പെട്ടെന്ന് വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായി അവളുടെ വീട്ടുകാർ...

Valappottukal


രചന: മഞ്ജു കളപ്പുരക്കൽ

ഇന്നലെയായിരുന്നു അവളെ ജയിലിലേക്ക് കൊണ്ടുവന്നത് . ഇന്നലെ തന്നെ നല്ല പനി കോളുണ്ടായിരുന്നു .  ഇന്ന് അതൊന്നുംകൂടി   കൂടി .   അവൾക്ക് പനി കൂടിയതറിഞ്ഞ്  ഒരു വനിത പോലിസ് മരുന്നുമായി വന്നു . അവർ സൗമ്യതയോടേ അവളെ വിളിച്ചു പിടിച്ചെഴുന്നേപ്പിച്ചിരുത്തി അവൾക്ക് മരുന്ന് നൽകിയിട്ട് പറഞ്ഞു , 

" ഇനി മോള് പനി മാറുന്നവരെ കഞ്ഞി മാത്രം കുടിച്ചാൽ മതി . അതിനുള്ള ഏർപ്പാട് ഉണ്ടാക്കാം . പിന്നെ , നന്നായി റെസ്റ്റ് എടുക്കണം . ഇവിടത്തെ ജോലിയൊന്നും പനി മാറുന്നവരെ ചെയ്യാൻ നിൽക്കരുത് " 

മരുന്ന് നൽകിയിട്ട് അവർ പോയപ്പോൾ അവൾ മനസു കൊണ്ട് ഓർത്തുപോയി ,  ഈ കരുതലിൻ്റേയും സ്നേഹത്തിൻ്റേയും  പകുതിയുടെ പകുതിയെങ്കിലും തനിക്ക്  കിട്ടേണ്ട സമയത്ത് കിട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊരു ദുർവിധി തനിക്ക് വരില്ലായിരുന്നല്ലൊ എന്ന്  . 

 അതെല്ലാം ചിന്തിച്ചു അവൾ പൊട്ടികരഞ്ഞുക്കൊണ്ടിരുന്നു .  പക്ഷേ ഒരിറ്റ് കണ്ണീര് പോലും ഒഴുകിയിരുന്നില്ല . തുടർച്ചയായുള്ള കരച്ചില് കാരണം കണ്ണീര് പോലും അവളിൽ നിന്നും വറ്റി പോയിരുന്നു .

അവൾക്ക് പണ്ടുമുതലേ ഒരു ഉറുമ്പിനെ പോലും നോവിക്കുകയെന്നാൽ എന്ത് മാത്രം അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്നോ . ഒരു പുഴുവിനേയോ പാറ്റയേയോ പോലും കൊല്ലാൻ മടിക്കുന്ന താൻ ഒരു കൊലക്കുറ്റത്തിൻ്റെ പേരിൽ ഇങ്ങനെ ജയിലിൽ കിടക്കേണ്ടി വന്നല്ലോ എന്നത് അവൾക്ക് ഇപ്പോഴും തീർത്തും അവിശ്വസനീയമാണ് .

താൻ എത്രയോ ദുസ്വപ്നങ്ങൾ കണ്ടിരിക്കുന്നു .  ഇതും ഒരു ദുസ്വപ്നം ആയിരുന്നെങ്കിലെന്ന്  അവൾ കൊതിക്കുന്നു .  പക്ഷേ ഒന്നും ദുസ്വപ്നം അല്ല യാഥാർത്ഥ്യമാണെന്ന സത്യം ഉൾക്കൊള്ളേണ്ടി വരുന്ന ഓരോ നിമിഷവും അവളുടെ മനസിനൊപ്പം ശരീരവും തളരുന്നതായി അവൾക്ക് തോന്നുന്നു . 

ഇപ്പോൾ പിടിപ്പെട്ടിരിക്കുന്ന പനി പോലും തന്നിൽ നിന്നും ഒരിക്കലും വിട്ടുപോവില്ല എന്നുപോലും അവൾക്ക് തോന്നി പോകുന്നു .

തനി നാട്ടുമ്പുറത്ത് ജനിച്ച് വളർന്ന് ,  കറുക പുല്ലിലെ മഞ്ഞുതുള്ളിയുടെ പരിശുദ്ധിയോടെ ജീവിച്ചവൾ . അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാൻ മാത്രം ശീലിച്ചവൾ . ചന്ദനത്തിന്റെ നറുമണമുള്ള ആ പാവാടകാരിക്ക് കാവിലെ ഉത്സവവും അമ്പലത്തിലെ മാല ചാർത്തലിനുമപ്പുറം മറ്റൊരു സന്തോഷവും ഇല്ലായിരുന്നു ,  ലോകവും ഇല്ലായിരുന്നു .

അവളെ അവഗണിച്ച് ,   കുടുംബം നോക്കേണ്ടവൻ ആണെന്നും പറഞ്ഞ് കുഞ്ഞുനാള് മുതലേ ജ്യേഷ്ഠന് കൂടുതൽ നല്ല ഭക്ഷണവും  മറ്റ് മുന്തിയ കാര്യങ്ങളും സ്വാതന്ത്ര്യവും നൽകുമ്പോൾ ഒരു പരാതിയും പറയാതെ  ' ഏട്ടന് മാത്രമല്ല കുടുംബം നോക്കാൻ '   തനിക്കും അറിയാമെന്ന് കാണിച്ചു കൊടുക്കണമെന്ന വാശിയോടെ പഠിച്ച് നല്ല മാർക്കും വാങ്ങി ,   കോളേജിൽ പോകുന്നതും ജോലിക്ക് പോയി കുടുംബത്തിന് അത്താണിയായി മാറുന്നതും  സ്വപ്നം കണ്ട് നടന്നവൾ . 

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായതിന്   ശേഷമേ കല്യാണ സ്വപ്നം കാണുള്ളു എന്ന്  ,   അവളുടെ നാണം കാണാനായി കല്യാണ കാര്യം പറഞ്ഞ് കളിയാക്കാൻ ശ്രമിച്ചവരുടെ മുഖത്ത് നോക്കി നാണം കാണിക്കാതെ പറഞ്ഞവൾ .

അവളുടെ ആഗ്രഹം പോലെ കോളേജിൽ പോയി പഠിക്കാൻ അവസരം ലഭിച്ചപ്പോൾ തൻ്റെ സ്വപ്നങ്ങളെല്ലാം പൂവണിയുന്നതിന്   ഇനി കുറച്ച് ദൂരമേയുള്ളുവെന്ന്  ആശ്വസിച്ച അവളുടെ ജീവിതത്തിലേക്ക് പെട്ടെന്നായിരുന്നു ഒരു പ്രളയം പോലെ എല്ലാം പൊടുന്നനെ തൂത്തുവാരി എറിഞ്ഞുകൊണ്ട്  ആ ദുരന്തം വന്നു ഭവിച്ചത് .

ഇത്രയും നാളും അവളുടെ അമ്മയെ കാൻസർ എന്ന മഹാവ്യാദി കാർന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നെന്ന് അറിഞ്ഞു വന്നപ്പോഴേക്കും വളരെ വൈകിയിരുന്നു . അമ്മയുടെ അസുഖ വിവരം അറിഞ്ഞ് മനം നൊന്ത് കരഞ്ഞു കൊണ്ടിരുന്ന അവളുടെ ഹൃദയത്തെ ഒന്നും കൂടി കീറി മുറിയ്ക്കാൻ പോന്നതായിരുന്നു ,    എത്രയും പെട്ടെന്ന് അവളുടെ കല്യാണം നടത്തണമെന്നുള്ള വീട്ടുകാരുടെ തീരുമാനം .

പക്ഷേ ,   അതിനെതിരെ വാശി കാണിച്ചിട്ടോ കരഞ്ഞ് കാല് പിടിച്ചിട്ടോ കാര്യമില്ല .  മരണം കാത്തു കിടക്കാൻ പോകുന്ന അമ്മയുടെ ആഗ്രഹമാണ്.  എതിർപ്പ് കാണിച്ചാൽ നന്ദിയില്ലാത്തവളും  മനസാക്ഷിയില്ലാത്തവളുമായി  മുദ്രകുത്തപ്പെടും .  അതൊക്കെ താങ്ങാനുള്ള ശക്തിയും തനിക്കില്ല .  ഇവിടെ പ്രസക്തി തൻ്റെ സ്വപ്നങ്ങൾക്കല്ല . അമ്മയുടെ ആഗ്രഹങ്ങൾക്കാണ് .

പിന്നീടങ്ങോട്ട്  കല്യാണാലോചനകളുടെ തിരക്കായിരുന്നു .  ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെതന്നെ കല്യാണമൊന്ന്  നടത്താനുള്ള ശ്രമമായിരുന്നു .   ജാതക പൊരുത്തമില്ലായ്മയുടെ പേരിലും സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിലും ആലോചനകൾ മുടങ്ങുമ്പോൾ , തലതല്ലി കരയുന്ന അമ്മയേയും മനം പൊട്ടും മാതിരിയുള്ള വേദന കടിച്ചമർത്തുന അച്ഛനേയും  അവരുടെ സങ്കടം കണ്ട് വിഷമിക്കുന്ന ഏട്ടനേയും  കാണുമ്പോൾ അവളും ചിന്തിച്ചു പോയി ,  എങ്ങനെയെങ്കിലും ആരെങ്കിലുമൊക്കെയായി തൻ്റെ വിവാഹമൊന്ന് നടന്ന് ഇവർക്കൊക്കെ ഒന്ന് സന്തോഷിക്കാൻ കഴിഞ്ഞെങ്കിലെന്ന് . 

അങ്ങനെയായിരുന്നു ആ വിവാഹാലോചന വന്നത് .  വലിയ തരക്കേടില്ലാത്ത ഒരു കമ്പിനി ജോലിയും അത്യാവശ്യം വേണ്ട സാമ്പത്തിക ചുറ്റുപാടും ഉണ്ടെന്നും പറഞ്ഞു കൊണ്ടു വന്ന ആ വിവാഹാലോച്ചനക്കാര് ,  സ്ത്രീധനം മുഴുവനുമായി നൽകാൻ വിവാഹം കഴിഞ്ഞും സമയം വേണമെന്നുള്ള അവളുടെ വീട്ടുകാരുടെ അപേക്ഷ പരിഗണിച്ചതോടേ  എത്രയും പെട്ടെന്ന് വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായി അവളുടെ വീട്ടുകാർ . നിശ്ചയവും വെഡിങ് കാർഡ് അടിയും എന്തിനധികം അങ്ങോട്ടുള്ള വിരുന്നുപോക്കു പോലും വേണ്ടെന്ന് വെച്ചു .

ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചുള്ള ഒരു ചെറിയ ചടങ്ങ് , അത്രമാത്രം . സാധരണത്തെ പോലെയുള്ള ഒരു വിവാഹം നടത്താനുള്ള സാമ്പത്തികമോ മാനസികാവസ്ഥയോ  പോലും അവളുടെ വീട്ടുകാർക്ക് ഇല്ലായിരുന്നു .  

വിവാഹത്തലേന്ന് അവളുടെ അമ്മ തേങ്ങി കൊണ്ടായിരുന്നു  ,  അവളോട് ഭർത്തൃധർമം എങ്ങനെ നിർവഹിക്കണം എന്നതിനെ കുറിച്ചും അവിടത്തെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ പരിച്ചരിക്കണമെന്നും ഉപദേശിച്ചത് . ഭർത്താവിന്റെ ഇഷ്ട്ടം അനുസരിച്ച് പെരുമാറണമെന്നും ഇവിടുത്തെ പോലെ കുട്ടികളികൾ അവിടെ എടുക്കരുതെന്നുമുള്ള  അമ്മയുടെ ഉപദേശങ്ങൾ അവൾ നിർവികാരതയോടെ കേട്ടിരുന്നു .

വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്ക് കാറിൽ തിരിക്കുമ്പോഴായിരുന്നു ,  ഭർത്താവ് അവളോട് ആദ്യമായി സംസാരിക്കുന്നത് .  അവർക്ക് പരസ്പരം സംസാരിക്കാനുള്ള അൽപം സ്വകാര്യത ആദ്യമായി കിട്ടുന്നതും അപ്പോഴായിരുന്നു .  

ഭർത്താവ് അവളോട് പറഞ്ഞു , 

" പെണ്ണുകാണാൻ വന്നതിന് ശേഷം പിന്നെ തന്നെ കാണുന്നത് ഇപ്പോഴാണല്ലോ . എല്ലാം വളരെ പെട്ടെന്ന് ആയതുകൊണ്ട് നമുക്ക് അധികമൊന്നും സംസാരിക്കാനും കഴിഞ്ഞിട്ടില്ല . ഇയാൾക്ക് ഒന്നും എന്നോട് പറയാഞ്ഞില്ലേ " 

തൻ്റെ പഠിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ഇപ്പോഴൊന്ന് പറഞ്ഞാലോ . ഒരുപക്ഷേ ,  താൻ ആദ്യമായി ആവശ്യപ്പെടുന്ന കാര്യമായത് കൊണ്ട് തൻ്റെ ഭർത്താവ് സമ്മതിച്ചാലോ  എന്നൊക്കെ കരുതി ഒരുപാട് പ്രതീക്ഷകളോടെ അവൾ പറഞ്ഞു , 

" രണ്ട് മൂന്ന് മാസങ്ങളേ ആയുള്ളൂ ഞാൻ കോളേജിൽ പോയി തുടങ്ങിയിട്ട് . എനിക്ക് എൻ്റെ പഠിത്തം കംപ്ലീറ്റ് ചെയ്താൽ കൊള്ളാമെന്നുണ്ടായിരുന്നു . ഞാൻ വീണ്ടും പഠിക്കാൻ പൊയ്ക്കോട്ടേ " 

പെട്ടെന്ന് അയാളുടെ മുഖം മാറി . അവളിൽ നിന്നുമുള്ള നോട്ടം മാറ്റി എങ്ങോട്ടെക്കെന്നില്ലാതെ അൽപം കനത്ത ശബ്ദത്തിൽ അയാൾ പറഞ്ഞു , 

" പഠിക്കാൻ പോകുന്നതിനെ കുറിച്ചൊന്നും നിങ്ങളാരും മുമ്പേ പറഞ്ഞിരുന്നില്ലല്ലൊ .  നിന്റെ വീട്ടിൽ നിന്നും ആകപ്പാടെ പറഞ്ഞിരുന്നത് , സ്ത്രീധന കാശ് മുഴുവനുമായി തരാൻ കല്യാണം കഴിഞ്ഞും സമയം വേണമെന്ന് മാത്രമായിരുന്നല്ലോ " 

ഭർത്താവിന്റെ സംസാരത്തിലുള്ള അനിഷ്ട്ടവും  ആ പരിഹാസവും മനസിലാക്കിയ അവൾ ഒരു കാര്യവും ഉറപ്പിച്ചു . ഇനി ഒരിക്കലും പഠനക്കാര്യം സംസാരിക്കുകയോ അതിനെ കുറിച്ച് പ്രതീക്ഷകൾ വെച്ചുപുലർത്തുകയോ ചെയ്യരുതെന്ന് . ഭർത്താവിന് ഇഷ്ട്ടമല്ലാത്തതിനാൽ അതിനെ കുറിച്ച് ഓർത്തിരുന്നാൽ  ഇനി തനിക്ക് നിരാശമാത്രമായിരിക്കും  ഫലം .

തികഞ്ഞ അച്ചടക്കത്തോടെ വളർത്തപ്പെട്ടതിനാൽ , ഇതുവരേയും അന്യ പുരുഷന്മാരോട് നേരേ ചൊവ്വേ ഒന്ന് സംസാരിക്കാൻ  വിലക്കുണ്ടായിരുന്ന അവൾക്ക്  ,   താലിക്കെട്ടി എന്നൊരൊറ്റ കാരണത്താൽ ആദ്യരാത്രിയിൽത്തന്നെ ഒരന്യ പുരുഷന്റെ മുമ്പിൽ പുഞ്ചിരി വരുത്തി ഇരിക്കേണ്ടി വരികയും അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരികയും ചെയ്തു . 

അന്യനാണെങ്കിലും ഭർത്താവ് ആണ് . ഒന്നും തടയാൻ പാടില്ലല്ലോ .  എത്ര കഷ്ടപ്പെട്ടിട്ടാണ് അച്ഛനും ഏട്ടനും കൂടി ഇത്തിരിയാണേലും പൊഞ്ഞുണ്ടാക്കി തന്നെ കെട്ടിച്ചയച്ചത് . അമ്മയുടെ സന്തോഷത്തിന് വേണ്ടിയല്ലേ താനും ഇത്രയും ത്യാഗങ്ങൾ സഹിക്കുന്നത് .

അവൾ അനുസരണയുള്ള ഭാര്യയായും മരുമകളായും  അവിടെ കഴിഞ്ഞ് കൂടി . വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അമ്മായിയമ്മയിൽ നിന്നും അവൾ ഒരു വിവരവും അറിഞ്ഞു . 
വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് സ്ത്രീധന തുകയുടെ ബാക്കി തരാമെന്ന് പറഞ്ഞിരിക്കുന്നതെന്നും ലോണിന്റെ കാര്യം എന്തായെന്നറിയാൻ വീട്ടിലേക്ക് വിളിച്ചു ചോദിക്കണമെന്നും .

സത്യത്തിൽ അതൊക്കെ കേട്ട് അവൾ ശരിക്കും തകർന്നു പോയി . അമ്മയുടെ ചികിത്സയ്ക്കുതന്നെ  കാശ് ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനോടും  ഏട്ടനോടും ഇനി എങ്ങനെ ഇക്കാര്യങ്ങളെല്ലാം പറയുമെന്ന് ഓർത്ത് അവൾ വല്ലാതെ വിഷമിച്ചു .  എന്നാൽ ഈ പ്രശ്നങ്ങളുടെയൊക്കെ ഇടയിലും അവളെ തേടി ഒരു സന്തോമെത്തി . അവളുടെ വയറ്റിൽ ഒരു ചിത്രശലഭം ജന്മമെടുത്തിരിക്കുന്നു . അവൾ ഒരമ്മയാകാൻ പോകുന്നു .

അമ്മയാവുക എന്നാൽ ഒരു സ്ത്രീയുടെ സൗഭാഗ്യങ്ങളിൽ ഒന്നാണെന്ന് വിശ്വസിച്ചു പോന്നിരുന്ന അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു .  
പിന്നെ ,  കാൻസർ ബാധിച്ച് കഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന  തൻ്റെ അമ്മയ്ക്ക് സന്തോഷിക്കാൻ ഒരു കാരണമായല്ലോ എന്നൊരു സമാധാനവും അവൾക്കുണ്ടായിരുന്നു .

അവൾ പിന്നീട് മറ്റൊരു ലോകത്തെന്ന പോലെയായി . ഏതുനേരവും കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൾ .  മയിൽപ്പീലി ചൂടി കൊണ്ട് വെണ്ണ കക്കുന്ന അമ്പാടി കണ്ണൻ അവളുടെ സ്വപ്നങ്ങളിലെ നിത്യ സന്ദർശകനായി .  കുഞ്ഞിന് വേണ്ടി അവൾ ധാരാളം കുഞ്ഞുടുപ്പുകൾ തുന്നി വെയ്ക്കാൻ തുടങ്ങി . 

തൻ്റെ കുഞ്ഞ് ആരായിരിക്കും ,  ആണോ പെണ്ണോ??
പെൺകുഞ്ഞാണെങ്കിൽ അവളെ താൻ ഒരിക്കലും ഒന്നിലും തളച്ചിടില്ല . എത്ര ദൂരേക്ക് വേണേലും പറക്കാൻ അനുവദിക്കും .  തൻ്റെ ഏത് പ്രതിസന്ധി ഘട്ടത്തിലും അവളെ ചെറുപ്രായത്തിലേ കെട്ടിച്ചയയ്ക്കാൻ ശ്രമിക്കില്ല .  താൻ നേടാൻ കൊതിച്ച ആഗ്രഹങ്ങളേക്കാൾ കൂടുതൽ നേടാൻ അവളെ അനുവദിക്കും . 

ആൺകുഞ്ഞാണെങ്കിൽ.......?
ആൺകുഞ്ഞാണെങ്കിൽ  അവന് താൻ പറഞ്ഞു കൊടുക്കും ,  എങ്ങനെ നല്ലൊരു ഭർത്താവ് ആകണമെന്ന് .  താൻ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കും എങ്ങനെ നല്ലൊരു അമ്മായിയമ്മ ആയിരിക്കണമെന്ന് . 

അവളുടെ ചിന്തകളൊക്കെ എന്തുകൊണ്ടോ അത്തരത്തിലുള്ളവയായിരുന്നു . കാരണം  ആഗ്രഹിച്ചിട്ട് കിട്ടാതെ പോയ എന്തൊക്കെയോ തൻ്റെ മക്കൾക്ക് നേടി കൊടുക്കണമെന്നുള്ള അഭിനിവേശം .  സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ തുടങ്ങിയ അവൾ ,   തൻ്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നതും പഠിപ്പിക്കുന്നതും വളർത്തി വലുതാക്കുന്നതുമെല്ലാം ഒരു മനോരാജ്യത്തെന്നപ്പോലേ കണ്ടുക്കൊണ്ടിരുന്നു . 

ഒരിക്കൽ അവൾ ഭർത്താവിനോട് ആവശ്യപ്പെട്ടു ,   കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനെ കുറിച്ച് പറയുന്ന ഒരു പുസ്തകം വാങ്ങിച്ചു തരുവോ എന്ന് .

അപ്പോൾ ,  പരിഹാസത്തോടെ അവളെ നോക്കിക്കൊണ്ട് ഭർത്താവ് പറഞ്ഞു ,  

"എന്തായിരുന്നു കെട്ടിച്ചു കൊണ്ട് വന്നപ്പോൾ പെണ്ണിന്റെ സൂക്കേട്....., 
പഠിക്കണം , പഠിക്കണം എന്നായിരുന്നല്ലോ , ഇപ്പോൾ എല്ലാം തീർന്നില്ലേ ....
ങ്ഹാം....... നോക്കാം ബുക്ക് " 

അപ്പോൾ അവൾ ദയനീയതയോടെ മനസ്സിലോർത്തു . എന്തൊക്കെയാണ് അദ്ദേഹം പറയുന്നത് . പഠിക്കാൻ തനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നത് ശരിതന്നെ . അതുകൊണ്ട് തന്നെയായിരുന്നു ,   ആ കാര്യംതന്നെ ആദ്യമായി ആവശ്യപ്പെട്ടത് .  പക്ഷേ , തൻ്റെ ഭർത്താവിന് അതിനോടൊന്നും താൽപര്യമില്ലെന്ന് മനസിലാക്കി അതെല്ലാം മനസിൽതന്നെ കുഴിച്ച് മൂടിയതല്ലേ താൻ . അദ്ദേഹം പറയുന്നത് കേട്ടാൽ തോന്നും താൻ അതിനൊക്കെ വേണ്ടി ഒരുപാട് പിടിവാശി കാണിച്ചെന്ന് .

തിരികെ ഭർത്താവ് വന്നപ്പോൾ പുസ്തകം ഇല്ലെന്ന് മനസിലാക്കിയെങ്കിലും അവൾ അതിനെക്കുറിച്ചൊന്നും പിന്നീട് ഭർത്താവിനോട് സംസാരിച്ചില്ല .  എത്ര ചെറിയ ആഗ്രഹങ്ങൾ പോലും ഭർത്താവിനാൽ അവഗണിക്കപ്പെടുന്ന പ്രവണത അവൾക്ക് വലിയ പുത്തരിയൊന്നുമല്ലായിരുന്നു താനും . 

മാത്രമല്ല ,  ഒന്നിനെ കുറിച്ചു വേണ്ടിയും തനിക്ക് ഇപ്പോൾ വേവലാതിയോ അസ്വസ്ഥതയോ ഉണ്ടാവാൻ പാടില്ല . കാരണം അതൊക്കെ തൻ്റെ കുഞ്ഞിനെ ദോഷകരമായേ ബാധിക്കുള്ളു . അതിനാൽ താൻ നിർബന്ധമായും സന്തോഷവതിയായിരുന്നേ മതിയാവുള്ളു . 

അവൾ അങ്ങനെ അവൾക്കായി തീർത്ത ലോകത്ത് പരമാവധി സന്തോഷവതി ആയിരിക്കാൻ ശ്രമിച്ചുവെങ്കിലും സ്ത്രീധന തുക ചോദിച്ചുകൊണ്ടുള്ള ഭർത്തൃവീട്ടുക്കാരുടെ കുറ്റപ്പെടുത്തലുകൾ അവളെ തളർത്തി കൊണ്ടിരുന്നു .  ഭർത്തൃവീട്ടിൽ നിന്നുമുള്ള സമ്മർദ്ദം കൂടുമ്പോൾ ,  അൽപം പണം ഏട്ടനും അച്ഛനും കൊണ്ടുവന്ന് കൊടുത്ത് ബാക്കി താമസിയാതെ കൊണ്ടുവന്ന് തരാമെന്നും പറഞ്ഞ് പോകുമ്പോൾ കുറച്ച് നാളത്തേക്ക് അവരൊന്ന് ശാന്തമാകും . ആ ദിവസങ്ങൾ മാത്രമായിരുന്നു മനസമാധാനത്തോടെ അവൾക്ക് കഴിയാൻ സാധിക്കുന്നത് .

അവളുടെ ജീവിതം അങ്ങനെയൊക്കെ പോയ്ക്കൊണ്ടിരിക്കെ ,    പ്രസവത്തിനായുള്ള അവളുടെ ഡേയ്റ്റ് അടുക്കാറായപ്പോൾ  അവളുടെ പ്രസവസുശ്രൂഷ ആര് ചെയ്യും എന്നൊരു പ്രശ്നം അവിടെ ഉണ്ടായി .  

കാൻസർ ബാധിച്ച് ചികിത്സയിലിരിക്കുന്ന അമ്മയ്ക്ക് അവളെ നോക്കാൻ തീർത്തും അസാധ്യമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു . അവളുടെ  അമ്മായിമാർക്കാണെങ്കിൽ അവരുടെ തിരക്ക് മൂലം എല്ലാദിവസവും അവളുടെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം തുറന്ന് പറയുകയും ചെയ്തു . 

അവളുടെ കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാട് ആക്കാമെന്നും ,  പക്ഷേ അവർക്കുള്ള ശമ്പളം അവളുടെ വീട്ടുകാർതന്നെ കൊടുക്കണം എന്ന ഉപാദിയിൽ ഭർത്തൃവീട്ടുകാർ എത്തിയപ്പോൾ അവളുടെ വീട്ടുകാർക്ക് ആ ചെലവും ഏറ്റെടുക്കാതെ  വേറേ നിവർത്തി ഇല്ലായിരുന്നു .

പ്രസവം അടുക്കാറുകുമ്പോൾ അനുഭവിക്കുന്ന വേദനകൾ കടിച്ചമർത്തുമ്പോൾ അവൾക്ക് തോന്നാറുണ്ട് ,  തന്നെ ഒന്ന് തലോടാനും ആശ്വാസവാക്കുക്കൾ  പറയാനുമൊക്കെ ആരെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഇത്രയും വേദന തോന്നുമായിരുന്നുവോ എന്ന് .

പ്രസവം അടുക്കാറാകുമ്പോൾ ഈ വേദനകളൊക്കെ സ്വാഭാവികമല്ലേ ,  ആദ്യ പ്രസവം കഴിയുമ്പോഴേക്കും അതെല്ലാം ശീലമായിക്കോളും എന്ന ഭാവമായിരുന്നു ,  അവളുടെ ചുറ്റുമുള്ളവർക്കുണ്ടായിരുന്നത് .  

ഒടുവിൽ ,  ആ ദിവസം വന്നെത്തി .  ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കണക്കാക്കുന്ന ,   ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വേദനയാണെന്ന് പറയപ്പെടുന്ന ആ വേദന വന്ന സമയം .  കാൻസറുമായി പൊരുതി കൊണ്ടിരിക്കുന്നതിനാൽ  അവൾക്കൊപ്പം ഇല്ലാതിരുന്ന അവളുടെ അമ്മയെ അലറി വിളിച്ചു കൊണ്ട് അവൾ അങ്ങനെ ഒരു കുഞ്ഞിന് ജന്മം നൽകി .

അങ്ങനെ ,  ബാല്യത്തിൽ നിന്നും പൂർണമായൊരു മോച്ചനം ഉണ്ടാവരുതെന്ന് മനസുകൊണ്ട് ആഗ്രഹിച്ച് നടന്ന ആ കൗമാരക്കാരി ,  അവളുടെ പത്തൊമ്പതാം വയസ്സിൽ ഒരു കുഞ്ഞിന്റെ അമ്മയും ആയിരിക്കുന്നു . 
കുഞ്ഞിന്റെ കരച്ചിൽ കാതിലേക്ക് പതിഞ്ഞപ്പോൾ അവൾ ആദ്യംതന്നെ ഓർത്തത് അവളുടെ അമ്മയെയായിരുന്നു .  തൻ്റെ കുഞ്ഞിനെ അമ്മ കാണുമ്പോഴുണ്ടാവുന്ന സന്തോഷത്തെ കുറിച്ചായിരുന്നു .

അങ്ങനെ പ്രസവം കഴിഞ്ഞ് അവളെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി .  ദിവസ ശമ്പളത്തിന് മാറി മാറി വരുന്ന ജോലിക്കാരിക്കളുടെ യാന്ത്രികമായ പരിചരണത്തിൽ അവൾ കഴിയവേ  ,  അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നതായി അവൾക്ക് തോന്നാൻ തുടങ്ങി . 

അവളുടെ ചുറ്റുപാടും പരിസരവും എന്നുവേണ്ട ,  ഈ ലോകംതന്നെ അവൾക്ക് അപരിചിതമായി അനുഭവപ്പെടുന്നതായി തോന്നി .  ഒരു പ്രസവം കഴിഞ്ഞ് വന്നതല്ലേ , മരണത്തെ മുഖാമുഖം കണ്ടത് പോലെയുള്ള ഒരവസ്ഥയായിരുന്നില്ലേ അത് ,  അതുകൊണ്ടാവാം ഇങ്ങനെയൊക്കെ തോന്നുന്നത് . എല്ലാ പെണ്ണുങ്ങൾക്കും ഇങ്ങനെയൊക്കെതന്നെ ആയിരിക്കും ,     എന്ന ചിന്തയിൽ അവൾ ആ അവസ്ഥയെ വലിയ കാര്യമാക്കാതെ കഴിഞ്ഞു കൂടി .

ഒരു മാസം കഷ്ട്ടി കഴിഞ്ഞതും ,  അവളുടെ ആരോഗ്യമൊക്കെ പൂർവസ്ഥിതിയിൽ ആയിട്ടുണ്ടെന്നും ജോലിയെടുക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ല എന്നും കണ്ട് ജോലിക്കാരിക്കളുടെ വരവും നിർത്തിച്ചു .  എന്നാൽ അതിനൊന്നും അവൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു . 

പക്ഷേ , അവളെ പിടികൂടിക്കൊണ്ടിരിക്കുന്ന അപരിചിതത്വവും എന്തൊക്കെയോ അസ്വസ്ഥതകളും  എന്തിനോടൊക്കെയുള്ള  അകാരണമായ ദേഷ്യവും അവളിൽ ഭീതി ഉണർത്തി . അതിനെക്കുറിച്ചൊക്കെ ഓർത്തുക്കൊണ്ടിരുന്നപ്പോഴായിരുന്നു ,  അവളുടെ കുഞ്ഞ് കരയാൻ തുടങ്ങിയത് . 

ആ കരച്ചിൽ അവളിൽ വല്ലാത്തൊരു ഈർഷ്യയും ദേഷ്യവും ഉണ്ടാക്കി . അവൾ വേഗംതന്നെ ഒരു തുണി കഷ്ണം എടുത്ത് കുഞ്ഞിന്റെ വായിൽ തിരുകി വെച്ചു . അപ്പോൾ കുഞ്ഞിന്റെ കരച്ചിൽ പുറത്തേക്ക് വരാതായപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി . അവൾ വീണ്ടും അവളുടെ ചിന്തയിൽ മുഴുകി .
     
To Top