രചന: Vidhya Babu
വലത്തേകാലിൽ ഒരു തരിപ്പ് വന്ന് ഉറക്കത്തെ അലോസരപ്പെടുത്തിയപ്പോഴാണ് അയാൾ കണ്ണുതുറന്നത്..
പുതച്ചിരുന്ന കമ്പിളി പുതപ്പ് ദേഹത്ത് നിന്നും അടർത്തി മാറ്റി എണീറ്റിരുന്ന് തരിക്കുന്ന കാൽ ഒന്നുഴിഞ്ഞു...
പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിൽ ചെന്നൊരു കട്ടനിട്ടു ഉമ്മറത്ത് വന്നിരുന്നത് ഊതി ഊതി കുടിച്ചു..
മകരമാസത്തിലെ തണുപ്പും കട്ടന്റെ ചൂടും ശരീരത്തിന് ഒരു നേർത്ത ഇളം ചൂട് തരുന്ന പോലെ....
വീടും പുറവും വൃത്തിയാക്കി കുളിച്ചു വന്ന് നടുമുറിയിൽ വെച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോയിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു..
നാട്ടിൻപുറത്തെ പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ്സ് മലയാളം അധ്യാപകനായ രാമനാഥൻ ഇന്നിപ്പോൾ ഈ വീട്ടിൽ തനിച്ചാണ്...
ശാരദ,തന്റെ അമ്മ...!! ഇരുപത്തി നാലാം വയസിൽ വിധവയാകേണ്ടി വന്നിട്ടും മറ്റൊരു വിവാഹം കഴിക്കാതെ ഒറ്റ മകനായ തന്നെ നോക്കി വളർത്തിയ അമ്മ...
ചെറുപ്പത്തിൽ ഒരൂസം അമ്മ മടിയിൽ കിടത്തി ഒന്ന് ചോദിച്ചു,
" അമ്മേടെ മുത്തിന് അമ്മ പോയാ പിന്നെ ആരാ ഉണ്ടാവാ....?"
അതു കേൾക്കുമ്പോൾ കണ്ണു രണ്ടും നിറച്ച് അമ്മയെ നോക്കുന്ന ഒരു രണ്ടാം ക്ലാസ്സുകാരനെ അയാൾ എപ്പോഴും ഓർക്കാറുണ്ട്..
'അമ്മ,,, അമ്മ പോയാ ഞാനും വരും കൂടെ...'
അതും പറഞ്ഞവൻ അവരെ ഒന്ന് മുറുകെ പിടിക്കും..
"അയ്യേ അമ്മേടെ മോൻ എന്തിനാ കരയണേ..! അമ്മ ഇല്ലേലും ന്റെ കുഞ്ഞൂട്ടന്റെ കൂടെ കൂടാൻ വേറേ ഒരാൾ വരില്ലേ..! നല്ല നീല കണ്ണുള്ള ഒരു പെൺകുട്ടിയെ എന്റെ മോന് കിട്ടൂലോ...;"
'നീല കണ്ണോ...!!'
വിടർന്ന മുഖത്തോടെ അവൻ ചോദിക്കും..
" അതേ, നല്ല കരിനീല കണ്ണും നെറയെ പീലിയും, കണ്ണിൽ ഒരു കടലും ഒളിപ്പിച്ച പെണ്ണൊരുത്തി...!!"
ഓർമകളിൽ നിന്നും അയാൾ ഉണരുമ്പോൾ ചുണ്ടിലോരു ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു.. അമ്മ പോയിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുന്നു...
"വന്നില്ലാലോ, അമ്മ പറഞ്ഞ ആ നീല കണ്ണുള്ളവൾ..!"
പരിഭവത്തോടെ അമ്മയുടെ ഫോട്ടോയിൽ നോക്കി നിൽക്കെ തനിച്ചായി പോയവന്റെ തീരാവ്യഥ അയാളുടെ നെഞ്ചിൽ നിറഞ്ഞിരുന്നു...
ഒന്ന് പനിച്ചു കിടന്നാൽ അയാളാ വീട്ടിൽ തനിച്ചാണ്.. ഒരു ഗ്ലാസ്സ് ചുക്കുകാപ്പി തരാനോ, തുണി നനച്ച് നെറ്റിയിൽ ഇട്ട് തരാനോ ആരുമില്ലാതെ...;
വൈകീട്ട് സ്കൂളിൽ നിന്നും വരുമ്പോ അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കാൻ, അയാളെ കേൾക്കാൻ, എല്ലാം തന്റെ അമ്മയുടെ ചുമരിലെ മാല ചാർത്തിയ ഫോട്ടോ മാത്രം...!!
ഒരു അവധി ദിവസം ഉച്ചയ്ക്ക് അടുക്കളയിൽ കയറി ചോറും മോരു കാച്ചിയതും ഉണ്ടാക്കി വെച്ചയാൾ ഇറയത്ത് വന്നിരുന്നു.. ഒരു സിഗര്റ് എടുത്ത് കത്തിച്ച് എം. മുകുന്ദന്റെ "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" വായിക്കാൻ തുടങ്ങി..
വായനയെ തടസ്സപ്പെടുത്തിയ ഒരു ശബ്ദം കാതിലേക്കിരച്ച് കയറിയപ്പോൾ അയാൾ തലയുയർത്തി നോക്കി...
വേലിപ്പടിയിൽ ഏന്തിവലിഞ്ഞു നോക്കുന്ന ഒരു പെണ്ണ്...
"ഭാവി ഭൂതം വർത്തമാനം ഒക്കെ പറയും..
നോക്കണോ...!!"
കയ്യിൽ ഒരു കുഞ്ഞിനെയും ചേർത്ത് പിടിച്ചു
നിൽക്കുന്ന അവളെ കണ്ടപ്പോ ഒരു കൗതുകം... വിളിക്കാതിരിക്കാൻ തോന്നിയില്ല..
കൈകാട്ടി വിളിച്ചതും കയ്യാല കവച്ചു വെച്ചവൾ കയറി വന്നു....
അടുത്തേക്ക് വരുന്ന അവളുടെ രൂപം തെളിയവേ ഹൃദയം പതിന്മടങ്ങായി മിടിക്കുന്നത് അയാളറിഞ്ഞു...
ഒരു സാരിയിൽ കുഞ്ഞിനെ മാറോടടക്കി കെട്ടി വെച്ചിരിക്കുന്നു.... മറു കയ്യിൽ ഒരു കൂടും അതിലൊരു തത്തയും....പാറിപറന്ന മുടി അലസമായി കെട്ടിയിരിക്കുന്നു... "കറുത്ത
മേനിയിൽ തിളങ്ങി നിൽക്കുന്ന അവളുടെ നീല കണ്ണുകൾ..."
ഒരു നിമിഷം അതിന്റെ ആഴങ്ങളിൽ മുങ്ങി അയാൾ നിന്നു...
"ഞാൻ കൈ നോക്കിക്കൊട്ടെ...?"
ഒന്ന് ഞെട്ടിയ അയാൾ അവളെ നോക്കി... പിന്നീടൊന്നു പുഞ്ചിരിച്ച ശേഷം അയാള് സമ്മതം മൂളി..
മാറിൽ നിന്നും കുഞ്ഞിനെ മാറ്റാതെ തന്നെ
അവൾ ഭാണ്ട കെട്ടും കൈയ്യിലെ തത്തയുടെ കൂടും മറ്റും തറയിൽ വച്ചു..
"ഹേയ് കുറുമ്പി തത്തേ, സാറിനൊരു ശീട്ടെടുക്ക്..!"
കൂട്ടിൽ നിന്നും തത്തയെ പുറത്തിറക്കി അവൾ പറഞ്ഞു....
കുഞ്ഞി തത്തമ്മ ഒരു കാർഡ് എടുത്ത് നിലത്തിട്ടത് അയാൾ കൗതുകത്തോടെ നോക്കി യിരുന്നു..
" ശിവപാർവതി പരിണയം ആണല്ലോ..!ശിവന് പാർവതി പോലെ സാറിനും നല്ല ഒരു പെണ്ണിനെ കിട്ടും.. അത്രയും സത്യമായ പ്രണയം പോലെ ഭൂമിയിൽ വേറെന്തുണ്ട്.. അതുപോലെ ആയിരിക്കും നിങ്ങടെ പ്രണയവും.."
അവൾ പറയുന്നത് കേൾക്കുന്ന പോലെ തലയാട്ടിയെങ്കിലും ശ്രദ്ധ മുഴുവൻ ആ കരിനീല കണ്ണിൽ മാത്രം ആയിരുന്നു....
മാറിൽ കിടക്കുന്ന കുഞ്ഞ് ഉറക്കത്തിൽ നിന്നുണർന്ന് കരഞ്ഞപ്പോഴാണ് ആയാൾ ശ്രദ്ധ തിരിച്ചത്...
വിശന്നു കരയുന്ന കുഞ്ഞിനെ തട്ടി ആശ്വസിപ്പിക്കുമ്പോൾ ആ നീല കണ്ണിൽ ഒരു കടൽ ഇരമ്പി നിന്നതയാൾ കണ്ടു...
'കുഞ്ഞ് വിശന്നിട്ടാ കരയണെ...!'
അയാളത് പറഞ്ഞപ്പോൾ നിസ്സഹായതയോടെ അവൾ മുഖം ഉയർത്തി നോക്കി...
'എന്താ, കുഞ്ഞിന് കൊടുക്കാൻ വല്ലോം വേണോ....?'
ആ ചോദ്യത്തിൽ അവൾ അറിയാതെ തന്നെ വേണമെന്നു തലയാട്ടി...
'ഊണ് കഴിച്ചിരുന്നോ....?'
അയാൾക്കത് ചോദിക്കാതെയിരിക്കാൻ കഴിഞ്ഞില്ല..
"ഇല്ല, രാവിലെ തൊട്ടുള്ള അലച്ചിലാ.. സാറു മാത്രാ ഒന്ന് വിളിച്ചത്..."
തൊണ്ടയിൽ കരച്ചിൽ തിങ്ങി നിന്നു എങ്ങനെയോ അവളുത്തരം പറഞ്ഞു...
'വരൂ, ഊണ് തരാം..'
അയാളുടെ ക്ഷണം കേട്ട് അവൾ അമ്പരന്നു...
"അയ്യോ അതൊന്നും വേണ്ട സാർ.. പൈസ തന്നാ ഞാൻ വല്ലോം വാങ്ങി കഴിച്ചോളാം..."
'അതിനിപ്പോ കവല വരെ എത്തേണ്ടെ..കഴിച്ചോളൂ, അവിടെ എത്തുമ്പോഴേക്കും ചിലപ്പോ തല ചുറ്റി വീണെന്ന് വരാം.. കുഞ്ഞുള്ളതല്ലെ, വരൂ ഊണ് കഴിക്കാം..'
സ്നേഹത്തോടെയും കരുണയോടും ഉള്ള ആയാളുടെ ക്ഷണം നിരസിക്കാൻ പിന്നീട് തോന്നിയില്ല..
ഉള്ളിലൊരു ഭയം നിഴലിച്ചു അവൾക്ക്... വിശപ്പ് അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരുന്നു..
മോൾക്ക് എങ്കിലും വല്ലോം വാങ്ങി കൊടുക്കാം എന്ന പ്രതീക്ഷയിൽ ആണ് അവസാനമായി ഈ വീട്ടിൽ നോക്കിയത്.. രാവിലെ തൊട്ട് ആരും അടുപ്പിച്ചിരുന്നില്ല.. ചിലോരുടെ നോട്ടം കണ്ടാ അടിമുടി വിറച്ച് പോവും..
അയാൾ അവൾക്കായി മേശപ്പുറത്ത് ചോറും കറിയും വിളമ്പി...
"അയ്യോ എനിക്ക് താഴെ തന്നാ മതി..."
'താഴെ ഇരുന്നാലും മോളിൽ ഇരുന്നാലും കഴിച്ചാ പോരെ.. ഇവിടിരിക്ക് ചെറുചിരിയോടെ ഒരു പ്ലേറ്റിൽ ചോറിട്ടു കൊണ്ട് പറഞ്ഞു..'
ചോറ് ഉടച്ച് കുഞ്ഞിന്റെ വായിൽ വച്ചു കൊടുത്തു.. രണ്ടു വയസ്സ് പ്രായം ഉള്ള കുഞ്ഞാണ്.. കൂടെ അവളും കഴിച്ചു.. ഇന്നുവരെ അറിയാത്ത രുചിയുടെ മുകുളങ്ങൾ നാക്കിൽ നിറഞ്ഞു...അവള് ചുമരിലെ അയാളുടെ അമ്മയുടെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി...
ഭക്ഷണം കഴിച്ചു കഴിഞ്ഞതും നിറഞ്ഞ കണ്ണാലെ അതിലേറെ നന്ദിയോടെ അവൾ അയാളെ നോക്കി കൈകൂപ്പി...
ആ കരി നീല കണ്ണിലെ തിരയിളക്കം അയാളെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു....
'എവിടെയാ നാട്..?'
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.. അവളെ കുറിച്ചറിയാൻ അത്രമേൽ ത്വര വന്നു നിറയുന്ന പോലെ...
"തെങ്കാശി..."
അവള് മൂകമായി മറുപടി പറഞ്ഞു..
കയ്യിലിരുന്ന കുഞ്ഞ് വീണ്ടും ഉറക്കം പിടിച്ചു..
' ഇവിടെ എങ്ങനെ....!'
അവളുടെ കയ്യിലെ കുഞ്ഞിനെ നോക്കി കൊണ്ടാ യിരുന്നു ചോദ്യം...
അതിനൊരു ദീർഘ നിശ്വാസം മറുപടി നൽകി അവൾ നിന്നു..
"ഓടി വന്നതാ... "
'ഓടി വരാനോ....!! എന്തിന്...? നാട്ടിൽ ആരുമില്ലേ.?'
ആ ചോദ്യത്തിന് മറുപടിയായി രണ്ടുതുള്ളി കണ്ണീർ മാത്രം...
"ഉണ്ടായിരുന്നു.. ഇപ്പൊ ആരുമില്ല അവിടെ, ഒന്നുമില്ല.."
അത് പറയുമ്പോഴേക്കും തടഞ്ഞു നിർത്താൻ കഴിയാത്ത വിധം ഓർമകൾ തലക്ക് ചുറ്റും വട്ടമിടാൻ തുടങ്ങി...
ഒന്നും മനസ്സിലാവാതെ നിൽക്കുന്ന അയാൾക്ക് മുന്നിൽ എന്തോ എല്ലാം പറയാൻ അവൾക്ക് തോന്നി..
ഒരു പക്ഷെ, ഇന്ന് വരെ തന്നോടാരും കാണിക്കാത്ത ദയ അയാളുടെ കണ്ണിൽ കണ്ടത് കൊണ്ടാവാം..
"ഞങ്ങളത് ഒരു ഗ്രാമാ... എന്റെ അപ്പ, അമ്മ എന്റെ തങ്കച്ചി എല്ലാരും ഉണ്ടായിരുന്നു..."
'അപ്പോ ഇയാളെ പേരെന്താ..?'
"മൈഥിലി..."
'മൈഥിലി'.. പേര് അയാൾ ഒന്നു ഉരുവിട്ടു....
' അപ്പയും അമ്മയും ഇപ്പൊ...!!'
അത് ചോദിച്ചതും അവളുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി...
"മരിച്ചു, അല്ല കൊന്നു..അപ്പയെയും അമ്മയെയും തങ്കച്ചിയെയും.."
'ആരാ...! എന്തിനാ..?'
"ഞാൻ.."
നിർവികാരതയായിരുന്നു അപ്പോഴാ ഉത്തരത്തിൽ..
അത് കേട്ടതും അയാളൊന്നു പതറി..
'താൻ...!താൻ സ്വന്തം അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊന്നെന്നോ എന്തിന്....?'
"അമ്മ അപ്പയുടെ മുറപ്പെണ്ണ് ആയിരുന്നു..
അപ്പയെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അവരുടെ കല്യാണം ഉറപ്പിച്ചതും ആയിരുന്നു.. അപ്പ പെരിയപ്പയുടെ പേരിലുള്ള സ്ഥലത്ത് ചോളം കൃഷി ചെയ്യായിരുന്നു....
അപ്പയ്ക്ക് രണ്ട് അനിയന്മാരുണ്ട്.. രണ്ടാളും ഒന്നും ചെയ്യില്ല.. എല്ലാം അപ്പ ആയിരുന്നു ചെയ്തത്..
പെരിയപ്പാ കൃഷിസ്ഥലം അപ്പാവുടെ പേരിൽ എഴുതി വെച്ചിട്ടാണ് മരിച്ചത്..
പെരിയമ്മയ്ക്ക് വയ്യാതെ കിടന്നപ്പോൾ അപ്പ കടം വാങ്ങിയാ ചികിത്സിച്ചത്.. മറ്റ് രണ്ട് പേര് തിരിഞ്ഞു പോലും നോക്കിയില്ല....
അവര് രണ്ടാളും എന്റെ അപ്പയ്‌ക്ക് മുന്നേ കല്യാണവും കഴിച്ചു.. അങ്ങനെ കുടുംബത്തിന്റെ എല്ലാ ഭാരവും അപ്പയുടെ ചുമലിലായി..
പെരിയപ്പ സ്ഥലം അപ്പായ്‌ക്ക് കൊടുത്തത് ഇവർക്ക് ഇഷ്ട്ടയില്ല... അതിന്റെ ദേഷ്യത്തിൽ അവർ എന്റെ അപ്പയെ വണ്ടി കേറ്റി കൊല്ലാൻ നോക്കി..
അപ്പ അന്നെങ്ങനെയോ രക്ഷപെട്ടു.. പക്ഷേ അപ്പാവുടെ വലത്തേ കാലു മുറിക്കേണ്ടി വന്നു..
ആ സ്ഥലം സ്വന്തമാക്കി അവര് രണ്ടാളും അപ്പയെ വീട്ടിൽ നിന്നു പുറത്താക്കി.. അമ്മയുടെ വീട്ടിൽ ചെന്ന അപ്പയെ അവരും അട്ടിയിറക്കി..
പക്ഷേ അമ്മ അപ്പയുടെ കൂടെ ഇറങ്ങി ചെന്നു..
അമ്മയുടെ മാലയും കമ്മലും വിറ്റവർ ചെറിയ മുറുക്കാൻ കട തുടങ്ങി... അടുത്ത് ഒരു വീടും വാടകയ്ക്ക് എടുത്തു..
പട്ടിണി ആയിരുന്നേലും ഞങൾ നാല് പേരും സന്തോഷത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്..
അപ്പായുടെ അനിയന്മാർ രണ്ടു പേരും ആ സ്ഥലവും വിറ്റ് തുലച്ചു കടം കേറി മുടിഞ്ഞു..
അവർ ഒരിക്കൽ വീട്ടിൽ വന്നു അപ്പായുടെ അടുത്ത് വന്ന് കരഞ്ഞ് മാപ്പ് പറഞ്ഞു..
പാവായിരുന്നു എന്റെ അപ്പ... അപ്പയ്‌ക്ക് എങ്ങനെയാണ് അവര് ചെയ്ത ക്രൂരതകൾ മറന്ന് പൊറുക്കാൻ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..
അവര് ഞങ്ങളെ അപ്പയുടെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി..
അവിടെ വേറേ ആരും ഉണ്ടായിരുന്നില്ല.. അവരുടെ ഭാര്യമാർ അവരെ ഉപേക്ഷിച്ച് പോയി എന്നാണ് പറഞ്ഞത്....
കുറച്ച് കാലം നല്ല സ്നേഹത്തിൽ ഞങ്ങളെ ഇവർ നോക്കി.. അവർക്ക് രണ്ടു പേർക്കും അന്നാട്ടിലെ കൗണ്ടറുടെ വീട്ടിൽ ആയിരുന്നു ജോലി..
മുറുക്കാൻ കട അപ്പാവെ നിർബന്ധിച്ച് അവർ നിർത്തിച്ചു..
വൈകീട്ട് വീട്ടിൽ കള്ളച്ചാരയം കൊണ്ടു വന്ന് അപ്പയെ കുടിപ്പിക്കാൻ തുടങ്ങി..
പയ്യെ പയ്യെ ഞങ്ങളെ കാണുന്നതേ അപ്പയ്‌ക്കു ദേഷ്യാവാൻ തുടങ്ങി..
അപ്പാവെ കുടിപ്പിച്ച് കുടിപ്പിച്ച് അവര് പറയുന്നതെന്തും കേൾക്കുന്ന തരത്തിലാക്കി ഞങ്ങളെ രണ്ടുപേരെയും കൗണ്ടർക്ക് വിൽക്കാനായിരുന്നു അവരുദ്ദേശിച്ചത്..
അത് പോലെ തന്നെ നടന്നു..
അപ്പയ്ക്ക് ബോധം ഇല്ലാത്ത ഒരു ദിവസം കൗണ്ടറെ അവർ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു..
അന്ന് ഞാൻ പത്തിലു പഠിക്കായിരുന്നു..
തങ്കച്ചി മല്ലിക അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് കൂടെ നിന്നു.. അന്ന് വൈകീട്ട് വീട്ടിൽ വന്ന ഞാൻ കണ്ടത് കീറി പറിഞ്ഞ ദാവണി മേലാകെ ചുറ്റി ഭയന്നിരിക്കുന്ന മല്ലികയെ ആയിരുന്നു..
അപ്പുറത്തെ മുറിയിൽ അപ്പോ എന്റെ അമ്മയുടെ കരച്ചിലും ഞാൻ... ഞാൻ കേട്ടു..
ബാക്കി പറയാൻ കഴിയാതെ അവൾ കരഞ്ഞു.. ഞാൻ മല്ലികയെ പിടിച്ച് എണീക്കാൻ ചെന്നപ്പോ പെട്ടന്ന് ബോധം വന്ന പോലെ എന്നെ തള്ളി കട്ടിലിനടിയിലേക്ക് ഉന്തിയിട്ടു..
തിരിച്ച് ഈ മുറിയിലേക്ക് വിയർത്ത് കുളിച്ച് കേറി വന്ന കൗണ്ടരെ കണ്ടപ്പോൾ ഞാൻ വാ പൊത്തി അവിടെ തന്നെ കിടന്നു..
അയാളവളെ ഒരു കൈകൊണ്ട് പൊക്കി ചുംബിക്കുന്നത് കണ്ട് ഞാൻ രണ്ടു കണ്ണും ഇറുകെ അടച്ചു.. നാളെയും വരും ഞാൻ.. അപ്പോ ഇത്പോലെ എതിർത്താൽ ഇന്നുണ്ടായ പോലെ ആയിരിക്കില്ല .. നിന്നെ ഞാൻ അങ്ങ് കൊല്ലാതെ കൊല്ലും എന്നും പറഞ്ഞവളെ അയാൾ തള്ളിയിട്ടു പുറത്തേക്ക് പോയി....
പതിയെ കട്ടിലിനടിയിൽ നിന്നും ഞാൻ
പുറത്തിറങ്ങിയതും അവളെന്നെ കെട്ടി പിടിച്ച് അലറി കരഞ്ഞു..
മറ്റെ മുറിയിൽ കയറി എന്റെ അമ്മയെ അങ്ങനെ കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു..
അപ്പ അപ്പോഴും ബോധം ഇല്ലാതെ കിടക്കുകയായിരുന്നു..
രാത്രി എന്റെ അമ്മ അടുത്തേക്ക് വന്നു .. അമ്മയുടെ പൊട്ടിയ ചുണ്ടും അടികൊണ്ട് വീർത്ത കവിളും കണ്ട് ഞാൻ പൊട്ടി കരഞ്ഞു..
അന്ന് തന്നെ എന്നെ അവർ അടുത്ത ഗ്രാമത്തിലേക്ക് പറഞ്ഞു വിടാൻ നോക്കി.. അവിടെ ഞങ്ങളുടെ മുറുക്കാൻ കടയ്ക്ക് അടുത്ത് മല്ലി പൂ വിക്കുന്ന സ്യമന്തകക്കായുടെ വീടാണ്..
അവർ അങ്ങോട്ട് താമസം മാറി പോയത് ഞങൾ ഇവിടെ വന്നതിനു ശേഷം ആയിരുന്നു..
എനിക്കും ഈ ഗതി വരതിരിക്കാൻ കയ്യിൽ കിട്ടിയ തുണി വാരി കൂട്ടി മല്ലികയുടെ കാതിലെ പൊടി കമ്മലും ഊരി തന്നെന്നെ പറഞ്ഞു വിട്ടു..
പോകാൻ കൂട്ടാക്കാതെ അമ്മയെ കെട്ടി പിടിച്ച് കരഞ്ഞ എന്നെ അമ്മ പുറത്താക്കി വാതിൽ അടച്ചു..
എനിക്ക് അപ്പോ എന്താ ചെയ്യണ്ടേ എന്നറിയാതെ ഞാൻ പെട്ടന്ന്....!!നാളെ അയാള് വീണ്ടും വന്നെന്‍റെ അമ്മയെയും അനിയത്തിയെയും ഇത് പോലെ ചെയ്യില്ലേ..! ഇനി എന്നും അങ്ങനെ വരില്ലേ..!
ആകെ പ്രാന്ത് പിടിച്ച് ഞാൻ നിൽക്കുമ്പോ ചിന്നപ്പ രണ്ടുപേരും വീട്ടിലേക്ക് വരുന്നത് ഞാൻ കണ്ടു..
അപ്പോ എന്റെ ഉള്ളിൽ അമ്മ ഇല്ല മല്ലിക ഇല്ല അപ്പ ഇല്ല... എന്റെ അമ്മയെയും അനിയത്തിയെയും വിറ്റ അവരെ മാത്രേ ഞാൻ കണ്ടുള്ളൂ.... അമ്മയെയും മല്ലികയെയും ഞാൻ ഓർത്തില്ല...പക മാത്രം മനസ്സിൽ തിങ്ങി നിന്നൊരു സ്വാർത്ഥയായ ദുഷ്ടയായിരുന്നു ഞാനപ്പോ...
അവരുള്ളിൽ കയറിയ പാടെ ഞാൻ അടുക്കളപുറത്ത് വെച്ച വലിയ മണ്ണെണ്ണ കാനെടുത്ത് വീടിന് ചുറ്റും ഒഴിച്ച് കത്തിച്ചു.. ഓലമേഞ്ഞ ആ വീട് പെട്ടന്ന് തന്നെ ആളി കത്തി..
അവരെല്ലാവരും കത്തി ചാമ്പലാകുന്നത് ഞാൻ നോക്കി നിന്നു.. പിന്നെ ഞാൻ അവിടെ നിന്നില്ല ഓടി.. എങ്ങോട്ടെക്കോ....!!!!
ഏതോ ബസിൽ കയറി ഏതൊക്കെയോ സ്ഥലങ്ങളിൽ....അലഞ്ഞു തിരിഞ്ഞ് പാതി ബോധം ഇല്ലാതെ, രണ്ടു വർഷത്തോളം.. ഇടയിൽ കാർത്തുന്ന് പേരുള്ള ഒരു കൈനോട്ടക്കാരിയുടെ കൂടെ കൂടി..
എന്നെ അവർ ഇതൊക്കെ പഠിപ്പിച്ചു.. അവരെ ചെറു മോനാ ഇവൻ, പാച്ചു... മാറിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു....
ഇവന്റെ അമ്മ പ്രസവത്തിൽ മരിച്ചതാ.. അമ്മ മരിച്ച കുഞ്ഞിനെ ഏറ്റെടുക്കാതെ ഇവന്റെ അച്ഛൻ പോയികളഞ്ഞു.. പിന്നെ കാർത്തു ചേച്ചി ആയിരുന്നു ഇവനാകെ ഉണ്ടായിരുന്നത്....
ചേച്ചി മരിച്ചിട്ട് ആറു മാസം ആയി.. ഇപ്പൊ എനിക്കിവനും ഇവന് ഞാനും മാത്രം ആയി.. ആ കുഞ്ഞിന്റെ നെറുകിൽ ചുംബിച്ച് അവൾ പറഞ്ഞവസാനിപ്പിച്ചു.. "
പിന്നീട് ചോദിക്കാൻ അയാൾക്ക് ചോദ്യങ്ങൾ ഒന്നും ഇല്ലായിരുന്നു.. അത്രമേൽ നൊമ്പരം അയാൾക്കുള്ളിൽ തിങ്ങി നിറഞ്ഞിരുന്നു..
"എനിക്ക് കുറ്റബോധം ഇല്ല, അമ്മയെയും മല്ലികയെയും രക്ഷിച്ചു എന്ന സമാധാനം മാത്രമേ ഉള്ളൂ...അവരുടെ മരണം നോക്കി കണ്ടിട്ടും നാടായ നാടൊക്കെ അലഞ്ഞിട്ടും ദൈവം എന്നെ മരിക്കാൻ വിടാതെ നിർത്തിയത് ഈ കുഞ്ഞിന് വേണ്ടി ആയിരിക്കും.. ഞാൻ ഇപ്പൊൾ പ്രസവിക്കാതെ തന്നെ ഒരമ്മയാണ്.. കാർത്തു ചേച്ചി ഉണ്ടായിരുന്നപ്പോൾ പ്രശ്നം ഒന്നുമില്ലായിരുന്നു...
എന്നാലിപ്പോൾ പലരും എന്നെ ചൂഴ്ന്നു നോക്കുന്നു .. ചില ആണുങ്ങളുടെ മാറിലേക്കുള്ള നോട്ടം താങ്ങാൻ ആവാതെ ആണ് ഞാൻ ഇവനെ ഇങ്ങനെ മാറിൽ സാരി കൊണ്ട് കെട്ടിയത്..
കാർത്തു ചേച്ചിയുടെ വീട്ടിലും ഇപ്പൊൾ രാത്രി പലരും വന്ന് കതക് മുട്ടുന്നു.. അറിയില്ല എനിക്ക് എത്ര നാളിങ്ങനെ...!! നാളെ എന്റെ അമ്മയെയും അനിയത്തിയേയും പോലെ എന്നെയും ആരെങ്കിലും....!
അവരെ കൊന്നത് പോലെ ഇവനെയും കൊന്നു മരിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്.. പക്ഷേ ഇവന്റെ ചിരി, കൊഞ്ചൽ ഒക്കെ കാണുമ്പോ... ജീവിക്കാൻ തോന്നുന്നു സാറേ... എനിക്ക് ഇവനേയും കൊണ്ട് ഇനിയും ജീവിക്കണം.. എന്റെ മോന്റെ വളർച്ച മുഴുവനും എനിക്ക് കാണണം..."
പൊട്ടി കരഞ്ഞവൾ നിലത്തേക്ക് ഊർന്നു വീണു..
കരച്ചിൽ കേട്ട് കുഞ്ഞ് ഞെട്ടി എണീറ്റു കരയാൻതുടങ്ങി.. അവനെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അവൾ കരഞ്ഞു കൊണ്ടിരുന്നു..
അയാൾ പതിയെ അവൾക്കടുത്തേക്ക് ചെന്ന് ആ കുഞ്ഞിനെ കയ്യിൽ എടുത്ത് ആശ്വസിപ്പിച്ചു.. കൂടെ അവളെയും ഉയർത്തി നിറഞ്ഞ രണ്ടു കണ്ണും തുടച്ചു..
'നിനക്ക് സ്നേഹിക്കാൻ ഇവനുണ്ട്.. ഇവന് നീയും..
എനിക്ക് സ്നേഹിക്കാൻ ഇന്നീ ഭൂമിയിൽ ജീവനോടെ ആരുമില്ല....ഞാൻ, ഞാൻ സ്നേഹിച്ചോട്ടെ ഇനി മുതൽ നിങൾ രണ്ടു പേരെയും....!'
അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു..
'എന്റെ അമ്മ പറയാറുണ്ടായിരുന്നു എന്നെ തേടി ഒരു നീല കണ്ണുള്ളവൾ വരുമെന്ന്... തിങ്ങിയ പീലികളുള്ള, കണ്ണിൽ ഒരു കടൽ ഒളിപ്പിച്ച പെണ്ണൊരുത്തി...കാലം ആ സത്യം നിന്നിലൂടെ ഇവിടെയെത്തിച്ചു...'
കുസൃതിയോടെ അയാളുടെ സംസാരത്തിൽ ആ പെണ്ണിന്റെ കണ്ണിൽ വീണ്ടും ഒരു കടൽ തെളിഞ്ഞു..സ്നേഹത്തിൻറെ , പ്രതീക്ഷയുടെ,
സ്വപ്നങ്ങളുടെ ഒരു ആഴകടൽ...