ഭാര്യയുടെ നേർക്ക് ഷർട്ട് നീ, ട്ടുമ്പോൾ അപ്പുറത്തെ മുറിയിലിരിയ്ക്കുന്ന എൻ്റെ...

Valappottukal


രചന: സജി തൈപ്പറമ്പ്

മകളുടെ കല്യാണം കഴിഞ്ഞപ്പോൾ പോക്കറ്റ് കീറിയെന്ന് പലരും പറഞ്ഞത്, എൻ്റെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയായി

മൂന്ന് ദിവസം മുൻപായിരുന്നു അവളുടെ കല്യാണം, ഇന്നിപ്പോൾ മകളുടെ കല്യാണത്തിന് പങ്കെടുത്ത്, അഞ്ഞൂറ് രൂപ സംഭാവന തന്ന, രാജൻ കൊച്ചേട്ടൻ്റെ മകളുടെ കല്യാണത്തിന് പോകണം,,

അഞ്ഞൂറിന് പകരം, ആയിരം രൂപ ,കൊച്ചേട്ടന് തിരിച്ച് കൊടുക്കണം ,അത് പിന്നെ, ടാക്സി ഓടുന്ന കാറിൻ്റെ സിസി അടയ്ക്കാൻ വച്ചിരിക്കുന്നതിൽ നിന്നുമെടുത്തു, സംഭാവന കിട്ടിയത്, നുള്ളിപ്പെറുക്കി സ്വർണ്ണക്കടക്കാരനും പലചരക്ക് ,പച്ചക്കറി ,
പന്തല്കാർക്കും കൂടി കൊടുത്ത് കഴിഞ്ഞപ്പോൾ തീർന്നിരുന്നു

ഇനിയും കടങ്ങളേറെയുണ്ട് ,
അതൊക്കെ തീരണമെങ്കിൽ, ദൈവം എനിക്ക്, എഴുപത് വയസ്സ് വരെയെങ്കിലും വളയം പിടിക്കാനുള്ള ആയുസ്സും ആരോഗ്യവും തരണം,,

പറഞ്ഞ് വന്നത് അതല്ല, കല്യാണത്തിന് ഇട്ടോണ്ട് പോകാൻ നല്ലൊരു ഷർട്ട് തപ്പിയിട്ട്, ആകെയുള്ളത് ,മോളുടെ വിവാഹ ദിവസം ഇട്ടിരുന്ന ക്രീം കളർ ഷർട്ട് മാത്രമാരിരുന്നു,,

അതെടുത്ത് നോക്കിയപ്പോഴാണ് ഷർട്ടിൻ്റെ പോക്കറ്റ് കീറിയിരിക്കുന്നതും, ബട്ടൺസ് രണ്ടെണ്ണം പോയിരിക്കുന്നതും കാണുന്നത്,,

ഇവളിതൊന്നും കഴുകിയപ്പോൾ കണ്ടില്ലേ?

തികട്ടി വന്ന ദേഷ്യത്തിൽ ഭാര്യയെ രണ്ട് ചീത്ത പറയാമെന്ന് കരുതി, അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അവളെ അവിടെ കാണാനില്ല,

അപ്പോഴാണ്, ചായ്പ്പിലിട്ടിരിക്കുന്ന തയ്യൽ മെഷീൻ്റെ ശബ്ദം കേട്ടത്, നേരെ അങ്ങോട്ട് ചെല്ലുമ്പോൾ കാണുന്നത്, പാലപ്പം ചുട്ട് വച്ചത് പോലെ, സ്റ്റൂളിൻ്റെ മേൽ അടുക്കി വച്ചിരിക്കുന്ന അവളുടെ പഴകിയ കുറെ ബ്രേസിയറുകളായിരുന്നു,

അതിൽ നിന്ന് ഒരെണ്ണമെടുത്ത് അവൾ തയ്യൽ മെഷീൻ്റെ സൂചിക്ക് താഴെ വച്ച്, വേറൊരു ബ്രായിൽ നിന്ന് കട്ട് ചെയ്ത് വച്ചിരുന്ന, സ്ട്രാപ്പ് ചേർത്ത് വച്ച് തയ്ക്കാനുള്ള ശ്രമത്തിലാണ്,

അത് കണ്ടപ്പോൾ, എൻ്റെ ക്ഷോഭം പെട്ടെന്നടങ്ങി.

നീയെന്താ ഈ കാണിക്കുന്നത് ?

ഓഹ്, എന്നാ പറയാനാ ?എൻ്റെ ബ്രായുടെ കൊളുത്തുകളെല്ലാം പറിഞ്ഞ് പോയി, ഞാൻ പിന്നെ, മോള് കത്തിച്ച് കളയാൻ തന്ന കുറച്ച്  ബ്രാ ഇരുന്നത് എടുത്ത് ,അതിൻ്റെ സ്ട്രാപ്പ് കട്ട് ചെയ്ത് ഇപ്പോഴുള്ളതിൽ പിടിപ്പിക്കുവാ,

അത് കേട്ട് അവളോടെനിക്ക് സഹതാപം തോന്നി.

ഇനി മുന്നോട്ടുള്ള ജീവിതം അത്ര സുഗമമായിരിക്കില്ലന്ന് അവൾക്കും മനസ്സിലായി ,അത് കൊണ്ടാണ് അവളിപ്പോഴെ പിശുക്കി തുടങ്ങിയത്

ഉം ശരി ശരി ,നീയതവിടെ വച്ചിട്ട് എൻ്റെയീ ഷർട്ടിൻ്റെ പോക്കറ്റും തൈയ്ച്ച്, രണ്ട് ബട്ടൺസും വച്ച് താ,
പതിനൊന്നരയ്ക്കാണ് മുഹൂർത്തം, അതിന് മുമ്പ് ചെല്ലണ്ടേ?

ഭാര്യയുടെ നേർക്ക് ഷർട്ട് നീട്ടുമ്പോൾ അപ്പുറത്തെ മുറിയിലിരിയ്ക്കുന്ന എൻ്റെ മൊബൈല് ബെല്ലടിക്കുന്നുണ്ടായിരുന്നു.

ഈശ്വരാ,, ടാക്സി ഓട്ടം പോകാനുള്ള കോളായിരിക്കണേ ,, ഒരു ലോംങ്ങ് ട്രിപ്പ് കിട്ടണേ ,,

പ്രാർത്ഥിച്ച് കൊണ്ടാണ്, ഞാൻ ഓടിച്ചെന്ന് ഫോണെടുത്തത് ,പക്ഷേ അത്, കല്യാണം കഴിഞ്ഞ് പോയ മകളുടെ കോളായിരുന്നു,

എന്താ മോളേ ?

ഉത്ക്കണ്ഠയോടെയാണ് ഞാൻ അറ്റൻ്റ് ചെയ്തത്,

അതേ അച്ഛാ ,, ഞായറാഴ്ച അടുക്കള വാതില് കാണാൻ വരുമ്പോഴേ ,വാഷിങ്ങ് മെഷീൻ്റെ കൂടെ ഒരു ഫ്രിഡ്ജും കൂടെ വാങ്ങിച്ചോളണേ,, ഇവിടെ സന്ദീപേട്ടൻ്റെ ഏട്ടത്തിയുടെ വീട്ടിൽ നിന്ന്, അന്ന് കൊണ്ട് വന്നത്, 
ടി വി യും ഗ്രൈൻഡറുമായിരുന്നു ,
നിങ്ങള് വാഷിങ്ങ് മെഷീൻ മാത്രം കൊണ്ട് വന്നാൽ, എനിക്കിവിടെ ഒരു വിലയും കാണില്ല ,ഇവിടുത്തെ ഫ്രിഡ്ജാണെങ്കിൽ കംപ്ളായിൻറായിട്ടിരിക്കുവാണ്

ഇടിവെട്ടിയവൻ്റെ തലയിൽ പാമ്പ് കടിച്ചത് പോലെയായി എൻ്റെ അവസ്ഥ ,വാഷിങ്ങ് മെഷീൻ തന്നെ, ഇൻസ്റ്റാൾമെൻ്റ്കാരൻ്റെ കൈയ്യിൽ നിന്നാണ് വാങ്ങുന്നത് ,
അതാകുമ്പോൾ, ആഴ്ചയിൽ ചെറിയ തുക വച്ച് അടച്ച് തീർത്താൽ മതി ,ഇനി ഫ്രിഡ്ജ് കൂടെ ഞാൻ എങ്ങനെ വാങ്ങിക്കാനാണ്?

പണ്ടെങ്ങോ ആരോ തുടങ്ങി വച്ച കുറെ ആചാരങ്ങൾ ഇപ്പോഴും തുടരുന്നത് കൊണ്ട് , എന്നെപ്പോലെ സാധാരണക്കാരൻ്റെ പോക്കറ്റ് കീറിയില്ലെങ്കിലേ അത്ഭുതമുള്ളു...

രചന: സജി തൈപ്പറമ്പ്


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top