അജീഷ് പറഞ്ഞു നിർത്തിയതും ഭാര്യ ദീപ്തി അതിന്റെ ബാക്കി ഏറ്റുപി ടി ച്ചു...

Valappottukal



രചന: ദേവാർദ്ര ആർ

പതിവില്ലാതെ മകന്റെ കാർ ഉമ്മറത്ത് വന്ന് നിന്നതും മാധവൻ സംശയത്തോടെ കലണ്ടറിലേക്ക് നോക്കി.ഓണവും ക്രിസ്മസും വിഷുവുമൊന്നുമല്ല,ഇന്നാരുടെയും പിറന്നാൾ ഉള്ളതായും ഓർമയില്ല.സാധാരണ ഇങ്ങനെ എന്തെങ്കിലും വിശേഷ ദിവസങ്ങളിലേ വരാറുള്ളൂ.അല്ലെങ്കിൽ മകന്റെ വീട്ടിലെ അടുക്കളയിൽ  തേങ്ങയും പുളിയുമൊക്കെ  തീരുമ്പോൾ ഞായറാഴ്ച ദിവസം  വൈകുന്നേരങ്ങളിൽ വരാറുണ്ട് .ഇന്ന് തിങ്കളാഴ്ചയാണ് .പിന്നെന്തേ പതിവില്ലാത്തൊരു സന്ദർശനം?
മാധവൻ ചിന്തിച്ചുകൊണ്ടിരിക്കവേ മരുമകളും കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്നത് കണ്ടു.അപ്പോൾ കാര്യമായി എന്തോ ഉണ്ട്.അല്ലാതെ ജോലിക്ക് പോകേണ്ട ദിവസം വരില്ല.മാധവന്റെ മകൻ അജീഷ് ബാങ്ക് മാനേജറും ഭാര്യ ദീപ്തി ടെക്‌നോപാർക്കിലെ ഒരു പ്രമുഖ കമ്പനിയിലുമാണ് ജോലി ചെയുന്നത്. മൂന്ന് കിലോമീറ്റർ അപ്പുറമാണ് മകൻ വീട് വെച്ച് താമസിക്കുന്നതെങ്കിലും മാസത്തിൽ ഒരിക്കലെങ്കിലും അച്ഛനേം  അമ്മയേം കാണാൻ വരുന്നത് അപ്പൂർവമാണ്.
ഉമ്മറത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ട് മാധവന്റെ ഭാര്യ രാഗിണിയും പുറത്തേക്ക് വന്നു.ഏകദേശം അമ്പതിയഞ്ചിനടുത്ത് പ്രായമുള്ള തടിച്ച ശരീരമുള്ളവരായിരുന്നു  രാഗിണി.മകനും മരുമകളും ഉമ്മറത്തേക്ക് കയറി വരുന്നത് കണ്ടതും രാഗിണി  ചിരിയോടെ മകനോട് ചോദിച്ചു. 

"നിങ്ങൾ രണ്ടാളും മാത്രം വന്നതെന്താ... കുട്ടികളെ കൂടെ കൊണ്ടുവന്നുടായിരുന്നോ?"

രാഗിണി പറഞ്ഞ് നിർത്തിയതും  അജീഷ് ദേഷ്യത്തോടെ അമ്മയെ നോക്കി.
"എന്തിന് ?അവർടെ അമ്മാമ്മയുടെ  വയസ്സാംകാലത്തെ  വേഷം കെട്ട് കാണിക്കാനോ?"

അവൻ പറഞ്ഞു നിർത്തിയതും രാഗിണി ഒരു  പകപ്പോടെ മകനെ ഉറ്റു നോക്കി. അവർ  നോക്കുന്നത് കണ്ടതും അജീഷിന്  പിന്നെയും ദേഷ്യം ഇരച്ചു കയറി.

 " അമ്മയ്ക്കി വയസ്സാംകാലത്ത് എന്തിന്റെ കേടാ? അമ്മ എന്നുമുതലാ ചുരിദാറിട്ട്  തുടങ്ങിയത്? ഇത്രയും കാലോം സാരിയുടുത്ത് അല്ലേ നടന്നത്. ഈ അറുപതാം വയസ്സിലാണോ  ഓരോ കോപ്രായങ്ങൾ കാണിച്ചുകൂട്ടുന്നത്. ചുരിദാറും വലിച്ചു കേറ്റി നാട്ടുകാരെ കാണിക്കാൻ ഇറങ്ങിയേക്കുന്നു.. അതുമാ  ശാരദ അപ്പച്ചിയുടെ മോളുടെ കല്യാണത്തിന്.. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ  ബാക്കിയുള്ളവരെ കൂടി നാണംകെടുത്താനായിട്ട് ..." ന്ന് പറഞ്ഞുകൊണ്ട് അജീഷ് ദേഷ്യം കടിച്ചമർത്തി.

അജീഷ് പറഞ്ഞു നിർത്തിയതും ഭാര്യ ദീപ്തി  അതിന്റെ ബാക്കി ഏറ്റുപിടിച്ചു പറഞ്ഞ് തുടങ്ങി
"ഹോ കല്യാണത്തിന് വന്ന പെണ്ണുങ്ങള് അമ്മേടെ വേഷത്തെ പറ്റി കൂടിയിരുന്ന് പറഞ്ഞ്  കളിയാക്കുന്നതും ചിരിക്കുന്നതും  കണ്ടപ്പോ മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി. അമ്മ ഇതൊക്കെ ഇട്ട് ഇറങ്ങുന്നതിനു മുമ്പ് ഞങ്ങളെ പറ്റി ഒന്ന് ചിന്തിച്ചോ ? ഒരല്പം ബോധമുണ്ടോ അമ്മയ്ക്ക്"
മകന്റെയും മരുമകളുടെയും മാറിമാറിയുള്ള കുറ്റപ്പെടുത്തലുകൾ കേട്ടുകൊണ്ട് രാഗിണി തലതാഴ്ത്തി നിലത്തേക്ക് നോക്കി നിന്നു. അവരുടെ കാഴ്ചയെ മറച്ചു കൊണ്ട് കണ്ണുനീർ ഉരുണ്ടുകൂടി. അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ടതും അജീഷ് പിന്നെയും അവരുടെ നേർക്ക് ക്രുദ്ധനായി.

"കല്യാണവീട്ടിൽ വെച്ച് ആ മനു എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ  'അമ്മായിക്ക് അജീഷേട്ടൻ സാരി ഒന്നും വാങ്ങി കൊടുക്കാറില്ലേ  അതാണോ ദീപ്തി ചേച്ചിയുടെ ചുരിദാറും ഇട്ട്  നടക്കുന്നേന്ന്, ഈ വയസ്സാൻ കാലത്ത് അമ്മായിയെ  ചുരിദാർ ഇടീച്ച് നാട്ടുകാരെ ചിരിപ്പിക്കേണ്ട വല്ല ആവശ്യമുണ്ടോന്ന്,'അവന്റെ സംസാരം കേട്ട് മനുഷ്യൻ നാണം കെട്ടുപോയി.. അവിടുന്ന് ഇറങ്ങി ഓടാനാ  തോന്നിയത്.. അമ്മയിത്  ആരോട് ചോദിച്ചിട്ടാ ചുരിദാർ വാങ്ങിയിട്ടത്?"

 "ച്ചീ... നിർത്തെടാ..."

അത്രയും നേരം മകനും മരുമകളും പറയുന്നതും കേട്ടുകൊണ്ട് ഉമ്മറത്തെ കസേരയിലിരുന്ന മാധവൻ ചാടിയെണീറ്റ് കൊണ്ടു പറഞ്ഞു..

"അവളുടെ ശരീരം മറയ്ക്കാൻ തുണി ഇടുന്നതിന് നിന്റെം നിന്റെ ഭാര്യയുടെയും അനുവാദം വാങ്ങിക്കണോടാ ... നിന്റെ ഇഷ്ടത്തിന് തുണിയുടുത്ത് നടക്കാൻ നീയല്ല  അവക്ക് ചെലവിനു കൊടുക്കുന്നത്.. നാട്ടുകാരുടെ ഇഷ്ടത്തിനും അവരെ കാണിക്കാനുമല്ല  തുണിയുടുക്കേണ്ടത് , അവരവർക്ക് ഇഷ്ടപ്പെട്ടതും സൗകര്യപ്രദവും ആയിട്ടുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അവരവരുടെ ഇഷ്ടത്തിനു തുണിയുടുക്കാനുള്ള  സ്വാതന്ത്ര്യം ഇവിടെ ഉണ്ടെന്ന്  എന്റെ ബാങ്ക് മാനേജർ മോനും മരുമോൾക്കും അറിഞ്ഞുകൂടെ.."

അച്ഛന്റെ മറുപടിയിൽ അജീഷും ദീപ്തിയും ഒന്ന് പകച്ചു.അജീഷിനോട് ദേഷ്യപ്പെടുന്ന ഭർത്താവിനെ രാഗിണിയും അന്തിച്ചു നോക്കിനിന്നു.

"ന്നാലും ഈ പ്രായത്തിൽ അമ്മ  ചുരിദാർ ഇടുന്നത് ..." അജീഷ് അത്ര പറഞ്ഞ്  നിർത്തികൊണ്ട് അച്ഛനെ നോക്കി. 

"അതെന്താ അവൾ ഈ പ്രായത്തിൽ ചുരിദാർ ഇട്ടാൽ.. നിന്റെ ഭാര്യയും ചുരിദാർ തന്നെ അല്ലേ എല്ലായിടത്തുമിട്ടോണ്ട് പോകുന്നത്. ഓഫീസിലെ ഓണപ്പരിപാടിക്കും ആരുടെയെങ്കിലും കല്യാണത്തിനുമല്ലാതെയവൾ സാരി ഉടുക്കാറുണ്ടോ?"

 "അത് ഓഫീസിൽ പോകുമ്പോൾ സാരിയേക്കാൾ ചുരിദാറാണ് കുറച്ചുകൂടെ എനിക്ക് കംഫർട്ടബിൾ ,അതുകൊണ്ടാണ്.പിന്നെ രാവിലത്തെ തിരക്കിനിടയിൽ സാരിയുടുക്കാനും സമയം കിട്ടാറില്ല."മാധവന്റെ ചോദ്യം കേട്ടുകൊണ്ട് ദീപ്തി പറഞ്ഞു.

"ആന്നെ .... നിനക്ക് ഇണങ്ങുന്നതും സൗകര്യപ്രദമായിട്ടുള്ളതല്ലേ ഇടുന്നത്."

 "അവൾ ഇടുന്നതു പോലെയാണോ ഈ അറുപതാം വയസ്സിൽ  അമ്മ ഇടുന്നത്"അച്ഛന്റെ  മുന്നിൽ അജീഷ് തന്റെ ന്യായം നിരത്തി.

"അമ്മയോട് സ്നേഹവും കരുതലും ഉണ്ടായിരുന്നെങ്കിൽ എന്റെ മോനും മരുമകളും ഇങ്ങനെ ഇവിടെ വന്ന് പറയില്ലായിരുന്നു. 
 എടാ..ഓണത്തിന് അച്ഛന് ഒരു ഷർട്ടും മുണ്ടും  അമ്മയ്ക്ക് ഒരു സാരിയും എടുത്തു കൊണ്ട് വന്നു നീ നിന്റെ കടമ തീർക്കുന്നു, നിന്റെ അമ്മയ്ക്ക് തൈറോയ്ഡ് ഉള്ള കാര്യം നീ മറന്നിട്ടില്ല എന്നാണ് എന്റെ ഒരു വിശ്വാസം, അവള് ദിവസം രണ്ടു ഗുളിക വെച്ച് കഴിക്കുന്നുണ്ട്. തൈറോയ്ഡ് ഉള്ളതുകൊണ്ടും ഹോർമോൺ ഗുളിക കഴിക്കുന്നുവർക്ക്  ശരീരം തടിക്കുമെന്നും മാറിടത്തിന്റെ വലിപ്പം കൂടുമെന്നും അറിയാമോ? അത് കാരണം അവൾ എന്തോരം ബുദ്ധിമുട്ടുന്നുണ്ടെന്ന് നിനക്കറിയാമോ, തടി കൂടി കൊണ്ടേയിരിക്കുന്നത് കാരണം ഉപയോഗിച്ചുകൊണ്ടിരുന്ന ബ്ലൗസും  അടിവസ്ത്രങ്ങളും പോലും പാകമാകുന്നില്ല. ഒരാഴ്ച  മുന്നേ തയ്പ്പിച്ചിട്ട് ബ്ലൗസ്  ഇന്ന് ഇടാൻ പറ്റാത്ത അവസ്ഥയാ.എവിടെലും പോവാൻ നേരം നിന്ന് സാരി ഉടുക്കാൻ അവൾ എന്തോരം ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിയാമോ,അവളെന്തോരം മാനസിക സമ്മർദ്ദം അനുഭവിക്കുന്നെന്ന്  അറിയോ "

മാധവന്റെ  മറുപടിയിൽ  ദീപ്തിക്ക്  ഏകദേശം കാര്യങ്ങൾ മനസ്സിലാകുന്നുണ്ടായിരുന്നു. മകളെ പ്രസവിച്ച സമയത്ത് പെട്ടെന്ന് ശരീരം തടിച്ചപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവൾക്ക് ഓർമ്മ വന്നു. 

മാധവൻ പിന്നെയും തുടർന്നു
"പിന്നെ ചുരിദാർ ചെറുപ്പക്കാർ മാത്രമേ  ഇടാകുവോളന്ന്  എവിടെയും എഴുതി വെച്ചിട്ടില്ല. അവക്കിഷ്ടമുള്ള തുണി അവൾ വാങ്ങിചിട്ടതിന് നീ ഇത്ര ദേഷ്യപ്പെടേണ്ടെയും  നാണംകെടേണ്ടെയും  യാതൊരു ആവശ്യവുമില്ല. എന്റെ ഭാര്യ എന്റെ പൈസയക്കാണ് അവക്കിഷ്ടമുള്ള തുണി വാങ്ങിയുടുക്കുന്നത് . അതിൽ  നിനക്കും നാട്ടുകാർക്കും ചൊറിച്ചിൽ വേണ്ട. പിന്നെ മനുന്  മറുപടി കൊടുക്കാൻ നിനക്ക് നട്ടെല്ലില്ലാത്ത കൊണ്ട് ഇനി അവനെ കാണുമ്പോൾ  ഞാൻ അവനുള്ള മറുപടി  കൊടുത്തേക്കാം. പിന്നെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ നടിയുടെ വസ്ത്ര സ്വാതന്ത്ര്യത്തെപറ്റിയുള്ള കമന്റ ഒക്കെ  ഗംഭീരമായിരുന്നു.. നാട്ടുകാരെ കാണിക്കാൻ വിളിച്ചുകൂവി കമന്റും പോസ്റ്റുമിട്ട് നടന്നാൽ മാത്രം പോരാ ,അത് പ്രാവർത്തികമാക്കണം."

മാധവന്റെ  മറുപടിയിൽ  അജീഷും ദീപ്തിയും ഒരക്ഷരം മിണ്ടാതെ തലകുനിച്ച് നിന്നു.അച്ഛൻ പറഞ്ഞതെല്ലാം ശരിയാണെന്നുള്ള ഉത്തമബോധ്യം അവർക്കുണ്ടായിരുന്നു.
മകന്റെയും മരുമകളുടെയും നിൽപ്പ് പുച്ഛത്തോടെ നോക്കിക്കൊണ്ട് മാധവൻ പറഞ്ഞു
 
"അവള്  നല്ല സവാളവട ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതും തിന്ന്  സമയം കളയാതെ വീട്ടിൽ പോകാൻ നോക്ക്...ങ്ങാ പിന്നെ ചായ്പ്പില് ഒരു ഏത്തക്കുല  വെട്ടിവെച്ചിട്ടുണ്ട് അത് എടുക്കാൻ മറക്കണ്ട, വേണമെങ്കിൽ രണ്ട് ഏത്തവാഴ കന്നും എടുത്തോ...."
അത്രയും പറഞ്ഞുകൊണ്ട് മാധവനെ നോക്കി നിന്ന് രാഗിണിയും നോക്കി അയാൾ ഒന്ന് കണ്ണിറുക്കി ചിരിച്ചു.

                                                
To Top