ഭർത്താവിനേക്കാൾ എന്നെ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന ഒരു കാമുകൻ...

Valappottukal


രചന: ഭദ്ര

അയാളുടെ ഭാര്യമാർ...
മൂക്കിലേക്ക് തുളച്ചു കയറുന്ന ഡെറ്റോളിന്റെ രൂക്ഷഗന്ധത്തെ പാടെ അവഗണിച്ചു കൊണ്ട് വിറയാർന്ന കാലടികളോടെ പ്രിയ ആ മുറിയിലേക്ക് കയറി ചെന്നു

വാ.... കയറി വാ 

ആ മുറിയിലെ വൃത്തിയുള്ള വെള്ളകിടക്കവിരിയിൽ കിടന്നിരുന്നൊരു ക്ഷീണിച്ച രൂപം അവൾക്ക് നേരെ കൈ കാണിച്ചു

അഞ്ചുവയസുകാരൻ മകന്റെ കയ്യും പിടിച്ചു അവൾ കിടക്കയുടെ അരികിൽ കിടന്ന കസേരയിൽ അമർന്നിരുന്നു 

അസ്വസ്ഥത നിറഞ്ഞ അവളുടെ കണ്ണുകൾ കിടക്കയിലെ രൂപത്തിൽ ഇഴഞ്ഞു നടന്നു 

ഇവരായിരുന്നോ??കണ്ടാൽ ആരിലും അനുകമ്പ നിറയ്ക്കുന്ന ഈ മെലിഞ്ഞു വിളർത്ത ഇവരായിരുന്നോ തന്റെ ഭർത്താവിന്റെ ആദ്യഭാര്യ?? 

എന്തേ എന്നെ കാണണമെന്ന് പറഞ്ഞത്??? അവൾ അവരുടെ ഞരമ്പുകൾ വീർത്തുനിൽക്കുന്ന വിരലുകളിൽ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു 

ഒന്നുല്ല വെറുതെയൊന്നു കാണണമെന്ന് തോന്നി...

നിങ്ങടെ അയൽക്കാരി ഭാനു എന്റെ കൂട്ടുകാരിയാണ്... അവള് പറഞ്ഞാണ് ഒരുപാട് വർഷങ്ങൾക്ക് ശേഷം നാട്ടിലെ വിശേഷങ്ങളൊക്കെ ഞാൻ അറിയുന്നത്...അപ്പോ തോന്നി പ്രിയയെ ഒന്ന് കാണണമെന്ന്.... അവരുടെ മുഖത്ത് വിളറിയതെങ്കിലും മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു 

ആള് പോയി ലെ....അവർ നിർവികാരതയോടെ പുറത്തേക്ക് നോക്കി ചോദിച്ചു 

മ്മ്....പോയി പ്രിയ വെറുതെ മൂളി 

ആക്‌സിഡന്റ് ആയിരുന്നു അല്ലേ.. ..പണ്ടേ വണ്ടികളോട് ഒരിഷ്ടക്കൂടുതൽ പുള്ളിക്കുണ്ടായിരുന്നു...പക്ഷെ നേരാവണ്ണം ഹെൽമെറ്റ്‌ ഒന്നും വെയ്ക്കാറുണ്ടായിരുന്നില്ല... മിന്നി പാറി നൂറേ നൂറിൽ ഒരു പോക്കാ....

അവരുടെ കൺകോണിൽ ഒരു തുള്ളി കണ്ണുനീർ എന്തിനെന്നറിയാതെ ഉറപൊട്ടി 

പ്രിയ കണ്ണ് മിഴിച്ചു അവരെ തന്നെ നോക്കി 

എപ്പോഴും പറയുമായിരുന്നു നിങ്ങളെ കുറിച്ച്.. നിങ്ങളെ ഒരുപാടിഷ്ടമായിരുന്നു എന്നൊക്കെ...പ്രിയ ചിരിയോടെ പറഞ്ഞു 

പിന്നെ??? പിന്നെന്ത് പറഞ്ഞു..അവർ ആകാംക്ഷയോടെ  പ്രിയയെ നോക്കി 

പിന്നെ.... പിന്നെ പറഞ്ഞു.... പ്രിയ പരുങ്ങലോടെ അവരെ നോക്കി

ഒരു കാമുകൻ ഉണ്ടായിരുന്നുവെന്ന്...ഒരു ദിവസം ആരോടൊന്നും പറയാതെ ഒരു കത്തെഴുതി വെച്ച് കാമുകന്റെ കൂടെ  പോയെന്ന്.

ആം ഉണ്ടായിരുന്നു... എനിക്കൊരു കള്ളകാമുകൻ ഉണ്ടായിരുന്നു...എന്റെ ഭർത്താവിനേക്കാൾ എന്നെ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന ഒരു കാമുകൻ... അവർ നേർമയായി ചിരിച്ചു 

എന്നിട്ട് ആളെവിടെ???? പ്രിയ ജിജ്‌ഞാസയോടെ ചോദിച്ചു 

കൂടെയുണ്ട് ഇപ്പോഴും കഴിഞ്ഞ ഏഴു വർഷമായി.....ഭ്രാന്തമായി സ്നേഹിക്കുകയാണ് അവൻ.... എന്നെ... എന്റെ ശരീരത്തെ... എന്റെ ഗർഭപാത്രത്തെ.... അവരുടെ വരണ്ട കണ്ണുകളിൽ പെട്ടന്ന് വേദന നിറഞ്ഞു 

പ്രിയ ഒന്നും മനസിലാവാതെ അവരെ തുറിച്ചു നോക്കി... 

കാൻസർ......അതാണ് എന്റെ കാമുകന്റെ പേര് 

അവരുടെ ചുണ്ടുകൾ വിറച്ചു 

അദ്ദേഹം ഒന്നുമറിയരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു....ജീവനായിരുന്നു എന്നെ... ഒരുപക്ഷെ നിന്നെ പോലും അത്രയും സ്നേഹിച്ചിട്ടുണ്ടാവില്ല... അത്കൊണ്ട് തന്നെയാണ് ഇല്ലാത്തൊരു കാമുകന്റെ പേരിൽ അദ്ദേഹത്തെ ഉപേക്ഷിച്ചു ഞാൻ പോന്നത്.... 

ഏത് നിമിഷം വേണമെങ്കിലും മരണം വന്ന് കൂട്ടി കൊണ്ട് പോയേക്കാവുന്ന എനിക്ക് കാവിലിരുന്ന് ആ ജീവിതം പാഴായി പോവരുതെന്ന് ഞാൻ എന്റെ മനസ് പിടയുന്ന വേദനയിലും ആഗ്രഹിച്ചിരുന്നു...

വർഷങ്ങൾക്കിപ്പുറം നിന്നെ അദ്ദേഹം വിവാഹം ചെയ്യ്തത് അറിഞ്ഞപ്പോഴും ഞാൻ തളർന്നില്ല...നന്നായി ജീവിച്ചോട്ടെ എന്ന് കരുതി ആശ്വസിച്ചു....പക്ഷെ പലപ്പോഴും കൊതിച്ചിരുന്നു ഒന്ന് കാണാൻ... ഒന്നുടെ ആ നെഞ്ചോരം ചേർന്ന് നിൽക്കാൻ.....പക്ഷെ കഴിയാതെ പോയി..  അവരുടെ തൊണ്ടയിടറി... കണ്ണുകൾ കലങ്ങി

പ്രിയയുടെ നെഞ്ചിലൊരു വിങ്ങൽ വന്ന് നിറഞ്ഞു....

എല്ലാം വിധി.. അല്ലാതെന്ത് പറയാൻ.... പ്രിയ ദീർഘനിശ്വാസമുതിർത്തു

അവർ പ്രിയയുടെ സാരിത്തുമ്പിൽ മറഞ്ഞു നിന്നിരുന്ന അഞ്ചുവയസുകാരനെ വാത്സല്യത്തോടെ നോക്കി 

ഇങ്ങ് വാ... അവർ സ്നേഹത്തോടെ അവനെ വിളിച്ചു 

അവൻ മടിച്ചു മടിച്ചു അവരുടെ അരുകിലിരുന്നു.... 

എന്താ മോന്റെ പേര്... അവർ കുഞ്ഞിന്റെ കവിളിൽ കൊതിയോടെ തലോടി 

അംശി.....അവൻ നാണം കൊണ്ട് ചിണുങ്ങി 

കല്യാണം കഴിഞ്ഞിടയ്ക്ക് എന്നോട് എപ്പോഴും പറയുമായിരുന്നു... നമ്മുടെ ആദ്യത്തെ കുഞ്ഞിന് അംശി എന്ന് പേരിടണമെന്ന്... അവർ ഒരുനിമിഷം പ്രിയയെ അസൂയയോടെ നോക്കി 

അച്ഛന്റെ മുഖമാണ്... അതേ നിറം അതേ ചിരി...... അവർ കുഞ്ഞിന്റെ മുടിയിൽ തലോടി 

ഞങ്ങളിറങ്ങട്ടെ..... പ്രിയ വീർപ്പുമുട്ടലോടെ ചോദിച്ചു 

പോവാൻ തിടുക്കമായോ??അവർ വ്യസനത്തോടെ കുഞ്ഞിനെ ചേർത്ത് പിടിച്ചു 

സമയം ഒരുപാട് ആയി.... ഇനി അങ്ങോട്ടേക്ക് ബസ് കിട്ടണ്ടേ.... പിന്നീട് ഒരീസം വരാം.... പ്രിയ ചിരിയോടെ എണീറ്റു മകന്റെ കൈ പിടിച്ചു 

പ്രിയേ....... 

അവർ കിതപ്പോടെ വിളിച്ചു 

മ്മ് എന്തേ.... 

അവൾ പ്രിയയുടെ കൈകളിൽ അമർത്തി പിടിച്ചു.... പിന്നെ തലയിണയ്ക്ക് അടിയിൽ നിന്നുമെന്തോ എടുത്തു ആ കൈകുമ്പിളിൽ വെച്ച് കൊടുത്തു 

പ്രിയ കൈവെള്ള തുറന്നു നോക്കി

കുങ്കുമത്തിൽ കുളിച്ചൊരു ആലിലത്താലിയും നീളൻ ഗോതമ്പുമണി മാലയും.... 

ഇത് എന്റെയാണ്.... എന്റെ മാത്രം.... ഏഴ് വർഷങ്ങൾക്ക് മുൻപ് മേലെടത്ത് അനന്തൻ എന്ന എന്റെ, നിന്റെ ഭർത്താവ് അഗ്നിസാക്ഷിയായി എന്റെ കഴുത്തിൽ കെട്ടിയ താലി...ഇനി നീ സൂക്ഷിച്ചു വെയ്ക്കണം ഇത് എനിക്ക് വേണ്ടി..ഒരു മനോഹരമായ ഓർമയ്ക്ക് വേണ്ടി.. 

അത് പറയുമ്പോൾ അവരുടെ വരണ്ട കണ്ണുകൾ വിടരുന്നതും ആ കണ്ണുകളിൽ പ്രണയം തുടിക്കുന്നതും കണ്ട് പ്രിയ അത്ഭുതപെട്ടു

പ്രിയയുടെ കൈകുമ്പിളിൽ ഇരുന്നു ആ താലിമാല വിറകൊണ്ടു...അവളത് ഇറുക്കി പിടിച്ചു 

ഞാൻ സൂക്ഷിച്ചോളാം.... പ്രിയ അവരുടെ കുറ്റിമുടികൾ നിറഞ്ഞ തലയിൽ കരുണയോടെ തലോടി കൊണ്ട് പുറത്തിറങ്ങി...... 

പിറ്റേന്ന്...

 നിർത്താതെ ഫോൺ ബെല്ലടിക്കുന്നത് കേട്ട് പ്രിയ നീരസത്തോടെ ഫോണെടുത്തു... 

ഞാനാണ് പ്രിയേ.... ഭാനു..

എന്തേ ഭാനു.....

അവള് പോയിട്ടോ.... രാത്രി നില ഇച്ചിരി വഷളായിന്നാ കേട്ടേ.... വെളുപ്പിന് പോയി...ജീവിക്കണമെന്ന് ഒരുപാട് ആശയുണ്ടായിരുന്നു പാവത്തിന്....പക്ഷെ കണ്ണീരും കഷ്ട്ടപാടും മാത്രം അനുഭവിച്ചു അവളങ്ങു പോയി... അവരുടെ തൊണ്ടയിടറി.... 

മിടിക്കുന്ന ഹൃദയത്തോടെ പ്രിയ തരിച്ചുനിന്നു..... അവൾ പതിയെ കിടപ്പുമുറിയിലേക്ക് നടന്നു... 

മുറിയിൽ ഭർത്താവിന്റെ മാലയിട്ട് വെച്ചിരുന്ന ഫോട്ടോയ്ക്ക് മുൻപിലെ ചെപ്പിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ആ താലിമാലയെടുത്തു അവൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..... 

നെഞ്ച് കുത്തി പറിക്കുന്നൊരു ആന്തലോടെ അവൾ കിടക്കയിലേക്ക് ചാരിയിരുന്നു..... പെട്ടന്ന് എവിടെന്നോ പാറി വന്നൊരു തണുത്ത കാറ്റ് അവളെ തട്ടി തടഞ്ഞു ജാലകത്തിലൂടെ പുറത്തേക്ക് പോയി....എന്തിനെന്നറിയാതെ ഒഴുകിയെത്തിയ ചുടുകണ്ണുനീർകണങ്ങൾ അവളുടെ കവിളിനെ പൊള്ളിച്ചു കടന്നുപോയി വിറയാർന്ന ചുണ്ടുകളിൽ ഒഴുകിവീണു അന്ത്യശ്വാസം വലിച്ചു...... 
ശുഭം.....
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാൻ മടിക്കല്ലേ...
To Top