പൂർണമാനസ്സോടെയാകുമോ അവളാ താലി സ്വീകരിച്ചത്...

Valappottukal



രചന: സന ഹെരാ

അവന്തിക.....
ര, ക്‌തചുവപ്പിൽ മുങ്ങിയ  സിന്ദൂരരേഖയും കഴുത്തിൽ മഞ്ഞച്ചരടിൽ കോർത്ത താലിമാലയുമണിഞ്ഞവൾ കരിനീല പട്ടുസാരിയിൽ തന്നെക്കാൾ മുപ്പത്തുവയസ്സ് മുതിർന്ന അയാളോടൊപ്പം കതിർമണ്ഡപത്തിലിരിക്കുന്ന ദൃശ്യം കണ്ടുനിൽക്കാൻ കെൽപില്ലാതെ ഞാൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. 

Mukunthan Menon 

Weds

Avanthika

കണ്ണുകൾ വെൽക്കം ബോർഡിന് കീഴെ വച്ചിരുന്ന അക്ഷരങ്ങളിലേക്ക് പതിഞ്ഞതും തിരിച്ചറിയാൻ കഴിയാത്തയെന്തോ വികാരം ഉള്ളിൽ നുരഞ്ഞുപൊന്തി.

എന്തിനായിരുന്നു എല്ലാം? എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ണീർ നിയന്ത്രണാതീതമായി ഒഴുകിക്കൊണ്ടിരുന്നു. എന്നാലവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്ത വിചിത്രമായൊരു തിളക്കം തനിക്കു കാണാൻ സാധിച്ചിരുന്നു. 

പൂർണമാനസ്സോടെയാകുമോ അവളാ താലി സ്വീകരിച്ചത്? 
അവളതീവ സന്തോഷവതിയായിരുന്നു. പക്ഷെ കണ്ണുകളിൽ തെളിഞ്ഞത് പ്രണയമല്ല,  മറ്റെന്തോ......

ചെറിയ ചടങ്ങായിരുന്നതുകൊണ്ട് അധികം ആളുകൾ ഇല്ലാത്തതിനാലാവാം ഊട്ടുപുരയിൽ തിരക്ക് കുറവായിരുന്നു. അവളുടെ കളിത്തോഴിയെന്ന പരിഗണനയിൽ ആരെല്ലാമോ വന്നെന്നെ അങ്ങോട്ടേക്ക് ക്ഷണിച്ചു. കണ്ണുനീർ കാഴ്ചയെ മറച്ചതിനാലാവാം പരിചിത സ്വരങ്ങളായിരുന്നിട്ടുകൂടി മുഖം വ്യക്തമാകുന്നില്ല!

നാക്കിലയിൽ വിളമ്പിയ ചോറിലേക്ക് കണ്ണുനട്ടിരുന്നതല്ലാതെ കൈകൊണ്ട് തൊടാൻ പോലും മനസ്സനുവദിച്ചില്ല. അശാന്തമായ സാഗരത്തിലെ തിരമാലകളെ പോലെ ഓർമ്മകൾ തികട്ടി വന്നുകൊണ്ടിരിക്കുന്നു. ഏറെ നേരം അവിടെയിരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാൽ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു.

ആറുമാസങ്ങൾ കൊണ്ട് വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നവയാണ്. എവിടെക്കെന്നില്ലാതെയിറങ്ങി നടക്കവേ ചരടുപൊട്ടിയ പട്ടം പോലെ മനസ്സ് എങ്ങോട്ടൊക്കെയോ സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാം ചെന്നവസാനിക്കുന്നത് അവളിലാണ്......
അവന്തികയിൽ!

അവന്തിക......... മീനുവിന്റെ ആരു.
ആ പേരിലെ വിശുദ്ധിയുടെ ഒരു പ്രതീകം തന്നെയായിരുന്നു അവളും. ആയിരുന്നു എന്നല്ല, ആണ്..... ഇപ്പോഴുമാണ്......

ആദ്യാക്ഷരം പഠിക്കുന്ന കാലം തൊട്ടുള്ള കൂട്ടായിരുന്നു അവളുമായി. മീനുവും ആരുവും ഒട്ടിപ്പിറന്ന ഇരട്ടകളാണെന്ന് കളിയാക്കി പറയുന്നവരുടെ മുന്നിൽ അതൊരഗീകാരമായിക്കണ്ട് കൂടുതൽ ചേർന്നുനടന്നിരുന്ന ഉറ്റ സുഹൃത്തുക്കൾ.

അച്ഛനില്ലാത്ത, നിത്യരോഗിയായ അമ്മയോടൊപ്പം കഴിഞ്ഞിരുന്ന തനിക്കൊരു കൂടപ്പിറപ്പില്ലാത്തതിന്റെ വിടവു നികത്തിയത് അവളായിരുന്നു. എന്നും കിച്ചേട്ടന്റെ വിരൽത്തുമ്പിൽ തൂങ്ങി സ്കൂളിലെത്തിയിരുന്ന അവളെയും കാത്ത് പടിക്കൽ തന്നെ താനുണ്ടാകും.

കൈകൾ കോർത്തുപ്പിടിച്ച് കൊച്ചടികൾവച്ച് മുന്നോട്ടു നീങ്ങുമ്പോൾ കാണാം തങ്ങൾക്കു നേരെ കൈവീശിക്കാണിച്ചുകൊണ്ട് നടന്നകലുന്ന കിച്ചേട്ടനെ. എനിക്കായി ഇലപ്പൊതിയിൽ അവളുടെ അമ്മ തന്നയച്ചിരുന്ന സ്നേഹത്തിന്റെ രുചി ഇന്നും ഇടക്ക് നാവിലൂറിവരും.

ഉടുപ്പിൽ നിന്ന് പാവാടയിലേക്കും പിന്നീട് ദാവണിയിലേക്കും ചേക്കേറിയപ്പോൾ മാറാതെ കൂടുതൽ കരുത്താർജ്ജിച്ച ഒന്നുണ്ടായിരുന്നു, ആരുവിന്റെ കൂട്ട്. രണ്ടുടലിലെ ഒരു മനസ്സായി മാറിയിരുന്നത്.

കിച്ചേട്ടൻ ഒരു സുഹൃത്തിന്റെ ജേഷ്ഠനെന്നതിലുപരി തനിക്കാരെല്ലാമ്മോ ആയിമാറിയിരുന്നെന്ന് എന്നേക്കാൾ മുന്നെ
മനസ്സിലാക്കിയതവളായിരുന്നു. ആ വീട്ടിലേക്ക് അവളുടെ നാത്തൂനായി കയറിച്ചെന്നാൽ കാലം പിന്നീടവളെ എന്നിൽ നിന്നുമകറ്റില്ലെന്ന ഉറച്ച വിശ്വാസം, അതായിരുന്നിരിക്കണം എല്ലാത്തിന്റെയും മൂല കാരണം.

എന്നാലെല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടായിരുന്നു അമ്മയുടെ വേർപാട്. അന്നും അനാഥത്ത്വമെന്നെ കാർന്നുതിന്നാൻ അവൾ സമ്മതിച്ചില്ല! ചടങ്ങുകളെല്ലാം കഴിഞ്ഞ് ആളൊഴിഞ്ഞ ആ വീട്ടിൽനിന്ന് സ്വന്തം കുടുംബത്തിലേക്കാണ് അവൾ തന്നെ കൈപിടിച്ചു കയറ്റിയത്.

നഷ്ടമായെന്നു കരുതിയിരുന്ന അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒന്നിച്ചു കിട്ടയത്തിന്റെ സന്തോഷത്തിൽ മതിമറന്ന ദിനങ്ങളായിരുന്നു പിന്നീട്. അധികനാൾ ആ സന്തോഷം നീണ്ടു നിന്നില്ല. വർദ്ധക്യം അച്ഛനെ കീഴ്പ്പെടുത്തി തുടങ്ങിയപ്പോൾ കിച്ചേട്ടന് ഒരു കൈത്താങ്ങെന്നോണം താനും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ചു.

പിന്നീടങ്ങോട്ടുള്ള കിച്ചേട്ടന്റെ മാറ്റം ഞെട്ടിക്കുന്നതായിരുന്നു. കുടുംബം നോക്കാതെ മദ്യപിച്ചുവന്ന് ആരുവിനെയും അമ്മയെയും അനാവശ്യം പറയുകയും തടയാൻ ചെല്ലുന്ന എന്നെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്ന കിച്ചേട്ടൻ പഴയ കിച്ചേട്ടനിൽ നിന്നൊരുപാട് ദൂരെയായിരുന്നു.

ഒരു മിന്നുകെട്ടി തന്നെ കൂടെകൂട്ടാൻ കിച്ചേട്ടൻ തയ്യാറല്ലെന്നറിഞ്ഞ നിമിഷം സ്വയമൊരു വിഡ്ഢിയാവുകയാണോ എന്നുപോലും തോന്നിയ ക്ഷണങ്ങളിലൊന്നിലാണ് ആ വിളിയെത്തിയതും വിദേശത്ത് പോകാൻ തീരുമാനിച്ചതും. 

അന്നും കണ്മുന്നിൽ തെളിഞ്ഞത് ആരുവിന്റെ മുഖമായിരുന്നു. വിട്ടുപിരിയാൻ ആഗ്രഹമില്ലാഞ്ഞിട്ടും അച്ഛന്റെ മരുന്നിനും ഒരു നേരത്തെ ആഹാരത്തിനുപോലും കിച്ചേട്ടന്റെ മുന്നിൽ കെഞ്ചുന്ന അമ്മയെയും ആരുവിനെയും  കാണാൻ കെൽപ്പില്ലാത്തതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി യാത്രയായി.

എത്രയും പെട്ടന്ന് അവരെയും കൂടെ കൂട്ടണമെന്ന ഉറച്ച തീരുമാനത്തിലൂന്നിക്കൊണ്ടാണ് ഇത്ര നാൾ തള്ളി നീക്കിയത്. എല്ലാ മാസവും സ്വന്തം ആവശ്യങ്ങൾ പോലും മറന്ന് അവർക്കായി അയക്കുന്ന കാശ് ആ സ്നേഹത്തിനു പകരം വക്കാനാവില്ലെന്ന പരിപൂർണ ബോധ്യമുണ്ടായിരുന്നു.

പതിവായി തേടിയെത്തിയിരുന്ന ഫോൺ വിളികൾ ക്രമാതീതമായി കുറയാനും തിരികെ വിളിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞൊഴിയാനും തുടങ്ങിയപ്പോഴും അതെല്ലാം തോന്നലുകൾ മാത്രമാണെന്ന് സ്വയം പറഞ്ഞാശ്വസിച്ചു.

ആറുമാസങ്ങൾക്കിപ്പുറം എല്ലാവരേയും ആശ്ചര്യപ്പെടുത്താൻ രഹസ്യമായി മടങ്ങിയെത്തിയ തന്നെ വരവേറ്റതവളുടെ വിവാഹ വാർത്തയായിരുന്നു.

അച്ഛൻ, അമ്മ, കിച്ചേട്ടൻ, ആരെയും കാണാനില്ലെന്നത് തെല്ലൊന്നുമല്ല മനസ്സിനെ അസ്വസ്ഥമാക്കിയത്. ആരോടെങ്കിലും അന്വേക്ഷിക്കാൻ പോലും നാവുപൊങ്ങാത്ത അവസ്ഥയിലെത്തിയിരുന്നു.

നടത്തം ചെന്നവസാനിച്ചത് ഓടുപാകിയ ആ വീട്ടുമുറ്റതായിരുന്നു. കല്യാണവീടിന്റെ യാതൊരു മോടികളുമില്ലാതെ ആളനക്കമറ്റ, ചായങ്ങൾ മങ്ങി, ചിതലരിച്ച്, ഒരു കാലത്തെ തങ്ങളുടെ കൊച്ചു സ്വർഗ്ഗം. കണ്ണീരാൽ മങ്ങിയ കാഴ്ചയിലും വ്യക്തമായി തനിക്കത് കാണാനായി.

പൊടിപിടിച്ച ഉമ്മറത്തിണ്ണയിലേക്ക് തളർന്നിരിക്കുമ്പോഴും കണ്ണുകൾ ചുറ്റും തേടിക്കൊണ്ടിരുന്നു. ചുവരിൽ അച്ഛന്റെയും അമ്മയുടെയും പടം കണ്ടപ്പോൾ മനസ്സിൽ കുമിഞ്ഞുകൂടിയ ചോദ്യങ്ങളുടെ ഉത്തരമെന്നോണം മിഴികൾ തെക്കേക്കോണിലെ രണ്ടു മൺകൂനകളിലുടക്കി നിന്നു.

യാന്ത്രികമായി കാലുകൾ അവിടേക്ക് ചലിച്ചതും അതുവരെ നിയന്ത്രണം വിട്ടൊഴുകിയിരിയുന്ന കണ്ണുകളിൽ ഒരു മരവിപ്പ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

എന്റെ സാന്നിധ്യമിന്നും അവർ തിരിച്ചറിയുന്നെന്ന് വിളിച്ചോതുംപോലെയൊരു കുളിർക്കാറ്റ് ഉടലാകെ തഴുകിക്കൊണ്ടിരുന്നു.
സംഭവിച്ചതെന്താണെന്നറിയാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു.

ഒന്നുറക്കെ കരയാൻ പോലും സാധിക്കാത്തവിധം ശബ്ദം തൊണ്ടക്കുഴിയിൽ തടഞ്ഞുനിൽക്കുകയാണ്. കണ്ണുനീർ പോലും പുറത്തോട്ടൊഴുക്കാൻ കഴിയുന്നില്ല! 

ആ മൺകൂനകൾക്കുമുന്നിൽ മുട്ടുകുത്തി നിർവികാരതയോടെ ഏറെ നേരം നിന്നു.

താങ്ങി നിൽക്കാൻ ഒരു തോളില്ലാതെ തനിയെ, നെഞ്ചിൽ ഒരായിരം സൂചികൾ കുത്തിയിറക്കുന്ന വേദനയും പേറി നിൽകുമ്പോൾ ഇനിയും അടക്കി നിർത്താൻ കഴിയില്ലെന്ന് മനസ്സിലായ നോവിനെ പുറത്തുകൊണ്ടുവരാൻ ഞാൻ സ്വന്തം ശരീരത്തോട് മല്ലിടുകയായിരുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി കണ്ണുകൾ തുറിച്ചുവരുന്നതുപോലെ തോന്നിയപ്പോൾ ആയാസപ്പെട്ട് ശബ്ദമെടുത്തതും നേരിയൊരു തേങ്ങൽമാത്രം പുറത്തുവന്നു. 

"അച്ഛാ..... അമ്മേ..... പോയീലെ... ഞാൻ.... ന്നെ..... ന്നോട് പറയാതെ....."

അലറികരഞ്ഞുകൊണ്ട് കൈകൾനീട്ടി അവരുറങ്ങുന്ന മണ്ണിനെ തൊട്ടു വണങ്ങുമ്പോൾ വീണ്ടും ഞാൻ ഒരനാഥയാവുകയിരുന്നു. ഒന്നും അറിഞ്ഞില്ല.... അറിയിച്ചില്ല ആരും. പക്ഷെ എന്തുകൊണ്ട്?

പെട്ടന്നൊണ് ആ മുഖം അവ്യക്തമായി ഓർമയിൽ തെളിഞ്ഞത്. ഒരിക്കൽ താൻ മനസ്സിൽ താലോലിച്ചിരുന്ന എന്നും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുഖം. കിച്ചേട്ടൻ!

കിച്ചേട്ടനറിയുമായിരിക്കുമെല്ലാം... പക്ഷെ എവിടെച്ചെന്നന്വെക്ഷിക്കും? സഹോദരിയുടെ വിവാഹത്തിനുപോലും കാണാത്ത സഹോദരനെ ഞാനെവിടെ തിരക്കും?

തളർന്നുപോകുന്ന കാലുകളെ വകവെക്കാതെ കണ്ണുകൾ കൈത്തണ്ടകൊണ്ട് അമർത്തിത്തുടച്ച് ഇരുന്നിടത്തുനിന്നെഴുന്നേറ്റു. കിച്ചട്ടനിലേക്കെത്താനുള്ള മാർഗ്ഗങ്ങളൊന്നും തെളിയുന്നില്ല!

പരിചയക്കാരിൽ നിന്നും മുകുന്ദൻ മേനോന്റെ വലം കയ്യായിരുന്നു കിച്ചേട്ടനെന്നും അപകടത്തിൽ അച്ഛനും അമ്മയും മരിച്ചതിൽപ്പിന്നെ ഇങ്ങോട്ടു വന്നിട്ടില്ലെന്നുമാണ് അറിയാൻ സാധിച്ചത്. ആരു തനിച്ചായിരുന്നു ഇത്രയും നാളെന്ന് കേട്ടപ്പോൾ എന്തോ കുറ്റബോധം തോന്നിപ്പോയി.

ഒരു നാൾ ഈ അവസ്ഥയിലൂടെ കടന്നുപോയ തനിക്ക് മറ്റാരേക്കാളും ആ സമയത്തെ അവളുടെ വേദന മനസ്സിലാക്കാൻ സാധിക്കും. അന്ന് എന്നെ ചേർത്തു നിർത്തിയ കരങ്ങളെ തിരികെ സംരക്ഷിക്കാൻ കഴിയാതെ പോയതിൽ ഉള്ളം നീറുന്നുണ്ടായിരുന്നു.

അവസാനം ആരുവിനെ നേരിൽ കാണാൻ മുകുന്ദൻ മേനോന്റെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചുകൊണ്ടായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. എന്തിനെല്ലാം എന്നിൽനിന്ന് മറച്ചുവച്ചു എന്ന് ആ കണ്ണുകളിൽ നോക്കി ചോദിക്കണമെന്ന് ഉള്ളിലുറപ്പിച്ചു.

നിലാവെളിച്ചതിൽ ശൂന്യതയിലേക്കുനോക്കി ആ തിണ്ണമേലിരിക്കുമ്പോൾ ഇനിയെന്തെന്നത് ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. പക്ഷെ ഭയം തോന്നിയില്ല!

രാവിന് ഇത്രയും ദൈർഘ്യമുണ്ടെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. ഇത്ര നാൾ തനിച്ചായിരുന്നെങ്കിലും ഇവിടെ തന്നെ സ്നേഹിക്കുന്നവരുണ്ടെന്നത് നൽകിയ ധൈര്യം ചെറുതല്ലായിരുന്നു. ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ രുചിയറിയുകയായിരുന്നു ഞാനന്ന്.

നിദ്രാദേവി കനിയാഞ്ഞതിനാൽ കിഴക്കേമാനത്തു ചുവപ്പുരാശി പടരുന്നതു കണ്ടപ്പോൾ തന്നെയെഴുന്നേറ്റു. തിരികെ വരുമ്പോൾ കൊണ്ടു വന്ന സാധനങ്ങളെല്ലാമെന്നെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നിയെനിക്ക്.

വേഷം മാറി ഇറങ്ങുമ്പോൾ എവിടെനിന്നോ ഒരൂർജ്ജം കൈവന്നതുപോലെ തോന്നി. അതിന്റെയുൾപ്രേരണയിൽ കാലുകൾ വളരെ വേഗത്തിൽ ചലിച്ചു. ആദ്യം കണ്ട വണ്ടിക്കു കൈകാണിക്കുമ്പോൾ മുകുന്ദൻ മേനോനെന്ന പേരല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.

കൃത്യമായ മേൽവിലാസമില്ലാഞ്ഞതിനാൽ തേടിപ്പിടിച്ചെത്താൻ പ്രതീക്ഷിച്ചതിലേറെ സമയമെടുത്തു. പ്രൗഡഗംഭീരമായ വീടിനുമുന്നി വണ്ടി നിർത്തിയപ്പോൾ ശരീരം അറിയാതെ വിറച്ചുതുടങ്ങിയിരുന്നു. ധൈര്യം സംഭരിച്ച് ചുവടുറപ്പിച്ച് ഗേറ്റ് തള്ളിത്തുറന്നപ്പോൾ കണ്ടത് വലിയൊരാൾകൂട്ടമായിരുന്നു.

പരസ്പരമവർ എന്തൊക്കെയോ  സംസാരിക്കുന്നുണ്ടെങ്കിലും ഒന്നും വ്യക്തമല്ല! അവിടേക്കു നടന്നടുക്കുമ്പോൾ എന്തോ അരുതാത്തത് സംഭവിച്ചതുപോലെ തോന്നിത്തുടങ്ങിയിരുന്നു.

ചുവന്ന വെളിച്ചം കത്തിച്ചുകൊണ്ട് ചീറിപ്പാഞ്ഞുവന്ന ആംബുലൻസിലേക്ക് ഭീതിയോടെ നോക്കിനിന്നപ്പോൾ പിറകെയെത്തിയ ജീപ്പിൽനിന്ന് കുറച്ചു കാക്കിവസ്ത്രം ധരിച്ച ഏമാന്മാർ ദൃതിപിടിച്ചകത്തേക്കൊടിക്കയറുന്നത് ഉള്ളിൽ അരുതാത്ത ചിന്തകളുണർത്തിയിരുന്നു.

ചുറ്റുമെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും മുൻപേ ആ കൊലുസ്സിന്റെയൊച്ച കാതിൽ മുഴങ്ങിക്കേട്ടു. അതേ ആരു..... ആരുവിന്റേതാണത്! കണ്ണുകൾ ശബ്ദം കേട്ട ദിശയിലേക്ക് സഞ്ചരിക്കവേ കണ്ടത് വിശ്വസിക്കാനാവാതെ തളർന്ന് നിലത്തേക്കൂർന്നിരുന്നു.

അതേ കരിനീല പാട്ടുസാരിയിൽ ജ്വലിക്കുന്ന കണ്ണുകളോടെ പാരിപ്പറക്കുന്ന മുടി രക്തക്കറപുരണ്ട കൈകൾക്കൊണ്ട് മാടിയൊതുക്കി ഇരുവശത്തുമുള്ള പോലീസുകാരെയോ ചുറ്റും കൂടിയിരുന്ന നാട്ടുകാരെയോ ഗൗനിക്കാതെ വിജയഭാവത്തിൽ ഇറങ്ങിവരുന്ന ആരു!

മുഖത്തും ശരീരത്തിലുമെല്ലാം തെറിച്ചുവീണ ചോരത്തുള്ളികൾ ഉണങ്ങി പറ്റിപ്പിടിച്ചിരുന്നിരുന്നു. ആ ചുവപ്പ് അവളുടെ നെറുകയിലെ സിന്ദൂരത്തിലേക്കും പടർന്നിരുന്നു. മണ്ഡപത്തിലിരിക്കുമ്പോൾ കണ്ട അതേ ചിരി അവളുടെ അധരങ്ങളിൽ അപ്പോഴുമുണ്ടായിരുന്നു.

"ആരൂ....... "

തളർന്നുതുടങ്ങിയ നാക്കുകൊണ്ടതുമാത്രമാണ് ഉരുവിടാൻ സാധിച്ചത്. എന്നാൽ ആ സ്വരം അവളുടെ കാത്തുകളിലെത്തിയതിനാലാവാം പൊടുന്നുന്നനെയവളുടെ ദൃഷ്ടിയെന്നിൽ പതിച്ചു. പക്ഷെ ചുണ്ടിലപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നതെന്നെ ആശ്ചര്യപ്പെടുത്തി.

ഒരെതിർപ്പും പ്രകടിപ്പിക്കാതെയവൾ ജീപ്പിന് പിന്നിലേക്ക് കയറിയിരുന്നു. പതിയെ നിലത്തുനിന്നുയർന്ന് അവൾക്കരികിലേക്ക് നടന്നടുക്കുമ്പോൾ അറിയാനാഗ്രഹിച്ചയൊന്നും തന്നെ മനസ്സിൽ തെളിഞ്ഞില്ല!

"ആരൂ........"

അവൾക്കുമുന്നിലെത്തിയതും വാവിട്ടു കരഞ്ഞുകൊണ്ട് ആ കൈകളിൽ പിടിച്ചപ്പോഴും അവളിൽ യാതൊരു മാറ്റവും ഉണ്ടായില്ല!

"മീനു പേടിക്കണ്ട..... ഇനി ആരും വരില്ല്യ...... കൊന്നു.... കൊന്നു ഞാൻ....."

കൈകൾ വേർപ്പെടുത്തി അവളെയും കൊണ്ട് ആ ജീപ്പ് നീങ്ങിതുടങ്ങിയപ്പോൾ അവളുടെ വാക്കുകളിൽ നിന്നും പല സൂചനകളും മെനഞ്ഞെടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ.

പതിനഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട അവളെക്കാണാൻ ചെല്ലുമ്പോൾ മനസ്സ് മരവിച്ചിരുന്നു. അറിയാൻകൊതിച്ചതെല്ലാം മാഞ്ഞുതുടങ്ങിയിരുന്നു. ഇരുമ്പഴികൾക്കപ്പുറത്ത് കറുത്തയക്കങ്ങൾ പതിച്ച വെള്ളവസ്ത്രത്തിൽ ആരുവിനെക്കണ്ട് കണ്ണുകൾ പെയ്യാൻ തുടങ്ങിയിരുന്നു.

"എന്തിനായിരുന്നു ആരു ഇതെല്ലാം?"

നിർവികാരയായി എന്നെത്തന്നെ നോക്കിനിന്നിരുന്ന അവളുടെ കൈകൾ അഴികൾക്കിടയിലൂടെ എന്നിലേക്ക് നീണ്ടുവന്നു. അവയെന്റെ കരങ്ങളിലമരുമ്പോൾ അതിലെ തണുപ്പ് എന്റെ സിരകളിലേക്ക് പടർന്നു കയറുകയായിരുന്നു.

"ഇനിയെങ്കിലും നിനക്കെന്നോടെല്ലാം പറഞ്ഞൂടെ പെണ്ണേ?"

"പറയാം മീനു..... ഞാനെല്ലാം പറയാം...."

അവളിലേക്ക് കൂടുതൽ ചേർന്നുനിന്നുകൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി അവളുടെ വാക്കുകൾക്കായി ഞാൻ കാതോർത്തു.

"നീ പോയതിൽ പിന്നെ പട്ടിണി തീർത്തും ഇല്ലാതായിരുന്നു. അയച്ചിരുന്ന കാശിൽ നിന്ന് അച്ഛന്റെ മരുന്നിനും ആഹാരത്തിനുമുള്ളത് കിഴിച്ച് ബാക്കി മിച്ചവും വച്ചിരുന്നു. നിന്നെപ്പോലെ പഠിപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്കും നല്ലൊരു ജോലി കിട്ടിയേനെ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.

പക്ഷെ അതിനുമാത്രം ബുദ്ധിയൊന്നും എനിക്കില്ലാതെ പോയല്ലോ... തോറ്റു തോറ്റു പ്ലസ്ടു കഴിഞ്ഞത് തന്നെ ഭാഗ്യമായിരുന്നില്ലേ! എന്നാലും തയ്യലുപഠിച്ച് എന്നാലവുന്നവിധം ഞാൻ സാമ്പാധിച്ചിരുന്നു."

"അപ്പൊ കിച്ചേട്ടൻ?"

"ഹും കിച്ചേട്ടൻ..... ആദ്യമെല്ലാം അയാൾ അഞ്ചോ പത്തോ തരുമായിരുന്നു. പിന്നെ പിന്നെ അതും ഇല്ലാതായി. എന്നിട്ടും ഞങ്ങൾ അല്ലലില്ലാതെ കഴിയുന്നത് കണ്ട് അയാൾ തരം കിട്ടുമ്പോഴെല്ലാം കുടുക്ക പൊട്ടിച്ച് മിച്ചം വച്ചതെല്ലാം വാരിക്കൊണ്ടു പോകുമായിരുന്നു.

ഒരിക്കൽ സാധനം വാങ്ങാൻ കവലയിൽ ചെന്നപ്പോൾ അവിടെ ആഡംബരക്കാറിൽ വന്നിറങ്ങിയ കിച്ചേട്ടനെ കണ്ടപ്പോഴാണ് മനസ്സിലായത് അയാൾ മുകുന്ദൻ മേനോന്റെ കൂടെ കൂടിയെന്ന്.

പുത്തൻ പാണക്കാരനായിരുന്ന അയാളോടൊപ്പം മയക്കുമരുന്നിനും ഗുണ്ടായിസത്തിനും കള്ളക്കടത്തിനും അങ്ങനെയെല്ലാത്തിനും വലം കയ്യായി കൂടെ ഉണ്ടായിരുന്നു കിച്ചേട്ടൻ.

ഒരിക്കൽ തയ്യ്ച്ചു കഴിഞ്ഞ തുണികൾ മടക്കിക്കൊടുക്കാൻ പോയി വന്ന ഞാൻ പടിക്കൽ നിന്നു തന്നെ അച്ഛന്റെ കരച്ചിൽകേട്ട് ഓടിചെന്നപ്പോൾ കണ്ടത് സ്വന്തം അമ്മയെ അയാൾക്ക് ഭോഗിക്കാനിട്ടുകൊടുത്ത് അതുകണ്ട് ആർത്തു ചിരിക്കുന്ന കിച്ചേട്ടനെയാണ്.

ഒന്നു തടയാൻ പോലും കെൽപ്പില്ലാതെ തളർന്നു കിടക്കുന്ന അച്ഛനെ അയാൾ പരിഹാസത്തോടെ കട്ടിലിൽ നിന്നു തള്ളിയിട്ടിരുന്നു. പകച്ചു പോയിരുന്നു ഞാനാ കാഴ്ചകണ്ട്.

ഇറയത്ത് തൂക്കിയിട്ടിരുന്നു കുടയെടുത്ത്‌ അമ്മയിലേക്ക് ആഴ്‌ന്നിറങ്ങിയിരുന്ന ആ മൃഗത്തിന്റെ തലയിലേക്ക് ആഞ്ഞടിക്കുമ്പോൾ ഒച്ചവെക്കാൻ പോലും മറന്ന് സമനില കൈവിട്ട അവസ്ഥയിലും അമ്മയെന്നെ നിറകണ്ണുകളോടെ നോക്കിക്കിടന്നു.

അയാളെ തള്ളിമാറ്റി ഉടുമുണ്ടെടുത്ത് വിവസ്ത്രയായിക്കിടന്നിരുന്ന അമ്മയെ പുതപ്പിക്കുമ്പോൾ,  മുടിക്കുത്തിൽ കിച്ചേട്ടന്റെ പിടി വീണിരുന്നു.

"ഇന്നെനിക്ക് തള്ളയെ മതി. ഇവളെ പിന്നെയെടുക്കാം, ഉടയാത്ത ശരീരമാണ് അതുകൊണ്ട് ഇനിയും സമയമുണ്ട്....."

കാമാർത്തിയോടെ ചുണ്ടുകടിച്ചുകൊണ്ടായാൾ പറഞ്ഞത് കേട്ട് അയാൾക്കരികിലേക്ക് അലറിച്ചെന്നതും മുടിക്കുത്തിലെ പിടിമുറുക്കി എന്റെ കൂടപ്പിറപ്പുതന്നെ എന്നെ മുറിയിലേക്ക് തള്ളിയിട്ട് കതകുപൂട്ടി.

എത്ര കരഞ്ഞു പറഞ്ഞിട്ടും ആ വാതിൽ തുറക്കപ്പെട്ടില്ല! കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു തേങ്ങുമ്പോൾ മനസ്സ് അറിയാതെ പ്രാർത്ഥിച്ചുപോയി അമ്മക്കായി. സമയം കടന്നുപോകുംതോറും പുറത്തുനിന്നു കേട്ടിരുന്ന അലർച്ചകൾ ഞരക്കങ്ങലായി മാറിയിരുന്നു.

ഒടുവിൽ കതകുതുറക്കുന്ന ശബ്ദം കേട്ട് തലയുയർത്തി നോക്കിയപ്പോൾ അമ്മയുടെമേൽ ഞാൻ പുതപ്പിച്ചിരുന്ന അതേ തുണികൊണ്ട് വിയർപ്പുതുള്ളികൾ ഒപ്പിയെടുത്തുകൊണ്ട് എന്നിലേക്ക് നടന്നടുക്കുന്ന ആ മൃഗത്തെ കണ്ട് ഞരമ്പുകൾ വരിഞ്ഞുമുറുകുന്നുണ്ടായിരുന്നു.

"അമ്മയേക്കാൾ ഉഷാറാവണം മകൾ കേട്ടല്ലോ...."

വഷളൻ ചിരിയോടെ അയാൾ നടന്നകന്നതും കാലുകൾ യാന്ത്രികമായി മുറിയുടെ പുറത്തേക്ക് ചലിച്ചു. വന്യജീവിയാൽ ആക്രമിക്കപ്പെട്ടതുപോലെ ശരീരമാകെ  മുറിഞ്ഞ് ചോരയൊലിച്ച് ശ്വാസമറ്റു കിടന്നിരുന്ന അമ്മയെ ഒരു നോക്കെ കണ്ടുള്ളു.

കണ്ണുകളിറുക്കിയടച്ച് വായപൊത്തി വീണ്ടും മുറിയിലേക്ക് തന്നെ തിരിഞ്ഞോടിയിരുന്നു ഞാൻ. കിടക്കവിരി വലിച്ചെടുത്ത് ആ ശരീരം മൂടുമ്പോൾ സ്വന്തം വിധിയെയോർത്ത് ദൈവത്തോടു  പോലും വെറുപ്പുതോന്നി.

കണ്ണീർവറ്റിയ മിഴികൾ അച്ഛനിലേക്ക് നീണ്ടപ്പോൾ തണുത്തു മരവിച്ചു കിടന്നിരുന്ന ശരീരത്തിൽ ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടാവണേ എന്ന് വെറുതെ ആഗ്രഹിച്ചു.

വീടിന്റെ ഒരു മൂലയിലേക്ക് ചുരുണ്ടുകൂടുമ്പോൾ അർത്ഥമില്ലാത്ത ജീവിതം എന്നെനോക്കി പരിഹസിക്കുന്നത് പോലെയനുഭവപ്പെട്ടു. എന്റെ അവസ്ഥയോട് എനിക്ക് തന്നെ പുച്ഛം തോന്നി.

ഒരു രാവും പകലും അതേ ഇരുപ്പിലിരുന്നു. എന്നാൽ അന്നുവരെ ദിശതെറ്റി സഞ്ചരിച്ചിരുന്ന തോണിപോലെയായിരുന്നു എനിക്കുമുന്നിൽ ഒരു ലക്ഷ്യം തെളിഞ്ഞു വന്നിരുന്നു. 

അടുത്ത ദിവസം കിച്ചേട്ടനും മറ്റു രണ്ടു പേരും വന്ന് അച്ഛനേയും അമ്മയേയും പൊതിഞ്ഞുകെട്ടി വളപ്പിൽ തന്നെ ദഹിപ്പിച്ചു. നാട്ടുകാരുടെയും  കുടുംബക്കാരുടെയും മുന്നിൽ അതൊരു അപകടമാണെന്ന് വരുത്തി തീർക്കുകയും ചെയ്തു.

ഒറ്റക്കായിപ്പോയിരുന്നെങ്കിലും പേടി തോന്നിയില്ല! പകയായിരുന്നു ഈ നിലയിലെത്തിച്ച കിച്ചേട്ടനോട്, മുകുന്ദൻ മേനോനോട്, സ്വന്തം വിധിയോടുപോലും.

തനിച്ചായിപ്പോയ, കെട്ടുപ്രായമെത്തി നിൽക്കുന്ന സഹോദരിയെ സംരക്ഷിക്കാനെന്ന വ്യാജേന മുകുന്ദൻ മേനോന് കൂട്ടികൊടുക്കാനായിരുന്നു കിച്ചേട്ടന്റെ നീക്കം.

കാശിനു വേണ്ടി ജന്മം നൽകിയ സ്വന്തം അമ്മയെപ്പോലും അയാൾക്കു മുന്നിൽ കാഴ്ചവെച്ച കിച്ചേട്ടനോട്‌ അടങ്ങാത്ത വെറുപ്പായിരുന്നു. കണ്മുന്നിൽ കാണുമ്പോൾ തന്നെ അമ്മയെ അയാൾക്കുമുന്നിൽ ഇട്ടുകൊടുത്തുകൊണ്ടുള്ള കിച്ചേട്ടന്റെ അട്ടഹാസമായിരുന്നു ചെവിയിൽ മുഴങ്ങിയിരുന്നത്.

സംരക്ഷകന്റെ വേഷമണിഞ്ഞ കിച്ചേട്ടൻ തന്നെയാണ് അച്ഛനേക്കാൾ പ്രായമുള്ള മുകുന്ദൻ മേനോനുമായുള്ള എന്റെ വിവാഹം ഉറപ്പിച്ചത്. എതിർത്തില്ല! മുന്നും പിന്നും നോക്കാനില്ലാത്ത ഞാനെന്തിനാ എതിർക്കുന്നത്.......

മനസ്സിൽ പലതും ഞാനും കണക്കുകൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ ഔട്ട് ഹൗസിലേക്ക് താമസം മാറണമെന്ന കിച്ചേട്ടന്റെ ആവശ്യം നിരസിച്ചില്ല.

എന്നാൽ കല്യാണത്തലേന്ന് കുടിച്ചുകൂത്താടി വന്ന കിച്ചേട്ടൻ മറ്റൊരു കണ്ണിലൂടെയെന്നെ കടന്നുപിടിച്ചപ്പോൾ സംഭരിച്ച ധൈര്യമെല്ലാം ചോർന്ന് ആകെ തകർന്നുപോയി ഞാൻ.

പെട്ടന്ന് മുന്നിൽ തെളിഞ്ഞത് അമ്മയുടെ മുഖമായിരുന്നു. തളർന്നുകിടക്കുന്ന ഭർത്താവിന്റെയും നീചനായ മകന്റെയും മുൻപിൽവച്ച് അതിക്രൂരകായ ബലാത്കാരത്തിനു ഇരയായ പാവം നമ്മുടെ അമ്മ....... "

വാക്കുകൾ പാതിവഴിയിൽ മുറിച്ചുകൊണ്ട് ആരു അലറികരഞ്ഞുകൊണ്ട് ഇരുമ്പഴികളിൽ തലതല്ലിക്കൊണ്ടിരുന്നു. കേട്ടതെല്ലാം യാഥാർഥ്യമാണെന്ന് ഉൾക്കൊള്ളാൻ കഴിയാതെ പ്രതിമപോലെ നിന്നിരുന്നയെന്റെ കൈകളിൽ നിന്നവളുടെ കരങ്ങൾ താഴെക്കൂർന്നു വീണു. 

ആ നിമിഷം ഭൂമിപിളർന്ന് ഇല്ലാതായെങ്കിൽ എന്നാഗ്രഹിച്ചുപോയി ഞാൻ. ചെവികൾ കൊട്ടിയടക്കാൻ കൊതിച്ചെങ്കിലും ബാക്കി സംഭവങ്ങൾ അറിയേണ്ടത് അനിവാര്യമായിരുന്നു. കൈത്തണ്ടകൊണ്ട് കണ്ണുകൾ അമർത്തിത്തുടച്ചവൾ വീണ്ടും പറഞ്ഞുതുടങ്ങി.

"സർവ്വശക്തിയുമെടുത്ത് കിച്ചേട്ടനെ തള്ളിമാറ്റി മുറിയിൽക്കയറി കതകടച്ചതും പുറത്തുനിന്ന് അയാളുടെ അലർച്ച കേൾക്കാമായിരുന്നു.

'നിന്നെ കിട്ടിയില്ലെങ്കിൽ ഈ കിച്ചുവിന്  പുല്ലാടി! തുഫ്....അവളില്ലേ നിന്റെ മീനു.... അവളൊന്നു വന്നോട്ടെ.... അവളെയും നിന്നെ കെട്ടാൻ പോകുന്ന ആ കിളവന് കാഴ്ചവെക്കും ഞാൻ. അതിനുമുൻപ് അവളെ എനിക്കൊന്നു ശരിക്ക് കാണണം. പിന്നെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിതകാലം മുഴുവൻ അയാളോടൊപ്പം നിങ്ങൾക്ക് ഒരുമിച്ച് കഴിയാം.... '

അയാളുടെ വാക്കുകളെന്നിൽ ഒരു ചട്ടൂളിപോലെയാണ് വന്നുപതിഞ്ഞത്.
എന്റെ അവസ്ഥ മറ്റാർക്കും വരരുതെന്ന് മാത്രമാണ് അപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചത്.

പിന്നെ മറ്റൊന്നും ചിന്തിക്കാതെ കിടക്കക്കുകീഴെ ഭദ്രമായി സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്ത് അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്ന് അയാൾക്കുമുന്നിലേക്ക് ചെല്ലുമ്പോൾ എവിടെനിന്നോ ഒരു ധൈര്യം ഉള്ളിൽ നിറഞ്ഞിരുന്നു.

കൊന്നു..... ഇരുചെവിയറിയാതെ ആ വളപ്പിൽ തന്നെ അയാളെ കുഴിവെട്ടി മൂടുമ്പോൾ ജീവിതലക്ഷ്യങ്ങളിലൊന്ന് നിറവേറിയതിന്റെ നിർവൃതിയിലായിരുന്നു ഞാൻ.

ഏതൊരു പെണ്ണിന്റെയും സ്വപ്നമായ വിവാഹ നാളിൽ ദീർഘസുമംഗലിയാവാൻ മനമുരുകി പ്രാർത്ഥിക്കുന്നതിനു പകരം അയാളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശക്തി തരണേ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്.

ആദ്യരാത്രി മണിയറയിലേക്ക് ആൾബലമില്ലാതെ തനിച്ചു കയറിവന്ന മുകുന്ദൻ മേനോനെയും കിച്ചേട്ടന്റെ കൂട്ടിന് പറഞ്ഞയക്കുമ്പോൾ എന്നെ ചതിച്ച വിധിയെ തോൽപ്പിച്ചതിൽ സ്വയം അഭിമാനം തോന്നിയെനിക്ക്.

നിയമത്തിനുമുന്നിൽ ഞാൻ തെറ്റുകാരിയാണ് പക്ഷെ അച്ഛനും അമ്മക്കും വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ? ചെയ്യണ്ടേ മീനു? "

"വേണം...... എന്നോടൊരു വാക്ക് നീ സൂചിപ്പിച്ചിരുന്നെങ്കിൽ ആദ്യത്തെ വെട്ട് എന്റെ കൈകൾ കൊണ്ടാകുമായിരുന്നില്ലേ ആരൂ? എന്തിനാ.... എന്തിനാ എന്നിൽ നിന്നിതെല്ലാം ഒളിച്ചുവച്ചത്?"

"ആരുമില്ലാത്തവളെന്ന ചിന്ത നിന്നെയോർക്കുമ്പോളാണ് ഇല്ലാതാകുന്നത്. നിന്റെ ഭാവിയെകൂടി ഈ ഇരുമ്പഴിക്കുള്ളിലാക്കി നശിപ്പിക്കാൻ എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

നീ ഇനിയും ഉയരങ്ങൾ കീഴടക്കേണ്ടവളാണ്..... ഇവിടെ നിന്നൊരു മോചനമുണ്ടെങ്കിൽ തുടർന്നു ജീവിക്കാൻ, എന്റേതെന്നു പറയാൻ ഇനി നീ മാത്രമേയുള്ളു. 

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ ഇനിയൊന്നിനെയും ഭയക്കാതെ തലയുയർത്തി ജീവിക്കണമെനിക്ക്. ഞാൻ വരും മീനു. കൂടെ കൂട്ടില്ലേ നീയെന്നെ? അതോ ഒരു കൊലയാളിയെ അംഗീകരിക്കാൻ കഴിയില്ലെന്നുണ്ടോ? "

അവളുടെ മിഴികളിലെ തിളക്കം മങ്ങുന്നത് നിറക്കണ്ണുകളോടെ ഞാൻ നോക്കി നിന്നു. ആ കരങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചതിൽ ചുണ്ടമർത്തിക്കൊണ്ട് അവയിൽ മുഖം പൂഴ്ത്തിക്കരയുമ്പോൾ കാർമേഖങ്ങൾ നീങ്ങിയ ആകാശം പോലെയായിരുന്നു മനസ്സ്.

"ഇനി കടലുകടന്നൊരു മടങ്ങിപ്പോക്കില്ല! ഞാൻ വരും നിന്നെക്കൊണ്ടുപോകാൻ... എനിക്കും ഇനി നീയല്ലേയുള്ളൂ....."

പെയ്തുകൊണ്ടിരുന്ന കണ്ണുകളുയർത്തിയവൾ കൂടുതൽ ശോഭയോടെ പുഞ്ചിരിച്ചു. ആ ദൃശ്യം കൺകുളിർക്കെ കണ്ടുകൊണ്ട് തിരിഞ്ഞുനോക്കാതെ ഞാൻ നടന്നകന്നു.

കാത്തിരിക്കും ആരു, നിന്റെ വരവിനായി..... ഒരു മനസ്സാണ് നാം.... നിന്നെ എന്നിൽനിന്നും അടർത്തി മാറ്റുക എന്നത് അസാധ്യമാണ്. ഒന്നിനെയും ഭയക്കാതെ ചങ്കൂറ്റത്തോടെ ജീവിച്ചു തുടങ്ങാം....

ആ നാളുകളിലേക്കുള്ള ദൂരം എത്രയാണെങ്കിലും മീനുവുണ്ട് ആരുവിനോപ്പം.

(അവസാനിച്ചു)
To Top