രചന: Tijo Thomas
അയാളും ഞാനും തമ്മിൽ.
ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ ?
അയാൾ ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് സാവിത്രിയോട് ചോദിച്ചു.സാരി വാരി ഉടുക്കുന്നതിനിടയിലും അവൾ ആ ചോദ്യം ശ്രദ്ധിച്ചു.അവൾ അയാളെ നോക്കി ഒന്നു ചിരിച്ചു.ഇരുവരും നന്നായി വിയർത്തിരുന്നു രാവേറെയായി.അയാളുടെ തലമുടി ഒക്കെ നരച്ചിട്ടുണ്ട്.
എടി ഞാൻ ചോദിച്ച കേട്ടില്ലേ നീ..നിന്നെ ഞാൻ അങ്ങ് കെട്ടട്ടെ എന്ന്?അയാൾ അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ചു അടുപ്പിച്ചു കൊണ്ട് ചോദിച്ചു.കൊതിയോടെ അയാൾ വീണ്ടും അയാൾ അവളുടെ അധരങ്ങൾ ഊറി കുടിച്ചു.
നിങ്ങൾ എന്നെ കെട്ടുവോ ?
ചൂടുള്ള ആ ചുംബനത്തിനു ശേഷം അവൾ ചോദിച്ചു.അറിയാതെയാണെങ്കിലും അവളുടെ കരിമഷി പടർന്ന കണ്ണുകളിൽ കാമം മാറി ഒരു പ്രതീക്ഷ വന്നത് പോലെ അയാൾക്ക് തോന്നി.
മുകളിലെ പഴകിയ ഫാനിന്റെ മോട്ടോർ കര കര ശബ്ദമുണ്ടാക്കി കറങ്ങി കൊണ്ടിരുന്നു.
എന്താ നിങ്ങൾ ഒന്നും പറയാത്തെ.അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരൽ ഒടിച്ചു കൊണ്ട് അവൾ ചോദിച്ചു.
ഒരുപാട് പേർക്ക് കിടക്ക വിരിച്ചവൾ ആയത് കൊണ്ടാവും അല്ലെ?പിന്നെ നാട്ടിൽ എനിക്ക് നല്ല പേരാണല്ലോ.അവൾ അപ്പോഴും ചിരിച്ചു.
നിങ്ങൾ കളി ആയി ചോദിച്ചതാണെന്നു എനിക്ക് അറിയാം.ഞാനും കളി ആയി പറഞ്ഞതാ.
ആഴ്ചയിൽ ഒരിക്കൽ നിങ്ങൾ ഇവിടെ എന്റെ അടുത്ത് വരുവാൻ തുടങ്ങിയതിൽ പിന്നെ മറ്റൊരുത്തനും ഞാൻ പായ വിരിച്ചിട്ടില്ല.കൂടെ കിടന്നിട്ടും ഇല്ല.ആദ്യ വേഴ്ചയിൽ തന്നെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത് അതല്ലേ.നിങ്ങൾ കാമിച്ചപ്പോ എനിക്ക് വേദനിച്ചില്ല.കാരണം അത് വരെ ഒരു പുരുഷനും നൽകാത്ത സ്നേഹം നിങ്ങൾ എനിക്ക് നൽകി.നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും കിടക്ക വിരിക്കില്ല എന്ന് ഞാൻ തന്ന വാക്ക് ഇന്നും ഞാൻ പാലിക്കുന്നുണ്ട്.
എനിക്കൊപ്പം നിങ്ങൾ ജീവിക്കേണ്ട.പക്ഷെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.ഭ്രാന്ത് ആണ്.അത് ഇങ്ങനെ കാമം കൊതിച്ചല്ല അതിനുമപ്പുറമുള്ള ചില ഇഷ്ടങ്ങൾ ഇല്ലെ.ചില അധികാരങ്ങൾ ഇല്ലെ ,അത് പോലെ ഒരിഷ്ടം.പിഴച്ചു പോയവൾക്ക് ഇഷ്ടങ്ങൾ പാടില്ലെന്ന് പണ്ട് ശർമിള ചേച്ചി പറഞ്ഞിട്ടുണ്ട്.
അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി.ആ മിഴികളിൽ നനവ് പടർന്നിരുന്നു.അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തുമ്പോൾ വാരി ചുറ്റിയ സാരിയുടെ തുമ്പ് അഴിഞ്ഞു നിലത്തു വീണിരുന്നു അവളറിയാതെ.അഴിഞ്ഞു കിടന്ന മുടിക്കുള്ളിൽ വിരൽ കടത്തി അയാൾ അവളെ തലോടി.
പെണ്ണെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..
മം..അവൾ മൂളി
നീ എങ്ങനെ ആണ് ഈ ഒരു അവസ്ഥയിൽ എത്തിയത്.
അവൾ അയാളുടെ നെഞ്ചിൽ നിന്നും തല ഉയർത്തി കൊണ്ട് ഒരു മറു ചോദ്യം ചോദിച്ചു.
ഞാൻ പിഴച്ച കഥയാണോ അതോ എന്നെ പിഴപ്പിച്ച കഥയാണോ നിങ്ങൾക്ക് അറിയേണ്ടത്.
ആ ചോദ്യത്തിന് മുന്നിൽ അയാൾക്ക് മറ്റൊന്നും അറിയണം എന്ന് തോന്നിയില്ല.
ഇരുളിന്റെ മറ പറ്റി അയാൾ തിരികെ പോയി.അവൾ വീണ്ടും തനിച്ചായി.ബെഡിലേക്ക് ചരിഞ്ഞു കിടന്നു കൊണ്ട് വെറുതെ സ്വപ്‌നങ്ങൾ കാണാനും ഒരു ഭാഗ്യം വേണം.
സാവിത്രി മനസ്സിൽ പറഞ്ഞു.തന്നെക്കാൾ പത്തു വയസു കൂടുതൽ ഉണ്ടവൾക്ക്.നരച്ച തലമുടിയിൽ പിടിച്ചു നെഞ്ചിൽ ചേർത്ത് വച്ചപ്പോൾ ഒരിക്കൽ അവൾ ചോദിച്ചിരുന്നു അയാളുടെ പ്രായം.
ഇന്ന് നീ ആ ചുവന്ന സാരി അണിയണം.ആ ചുവന്ന പൊട്ടും.ഒരു ദിവസം അയാൾ അവളെ വിളിച്ചു പറഞ്ഞു.ആ രാത്രി അവൾ ഒരുങ്ങി കാത്തിരുന്നു.
ഇരുൾ കനത്തപ്പോൾ മറ പറ്റി അയാൾ വന്നു.അന്ന് നല്ല മഴ ആയിരുന്നു.അയാൾ അവൾക്ക് കുറെയേറെ പലഹാരങ്ങൾ കൊണ്ട് വന്നിരുന്നു അന്ന്.
ഒരുമിച്ചു ഭക്ഷണം കഴിച്ചതിന് ശേഷം ആ മഴയിലെ ഈറൻ പോലെ ഇരുവരും ഇഴുകി ചേർന്നു.
ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ..അയാൾ വീണ്ടും അവളോട് ചോദിച്ചു.
ആ വാടക വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ് ഇവിടെ നീയും.
നിങ്ങൾ അവിവാഹിതൻ അല്ലെ..എന്നെ പോലൊരു പെണ്ണിനെ എന്തിനാ നിങ്ങൾക്ക്.നിങ്ങൾക്ക് വട്ട് പിടിച്ചോ?
അവൾ അയാളുടെ മൂക്കിൽ പിടിച്ചു വലിച്ചു.
നീയാണിപ്പോൾ എന്റെ വട്ട്.ഞാൻ കാര്യമായി ചോദിച്ചതാ പെണ്ണെ.അയാൾ അവളെ വീണ്ടും വീണ്ടും ചുംബിച്ചു കൊടുമുടി കയറ്റി.ഞരക്കത്തോടെ ആ ഫാൻ അപ്പോഴും ശബ്ദം ഉണ്ടാക്കിയെങ്കിലും മഴയുടെ മെലഡിയിൽ അത് അവർ കേട്ടതേ ഇല്ല.
നിങ്ങൾ എല്ലാം ആലോചിച്ചു ആണോ ഈ പറയുന്നത്.വിശ്വാസം വരാത്തത് പോലെ അവൾ ചോദിച്ചു.
അതെ എല്ലാം ആലോചിച്ചു തന്നെ.അടുത്ത ആഴ്ച നമുക്ക് രജിസ്റ്റർ ചെയ്യാം.എനിക്ക് നീയും നിനക്ക് ഞാനും.
നിങ്ങൾക്ക് എന്നോട് പ്രണയമാണോ ?
അവളുടെ ആ ചോദ്യത്തിന് അയാൾക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നുവെങ്കിലും അവൾ അങ്ങനെ തന്നെ വിശ്വസിക്കാൻ ഇഷ്ടപ്പെട്ടു.
എല്ലാം ഒരു സ്വപ്നം പോലെയാണ് അവൾക്ക് തോന്നിയത്.
അവൾ സമ്മതം അറിയിച്ചു.മഴ മാറി.രാവിന്റെ വശ്യതയിൽ മുറ്റത്തെ മുല്ല പൂവിട്ടു.അതിന്റെ പരിമളം മുറിക്കുള്ളിൽ വരെയെത്തി.
അയാൾ ആ രാത്രി പോയില്ല.പോകാൻ അയാൾക്ക് മനസ്സ് വന്നില്ല.പിറ്റേന്ന് പുലർച്ചെ അയാൾ പോയി.
സാവിത്രി സ്വപ്നം കാണാൻ തുടങ്ങി.ഈ രീതിയിൽ ജീവിക്കുന്ന ഒരു പെണ്ണും കാണാൻ പാടില്ലാത്ത സ്വപ്നം.പക്ഷെ അവൾക്ക് കാണാൻ യോഗ്യത ഉണ്ടല്ലോ.
രണ്ട് ദിവസത്തിന് ശേഷം അയാൾ വിളിച്ചു.നാളെ വെള്ളി.നാളെത്തന്നെ രജിസ്റ്റർ ചെയ്യാം.അതിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു.
അവൾ അനുഭവിച്ച സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.
പിറ്റേന്ന് രാവിലെ കുളിച്ച് അയാൾ വാങ്ങിക്കൊടുത്ത സെറ്റ് സാരിയും ധരിച്ചു അവൾ പതിവിലും കൂടുതൽ സമയം കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ സൗന്ദര്യം ആസ്വദിച്ചു.
ഒരു ടാക്സി വിളിച്ചു അവൾ രജിസ്റ്റർ ഓഫീസിൽ എത്തി.പറഞ്ഞ സമയം കഴിഞ്ഞിട്ടും അയാൾ വന്നില്ല.സാവിത്രി അയാളെ വിളിച്ചു പക്ഷെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ആണ്.ഇറങ്ങും മുൻപ് ഒന്ന് വിളിച്ചു നോക്കാഞ്ഞത് തന്റെ മണ്ടത്തരം ,അല്ല ജീവിതത്തോടുള്ള ആർത്തി.അവൾ സ്വയം പറഞ്ഞു.
അയാൾ പറഞ്ഞ അറിവ് വച്ചു അവൾ അയാളുടെ വാടക വീട് കണ്ടെത്തി.അത് പൂട്ടി കിടക്കുകയിരുന്നു.
അയാൾ ഇന്നലെ വൈകുന്നേരം പോയി.അയാളുടെ ഭാര്യയും മക്കളും വന്നിരുന്നു.അയാൾ അവർക്കൊപ്പം പോയി.ഇടയ്ക്കിടെ അയാളെ കാണാൻ ഇവിടെ സ്ത്രീകൾ വരാറുണ്ട്.
മുൻപരിചയം ഇല്ലാത്തൊരു മധ്യവയസ്കൻ സാവിത്രിയോട് അത്രയും പറഞ്ഞിട്ട് നടന്നകന്നു.
അയാൾ കല്യാണം കഴിച്ചിരുന്നോ ? എന്തിനാ അയാൾ തന്നോട് കള്ളം പറഞ്ഞത് ,എന്തിനാ അയാൾ തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞത് ?
ചോദ്യങ്ങൾ അവളിൽ ഘോഷയാത്ര തീർത്തു.
പകൽ സമയങ്ങളിൽ അവൾ എവിടെയൊക്കെയോ അലഞ്ഞു നടന്നു.
പൊട്ടിയാണ് ഞാൻ വെറും പൊട്ടി.ശരീരം വിറ്റവൾ മനസു മോഹിക്കാൻ,ജീവിതം സ്വപ്നം കാണാൻ പാടില്ലായിരുന്നു.
സ്വയം പറഞ്ഞു അവൾ മെല്ലെ ചിരിച്ചപ്പോഴും മിഴികൾ നിറഞ്ഞിരുന്നു.
രാത്രിയോടെ അവൾ വീട്ടിൽ തിരികെയെത്തി.വാതിൽ അകത്തു നിന്ന് പൂട്ടി.മുറിക്കുള്ളിലെ ഫാൻ അപ്പോഴും കര കര ശബ്ദം ഉണ്ടാക്കി കറങ്ങി കൊണ്ടിരുന്നു.രാവിലെ അയാളെ കാണാൻ ഇറങ്ങി ഓടിയ ഓട്ടത്തിൽ താൻ ഇത് ഓഫ് ചെയ്യാൻ മറന്നിരിക്കുന്നു.ഇന്ന് ഈ ഫാനിന്റെ നശിച്ച ഈ ശബ്ദം മാറ്റണം.
ഉടുത്തിരുന്ന സെറ്റ് സാരി അഴിച്ചു അവൾ ഫാനിൽ ഒരു കുരുക്ക് ഉണ്ടാക്കി.അതെ അയാൾ വാങ്ങി കൊടുത്ത ആ സെറ്റ് സാരി തന്നെ.ആ കുരുക്കിൽ അവൾ തന്റെ കഴുത്തു ഭദ്രമാക്കി..
അയാളും ഞാനും തമ്മിൽ എന്തായിരുന്നു.എന്തായിരുന്നു അയാൾക്ക് എന്നോട്.കാമം ആയിരുന്നോ ?ആ കാമം താൻ പ്രണയമായി തെറ്റിധരിച്ചു.അയാളും ഞാനും തമ്മിൽ ഇനിയൊന്നുമില്ല പിഴച്ചു പോയവൾക്ക് പിഴ ഏറ്റു പറയാൻ ദൈവത്തിന്റെ കോടതി മാത്രം.സ്വപ്‌നങ്ങൾ ഇല്ലാത്തവൾ ആയി എനിക്ക് ഉറങ്ങണം.
കണ്ണുകൾ തള്ളി അവൾ പിടഞ്ഞു.ആ കാലുകൾ തണുത്തുറഞ്ഞു അവളുടെ സ്വപ്‌നങ്ങൾ ദേശാടനം ചെയ്തു.
മുറ്റത്തെ മുല്ലയിൽ നിന്ന് വിടരാൻ കൊതിച്ച ഒരു കുഞ്ഞു പൂവിനെ തെക്ക് നിന്ന് ഇരുട്ടിന്റെ മറ പറ്റി വന്നൊരു കള്ള കാറ്റു നിലത്തേക്ക് തല്ലി കൊഴിച്ചിട്ടു.
- ശുഭം-