രചന: കണ്ണൻ സാജു
" ഏട്ടാ പ്ലീസ്... ഇങ്ങനെ മറ്റൊരാളുടെ കൂടെ കിടക്കാൻ എന്നെ നിർബന്ധിക്കരുത് ! " മഞ്ജിമ ശിവയുടെ കാലു പിടിച്ചു...
" ഹാ.. എന്താ മോളേ ഇത്.. ഇതിപ്പോ നിന്റെ ഭർത്താവായ എനിക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നിനക്കെന്താടാ ?? നോക്കു.. മോളു മാത്രമല്ലല്ലോ.. മോളു അവന്റെ ഒപ്പം ഒരു ദിവസം കഴിയുമ്പോ അവന്റെ വൈഫ് എന്റെ കൂടെയും വരുവല്ലേ.. ? അവൾക്കതിൽ പ്രശ്നം ഒന്നും ഇല്ലാലോ.. പിന്നെ മോൾക്ക് മാത്രം എന്താ ? "
കട്ടിലിൽ തന്റെ അരുകിൽ ഇരുന്നു അവനതു പറയുന്നത് ദയനീയതയോടെ അവൾ നോക്കി ഇരുന്നു..
എന്താ ഏട്ടാ ഇങ്ങനെ? ഏട്ടൻ മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ശരീരം മറ്റൊരാൾക്ക് നല്കാൻ ഏട്ടൻ തന്നെ പറയുമ്പോൾ നൂറു പേരാൽ റെപ്പ് ചെയ്യപ്പെടുന്നതാണ് ഭേദം എന്ന് തോന്നി പോകുന്നു...
" ഏട്ടാ... ഒരു പെണ്ണിന്റെ ഇഷ്ടം അല്ലേ അവളുടെ ശരീരം ആർക്കു കൊടുക്കണം വേണ്ടാ എന്നൊക്കെ? ആ കുട്ടിക്ക് അതിനു കഴിയുമായിരിക്കും... പക്ഷെ എനിക്ക് പറ്റില്ല ഏട്ടാ "
" മഞ്ചു... എന്താ ഇങ്ങനെ.. ? വൈഫ് സ്വാപ്പിങ് നാട്ടിൽ നടക്കാത്ത കാര്യം ഒന്നും അല്ലല്ലോ ? മാത്രല്ല ഞാനവർക്ക് വാക്കും കൊടുത്തു പോയി " ശിവ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു
" എന്റെ ശരീരം എന്റെ സ്വന്തമാണ് ഏട്ടാ
.. അത് കൊടുക്കാൻ ഏട്ടന് അധികാരം ഇല്ല ! "
" ഞാൻ നിന്റെ ഭർത്താവാണ് "
" അതിനു ? ഭാര്യയെ വെച്ചു ചൂത് കളിച്ചവരുടെ കഥ ഒക്കെ കേട്ടു വളർന്ന ഏട്ടനത് പറ്റുവായിരിക്കും.. എനിക്ക് പറ്റില്ല ! !
" ഹാ.. നീ ഇത്രയ്ക്കും പൊട്ടി ആയി പോയല്ലോ.. ബാംഗ്ലൂർ ഒക്കെ പോയി പഠിച്ച പെണ്ണല്ലേ അപ്പൊ ഞാൻ കരുതി '
" ഏട്ടൻ എന്ത് കരുതി ? "
" നിന്റെ സഹപ്രവർത്തകർ ആരുമായും നിനക്കു വേറെ ബന്ധം ഒന്നും ഇല്ലേ? !" ആ ചോദ്യം കേട്ടു അവൾ നടുങ്ങി...
" ഏട്ടാ ഞാൻ ഏട്ടന്റെ ഭാര്യ ആണ്.. ! ബാംഗ്ലൂർ അല്ല അമേരിക്കയിൽ പോയി പഠിച്ചാലും ഓരോ പെണ്ണിനും അവരുടേതായ രീതികൾ ഉണ്ട്.. അല്ലാതെ ബാംഗ്ലൂർ പഠിക്കുന്നവർ എല്ലാം പോക്ക് കേസ്സുകൾ ആണോ? "
" അങ്ങനെ അല്ല... "
" അപ്പൊ എന്നെ കെട്ടുമ്പോൾ മനസ്സിൽ ഇങ്ങനെ ഒരു ഉദ്ദേശവും ഉണ്ടായിരുന്നോ ? "
" മഞ്ചു അവരു ഇപ്പൊ വരും... ഇന്നൊരു ദിവസത്തേക്ക് നിന്റെ തത്വങ്ങൾ ഒക്കെ ഒന്ന് മാറ്റി വെക്ക്.. ഈ രാത്രി നമുക്ക് ആഘോഷമാക്കണം.. നമ്മൾ നാല് പേരും "
അവളുടെ കണ്ണുകൾ നിറഞ്ഞു....
സംരക്ഷിക്കേണ്ടവൻ തന്നെ കൂടെ കിടക്കാൻ പറയുന്നു.... എന്തൊരു ലോകമാണിത് ദൈവമേ... ഈ രാത്രി ഞാൻ ഇല്ലാതെ ആവുമോ... എന്നെ ഇവർ ബലമായി കീഴ്പ്പെടുത്തുമോ... ഈ ഭർത്താവിനെ ആണോ ദൈവത്തെ പോലെ കാണണം എന്ന് എന്റെ അമ്മ പറഞ്ഞത്...
" ശിവാ... " മുറിയുടെ കതകിൽ മുട്ടിക്കൊണ്ടു റിയാസ് വിളിച്ചു... ഒപ്പം ഹസീനയുടെ ശബ്ദവും.....
മഞ്ചിമയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി..
" മോളേ സഹകരിക്കണെ.... കുറെ നാളായി ഉള്ള ആശയാണ്.. അവളെ എനിക്കും അവനു നിന്നേം... ഇതിലും നല്ലൊരു അവസരം കിട്ടില്ല.. ഇതിപ്പോ ഫസ്റ്റ് ടൈം ആയോണ്ടാ.. എല്ലാ വീക്കെൻഡും ആവുമ്പൊ ശീലമായിക്കോളും " അവൻ അതും പറഞ്ഞു ഡോറിനു അരികിലേക്ക് നടന്നു..
ഈശ്വരാ... ഇതെന്തൊരു വിധി... വൈഫ് സ്വാപ്പിങ് എന്നൊക്കെ വാർത്തകളിൽ മാത്രമേ കേട്ടിട്ടുള്ളു.. എന്തൊരു വിധിയാണ് തന്റേതു.. ഇവിടെ നിന്നും എങ്ങോട് ഓടി രക്ഷപെടും... ഭഗവാനെ.. എന്നെ കാത്തോളണേ...
അവൻ വാതിൽ തുറന്നു... ഹസീനയും റിയാസും അകത്തേക്ക് കയറി... ശിവ വാതിൽ അടച്ചു..
കട്ടിലിൽ നിന്നും വിറയലോടെ എണീറ്റു മഞ്ജിമ നിന്നു... റിയാസ് അവളെ അടിമുടി നോക്കി..
ആ നോട്ടത്തിൽ അവൾ ദാഹിച്ചു പോവുന്ന പോലെ അവൾക്കു തോന്നി..
" എന്നാ തുടങ്ങിയാലോ ? " റിയാസ് ശിവയെ നോക്കി ചോദിച്ചു...
" പിന്നെന്താ "
മഞ്ജിമ പിന്നോട്ട് പോയി ഭിത്തിയിൽ പോയി ഇടിച്ചു നിന്നു....
" ഹാപ്പി ബര്ത്ഡേ ടു യൂ... ഹാപ്പി ബര്ത്ഡേ ടു യൂ ഡിയർ " മൂവരും കൈ കൊട്ടി പാടി... ബാക്കി കൂട്ടുകാർ അകത്തു നിന്നും വാതിൽ തുറന്നു കയറി വന്നു... അവർ കൈ കൊട്ടിയും കളറുകൾ വിതറിയും വിശസ് പറഞ്ഞു..
" ശരിക്കും ഞെട്ടി അല്ലേ.. ? എങ്ങനുണ്ട് എന്റെ സർപ്രൈസ്? " അതും ചോദിച്ചു ശിവ അവളുടെ അരികിലേക്ക് വന്നു
മഞ്ജിമ ആഞ്ഞു കരണത്തൊന്നു പൊട്ടിച്ചു... എല്ലാവരും നിശ്ശബ്ദരായി .. " എന്തിനും ഒരു പരിധി ഉണ്ട്.... തമാശയാവാം എന്നും പറഞ്ഞു ഒണ്ടാക്കാൻ നിക്കരുത്... തമാശക്ക് പോലും ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണും കേക്കാൻ ആഗ്രഹിക്കാത്തതാ താൻ ഇവിടെ വിളമ്പിയത്... ഇതുപോലുള്ള ചെറ്റത്തരത്തിനു സപ്പോർട്ട് നിക്കുന്ന ഈ ഊളകളെ ഇയ്യാൾ ഇറക്കുന്നോ അതോ ഞാൻ അടിച്ചിറക്കണോ ! "
എല്ലാവരും നടുക്കത്തോടെ പരസ്പരം നോക്കി..
" ഭാര്യയെ വിഡി ആക്കുന്നതൊക്കെ എല്ലാവർക്കും കണ്ടു ചിരിക്കാൻ നല്ല രസമുള്ള കാര്യമായിരിക്കും... പക്ഷെ എല്ലാത്തിനും ഒരു പരിധി ഒണ്ടു.. കൂട്ടുകാർ ചെയുന്ന എന്ത് ചെറ്റത്തരത്തിനെയും സപ്പോർ ചെയ്യുന്നവർ അല്ല നല്ല കൂട്ടുകാർ.. നല്ലതും ചീത്തയും തിരിച്ചു പറഞ്ഞു കൊടുക്കാൻ കഴിയുന്നവർ ആണ്.. ഒന്നിനേം മേലാൽ എന്റെ കണ്മുന്നിൽ കണ്ടു പോയേക്കരുത് "
അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു.
ആഘോഷങ്ങളും കുസൃതികളും ഒക്കെ നല്ലതാണ്.. അതിരു കടക്കാതെ ഇരിക്കുമ്പോൾ.. നമ്മുടെ തമാശകൾ എല്ലാവർക്കും തമാശ ആയികൊള്ളണം എന്നില്ല 😊