ്ണുകൾ പെയ്തൊഴിയുകയായിരുന്നു..

കാരണം കാർത്തികയുടെ നെറ്റിയിലെ സിന്ദൂരത്തിനും കഴുത്തിലെ താലിയ്ക്കും അപ്പോൾ അവകാശി രാഹുലായിരുന്നു..,,,

അച്ഛൻ കാമകണ്ണോടെ കണ്ടവളെ താലികെട്ടി ഭാര്യയാക്കി അച്ഛന്റെ മുന്നിൽ നിർത്തി കൊണ്ടായിരുന്നു രാഹുലും ഗീതയും  തങ്ങളുടെ  ദേഷ്യം അയാളുടെ  മുന്നിൽ തീർത്തത്.......,, തെറ്റുകൾ മുഴുവൻ ചെയ്തു കൂട്ടിയവസാനം  മരണമെന്ന എളുപ്പ വഴിയിലൂടെ ഒരുത്തനും  രക്ഷപ്പെടരുത്   ,നീറണം
ഓരോ നിമിഷവും ...കാർത്തികയെ കാണുമ്പോൾ , അവളുടെ  നെറ്റിയിലെ  സിന്ദൂര ചുവപ്പ് കാണുപ്പോഴെല്ലാം ആ മനസ്സ് ചെയ്തുകൂട്ടിയ തെറ്റുകളോർത്ത്  നീറണം   ,അപ്പോൾ മാത്രമേ  അതയാൾക്കുള്ള  ശിക്ഷ ആവുകയുള്ളു എന്ന ഉറച്ച ലക്ഷ്യത്തോടെ  ...

        അവസാനിച്ചു. ...
To Top